പ്രണയാര്‍ദ്രവും ഗൃഹാതുരത്വവും നിറഞ്ഞതാണ് മേട്ടുപ്പാളയം - ഊട്ടി പൈതൃക തീവണ്ടിയിലെ യാത്ര. വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം രണ്ട് പുതിയ ബോഗികള്‍ കൂടി ഒരുങ്ങി സഞ്ചാരം തുടരുകയാണ്. യുനെസ്‌ക്കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയതോടെ ലോക സഞ്ചാരികളടക്കം യാത്രക്കായി തിരക്കാണിവിടെ.
 
ഇന്ത്യയിലെ മലയോര തീവണ്ടി പാതകളില്‍ ഏറ്റവും പുരാതനമായ ഈ പാതയുടെ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 1854 ലായിരുന്നു. ഇടക്ക് നിലച്ചു പോയ പ്രവര്‍ത്തികള്‍, ദീര്‍ഘമായ ഇടവേളക്ക് ശേഷം പുനഃരാരംഭിച്ചത് 1899 ലാണ്. മദ്രാസ് റെയില്‍വേ കമ്പനിയാണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നടത്തി വന്നത്. നീരാവി എഞ്ചിനുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു ഈ പാതയിലെ തീവണ്ടികള്‍. ജൂലൈ 2005 ല്‍ യുനെസ്‌കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃക സ്മാരക പട്ടികയില്‍പ്പെടുത്തിയതോടെ ഈ തീവണ്ടി ആഗോള വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം പിടിച്ചു.
 
സമുദ്രനിരപ്പില്‍ നിന്ന്  1069 അടി  ഉയരത്തിലുള്ള കോയമ്പത്തൂര്‍ നിന്നുള്ള ബ്രോഡ് ഗേജ് പാത അവസാനിച്ച്, ഇവിടെ നീലഗീരി മലയോരപാത തുടങ്ങുന്നു. ഇവിടെ നിന്ന് തീവണ്ടി, യാത്ര തുടങ്ങി വഴിയില്‍ ഭവാനി നദിയുടെ സൗരഭ്യവും നുകര്‍ന്ന് പോകുന്നു. ചെറിയ കയറ്റങ്ങള്‍ ഇവിടെ നിന്നും തുടങ്ങും.

പൈതൃക തീവണ്ടിയുടെ സഞ്ചാര പാത

1. കല്ലാര്‍ 8 കി.മി, 1260 അടി . റാക് റെയില്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
2. അഡേര്‍ളി - 13 കി.മീ. 2390 അടി.  ഇത് ഒരു വാട്ടര്‍ സ്റ്റോപ്പ് (Water Stop) ആണ്.
3. ഹില്‍ഗ്രോവ് -  18 കി.മീ. 3580 അടി.  യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഒരു സ്റ്റേഷന്‍ .
4. റണ്ണിമേട് -   21 കി.മീ, 4612 അടി.  ഇതും ഒരു വാട്ടര്‍ സ്റ്റോപ്പ് തന്നെ.
5. കതേരി റോഡ് -  25 കി.മീ. 5070 അടി.  ഇവിടെ തീവണ്ടി നിര്‍ത്താറില്ല.
6. കുന്നൂര്‍ - 28 കി.മീ. 5616 അടി.  ഇത് പ്രധാന സ്റ്റേഷനും സ്റ്റോപ്പുമാണ്. ഇവിടെ റാക് റെയില്‍ അവസാനിക്കുകയും, ഇവിടെ നിന്നും തീവണ്ടിയില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചുകൊണ്ടാണ് പിന്നീടുള്ള യാത്ര.
7. വെല്ലിംഗ്ടണ്‍ - 29 കി.മീ. 5804 അടി. ( മദ്രാസ് റെജിമന്റ് ആസ്ഥാനം ഇവിടെയായിരുന്നു )
8. അറവങ്കാട് - 32 കി.മീ. 6144 അടി. ( കോര്‍ഡൈറ്റ് ഓര്‍ഡിനന്‍സ് ഫാക്ടറി ഇവിടെയായിരുന്നു)
9. കെട്ടി - 38 കി.മീ. 6864 അടി.
10. ലവ്ഡേല്‍ - 42 കി.മീ. 7694 അടി.
11. ഊട്ടി - 46 കി.മീ. 7228 അടി. 

വന്യ ജീവികളുടെ ചിത്രശാലയോടെയാണ് പുതിയ ബോഗികള്‍ ഒരുങ്ങിയിരിക്കുന്നത്. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെ കല്‍ക്കരിയും ശേഷം ഊട്ടിയിലേക്ക് ഡീസല്‍ എന്‍ജിനും ആണ് തീവണ്ടിയില്‍ ഉപയോഗിക്കുന്നത്. നീലഗിരി മല നിരകളുടെ മനോഹാരിത ആസ്വദിച്ചുള്ള യാത്രകളില്‍ വന്യജീവികളേയും കാണാന്‍ കഴിഞ്ഞേക്കും. മീറ്റര്‍ ഗേജ് ട്രാക്ക് കാനനപാതയാണ്.
നാല്‍പത്തിയാറ് കിലോ മീറ്റര്‍ പാതയില്‍ നൂറ്റിയെട്ട് വളവുകളും പതിനാറ് തുരങ്കങ്ങളും ഇരുനൂറ്റിയമ്പത് പാലങ്ങളും ഉണ്ട്.

1908 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാത ലോകത്ത് തന്നെ അപൂര്‍വ്വമാണ്. ഈ പാതയിലൂടെ യു ള്ള യാത്ര പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും ഉള്ള യാത്രയായി കൂടിയാണ് സഞ്ചാരികള്‍ കണക്കാക്കുന്നത്. വാരാന്ത്യങ്ങള്‍ ഉല്ലാസകരമാക്കാന്‍ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യങ്ങള്‍ റെയില്‍വേ ഒരുക്കി വരുന്നുണ്ട്. രാവിലെ 7.10 ന് മേട്ടുപാളയത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ 12 മണിയോടെ ഊട്ടിയിലെത്തും. ഊട്ടിയില്‍ നിന്നും 2 മണിക്ക് മേട്ടുപാളയത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ 5.35 ന് മേട്ടുപ്പാളയത്തെത്തും.

റയില്‍വേയുമായി ബന്ധപ്പെടേണ്ട നമ്പര്‍: 0755 6610661, 0755 3934141

Content Highlights: Ootty Heritage Train Travel​, Ootty Tourism, Mathrubhumi Yathra