പാരീസ് സന്ദര്‍ശനത്തിന്റെ രണ്ടാം നാളിലാണ് ഞങ്ങള്‍ നോട്രഡാമില്‍ എത്തിയത്. കത്തീഡ്രലിന് സമീപം നില്‍ക്കുന്ന ഞങ്ങളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ കണ്ട് സുഹൃത്തിന്റെ പോസ്റ്റ് വന്നു, ''കൂനംകുരിശ് മുത്തപ്പന്റെ നാട്ടുകാരനായ ഞാന്‍ ചോദിക്കട്ടെ, അവിടെയെങ്ങാനും ഒരു കൂനനെ കണ്ടുവോ'' എന്ന്. ഞങ്ങള്‍ കണ്ടു- നോട്രഡാം പള്ളിയിലെ ഫ്രഞ്ച്-ഗോത്തിക് ആര്‍കിടെക്ചറും ശില്പങ്ങളും വര്‍ണ്ണജാലകങ്ങളും നോട്രഡാമിലെ കൂനന്റെ Hunch back of Notre Dame അദൃശ്യ സാന്നിധ്യം വിളിച്ചോതുന്നു.

Notre Dame

പാരീസില്‍ ഞങ്ങളുടെ താമസ സ്ഥലത്തുനിന്ന് ബസ്സിലാണ് നോട്രഡാമിലേക്ക് പോയത്. ആ ബസ്സ്, യാത്ര അവസാനിപ്പിക്കുന്ന സ്റ്റോപ്പിന് സമീപമാണ് പള്ളി എന്നതിനാല്‍ ധൈര്യമായി ബസ്സില്‍ കയറി. ലുവ്റേ മ്യൂസിയത്തിലേക്ക് പോയപ്പോള്‍ സ്റ്റോപ്പ് മാറി ഇറങ്ങിയതിനാല്‍ കുറേ നടക്കേണ്ടിവന്നിരുന്നു.

Notre Dame   ഹോട്ടല്‍ ഡി വില്ല എന്ന ബസ്സ് ടെര്‍മിനലിന്റെ പേരുകേട്ടപ്പോഴും, കണ്ടപ്പോഴും അതൊരു സ്റ്റാര്‍ ഹോട്ടലാണെന്നാണ് കരുതിയത്. കൊട്ടാരസദൃശമായ ആ കെട്ടിടം അവിടത്തെ തദ്ദേശസ്വയംഭരണ കേന്ദ്രമാണ്. ഇവിടം 1357 മുതല്‍ പാരീസ് മുനിസിപ്പാലിറ്റിയുടെ ഓഫീസാണ്. കൂടാതെ ചരിത്രപരമായ പ്രാധാന്യം കൂടി ഉണ്ട്. 1870 ല്‍ ഫ്രഞ്ച് റിപ്പബ്ലിക് പ്രഖ്യാപനം നടന്നതും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മ്മന്‍കാരുടെ പിടിയില്‍നിന്നും പാരീസിന്റെ മോചനം-ലിബറേഷന്‍ ഓഫ് പാരീസ് അറിയിച്ചുകൊണ്ട് ചാള്‍സ് ഡിഗോള്‍ ജനതയെ അഭിസംബോധന ചെയ്തതും ഹോട്ടല്‍ ഡിവില്ലയില്‍ നിന്നുകൊണ്ടായിരുന്നു.

ഈഫല്‍ ടവ്വറും ലുവ്റേ മ്യൂസിയവും കടന്ന് കുറച്ച് ദൂരം കൂടി ചെന്നാല്‍ സെയിന്‍ നദിക്കരയില്‍ തന്നെയാണ് നോട്രഡാം ഡി പാരീസ് അഥവാ അവര്‍ ലേഡി ഓഫ് പാരീസ് എന്ന കാത്തലിക് കത്തീഡ്രല്‍, ലോകത്തിലെ പ്രസിദ്ധിയേറിയതും, ഏറ്റവും വലിയതുമായ കൃസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്ന്.

ഒരു പ്രവൃത്തിദിവസം, ഉച്ചനേരമായി എങ്കിലും ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ പള്ളി മുറ്റത്ത് നല്ല തിരക്കുണ്ട്. ചെറിയ ഒരു ഇടവക പള്ളിയിലെ പെരുന്നാളിന്റെ ജനം. പള്ളിക്ക് അകത്ത് കയറുവാന്‍ നീണ്ട ക്യൂ. പതുക്കെ നീങ്ങുന്നുണ്ട്. ഞങ്ങളും അവരുടെ കൂടെ കൂടി. പള്ളിയുടെ മണിമേടയില്‍ കയറുവാന്‍ മറ്റൊരു ക്യൂ കെട്ടിടത്തിന്റെ ഒരു വശത്തുള്ള കവാടത്തിനരികിലുണ്ട്. പള്ളിയുടെ അകത്ത് കയറുവാന്‍ പ്രവേശന ഫീസൊന്നുമില്ല. പക്ഷേ സുരക്ഷാ പരിശോധനയുണ്ട്. തീവ്രവാദി ആക്രമണങ്ങളുടെ നിഴലില്‍ പാരീസില്‍ പൊതുവെയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും സുരക്ഷാ ഭടന്മാരെ കാണാമായിരുന്നു. ഈ പള്ളി മുറ്റത്തും ജനകൂട്ടത്തിനിടയില്‍ തോക്ക് ഏന്തിയ സേനാംഗങ്ങളെ കണ്ടു. കുര്‍ബാനയുടെ സമയമല്ലാത്തതിനാല്‍ പള്ളിക്കകത്ത് സന്ദര്‍ശകര്‍ മാത്രമായിരുന്നു. അള്‍ത്താരക്കും പ്രാര്‍ത്ഥനാ ഹാളിനും ചുറ്റുമുള്ള ഇരുണ്ട ഇടനാഴിയിലെ വൈദ്യുതി വിളക്കുകളുടെ ദുര്‍ലഭമായ വെളിച്ചത്തിലും അവിടവിടെയുള്ള മെഴുകുതിരി വെട്ടത്തിലും ജനം നിശ്ശബ്ദമായി നീങ്ങുകയാണ്. ചുവരുകളുടെ മേല്‍ഭാഗത്ത് ചില്ലുജാലകങ്ങളാണ്.  അതിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യരശ്മികള്‍ അവയിലെ വര്‍ണ്ണാഭമായ കലാരൂപങ്ങളെ പ്രകാശമാനമാക്കുന്നു. ഇടനാഴിയിലുള്ള ഉപദേവതകളുടെ പ്രതിഷ്ഠക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ചിലര്‍ പ്രാര്‍ത്ഥിക്കുന്നു.

Notre Dame    അവിടെ ഒരു മുറിയില്‍, പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്. ഇവ കാണുവാന്‍ 5 യൂറോയുടെ ടിക്കറ്റ് എടുക്കണം. പള്ളിക്കകത്ത് ഒരു പ്രദക്ഷിണം വെച്ചശേഷം അള്‍ത്താരയ്ക്ക് മുന്നിലെ ബഞ്ചുകളില്‍ ഒന്നില്‍ കുറച്ച് നേരം നിശ്ശബ്ദരായി ഞങ്ങളും ഇരുന്നു. ശബ്ദകോലാഹലങ്ങളില്ലാത്ത അവിടത്തെ അന്തരീക്ഷം ആരുടെയും മനസ്സിന് കുളിര്‍മയേകും. പണ്ടെന്നോ വായിച്ച ഈര്‍ക്കിലിയില്ലാത്ത ഓലയില എന്ന നോവലിലെ വരികള്‍ ഓര്‍ക്കുകയാണ്. ''ക്ഷേത്രത്തില്‍ പോകാറുണ്ട്. അവിടെയുള്ള കല്ലിലെ വിശ്വാസം കൊണ്ടല്ല. അവിടെ നടമാടുന്ന ശാന്തത ഞാന്‍ ഇഷ്ടപ്പെടുന്നു. അത് പ്രദാനം ചെയ്യുന്ന ശക്തിയേയും''.

Notre Dame

1163 ല്‍ സ്ഥാപിതമായ ഈ ദേവാലയത്തിന്റെ നിര്‍മ്മാണം പലഘട്ടങ്ങളിലായി നീങ്ങി, 1345 ലാണ് അവസാനിച്ചത്. 1804 ഡിസംബര്‍ രണ്ടാം തീയതി നെപ്പോളിയന്റെ കിരീടധാരണം ഇവിടെ വെച്ചാണ് നടന്നത്. ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരന്‍ ചിത്രീകരിച്ച് കിരീടധാരണം ലുവ്റേ മ്യൂസിയത്തില്‍ പെയിന്റിങ്ങുകളുടെ കൂട്ടത്തില്‍ കാണാം. ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ പുരാതനമായ പല ശില്പങ്ങളും മറ്റും വികലമാക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തുവെങ്കിലും പിന്നീട് ആധുനിക രീതിയില്‍ പുനരുദ്ധാരണം നടന്നു.

Notre Dame

പുരാതന രീതിയില്‍ നിന്നും മാറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ ഒരു ജനവിഭാഗം അന്ന് പാരീസിലുണ്ടായിരുന്നു. അവരില്‍പ്പെട്ട ഒരാളായിരുന്നു ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ. അദ്ദേഹത്തിന്റെ 1931 ല്‍ പ്രസിദ്ധീകരിച്ച നോട്രഡാമിലെ കൂനന്‍ എന്ന വിഖ്യാതകൃതി ഒരു റൊമാന്റിക് -ഗോത്തിക് നോവലാണ്. പ്രധാന കഥാപാത്രങ്ങളായ എസ്മറാല്‍ഡ എന്ന ജിപ്സി നര്‍ത്തകിയേയും അവരെ മോഹിച്ച പള്ളിയിലെ മണിമുട്ടുകാരനും വിരൂപിയുമായ ക്വാസിമോഡോ എന്ന കൂനനെയും പോലെ നൊട്രഡാമിലെ പഴയ രൂപത്തിലുള്ള  പള്ളിയും നോവലില്‍ സ്ഥാനം പിടിച്ചു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആര്‍കിടെക്ചറിനെ കുറിച്ച് പൊതുജനങ്ങളില്‍ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യം.

Notre Dame

നോട്രഡാം ഡി പാരിസ് എന്നായിരുന്നു നോവലിന്റെ പേര്. അത് ഫ്രഞ്ച് ഭാഷയില്‍ നിന്ന് തര്‍ജ്ജമ ചെയ്തപ്പോഴാണ് ഹഞ്ച് ബാക്ക് ഓഫ് നോട്രഡാം-നോട്രഡാമിലെ കൂനന്‍ ആയത്. നോവല്‍ പാരീസില്‍ ജനപ്രീതി നേടിയതോടൊപ്പം ജനങ്ങളില്‍ ഗോത്തിക് ആര്‍കിടെക്ചറിനോടും പുരാതന കലാസംസ്‌കൃതിയോടും ഉള്ള താല്പര്യം വര്‍ധിച്ചു. പാരീസ് നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതല്‍ ഏറ്റവും അവസാനം 1990 വരെ നോട്രഡാം കത്തീഡ്രലില്‍ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടര്‍ന്നത്. അങ്ങനെ നോട്രഡാം കത്തീഡ്രലിന്റെ ഇന്ന് കാണുന്ന കലാചാരുതയ്ക്കും പ്രസിദ്ധിയ്ക്കും കാരണമായത് നോട്രഡാമിലെ കൂനനും, വിക്ടര്‍ ഹ്യൂഗോയും ആണെന്ന് പറയാം.

Notre Dame

പള്ളിയില്‍ നിന്ന് ഇറങ്ങി വീണ്ടും ഞങ്ങള്‍ മുന്‍വശത്തെ പള്ളിമുറ്റത്ത് എത്തി. അവിടത്തെ മണലില്‍ അമ്പലപ്രാവുകളോടൊത്ത് കളിക്കുന്ന കുട്ടികള്‍. കാഴ്ചക്കാരായി രക്ഷകര്‍ത്താക്കളും. ചിലര്‍ പ്രാവുകള്‍ക്ക് തീറ്റ വിതറുന്നുണ്ട്. ഇവയുടെ ചിത്രമെടുക്കുന്നു ചിലര്‍. വളരെ ഇണക്കമുള്ള പ്രാവുകള്‍. കുറച്ചുനേരം അനങ്ങാതെ നിന്നാല്‍ ദേഹത്ത് വന്ന് ഇരിക്കും. എന്റെ കയ്യിലും ഒരു പ്രാവ് പറന്ന് വന്ന് ഇരുന്നു.

Notre Dame

പ്രാവിന്‍ കൂട്ടത്തോടൊപ്പം കുറച്ചുനേരം ചിലവഴിച്ചശേഷം നദിയുടെ മറുകരയിലുള്ള ബസ്സ് ടെര്‍മിനലിലേക്ക് ഞങ്ങള്‍ നടന്നു. പള്ളിയുടെ പിന്‍വശത്തെ ഡോം, റോഡില്‍ നിന്നും കാണാനാവാത്ത നിലയില്‍ മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നു. വിനോദ സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത ഓഫ് സീസണില്‍ വീണ്ടുമൊരിക്കല്‍ ഇവിടെ വരണം. പള്ളിമേടയില്‍ കയറി പാരീസ് നഗരം കാണണം. പ്രസിദ്ധിപെറ്റ മണികള്‍ കാണണം. 15 ടണ്‍ ഭാരമുള്ളതടക്കം പത്തിലേറെ മണികള്‍ അവിടെയുണ്ട്. ഓരോ 15 മിനിറ്റിലും സംഗീതാത്മകമായ നാദം അവിടെ മുഴക്കുന്നവ. പിന്നെ യേശുദേവനെ ക്രൂശിച്ച മരക്കുരിശിന്റെ ഒരു ഭാഗവും ഒരു ആണിയും അദ്ദേഹം അണിഞ്ഞ മുള്‍ക്കിരീടവും എല്ലാം അവിടത്തെ കലവറയിലുണ്ട്. ആകട്ടെ. ഇനിയൊരിക്കലാകാം.

സെയ്ന്റ് ഡെന്നിസ്

Notre Dame

മൂന്നാം നൂറ്റാണ്ടില്‍ പള്ളി സ്ഥാപിക്കാനായി പാരീസിലേക്ക് നിയോഗിക്കപ്പെട്ട സെയ്ന്റ് ഡെന്നിസ് പിന്നീട് അവിടത്തെ ബിഷപ്പായി. 257 ല്‍ മൗണ്ട് മട്രെ (Mount matre) യില്‍ വെച്ച് ഒരു കൂട്ടര്‍ അദ്ദേഹത്തിന്റെയും അനുയായികളുടെയും തലയറുത്തു. അറുത്തെടുത്ത  തലയും കയ്യില്‍ വെച്ച് കുന്നിറങ്ങി വന്നശേഷം, ഒരു അനുയായിയുടെ കയ്യില്‍ തല ഏല്പിച്ച ശേഷമാണത്രെ അദ്ദേഹം കാലഗതി പ്രാപിച്ചത്. ഇവിടെ പിന്നീട് ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു; ബസ്ലിക്ക ഓഫ് സെയ്ന്റ് ഡെന്നിസ്. നോട്രെഡാം കത്തീഡ്രലില്‍ പല ഇടത്തായി ഇദ്ദേഹത്തിന്റെ പ്രതിമകള്‍ കാണാം.

Notre Dame

Madona and child, Our lady of Paris

നോട്രെഡാം കത്തീഡ്രലില്‍ പലരൂപത്തിലും ഭാവത്തിലും ആയി 37 സ്ഥലങ്ങളിലായി കന്യകാ മാതാവിനെ കാണാമെങ്കിലും അള്‍ത്താരക്ക് അടുത്തുള്ള ഈ പ്രതിമയാണ് അവയില്‍ പ്രധാനം.

The Portal of judgement 

Notre Dame

പ്രധാന കവാടത്തിന് മുകളിലുള്ള ഈ കലാരൂപം, The last judgement. Gospel of St. Mathew ല്‍ എഴുതിയിട്ടുള്ളതനുസരിച്ച് ഉള്ളതാണ്.