കൊച്ചിയില്‍ നിന്ന് രാമേശ്വരത്തേക്ക്. NH 49 ന്റെ തുടക്കം മുതല്‍ അവസാനം അങ്ങ് ധനുഷ്‌കോടി വരെയുള്ള യാത്ര. അടിമാലി മൂന്നാര്‍ വഴി പൂപ്പാറയും കഴിഞ്ഞു ബോഡിമെട്ടു എന്ന കേരള-തമിഴ്‌നാട് അതിര്‍ത്തി. അവിടെ നിന്ന് താഴേക്കു നോക്കിയാല്‍ ബോഡിനായ്ക്കന്നൂര്‍ പട്ടണം കാണാം, കുറച്ചു അകലെ ഒരു പൊട്ടുപോലെ തേനി പട്ടണവും. പതിനേഴു ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞു വേണം താഴെ ബോഡിനായ്ക്കന്നുര്‍ പട്ടണത്തില്‍ എത്തിച്ചേരാന്‍. വിക്രം എന്ന തമിഴ് നടന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'പിതാമഹന്‍' സിനിമ ചിത്രീകരിച്ച റെയില്‍വേ സ്‌റ്റേഷന്‍ ഇപ്പോള്‍ മീറ്റര്‍ ഗേജ് ട്രാക്ക് മാറി കൊണ്ടിരിക്കുന്നതിനാല്‍ വെറുതെ കിടക്കുന്നു.

ബോഡിനായ്ക്കന്നൂര്‍ കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍ കണ്ടു കൊണ്ട് തേനിയില്‍ എത്താം. സൂര്യകാന്തിയും ചോളവും, തെങ്ങും, കവുങ്കും നിറഞ്ഞ കൃഷിയിടങ്ങളും, റോഡില്‍ നില്‍ക്കുന്ന അസംഖ്യം പുളിമരങ്ങളും ചേര്‍ന്നാല്‍ തമിഴ്‌നാട് ഭൂമിയുടെ ദൃശ്യ വിരുന്നായി. കേരളത്തിലെ ആളുകള്‍ സ്ഥലം മേടിച്ചു മുന്തിരിയും മറ്റും കൃഷി ചെയ്യുന്ന തോട്ടങ്ങളും ഈ വഴിയരികില്‍ ഉണ്ട്. തേനിയും പിന്നിട്ടു ആണ്ടിപെട്ടി എത്തുമ്പോള്‍ ഇടതു ഭാഗത്തേക്ക് ഒരു അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വൈഗൈ അണക്കെട്ട് കാണാം. മുല്ലപെരിയാറില്‍ നിന്നുള്ള വെള്ളം, പശ്ചിമഘട്ട തുരങ്കം വഴി, വൈഗൈ അണക്കെട്ടില്‍ എത്തി വൈഗൈ നദിയായി മാറി രാമേശ്വരം വരെയുള്ള കൃഷിഭൂമിക്ക് ജലം നല്‍കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലസംഭരണവും തമിഴ്‌നാട് രാഷ്ട്രീയവുമായുള്ള വൈകാരിക ബന്ധം അറിയാന്‍ ഒരല്പം ആലോചിച്ചു നോക്കിയാല്‍ മതി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ മധുര നഗരം പോലും വരള്‍ച്ചയില്‍ ആകും. നെയ്യാര്‍ ഡാമിനെ ഓര്‍മപ്പെടുത്തുന്നു വൈഗ അണക്കെട്ടും. പിന്നിട്ടു യാത്ര മധുരയോട് അടുക്കുമ്പോള്‍ റോഡില്‍ ആള്‍ തിരക്കേറുന്നു. തിരിച്ചു വരുമ്പോള്‍ ആകട്ടെ, മീനാക്ഷി ക്ഷേത്രദര്‍ശനം എന്ന് മനസ്സില്‍ കരുതി NH -49 വഴി രാമേശ്വരത്തെക്കു നീങ്ങി.

വൈഗ നദി വഴിയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. തിരക്കൊഴിഞ്ഞ, െ്രെഡവിങ് ഹരം നല്‍കുന്ന ദേശീയപാത വഴി കുതിച്ചു പായുമ്പോള്‍ വഴിയരികില്‍ എഴുതിയ ബോര്‍ഡ് വായിച്ചു. രാമനാഥപുരം. ഇന്ത്യയിലെ തന്നെ ദരിദ്രന്മാരുടെ നാടുകളില്‍ ഒന്നായി ഹിന്ദു പത്രത്തിലെ റൂറല്‍ എഡിറ്റര്‍ സായിനാഥ് തന്റെ ' everybody loves a good drought ' എന്ന പുസ്തകത്തില്‍ എഴുതിയ അതേ രാമനാഥപുരം ഗ്രാമം . അതില്‍ പറയുന്ന ദിവസവും പത്തുരൂപക്കും, പതിനഞ്ചു രൂപക്കും പണിയെടുക്കുന്ന, പന ചെത്തുകാരുടെ സ്ഥലമായ പരമക്കുടി പോലുള്ള പേരുകള്‍ ഓരോന്നായി വഴിയരികില്‍ പ്രത്യക്ഷപ്പെടുന്നു. ജാതിയതയും തൊട്ടുകൂടായ്മയും ഇന്നും നിലനില്‍ക്കുന്ന, കൊള്ളപലിശക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഗ്രാമങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ മണ്ഡലമായ ശിവഗംഗയും ഈ വഴിയുടെ പ്രാന്തപ്രദേശങ്ങളില്‍ തന്നെ. രാമനാഥപുരം എന്ന സാമാന്യം വലിയ ടൗണ്‍ കഴിഞ്ഞു ഭാരതി നഗറില്‍ ചായ കുടിക്കാനായി നിര്‍ത്തി. വലതുവശത്തുള്ള ബാങ്ക് കെട്ടിടത്തിന്റെ എതിരെയുള്ള ചായക്കടയില്‍ നിന്നും കിട്ടിയ ചെറിയ ഗ്ലാസിലെ രുചിയേറിയ 'അരത്തുടം ചായ' മറക്കാനാവില്ല. ആസ്വാദ്യകരമായ പലഹാരങ്ങള്‍ ലഭിക്കുന്ന ഈ ടീ ഷോപ്പ് ഭക്ഷണപ്രേമികള്‍ക്ക് കയറി നോക്കാവുന്നതാണ്. വിവാഹിതരാകാന്‍ പോകുന്ന യുവമിഥുനങ്ങള്‍ വരന്റെ കൂട്ടുകാരോടും, സിനിമ താരങ്ങളോടും ഒപ്പം നില്‍കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വഴി നീളെ കണ്ടു. താരാരാധന മാറി ആത്മരാധനയിലേക്ക് പോകുന്നുവോ എന്ന് പോലും തോന്നിപ്പിക്കുമാറു വൈവിധ്യം നിറഞ്ഞവയാണ് ഈ ഫ്‌ലക്‌സ് തരംഗം.

വൈകുന്നേരത്തോടെ പാമ്പന്‍ പാലത്തില്‍ എത്തി. രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പന്‍ പാലം. ബ്രിട്ടീഷ്‌കാരന്റെ എഞ്ചിനീയറിംഗ് മികവായി രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള റെയില്‍ പാലം. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സമാന്തരമായി പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ചിരുന്നത് 1914ല്‍ നിര്‍മിച്ച ഈ റെയില്‍ പാലം മാത്രമായിരുന്നു. വലിയ ബോട്ടോ കപ്പലോ വരുമ്പോള്‍ പൊക്കി മാറ്റാന്‍ കഴിയുന്ന മധ്യഭാഗത്തോടെ നിര്‍മിച്ചതാണ് റെയില്‍ പാലം. മാസത്തില്‍ ഏതാണ്ട് ഇരുപതോളം പ്രാവശ്യം ഇത് ഉയര്‍ത്താറുണ്ടത്രേ. 1964ല്‍ ഉണ്ടായ കൊടുംകാറ്റില്‍ പാമ്പന്‍ പാലത്തിനു സാരമായ കേടുപറ്റി എങ്കിലും ഉടനെ തകരാറ് പരിഹരിച്ചു. തകര്‍ന്ന സ്പാനുകളുടെ അവശിഷ്ടങ്ങള്‍ അവിടെ കാണാവുന്നതാണ്. അമേരിക്കയിലെ മിയാമി കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ സമുദ്രമേഖലയില്‍ റെയില്‍ പാലം എന്ന ബഹുമതിയും പാമ്പന് സ്വന്തം. ഇതുകൊണ്ട് തന്നെ കാറ്റിന്റെ വേഗം അറിഞ്ഞു മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്.
++++++++++

ലങ്കാ ദഹനത്തിന് പോയ ശ്രീരാമന്റെ രാമേശ്വരത്ത് രാത്രി കഴിയാന്‍ ഒരുപാട് ലോഡ്ജുകള്‍. അമ്പരിപ്പിക്കുന്നതാണ് രാമേശ്വരത്തെ അന്യസംസ്ഥാനക്കാരുടെ താമസസ്ഥലങ്ങളുടെ എണ്ണം. ഗുജറാത്തിയുടെ ഗുജറാത്തി മഠം, രാജസ്ഥാനിയുടെ ഗോസാമി മഠം എന്ന് വേണ്ട, ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഹിന്ദു വിഭാഗങ്ങള്‍ക്കും അവിടെ പ്രത്യേക ലോഡ്ജുകള്‍ ഉള്ളത് പോലെ തോന്നുന്നു. മലയാളിക്ക് കിട്ടാന്‍ സാധ്യതയില്ല എന്ന് പലരും പറഞ്ഞിട്ടും, വടക്കേ ഇന്ത്യയില്‍ ജീവിച്ചു പരിചയിച്ച ഹിന്ദിയുടെ ബലത്തില്‍ ഇവിടെ എല്ലാം കയറിയിറങ്ങി. മുറി ഉണ്ട് എന്ന് പറഞ്ഞ ഗുജറാത്തി മഠം, വണ്ടിയുടെ രജിസ്ട്രഷന്‍ കണ്ടപ്പോള്‍ അത് ബുക്ക് ചെയ്ത മുറിയാനെന്നു പറഞ്ഞു ഒഴിവാക്കുകയും ചെയ്തു. െ്രെപവറ്റ് ലോഡ്ജുകളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും സുരക്ഷിതത്വം കൂടിയവയുമാണ് ഇത്തരം താമസസ്ഥലങ്ങള്‍. നേരത്തെ ബുക്ക് ചെയ്യുക മാത്രമാണ് മലയാളിക്ക് കേറികൂടാനുള്ള ഒരേയൊരു വഴി. കക്കയുടെ, ശംഖിന്റെ എല്ലാം വലിയ വിപണി കൂടിയാണ് രാമേശ്വരം. ആളുകള്‍ വിലപേശിക്കൊണ്ടിരിക്കുന്ന തെരുവുകളെ കടന്നു തലചായ്ക്കാനൊരിടം തേടി ഞങ്ങള്‍ നീങ്ങി.

അതിരാവിലെ തന്നെ ദര്‍ശന പുണ്യം തേടി ക്ഷേത്രത്തിലേക്ക്. കണ്ണെത്താ ദൂരമുള്ള ഇടനാഴികള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. ആളുകള്‍ തീര്‍ത്ഥങ്ങളില്‍ കുളിച്ചു നനഞ്ഞ ശരീരത്തോടെ ഭക്തിപൂര്‍വ്വം നീങ്ങുന്നു. തീര്‍ഥങ്ങളില്‍ മുങ്ങുക എന്നത് ലോപിച്ച് ഇപ്പോള്‍ ആരോ ബക്കറ്റില്‍ വെള്ളം ഒഴിച്ച് കൊടുക്കുന്നു. ടിക്കറ്റ് എടുത്തുവേണം എന്തും ചെയ്യാന്‍ എന്ന അലിഖിത തമിഴ് ക്ഷേത്ര നിയമം ഓര്‍ത്തുകൊണ്ട് പണം കൊടുത്ത് രസീതി എടുത്തു 22 പുണ്യ തീര്‍ഥങ്ങളില്‍ സ്‌നാനവും നടത്തി. ടിക്കറ്റ് എടുത്തിട്ടും ദര്‍ശനത്തിനു മണിക്കൂറുകള്‍ നീണ്ട ക്യൂ. ക്ഷേത്രത്തിനു കിഴക്ക് ഭാഗത്ത് സമുദ്രത്തില്‍ ആളുകള്‍ പിതൃദര്‍പ്പണം നടത്തുന്നു. ഭക്തര്‍ക്ക് മുങ്ങി കുളിക്കാന്‍ സൗകര്യം കൊടുക്കാന്‍ എന്ന പോലെ ബംഗാള്‍ ഉള്‍കടല്‍ ശാന്തമായി കിടക്കുന്നു. കുറച്ചകലെ രാമേശ്വരം ദ്വീപിനു ചുറ്റും ബോട്ട് യാത്ര നടത്താന്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പുകള്‍. യാചകരുടെ നീണ്ട നിര. അവര്‍ക്ക് പണം കൊടുക്കുക എന്നതും ആചാരത്തിന്റെ ഭാഗം എന്ന മനോഭാവത്തോടെ ചിലര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കുന്നു. രാമേശ്വരത്തെ തെരുവുകളില്‍ അറിയുന്നതും അറിയാത്തതും ആയ എല്ലാ ഭാഷയും കേള്‍ക്കുന്നു. തലമുണ്ഡനം ചെയ്യുന്നവരുടെയും, ബലിതര്‍പ്പണം ചെയ്യാന്‍ മന്ത്രം ഉരുവിടുന്നവരുടെയും തിരക്ക്.

പ്രധാന ക്ഷേത്രത്തിനു പുറമേ ഹനുമാന്‍ ക്ഷേത്രവും രാമന്റെ കാല്പാടുകള്‍ ഉള്ള രാമപാദവും അഞ്ചു കിലോമീറ്റര്‍ അകലെ ഉണ്ട്. രാമപാദം അമ്പലത്തിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ദ്വീപിനെ ചുറ്റി ഒഴുകുന്ന സമുദ്രത്തിന്റെ മനോഹര ദൃശ്യവും കാണാം. മറ്റൊരു ദിശയില്‍ (ധനുഷ്‌കോടിക്ക് പോകുന്ന വഴിക്ക്) വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ ക്ഷേത്രവും, ജടായു കുളവും ഉണ്ട്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ ഗൃഹവും ഇവിടെ തന്നെ.


ധനുഷ്‌കോടി ആണ് യാത്രയിലെ അടുത്ത ഇനം. ഒരു കാലത്ത് രാമേശ്വരത്തെക്കാള്‍ പ്രതാപം ഉണ്ടായിരുന്നു ധനുഷ്‌കോടിക്ക്. ബ്രിട്ടീഷ് കാലത്ത് റെയില്‍ വഴി ബന്ധിപ്പിച്ചിരുന്ന ഇവിടെ ശ്രീലങ്കയില്‍ നിന്ന് ചരക്കു കപ്പലുകള്‍ വരാറുണ്ടായിരുന്നു. ശ്രീലങ്കയിലേക്ക് സ്ഥിരമായ യാത്ര ബോട്ടുകളുടെ സര്‍വീസും ഉണ്ടായിരുന്നു. മദ്രാസില്‍ നിന്നും കൊളോമ്പോയിലേക്ക് indo - ceylon express എന്ന പേരില്‍ റെയില്‍ ബോട്ട് സര്‍വീസ് നിലനിന്നിരുന്നത്രേ. എന്നാല്‍ 1964 ഡിസംബര്‍ 24 ന് ഉണ്ടായ കൊടുംകാറ്റിലും ആഞ്ഞടിച്ച തിരമാലകളിലും നഗരം പാടെ തകര്‍ന്നു. ആശുപത്രികള്‍, സ്‌കൂള്‍ എല്ലാം കടലെടുത്തു. ഡിസംബര്‍ 22 ന് യാത്ര തിരിച്ച പാസഞ്ചര്‍ ട്രെയിന്‍ 140 യാത്രക്കാരുമായി കടലില്‍ മറഞ്ഞു. ഡിസംബര്‍ 25 ന് ആണ് ദുരന്തം പുറം ലോകം അറിയുന്നത്. അന്നത്തെ 'ഹിന്ദു' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഏതാണ്ട് 500 ശവശരീരങ്ങള്‍ ധനുഷ്‌കോടിയില്‍ അടിഞ്ഞിരുന്നു എന്നാണ്. ഇവിടത്തെ ഔദ്യോഗിക മരണ സംഖ്യ 2000 കവിയും. പില്‍കാലത്ത് ഉണ്ടായ ശ്രീലങ്ക വംശീയ പ്രശ്‌നം പ്രദേശത്തിന്റെ അല്‍പ മാത്ര വികസനത്തിന് പോലും തടസ്സം നിന്നു. പഴയ ധനുഷ്‌കോടി നഗരം ഇന്ന് 'പ്രേത നഗരം' എന്നറിയപ്പെടുന്നു.
++++++++++

വൈകീട്ട് മൂന്നു മണിയോടെ ധനുഷ്‌കോടിയിലേക്ക് പോകാന്‍ തീരുമാനിച്ചു. രാമേശ്വരത്ത് നിന്ന് 20 കിലോമീറ്റര്‍ സുഗമമായ റോഡ് ആണ് ധനുഷ്‌കോടി വരെ. അതിനും അപ്പുറത്തേക്ക് സാധാരണ വാഹനങ്ങള്‍ പോകില്ല. ആളൊന്നുക്ക് 80 രൂപ നിരക്കില്‍ മഹീന്ദ്ര കാബ് (ഇപ്പോഴും ശബരിമലക്ക് തമിഴ്‌നാട്ടുകാര്‍ വരുന്ന മിനി ബസ്) ലഭ്യമാണ്. അല്ലെങ്കില്‍ രാമേശ്വരത്ത് നിന്ന് സ്വന്തമായി ജീപ്പ് വാടകയ്ക്ക് എടുക്കാം. ധനുഷ്‌കോടി ചെക്ക് പോസ്റ്റില്‍ നിന്ന് ഏതാണ്ട് 8 കിലോമീറ്റര്‍ മണല്‍പരപ്പിലൂടെ സഞ്ചാരം. ചുറ്റും മണല്‍ കൂമ്പാരങ്ങള്‍. ചിലപ്പോള്‍ വശങ്ങളില്‍ കടല്‍ കാണാം. വഴിയില്‍ അങ്ങിങ്ങായി ഉപേക്ഷിക്കപെട്ട ബോട്ടുകളുടെ അവശിഷ്ടങ്ങളും, മീന്‍ പിടുത്തക്കാര്‍ താമസിക്കുന്ന ഓല മേഞ്ഞ വീടുകളും ഉണ്ട്. ധനുഷ്‌കോടിയുടെ അവസാനം എന്നത് ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും യോജിക്കുന്ന സമുദ്രത്തിലേക്ക് നീണ്ടു നില്‍കുന്ന ഒരു ഭാഗമാണ്. ശാന്തമായി ഇരിക്കുന്ന ബംഗാള്‍ ഉള്‍ക്കടലും, തിരമാലകള്‍ അലയടിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും ഇരുവശങ്ങളിലുമായി കാണുക എന്ന അത്ഭുത കാഴ്ച കണ്ടു നില്‍ക്കാം. വീശിയടിക്കുന്ന കാറ്റിലും കക്കയും ശംഖും വില്‍ക്കാനായി നാലഞ്ചു കടകള്‍. മറ്റേതോ ലോകത്ത് എത്തിയത് പോലെയാണ് ധനുഷ്‌കോടി. നിലക്കാത്ത കാറ്റും തിരമാലകളും ചൂട് കുറവായ അന്തരീക്ഷവും.

പാക് കടലിടുക്ക് എന്നറിയപ്പെടുന്ന ഈ ഇടനാഴിക്കപ്പുറം വെറും 30 കിലോമീറ്റര്‍ അകലെ ശ്രീലങ്കയാണ് !. രാവണന്റെ ലങ്ക, രാമസേതു നിര്‍മിച്ചു രാമന്‍ ചെന്നെത്തിയ ലങ്ക ! ഇതിഹാസങ്ങള്‍ വിശ്വസിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ! . ആധുനിക കാലത്ത്, പ്രഭാകരന്റെ പുലികള്‍ എത്തിയിരുന്നതും, അഭയാര്‍ഥികള്‍ വന്നിരുന്നതും ഇതേ തീരത്ത് തന്നെയായിരുന്നു. എല്ലാം മറന്നു എത്ര നേരം വേണമെങ്കിലും നില്ക്കാന്‍ പറ്റിയ ഇടം എങ്കിലും, 6 മണിക്ക് പ്രവേശനം അവസാനിപ്പിക്കും എന്ന ഡ്രൈവറുടെ മുന്നറിയിപ്പ്, തിരിച്ചു പോക്കിന് കാരണമായി. പഴയ ധനുഷ്‌കോടി ടൗണ്‍ ലക്ഷ്യമാക്കി യാത്ര. റൊമാന്റിക് ആയ ധനുഷ്‌കോടിയില്‍ നിന്ന് പേടിപ്പെടുത്തുന്ന ധനുഷ്‌കോടിയിലേക്കു എത്തിയപോലെയാണ് പഴയ ടൗണ്‍ . തകര്‍ന്നടിഞ്ഞ റെയില്‍വേ സ്‌റ്റേഷന്‍, ക്രിസ്ത്യന്‍ പള്ളി, സ്‌കൂള്‍, വീടുകള്‍.... പ്രേത നഗരം എന്ന പേര് അന്വര്‍ഥം ആക്കുന്ന സ്ഥലം. ഇവിടെ എത്ര മനുഷ്യര്‍ മരിച്ചു, എത്ര വീടുകള്‍ തകര്‍ന്നു.. കണക്കുകള്‍ ഇന്നും അപൂര്‍ണ്ണം.. മണ്ണില്‍ പൂണ്ടു കിടക്കുന്ന ഈ കെട്ടിടങ്ങള്‍ മനസ്സിനെ പിടിച്ചുലക്കുന്നു. റെയില്‍വേ ലൈന്‍ പോലെ മണ്ണിട്ട് പാകിയ സ്ഥലം. കാബിന്‍ ഓഫീസ്. ചെറുതും വലുതും ആയ ഏതെക്കെയോ കെട്ടിടങ്ങള്‍. അമ്പലം മാത്രം പുതുക്കി പണിതിട്ടുണ്ട്. ആധുനിക കാലത്ത് ഇത് പോലെ ജനം ഉപേക്ഷിച്ചു പോയ വേറെ ഏതെങ്കിലും ആവാസസ്ഥലം ഉണ്ടോ എന്നറിയില്ല. ഈ താണ്ഡവങ്ങള്‍ക്കിടയിലും ചിലരെയൊക്കെ ജീവിക്കാനായി വിട്ടു എന്നതും പ്രകൃതിയുടെ മറ്റൊരു ക്രൂര വിനോദം.

1964 കഴിഞ്ഞു കൃത്യം 40 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ഡിസംബറില്‍ ആഞ്ഞടിച്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരമാലകള്‍ പക്ഷെ ഇക്കുറി ധനുഷ്‌കോടിയെയും രാമേശ്വരത്തെയും തൊട്ടില്ല. പണ്ട് ചെയ്തതിന്റെ പ്രായശ്ചിത്തം എന്ന പോലെ ! ധനുഷ്‌കോടി ഇന്ത്യയുടെ ഒരറ്റം, ഇവിടെ ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒന്നിക്കുന്നു, ഇതിഹാസ പുരുഷന്‍ ശ്രീരാമന്‍ ലങ്കയിലേക്ക് രാമസേതു നിര്‍മിച്ച പ്രദേശം, എന്നിങ്ങനെയുള്ള ആകാംഷയോടെ ആണ് വന്നതെങ്കില്‍ തിരിച്ചു പോകുമ്പോള്‍ മനസ്സ് മുഴുവന്‍ ഒരാകുലതയാണ്. മനുഷ്യ ജീവിതത്തിന്റെ നിസ്സാരതകളെ പറ്റിയുള്ള ഉത്കണ്ഠ. അവശേഷിപ്പുകള്‍ ബാക്കിയാക്കി മറഞ്ഞ ഒരു ജനതയെ കുറിച്ചുള്ള വീര്‍പ്പു മുട്ടിക്കുന്ന ചിന്തകള്‍. ധനുഷ്‌കോടിയില്‍ നിന്ന് തിരിച്ചു രാമേശ്വരം വരെ വിജനമായ വഴിയാണ്. ചൂളി മരങ്ങളും, മണല്‍ തിട്ടയും, കടലിന്റെ ഇരമ്പലും, ഇരുട്ടും മാത്രം. ഇടയ്ക്കു ഒരാള്‍ ധനുഷ്‌കോടി ലക്ഷ്യമാക്കി എന്ന പോലെ നടന്നു നീങ്ങുന്നു. അവിടെ താമസിക്കുന്ന, മുന്നൂറോളം വരുന്ന, മീന്‍ പിടിച്ചു ജീവിക്കുന്ന ജനങ്ങളില്‍ ഒരാളായിരിക്കണം, അല്ലെങ്കിലും അയാള്‍ എന്തിനു ഭയക്കണം, അവനവന്റെ ആവാസസ്ഥലത്ത് ആരും പ്രേതഭവനങ്ങള്‍ക്ക് സ്ഥാനം നല്കാറില്ലല്ലോ!

ധനുഷ്‌കോടിയില്‍ നിന്നും രാത്രി മധുരയില്‍ എത്തി. മധുരാപുരിയുടെ രണ്ട് ഇതിഹാസ കഥാപാത്രങ്ങളും സ്ത്രീകളാണ്. മീനാക്ഷിയും കണ്ണകിയും. ഇരുട്ടിലും വെളിച്ചത്തില്‍ അലങ്കരിച്ചു നില്‍ക്കുന്ന മീനാക്ഷി ക്ഷേത്രം പുറമേ കണ്ടു. ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിലെ കണ്ണകിയുടെ നഗരത്തില്‍ തല ചായ്ച്ചു. രാവിലെ ക്ഷേത്രങ്ങളിലെ മഹാത്ഭുതങ്ങളില്‍ ഒന്നായ മീനാക്ഷി ക്ഷേത്രവും കണ്ടു, പിന്നീടു തിരുമലൈനായ്ക്കര്‍ കൊട്ടാരവും ദര്‍ശിച്ചു. വൈദേശിക ആക്രമണത്തില്‍ തകര്‍ന്ന മീനാക്ഷി ക്ഷേത്രം ഇന്നത്തെ നിലയില്‍ പുനര്‍ നിര്‍മ്മിച്ചത് തിരുമലൈനായ്ക്കരുടെ ഭരണ കാലത്താണ്. തിരുമാലൈനയ്ക്കാര്‍ കൊട്ടാരത്തിന് അടുത്ത് തന്നെ തിരുപ്രകുന്ദ്രം ക്ഷേത്രം ഉണ്ട്. കണ്ടാലും മതി വരാത്ത മധുരമീനാക്ഷി ക്ഷേത്രവും, അവിടത്തെ കഴിച്ചാലും കൊതി തീരാത്ത പായസ പ്രസാദവും മനസ്സില്‍ സൂക്ഷിച്ചു പിറ്റേന്ന് ഉച്ചയോടെ കോവലന്റെ കണ്ണകിയുടെ മധുര പിന്നിട്ടു. പതിവ്രതകളായ മധുരയിലെ സ്ത്രീകളേ... എന്ന കണ്ണകിയുടെ വാക്കുകള്‍ ചെവിയില്‍ മുഴക്കമായി നില്കുന്നത് പോലെ.. തിരികെ തേനി കമ്പം കുമളി വഴി കണ്ണകി കുടിയിരിക്കുന്ന കൊടുങ്ങല്ലൂരിനു അടുത്തുള്ള കൊച്ചിയിലേക്ക് മടക്കയാത്ര.