ധികമാരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളാണ് സഞ്ചാരികൾക്ക് ആവേശം പകരുന്നത്. യാത്രികരുടെ സ്വർഗമായ ഇടുക്കിയിലെ മുള്ളന്തണ്ട് കുരിശുമലയിലേക്കുള്ള യാത്ര അത്തരത്തിലുള്ളതായിരുന്നു.

പൂപ്പാറ ടൗണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും കഠിനമായ പാതയും താണ്ടിവേണം മുള്ളന്തണ്ടിലെത്താൻ. ഒരു ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് മുള്ളന്തണ്ടിലേക്കുള്ള യാത്ര തുടങ്ങിയത്. കൊറോണ തീർത്ത വിജനതയിൽ പാതയോരങ്ങൾ ഉറങ്ങിക്കിടക്കുകയാണ്. രാപകലില്ലാതെ സഞ്ചാരികളുടെ വാഹനങ്ങൾ ഒഴുകിക്കൊണ്ടിരുന്ന മൂന്നാറിലേക്കുള്ള പാതയിപ്പോൾ നിദ്രയിലാണ്. ഗ്രാമവും ചെറുന​ഗരങ്ങളും പിന്നിട്ട് ഞങ്ങൾ മുന്നോട്ടുപോയി. അങ്ങിങ്ങായി മീൻമാർക്കറ്റിൽ നിന്ന് ബൈക്കിൽ വിൽപ്പന പോവുന്നവർ, പാലും പത്രവും ഇടുന്നവർ എന്നിവരൊഴിച്ചാൽ മനുഷ്യസാന്നിധ്യം കുറവായിരുന്നു.

അതികാലത്ത് എഴുന്നേറ്റ് തുടങ്ങുന്ന യാത്രകൾ നൽകുന്ന ചില കാഴ്ചകളുണ്ട്. കാലത്തെ അമ്പലങ്ങളിൽ നിന്നുള്ള ഭക്തിഗാനങ്ങൾ, കുർബാന പോകുന്ന അമ്മമാർ, സുബ്ഹി നമസ്കാരം കഴിഞ്ഞുവന്ന് തങ്ങളുടെ സ്ഥിരം കേന്ദ്രമായ ചായക്കടയിൽ നിന്ന് ചായകുടിച്ച് സമകാലിക സംഭവങ്ങൾ ചർച്ചചെയ്യുന്നവർ തുടങ്ങിയ കാഴ്ചകൾ. ഇത്തവണ പക്ഷേ, ഈ കാഴ്ചകളൊന്നും കണ്ടില്ല. എറണാകുളത്തുനിന്ന് തുടങ്ങിയ യാത്രയിൽ ഞങ്ങൾ നാലു പേരുണ്ടായിരുന്നു, സജു ചേട്ടനും രാജേഷേട്ടനും പിന്നെ വണ്ടിയുടെ കപ്പിത്താനായ തൃശ്ശൂർക്കാരൻ സന്തോഷേട്ടനും. സന്തോഷേട്ടൻ അറിയപ്പെടുന്ന ഒരു ഓഫ്റോഡ് ജീപ്പ് ഡ്രൈവറാണ്.

Kallimali View Point
കള്ളിമാലി വ്യൂപോയിന്റ്

അടിമാലിയിൽനിന്ന് വെള്ളത്തൂവൽ, പന്നിയാർക്കുട്ടി വഴി പൊന്മുടി ഡാമും കള്ളിമാലി വ്യൂ പോയിന്റും കണ്ട് ഞങ്ങൾ രാജകുമാരിയിൽ എത്തി. അവിടെനിന്ന് ജീപ്പിങ് ക്ലബ്ബ് ആയ ഫ്ളാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷന്റെ മജോയ്സ്, ക്ലബ്ബ് അംഗങ്ങളുമായി എത്തി.

അഞ്ചു ജീപ്പുകളടങ്ങുന്ന ഒരു കൂട്ടമായി ഞങ്ങൾ മാറി. ആദ്യം പോയത് പൂപ്പാറയിലെത്തന്നെ സർമേട് എന്നുപേരുള്ള മനോഹരമായ മൊട്ടക്കുന്നിലേക്കാണ്. ദുർഘടപാതകളെ കീഴടക്കി വാഹനങ്ങൾ ചാഞ്ഞും ചരിഞ്ഞും മലകയറി. മുകളിലെത്തിയപ്പോഴുള്ള കാഴ്ചകൾ അതിമനോഹരമായിരുന്നു. ചുറ്റും നോക്കെത്താദൂരത്തോളം മലനിരകൾ. താഴെ പെരുമ്പാമ്പുപോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയിലൂടെ കുഞ്ഞുറുമ്പുകണക്കെ വാഹനങ്ങൾ ഒഴുകിനീങ്ങുന്നുണ്ടായിരുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിൽ രോമകൂപങ്ങൾ ഉണർന്നെണീറ്റു നിന്നു. സ്വർഗം മേട്ടിൽനിന്ന് നേരേ പ്രധാന ലക്ഷ്യമായ മുള്ളന്തണ്ടിലേക്ക് യാത്രതിരിച്ചു. ഏകദേശം പത്തു കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഈ രണ്ടു സ്ഥലങ്ങൾ. പ്രധാന പാതയും ഗ്രാമീണപാതയും വിട്ട് വാഹനങ്ങൾ ആകാശം തൊട്ടുനിൽക്കുന്ന മുള്ളന്തണ്ടിലേക്കുള്ള യാത്രയാരംഭിച്ചു. വാഹനം ചെങ്കുത്തായ കയറ്റങ്ങൾ കയറിത്തുടങ്ങി. ഞങ്ങൾ സീറ്റിൽ പിറകിലോട്ട് ചാരിക്കിടന്നു. കുന്നും കുഴികളും കണ്ടിട്ടും ഒരു കൂസലുമില്ലാതെ ജീപ്പ് കനത്ത ശബ്ദത്തോടെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന മലമണ്ട ലക്ഷ്യമാക്കി നീങ്ങി.

Mullanthand

പോകെപ്പോകെ വഴികൾ ഇടുങ്ങിയതും പേടിപ്പെടുത്തുന്നതുമായി മാറുന്നുണ്ടായിരുന്നു. വണ്ടിയിലിരുന്നു താഴോട്ടു നോക്കിയപ്പോൾ ഹൃദയമിടിപ്പ് ഒരുനിമിഷം നിലച്ചുപോയി. താഴെ കണ്ണെത്താദൂരത്തോളം ആഴത്തിലുള്ള കുഴി. ഉള്ളിലുള്ള പേടി പുറത്തു കാണിക്കാതെ രാജേഷേട്ടൻ പപ്പുച്ചേട്ടന്റെ ആ പ്രശസ്തമായ ഡയലോഗെടുത്തു വീശി: “കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ ഞമ്മളും എൻജിനും തവിടുപൊടി.” പറഞ്ഞത് തമാശയാണെങ്കിലും അസാമാന്യ ധൈര്യവും കൈവഴക്കവുമില്ലാതെ ഒരാൾക്കും ഈ പാതയിലൂടെ വണ്ടിയോടിച്ചു മലകയറുകയെന്നത് അസാധ്യമാണ്. പണ്ടൊരിക്കൽ മോട്ടോർസൈക്കിളിൽ മുള്ളന്തണ്ടിലേക്ക് ട്രിപ്പ് വന്ന ഞങ്ങൾ മലയുടെ പൊക്കവും വഴിയും കണ്ടപ്പോൾ താഴെവെച്ചുതന്നെ ശ്രമമുപേക്ഷിച്ചു തിരിച്ചുപോയത് ഓർത്തു. 

യാത്രകൾ ശരിക്ക് ആസ്വദിച്ചുവേണം പൂർത്തിയാക്കാൻ. ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നതിലുപരി പോകും വഴികളിലെ ആളു കളോടും ജീവികളോടും ഇലകളോടും വർത്തമാനം പറഞ്ഞങ്ങനെ പോകണം. മല കയറിയുള്ള യാത്രകളിൽ തണുപ്പേറ്റിവരുന്ന ഇളം കാറ്റ് നൽകുന്ന കോരിത്തരിപ്പിൽ വഴിയരികിലെ കൊച്ചോല കടയിൽനിന്നും കുടിക്കുന്നൊരു ചായ പോലും ആ യാത്രയുടെ അവിഭാജ്യ ഘടകം തന്നെയാണ്. കാറിൽ എ.സിയുടെ സുഖശീതളിമയിൽ പോയിറങ്ങി റിസോർട്ടിലെ തണുപ്പിൽ മയങ്ങി തിരിച്ച് പോവുന്ന യാത്രകൾ തരുന്നതിന്റെ പത്തിരട്ടി കാ ഴ്ചകളും അനുഭവങ്ങളും ആണ് ഇത്തരം യാത്രകൾ നൽകുന്നത്.

മുള്ളന്തണ്ട് കുരിശുമലയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അതിന്റെ അവസാനത്തെ തൂക്കാംകുത്ത് കയറ്റം. അവിടെനിന്നും മുകളിലേക്കുള്ള വഴി ചേർത്തെടുക്കുന്ന ഫോട്ടോകൾ അതിമനോഹരമാണ്. രണ്ടുവശവും ആളൊപ്പം വളർന്ന് നിൽക്കുന്ന പുൽമേടുകൾ, അതിന് നടുക്കായി രണ്ട് ചക്രങ്ങൾ മാത്രം മല കയറിപ്പോയതിന്റെ അടയാളം മലമണ്ടവരെ നീളത്തിൽ നീളത്തിൽ കിടന്നിരുന്നു. ഞങ്ങളുടെ വണ്ടിക ളെല്ലാം അതിന് താഴെയായി നിരന്നു. ഇനി ഓരോ വാഹനങ്ങളായി വേണം മുകളിൽ കയറാൻ.

Mullanthand
മുള്ളന്തണ്ട് കുരിശുമല

ജീപ്പുകൾ ഒന്നൊന്നായി മലമുകളിലേക്ക് കുതിച്ചുകയറി. ശ്വാസമടക്കിപ്പിടിച്ച് കൊണ്ടാണ് ഞങ്ങൾ ആ കയറ്റം കയറുമ്പോൾ വണ്ടിയിലിരുന്നത്. മുകളിൽ എത്തിയപ്പോഴുള്ള കാഴ്ച പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാതെവരും. അല്ലെങ്കിലും കഷ്ടപ്പെട്ട് എത്തിപ്പെടുന്ന സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചകൾ എല്ലാം അതീവ സുന്ദരം തന്നെയായിരിക്കും. ദൂരെയായി മഴമേഘങ്ങൾ നമുക്ക് സമാന്തരമായി ഒഴുകി നീങ്ങുന്നു, വീശിയടി ക്കുന്ന കാറ്റിൽ പുൽമേടുകൾ അലയടിക്കുന്ന തിരമാലകളെപ്പോലെ തോന്നിച്ചു. ഇടക്കെവിടെ നിന്നോ കോടമഞ്ഞ് വന്ന് ഞങ്ങളെ പൊതിഞ്ഞു. പൊടുന്നനെ തന്നെ ഒരു പാൽപ്പുഴപോലെ കോടമഞ്ഞ് ഒഴുകി മറഞ്ഞു.

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

ദൂരെ മനുഷ്യൻ പ്രകൃതിയുടെ നെഞ്ചിലേൽപ്പിച്ച മുറിവ് പോലെ മൂന്നാറിൽ നിന്നും സൂര്യനെല്ലിക്കുള്ള വഴിയിലെ ഗ്യാപ് റോഡ് വലിയൊരു മലയോടെ ഇടിഞ്ഞുപോയത് ഭീകരമായ കാഴ്ചയായിരുന്നു. അതിന് മുകളിലായി അപ്പോഴും കോടമഞ്ഞ് കണ്ണീർ പൊഴിച്ചു നിൽക്കുന്നുണ്ടായിരുന്നു.

ഇടുക്കി ജില്ലയിൽ ഒത്തിരിയൊന്നും മനുഷ്യസാന്നിധ്യം അറിയാത്ത ഇടങ്ങൾ ഇനിയുമുണ്ട്. അവിടെത്തെ നാട്ടുകാരോടോ മറ്റോ കൂട്ടു കൂടി മാത്രം എത്തിപ്പെടാൻ കഴിയുന്ന ഭൂമിയിലെ സ്വർഗങ്ങൾ. ഇതുപോലെ ഏതെങ്കിലും സ്ഥലങ്ങളിൽ നിന്നാവും പണ്ടാരോ പറഞ്ഞത് എത്ര മേൽ കഠിനമോ മാർഗങ്ങൾ അത്രമേൽ സരസമാ ലക്ഷ്യങ്ങൾ!

(മാതൃഭൂമി യാത്ര 2021 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Mullanthandu Mala, jeep safari, idukki trekking, mathrubhumi yathra