"നമ്മൾ ഉറങ്ങുമ്പോൾ കാണുന്നതല്ല, നമ്മളെ ഉറങ്ങാൻ അനുവദിക്കാത്തതാവണം സ്വപ്നം" എന്ന് അബ്ദുൾ കലാം പറഞ്ഞത് ഒരിക്കലും വെറുതെ അല്ല. മൗണ്ട് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിൽ ആണ്. ലോകത്തിൽ തന്നെ ഏറ്റവും ഉയരം കൂടിയ self standing mountain ആണിത്. അതു പോലെ തന്നെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും. ഇതിന്റെ ഉയരം സമുദ്ര നിരപ്പിൽ നിന്നും 5895 മീറ്റർ (ഏകദേശം 20,000 ft) ആണ്. ഏറ്റവും ഉയർന്ന പ്രദേശത്തെ ഉഹുരു പീക്ക് എന്നറിയപ്പെടുന്നു. ഔദ്യോഗിക കണക്കനുസരിച്ചു പ്രതിവർഷം ഏകദേശം 50,000 ആളുകൾ ഇത് കാണാൻ വേണ്ടി ഇവിടേക്ക് വരുന്നു. ഇതിനു വേണ്ടി ടൂറിസ്റ്റുകൾക്ക് ഏകദേശം 1000$ (ഇന്ത്യൻ രൂപ 73,253 രൂപ) മുതൽ 2000$ (ഇന്ത്യൻ രൂപ 1,46,515) വരെ ചെലവ് പ്രതീക്ഷിക്കാം...

Kilimanjaro 1

2017-ൽ ABC ഗ്രൂപ്പിന്റെ കീഴിൽ ടാൻസാനിയായിൽ ജോലിക്ക് വേണ്ടി വന്ന അന്ന് മുതൽ തുടങ്ങിയ കിനാവ് ആയിരുന്നു ഒരിക്കൽ എങ്കിലും കിളിമഞ്ചാരോ പോകണം എന്നുള്ളത്. ഒരുപാട് അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നിലും ഒരു വ്യക്തത കിട്ടിയിരുന്നില്ല. അങ്ങനെ കാര്യങ്ങൾ നീണ്ടു പോയി. അങ്ങനെ കഴിഞ്ഞ മാസം (നവംബർ, 2020) എന്റെ സഹപ്രവർത്തകൻ എൽബിൻ ബിനു ഒരു സോഷ്യൽ മീഡിയ പരസ്യം എനിക്ക് അയച്ചു തന്നു. ആ നിമിഷം വീണ്ടും എന്റെ മനസിലേക്ക് കിളിമഞ്ചാരോ ആഗ്രഹം കയറി വന്നു. ക്രിസ്മസ് വെക്കേഷൻ ആയിരുന്നു മനസിൽ കണ്ട സമയം. കാരണം മൂന്ന് ദിവസം ഇവിടെ അവധി ആയത് കാരണം കമ്പനിയിൽ നിന്നും മൂന്ന് ദിവസം ലീവ് എടുത്താൽ മതിയായിരുന്നു. അന്ന് തന്നെ എന്റെ കമ്പനി ഡയറക്ടർമാരുടെ പെർമിഷൻ വാങ്ങി (ഈ ആഗ്രഹം പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ എനിക്ക് ലീവു തന്ന ‍യറക്ടർമാരോടുള്ള നന്ദി പറഞ്ഞു അറിയിക്കുന്നതിലും അപ്പുറമായിരുന്നു)

Kilimanjaro 2

പിന്നീടുള്ള ഒരു മാസം പോകാൻ വേണ്ട കാര്യങ്ങൾ ഓരോന്നായി ചെയ്തു തുടങ്ങി. നാട്ടിൽ ചെറിയ തോതിൽ ട്രക്കിങ് നടത്തിയിട്ടുള്ള മുൻപരിചയം മാത്രം പോര എന്നു വ്യക്തമായി അറിയുന്നത് കൊണ്ട് ധാരാളം മുന്നൊരുക്കുങ്ങൾ നടത്തിത്തുടങ്ങി. യാത്ര ഒറ്റക്കായത് കാരണം തന്നെ കൂടുതൽ അഭിപ്രായങ്ങൾ ഒന്നും കേൾക്കേണ്ടായിരുന്നു. ഒരു സംഖ്യ അഡ്വാൻസ് കൊടുത്തു ടൂർ ഉറപ്പിച്ചു. ഡിസംബർ 23 മുതൽ 27 വരെ ആയിരുന്നു ടൂർ പാക്കേജ്. ഡിസംബർ 22ന് ഞാൻ മോഷിയിലേക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. (ഞാൻ ജോലി ചെയ്യുന്ന ദാർ സലാം എന്ന സ്ഥലത്തു നിന്നും ഏകദേശം 500 km യാത്ര ചെയ്തു വേണം മോഷിയിൽ എത്താൻ). നീണ്ട 10 മണിക്കൂർ നേരത്തെ ബസ് യാത്രക്കൊടുവിൽ മോഷിയിൽ എത്തി. നേരത്തെ തീരുമാനിച്ച പ്രകാരം ടൂർ ഏജന്റ് എനിക്ക് വേണ്ടി ഹോട്ടലിൽ റൂം ബുക്ക് ചെയ്തു വച്ചിരുന്നു.

Kilimanjaro 3

അവിടെ നിന്നും ഗ്രൂപ്പിൽ ഉള്ള ബാക്കി ആറുപേരെയും ആദ്യമായി പരിചയപ്പെട്ടു. ദീക്ഷിതും അവന്റെ ഫാമിലിയും അവന്റെ തന്നെ ഫാമിലി ഫ്രണ്ട്സും ആയിരുന്നു എന്റെ ഗ്രൂപ്പിൽ. റൂമിൽ നിന്നും കുളി ഒക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാവരും ക്ലൈമ്പിങ്ങിന് വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കാൻ വാടക ഷോപ്പിലേക്ക് പോയി. (സാധനങ്ങൾ എല്ലാം പാക്കേജിൽ ഉൾപ്പെട്ടതാണ്). എനിക്കുവേണ്ടി ക്ലൈമ്പിങ് ഷൂ, സ്റ്റിക്ക്, ജാക്കറ്റ്, മങ്കി ക്യാപ്, വാം ഹാറ്റ്, റെയിൻ കോട്ട്, ഗ്ലൗസ് തുടങ്ങിയ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു തിരിച്ചു ഹോട്ടലിലേക്ക് പോയി. മോഷി ടൗണിൽ നിന്നും കണ്ണെത്താ ദൂരത്ത് കാണുന്ന കിളിമഞ്ചാരോ അതിസുന്ദരമായും അത്ഭുതമായും തോന്നി. മുകളിലേക്ക് പോകാൻ മൊത്തം ആറുവഴികൾ ഉണ്ട്. അതിൽ ഞങ്ങളുടെ വഴി മറങ്ങു കവാടം ആയിരുന്നു.

Kilimanjaro 4

പിറ്റേ ദിവസം (23-12-2020) കൃത്യം പറഞ്ഞ സമയത്തു തന്നെ എല്ലാവരും റെഡിയായി നിന്നു. മോഷി ടൗണിൽ നിന്നും മറങ്ങു കവാടത്തിലേക്ക് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണമായിരുന്നു. 9.30 ആയപ്പോൾ അവിടെ എത്തി. വീണ്ടും അവിടുത്തെ കടലാസുജോലികൾ ഒക്കെ കഴിഞ്ഞു യാത്ര തുടങ്ങിയപ്പോൾ ഏകദേശം 10.35 ആയിരുന്നു. പിന്നീട് തിങ്ങി നിറഞ്ഞ മഴക്കാടുകളിലൂടെ ഏകദേശം 7 km നടന്നു മൻഡാര ഹട്ടിൽ എത്തി. നിമിഷ നേരം കൊണ്ട് മാറി മറിയുന്ന പ്രകൃതി എന്നെ വളരെ അത്ഭുതപ്പെടുത്തി. വെയിൽ മാറി മഴ വരുന്നത് നിമിഷനേരം കൊണ്ട് സംഭവിച്ചു. പോകുന്ന വഴിയിൽ കണ്ട മനോഹാരിത ഞാൻ എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. അങ്ങനെ ഏകദേശം അഞ്ച് മണിയായപ്പോൾ ഞങ്ങൾ മൻഡാര എത്തി. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2700 മീറ്റർ ഉയരത്തിൽ ആണ് മൻഡാര സ്ഥിതി ചെയ്യുന്നത്. അങ്ങനെ അന്നേ ദിവസം അത്താഴമൊക്കെ കഴിച്ചു അവിടെ ഹട്ടിൽ നല്ല തണുപ്പിൽ ഞങ്ങൾ കിടന്നുറങ്ങി. അന്നേ ദിവസത്തെ 7 km നടത്തം കാരണം ഞങ്ങൾ എല്ലാവരും നല്ലവണ്ണം ക്ഷീണിച്ചിരുന്നു.

Kilimanjaro 5

പിറ്റേ ദിവസം (24-12-2020) പ്രഭാത കർമങ്ങൾ നിർവഹിച്ച്, ഭക്ഷണം കഴിച്ചു കൃത്യം 8.45-ന് വീണ്ടും അടുത്ത ഹട്ടിലേക്കുള്ള (ഹോറോമ്പോ) യാത്ര തുടങ്ങി. സമുദ്രനിരപ്പിൽ നിന്നും 3700 മീറ്റർ ഉയരത്തിൽ ആണ് ഹോറോമ്പോ സ്ഥിതി ചെയ്യുന്നത്. ഏകദേശം 11 km നടക്കണമായിരുന്നു. പക്ഷേ കണ്ണിനു കുളിർമയേകുന്ന ഒരുപാട് മനോഹരദൃശ്യങ്ങൾ കണ്ടുള്ള യാത്ര ആയതിനാൽ എനിക്ക് ഒരിക്കൽ പോലും മടുപ്പ് തോന്നിയിരുന്നില്ല. ഈ മേഖല മൂർലാൻഡ് എന്നറിയപ്പെടുന്നു. വളരെ ഉയരം കുറഞ്ഞ മരങ്ങളും പാറക്കെട്ടുകളും ഉള്ള വഴി ഒരിക്കലും മനസിൽ നിന്നും മായില്ല. ദൂരെയായി കാണുന്ന ഐസ് മൂടിയ കിളിമഞ്ചാരോ അതി മനോഹരമായിരുന്നു. ഏകദേശം ആറുമണിയായപ്പോൾ ഹോറോമ്പോയിൽ എത്തി. അത്താഴത്തിനു ശേഷം നേരെ കിടന്നുറങ്ങി..

Kilimanjaro 6

പിറ്റേന്ന് (25-12-2020) 8.15 ആയപ്പോൾ തന്നെ പ്രഭാത കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഞങ്ങൾ കിബോ ഹട്ടിലേക്കുള്ള യാത്രയാരംഭിച്ചു. ക്രിസ്മസ് ആയതിനാൽ കുറച്ചു പേർ സ്വാഹിലി (ടാൻസാനിയ ഭാഷ) പാട്ട് പാടി നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ആ ദൃശ്യവും എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയെടുക്കാൻ ഞാൻ മറന്നില്ല. സമുദ്രനിരപ്പിൽ നിന്നും 4700 മീറ്റർ ഉയരത്തിൽ ആണ് കിബോ സ്ഥിതി ചെയ്യുന്നത്. ഏകദേശം 9 km ദൂരം ഉണ്ടായിരുന്നു. മനസിൽ അപ്പോഴും മഞ്ഞുമല കീഴടക്കുക എന്ന ലക്ഷ്യം മാത്രം ആയതിനാൽ നടത്തം ഉഷാർ ആയിരുന്നു. ആൽപൈൻ മരുഭൂമി എന്നറിയപ്പെടുന്ന സ്ഥലമാണ് ഹോറോമ്പോ തൊട്ടു കിബോ വരെയുള്ള പ്രദേശം. കാരണം മരുഭൂമി പോലെ വിശാലമായ പ്രദേശമാണ് അവിടെ.

Kilimanjaro 7

അങ്ങനെ യാത്രയുടെ 40% പിന്നിട്ടപോൾ ജീവിതത്തിൽ ആദ്യമായി മഞ്ഞു പെയ്യുന്നത് നേരിട്ട് കണ്ടു. പിന്നീട് അങ്ങോട്ട് ഏകദേശം രണ്ട് മണിക്കൂർ മഞ്ഞുമഴ കൊണ്ടു ആസ്വദിച്ചു നടന്നു. (തണുപ്പിന്റെ കാഠിന്യം കാരണം കാൽ വിരൽ മുഴുവൻ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു). ആകെ ഒരു വഴി മാത്രം മുന്നോട്ടുള്ളതിനാൽ ഞാൻ കുറച്ചു മുമ്പേ നടന്നു നീങ്ങി. വിശാലമായ പ്രദേശം മുഴുവൻ മഞ്ഞിനാൽ മൂടപ്പെട്ടിരുന്നു. ഏകദേശം അഞ്ചുമണിയായപ്പോൾ കിബോ ഹട്ടിൽ എത്തി. എത്തിയപ്പോൾ തന്നെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി കാരണം രാത്രി 12 മണിക്കാണ് ഞങ്ങൾക്ക് ഏറ്റവും ഉയരം കൂടിയ ഉഹുറു പീക്കിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അതു വരെ ആരോഗ്യ പ്രശ്നം ഇല്ലാതിരുന്ന എനിക്ക് അന്ന് രാത്രി നല്ല തലവേദന ഉണ്ടായിരുന്നു. ഗൈഡിന്റെ നിർദ്ദേശപ്രകാരം ഞാൻ ഒരു ടാബ്ലറ്റ് കഴിച്ചു കിടന്നുറങ്ങി.

Kilimanjaro 8

ഏകദേശം നാലുമണിക്കൂർ ഉറങ്ങിയപ്പോൾ 12 മണിയായി. ഗൈഡ് വന്നു ഞങ്ങളെ വിളിച്ചുണർത്തി. കിബോയിൽ ഏകദേശം 0-3 ℃ തണുപ്പ് എന്നു കൂടി ഓർക്കണം. ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഏഴുപേരിൽ മൂന്നുപേർ അവിടെ തന്നെ നിന്നു. കാരണം ശക്തമായ ശ്വാസതടസ്സം ഞങ്ങളെ എല്ലാവരെയും ബുദ്ധിമുട്ടിച്ചിരുന്നു. പുലർച്ചെ ഒരു മണിക്ക് ഞങ്ങൾ നാലുപേർ ഉയരം കീഴടക്കാനുള്ള യാത്രയാരംഭിച്ചു. ഏകദേശം കിബോയിൽ നിന്നും 6 km ഉണ്ട് ഏറ്റവും ഉയരത്തിൽ എത്താൻ. ഏകദേശം 70° കുത്തനെ ഉള്ള കയറ്റം എസ് ആകൃതിയിൽ വേണം നടന്നു കയറാൻ. അത് കൊണ്ടുതന്നെ 6 km എന്നുള്ളത് 12 km നടന്നു കയറിയിട്ടുണ്ടാവണം. അതുവരെ യാത്ര ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നവും ഉണ്ടാക്കിയത് ഈ യാത്രയിൽ ആയിരുന്നു.

Kilimanjaro 9

ഞങ്ങൾ നാലുപേർക്കും ഓരോ ഗൈഡ് എന്ന തോതിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ രണ്ടുപേർ ഏകദേശം 20% ആയപ്പോൾ തന്നെ കീഴടങ്ങി താഴേക്ക് പോയി. പിന്നെ ഞാനും ദീക്ഷിതും പിന്നെ ഞങ്ങളുടെ കൂടെയുള്ള രണ്ട് ഗൈഡുമാരുമായി ചുരുങ്ങി. എന്റെ കയ്യിലുള്ള രണ്ട് കുപ്പി വെള്ളം ഐസ് ആയി മാറിയിരുന്നു. ഉയരം കൂടും തോറും താപനില കുറഞ്ഞു വരാൻ തുടങ്ങി. ശ്വാസതടസ്സം ശരിക്കും എന്താണെന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരിന്നു. ഓരോ അഞ്ച് സ്റ്റെപ്പ് കഴിയുമ്പോളും ഞാൻ രണ്ടുമിനിറ്റ് വിശ്രമിക്കാൻ തുടങ്ങി. യാത്രയിൽ അഞ്ചുതവണ ഞാൻ ഛർദിച്ച് അവശനായി. ഛർദിച്ചു കഴിഞ്ഞാൽ 10 സെക്കൻഡ് ശ്വാസം കിട്ടാതെ വരും, അപ്പോൾ തന്നെ ഗൈഡ് വെള്ളം കുടിക്കാൻ ഉപദേശിക്കും. (വെള്ളത്തെ ശ്വാസതടസത്തിനുള്ള ഏറ്റവും വലിയ മരുന്നായിട്ടാണ് ആ സമയം എനിക്ക് തോന്നിയത്)

Kilimanjaro 10

മതിയാക്കി തിരിച്ചിറങ്ങിയാലോ എന്ന് പല തവണ ആലോചിച്ചു. കൂടുതൽ പേരും പകുതി മതിയാക്കി തിരിച്ചു വരുന്നതും ഞങ്ങളെ പിന്നോട്ട് വലിച്ചു. പക്ഷെ അത്ര ദിവസത്തെ കഷ്ടപ്പാടും എന്റെ മനസിലെ ഇച്ഛാശക്തിയും പിന്നെ ദൈവത്തിന്റെ അനുഗ്രഹവും കൂട്ടുകാരുടെയും കുടുംബക്കാരുടെയും പ്രാർഥനയും എല്ലാം കൂടി ആലോചിച്ചപ്പോൾ മുന്നോട്ട് തന്നെ നടക്കാൻ തീരുമാനിച്ചു. കൂടെ ഉണ്ടായിരുന്ന ഗൈഡും പരമാവധി ഞങ്ങളെ ഉഷാറാക്കിക്കൊണ്ടിരുന്നു. കാലെങ്ങാനും തെന്നിയാൽ അടിഭാഗം കാണാൻ കൂടി കഴിയാത്ത വലിയ കൊക്കയാണ്. അതുകൊണ്ട് തന്നെ ഓരോ അടിയും വളരെ സൂക്ഷിച്ചും പതുക്കെയുമാണ് ഞങ്ങൾ മുന്നോട്ട് നീങ്ങിയത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൂര്യോദയം 5000 മീറ്റർ ഉയരത്തിൽ നിന്നും ഞാൻ ശരിക്കും ആസ്വദിച്ചു കണ്ടു.

Kilimanjaro 11

ഏകദേശം 8.40 ആയപ്പോൾ ഞങ്ങൾ ഗിൽമൻസ് പോയിന്റിൽ (ഏകദേശം 5681 മീറ്റർ) എത്തി. അതിനും എത്രയോ താഴെ ആണ് മേഘങ്ങൾ എന്നുള്ള സത്യം ഞങ്ങൾ മനസിലാക്കി. അവിടെ നിന്നും വീണ്ടും രണ്ട് km നടക്കണമായിരുന്നു. ഏറ്റവും വലിയ പോയിന്റ് ആയ ഉഹുറു പീക്കിൽ എത്താൻ. 10 മിനിട്ട് വിശ്രമിച്ച ശേഷം വീണ്ടും ഞങ്ങൾ നടക്കാൻ തുടങ്ങി. ഇരുവശവും മഞ്ഞുകട്ടകളാൽ മൂടപ്പെട്ട വഴി അതിമനോഹരമായിരുന്നു. അങ്ങനെ 11.30 ആയപ്പോൾ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെ അപ്പോൾ താപനില -17℃ ആയിരുന്നു. അതേ ലോകത്തിലെ ഏറ്റവും വലിയ self standing mountain ആയ കിളിമഞ്ചാരോ എന്ന പർവതത്തിന്റെ ഏറ്റവും ഉയരത്തിൽ (സമുദ്രനിരപ്പിൽ നിന്നും 5895 മീറ്റർ) ഉള്ള ഉഹുറു പീക്കിൽ...

Kilimanjaro 12

ആവേശം, സന്തോഷം, അഭിമാനം ഇവ എല്ലാം ഞങ്ങളുടെ രണ്ടുപേരുടെയും മനസിൽ ജ്വലിച്ചു നിന്നു. കീഴടക്കി എന്നു വിശ്വസിക്കാൻ ആകാതെ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു സന്തോഷത്തിൽ മതിമറഞ്ഞു കരഞ്ഞു പോയി. എന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങൾ ആയിരുന്നു കടന്നു പോയത്. ഇന്ത്യയുടെ ത്രിവർണ പതാകയും പിടച്ചു ചിത്രങ്ങൾ എടുക്കുമ്പോൾ ഞാൻ വളരെയേറെ സന്തോഷിച്ചു. ഒരുപാട് കാലത്തെ ആഗ്രഹം അതിന്റെ ഏറ്റവും ആവേശത്തിൽ അവസാപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്താൽ ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി. രണ്ടുദിവസം കൊണ്ട് ഞങ്ങൾ താഴെ മോഷി ടൗണിൽ എത്തി.

Kilimanjaro 12

ഈ യാത്രയിൽ എനിക്ക് നന്ദി പറയാൻ ഒരുപാട് പേരുകൾ ഉണ്ട്. ആദ്യമായി ദൈവത്തിനു നന്ദി പറയട്ടെ. പിന്നെ എന്റെ കമ്പനിയോടും (ABC Emporio Tiles Tanzania Limited) മാനേജ്മെന്റിനോടും, സഹപ്രവർത്തകരോടും, ഗൈഡ്സ്, പോർട്ടർമാർ, ഭക്ഷണം ഉണ്ടാക്കിത്തന്നവർ, ഫുൾ മെഡിക്കൽ കിറ്റ് സ്പോൺസർ ചെയ്ത ശ്രീജേഷ് ഏട്ടൻ, യാത്രക്ക് ഫുൾ സപ്പോർട്ട് ആയ കട്ട കൂട്ടുകാർ, ദാർ സലാമിലെ ഏട്ടന്മാർ, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ ഉമ്മ, ഉപ്പ,ഭാര്യ, പെങ്ങൾമാർ പിന്നെ പറയാൻ വിട്ടു പോയ ഒരുപാട് ഒരുപാട് ആളുകൾ...

Content Highlights:Mount Kilimanjaro, Trekking Kilimanjaro, Uhuru Peak, Tanzania Travel, Mathrubhumi Yathra