മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി  മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം.

 

ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത് എന്ന മൂന്നാം ക്ലാസ്സിലെ ടീച്ചറുടെ ചോദ്യത്തിന് എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ഒരേ സ്വരത്തിൽ ചിറാപുഞ്ചി!!!! എന്നു ഞങ്ങൾ പിള്ളേര് വിളിച്ചു കൂവിയതാണ് ചിറാപുഞ്ചിയെ പറ്റിയുള്ള ആദ്യ ഓർമ്മ. പിന്നിട്ട വഴികളിലെന്നോ, പ്രണയത്തേയും മഴയേയും ഒന്നിച്ചു വ്യാഖ്യാനിച്ചുതുടങ്ങിയ നാൾ മുതലേയുള്ള കൗതുകമായിരുന്നു മഴമേഘങ്ങൾ നിറഞ്ഞ മേഘാലയയും സോഹ്‌റ എന്ന ചിറാപുഞ്ചിയും.

വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലെ സ്ഥിര സാന്നിധ്യമായ പ്രിയസുഹൃത്ത് അമീറിനേയും, തന്റെ സ്വതസിദ്ധമായ ശൈലിയിയിലുള്ള തത്സമയയാത്രവിവരണത്തിലൂടെ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച ഷിഹാബ്‌ ഇക്കയേയും, പിന്നെ ഇടംവലം നോക്കാതെ എന്റെയൊപ്പം ചാടിപുറപ്പെടാൻ തയ്യാറായ സതീർത്ഥ്യൻ അധീഷിനേയും ചേർത്ത് "മിഷൻ മേഘാലയ" യിലേക്കുള്ള നാൽവർ സംഘത്തെ രൂപപ്പെടുത്തി. എല്ലാ തിരക്കുകളേയും നിഷ്കരുണം ചെന്നൈ എയർപോർട്ടിൽ വിട്ടുകൊണ്ട് ഞാനും അധീഷും യാത്ര ആരംഭിച്ചു.

Meghalaya 1

വിമാനം ഗുവാഹത്തിയോടടുത്തപ്പോൾ അങ്ങു താഴെ സട കുടഞ്ഞു തന്റെ പൂർണ്ണ രൗദ്രതയിൽ നിറഞ്ഞൊഴുകിയിരുന്ന ബ്രഹ്മപുത്രയെ കാണാമായിരുന്നു. മഴ കൊള്ളാൻ വേണ്ടി മാത്രം വന്ന ഞങ്ങളുടെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കിയെന്നപോലെ നേരിയ ഒരു മഴപുഞ്ചിരിയോടെ ഗുവാഹത്തി ഞങ്ങളോട് നമസ്കാരം പറഞ്ഞു. ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ആണ് മേഘാലയയിലേക്ക് ഉള്ള റെയിൽവേയും പ്രധാന വൈമാനിക മാർഗ്ഗവും അവസാനിക്കുന്നത്. പിന്നീടങ്ങോട്ടുള്ള സഞ്ചാരം റോഡ് വഴിയാണ്. ഗുവാഹത്തിയിലെ പ്രധാന ഉത്സവകേന്ദ്രവും ജനനിബിഡവുമായ ഒരു കാളിക്ഷേത്രമാണ് കമാഖ്യ. ഇവിടുത്തെ പ്രധാനപൂജ ആടിനെ ബലി കൊടുക്കൽ ആണ്. അതിനായി പ്രത്യേക അറവുമുറികളും ഇവിടെ ഉണ്ട്. രക്തം മണക്കുന്ന കൊച്ചുമുറികൾക്ക് പുറത്തു കുറേ ബലിയാടുകൾ താഴെ ചിക്കിചികഞ്ഞിരുന്ന പ്രാവിൻകൂട്ടങ്ങളോട് പരിഭവം പറഞ്ഞുകൊണ്ട് തങ്ങളുടെ ഊഴവും കാത്തു നില്പുണ്ടായിരുന്നു.

ഗുവാഹത്തിയിൽ നിന്നു തെക്ക് 100 കിലോമീറ്ററുകൾക്ക് അകലെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് സ്ഥിതി ചെയ്യുന്നത്. നിശ്ചിത ദൂരം ആസാമിനെയും മേഘാലയയേയും വേർതിരിച്ചുകൊണ്ട് ഞങ്ങൾ യാത്ര ചെയ്തിരുന്ന ജീപ്പ് നാഷണൽ ഹൈ വേയിലൂടെ നീങ്ങി. ആസാം കൂടാതെ ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായും അന്തർ സംസ്ഥാന അതിർത്തിപങ്കുവെയ്ക്കുന്ന മേഘാലയ ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും സമാധാനപരമായി പങ്കുവെക്കുന്നുണ്ട്. മണ്സൂൻ ആധിക്യത്താൽ റോഡിലെ ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചലുകളും ഉരുൾ പൊട്ടലുകളും ഒഴിച്ചു നിർത്തിയാൽ മികച്ച ദേശീയ പാതയിലൂടെയുള്ള യാത്ര അനായാസമാണ്. വഴിയോരത്തായി പലയിടത്തും പൈനാപ്പിൾ, ചക്ക, കിഴങ്ങുകൾ, പലതരം മീൻ അച്ചാറുകൾ എന്നിവയുടെ വില്പന കാണാം.

Meghalaya 2

ഷോല്ലോങ് നു 16 കിലോമീറ്ററുകൾ മുൻപാണ് സുന്ദരമായ ബാരാപാനി തടാകം. ഉമിയം എന്ന പേരിലും അറിയപ്പെടുന്ന ഈ തടാകത്തിൽ സഞ്ചാരികൾക്ക് ബോട്ടിങ്ങിനും മറ്റനവധി ജലവിനോദങ്ങൾക്കും ഉള്ള സൗകര്യം ഉണ്ട്. ഇവിടെവെച്ചാണ് എയർടെൽ അവരുടെ പ്രശസ്തമായ 4G പരസ്യങ്ങളിലൊന്ന് ചിത്രീകരിച്ചത്. ഖാസി, ഗാരോ , ജയന്തിയ എന്നീ കുന്നുകൾ ഉൾപ്പെട്ട മിതോഷ്ണ നിത്യഹരിത പീഠഭൂമി പ്രദേശമാണ് മേഘാലയ. പ്രതീക്ഷയ്ക്ക് വിപരീതമായി ഹിന്ദിയെ അപേക്ഷിച്ച് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നവരാണ് ഇവിടുത്തുകാർ. ഖാസി, ഗാരോ, ഇംഗ്ലീഷ് എന്നിവയാണ് ജനങ്ങളുടെ ഔദ്യോഗിക ഭാഷകൾ. വാമൊഴി ഭാഷകളായ ഖാസി, ഗാരോ എഴുതപ്പെടുന്നത് യഥാക്രമം, ലാറ്റിൻ, ബംഗാളി ലിപികളും, റോമൻ ബംഗാളി ലിപികളും ഉപയോഗിച്ചാണ്.

തലസ്ഥാനമായ ഷില്ലോങ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയുടെ ആസ്ഥാനം കൂടെ ആണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്- ഷില്ലോങ്, നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുറഞ്ഞ ചിലവിൽ ഒരു ലോഡ്ജിൽ മുറിയെടുത്ത് വൈകുന്നേരത്തോടെ ഞങ്ങൾ നഗരപ്രദക്ഷിണത്തിനിറങ്ങി. ചെറുനഗരമായ ഷില്ലോങിന്റെ ഹൃദയഭാഗത്തുള്ള സാമാന്യം തിരക്കുള്ള പ്രധാന വാണിഭകേന്ദ്രമാണ് പോലീസ് ബസാർ. വീതി കുറഞ്ഞ റോഡിനിരുവശത്തും ഫാൻസി ലൈറ്റുകളാൽ മോടിപിടിപ്പിച്ച വലിയകൂടുകൾ അടുക്കിയപോലുള്ള കച്ചവടസ്ഥാപനങ്ങൾ രാത്രികളിൽ പോലീസ് ബസാറിന്റെ ഭംഗി കൂട്ടുന്നു. പരിഷ്‌കൃതവസ്ത്രങ്ങളണിഞ്ഞ താരതമ്യേനെ ഉയരം കുറഞ്ഞനഗരവാസികളുടെ ഇടയിലൂടെ നടക്കുമ്പോൾ ഞങ്ങൾ 'വലിയമനുഷ്യരായി' കാണപ്പെട്ടു. ഭൂരിഭാഗം കടകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും കരകൗശല നിർമ്മിതികളുടേയും വസ്ത്രങ്ങളുടേയും വില്പന കേന്ദ്രങ്ങൾ ആയിരുന്നു. കൂടാതെ അങ്ങിങ്ങായി മുന്തിയ ചൈനീസ് ഭക്ഷണശാലകളും, പഴക്കടകളും കാണാം. മഴ ഒരു വിഷയമേ അല്ലാത്ത കച്ചവടക്കാരുടെ ഇടയിൽ വഴിയരികിൽ വലിയ കുടചൂടിയ തള്ളുവണ്ടികളിൽ വടക്ക് കിഴക്ക് ഇന്ത്യക്കാരുടെ ഇഷ്ട്ട ഭക്ഷണവിഭവമായ മോമൊയുടേയും പുഴുങ്ങി പൊരിച്ച മുട്ടയുടേയും നൂഡിൽസ്, ഫ്രൈഡ് റൈസ് തുടങ്ങിയവയുടേയും കമ്പിയിൽ കോർത്തു ചുട്ടെടുത്ത കോഴി, പോർക്ക് ഇറച്ചിയുടേയും കച്ചവടം പൊടിപൊടിക്കുന്നു. പോലീസ് ബസാറിലെ തിരക്കോഴിയാൻ രാത്രി 11 മണിയെങ്കിലും ആകും.

Chirapunji Market

മേഘാലയയിലെ ടാക്സികളി ലധികവും മാരുതി 800 മോഡൽ കാറുകൾ ആണ് . ഉച്ചത്തിൽ റോക്ക് മ്യൂസിക് പാടി തലങ്ങും വിലങ്ങും പോകുന്ന കാറുകളിലൊന്നിൽ പിറ്റേന്ന് അതിരാവിലെ തന്നെ ഞാനും അധീഷും ഇരിപ്പുറപ്പിച്ചു. മൗസിൻറം പോകുന്ന വഴിയിലാണ് എലിഫന്റ് ഫാൾസ് ഉള്ളത് കാഴ്ചയിൽ ആനയെ പോലെയുള്ള പാറകൾ കാരണമാണ് ഈ വെള്ളച്ചാട്ടം ഇങ്ങനെ അറിയപ്പെടുന്നത്. എലിഫന്റ് ഫാൾസിൽ നിന്നും തുടർന്നങ്ങോട്ടുള്ള രണ്ടായി പിരിയുന്ന റോഡുകളിൽ ഒന്ന് മൗസിൻറതിലേക്കും ഇനിയൊന്ന് ചിറാപുഞ്ചിയിലേക്കും പോകുന്നു. രണ്ടു റോഡുകൾക്കുമിടയിലുള്ള പ്രദേശം വനമേഖല ആണ്. ഉൾക്കാടുകളിൽ ഒറ്റപ്പെട്ട തീരെ ചെറിയ ഗ്രാമങ്ങളുണ്ട്. മൗസിൻറം പോകുന്ന വഴിയിലെ മഫ്‌ളാങ് ഗ്രാമത്തിലാണ് സേക്രഡ് ഗ്രൂവ്സ് സ്ഥിതി ചെയ്യുന്നത്. പൊങ്ങി താഴ്ന്നു കിടക്കുന്ന പുൽമേടുകൾക്കിടയിലുള്ള വളഞ്ഞുപുളഞ്ഞ റോഡിലൂടെ ടാക്സി ഡ്രൈവർ ഞങ്ങളെ മഫ്‌ളാങ് സേക്രഡ് ഗ്രൂവ് പ്രവേശന കവാടത്തിൽ കൊണ്ടുവിട്ടു. പൊടുന്നനെ പെയ്ത മഴയിൽ ഞങ്ങൾ അവിടെയുള്ള ഒരു കൊച്ചു കുടിലിൽ ഓടിക്കയറി. അവിടെ തീ കാഞ്ഞു കൊണ്ടിരുന്നവരിൽ ഒരാൾ ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളെ അകത്തേക്ക് വിളിച്ചിരുത്തി.

സംബർലോങ് ലിങ്ഡോ എന്നു പേരുള്ള അദ്ദേഹം അവിടുത്തെ ഗൈഡ് ആയിരുന്നു. മഴ തോരുന്നത്‌ വരെ ഞങ്ങൾ ആ കുടിലിൽ സംസാരിച്ചിരുന്നു. അതിനിടയിൽ സംബർലോങ് ഞങ്ങൾക്ക് നല്ല ഉശിരൻ കട്ടൻചായ ഉണ്ടാക്കി തന്നു. ഈ സംരക്ഷിത വനം ലിങ്ഡോ ഗോത്രത്തിന്റേതാണ് അതിന്റെ സംരക്ഷണചുമതലയാകട്ടെ ഗോത്ര രാജകുമാരമായ സംബർലോങ് ലിങ്ഡോയ്ക്കും. ഗോത്രരാജകുമാരൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായി മനസ്സിൽ വരുന്ന പരമ്പരാഗത വേഷമല്ല സംബർലോങ് നു കേട്ടോ..ആള് നല്ല അടിപൊളി ഫ്രീക്കൻ ആണ്. "ചായ് പെ" ചർച്ചക്ക് ശേഷം ലിങ്ഡോ ഞങ്ങളെ കാടിനുള്ളിലേക്ക് കൊണ്ട് പോയി. കാടിന്റെ ആരംഭത്തിൽ പുൽമേട്ടിൽ കുത്തനെയും വിലങ്ങനെയുമുള്ള വലിയ കല്ലുകൾ കാണാം. അത് അവരുടെ ദൈവ സങ്കൽപ്പം ആണ്. കുത്തനെ ഉള്ളവ ദേവന്മാരേയും താഴെ പീഠം പോലെയുള്ളവ ദേവതകളേയും പ്രതിനിധാനം ചെയ്യുന്നു. കാട് കാക്കുന്ന ദൈവം ഒറാങ് ഉപാസ ആണു. പുള്ളിപുലിയുടെ രൂപത്തിൽ ദൈവം കാട്ടിൽ പ്രത്യക്ഷപ്പെടുമെന്നാണ് അവരുടെ വിശ്വാസം. ഇത്തരം സംരക്ഷിത വനങ്ങളിലെ നിയമം അതിനുള്ളിൽ നിന്നും ഒന്നും തന്നെ പുറത്തേക്ക്‌ കൊണ്ടുപോകരുതെന്നാണ്. അവിടെ നിന്നും ലഭിക്കുന്ന എന്തും ആർക്കും വനത്തിനുള്ളിൽ വച്ചു കഴിക്കുകയോ കുടിക്കുകയോ ചെയ്യാം പക്ഷെ ഒരു ഇല പോലും പറിച്ചു കാടിനു പുറത്തേക്കു കൊണ്ടുപോകാൻ അനുവാദം ഇല്ല. അതായത് ഗോത്രവർ​ഗങ്ങളുടെ സംരക്ഷണത്തിൽ മേഘാലയയിൽ വേറെയും സംരക്ഷിതവനങ്ങൾ ഉണ്ട്. മൊത്തം ഭൂസ്തൃതിയിൽ 63 ശതമാനവും വനപ്രദേശമായ മേഘാലയയിൽ ഇത്തരം സംരക്ഷിത വനങ്ങൾ ഉള്ളത് പ്രകൃതിയോടുള്ള ഖാസിജനതയുടെ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു.

Maflang

അപൂർവ്വമായ പ്രാണിഭോജ്യ സസ്യങ്ങളുൾപ്പെടെയുള്ള നാനാതരത്തിലുള്ള സസ്യജാലങ്ങളുടെ കലവറയാണ് മേഘാലയൻ വനങ്ങൾ. കാടിനെ അറിഞ്ഞും അനുഭവിച്ചുമുള്ള യാത്രയിൽ ഇതുവരെ കാണാത്ത ഒട്ടനവധി ഔഷധസസ്യങ്ങളേയും പലതരം ഓർക്കിഡ് പൂക്കളേയും സംബർലോങ് ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നു. മേഘാലയയിൽ 325 നോടടുത്ത് വ്യത്യസ്തങ്ങളായ ഓർക്കിഡ്കൾ ഉണ്ടത്രേ. ഈ കാട്ടിൽവെച്ചായിരുന്നു ലിങ്ഡോ ഗോത്ര തലവന്മാരുടെ സ്ഥാനാരോഹണം നടന്നിരുന്നത്. മരകുറ്റികൾ കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളും, ബലിക്കല്ലും അവിടെ കാണാമായിരുന്നു. ഉച്ചയോടുകൂടി മറ്റൊരു വഴിയിലൂടെ പുറത്തെത്തിയ ഞങ്ങൾ സംബർലോങ്ങിനെ കണ്ട പഴയ കുടിലിൽ തിരിച്ചെത്തി. അവിടെ അപ്പോഴേക്കും ഉച്ചഭക്ഷണമായ നീളൻ അരിയുടെ ചോറും, പരിപ്പ് കറിയും മുളകിട്ട് പുഴുങ്ങിയ പോർക്ക് കറിയും, തയ്യാറായിരുന്നു.  സമീപത്തു തന്നെയാണ് ഖാസി പൈതൃക ഗ്രാമം. ഇവിടെ മുളയും പനയോലയും ഉപയോഗിച്ച് നിരത്തിൽ നിന്നും ഏകദേശം നാലടിയോളം ഉയർത്തി നിർമിച്ചിരിക്കുന്ന ഒന്നിലധികം മുറികളുള്ള വീടുകളും, നടപ്പുരകളും, നടപ്പുരക്കരികിലെ വ്യൂ പോയിന്റുകളിൽ നിന്നും അങ്ങകലെ ഗാംഭീര്യത്തോടെ നിലകൊള്ളുന്ന പർവ്വതനിരകളും കാണാം.

മഫ്‌ളാങ് ഗ്രാമത്തിൽ നിന്ന്‌ കാട്ടിലൂടെ ഷില്ലോങ്-ചിറാപുഞ്ചി റോഡിലേക്ക് എത്തിച്ചേരാൻ കഴിയുന്ന കാൽനടപ്പാതയാണ് ഡേവിഡ് സ്കോട്ട് ട്രയൽ. വഴിയിൽ അപകടകാരികളായ വന്യജീവികൾ ഉണ്ടാകില്ല എന്ന സംബർലോങ്ന്റെ ഉറപ്പിന്മേലും മുൻപ് ഈ വഴി പോയിട്ടുള്ള സുഹൃത്തുക്കളുടെ അനുഭവവെളിച്ചംകൊണ്ടും ഡേവിഡ് സ്‌കോട്ട് ട്രയൽ ട്രെക്ക്മായി മുന്നോട്ട് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. കുത്തിനടക്കാൻ നല്ല രണ്ടു മുളവടികൾ ഒപ്പിച്ചു, പിന്നെ വഴിയുടെ അത്യാവശ്യം കുറച്ച് ഭൂമിശാസ്ത്രമൊക്കെ ചോദിച്ചു മനസ്സിലാക്കി ഉദ്ദേശം 2 മണിയോടെ സംബർലോങ്ങിനു കയ് വീശി ഞങ്ങൾ ഡേവിഡ് സ്‌കോട്ട് ട്രയൽ ലക്ഷ്യം വെച്ച് നടന്നു. ബ്രിട്ടീഷ് ഓഫീസർ ആയിരുന്ന ഡേവിഡ് സ്കോട്ട് 1800കളുടെ പകുതിയിൽ ആസാമിനെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു കണ്ടെത്തിയ 100 കിലോമീറ്ററുകളോളം ദൈർഘ്യമുള്ള കാളവണ്ടി പാതയാണ് ഡേവിഡ് സ്കോട്ട് ട്രയൽ. പിന്നീട് പല ചെറിയ ട്രെക്കിങ്ങ് റൂട്ടുകളായി വിഭജിക്കപ്പെട്ട പാതയിൽ ഏറ്റവും പ്രശസ്തമായത് മഫ്‌ളാങ്ങിൽ നിന്നു ലാഡ് മഫ്‌ളാങ് വരെനീളുന്ന 16 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ട് ആണ്. നേർത്ത നടപ്പാതകൾ മിക്കയിടത്തും അവ്യക്‌തമായിരുന്നതിനാൽ കുറെയൊക്കെ ഊഹിച്ചും അപൂർവ്വമായി കണ്ട ഗ്രാമീണരോടു ചോദിച്ചുമായിരുന്നു ഞങ്ങളുടെ പ്രയാണം. ഹരിതമയമായ പുൽമേടുകളും വശ്യതയാർന്ന താഴ്‌വരകളും ഇടയ്ക്ക് അങ്ങിങ്ങ് കാണപ്പെട്ട ചെറുനീരുറവകളും, പുൽതകിടിയിലുള്ള ഖാസികളുടെ ഒറ്റപ്പെട്ട ഭംഗിയുള്ള ചെറു കുടിലുകളും യാത്രയുടെ ഭംഗി കൂട്ടി.

Meghalaya 3

തലേന്ന് ഷില്ലോങ്ങിൽ നിന്നു വാങ്ങി ബാക് പാക്കിൽ കരുതിയ പഴങ്ങളും ശുദ്ധജലവും വഴിയിൽ തൽകാലത്തിനു ഞങ്ങളുടെ വിശപ്പടക്കാനുള്ളതുണ്ടായിരുന്നു. മലകൾക്കിടയിലൂടെ ഒഴുകുന്ന നദിക്കു മുകളിൽ ആടിയുലയുന്ന വലിയ ബ്രിട്ടീഷ് നിർമ്മിത കമ്പിപാലത്തിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്. തുരുമ്പെടുത്ത പാലം കണ്ട് സിവിൽ എന്ജിനീയറായ അധീഷ്‌ ആദ്യം കയറാൻ മടിച്ചെങ്കിലും പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ട് രണ്ടും കല്പിച്ച് പതിയെ നടന്നു അപ്പുറത്തെത്തി. നേരം ഇരുട്ടാറായപ്പോൾ ട്രെക്ക് റൂട്ട് അവസാനിക്കുന്നതിനു ഏകശേഷം 1 കിലോമീറ്റർ മുൻപേ വഴിതെറ്റി ഞങ്ങൾ മോവ്സ്റ്റെപ് ഗ്രാമത്തിൽ എത്തിച്ചേർന്നു . ആകെ 40 വീടുകൾ മാത്രമുള്ള കാട്ടിലുള്ള ഗ്രാമമാണ് മോവ്സ്റ്റെപ്. ഇത്തരം ഗ്രാമങ്ങളിൽ അങ്ങിങ്ങായി മത്സ്യകൃഷിക്കായുള്ള കുളങ്ങൾ കാണാം. നിഷ്കളങ്കരായ ഗ്രാമീണർ "ഇത് ഇപ്പൊ രണ്ടും എവിടുന്നു വന്നൂ!! ' എന്ന ഭാവത്തോട് കൂടി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ മുഖത്താണെങ്കിൽ അത്ഭുതം കലർന്ന ചിരിയും. ഖാസിയിൽ സംസാരിച്ചിരുന്ന അവരോട് തിരിച്ചു ഷില്ലോങ് ലേക്കുള്ള വഴി ഞങ്ങൾ "വിദഗ്ധമായി" ആംഗ്യ ഭാഷയിൽ ചോദിച്ചു മനസ്സിലാക്കി. അവർ ചൂണ്ടി കാണിച്ച വഴിയിലൂടെ ഷില്ലോങ്-ചിറാപുഞ്ചി റോഡ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഭാഗ്യത്തിന് കുറച്ചു സമയത്തിനകം തന്നെ ഗ്രാമത്തിൽ നിന്നു ഷില്ലോങ് വരെ പോയിരുന്ന വണ്ടി കിട്ടി.

ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനയുടെ ആഘോഷപരിപാടികൾ കണ്ടുകൊണ്ടായിരുന്നു ഷില്ലോങിലെ ഞങ്ങളുടെ രണ്ടാമത്തെ പ്രഭാതം തുടങ്ങിയത്. കുഞ്ഞു ത്രിവർണ്ണപതാകകൾ പാറിച്ചു നീങ്ങിയിരുന്ന ഷില്ലോങ് യുവാക്കളുടെ നീണ്ട ബൈക്ക്റാലിക്കു കുറുകെ നടന്നു ഞങ്ങൾ വ്യോമസേന താവളത്തിനടുത്തുള്ള ഷില്ലോങ് പീക്കിൽ എത്തി. ഷില്ലോങിലെ ഏറ്റവും ഉയരമുള്ളതും സമുദ്ര നിരപ്പിൽ നിന്നു 1495 മീറ്ററുകൾ ഉയർന്നുനിൽക്കുന്നതുമായ വ്യൂ പോയിന്റ് ആണ് ഇവിടം. ഇവിടെ നിന്നു നോക്കിയാൽ പ്രാചീന സ്‌മാരകസൗധങ്ങളും യൂറോപ്യൻ ഘടനയിൽ നിർമ്മിക്കപ്പെട്ട നിരവധി കെട്ടിടങ്ങളും അടങ്ങിയ ഷില്ലോങ് മുഴുവനായും കാണാം.

Meghalaya

ഉച്ചയോടെ ഗുവാഹത്തിയിൽനിന്നും മുൻകൂട്ടി ബുക് ചെയ്ത സൂം കാറിൽ അമീറും ഷിഹാബ് ഇക്കയും കൂടെ ഷില്ലോങിലെത്തിയതോടെ ഞങ്ങളുടെ നാൽവർസംഘം പൂർണ്ണമായി. ഷില്ലോങ്ങിൽ നിന്നും 54 കിലോമീറ്ററുകൾ അകലെയാണ് ചിറാപുഞ്ചി. നയനമനോഹരങ്ങളായ പുൽമേടുകളും, വെള്ളച്ചാട്ടങ്ങളും, കൊച്ചുകൊച്ചു അരുവികളും പിന്നെ യാത്രയിലുടനീളം തുള്ളിക്കളിച്ചും ചിലപ്പോൾ നമ്മോട് മുട്ടിയുരുമ്മിയും പറക്കുന്ന വികൃതിമേഘങ്ങളും യാത്രയിൽ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു. ചിറാപുഞ്ചി റോഡിന്റെ ഒരു വശം മലയോട് ചേർന്നതും മറുവശം പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങളാൽ നിറഞ്ഞ താഴ്‌വരയുമാണ്. അക്ഷരാർത്ഥത്തിൽ മേഘങ്ങൾക്ക് മുകളിലൂടെയായിരുന്നു ഞങ്ങൾ ചിറാപുഞ്ചിയിലേക്ക് നീങ്ങിയിരുന്നത്. റോഡരുകിൽ അനവധി വ്യൂ പോയിന്റുകൾ ഉണ്ട്. അതിൽ നിന്നും കാണുന്ന വലിയ പ്രകൃതിദൃശ്യങ്ങൾ മിക്കപ്പോഴും മേഘങ്ങളാൽ മറയ്ക്കപ്പെട്ടിരുന്നു. എന്നാൽ ക്ഷമയോടെ കുറച്ചു സമയം കാത്തിരുന്നാൽ മേഘങ്ങൾ മാറിനിന്നോളും.

സമുദ്രനിരപ്പിൽ നിന്നു 1484 മീറ്ററുകൾക്ക് മുകളിലായി ഈസ്റ്റ് ഖാസി ഹിൽസിൽ സ്ഥിതിചെയ്യുന്ന ചിറാപുഞ്ചിയുടെ യഥാർത്ഥ പേര് സോഹ്റ എന്നായിരുന്നു. ബ്രിട്ടീഷ്കാരുടെ വ്യാകരണവിരുതിൽ സോഹ്റ "ചുറ" ആയി ലോപിക്കുകയും പിന്നീട് ഓറഞ്ചുകളുടെ നാട് എന്നർത്ഥമുള്ള ചിറാപുഞ്ചി എന്ന പേരിൽ സോഹ്റ അറിയപ്പെടു കയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള പഴയ പേരിനോടുള്ള ഖാസികളുടെ ഇഷ്ടം കണക്കിലെടുത്തു മേഘാലയ ഗവർണമെന്റ് ഈ പ്രദേശത്തെ ഇപ്പോൾ സോഹ്‌റ എന്നു തന്നെ പുനർനാമകരണം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു സോഹ്റ. ഇപ്പോൾ ഈ ഖ്യാതി മേഘാലയയിൽ തന്നെയുള്ള മൗസിൻറത്തിനാണ്. എന്നാൽ ഇപ്പോഴും ഒരു കലണ്ടർ മാസത്തിലെയും കലണ്ടർ വര്ഷത്തിലേയും ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശം എന്ന റെക്കോഡ്  സോഹ്‌റക്ക് മാത്രമാണ് സ്വന്തം. മേഘാലയയിലെ നാഷ്ണനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( NIT, മേഘാലയ) സ്ഥിതി ചെയ്യുന്നതും സോഹ്‌റയിൽ ആണ്.

Meghalaya 4

പ്രായ, ലിംഗ ഭേദമെന്യേ മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെയുള്ള ഖാസികൾ പൊതുവേ നാണംകുണുങ്ങികളാണ്. വെളുത്തതോ ഇരു നിറത്തോടെയോ ഉള്ള ഇവർ താരതമ്യേന ഉയരം കുറഞ്ഞവരും ആണ്. പിങ്കും ചുകപ്പും നിറമുള്ള കവിളുകളും നീളൻ മുടിയും കൊച്ചുകണ്ണുകളും ഒക്കെ ഖാസി സ്ത്രീകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പൊതുവേ കാർഷികവൃത്തി ഉപജീവനമാർഗ്ഗമായി കൊണ്ടുനടക്കുന്ന ശാന്ത പ്രകൃതരായ ജനതയാണ് ഇവിടെ. കൃഷിക്ക് പുറമേ പ്രധാനമായും മീൻ പിടുത്തം, ടാക്സി ഡ്രൈവിംഗ് എന്നീ തൊഴിലുകളിൽ പുരുഷന്മാർ വ്യാപിതരാകുമ്പോൾ
സ്ത്രീകളാകട്ടെ, ചായകട, പലചരക്കു കട, മീൻ കച്ചവടം, ഹോംസ്റ്റേ നടത്തിപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങൾ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നു.  വീട്ടിലെ പരമാധികാരവും സമൂഹത്തിലെ ഉന്നത പദവിയും സ്ത്രീകൾക്കാണ്. പ്രധാന കാര്യങ്ങളെല്ലാം പുരുഷന്മാർ അവരുടെ സ്ത്രീകളോട് ചോദിച്ചേ ചെയ്യാറുള്ളൂ. പരമ്പരാഗത സ്വത്തിന്റെ അവകാശി കുടുംബത്തിലെ ഇളയ പെണ്കുട്ടി ആയിരിക്കും ഇവൾക്കായിരിക്കും പ്രായമായ അച്ഛനമ്മമാരുടേയും കല്യാണം കഴിയാത്ത സഹോദരങ്ങളുടേയും സംരക്ഷണച്ചുമതല. കുടുംബത്തിൽ പെണ്കുട്ടികൾ ഇല്ലാത്തപക്ഷം മരുമകളെയോ അതുമില്ലെങ്കിൽ സഹോദരിയുടെ ഇളയ മകളെയോ ആയിരിക്കും സ്വത്തിനവകാശിയായി അമ്മമാർ തിരഞ്ഞെടുക്കുക. ലിവിങ് ടുഗെദർ സമ്പ്രദായം വ്യാപകമായി നിലവിലുള്ള ഖാസികൾക്ക് ജനിക്കുന്ന കുട്ടികളുടെ സർനെയിമിൽ അമ്മയുടെ പേരായിരിക്കും ഇടുക.

ഹോംസ്റ്റേകളിലൊന്നിൽ വഴിയിൽ പരിചയപ്പെട്ട സോഹ്റ യുവാവ് നം ഞങ്ങൾക്ക് അടുത്ത 3 ദിവസത്തെക്കുള്ള ഹോംസ്റ്റേ സൗകര്യം തരപ്പെടുത്തിതരുകയും സോഹ്റയിൽ ഞങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിച്ച സ്ഥലങ്ങൾ സൗകര്യപൂർവ്വം ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്തു. കിഴക്കൻ പ്രദേശമായ സോഹ്‌റ നമ്മൾക്ക് ഏകദേശം1 മണിക്കൂർ മുൻപിലാണ്. ഇവിടെ രാവിലെ 5 മണിക്കു മുൻപേ നേരം വെളുക്കും. തലേന്ന് രാത്രിയിലെ മഴയ്ക്ക് വിപരീതമായി നല്ല തെളിഞ്ഞ ആകാശമായിരുന്നു. ഹോംസ്റ്റേക്ക് തൊട്ട് സമീപമുള്ള ചെറിയ ചായക്കടയിൽനിന്നും പ്രഭാതഭക്ഷണമായ ഒരു കോപ്പ ചോറും ചിക്കനും ഒരു കട്ടൻ ചായയും കഴിച്ചു ഞങ്ങൾ അന്നത്തെ കറക്കം തുടങ്ങി.

Meghalaya 3

സോഹ്റയിൽനിന്നു 6 കിലോമീറ്ററുകൾ അകലെ ബംഗ്ലാദേശിലേക്ക് പോകുന്ന വഴിയിലുള്ള മോവ്സ്മായ് ഗ്രാമത്തിലാണ് പ്രശസ്തമായ മോവ്സ്‌മായ് ഗുഹകൾ ഉള്ളത്. വളഞ്ഞു പുളഞ്ഞു പോകുന്ന ഇത്തരം ചുണ്ണാമ്പ് ഗുഹകൾ മേഘാലയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലൊന്നാണ്. ഒരു ഗൈഡിന്റെ സഹായമില്ലാതെതന്നെ പോകാവുന്ന മോവ്സ്‌മായ് ഗുഹകളിൽ, ഗുഹാമുഖത്തിൽനിന്നും ഉള്ളിലേക്ക് ഒന്നര കിലോമീറ്ററുകളോളം ചിലയിടങ്ങളിൽ ദുഷ്കരമെങ്കിലും സഞ്ചാരയോഗ്യമായ വഴികളുണ്ട്. ഒരു ശീതീകരിച്ചമുറിയെന്ന പോലെ തണുപ്പുള്ളതും, ചിലയിടങ്ങളിൽ മുട്ടോളം വെള്ളമുള്ളതുമായ ഗുഹാന്തർഭാഗങ്ങളിലൂടെ നടന്നും ചിലയിടത്തു നുഴഞ്ഞും ഉള്ളിലെ പാറകളിലൂടെ വലിഞ്ഞു കയറിയും ഞങ്ങൾ മുന്നോട്ട് നീങ്ങി. പല കൈവഴികളുള്ള ഗുഹയ്ക്കകത്തുകൂടെ നടക്കുമ്പോൾ വഴി തെറ്റാതിരിക്കാൻ പോകാനനുവദിച്ച മിക്കയിടങ്ങളിലെല്ലാം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കപെട്ടിട്ടുണ്ടെങ്കിലും, കയ്യിൽ ടോർച്ച് കരുതുന്നത് നല്ലതാണ്. ഇത്തരത്തിൽ ഇതുവരെ ആയിരത്തി അഞ്ഞൂറിലധികം ഗുഹകൾ കണ്ടെത്തിയിട്ടുള്ള മേഘാലയയിൽ 980 എണ്ണം മാത്രമാണ് പൂർണ്ണമായോ ഭാഗികമായോ പര്യവേക്ഷണം നടത്തപ്പെട്ടിട്ടുള്ളത്. ഇവയിൽ മേഖലയയിലെ ജൈന്തിയ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന 34 കിലോ മീറ്ററുകൾ ദൈർഘ്യമുള്ള " ക്രെം ലിയത്പ്ര" ഗുഹയാണ് ഏറ്റവും വലുത്‌. "Caving in the Abode of the Clouds Project" എന്നറിയപ്പെടുന്ന ഈ പ്രൊജക്ടിന്റെ ഭാഗമായി ബാക്കിയുള്ളവയിൽ മേഘാലയ അഡ്‌വെഞ്ചുറസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യൂറോപ്യൻ ഗുഹാപഠന സംഘങ്ങളും, ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള മറ്റു വിദഗ്ധരും പിന്നെ ഇന്ത്യൻ ആർമിയും നേവിയും സംഘടിതമായി പര്യവേക്ഷണം നടത്തി വരുന്നു. നിലവിൽ 5% വരുന്ന ഭൂഗർഭപാതകൾ മാത്രമാണ് പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കി പാതകൾ ഇപ്പോഴും നിഗൂഢതപുതച്ചുതന്നെ കിടക്കുന്നു.

മോവ്സ്മായ് ഗ്രാമത്തിൽ തന്നെയാണ് നൊഹ്സങ്ങിത്തിയങ് വെള്ളച്ചാട്ടം ഉള്ളത്. സമാന്തരമായി പതിക്കുന്ന ഏഴു വെള്ളച്ചാട്ടങ്ങളുടെ കൂട്ടമായതിനാൽ സെവൻ സിസ്റ്റേഴ്‌സ് ഫാൾസ് എന്നും അറിയപ്പെടുന്നു. 340 മീറ്ററുകൾ ആഴത്തിലേക്ക് പതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നൊഹ്കാലികയ് ഫാൾസ്, തൊട്ടടുത്ത് കാണാവുന്ന ഡിയൻത്ലെൻ ഫാൾസ്, താഴെ കൂറ്റൻ പാറകൾ നിറഞ്ഞ കിൻറം ഫാൾസ് തുടങ്ങി സോഹ്റ ചുറ്റിപറ്റിയുള്ള പ്രധാന വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ സഞ്ചാരികളുടെ മനം കവർന്നെടുത്തുകളയും. ഇത്തരം വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ ഒഴുകി ബംഗ്ലാദേശ് സമതലങ്ങളിലേക്ക് പോകുന്നതിനാൽ; വിരോധഭാസമെന്നോണം മഴയുടെ ഈറ്റില്ലത്തിലിരുന്നിട്ട് കൂടി ശൈത്യകാലത്ത് സോഹ്റ ജനതയ്ക്ക് കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടി വരുന്നു.

Dienthline falls

വഴിയേ ഉച്ചഭക്ഷണം കഴിക്കാൻ നിർത്തിയ ഹോട്ടലിനുപുറത്തു വയസ്സായ ഒരു സ്ത്രീ അടുത്തുള്ള ചാക്ക് കെട്ടിൽനിന്നും എന്തോ വലിയ കറുത്ത സാധനം കഷ്ണിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് അത് ചുട്ട പോത്തിറച്ചി ആണെന്ന്. തൊട്ടടുത്ത അറവുശാലയ്ക്കു മുൻപിൽ രണ്ടു കാളകളുടെ തല ഭംഗിയായി വെട്ടി വെച്ചിട്ടുണ്ടായിരുന്നു. അറവ്ശാലയിലെ തന്നെയുള്ള അടുപ്പിൽ കാളയുടെ കുടൽ ഇളം മഞ്ഞ കളറുള്ള ഒരു ദ്രാവകത്തിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു. ( ഏതായാലും ബീഫ് നിരോധനം ഇവിടെ ഇല്ല എന്നു വേണം കരുതാൻ അല്ലെങ്കിൽ ഇവിടുള്ള പാവങ്ങൾ അതറിഞ്ഞിട്ടില്ല ) പുറത്തു നിന്നും അന്തംവിട്ടു ഇതൊക്കെ നോക്കിനിന്ന എന്നെ കുടൽ സൂപ്പ് ഉണ്ടാക്കിയിരുന്ന അമ്മാവൻ കഴിക്കാൻ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ പോയില്ല എന്നല്ല അവിടെ ഉള്ള ഒരു ഹോട്ടലിലും ഞങ്ങൾ കയറിയില്ല. ഇതൊക്കെ കണ്ടുകൊണ്ട് കടയ്ക്ക് പുറത്തു കിടന്നിരുന്ന ശുനകൻ "ഇതൊക്കെ യെന്ത്" എന്ന "കണ്ണൻസ്രാങ്ക്" ഭാവത്തിൽ എന്നെ നോക്കി പിന്നേം അവിടെത്തന്നെ കിടന്നു.

അന്ന് വൈകുന്നേരം ഞങ്ങൾ ചിലവഴിച്ചത് ഏറെ തിരക്കുള്ള സോഹ്‌റ മാർക്കറ്റിൽ ആയിരുന്നു. അപരിഷ്‌കൃതവും അതിവിശാലവുമായ ചന്തയിൽ പഴവർഗ്ഗങ്ങൾ, കാട്ടുതേൻ, കിഴങ്ങുകൾ, പച്ചക്കറികൾ, പണിയായുധങ്ങൾ, ഇറച്ചി, മൽസ്യം, ഉണക്കമൽസ്യം, എന്നിവയുടെ കച്ചവടത്തിനു പ്രത്യേക വിഭാഗങ്ങൾ ഉണ്ട്. മുമ്പ് സൂചിപ്പിച്ചത് പോലെ കച്ചവടക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മുകളിൽ ഷീറ്റ് വിരിച്ച, അടുത്തടുത്തായുള്ള കൊച്ചു കൊച്ചു കടകളിൽ മണ്ണെണ്ണ വിളക്കിനു പുറകിലുള്ള ബഞ്ചിലിരുന്നു അവർ തങ്ങളുടെ ജീവിതമാർഗം തേടുന്നു.
അടുത്തദിവസം അതിരാവിലെത്തന്നെ സോഹ്റയിൽ നിന്നു 12 കിലോമീറ്റർ അകലെയുള്ള നൊൻഗ്രിയാത് ഗ്രാമത്തിലേക്ക് വെച്ചുപിടിച്ചു. അവിടെയാണ് ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്‌ജ്‌ എന്ന അത്ഭുതം ഉള്ളത്.  പച്ചയിലെ കറുത്ത വരപോലെയുള്ള വൃത്തിയുള്ള റോഡുകളും വഴിയേ അങ്ങിങ്ങായി കണ്ട കൊച്ചുപള്ളികളും താഴ്‌വരയിൽ കോടമഞ്ഞിൽ മൂടിക്കിടന്നിരുന്ന ഒരു കൂട്ടം വീടുകളും ഞങ്ങളിൽ ഒരു പാശ്ചാത്യ ഗ്രാമത്തിലൂടെ പോകുന്ന പ്രതീതി ഉണ്ടാക്കി.  യാത്രക്കിടെയാണ് ഇംഗ്ലണ്ട്കാരി ഷാലെറ്റ്‌ ഞങ്ങളുടെ വണ്ടിക്കു കയ് കാണിച്ചത്. നൊൻഗ്രിയാത്തിൽ ഇത് അവരുടെ രണ്ടാമത്തെ വരവാണ്. ഇത്തവണ ഫോട്ടോഗ്രാഫി ആണ് ലക്ഷ്യം. ഒരു വിദേശിയെ അടുത്തുകിട്ടിയാൽ നമ്മുടെ നാടിനെ പറ്റി അടപടലം തള്ളി മറിക്കുന്ന ശീലം ഉള്ളത്കൊണ്ട് ശ്വാസം ആഞ്ഞൊന്നു വലിച്ചുവിട്ട് ഞാൻ "Gods own Country" യെ പറ്റി പറയാൻ തുടങ്ങി. എന്നാൽ കാസ്രോട് നിന്നും തിരോന്തരം വരെയുള്ള നല്ലവണ്ണം അറിയപ്പെടുന്ന സ്ഥലങ്ങളെല്ലാം അവർ സന്ദർശിച്ചിട്ടുണ്ടെന്ന് പറഞ്ഞത് ഞങ്ങളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചുകളഞ്ഞത്.

Foriegner

കാർ പാർക്ക് ചെയ്തിടത്തുനിന്നും ഏകദേശം 3500 പടികൾ താഴേക്ക് ഇറങ്ങിയിട്ടു വേണം താഴ്‌വര ഗ്രാമമായ നൊൻഗ്രിയാത്തിൽ എത്താൻ. 60 വയസ്സ്കാരി ഷാലെറ്റ് ബാക്പാക്കും കാമറയും തൂക്കി ഞങ്ങളെക്കാൾ വേഗത്തിൽ നടക്കുന്നത് കണ്ടു എല്ലാവരും ഒന്നുകൂടി ഞെട്ടി. ഗ്രാമത്തിലേക്ക് ഇറങ്ങവേ ബാഗും തൂക്കി ഇക്കണ്ട പടികളത്രയും കയറി സ്കൂളിൽ പോകുന്ന കുട്ടികളെ കാണാമായിരുന്നു. കഷ്ടപ്പെട്ട് പഠിക്കുന്ന അവർക്ക് നല്ല വിജയം ഉണ്ടാകട്ടേയെന്നാശംസിച്ചു കൊണ്ട് ഞങ്ങൾ ഇറക്കം തുടർന്നു. വഴിയിൽ മലവെള്ള പാച്ചിലിനു മുകളിലൂടെ പണികഴിപ്പിച്ച ആടിയുലയുന്ന തൂക്കു പാലങ്ങൾ മറികടക്കേണ്ടതായുണ്ട്. രണ്ടു കരയിലും നട്ട റബ്ബർ ഇനത്തിൽപ്പെട്ട ഒരിനം മരങ്ങളുടെ കാലക്രമേണ വളരുന്ന വേരുകൾ, പരസ്പരം മുളയുടെ സഹായത്താൽ കൂട്ടിയിണക്കിയാണ് ഇത്തരം വേര്പാലങ്ങൾ നിർമ്മിക്കുന്നത്. സാധാരണയായി അരുവിക്കു കുറുകേ നിർമ്മിക്കപെടുന്ന റൂട്ട് ബ്രിഡ്ജുകൾ വളർന്നു അപ്പുറത്തെ കരയിൽ പോയി ഉറയ്ക്കുന്നു. 500 വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ രണ്ട് തട്ടുകളായി നിർമ്മിക്കപ്പെട്ട ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്ജ് ധാരാളം സഞ്ചാരികളെ നൊൻഗ്രിയാതിലേക്ക് ആകർഷിക്കുന്നു. ഗ്രാമത്തിൽ വലുതും ചെറുതുമായ വേറെയും വേരുപാലങ്ങൾ ഉണ്ട്. തങ്ങളുടെ പൂർവ്വികരുടെ ദീർഘവീക്ഷത്തിൽ അഭിമാനിച്ചുകൊണ്ട് ഗ്രാമീണർ ഇത്തരം വേരു പാലങ്ങൾ അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ചുപോരുന്നു.

root bridge

ഡബിൾ ഡെക്കർ ബ്രിഡ്ജിനു താഴെയുള്ള അരുവിയിൽനിന്നും അച്ചടക്കത്തോടെ വന്നു തങ്ങളുടെ സൂച്യാകാരമായ കുട്ടകളിൽ മണൽ വാരുന്ന ഖാസിസ്‌ത്രീകളെ കാണാമായിരുന്നു. വിശേഷങ്ങൾ തിരക്കാനായി ചെന്ന ഞങ്ങളെ ഹൃദ്യമായി സ്വീകരിക്കുകയും അവരുടെ സ്ഥലത്തെപ്പറ്റി വർണ്ണിക്കുകയും ചെയ്തു. പലരും അവിടെ ഹോംസ്റ്റേ നടത്തുന്നവരാണ്. ഇവരുടെ ഭാഷയിൽ ഇത് "ജിങ്ക്യങ് ജ്‌രി ആർമല" ആണ്. പരിചയപ്പെട്ടകൂട്ടത്തിലെ ഒരു ഖാസിമുത്തശ്ശി പുഞ്ചിരിയോടെ അവരുടെ കുഞ്ഞു മരപ്പെട്ടിയിൽനിന്നും മുറുക്കാൻ എടുത്തു നീട്ടി. "ക്വായ്" എന്നും "ടിംപ്യു"എന്നും പേരുള്ള നമ്മുടെ അടക്കയും വെറ്റിലയും ഖാസികൾ വളരെ പവിത്രവും ശുദ്ധവുമായി കരുതപ്പെടുന്നവയാണ് ഈ മുറുക്കാൻ കൂട്ട് ഖാസികൾ മറ്റുള്ളവർക്ക് നൽകുന്നത് അവരുടെ  പുതിയ സൗഹൃദസൂചനയെന്നോണം ആണെന്ന് പിന്നീടാണ് മനസ്സിലായത്.

മൺസൂൺ സമയത്ത് നൊൻഗ്രിയാത്തിൽ ഒരാഴ്ചയോ അതിൽ കൂടുതലോ ദിവസങ്ങളിൽ ഇടവേളകളില്ലാത്ത പെരുമഴ ഉണ്ടാകും. ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കൂടി പച്ചപ്പുമണക്കുന്ന ദുർഘടമായ പാതയിലൂടെ മുന്നോട്ട് കയറിയാൽ നീല നിറത്തിലുള്ള കുളത്തിലേക്ക് പതിച്ചു താഴേക്കൊഴുകുന്ന റെയിൻബോ ഫാൾസ് കാണാം. തെറിക്കുന്ന ജലകണങ്ങൾ വെയിലിൽ സുതാര്യമായ വെള്ളത്തിന് മുകളിൽ മഴവില്ലുണ്ടാക്കുന്നത് കൊണ്ടാണ് ഈ ഫാൾസിന് റെയിൻബോ എന്ന പേര് വീണത്. വഴുക്കുന്നപാറകൾ ഉള്ള, കാഴ്ചയിൽ സുന്ദരമെങ്കിലും വന്യമായ ഈ വെള്ളച്ചാട്ടത്തിൽ നീന്തൽ വിദഗ്ധർ പോലും അപകടത്തിൽ പെട്ടേക്കാമെന്ന ഖാസി സ്ത്രീകളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ വെള്ളത്തിലിറങ്ങിയില്ല. തിരിച്ചുവരുന്ന വഴി നൊൻഗ്രിയാത്തിൽനിന്നു ഓരോ കട്ടൻ ചായയും പിന്നെ ലഘുഭക്ഷണവും കഴിച്ചു രാത്രിയോടുകൂടി മുകളിലെത്തി.

double decker root btidge

അടുത്ത ദിവസം രാവിലെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ആയ മൗലിന്നൊങ് ലക്ഷ്യമാക്കി ഞങ്ങളുടേ കാർ നീങ്ങി. സോഹ്‌യിൽ നിന്നും 66 കിലോമീറ്റർ അകലെയായി ബംഗ്ലാദേശിലേക്ക് പോകുന്ന പ്രധാന പാതയിൽ നിന്നും തിരിയുന്ന കൈവഴിയിലൂടേ പിന്നേയും 15 കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ഈ ഗ്രാമത്തിൽ എത്താം. ഇവിടുത്തെ ഓരോ വീടുകൾക്ക് മുൻപിലും മുളകൾ കൊണ്ട് നിർമ്മിച്ച സൂച്യായകരമായ കുട്ടകൾ കാണാം. വഴിയിൽ വീണുകിടക്കുന്ന കരിയിലകളടക്കമുള്ള ഖരമാലിന്യങ്ങൾ ഇത്തരം കുട്ടകളിൽ നിക്ഷേപിക്കപ്പെടുന്നു. ഗ്രാമത്തിലെ 85 അടി ഉയരമുള്ള ഈറ്റ കൊണ്ടു നിർമ്മിച്ച ഏറുമാടത്തിൽ നിന്നും നോക്കിയാൽ ദൂരെ ചക്രവളത്തിനു താഴെ ബംഗ്ലാദേശിന്റെ പാടങ്ങളും ചെറുകുടിലുകളും മൊബൈൽ ടവറുകളുമൊക്കെ കാണാം. വൃത്തിയോടൊപ്പം കർശനമായി പുകവലി നിരോധനവും പാലിക്കുന്ന മൗലിന്നൊങ് ഗ്രാമവാസികൾ 100 ശതമാനവും സാക്ഷരരാണ്.  കുറച്ചു സമയം ഗ്രാമത്തിലെ ഒരു സ്കൂളിൽ കൂടി ചിലവഴിച്ച് ഞങ്ങൾ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന നദിയായ ധാക്കിയിലേക്ക് തിരിച്ചു. അതിർത്തിയോട് തൊട്ട് സമാന്തരമായി പോകുന്ന റോഡുകളിലൂടെ പല പട്ടാള ചെക്ക്പോസ്റ്റുകളും കടന്നു ഞങ്ങൾ ധാക്കി നദികരയിലെത്തി.  മൊബൈലിൽ ബംഗ്ലാദേശ് നെറ്റ്‌വർക്ക് "Robi Axiata" ഫുൾ റെയ്ഞ്ചിൽ കാണിക്കുന്നുണ്ടായിരുന്നു.

ശാന്തമായ ധാക്കി നദി അതിന്റെ സുതാര്യമായ വെള്ളത്തിനാൽ പ്രശസ്തമാണ്. പച്ചനിറത്തിൽ കാണപ്പെട്ട വെള്ളം ഡിസംബർ മാസത്തിൽ കണ്ണാടിച്ചില്ലു പോലെയാകും. പലനിറങ്ങളിലുള്ള ചെറുവഞ്ചികൾ തെളിഞ്ഞ ധാക്കിയിലൂടെ ഒഴുകിനീങ്ങുന്ന കാഴ്ച്ച മനോഹരമാണ്. ഈ നദിക്കരയിൽ ഇടക്കിടെ മീൻപിടുത്തമത്സരങ്ങൾ നടക്കാറുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഏറ്റവും കനമുള്ള മീൻ പിടിക്കുന്ന ആളായിരിക്കും വിജയി. ധാക്കിക്കു മുകളിൽ ഇന്ത്യൻ പ്രദേശത്തുള്ള തൂക്കുപാലത്തിലൂടെ കടന്ന് യാത്രയിലെ അവസാന ലക്ഷ്യമായ നീലനിറമുള്ള ക്രാങ് ഷുരി വാട്ടർ ഫാൾസിൽ ഞങ്ങളെത്തിച്ചേർന്നു. സാഹസികവും വിജ്ഞാനപ്രദവുമായ യാത്രയ്ക്കൊടുവിൽ സോഹ്‌റ ശാന്തമാക്കിയ മനസ്സിനോടൊപ്പം ശരീരവും തണുപ്പിച്ചു ജോവയ് വഴി ഞങ്ങൾ ഷില്ലോങിലേക്ക് മടങ്ങി.  വഴിയേ ഒരു രാജസ്ഥാനി ദാബയിൽ നിന്നും ഭക്ഷണം കഴിച്ച് രാത്രി ഷില്ലോങിലേ ഒരു പെട്രോൾ ബങ്കിൽ കാറിനുള്ളിൽത്തന്നെ ചുരുണ്ടുകൂടി.

Dhakki

പിറ്റേന്ന് ഒരുകൂട്ടം നല്ല ഓർമ്മകളുമായി ചെന്നൈയിൽ പറന്നിറങ്ങുമ്പോഴും, ചെന്നൈ മെട്രോയിലൂടെ കോൻക്രീറ്റ് വനങ്ങളിലേക്ക് ഊളിയിടുമ്പോഴും മനസ്സു നിറയെ പച്ചപുതച്ച മേഘാലയയും മടിത്തട്ടിൽ ശാന്തമായുറങ്ങുന്ന സോഹ്റയും ആയിരുന്നു.