ANOOPA


രുപാട് കാലത്തെ ആഗ്രഹമായിരുന്നു, ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നെങ്കിലും കാണണമെന്ന്. അങ്ങനെ ഒടുവില്‍ നറുക്ക് വീണത് മേഘാലയക്ക് ആണ്. 'സ്‌കോട്‌ലന്‍ഡ് ഓഫ് ഈസ്റ്റ്' എന്നറിയപ്പെടുന്ന ഷില്ലോങ്ങും, മഴയുടെ പര്യായം പോലെ കേട്ടിട്ടുള്ള ചിറാപുഞ്ചിയും ഉള്ള, പാഠപുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞിട്ടുള്ള മേഘാലയ.

ഒറ്റക്കുള്ള യാത്രകള്‍ എന്നും ജീവിതത്തില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ തന്നിട്ടുള്ളതുകൊണ്ട് എങ്ങനെ പോകുന്നു എന്നകാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. 'സോളോ'!!!പക്ഷേ സ്ഥലങ്ങള്‍ കാണുന്നതിനേക്കാള്‍, ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ യൂത്ത് ഹോസ്റ്റല്‍ വഴി മേഘാലയയുടെ ഉള്ളറകള്‍ നടന്നു കാണുന്ന മേഘാലയ കേവ് ട്രെക്കിങ്ങിനു ചേര്‍ന്നു. ഏകദേശം 80 കി.മി, 8000ത്തില്‍ പരം പടികള്‍ താണ്ടി മനസിനും കാലുകള്‍ക്കും ഇത്രയും ഉറപ്പുണ്ടന്ന് തിരിച്ചറിഞ്ഞ 4 ദിവസത്തെ ട്രെക്കിങ്ങ്, കൂടാതെ ഒരു ടൂറിസ്റ്റു പോലെ 2 ദിവസം ചുമ്മാ സ്ഥലങ്ങള്‍ കണ്ടുള്ള കറക്കം, ഇതു രണ്ടും ചേര്‍ന്നതായിരുന്നു എന്റെ മേഘാലയന്‍ യാത്ര.

Meghalaya 2

ഖാസി ഹില്‍സ്, ഗാരോ ഹില്‍സ്, ജെനീഷ്യ ഹില്‍സ് എന്നിങ്ങനെ മൂന്ന് മേഖലകളിലായി 15 ജില്ലകളാണ് മേഘാലയയിലുള്ളത്. ഇവ എല്ലാകൂടി 6 ദിവസം കൊണ്ട് കാണുക അസാധ്യമാണ്. ഷില്ലോങ് ജില്ലാ ആസ്ഥാനമായ കിഴക്കന്‍ ഖാസി ഹില്‍സ് ആണ് ഞാന്‍ യാത്ര ചെയ്തത്. ആസ്സാമിലെ ഗുവാഹാട്ടി എയര്‍പോര്‍ട്ടില്‍ വന്നു ഷെയര്‍ സുമോയിലായിരുന്നു എന്റെ ഷില്ലോങ് യാത്ര. മേഘങ്ങളുടെ താഴ്വര തന്നെയാണ് മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകള്‍ ഷില്ലോങ് അടുക്കും തോറും കാണാന്‍ സാധിക്കുമായിരുന്നു. ഷില്ലോങ് വീഥികളില്‍ ചെറിമരങ്ങള്‍ പൂത്തുലഞ്ഞു നില്പുണ്ടായിരുന്നു. വളരെ നല്ല റോഡുകള്‍ ആയതിനാല്‍ 120 കി. മി ഒരു ദൂരമായി തോന്നിയതേയില്ല.

Meghalaya 3

1800 കാലഘട്ടത്തില്‍ ഡേവിഡ് സ്‌കോട്ട് എന്ന ഓഫീസര്‍ ആസ്സാമില്‍ നിന്നും ബംഗ്ലാദേശിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനും, യാത്ര ചെയ്യാനും കണ്ടെത്തിയ 'ഡേവിഡ് സ്‌കോട്ട് ട്രെയില്‍' എന്നറിയപ്പെടുന്ന പാതയിലൂടെ ആയിരുന്നു ആദ്യദിന ട്രെക്കിങ്ങ്. 180 കി.മി ഉള്ള ഈ പാത നടന്നു തീര്‍ക്കാന്‍ 5 ദിവസത്തോളം വേണ്ടിവരും. അതുകൊണ്ട് ഷില്ലോങ്ങില്‍ നിന്നും 25 കി മി. മാറി ഖാസി സംസ്‌കാരത്തിന്റെ പ്രധാനകേന്ദ്രമായ മൗപ്‌ളാങ് (Mawphlang) എന്ന ഗ്രാമത്തില്‍ നിന്നും ലൈട്രിഗ്രു (Laitrygrew) വരേയുള്ള 16 കി. മി പാതയാണ് നടക്കാനായി തിരഞ്ഞെടുത്തത്. മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ ഗൈഡ് ഉണ്ടാകുന്നത് തന്നെയാണ് നല്ലത്. അരുവികളും പുല്‍മേടുകളും മരങ്ങളും ഖാസി ഗ്രാമങ്ങളും ഒക്കെ ഈ കരിങ്കല്‍ പാതയിലൂടുള്ള യാത്രക്കിടയില്‍ കാണാം. ഇവിടുത്തെ ചെറുതും വലുതുമായ എല്ലാ ജലാശങ്ങളിലും നല്ല തെളിഞ്ഞ വെള്ളമാണ്. അതുകൊണ്ട് തന്നെ നടന്നു തളര്‍ന്നപ്പോള്‍ കോരി കുടിക്കാന്‍ യാതൊരു മടിയും തോന്നിയില്ല.

Meghalaya 4

ഇന്ത്യയില്‍ തന്നെ ആണോയെന്ന് സംശയം ജനിപ്പിക്കും വിധം വൈകുന്നേരം അഞ്ചു മണിയോടെ ഇവിടം ഇരുട്ടിലാവും. ബേസ് ക്യാമ്പിലേക്ക് മെയിന്‍ റോഡില്‍ നിന്നും ടാക്‌സി എടുക്കാമെങ്കിലും നടപ്പ് ഒരു വിഷയമല്ല എന്ന തോന്നല്‍ ഇതിനോടകം വന്നത് കൊണ്ട് വൈകുന്നേരത്തിന്റെ കൂറ്റാക്കൂറ്റിരുട്ട് ആസ്വദിച്ചു നടന്നു. സൊഹ്‌റയെ കാണാനും അറിയാനുമുള്ള തിടുക്കമായിരുന്നു പിന്നിടുള്ള ദിനങ്ങള്‍. സൊഹ്‌റയെ നിങ്ങള്‍ക് പരിചയമില്ലെങ്കിലും അവളുടെ മറ്റൊരു പേരായ ചിറാപുഞ്ചി അറിയാതിരിക്കാന്‍ തരമില്ല. എന്നാല്‍ പിന്നെ ചിറാപുഞ്ചിയെന്നു പറഞ്ഞാല്‍ പോരേ എന്നു കരുതുന്നുണ്ടാവും, അവള്‍ക്കും അവളുടെ നാട്ടുകാര്‍ക്കും ബ്രിട്ടീഷുകാരു കൊടുത്ത പേരിനേക്കാള്‍ ഈ പേരാണത്രെ ഇഷ്ടം.

Meghalaya 5

ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമെന്നു സ്ഥാനം മൗസിന്റാം (mawsynram) കൈയടക്കിയെങ്കിലും, രണ്ടാമത്തെ സ്ഥാനത്തു ഇഞ്ചോടിഞ്ച് പോരാടി തന്നെയുണ്ട് നമ്മുടെ സൊഹറ. ജൈവവൈവിധ്യംകൊണ്ടും വ്യത്യസ്തമായ വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും ലിവിങ് റൂട്ടു ബ്രിഡ്ജുകള്‍ (living root bridge) കൊണ്ടും ഇന്നും ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ ജീവിക്കുന്ന വേരുകളുടെ പാലം ഒരു മഹാവിസ്മയം തന്നെയാണ്. മരങ്ങളുടെ വേരുകള്‍ ഇണപിഴിഞ്ഞു ഭംഗിയും ഉറപ്പും ഉള്ള പാലങ്ങള്‍ പ്രകൃതി തന്നെ നിര്‍മിച്ചിരിക്കുന്നു. ഒരു തികഞ്ഞ ശില്‍പിയുടെ കലാബോധത്തോടേയും ഒരു എഞ്ചിനീയറുടെ പ്രഗല്‍ഭ്യത്തോടെ നിര്‍മിച്ചികുന്ന ഒന്നല്ല ഒരുപാട് പാലങ്ങള്‍ ഉണ്ടിവിടെ. അതില്‍ ഡബിള്‍ ഡക്കാര്‍ ബ്രിഡ്ജ് ഒക്കെ എങ്ങനെ ഇത്ര കാലം കൊണ്ട് ഉണ്ടായതാകും എന്നു സങ്കല്‍പിക്കാന്‍ പോലും ആകുന്നില്ല.

living root bridge

Meghalaya Waterfallഇതുപോലെ പ്രകൃതിയുടെ കരവിരുത് ഓര്‍മിപ്പിക്കുന്ന വ്യത്യസ്തമായ ഒരുപാട് വെള്ളച്ചാട്ടങ്ങളുണ്ട് ഇവിടെ. അതില്‍ ലൈക്സിയര്‍ (Lyngksiar Falls), ഡൈന്തലിന്‍ (Dainthlen falls), വെശോഡോങ് (Wei Saw Dong falls), നോക്കലികൈ (Nohkalikai falls), റെയിന്‍ബോ (Rainbow falls) എന്നിവ കാണാന്‍ സാധിച്ചു. നോക്കലികൈ, ഡൈന്തലിന്‍ എന്നിവ ദൂരെനിന്നും കാണാന്‍ മാത്രമേ സാധിക്കൂ. പക്ഷേ ലൈക്സിയര്‍,റെയിന്‍ബോ, വെശോഡോങ് എന്നീ വെള്ളച്ചാട്ടങ്ങള്‍ കണ്ണിനു കുളിരു നല്‍കുന്ന ദൃശ്യഭംഗി മാത്രമല്ല ഇവയുടെ തെളിനീരില്‍ മതിയാവുമോളം നീന്തി കളിക്കുകയും ചെയ്യാം.

Meghalaya 6

റെയിന്‍ബോ വെള്ളച്ചാട്ടത്തിനു ആ പേര് വരാന്‍ കാരണം അവള്‍ക്കു സൂര്യനുമായുള്ള പ്രണയത്തില്‍ ജനിക്കുന്ന മഴവില്ലാണ്. നല്ല വെയിലുണ്ടങ്കില്‍ മാത്രമേ മഴവില്‍ കാണാന്‍ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ ആ പ്രണയത്തിനു സാക്ഷ്യം വഹിക്കാന്‍ എനിക്ക് സാധിച്ചില്ല. ഇവിടേക്ക് പോകണമെങ്കില്‍ ഒരു 3000 പടികള്‍ കയറി ഇറങ്ങണം. പോകും വഴിയുള്ള പ്രകൃതിയുടെ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങി കുളിച്ചാല്‍ ക്ഷീണം പമ്പ കടക്കും.

Meghalaya 7

Waterfallവെള്ളച്ചാട്ടങ്ങളില്‍ എന്നെ വിസ്മയിപ്പിച്ചത് വെശോഡോങ് തന്നെയാണ്. ഒരുപാട് വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഇവയെ വ്യത്യസ്തമാകുന്ന നീലപ്പച്ച തെളിനീരും, ചുറ്റുമുള്ള കല്ലുകളില്‍ പ്രകൃതി നടത്തിയിരിക്കുന്ന കൊത്തുപണികളും എങ്ങനെയാണു വാക്കുകളില്‍ വിശേഷിപ്പിക്കണ്ടതെന്നു അറിയില്ല. പണ്ടത്തെ പുരാണസീരിയലൊക്കെ കാണിക്കാറുള്ള ദേവലോകമാണ് എനിക്കോര്‍മ്മവന്നത്. ഇതൊക്കെ ആര്‍ട്ട് ഡയറക്ടര്‍മാരുടെ കലാസൃഷ്ടി മാത്രമായി കണ്ടിരുന്ന എനിക്കിതു ആശ്ചര്യം ഉളവാകുന്ന കാഴ്ച തന്നെയായിരുന്നു.

ഈ യാത്രയുടെ മറ്റൊരു വലിയ അനുഭവം മൌമല (Mawmlah caves) ഗുഹയിലൂടെ ഉള്ള നടത്തമായിരുന്നു. ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൌമല. നമ്മുടെ ഭൂമിയുടെ പരിണാമത്തില്‍ പ്രധാന അവസാന 4200 വര്‍ഷങ്ങള്‍ അഥവാ മേഘാലയന്‍ കാലഘട്ടത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവിടെനിന്നാണ്. മുഴുവനായി നടക്കാന്‍ അതിനായി വരണം എന്നുള്ളതുകൊണ്ട് ഒരു 300 മീറ്റര്‍ മാത്രമേ പോയുള്ളു. മുട്ടറ്റോളം വെള്ളവും, എളിമ പഠിപ്പിക്കാന്‍ എന്നപോലെ കുനിയാതെ നടക്കാന്‍ പറ്റാത്ത പാറകള്‍ നിറഞ്ഞ വഴികളും, തെന്നിപോകുന്ന കല്ലുകളും അറിഞ്ഞു ഗുഹയിലൂടുള്ള നടത്തം ഒരു വല്ലാത്ത അനുഭവമായിരുന്നു.മുഴുവനായി നടക്കാന്‍ ഒരു വരവ് കൂടി വരേണ്ടി വരും, എന്നു തോന്നല്‍ ശേഷിക്കുന്ന പോലെ. ഒടുവില്‍ ട്രെക്കിങ്ങ് അവസാനിപ്പിച്ചത് അര്‍വാഹ് ഗുഹകളിലെ ഫോസിലുകള്‍ കണ്ടുകൊണ്ടാണ്.

Meghalaya 8

ഒരുപാട് തവണ എന്നെ മോഹിപ്പിച്ച ചിത്രമാണ് ദ്വകി (dwaki)നദിയുടെ മുകളില്‍ കിടക്കുന്ന വഞ്ചി. മേഘാലയ എന്നു പറയുമ്പോള്‍ ഓര്‍മ്മവരുന്ന ചിത്രം, അതു തന്നെയാണ്. ദ്വകി നദി കാണാന്‍ പോകണം എന്നു പറഞ്ഞപ്പോള്‍ ടാക്‌സി ചേട്ടന്‍ ആണ് പറഞ്ഞത് അവിടെ വളരെ തിരക്കാണെന്നും അതിലും ഭംഗിയുള്ള സ്ഥലമാണ ഷ്‌ണോണ്‍പെഡോങ് എന്നും (Shnongpedong).  ദ്വകിയും കഴിഞ്ഞു 15 കി മി മുന്നോട്ടു പോയാലെ ഷ്‌ണോണ്‍പെഡോങ് എത്തുകയുള്ളൂ. പക്ഷെ പാലത്തില്‍ നിന്നുള്ള കാഴ്ചയും, ഓളങ്ങള്‍ തഴുകി വഞ്ചിയില്‍ പോയപ്പോള്‍ കണ്ട വെള്ളച്ചാട്ടവും, തിരക്കില്ലാത്ത തീരവും കണ്ടപ്പോള്‍ ആ യാത്ര ഒട്ടും നഷ്ടമില്ലന്ന് ഉറപ്പായി. പളുങ്കിന്റെ മുകളില്‍ വച്ചിരിക്കുന്ന കളിവള്ളമായി മാത്രമേ പാലത്തിന്റെ മുകളില്‍ നിന്നും വഞ്ചികള്‍ കണ്ടാല്‍ തോന്നുകയുള്ളൂ. പോകും വഴി നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയും അവിടേക്കു പോകാന്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളും കാണാന്‍ സാധിച്ചു.

Meghalaya 9

ഷില്ലോങ്ങിലേക്ക് മടങ്ങി വരുമ്പോള്‍ കണ്ട അസ്തമയസൂര്യന്റെ കിരണങ്ങള്‍ സിന്ദൂരമണിയിച്ച താഴ്വര മനസ്സില്‍ നിന്നും മായുന്നില്ല. ഇവിടുത്തെ ഇരുട്ടിനു വരെ സൗന്ദര്യമുണ്ട്, എത്ര നേരം പുറത്തേക്ക് നോക്കിയിരുന്നാലും മടുപ്പു തോന്നാത്ത ഒരു വശ്യത. ദൈവം മനസറിഞ്ഞ അനുഗ്രഹിച്ച പ്രകൃതി ഭംഗിയും, മനസിനും ശരീരത്തിനും സുഖം തോന്നുന്ന കാലാവസ്ഥയും, ഒന്നും മനസിലായില്ലെങ്കിലും കേള്‍ക്കാന്‍ ഇമ്പമുള്ള ഖാസി ഭാഷയും, വര്‍ണാതീതമായ സൗന്ദര്യവും തന്റേടവുമുള്ള മേഘാലയന്‍ പെണ്‍കൊടികളും, ലളിതമായ ജീവിതരീതിയുള്ള ഗ്രാമപ്രദേശങ്ങളും, എളിമയോടെ പെരുമാറുന്ന ഒരുപാട് നല്ല മനുഷ്യരുമുള്ള ഈ മേഘങ്ങളുടെ താഴ്വര, ഓര്‍മച്ചെപ്പിലെ നിറമുള്ള അധ്യായമായി എന്നും ഉണ്ടാകും....