വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്ന് കുമളിയിലേക്കുള്ള ബസ് സമയം തിരക്കുമ്പോള്‍ സമയം വൈകുന്നേരം ഏഴു മണി. കൂട്ടുകാരനെ വിളിച്ച് 8.20-ന് ബസ്സുണ്ടെന്നും നീ വേഗം പോരെ എന്നും പറഞ്ഞ് വീട്ടിലേക്ക് ഓടി. ഒന്ന് കുളിച്ചു, ഭക്ഷണം കഴിച്ചു. വീട്ടില്‍ കാര്യം അവതരിപ്പിച്ചു. കുമളിയിലെ മംഗളാദേവി ക്ഷേത്രത്തിലേക്ക് ഒരു യാത്ര. വഴക്ക് കേട്ടെങ്കിലും അമ്പലത്തിലേക്കുള്ള യാത്രയായതിനാല്‍ അധികമൊന്നും പറഞ്ഞില്ല. അങ്ങനെയെങ്കിലും നന്നാവട്ടെ എന്ന് കരുതിക്കാണും.
വഴിയില്‍ ഒരാളോട് ലിഫ്റ്റ് ചോദിച്ച് ഹബ്ബില്‍ എത്തി. സമയം 8.10. സനുവിനെ വിളിച്ചപ്പോള്‍ അവന്‍ ഹബ്ബില്‍ എത്തിയെന്ന് പറഞ്ഞു. ബസില്‍ കയറി സീറ്റ് പിടിച്ചു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, പക്ഷേ അവനെ കാണാനില്ല. കണ്ടക്ടര്‍ ചേട്ടനോട് ഒരാള്‍ വരാനുണ്ടെന്ന് പറഞ്ഞു. അവനോടു സിഗ്‌നലില്‍ വരാന്‍ പറഞ്ഞു. അവന്‍ ഓടി സിഗ്‌നലിന്റെ ഭാഗത്തായി എത്തി ഒരുവിധത്തില്‍ വണ്ടിയില്‍ കയറി.
കോതമംഗലം എത്തുന്നതിനു മുമ്പ് ബസ് ഒരു തട്ടുകടയുടെ മുന്നില്‍ നിര്‍ത്തി. പത്തു മിനിറ്റ് കഴിഞ്ഞേ വണ്ടി എടുക്കൂ. ചായ കുടിക്കാനുള്ള സമയം. ഞാന്‍ കഴിച്ചിരുന്നതുകൊണ്ട് വിശപ്പുണ്ടായിരുന്നില്ല. സനുവിനെ പറഞ്ഞു വിട്ടു. അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു.
കോതമംഗലം - ചെറുതോണി - കട്ടപ്പന - ആനക്കര - കുമളി.
അങ്ങനെ കുമളി എത്തി. സമയം വെളുപ്പിനെ രണ്ടു മണി. ബസ് യാത്രയ്ക്കിടെ നന്നായി ഉറങ്ങി. മൊബൈലില്‍ ചാര്‍ജ് ഉണ്ടായിരുന്നില്ല. കുമളി ബസ് സ്റ്റാന്‍ഡില്‍ ചാര്‍ജിങ് പ്ലഗ് കണ്ടു. ഒരു പ്രത്യേക ആങ്കിളില്‍ മാത്രം വെച്ചാല്‍ ചാര്‍ജ് കയറുന്ന പ്ലഗ്. ഞാന്‍ പോയി ജീപ്പിന്റെ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി.
ഒരാള്‍ക്ക് 80രൂപ. നേരത്തെ ടോക്കണ്‍ എടുക്കണം. ഇപ്പോള്‍ തന്നെ നല്ല തിരക്കുണ്ട്.
ഞങ്ങള്‍ മൊബൈലില്‍ അത്യാവശ്യം ചാര്‍ജ് ചെയ്ത ശേഷം നടക്കാന്‍ തീരുമാനിച്ചു. വെളിച്ചമില്ലാത്ത റോഡിലുടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഞങ്ങള്‍ നടന്നു. വഴിയില്‍ നിറയെ പോലീസുകാര്‍. അവരും വഴി പറഞ്ഞു തന്നു. അങ്ങനെ താമരകണ്ടം എത്തി.
അവിടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടാണെന്ന് ഞങ്ങളോട് ചോദിച്ചു. അമ്പലത്തിലേക്കാ സാറെ എന്ന് ഞങ്ങളുടെ മറുപടി. എവിടുന്നാ വരുന്നേ, എങ്ങനെ അറിഞ്ഞു. എന്നെല്ലാമായി തുടര്‍ന്നുള്ള ചോദ്യങ്ങള്‍. ഫെയ്‌സ്ബൂക്കിലുടെ അറിഞ്ഞതാ, കൊച്ചിയില്‍ നിന്നാ വരുന്നത്. ഇങ്ങോട്ടുള്ള വഴി എങ്ങനെ മനസിലായി? ഗൂഗിള്‍ മാപ്പ് വഴിയാണ് സാറെ. വിത്ത് വോയിസ് ആണെന്നു പറഞ്ഞു. എല്ലാം കാണിച്ചു കൊടുത്തു.
കൊച്ചിയില്‍ നിന്ന് ഇത്രയും ദൂരം വന്ന നിങ്ങളെ സമ്മതിക്കുന്നു. 'വി അപ്രിഷിയേറ്റ് ബോത്ത് ഓഫ് യു'. ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശ് സാറിന്റെ ടീം ആണ്. മൂന്നു പേരുണ്ട്. ബാക്കി 22 പേരെ നോക്കി നില്‍ക്കുകയാണ്. നടന്നുപോകുന്നവരുടെ എണ്ണമെടുത്ത് തുടങ്ങിക്കൊള്ളാന്‍ ജീപ്പ് ഡ്രൈവറോട് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ബാഗ് പരിശോധിച്ചു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന രണ്ടു ലിറ്റര്‍ വെള്ളം അവിടെ ഉപേക്ഷിക്കാന്‍ പറഞ്ഞു. വനത്തിലേക്ക് പ്ലാസ്റ്റിക് കടത്തിവിടില്ല. വെള്ളമൊക്കെ മുകളിലുണ്ടെന്നും പറഞ്ഞു.
ആറു മണിക്കേ കയറ്റിവിടുകയുള്ളൂ, അതുവരെ ഇവിടെ ഇരുന്നോളാന്‍ പറഞ്ഞു. സമയം 3.30. സഞ്ചാരികള്‍ക്ക് സമയം പോകാന്‍ ഏറ്റവും ബെസ്റ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ കഥകളാണ്. ആന കുത്താന്‍ ഓടിച്ചതും പുലിയെ കണ്ട് ബോധം പോയതും ക്യാമ്പിന്റെ പുറത്ത് ആനയും അകത്ത് മുര്‍ഖന്‍ പാമ്പും ഇടിവെട്ടും മഴയുമൊക്കെയായി നല്ല കോമഡി ടച്ചുള്ള കഥകള്‍.
രണ്ടര മണിക്കൂര്‍ പോയതറിഞ്ഞില്ല. സമയം ആറ് മണിയാകുന്നു. ഫോറസ്റ്റ് ഓഫീസര്‍മാരും കുറച്ച് കാല്‍നടയാത്രക്കാരും കൂടെ കൂടി. ഞങ്ങളെ കയറ്റി വിട്ടു. സാറമ്മാര്‍ക്ക് നന്ദി പറഞ്ഞ് യാത്ര തുടങ്ങി. കനത്ത ചെക്കിങ് അകത്തും ഉണ്ട്. അഞ്ചു മിനിറ്റ് നടത്തം കഴിഞ്ഞപ്പോള്‍ ജീപ്പുകള്‍ വരാന്‍ തുടങ്ങി. മൂന്നും നാലും ജീപ്പുകള്‍ ഒരുമിച്ചാണ് പറപ്പിക്കല്‍. മുഖത്ത് മണ്ണ് വാരിയെറിയുന്ന പോലെ പൊടി. തൂവാലയെടുത്ത് എടുത്ത് മുഖത്തു കെട്ടി യാത്ര തുടര്‍ന്നു.
കുടി വെള്ളം വഴിയോരത്ത് വെച്ചിരിക്കുന്നു. നിറയെ പോലീസുകാരും ഫോറസ്റ്റ് ഓഫീസര്‍മാരും. നടന്ന് നടന്ന് നട്ടെല്ലൊടിയറായി. വിശ്രമിക്കാന്‍ നിന്നില്ല. വിശ്രമിച്ചാല്‍ ചിലപ്പോള്‍ പിന്നീട് എഴുന്നേല്‍ക്കാന്‍ പറ്റിയെന്നു വരില്ല. അതുകൊണ്ട് ഒറ്റ സ്‌ട്രെച്ചില്‍ 15 കിലോമീറ്റര്‍ നടന്നു കയറി.
ഇടയ്ക്ക് ജീപ്പുകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചാല്‍ വളരെ നല്ലൊരു യാത്രാനുഭവം ആയിരുന്നു. മുകളില്‍ എത്തിയപ്പോള്‍ സമയം ഒമ്പത് മണി. ക്യൂ തുടങ്ങിയതേയുള്ളൂ. ഞങ്ങളും ക്യുവില്‍ നിന്നു. മുന്നില്‍ ഒരു തമിഴന്‍ പോലീസുകാരനും മകളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുറകേ പോയതുകൊണ്ട് അധികം ഇടികൊള്ളേണ്ടി വന്നില്ല.
മംഗളാദേവി ക്ഷേത്രത്തില്‍ എത്തി. പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം. നല്ല വീതിയും വണ്ണവുമുള്ള കല്ലുകള്‍ അടുക്കിവെച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വഴിപോലും ഇല്ലാതിരുന്ന കാലത്ത് ഈ കല്ലുകള്‍ അവിടെ എത്തിച്ചത് എങ്ങനെയെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല.
തമിഴന്മാര്‍ ഇത് അവരുടെ അമ്പലമാണെന്ന് വരുത്തിത്തീര്‍ക്കാനായ് ഭസ്മവും കുങ്കുമവും ദേവിയുടെ ഫോട്ടോയുമൊക്കെ വെച്ച് പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. അവിടെ പ്രസാദമായി തക്കാളിച്ചോറും പായസവും കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു. സാനുവിന് അത്യാവശ്യം പൊക്കമുള്ളതുകൊണ്ട് ഒരു പ്ലേറ്റ് വാങ്ങിക്കൊണ്ടുവന്നു. അത് ഞങ്ങള്‍ രണ്ടുപേരുംകൂടി കഴിച്ചു.
നല്ല വെയിലും പൊടിയും ഉള്ളതുകൊണ്ട് ഏതായാലും തിരിച്ചു നടക്കാനാവില്ല എന്ന് ഉറപ്പായി. ജീപ്പ് അന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഒരുപറ്റം സഞ്ചാരികളെ കണ്ടുമുട്ടി. അജു, മനാഫ്, നിഷ. പിന്നെ അവരോടൊപ്പം ജീപ്പ് അന്വേഷണം തുടര്‍ന്നു. അഞ്ചാറ് ജീപ്പുകളുടെ പുറകേ ഓടിയെങ്കിലും കയറ്റിയില്ല. ഒടുവില്‍ നിര്‍ത്തിയിട്ട ഒരു ജീപ്പിന്റെ പിന്നില്‍ ഓടിക്കയറി. എട്ടു പേര്‍ പുറകില്‍ തിങ്ങി നിരങ്ങി ഇരുന്നു.
പൊടി ശല്യം സഹിക്കാന്‍ വയ്യ. എല്ലാം സഹിച്ച് ഒടുവില്‍ ചെക്ക് പോസ്റ്റില്‍ നിര്‍ത്തി, അവിടെ ഏല്‍പ്പിച്ച ക്യാമറ തിരികെ വാങ്ങി. തിരിച്ചു കയറിയപ്പോള്‍ ഞാനും സാനുവും ജീപ്പിന്റെ പിന്നില്‍ തൂങ്ങിക്കിടന്നു. ജീപ്പ് പറക്കുകയായിരുന്നു. ഒന്ന് പിടി വിട്ടാല്‍ ഞങ്ങള്‍ തവിടുപൊടി! ഒടുവില്‍ കുമളി ബസ്സ്റ്റാന്‍ഡില്‍ വണ്ടി ചവിട്ടി. ഒപ്പമുണ്ടായിരുന്ന ജനാര്‍ദ്ദനന്‍ കുമ്മായത്തില്‍ വീണ പോലെ ആയിരുന്നു.
എല്ലാവരും ഇറങ്ങി. ഒരാള്‍ക്ക് 80 രൂപ വീതം കൊടുത്തു. മനാഫ് ഇക്കയും സംഘവും കാറിനാണ് വന്നത്. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി ഞങ്ങള്‍ അവരോട് യാത്ര പറഞ്ഞു.
അടുത്തുള്ള ഹോട്ടലില്‍ കയറി ഉണ് കഴിച്ചു. തിരിച്ചിറങ്ങി. സ്റ്റാന്‍ഡില്‍ ഞങ്ങള്‍ വന്ന ബസ് കിടപ്പുണ്ടായിരുന്നു. 1.30-ന് എടുക്കും. ഞങ്ങള്‍ ഒരു കുപ്പി വെള്ളവും വാങ്ങി അതില്‍ കയറി ഇരുന്നു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വന്നപ്പോള്‍ കേട്ട അതേ ഏ.ആര്‍. റഹ്മാന്‍ ഗാനങ്ങള്‍. ഞങ്ങള്‍ അതില്‍ ലയിച്ച് അങ്ങനെയങ്ങ് ഉറങ്ങി.
എട്ടുമണിയോടെ വൈറ്റില ഹബ്ബില്‍ എത്തി. ലിഫ്റ്റ് അടിച്ച് വീടെത്തി. ആദ്യം തന്നെ കുളിച്ചു ഫ്രെഷായി. കാലിനൊക്കെ നല്ല വേദന. പെട്ടന്നു തീരുമാനിച്ച ഈ യാത്ര സമ്മാനിച്ചത് മറക്കാനാവാത്ത ഒരു പിടി ഓര്‍മ്മകളാണ്. മംഗളാദേവിയെ അടുത്ത കൊല്ലവും കാണാന്‍ കഴിയണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ കിടന്നു.