ളഞ്ഞുപുളഞ്ഞ റോഡുകൾക്ക് ഇരുവശവും വനത്തിന്റെ വശ്യമായ സൗന്ദര്യം. ഉച്ചസമയത്തുപോലും സൂര്യപ്രകാശം റോഡിലെത്താത്ത കാനനപാത. യാത്രയ്ക്കിടയിൽ കാട്ടാനയുടെ ഭയപ്പെടുത്തുന്ന ചിന്നംവിളിയും മരങ്ങൾ ചവിട്ടിമെതിക്കുന്നതിന്റെ ശബ്‌ദവും. കൂടാതെ റോഡിൽ അങ്ങിങ്ങായി ആനപിണ്ടങ്ങളും. മയിൽ, കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കാഴ്ച വേറെയും. ഇതെല്ലാം തോട്ടം മേഖലയുൾപ്പെട്ട മാമ്പഴത്തറയിലേക്കുള്ള യാത്രയ്ക്കിടയിലെ കാഴ്ചകളാണ്.

വനവും തോട്ടംമേഖലയും നിറഞ്ഞ മാമ്പഴത്തറയിലേക്കുള്ള യാത്ര ആരെയും ആനന്ദിപ്പിക്കും. ഹാരിസൺ എസ്റ്റേറ്റിൻെറ റബർതോട്ടവും റബർ മുറിച്ച ഭാഗത്ത് കിലോമീറ്ററുകൾ നീണ്ട കൈതച്ചക്ക കൃഷിയുമൊക്കെ ആസ്വദിക്കാം. വാഹനത്തിരക്കില്ലാത്തതും ആശ്വാസമാണ്. യാത്രയ്ക്കിടെ ചെറുതോടുകളും കുളിർമയാണ്. എന്നാൽ വനത്തിൽനിന്ന് ഒഴുകിയെത്തുന്നതിനാൽ കുളയട്ടയുടെ ശല്യമുണ്ട്. കഴുതുരുട്ടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ പിന്നിടുമ്പോൾ മെത്താപ്പ് വ്യൂ പോയിൻറ് എത്തും. പാതയോട് ചേർന്നുതന്നെ സഞ്ചാരികൾക്ക് പ്രകൃതിയൊരുക്കിയ വിദൂര കാഴ്ചകളാസ്വദിക്കാം. വളഞ്ഞുപുളഞ്ഞു വനത്തിന്റെ വശ്യതയിലേക്ക് പോകുന്ന റോഡും കണ്ണെത്താദൂരത്ത് പ്രകൃതിയുടെ മനോഹര കാഴ്ചയെല്ലാം വിസ്മയിപ്പിക്കും. ഒറ്റപ്പെട്ട റോഡായതിനാൽ വാഹനങ്ങളുടെ ക്ഷമത ഉറപ്പുവരുത്തണം. പലപ്പോഴും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡിലും പാതയോരങ്ങളിലുമൊക്കെ നിൽക്കാനിടയുണ്ട്. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ പലപ്പോഴും പത്തും പതിനഞ്ചും കാട്ടാനകൾ വരെയുണ്ടാകും. അതിനാൽ യാത്രയിൽ വന്യമൃഗങ്ങളുടെ മുന്നിൽ അകപ്പെടാതിരിക്കാൻ പ്രത്യേക കരുതലുണ്ടാകണം.

Peacock Mambazhathara
കഴുതുരുട്ടി-മാമ്പഴത്തറ റോഡരികിൽ നിൽക്കുന്ന മയിൽ

ഇവിടുത്തെ മറ്റൊരു ആകർഷണമാണ് പ്രശസ്തമായ മാമ്പഴത്തറ ദേവീക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൾകൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിന് ആര്യങ്കാവ് അയ്യപ്പക്ഷേത്രവുമായി അടുത്ത ബന്ധമാണുള്ളത്. അയ്യപ്പന്റെറ വധുവെന്ന സങ്കൽപ്പമാണ് മാമ്പഴത്തറ ദേവിക്ക്. അതിനാൽ തന്നെ എല്ലാ വർഷവും കല്യാണ നിശ്ചയത്തിന് സമമായ ചടങ്ങുകൾ ആര്യങ്കാവ് ക്ഷേത്രത്തിൽ നടക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് നടക്കുന്ന തൃക്കല്യാണ ചടങ്ങുകൾ പ്രശസ്തമാണ്. മാമ്പഴത്തറ ദേവീക്ഷേത്രത്തിൽ നിന്ന് ദേവിയെ ദീപപ്രഭയിൽ ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിൽ എത്തിക്കുകയും വലിയ ആഘോഷവുമായി എല്ലാവർഷവും കൊണ്ടാടാറുണ്ട്.

Methapp
മെത്താപ്പിനു സമീപം സാധാരണയായി കാട്ടാനകളിറങ്ങുന്ന തുറസായ ഭാഗം

ജില്ലാ ടൂറിസവുമായി ബന്ധപ്പെട്ട് പുത്തൻ പദ്ധതി തയ്യാറാക്കിയാൽ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരാൻ സാധ്യതയുള്ള മേഖല കൂടിയാണ് പ്രദേശം. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങളും അതിനൊപ്പം മുന്നറിയിപ്പു സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ബൈക്കിലും കാറിലുമൊക്കെ വെറുതെയൊരു കറക്കത്തിന് താല്പര്യമുള്ളവർക്ക് പറ്റിയസ്ഥലമാണ്.

Nedumbarayar
കഴുതുരുട്ടി നെടുമ്പാറയാർ

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാതയാണ് മാമ്പഴത്തറ. തിരുവിതാംകൂർ രാജഭരണകാലത്തെനു മുൻപ് മാമ്പഴത്തറ വഴി തമിഴ്‌നാട്ടിലേക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇന്നുകാണുന്ന കൊല്ലം-ചെങ്കോട്ട റോഡ് അന്നില്ല. അതിനാൽതന്നെ തമിഴ്നാടുമായി വ്യാപാരബന്ധത്തിന് ഈ പാതയാണ് ഉപയോഗിച്ചിരുന്നത്. മൂന്നടി പാതയായിരുന്നത് തിരുവിതാംകൂർ രാജാക്കന്മാരാണ് വികസിപ്പിച്ചത്. തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് കഴുതുരുട്ടി, മാമ്പഴത്തറ വഴിയായിരുന്നു ചാലിയക്കര, പുനലൂർ, പത്തനാപുരം ഭാഗത്തെത്തിയിരുന്നത്. റോഡിന് മാറ്റം വന്നസ്ഥലങ്ങളിൽ പണ്ടത്തെ റോഡിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുള്ളതായി പഴമക്കാർ പറയുന്നു. അന്നത്തെ ഇതുവഴിയുള്ള യാത്ര പ്രധാനമായും കാൽനട അല്ലെങ്കിൽ വില്ലുവണ്ടിയിലായിരുന്നു. നിബിഡ വനപ്രദേശമായതിനാൽ പത്തും ഇരുപതും പേർ ചേർന്നുള്ള ചെറു സംഘങ്ങളായാണ് അന്നത്തെ യാത്രയെല്ലാം. 

പുനലൂർ-നെല്ലിപള്ളി-ചാലിയക്കര വഴിയും കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 15 കി.മീറ്റർ യാത്ര ചെയ്തും മാമ്പഴത്തറ യാത്ര ആസ്വദിക്കാം.

Content Highlights: Mambazhathara travel, mambazhathara devi temple, village tourism, kollam tourism