മേഘങ്ങളെ ഉമ്മ വച്ചുറങ്ങുന്ന ഒരു ഗ്രാമം. അവിടെ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ പിതാവ് ജമദഗ്‌നി മഹര്‍ഷിയെ ആരാധിക്കുന്ന ഗ്രീക്കുകാര്‍. സമുദ്ര നിരപ്പില്‍ നിന്ന് 9000 അടി ഉയരത്തില്‍ വാഹനങ്ങള്‍ കടന്നെത്താത്ത നിഗൂഢതകള്‍ നിറഞ്ഞ ഭൂമി. മലനിരകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകള്‍. ഇടക്കിടെ ഗ്രാമത്തിലേക്ക് മേഘം ഇറങ്ങി വരുന്നത് പോലെ മഞ്ഞ് വിരുന്നെത്തും. വര്‍ഷത്തില്‍ നാലഞ്ച് മാസം ഐസ് മൂടി തണുത്തുറഞ്ഞ് പോവുന്നയിടം. അതാണ് മലാന. ഹിമാചല്‍ പ്രദേശില്‍ കുളുവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ.

17 വര്‍ഷം മുമ്പ് നടത്തിയ യാത്രയാണിത്. അന്ന് മലാനയില്‍ എത്തിപ്പെടാന്‍ എളുപ്പമല്ല. നഗ്ഗറില്‍ നിന്ന് ചന്ദെര്‍ക്ഖനി പാസ് വഴി രണ്ട് ദിവസം മല കയറി ഇറങ്ങി പോവുന്നതാണൊരു വഴി. മറ്റൊന്ന് ജാരിയില്‍ നിന്ന് ഒരു ദിവസത്തെ മലകയറ്റം. രണ്ട് വഴി പോയാലും വാഹന സൗകര്യമില്ല.

കുളുവില്‍ എത്തിയിട്ട് രണ്ട് ദിവസമായി. മലാനയിലേക്ക് പോവാന്‍ ഒരു മാര്‍ഗവും കാണുന്നില്ല. നഗ്ഗര്‍ വഴി ഒരു കാരണവശാലും ഒറ്റയ്ക്ക് മലാനയിലേക്ക് പോവാന്‍ കഴിയില്ല. അത്രയ്ക്ക് ദുര്‍ഘടമാണ് പാത. കൂടാതെ ട്രെക്കിങ് തന്നെ രണ്ട് ദിവസം വേണം. നഗ്ഗരിലും അതിനടുത്ത റുംസുവിലും പോയി നോക്കിയെങ്കിലും ആരും അടുത്ത ഒരാഴചത്തേക്ക് മലാനയിലേക്ക് പോവുന്നില്ല. മലാനയിലെത്താതെ തിരികെ മടങ്ങാന്‍ മനസ് സമ്മതിക്കുന്നില്ല. മണാലിയില്‍ വെച്ച് പരിചയപ്പെട്ട കല്‍ക്കട്ട സ്വദേശികള്‍ ആ രീതിയിലാണു മലാനയെ വര്‍ണ്ണിച്ചത്.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ജാരിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. സെപ്തംബറിലെ ഒരു തെളിഞ്ഞ പ്രഭാതത്തില്‍ കുളുവില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഭുന്തറിലേക്ക് ഒരു ബൈക്കിന്റെ പുറകില്‍ കയറി പുറപ്പെട്ടു. കുള്ളുവിലെ ലോഡ്ജ് ഉടമ ഭുന്തറിലെ തന്റെ സുഹൃത്തായ ഹരിചന്ദ് താക്കൂറിന് ഒരു കത്ത് തന്നിട്ടുണ്ടായിരുന്നു. ഹരിചന്ദ് താക്കൂറിന് മലാനയുമായി ചില വ്യാപാര ബന്ധങ്ങളുണ്ട്. ഒരു പക്ഷേ മലാനയിലേക്കുള്ള യാത്രയില്‍ അത് സഹായകമായേക്കാം. ഹരിചന്ദ് താക്കൂറിനെ കണ്ട് കത്ത് കൊടുത്ത് കാര്യം പറഞ്ഞു. താക്കൂര്‍ ജാരിയിലെ മുകുന്ദ് തക്കൂറിനെ പോയി കാണാന്‍ പറഞ്ഞു. ഒരു കത്തും തന്നു. ജാരിയിലേക്ക് ഉച്ച കഴിഞ്ഞ് പോവുന്ന ഒരു സംഘത്തിനോടൊപ്പം പോവാനും ഏര്‍പ്പാടാക്കി.

malana
Photo Credit: Neeraj D. 

പാര്‍വതി നദി ബിയാസ് നദിയില്‍ ചേരുന്നിടത്താണ് ഭുന്തര്‍. അതി മനോഹരമായ ഒരു താഴ്‌വര. അതിസുന്ദരമായ വഴിയിടകള്‍. തോട്ടങ്ങള്‍. ബിയാസ് നദിയുടെ കരയിലൂടെ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി നടക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. സ്വഛമായൊഴുകുന്ന നദിയും തഴുകിയെത്തുന്ന കാറ്റും മാത്രമേ അവിടെ നമുക്കൊപ്പം ഉള്ളൂ. അങ്ങനെ 2 മണിയോടെ ജാരിയിലേക്ക് യാത്ര തുടങ്ങി. 25 കിലോമീറ്റര്‍ ദൂരം.

ഭുന്തറില്‍ നിന്ന് പാര്‍വതി നദിയുടെ കരയിലൂടെയാണ് യാത്ര. ജാരിയില്‍ നിന്ന് ഭുന്തറില്‍ വന്ന് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന സംഘത്തില്‍ ആറ് പേരുണ്ട്. പതിഞ്ഞ മൂക്കും കൂമ്പിയ കണ്ണുകളും റോസ് നിറവുമുള്ള ഗ്രാമീണര്‍. ഇടക്കിടെ ചുരുട്ട് വലിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ച് കൂനിയിരിക്കുന്ന അവര്‍ക്കൊപ്പം യാത്ര തുടങ്ങി.

വര്‍ണനാതീതമാണ് കാഴ്ചകള്‍. ഹിമാചലിലെ ഏത് വഴിയും പോലെ ഇതും വിസ്മയങ്ങളുടെ മായക്കാഴ്ചകളൊരുക്കി. ഓരോ വളവിലും പുതിയ ദൃശ്യങ്ങള്‍. ഇടക്കിടെ ചെറു വെള്ളച്ചാട്ടങ്ങള്‍. അകലെയായി മഞ്ഞ് ശിഖരങ്ങളുള്ള മലകള്‍. പൈന്‍ മരങ്ങളും ദേവതാരുവും ഇടതൂര്‍ന്ന് വളരുന്ന വനങ്ങള്‍. ആട്ടിന്‍ കൂട്ടങ്ങളെ തെളിച്ച് വരുന്ന ഗ്രാമീണ സ്ത്രീകള്‍. പലരുടെയും പുറത്ത് തുണി കൊണ്ട് തൊട്ടില്‍ പോലെ കെട്ടി അതില്‍ ഭംഗിയായി മുറിച്ച് അടുക്കി വെച്ച വിറക് കെട്ടുകള്‍. വഴിയരികില്‍ തുള്ളിക്കളിക്കുന്ന കുട്ടികള്‍. അവര്‍ പല നിറങ്ങളുള്ള രോമക്കുപ്പായവും വട്ടത്തൊപ്പിയും അണിഞ്ഞിരുന്നു. പൂക്കള്‍ പറിച്ചും തുമ്പിയെ പിടിച്ചും ഓടിച്ചാടി നടക്കുന്ന ആ കുട്ടികള്‍ ഈ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ളവരായിരുന്നു.

sanchari

സഹയാത്രികര്‍ എല്ലാരും താക്കൂര്‍ സമുദായക്കാരാണ്. മലാനയിലേക്ക് പോവുന്നത് എന്തിനാണെന്നവര്‍ കുത്തിക്കുത്തി ചോദിച്ചു. മലാനയില്‍ ഉത്സവത്തിനു മാത്രമേ അവര്‍ പോവാറുള്ളൂ. കഴിഞ്ഞ മാസമായിരുന്നു ഉത്സവം. മലാനക്കാര്‍ രജ്പുത് വംശമാണ്. താക്കൂര്‍മ്മാരും രജ്പുത് തന്നെ. പക്ഷേ മലാനക്കാര്‍ താക്കൂര്‍മാരെ അസ്പൃശ്യരായി കാണുന്നു. അതാണ് അവര്‍ക്ക് മലാനയോട് എതിര്‍പ്പ്.
അതിനിടെ ഒരു താക്കൂര്‍ രഹസ്യമായി പറഞ്ഞു. മലാനക്കാര്‍ കഞ്ചാവ് കച്ചവടക്കാരും ദുര്‍മ്മന്ത്രവാദികളുമാണ്. അവരെ സൂക്ഷിക്കണം. അവരുടെ വീടിന്റെ ചുമരില്‍ അറിയാതെ തൊട്ട് പോയാല്‍ ശുദ്ധിക്രിയകള്‍ക്കായി ആടിനെ ബലി നല്‍കാനുള്ള തുക ഈടാക്കും. ഗ്രാമക്കോടതി കൂടി കുറ്റവാളികളെ കല്ലില്‍ ചേര്‍ത്ത് കെട്ടി കൊക്കയിലേക്ക് തള്ളിയിടും. അങ്ങനെ കുറേയധികം 'രഹസ്യങ്ങള്‍'. മലാനയുടെ നിഗൂഢതകള്‍ കൂടിക്കൂടി വരികയാണ്. ഓരോ താക്കൂറിനും മലാനക്കാരെ പറ്റി പറയാന്‍ ഓരോ കുറ്റമെങ്കിലും ഉണ്ട്. പക്ഷേ എല്ലാവരും ഒരു കാര്യം സമ്മതിച്ചു. മലാന ഒരു സ്വര്‍ഗഭൂമിയാണ്. അതി സുന്ദരമായ ഭൂമി. അവിടത്തെ ആള്‍ക്കാര്‍ മാത്രമാണ് പ്രശ്‌നക്കാര്‍. ഒടുവില്‍ ജാരിയില്‍ എത്തി.

മുകുന്ദ് താക്കൂറിന്റെ വീട് ഒരു ചെറിയ കുന്നിന്‍പുറത്താണ്. ഹരിചന്ദ് താക്കൂറിന്റെ പെങ്ങളാണ് മുകുന്ദ് താക്കൂറിന്റെ ഭാര്യ. മലാനയില്‍ എന്തിനു പോവുന്നു എന്ന ചോദ്യം ചെയ്യല്‍ ഇവിടെയും ആവര്‍ത്തിച്ചു. ഒടുവില്‍ മറ്റ് ലക്ഷ്യങ്ങളില്ലാത്ത ഒരു സഞ്ചാരിയാണെന്ന് ബോധ്യപ്പെട്ട താക്കൂര്‍ മലാനയിലെത്താന്‍ സഹായിക്കാം എന്നേറ്റു. മറ്റന്നാള്‍ രാവിലെ താക്കൂറിന്റെ ജോലിക്കാരായ മായംഗ്, സുകുള്‍ എന്നിവര്‍ മലാനയിലേക്ക് പോവുന്നുണ്ട്. അവരുടെ കൂടെ പോവാം. മലാനക്കാരെ സൂക്ഷിക്കണം എന്ന താക്കീത് താക്കൂര്‍ ആവര്‍ത്തിച്ചു. യാത്ര തുടങ്ങും വരെ അവിടെ താമസിക്കാം. നാളെ ജാരിയും പരിസരവും ചുറ്റിക്കറങ്ങാന്‍ സുകുള്‍ കൂടെ വരും.

അന്ന് രാത്രി താക്കൂറിന്റെ ഭാര്യ നല്ലൊരു സദ്യ തന്നെ വിളമ്പി. അടുക്കളയും ഭക്ഷണമുറിയും ഒരുമിച്ചാണ്. വെണ്ടക്ക സൂപ്പില്‍ മുക്കി സമൂസ പോലെയുള്ള നല്ല എരിവുള്ള ഒരു പലഹാരം കഴിച്ചാണ് അത്താഴത്തിന്റെ തുടക്കം. പിന്നെ കുഴിയടുപ്പില്‍ ചുട്ടെടുത്ത റൊട്ടി. അതില്‍ ചൂടോടെ നെയ്യ് കോരിയൊഴിക്കും. എന്നിട്ട് ഉള്ളിയും തക്കാളിയും പച്ചമുളകും ഇഞ്ചിയും ചെറുനാരങ്ങയും പിന്നെ പേരറിയാത്ത എന്തൊക്കയോ സാധനങ്ങളും ചേര്‍ത്തരച്ച ഒരു ചമ്മന്തി അതിനു മുകളില്‍ പുരട്ടും. കൂടെ കക്കിരി പോലെ ഒരു പച്ചക്കറി അരിഞ്ഞിട്ട് ജീരകം കൊണ്ട് വറവിട്ട കുറുകിയ ദാല്‍ കറി. ആട്ടിന്‍പാല്‍ കൊണ്ടുണ്ടാക്കിയ കട്ടിത്തൈരില്‍ പഞ്ചസാരയും മസാലയും ചേര്‍ത്ത ലസ്സി. രസികന്‍ അച്ചാറ്. ഉണക്ക മുന്തിരിയും ആപ്രിക്കോട്ടും വള്‍നട്ടും മറ്റ് എന്തൊക്കെയോ ഉണക്ക പഴങ്ങളും പഞ്ചസാര സിറപ്പില്‍ ഇട്ട അതിമധുരമുള്ള ഒരു കുഴമ്പ്. നല്ല രുചിയുള്ള ഭക്ഷണം. സ്‌നേഹം നിറച്ച് വിളംബിത്തന്നപ്പോള്‍ സഞ്ചാരി ആവശ്യത്തിലധികം കഴിച്ചു. പിന്നെ മലാനയെ സ്വപ്നം കണ്ട് കിടന്നുറങ്ങി.

പിറ്റേന്ന് സുകുളിനൊപ്പം ജാരി ചുറ്റി നടന്ന് കണ്ടു. ജാരിയും രണ്ട് നദികളുടെ സംഗമമാണ്. മലാന നദി പാര്‍വ്വതി നദിയില്‍ ചേരുന്നിടത്ത് പോയി. മലാന നദിയില്‍ ഒഴുകി വരുന്ന വെള്ളം കണ്ണീരു പോലെ ശുദ്ധമാണ്. അടിത്തട്ട് ഒരു ചില്ലുപാളിക്കടിയിലെന്ന പോലെ വ്യക്ത്മായി കാണാം. അത്രയും ശുദ്ധമാണ് അവിടുത്തെ ജലം.

ജാരിയിലെ ജനങ്ങള്‍ സൗമ്യരാണ്. തിരക്കുള്ള ആരെയും അവിടെ കണ്ടില്ല. പ്രശാന്തമായ ഒരിടം. പ്രസന്നരായ ഒരു ജനത. പിറ്റേന്ന് രാവിലെ ഞങ്ങള്‍ മലാനയിലേക്ക് തിരിച്ചു. സുകുളും മായംഗും ഞാനും. അത്യാവശ്യമില്ലാത്ത ലഗേജ് താക്കൂറിന്റെ വീട്ടില്‍ വെച്ചു. ബണ്ണും ബ്രെഡും ചപ്പാത്തിയും വെള്ളവും പഴങ്ങളും റ്റെന്റ് അടിക്കാനുള്ള ടാര്‍പായയും കയറുമൊക്കെയായി യാത്ര തുടങ്ങി. മായംഗിനു മുപ്പത് വയസ്സ് പ്രായം കാണും. സുകുളിനു ഇരുപതും. രണ്ടാളും ചെറുപ്പം മുതലേ താക്കൂറിന്റെ ജോലിക്കാരാണ്. മലകള്‍ കയറിയും മണ്ണു കിളച്ചും നീന്തിക്കുളിച്ചും നല്ല ആരോഗ്യമുള്ളവര്‍. അവര്‍ക്കൊത്ത വേഗത്തില്‍ മല കയറാന്‍ എനിക്ക് കഴിഞ്ഞില്ല. അത് പെട്ടെന്ന് മനസ്സിലാക്കി അവര്‍ വേഗത കുറച്ചു. ഇടക്ക് വിശ്രമിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

മലാന നദിക്കരയിലെ പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ ആ സ്വപ്നഭൂമി തേടിയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. ശ്വാസം വിട്ട് പിരിയുവോളം കാലം അതൊരു നിത്യ ഓര്‍മ്മയായങ്ങിനെ കിടക്കും. ചില്ല് ഉരുകിയൊഴുകി വരും പോലെയുള്ള നദി. ഉരുളന്‍ കല്ലുകളില്‍ തട്ടി പതഞ്ഞൊഴുകുന്നു. ഇടക്ക് മലഞ്ചെരിവുകളില്‍ നിന്ന് അവള്‍ എടുത്ത് ചാടും. ആയിരം വെള്ളിക്കൊലുസുകള്‍ പോലെ ആര്‍ത്തലച്ച് താഴേക്ക്. അവള്‍ ചാടുന്ന വഴിയില്‍ തള്ളി നില്‍ക്കുന്ന പാറക്കെട്ടുകളില്‍ പതിച്ച് വീണ്ടും ചിതറിത്തെറിച്ച് താഴേക്ക് ഒഴുകിയിറങ്ങും. ചെരിഞ്ഞ് പതിക്കുന്ന സൂര്യരശ്മികള്‍ ആ വെള്ളിപ്പുഴച്ചാട്ടത്തിന് മാസ്മരിക ഭാവമേറ്റും. ഒഴുകിയെത്തുന്ന വഴിക്കിരുപുറവും അതിരിടുന്നത് പച്ചയുടെ പല ഷേഡുകള്‍ ഉള്ള പുല്‍മേടുകളാണ്. അതിനുമപ്പുറം പൈന്‍ കാടുകളും. വഴിയിലെല്ലാം പേരറിയാത്ത പൂക്കള്‍. പല വര്‍ണ്ണത്തില്‍. പല വലുപ്പത്തില്‍. പല രൂപത്തില്‍. കണ്ണിനും ഹൃദയത്തിനും കുളിരു പകരുന്ന ദൃശ്യങ്ങള്‍. തെളിവെയില്‍ ഇടക്ക് ചാറ്റല്‍ മഴക്ക് വഴിമാറും. പിന്നെ ഇടക്ക് കട്ടികൂടിയ മൂടല്‍ മഞ്ഞ് വന്ന് കാഴ്ച മറക്കും. അങ്ങനെ ഒരു മണിക്കൂറിനകം തന്നെ ഋതുക്കള്‍ പലത് മാറി മാറി വന്നണയും.

malana
Photo credit: Neeraj D.

നടന്ന് നീങ്ങവേ പൊടുന്നനെ ചെങ്കുത്തായ കയറ്റത്തിലെത്തി. പാറമേല്‍ അള്ളിപ്പിടിച്ചും നിരങ്ങി നീങ്ങിയും കയറണം. സുകുള്‍ ആദ്യം കയറും. പുറകെ ഞാന്‍. ഏറ്റവും പുറകില്‍ മായംഗ്. ചില കയറ്റങ്ങള്‍ അതി സാഹസികമായിരുന്നു. കുത്തനെ എന്ന വാക്കിന്റെ എല്ലാ ലക്ഷണവുമൊത്ത ചില പാറകള്‍. അവയുടെ പള്ളയിലേക്ക് അനായസം കയറി നിന്ന് സുകുള്‍ താഴേക്ക് കയറെറിഞ്ഞ് തരും. അതില്‍ തൂങ്ങി സകല അഭ്യാസങ്ങളും കാണിച്ച് ഒരുവിധം മുകളിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ കയറില്ലാതെ കയറി തൊട്ടു പിന്നില്‍ ചിരിച്ചുകൊണ്ട് മായംഗ്. അവന്റെ പുഞ്ചിരിക്കു പിറകിലായി അകലെ കാണാം ബിയാസിന്റെ താഴ്‌വാരവും പാര്‍വ്വതി നദിയുടെ താഴ്‌വാരവും. 

വെയില്‍ തട്ടി തിളങ്ങി വെള്ളിയരഞ്ഞാണം പോലെ ഒഴുകിയിറങ്ങുന്ന നദികള്‍. അവയിലേക്ക് ഇടക്ക് വന്നു ചേരുന്ന കൈത്തോടുകള്‍. അതിരിട്ട് തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങള്‍. അകലെ ചക്രവാളത്തോളം പരന്നു കിടക്കുന്ന താഴ്‌വരകള്‍. താഴെ ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ക്കരികെ ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികളില്‍ വെയില്‍ തട്ടി വെളുപ്പിന്റെ പല ശുഭ്രതകള്‍ കാണാം. ഇടക്കൊക്കെ വശങ്ങളില്‍ മുകളിലായുള്ള വെള്ളച്ചാട്ടങ്ങളില്‍ അതേ വെയില്‍ അതേ വെള്ളത്തുള്ളികളില്‍ തട്ടി മഴവില്ലു വരച്ചതും കാണാം. പിന്നെ എല്ലാം മായ്ച്ച് കൊടും മഞ്ഞ് പാഞ്ഞെത്തും. ചൂളിക്കുത്തുന്ന തണുപ്പും ഇരമ്പിയടിക്കുന്ന കാറ്റും മഞ്ഞിനൊപ്പം വരും. മഫ്‌ലര്‍ കൊണ്ട് മുഖം മൂടി വച്ചില്ലെങ്കില്‍ മുറിയും. അത്രയും ശക്തമാണത്. പക്ഷേ മഞ്ഞു വീഴ്ച അല്ല. മേഘം വന്ന് കയറുന്നത് പോലെയാണു തോന്നുക.

കയറ്റത്തിനിടെ നദിയെ പലതവണ അങ്ങോട്ടും ഇങ്ങോട്ടും ക്രോസ്സ് ചെയ്തു. ആഴം കുറഞ്ഞിടത്ത് വടി കുത്തിപ്പിടിച്ച് നടന്ന് അക്കരെ കയറുമ്പോഴേക്കും കാല്‍ മരവിക്കും. ഒന്നു രണ്ട് തവണ ചെറിയ തീ കൂട്ടി കാല്‍ ചൂടാക്കിയ ശേഷം യാത്ര തുടര്‍ന്നു. യാത്ര തുടരും മുന്‍പ് മറക്കാതെ വെള്ളം കോരിയൊഴിച്ച് തീ അണഞ്ഞെന്നുറപ്പ് വരുത്തിയ അവര്‍ വലിയൊരു പാഠമാണു പകര്‍ന്നത്. ചെങ്കുത്തായ കയറ്റങ്ങളിലും പുഴയിലും വെച്ച് കാലിടറിയപ്പൊഴെല്ലാം സുകുളിന്റെയും മായംഗിന്റെയും കരുത്തുറ്റ കൈകള്‍ പല തവണ എന്നെ താങ്ങി. താഴെ വീണാല്‍ തരിപോലും കിട്ടാനിടയില്ലാത്ത കൊക്കകളില്‍ പതിക്കാതെ കാത്ത ആ നാലു കൈകള്‍ ഇല്ലായിരുന്നെങ്കില്‍?

നടന്നും കയറിയും ഇരുന്നും കിടന്നും ദാഹം മാറ്റിയും വിശപ്പാറ്റിയും തണുപ്പകറ്റിയും എട്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെത്തി. അത്ര ദിവസങ്ങളില്‍ കഷ്ടതകളേറെ സഹിച്ച് തേടിയലഞ്ഞ ആ സ്വപ്നഭൂമി. മലാന. അത്ര നേരം സഹിച്ചതെല്ലാം ആ കാറ്റടിച്ചപ്പോള്‍ അലിഞ്ഞു പോയി. ആ വായു കൊതി തീരാതെ അകത്തേക്ക് ആഞ്ഞു വലിച്ചു. ഹിമാലയത്തിന്റെ മല മടക്കുകള്‍ക്കിടയില്‍ മേഘങ്ങളൊട് കിന്നാരം പറഞ്ഞ് തൊട്ട് മുന്നില്‍ അതാ മലാന. ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരമായ ഗ്രാമം.

ഗ്രാമത്തിന്റെ പുറക് ഭഗത്താണു ഞങ്ങള്‍ ഉള്ളത്. അവിടെ നിന്ന് ചെരിഞ്ഞിറങ്ങി പിന്നെയും നാലുപാടേക്കും കുന്നുകള്‍ കയറി വളര്‍ന്നു നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമം. നൂറോ നൂറ്റന്‍പതോ വീടുകള്‍. അല്‍പം വലിയ എടുപ്പുകളായി നില നില്‍ക്കുന്ന ക്ഷേത്രങ്ങള്‍. എല്ലാ കെട്ടിടങ്ങളും മരം കൊണ്ടാണു പണിതിട്ടുള്ളത്. ഇടക്കിടെ കല്ലും ഉപയോഗിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ നടുക്കായി കല്ല് പാകിയ നാട്ടു വഴിയുണ്ട്.

ഗ്രാമത്തിലെ ആരെയും തൊടരുത്. അവിടത്തെ ഒരു കെട്ടിടത്തിലും തൊടരുത്. അവരുടെ സുഹൃത്ത് ഭൂപനൊപ്പം കാഴ്ചകള്‍ നടന്നു കാണാം. ഗ്രാമത്തിനു പുറത്ത് ഒരു പുല്‍ മൈതാനമുണ്ട്. അവിടെ രാത്രി ഏഴ് മണിയോടെ വന്നാല്‍ മതി. അവരവിടെ ടെന്റ് അടിച്ച് കാത്തു നില്‍ക്കും. ഇത്രയും നിര്‍ദ്ദേശങ്ങളും വെള്ളവും ഭക്ഷണവും ഏല്‍പ്പിച്ച് ഭൂപന്‍ എന്ന ചെറുപ്പക്കാരനൊപ്പം എന്നെ വിട്ട് മായംഗും സുകുളും പോയി. അവര്‍ക്ക് അവരുടെ ജോലി തീര്‍ക്കണം.

ഭൂപന്‍ മലാന നിവാസിയാണ്. പക്ഷേ രജ്പുത് അല്ല. അവിടെ രജ്പുത് അല്ലാത്ത രണ്ട് മൂന്ന് കുടുംബം മാത്രമേ ഉള്ളൂ. ഞങ്ങള്‍ മലാനയുടെ ഉള്ളിലേക്ക് നടന്നു. വഴിയരികില്‍ നിറയെ വീടുകള്‍. മരം കൊണ്ട് രണ്ടും മൂന്നും നിലകളായി കെട്ടിപ്പടുത്ത വീടുകള്‍.

ആളുകള്‍ പ്രത്യേക ഭംഗിയുള്ളവരാണ്. അവരില്‍ പലരുടെയും മുടി യൂറോപ്യന്മാരുടേത് പോലുണ്ട്. നിറയെ കന്നുകാലികളും ആടുകളുമുണ്ട്. വീടുകളുടെ മുകള്‍ നിലയിലാണു താമസം. താഴെ നിലകള്‍ മുഖ്യമായും സ്റ്റോറേജ് ആണ്. അതി മനോഹരമാണ് ഓരോ വീടും. എഴുനൂറിനും ആയിരത്തിനുമിടക്ക് ആയിരിക്കണം ജനസംഖ്യ. ഞങ്ങള്‍ ധര്‍മ്മശാലക്കടുത്തെത്തി. അവിടെ പകിട കളി തകൃതിയായി നടക്കുന്നു. പംജി എന്നാണ് കളിയുടെ പേര്. മലാനക്കാരുടെ മുഖ്യ വിനോദം.

വഴിയരികിലെ ഒരു കല്ലില്‍ ഞങ്ങളിരുന്നു. അതിലെ നടന്നു പോയവര്‍ ഞങ്ങളെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. ഇടക്ക് ഒരു മധ്യവയസ്‌കന്‍ ഒന്നു ചിരിച്ചു. അയാള്‍ ഞങ്ങളുടെ അടുത്ത് വന്ന് നല്ല ഹിന്ദിയില്‍ സംസാരിച്ചു. മൂവായിരം കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വന്ന സഞ്ചാരിയാണെന്നറിഞ്ഞപ്പോള്‍ കക്ഷിക്ക് അല്‍പം ദയ തോന്നി. തനിക്കൊപ്പം വന്നോളാന്‍ പറഞ്ഞു. ഭൂപനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് അദ്ദേഹം എന്നെയും കൂട്ടി നടന്നു. അദ്ദേഹം മലാനയിലെ ഉപപ്രധാന്‍ ആണ്. പേര്‍ ഹരിവംശ് രാജ്. താക്കൂര്‍മ്മാര്‍ ജാരിയിലേക്കുള്ള യാത്രയില്‍ പറഞ്ഞിരുന്നു രജ്പുത് വംശം ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ജാതിയായി കാണുന്ന മലാനക്കാര്‍ അല്‍പമെങ്കിലും തൊട്ടു കൂടായ്മ കാണിക്കാത്തത് ബ്രാഹ്മണരോടാണെന്ന്. എന്നോ പഠിച്ച ചില സംസ്‌കൃത ശ്ലോകങ്ങള്‍ കൈവശമുള്ളത് അന്ന് വല്ലാതെ ഉപകാരപ്പെട്ടു. ശ്ലോകങ്ങളുദ്ധരിച്ചുള്ള സംഭാഷണത്തിലൂടെ ഹരിവംശ് രാജിനു മുന്നില്‍ ഒരു ബ്രാഹ്മണനായി ചമഞ്ഞു. പതിയെ അദ്ദേഹം മലാനയുടെ ചരിത്രം വിശദീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍ വിരിഞ്ഞ ചരിത്രം അതുപോലെ ചുവടെ കൊടുക്കുന്നു.

'അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരു ഭാഗം മലാനയില്‍ തമ്പടിച്ചു. അവരുടെ പിന്മുറക്കാരാണ് ഇന്നത്തെ മലാന ജനത. അവതാരപുരുഷനായ പരശുരാമന്റെ പിതാവ് ജമദഗ്‌ന മഹര്‍ഷിയാണവരുടെ ദേവത. ലോകത്തിലെ ഏറ്റവഉം പഴക്കമുള്ള ജനാധിപത്യ റിപബ്ലിക് ആണ് മലാന. അവര്‍ ഒരു ഭരണ കൂടത്തിനും നികുതി കൊടുത്തിരുന്നില്ല. അവരുടെ ഭരണം അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന ഹാകിമ എന്ന ഗ്രാമ കൗണ്‍സില്‍ നടത്തുന്നു. ജനാധിപത്യപരമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് തലങ്ങളിലുള്ള ഗ്രാമ കോടതിയാണ് എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കുന്നത്. പോലിസോ മറ്റ് കോടതിയോ കാര്യങ്ങളില്‍ ഇടപെടാറില്ല. അവരുടെ സ്വന്തം ഭാഷയായ കനാഷി ഭൂമിയില്‍ മേറ്റൊരിടത്തും ഇല്ല. അവരുടെ സംസ്‌കാരവും ജീവിതവും കലര്‍പ്പില്ലാത്തതാണ്. അതിന്റെ സംരക്ഷണം അവരില്‍ ഓരോരിത്തരിലും നിക്ഷിപ്തമാണ്. അക്ബര്‍ ചക്രവര്‍ത്തി മലാനയില്‍ ചികിത്സ തേടി വന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണം മലാനയെ കീഴ്‌പ്പെടുത്തിയിരുന്നില്ലാ...' ആ സായാഹ്നത്തില്‍ ഒരു പുതിയ ലോകമായിരുന്നു ഹരിവംശ് തന്റെ വാക്കുകളില്‍ വരച്ചിട്ടത്. 

നടന്ന് ഗ്രാമത്തിന്റെ മറ്റേ അറ്റത്തുള്ള ഹരിവംശിന്റെ വീടിനു മുന്നില്‍ എത്തിയിരുന്നു ഞങ്ങള്‍. എന്റെ കപട ബ്രാഹ്മണ്യം വിശ്വസിച്ച് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ സഹസ്രാബ്ദങ്ങളായി പരിപാവനതയോടെ സംരക്ഷിച്ച് വരുന്ന ആ സംസ്‌കാരത്തെ കളങ്കപ്പെടുത്താന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ഞാന്‍ അകത്ത് കയറിയില്ല. പുറത്ത് പടിക്കെട്ടിനടുത്ത് ഒരു മരക്കട്ടിലിലിരുന്ന് ആ മാസ്മര പ്രകൃതി ആസ്വദിച്ചു.

ഒരു താഴ്‌വരയിലേക്ക് നീളുന്ന കൊക്കയുടെ വക്കത്താണ് ആ വീട് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് നോക്കിയാല്‍ ചക്രവാളം വരേക്കും താഴ്ന്ന പ്രദേശങ്ങള്‍ മാത്രമേ കാണാനാവൂ. തെളിഞ്ഞ ആകാശത്തിനു കീഴെ പുറകിലൊരു വന്‍ മലയും മുന്നില്‍ അഗാധമായ കൊക്കയും അതിരിടുന്ന ഭൂമി. അതില്‍ ഭംഗിയായ ഒരു ക്രമത്തില്‍ അടുക്കി വെച്ച കെട്ടിടങ്ങള്‍. പ്രകൃതിക്ക് യോജിക്കാത്ത ഒന്നും ഇവിടെ ഇല്ല. ഓരോ വീടും ഓരോ പൈതൃകഭവനമാണ്. നൂറ്റാണ്ടുകളും ഒരു പക്ഷേ സഹസ്രാബ്ദങ്ങളും പഴക്കമുള്ള കെട്ടിടങ്ങള്‍. ആ കെട്ടിടങ്ങളില്‍ തങ്ങളുടെ പ്രപിതാക്കന്മാരുടെ ശ്വാസം തങ്ങിനില്‍ക്കുന്നുണ്ടെന്ന് വിശ്വസിച്ച് തണുത്തുറഞ്ഞ പ്രഭാതങ്ങളും പ്രദോഷങ്ങളും പ്രാര്‍ത്ഥനയാല്‍ നിറക്കുന്ന മനുഷ്യര്‍. ഭൂതകാലത്തിന് കാവലിരിക്കുന്നവര്‍. അവരുടെ കൂടെ ആ മണ്ണില്‍ നില്‍ക്കുമ്പോള്‍ അവാച്യമായ ഒരനുഭൂതി നിറയും മനസ്സിലും ശരീരത്തിലും. നമ്മള്‍ വളര്‍ന്ന ഭൂമിക്ക് അന്യമായത് എന്തോ ഉണ്ട് ഇവിടെ പ്രത്യേകമായി.

അന്നത്തെ സായാഹ്നം മഞ്ഞുമൂടലില്ലാതെ തെളിഞ്ഞതായിരുന്നു. പ്രകൃതി സ്വയം തീര്‍ക്കുന്നതല്ലാത്ത ഒരു ശബ്ദവും ഇല്ല. പ്രകൃതിയില്‍ സ്വാഭാവികമായി ഉള്ളതല്ലാത്ത ഒന്നും കാണാനില്ല. പ്രകൃതിയുടേതല്ലാത്ത ഗന്ധങ്ങളില്ല. പുകയില്ല. ഹോണടികളില്ല. വൈദ്യുത ദീപ പ്രഭയില്ല. കച്ചവടക്കാരില്ല.

ഉള്ളതത്രയും നന്മ പരന്നൊഴുകുന്ന ശാന്തിയാണ്. അവിടത്തെ കാറ്റിനൊരു നൃത്ത ഭംഗിയുണ്ട്. ലാസ്യതാളത്തില്‍ വന്ന് തഴുകി പതിയെ അത് നമ്മളെ ഒരു മായാലോകത്ത് എത്തിക്കും. അല്ലലുകളില്ലാത്ത വേപഥുകളില്ലാത്ത നിത്യമായ ആനന്ദം അനുഭവിച്ചറിയുന്ന ഒരവസ്ഥയിലേക്ക് നമ്മളുയരും. അവിടെ സുഗന്ധം നിറഞ്ഞ വായു നമ്മളെ പൊതിയും. പതിയെ ചെവിയിലേക്കെത്തും പ്രകൃതിയുടെ ശുദ്ധ സംഗീതം. രാഗമേതെന്ന് തിരിച്ചറിയാനാവാത്ത, എന്നാല്‍ സകല നോവുമകറ്റുന്ന ശുദ്ധ പ്രകൃതിസംഗീതം. അതിന്റെ ശബ്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ നമ്മളറിയും മലാന എന്താണെന്ന്. 

ഈ ഗ്രാമം ഉള്ളിലൊളിപ്പിച്ചിട്ടുള്ള വിശുദ്ധി പല തടുക്കുള്ള സാമൂഹ്യ വ്യവസ്ഥകളും വിലക്കുകളും കൊണ്ട് അവര്‍ പരിപാലിക്കുകയാണ്. അമൂല്യമായ പൈതൃകത്തിന്റെ കാവല്‍ക്കാരാണ് ഓരോ മലാനക്കാരനും. സംശയത്തോടെ അവരെന്നെ നോക്കിയതില്‍ തെല്ലും തെറ്റ് കാണാന്‍ വയ്യ. ആ സംശയം അവരില്‍ നിന്നകലുവോളമേ അവരുടെ മഹദ് പാരമ്പര്യത്തിന് ആയുസ്സുള്ളൂ.

ഹരിവംശിന്റെ വീട്ടില്‍ നിന്ന് മലാനയുടെ ലാളിത്യം വിളിച്ചോതുന്ന ഭക്ഷണം കഴിച്ചു. പരുക്കന്‍ റൊട്ടിയും ദാലും പച്ചത്തക്കാളി ചട്ണിയും ആട്ടിന്‍പാലും. അവിടെ നിന്ന് ഇരുട്ടു പരന്ന് തുടങ്ങവേ ഇറങ്ങി. മങ്ങിയ റാന്തല്‍ വെളിച്ചത്തില്‍ അപൂര്‍വ്വം ചില വീടുകളില്‍ കണ്ടു. ബാക്കിയുള്ളിടം ഇരുളിലാണ്. ഇടയ്ക്ക് ചിലയിടങ്ങളില്‍ തീകൂട്ടിയിരുന്ന് ചുരുട്ട് വലിക്കുന്നുണ്ട്. ഗ്രാമത്തിന്റെ നടുത്തളത്തില്‍ ഒരു കൂട്ടം ആളുകള്‍ വലിയ തീക്കുണ്ടത്തിനു ചുറ്റുമിരുന്ന് തണുപ്പാറ്റി പംജി കളിക്കുന്നുണ്ട്. ഹരിവംശിനൊപ്പം പോയതിനാല്‍ ഇക്കുറി സംശയക്കണ്ണുകള്‍ വേട്ടയാടിയില്ല. ആ നിലാവത്ത് ഹരിവംശ് അപ്പുറത്തെ മൈതാനം വരെ വന്നു. അവിടെ ടാര്‍പായ കൊണ്ട് ടെന്റ് അടിച്ച് മായംഗും സുകുളും ഉണ്ടായിരുന്നു. ആ തണുപ്പില്‍ ടെന്റിനു പുറത്ത് കൂട്ടിയ തീയിലെ ചൂടേറ്റ് ഞങ്ങളുറങ്ങി. പിറ്റേന്ന് മലയിറങ്ങണം. കൊതി തീരുന്നില്ല മലാന കണ്ടിട്ട്. പക്ഷേ സഞ്ചാരികള്‍ക്ക് എത്ര പ്രിയപ്പെട്ട ഇടങ്ങളില്‍നിന്നാണെങ്കിലും മടക്കയാത്രകള്‍ ഒഴിവാക്കാനാവില്ലല്ലോ.

എത്ര ഭൗതികവാദിയായ ഒരാളും മലാനയിലെത്തിയാല്‍ ധ്യാനത്തിലമരും. അവിടെ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും മലാന നമ്മളെ അതിന്റെ സ്ഥായീ ഭാവമായ ധ്യാനത്തിലേക്ക് നമ്മളറിയാതെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോവും.

പവിത്രമാണാ ഭൂമി. പാവനമാണാ സംസ്‌കാരം. നിറയെ വിശുദ്ധിയുമായി മിഴികൂപ്പി ധ്യാനത്തിലമര്‍ന്ന് നില്‍ക്കുന്ന ഒരു പുണ്യഭൂമിയില്‍ പാദമൂന്നാന്‍, അവിടത്തെ പരിശുദ്ധ വായു ആവോളം ശ്വസിച്ച് ശരീരവും മനസ്സും ശുദ്ധമാക്കാന്‍ കൊതിയുണ്ടെങ്കില്‍ പോവണം- ഒരിക്കലെങ്കിലും ഈ നിഗൂഢതകളുറങ്ങുന്ന ഗ്രാമത്തിലേക്ക്. അതിനെടുക്കുന്ന പ്രയത്‌നം പാഴാവില്ല. അടിമുടി അഗ്‌നിശുദ്ധിവരിത്തിയ നിത്യ കന്യകയെപ്പോലെ വിശുദ്ധമായ വായുവും ജലവും വെയിലും തണലും തണുപ്പും രാവും നിലാവും കാത്ത് വെച്ച് മലാന അവിടെ തന്നെയുണ്ട്.

മലാന ഇന്ന്

ഇപ്പോള്‍ ജാരിയില്‍ നിന്നും മലാനക്കരികില്‍ വരെ വാഹനമെത്തുമെന്നും അവസാനത്തെ നാലു കിലോമീറ്റര്‍ മാത്രം നടന്ന് കയറിയാല്‍ മതിയെന്നും ഗൂഗിള്‍ പറയുന്നു. പറ്റുമെങ്കില്‍ ഒന്നു പോയി നോക്കൂ. കുളുവില്‍ നിന്ന് എളുപ്പം പോയി വരാം. പതിനേഴ് വര്‍ഷം കൊണ്ട് കുറേയൊക്കെ മാറിയിട്ടുണ്ടാവുമെങ്കിലും മലാന വിശുദ്ധയായിരിക്കും എന്നെനിക്ക് ഉറപ്പാണ്.

What I wrote in this post is a recollection of my fond memories about a trip happened 17 years ago. From some of the comments and a bit of googling, I understand that the Malana of that time has changed a lot. Please do take note that I do not promote or support any kind of illegal activity. My interests are purely that of a traveller. If you are visiting this place, please protect yourself from illegal activities.

My words are less effective in describing the beauty of Malana.

Images attached with this post are sourced through Google search. They are added for reference purpose only. Rights of its owners is acknowledged.
(These pictures are not depicting the actual scenes I witnessed in Malana 17 years ago)