മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് സഞ്ചാരി നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം

ണ്ടു കൊല്ലങ്ങള്‍ക്കു ശേഷം വീണ്ടും കാമറയെടുത്തു ഒരു യാത്ര പോകാനിറങ്ങുമ്പോള്‍ മധുരയില്‍ ജെല്ലിക്കെട്ട് നടക്കുന്നു എന്ന സുഹൃത്ത് ദേവന്റെ ഇന്‍ഫര്‍മേഷന്‍ മൂലം അവിടേക്കു വഴിതിരിയുകയായിരുന്നു. തെങ്കാശിയില്‍ നിന്ന് നാല് മണിക്കൂര്‍ ബസിലിരുന്നു മധുരയിലെത്തുമ്പോ സന്ധ്യ മയങ്ങിയിരുന്നു. വൈദ്യുതി വിളക്കുകള്‍ തെളിഞ്ഞു മഞ്ഞ വെളിച്ചത്തില്‍ കുളിച്ചു സുന്ദരിയായി നില്‍ക്കുന്ന മധുര...

Madhurai 1

പെരിയോര്‍ ബസ് സ്റ്റാന്റിനു പക്കത്തിലെ ഹോട്ടലില്‍ നിന്ന് ചൂട് ഇഡ്ഡലിയും സാമ്പാറുമടിച്ചു ടൌണ്‍ ഹാള്‍ റോഡിലെ ഒരു കൊച്ചു ലോഡ്ജ് മുറിയില്‍ ബാഗും വച്ചു കാമറയുമായി നേരെ തിരക്ക് കൂടി വരുന്ന തെരുവിലേക്കിറങ്ങുകയായിരുന്നു. ഇരുവശത്തും മധുര മീനാക്ഷിയെ വണങ്ങാനെത്തുന്ന ഭക്തരെയും സഞ്ചാരികളെയും കാത്തിരിക്കുന്ന കച്ചവടക്കാരുടെ വിളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്ട്രീറ്റ്ഫോട്ടോഗ്രഫിയുമായി ഉണ്ടായ ദീര്‍ഘ കാലത്തെ അകല്‍ച്ച ആദ്യമൊക്കെ എന്നേ തലങ്ങും വിലങ്ങും കുഴപ്പിച്ചെങ്കിലും സബ്ജക്ടുകള്‍ക്കു ഓപ്പോസിറ്റായി ഒഴുകി വരുന്ന വെളിച്ചം എപ്പോഴോ എന്നെയും പിടിച്ചു വലിച്ചു കൊണ്ടുപോയി...

Madhurai 2

Madhurai 3രാത്രി വെളിച്ചത്തിലാണ് മധുരയ്ക്ക് കൂടുതല്‍ സൗന്ദര്യം. വഴിയുടെ വശങ്ങളിലെ പൂക്കടകളില്‍ നിന്ന് ഒഴുകി വരുന്ന മല്ലിപ്പൂമണം... ആറ്റിയൊഴിക്കുന്ന ഫില്‍റ്റര്‍ കോഫികളുടെ മനം മയക്കുന്ന ഗന്ധം മൂക്കിലേക്കിടിച്ചു കയറിയാല്‍ പിന്നെയൊരു കോഫി കുടിക്കാതെ മുന്നോട്ടു പോവുക അസാധ്യം. ആ നടത്തം അങ്ങിനെ അങ്ങ് നടന്നു നടന്നു എത്ര കിലോമീറ്റര്‍ പോയെന്നറിയില്ല. ഭക്തിയും സഞ്ചാരവും സമാന്തര പാതകളായി ഒഴുകി നീങ്ങുന്ന വഴികള്‍. ഏതൊക്കെയോ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വണ്ടിയിറങ്ങുന്നവര്‍ പല ഭാഷകളിലായി കലപില കൂട്ടുന്ന ആമ്പിയന്‍സ്. തെരുവുകളില്‍ ഇടക്കിടെ കാണുന്ന കൊച്ചു കൊച്ചു കോവിലുകളില്‍ നിന്നു മണിനാദമുയരുന്നു. മന്ത്രോച്ചാരണങ്ങളും തിരിയുടെയും കര്‍പ്പൂരത്തിന്റെയുമൊക്കെ മിശ്രിത ഗന്ധം നിറയുന്ന ആ അന്തരീക്ഷം നമ്മളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഭക്തനെ ചിലപ്പോ ഒന്ന് മുട്ടിവിളിച്ചുണര്‍ത്തിയേക്കാം.

Madhurai 4

പശുക്കളിങ്ങനെ തെക്കുവടക്കു മേഞ്ഞു നടക്കുന്നതിനാല്‍ തറയില്‍ നോക്കി നടന്നില്ലെങ്കില്‍ ചാണകം പണി തരും. രാവിലെ വരച്ചിട്ട കോലം മാഞ്ഞു തുടങ്ങുന്ന വീടുകള്‍ക്ക് മുന്നില്‍ സൊറ പറഞ്ഞിരിക്കുന്ന പെണ്ണുങ്ങളും തെരുവിന്റെ മുലകളിലും കടകള്‍ക്കു മുന്നിലുമൊക്കെയായി കൂടി നിന്ന് തമാശകളും ആനുകാലികങ്ങളുമൊക്കെ പങ്കു വയ്ക്കുന്ന ആണുങ്ങളും ചെറിയ സൈക്കിളിലും ഓടിയും നടന്നുമൊക്കെ തെരുവിന്റെ അനക്കങ്ങളെ സജീവമാകുന്ന പിള്ളേരുമൊക്കെച്ചേര്‍ന്നു നല്ല രസം പിടിച്ച നടത്തം...

Madhurai 5

ചെറിയ തട്ടുകടകളിലിരുന്നു ചേച്ചിമാര്‍ ആവിപറക്കുന്ന ഇഡ്ഡലിയും അപ്പവും ദോശയും ആമ്പ്‌ളേറ്റുമൊക്കെ ഉണ്ടാക്കുന്നതിന്റെ മണമിങ്ങനെ ഒഴുകിപ്പരക്കുന്നു. നോണ്‍ വെജ് ഹോട്ടലുകള്‍ക്കു മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഈ കൊതിപ്പിക്കുന്ന മണം മട്ടന്‍ ഫ്രൈ ആയും ചിക്കന്‍ 65 ആയുമൊക്കെ നമ്മുടെ വായില്‍ കപ്പലോടിക്കുന്നു. റേറ്റ് ബോര്‍ഡിലെ വലിയ സംഖ്യകള്‍ കാണുമ്പോള്‍ സാധാരണ സഞ്ചാരിയുടെ പോക്കറ്റിന്റെ കനത്തിനെക്കുറിച്ചു പെട്ടെന്ന് ബോധവാനാവുകയും വളരെപ്പെട്ടെന്നു ആ പ്രകോപന പരിസരത്തു നിന്ന് കീഞ്ഞ് പാഞ്ഞ് ഏതെങ്കിലും വെജിറ്റേറിയന്‍ ഹോട്ടലില്‍ സ്വന്തം വിശപ്പുമായി അഭയം പ്രാപിക്കുകയും ചെയ്യുന്നു.

Madhurai 6

കറങ്ങി നടക്കുമ്പോള്‍ അതാ മധുരയിലെ ഒരു സാധാരണ മനിതനായ ഗണേശനും ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യ കാണാന്‍ എത്തിയ ജോണും രാജ്യങ്ങളുടെയും ഭാഷയുടെയും വര്‍ണ്ണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിര്‍ വരമ്പുകള്‍ തച്ചുടച്ചു കൊണ്ട് ഒരു കടത്തിണ്ണയിരുന്നു മ്യൂസിക് പ്ലെയറില്‍ ചെറു സ്പീക്കര്‍ ഘടിപ്പിച്ചു വെസ്റ്റേണ്‍ സംഗീതം ആസ്വദിച്ചു കൊണ്ട് പരസ്പരം മനസ്സിലാവാത്ത രണ്ടു ഭാഷകള്‍ക്കപ്പുറമുള്ള സൗഹൃദം പങ്കു വയ്ക്കുന്നത് കാണുമ്പോ വീണ്ടുമുറപ്പിക്കാം സഞ്ചാരികളുടെ സൗഹൃദത്തിന് അതിരുകളില്ല. അങ്ങിനെ നടന്നും ഇരുന്നും നിന്നും വഴികളെല്ലാം ഒരേ പോലിരിക്കുന്ന മീനാക്ഷി കോവിലിന്റെ ചുറ്റിനും പല തവണ കറങ്ങി വഴി തെറ്റി ഒടുവില്‍ ബസ് സ്റ്റാന്‍ഡ് തന്നേ അടയാളം ചോദിച്ചു ലോഡ്ജില്‍ തിരിച്ചെത്തി.

Madhurai 7

Madhurai 8അതി രാവിലെ എണീറ്റു ജെല്ലിക്കെട്ട് നടക്കുന്ന അലങ്കാനല്ലൂരിലേക്കു വണ്ടി കേറി. ചെന്നിറങ്ങിയപ്പോ പൊരിഞ്ഞ പോര് തന്നേ. വെളുപ്പിന് തന്നേ ജെല്ലിക്കെട്ട് നടത്തുന്ന ഗ്രൗണ്ടിന്റെ താല്‍ക്കാലിക ഗാലറികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. റോഡ് തിങ്ങി നിറഞ്ഞു വന്നോണ്ടിരിക്കുന്നോരെ വഴി തടഞ്ഞു മുട്ടന്‍ വടിയേന്തിയ പോലീസുകാര്‍ അങ്ങോട്ടേക്ക് കടത്തി വിടാതെ പായിച്ചു വിടുന്നു. സ്‌പെഷ്യല്‍ പാസ് ഇല്ലാത്തോര്‍ക്ക് പ്രവേശനം നഹി ഹേ.

Madhurai 9ആദ്യമൊരു ചിന്ന നിരാശ തോന്നിയെങ്കിലും ഊര്‍ജം വിടാതെ ആ പരിസരത്തൊക്കെ കറങ്ങി നടന്നു കിട്ടിയ ആമ്പിയന്‍സ് പടങ്ങള്‍ ചിലതെടുത്തും ഇടക്ക് വിശന്നപ്പോള്‍ അവിടത്തന്നെ ലൈവ് ആയി വച്ചു കൊടുക്കുന്ന സ്‌പെഷല്‍ പോര്‍ക്ക് റോസ്റ്റും ലൈം സോഡയുമടിച്ചും തണ്ണിമത്തന്റെ പീസ് കാന്തിത്തിന്നും കേരളാവില്‍ നിന്ന് വന്ന മറ്റു സുഹൃത്തുക്കളായ പടം പിടുത്തകാര്‍ക്കൊപ്പം ചായ കുടിച്ചും വഴിയില്‍ വച്ചിരിക്കുന്ന സ്‌ക്രീനിനു മുന്നില്‍ പോയി നിന്ന് ജെല്ലിക്കെട്ട് കണ്ടു ത്രില്ലടിച്ചും ഉള്ളില്‍ പോയി പടം എടുക്കാന്‍ ഭാഗ്യം കിട്ടിയ പടം പിടുത്തക്കാരുടെ തള്ളുകള്‍ കേട്ട് നെടുവീര്‍പ്പിട്ടും ഉച്ച കഴിഞ്ഞപ്പോ മടങ്ങിപ്പോന്നു. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ അന്ന് രാത്രിയും പിറ്റേന്നു രാവിലെയും സിറ്റിയില്‍ അലഞ്ഞു തിരിഞ്ഞു നടന്നു ജിഗര്‍തണ്ട മോന്തിയും പ്രേമവിലാസിലെ ചൂടന്‍ അലുവ തിന്നും നഗരത്തിന്റെ ചൂടും ചൂരും കുളിരുമൊക്കെ അനുഭവിച്ചറിഞ്ഞും കാളം പൂളം പടങ്ങള്‍ എടുത്തു അര്‍മാദിച്ചു നടന്നിട്ട് തിരിച്ചു വണ്ടി കേറി...

Madhurai 10

എന്തൊരു സൗന്ദര്യമാണപ്പാ ഇവിടുത്തെ രാത്രിക്ക്. മുല്ലപ്പൂ മണം ചൂടി മാദകഗന്ധം കൊണ്ട് സന്ദര്‍ശകരെ വലവീശിപ്പിടിക്കുന്ന സുന്ദരിയെപ്പോലെ ദക്ഷിണേന്ത്യയിലെ ചരിത്ര രേഖകളില്‍ പുകള്‍പെറ്റ തൂങ്കാ നഗരമായ മധുരയിലെ ഗല്ലികളിങ്ങനെ വളഞ്ഞും പുളഞ്ഞും നീണ്ടും പൊയ്‌ക്കൊണ്ടിരുന്നു. ഇനിയും കണ്ട്, അനുഭവിച്ച്, രുചിച്ചു തീരാത്ത മധുര.... വീണ്ടും വീണ്ടും വരാന്‍ മോഹിപ്പിക്കുന്ന, ചരിത്രമുറങ്ങുന്ന മധുര...

Content Highlights: Madhurai Travel, Sanchari Mathrubhumi Post Of The Week Award, Jellikkettu