'ഐ' സിനിമയിലെ പൂക്കളേ... എന്ന ഗാനരംഗം ഓര്‍മ്മയില്ലേ? സിനിമകളിലൂടെ നമ്മളില്‍ പലര്‍ക്കും ചൈനയിലെ ലീ നദീതടം സുപരിചിതമാണ്. 

ലീ നദിയുടെ (Li River) ഏറ്റവും മനോഹരമായ ഭാഗം ചൈനയിലെ ഗുയിലിന്‍ (Guilin)ലെ യാങ്‌ഷൊ (Yangshuo) കൗണ്ടിയിലാണ്. ലിജിയാങ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. താഴികക്കുടങ്ങള്‍ പോലുള്ള കാര്‍സ്റ്റ് പര്‍വതങ്ങളാല്‍ (Karst Mountains) നിറഞ്ഞ പ്രദേശമാണിത്. വിമാനത്താവളം, ഹൈ സ്പീഡ് ട്രെയിന്‍ സ്റ്റേഷന്‍ ഇവയൊക്കെയുള്ള ഒരു ചെറിയ നഗരമാണ് ഗുയിലിന്‍. ഒസ്മാന്തസ് (osmanthus) മരങ്ങള്‍ നിറഞ്ഞ വനമെന്നാണ് ഗുയിലിന്റെ അര്‍ത്ഥം. 

സുവാങ്, യാവൊ, ഹുയി, മിയൊ, ഹാന്‍, ദോങ് (Zhuang, Yao, Hui, Miao, Han and Dong) എന്നിവരാണ് ഗുയിലിനിലെ പ്രധാന ഗോത്രവര്‍ഗങ്ങള്‍. ഇവിടെ പോകുന്നവര്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യം ഗുയിലിന്‍ നഗരത്തില്‍ ഹോട്ടല്‍ ബുക്ക് ചെയ്യരുത് എന്നതാണ്. എനിക്ക് അങ്ങനെയൊരു അബദ്ധം പറ്റിയിരുന്നു. കാണാനുള്ള സ്ഥലങ്ങളെല്ലാം യാങ്‌ഷൊവിലാണ്. അതിനാല്‍ അവിടെ താമസിക്കുന്നതാണ് സൗകര്യം. പിന്നീട് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം ഞാന്‍ മാറ്റി ബുക്ക് ചെയ്യുകയായിരുന്നു. 

1

ലീ നദീതടത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന് യാത്ര ചെയ്യാന്‍ ഗുയിലിനില്‍ നിന്ന് യാങ്‌ഷൊവിലേക്ക് എല്ലാ ദിവസവും റിവര്‍ ക്രൂയിസ് (Li River Cruise) സര്‍വീസുണ്ട്. നാലഞ്ചു മണിക്കൂറെടുക്കും; 400യുവാന്‍ (4219 രൂപ) ചിലവ് വരും. ഈ യാത്രയില്‍ കാണാവുന്ന ഒരു പ്രധാന ദൃശ്യമാണ് എലഫന്റ്‌റ് ട്രങ്ക് ഹില്‍ (Elephant Trunk Hill). ആനയുടെ തുമ്പിക്കൈ ആകൃതിയുള്ള പാറ ആയതു കൊണ്ടാണ് ഇങ്ങനെയൊരു പേര്. ചൈനീസില്‍ ശ്യാങ്ബിഷാന്‍ എന്ന് പറയും. 

മുളച്ചങ്ങാടത്തില്‍ യാത്ര ചെയ്യാനുള്ള താല്പ്പര്യം കൊണ്ട് ഗുയിലിനില്‍ നിന്ന് യാങ്ങ്ദി (Yangdi) വരെ ബസിലും അവിടെ നിന്ന് സിങ്പിങ് (Xingping) വരെ ബാംബൂ റാഫ്റ്റിലും പിന്നെ യാങ്‌ഷൊവിലേക്കു ബസിലും ഒക്കെ ആയിട്ടായിരുന്നു എന്റെ യാത്ര! അതില്‍ തന്നെ യാങ്ങ്ദി ബോട്ട് ജെട്ടിയിലേക്ക് ഹൈവേയില്‍ ഇറങ്ങി മറ്റൊരു ചെറിയ ബസില്‍ പോകണം. യാങ്ങ്ദിയിലുള്ള മിക്കവാറും എല്ലാ ബാംബൂ റാഫ്റ്റുകളും ടൂറിസം വകുപ്പിന്റെ കീഴിലാണ്. 

2

കൗണ്ടറില്‍ പണമടച്ചാല്‍ കിട്ടുന്ന നമ്പര്‍ പ്ലേറ്റുമായി കടവില്‍ ചെന്ന് റാഫ്റ്റില്‍ കയറാം. ഇത് അറിയാതെ ഞാന്‍ കടവില്‍ ചെന്ന് റാഫ്റ്റില്‍ കയറാന്‍ എത്ര പണമാകുമെന്നു ഓരോരുത്തരോടും ചോദിച്ചു. മുകളിലേക്ക് കൈ ചൂണ്ടി അങ്ങോട്ട് പോവാന്‍ തുഴച്ചിലുകാര്‍ പറഞ്ഞെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല. അവസാനം ഒരു അമ്മൂമ്മ എന്നെ ടിക്കറ്റ് കൗണ്ടെറിലേക്ക് കൂട്ടിക്കൊണ്ടുപോയി, നമ്പര്‍ വാങ്ങിത്തരികയായിരുന്നു. 

നാലു മുതല്‍ ആറുപേര്‍ക്കുവരെ ഇരിക്കാവുന്ന ചങ്ങാടത്തിന് 180 യുവാനാണ് (1898 രൂപ) വാടക. മറ്റുള്ളവരുമായി പങ്കു വെക്കുകയോ തനിച്ചു പോവുകയോ ചെയ്യാം. 

4

അമ്മൂമ്മയോട് നന്ദി പറഞ്ഞു, റാഫ്റ്റില്‍ കയറി. നിലക്കടല പുഴുങ്ങിയതും മധുരക്കിഴങ്ങും കഴിച്ചു കൊണ്ട് തണുപ്പില്‍ ഒരു നദീയാത്ര. ലീ നദിയുടെ മനോഹാരിത കാമറയില്‍ പകര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് യാങ്ങ്ദിയില്‍ നിന്നുള്ള ബാംബൂ റാഫ്റ്റിങ്ങില്‍ തന്നെ അതു മനസ്സിലായി. അല്ലെങ്കിലും കാമറ കണ്ണിലൂടെ പകര്‍ത്താവുന്നതിനു പരിധിയുണ്ടല്ലോ! 

14

ട്രയാസിക്ക് യുഗത്തില്‍ ദിനോസര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട കടല്‍ജീവികള്‍ നീന്തിത്തുടിച്ചിരുന്ന കടലായിരുന്നു ഇവിടം! ഇന്ത്യന്‍ ഫലകയുടെ മുന്നോട്ടുള്ള പ്രയാണത്താല്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കൊണ്ടുയര്‍ന്നു കരയായി രൂപാന്തരം പ്രാപിച്ചു. സമുദ്രജീവികളുടെ പുറംതോടില്‍ നിന്നും എല്ലുകളില്‍ നിന്നും രൂപപ്പെട്ട ചുണ്ണാമ്പ് കല്ലുകളാല്‍ രൂപീകൃമായതാണ് ഈ കാര്‍സ്റ്റ് മലകള്‍. 

3

സിങ്പിങ് തീരത്ത് നില്ക്കുന്ന വൃദ്ധന്റെ ചുമലിലെ വടിയുടെ രണ്ടറ്റങ്ങളില്‍ ബന്ധിച്ചിരിക്കുന്ന പറവകളെ കണ്ടപ്പോള്‍ നിസ്സഹായത തോന്നി. വഴിനീളെ തേന്‍കൂട് എന്ന് പറഞ്ഞു വില്ക്കുന്ന മഞ്ഞനിറമുള്ള പഞ്ചസാരക്കട്ടി എന്താണെന്നു മനസ്സിലാകാതെ വാങ്ങി കഴിച്ചു.  അവിടെ നിന്ന് അതിനടുത്തുള്ള പുരാതന തെരുവിലേക്ക് ടൂറിസം വകുപ്പിന്റെ വാഹനമുണ്ട്, അതിന്റെ ടിക്കറ്റും ഉള്‍പ്പെടുത്തിയാണ് ബാംബൂ റാഫ്റ്റിന്റെ ടിക്കറ്റ് തരിക. ചൈനീസ് വിഭവങ്ങള്‍ കഴിച്ചുകൊണ്ട്, കരകൗശല വസ്തുക്കള്‍ നോക്കി നടക്കുമ്പോഴാണ് ഒറ്റനോട്ടത്തില്‍ പന്നിമാംസമെന്നു തോന്നിക്കുന്ന കല്ലില്‍ നിര്‍മ്മിച്ച രൂപങ്ങള്‍ കണ്ടത്. ഇതൊക്കെ ആര് വാങ്ങും എന്നു ചിന്തിച്ച് നടന്ന് യാങ്‌ഷൊവിലേക്കുള്ള ബസ് സ്‌റ്റോപ്പിലെത്തി. 

5

നല്ല തിരക്ക്. ഒരു വിധം ബസില്‍ കയറിപ്പറ്റി. ഈ യാത്രയിലുടനീളം താഴികക്കുടങ്ങള്‍ പോലുള്ള മലകള്‍ കാണാം, അതിനിടയില്‍ പാടങ്ങളും. അപ്പോഴാണ് മനസ്സിലായത് ഈ നാട് മുഴുവന്‍ ഇങ്ങനെയാണെന്ന്! യാങ്‌ഷൊവിലെ ഏറ്റവും തിരക്കുള്ള ടൂറിസ്റ്റ് തെരുവിലൂടെ നടന്ന് വൈകുന്നേരത്തോടെ ഹോസ്റ്റലില്‍ എത്തി. തെരുവ് മുഴുവന്‍ പൂരപ്പറമ്പ് പോലെ ആള്‍ത്തിരക്ക്. ഒരു ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് കുറെ നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ ഭക്ഷണം കഴിച്ചു. ഇന്ത്യക്കാരിയായതിനാല്‍ ചൈനക്കാരന്‍ മുതലാളി വന്നു സംസാരിച്ചു. ഭക്ഷണം പാകം ചെയ്തത് ഒരു രാജസ്ഥാനി ആയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ചൈനയില്‍ പോയി അവിടുത്തെ ഭക്ഷണം കഴിക്കാതെ ഇന്ത്യന്‍ ഭക്ഷണം തേടി നടക്കുകയാണോ എന്ന്. എന്നാല്‍ തായ്‌പേയില്‍ ചൈനീസ് വിഭവങ്ങളാണ് ഞാന്‍ സ്ഥിരമായി കഴിക്കാറ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭക്ഷണം എവിടെ കണ്ടാലും ഞാന്‍ കഴിക്കാറുണ്ട്. 

6

രാത്രിയില്‍ ഇംപ്രഷന്‍ ല്യു സാന്‍ജി (Impression Liu Sanjie) ലൈറ്റ് ഷോ കാണാന്‍ പോയി. ഇതിന്റെ സ്റ്റേജ് രണ്ടു കിലോമീറ്റര്‍ നീളത്തില്‍, ലി നദിയുടെ തീരത്താണ് ഒരുക്കിയിരിക്കുന്നത്. പുറകിലുള്ള മലകളിലും മുന്നിലുള്ള നദിയിലും വെളിച്ചും പതിപ്പിച്ച്, നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി അറുനൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടിയുടെ ദൈര്‍ഘ്യം 70 മിനിറ്റാണ്. 1960ല്‍ ഇറങ്ങിയ ആദ്യ ചൈനീസ് സംഗീത സിനിമയായ ല്യൊ സാന്‍ജ്യേ ആധാരമാക്കിയാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റിന് 280 യുവാനും (2953 രൂപ) കൂടിയതിന് 680 യുവാനുമാണ് (7172 രൂപ) നിരക്ക്. 

10

ശ്രീമാന്‍ ല്യൊയുടെ മൂന്നാമത്തെ മകളും സുവാങ് ഗോത്രവിഭാഗങ്ങളുടെ ഇതിഹാസ ഗായികയുമായ ല്യൊ സാന്‍ജ്യേ ജീവിച്ചിരുന്നത് താങ്ങ് രാജവംശ കാലത്തെ (618-907AD) ഗുവാങ്ഷി പ്രവിശ്യയിലാണ്. അവളുടെ കൂടെ പാടിയിരുന്ന അന്യൊ എന്ന ഗായകനുമായി പ്രണയത്തിലായ ല്യൊ സാന്‍ജ്യേ, സുവാങ് ആചാരമനുസരിച്ച് പൂക്കള്‍ തുന്നിപ്പിടിപ്പിച്ച തുണിപ്പന്ത് സമ്മാനിച്ച് തന്റെ പ്രണയം അറിയിച്ചു. അന്യൊ ഉടന്‍തന്നെ ആ പന്ത് പുഴയ്ക്ക് എതിര്‍വശത്തെ, ആര്‍ക്കും എത്താന്‍ കഴിയാനാവാത്തയത്ര ഉയരമുള്ള പാറയിലേക്ക് എറിഞ്ഞു. തങ്ങളുടെ പ്രണയം ശാശ്വതമാണെന്ന് തെളിയിക്കാനായിരുന്നു ഈ പ്രവൃത്തി. അതിനിടെ നാട്ടിലെ സ്വേച്ഛാധിപതി മോഹുവായിറെന്‍, ല്യൊ സാന്‍ ജ്യേയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി. അവളെ വശത്താക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതോടെ, കൊല്ലാന്‍ ഉത്തരവിട്ടു. അവിടെ നിന്ന് രക്ഷപ്പെട്ട കമിതാക്കള്‍, പാട്ടുപാടിക്കൊണ്ട് യാത്ര തുടങ്ങി. ഒടുവില്‍ അവര്‍ രണ്ടു വാനമ്പാടികളായി പറന്നുയര്‍ന്ന് ആത്യന്തിക സ്വാതന്ത്ര്യം കൈവരിച്ചു! ഇതാണ് കഥ. 

15

ഇന്നും ഇവിടുത്തെ ആളുകള്‍ പരേതാത്മാക്കളെ ആരാധിക്കുന്നു. ഇതില്‍ ല്യൊ സാന്‍ജ്യേയും ഉള്‍പ്പെടും. നമ്മുടെ കര്‍ക്കടക വാവ് പോലെ പരേതാത്മാക്കള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും അര്‍പ്പിക്കുന്ന ആചാരം ചൈനയിലുമുണ്ട്. 

ഇവര്‍ പാട്ടുപാടി പ്രണയത്തിലായ വലിയൊരു ആല്‍മരമുണ്ട്. അതിന്റെ ചുവട്ടിലേക്കാണ് പിറ്റേന്ന് ആദ്യം പോയത്. പ്രണയാതുരരാകാന്‍ പറ്റിയ മനോഹരതീരം! പക്ഷെ ടിക്കറ്റ് എടുക്കണം, യാങ്‌ഷൊവിലെ പ്രധാന ആകര്‍ഷണങ്ങളെല്ലാം പണം കൊടുത്താല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ചൈനയില്‍ ഞാന്‍ സന്ദര്‍ശിച്ച ഗ്രാമങ്ങളില്‍, ഗ്രാമമെന്ന് തോന്നിയ ഒരിടമാണ് യാങ്‌ഷൊ. നഗരത്തിന്റെ പുറം മോടികളില്ലാത്ത കുറേ ഗ്രാമീണര്‍. എന്നെ കാണുമ്പോഴെല്ലാം യിന്ദു റെന്‍ (ഇന്ത്യക്കാരി) എന്ന് വിശേഷിപ്പിച്ച് സംസാരിക്കാന്‍ വരും. ഞാനും എനിക്കറിയാവുന്ന ചൈനീസില്‍ മറുപടി പറയും. ഇന്ത്യക്കാരിയാണെന്ന് പറയുമ്പോഴെല്ലാം ചൈനക്കാര്‍ പറയുന്നൊരു കാര്യമാണ് ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കളാണെന്ന്. തായ്‌വാനില്‍ വെച്ച് ചൈനീസ് പഠിച്ചത്, ചൈനയിലൂടെയുള്ള യാത്രകളില്‍ വലിയതോതില്‍ ഉപകാരപ്പെട്ടു. സസ്യാഹാരിയായതിനാല്‍ ഭക്ഷണകാര്യത്തിലാണ് ഇത് ഏറ്റവും ഉപകാരപ്പെട്ടത്.

16
  
സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് മാപ്പ് നോക്കിയാണ് യാത്ര. യാങ്‌ഷൊവിലെ നാട്ടിന്‍പുറങ്ങളിലൂടെ കുറേ അലഞ്ഞു നടന്നു. ലീ നദിയുടെ ഭാഗമായ യുലോങ്ങ് നദീതടത്തിലൂടെയും എവിടെ നോക്കിയാലും കാണാവുന്ന താഴികക്കുടങ്ങള്‍ക്ക് ഇടയിലുള്ള കടുക് പൂത്തു നില്ക്കുന്ന പാടങ്ങളിലൂടെയുമെല്ലാം ഒരു കാല്പനിക യാത്ര! കൂട്ടത്തില്‍ സുവാങ് ഗോത്ര വേഷഭൂഷാദികളോടെ കുറച്ചു ഫോട്ടോകളും. 

17

യുലോങ് നദിയിലും ചെറിയ ചെറിയ ബാംബൂ റാഫ്റ്റുകളുണ്ട്. വിനോദസഞ്ചാരികളെ കാണുമ്പോള്‍ തുഴച്ചിലുകാര്‍ കയറാന്‍ നിര്‍ബന്ധിക്കും. ഒടുവില്‍ ഇന്നലെ കയറിയതാണെന്നു പറഞ്ഞാണ് ഞാന്‍ തടിതപ്പിയത്. 

8

ധാരാളം ഗുഹകളുള്ള പ്രദേശമാണിവിടം. അസെംബ്ലിങ്ങ് ഡ്രാഗണ്‍ ഗുഹയില്‍ (Assembling Dragon Cave) ടിക്കറ്റെടുത്തു കയറി. പ്രവേശന കവാടത്തിലൂടെ തോണിയില്‍ അകത്തു കടന്നാല്‍ ഒരു വര്‍ണ്ണ പ്രപഞ്ചത്തില്‍ എത്തിയത് പോലെയാണ് തോന്നുക. ഇവിടെയുള്ള ഗുഹകളെല്ലാം വര്‍ണ്ണ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചവയാണ്. ചൈനക്കാരുടെ കച്ചവട സാമര്‍ത്ഥ്യം ഇവിടെയും കാണാം. ഗുഹകളില്‍ അങ്ങിങ്ങായി കരകൗശല വസ്തുക്കളും ലഘു ഭക്ഷണങ്ങളും വില്‍ക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന വിലയാണെന്നു മാത്രം. കൂടാതെ ഓരോ സ്ഥലങ്ങളിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്‌സ് പടമെടുത്ത് നമ്പര്‍ കയ്യില്‍ തരും. ഗുഹയുടെ അവസാനമുള്ള കടയില്‍ ചെന്ന് നമ്പര്‍ കാണിച്ചാല്‍ പടം കാണിച്ചു തരും. ഇഷ്ടമായെങ്കില്‍ വാങ്ങാം, ആരും നിര്‍ബന്ധിക്കില്ല. ഫോട്ടോ കണ്ടപ്പോള്‍ അതില്‍ കുടുങ്ങി ഞാനും വാങ്ങി ഒന്നുരണ്ടെണ്ണം! 

7

അടുത്തത് പ്രശസ്തമായ ചന്ദ്രമലയിലേക്കാണ് (Moon Hill). മലയില്‍ ചന്ദ്രക്കല പോലൊരു കമാനം. യുഎ ലിയാങ്ഷാന്‍ എന്നാണ് ചൈനീസ് നാമം. ടിക്കറ്റ് എടുത്ത് 20 മിനിറ്റ് കയറിയാല്‍ മലമുകളിലെത്താം. സമയക്കുറവുകൊണ്ട് പകുതി കയറി തിരിച്ചു വന്നു. അടുത്ത് തന്നെയുള്ള ലോങ്ങ്ജി റൈസ് ടെറസ് (Longji rice terrace) കാണാന്‍ സമയമില്ലാത്തതിനാലും ഫിലിപ്പൈന്‍സിലെ ബനാവ് റൈസ് ടെറസ് (Banaue rice terrace) കണ്ടിട്ടുള്ളതിനാലും പോയില്ല. ഭൂപടത്തില്‍ നോക്കി നോക്കി പുരാതന നഗരത്തിലെത്തിച്ചേര്‍ന്നു. അവിടെ കയറാനും ടിക്കറ്റ് എടുക്കണം. പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടങ്ങള്‍ക്ക് നടുവിലുള്ള ഇടുങ്ങിയ തെരുവിലൂടെ നടന്നു. 

9

നഗരാവശിഷ്ടങ്ങളുടെ മറുവശത്തുള്ള ഊടുവഴിയിലൂടെ കുറച്ചു ചെന്നാല്‍ ഒരു പാലം കാണാം. അവിടെ നിന്ന് യാങ്‌ഷൊ നഗരത്തിലേക്ക് എളുപ്പ വഴിയിലൂടെ പോകാമെന്ന് കരുതിയ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഞാന്‍ എത്തിച്ചേര്‍ന്നത് ചെറിയ മധുര നാരങ്ങകള്‍ കായ്ച്ചു നില്ക്കുന്ന തോട്ടത്തിലാണ്. അവിടെയെങ്ങും ഒരു വിനോദസഞ്ചാരിയെ പോലും കാണാനില്ല. വഴിയില്‍ കണ്ട ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ യാങ്‌ഷൊ ഈ നാട്ടിലെങ്ങും അല്ല എന്ന മറുപടിയും! വിമാനത്താവളത്തിലേക്കുള്ള ബസിനു ഒന്നര മണിക്കൂര്‍ കൂടിയേ ഉള്ളൂ. പിന്നെയും ആരോടൊക്കെയോ ചോദിച്ചും മാപ് നോക്കിയും ഒരുവിധം പ്രധാന നിരത്തിലെത്തി. അതിലൂടെ നേരെ വിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് യാങ്‌ഷൊ നഗരത്തിലെത്താം. 

11

12

ഹോസ്റ്റല്‍ എത്തിയതും വേഗം ചെക്ക് ഔട്ട് ചെയ്ത് ബസ്സ്‌റ്റോപ്പിലേക്കോടി. ബസ് യാത്രയില്‍ ഞാന്‍ ചിന്തിച്ചത്, കേരളത്തില്‍ താമസിച്ചിരുന്ന കാലത്ത് നമ്മുടെ നാടിന്റെ പച്ചപ്പും സൗന്ദര്യവും വളരെ സാധാരണമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്. പിന്നീട് കേരളത്തില്‍ വരുമ്പോഴെല്ലാം നാട്ടിലെ പച്ചപ്പു കണ്ട്, പണ്ടും ഇങ്ങനെയൊക്കെ ആയിരുന്നോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നെ പോലെ ഇവിടത്തുകാര്‍ക്കും ലീ നദീതടം ഒരു സാധാരണ കാഴ്ച മാത്രമായിരിക്കാം!

Nearest Airport:  Guilin Liangjiang International Airport  

Nearest Railway Stations: Guilin Railway Station and Guilin North Railway Station    

Guilin to Yangshou: By Li River Cruise (4-5 hours, 400RMB) or by bus to Yangdi Dock, from there to Xingping by motorized bamboo raft, then by bus to Yangshou.                                        

Where to stay: Anywhere in Yangshuo Town