ക്ഷദ്വീപിലെങ്ങും പ്രതിഷേധം ശക്തിയാർജിക്കുകയാണ്. സ്വർഗ്ഗതുല്യമായ ഈ നാട്ടിൽനിന്നാണ് എകദേശം രണ്ടു വർഷക്കാലം അന്നത്തിനുള്ള വക കിട്ടിയിട്ടുള്ളത്. എകദേശം ഒരു വർഷം അവിടെ ജീവിക്കാനായത് ഇന്നും ഒരു ഭാഗ്യമായി കരുതുന്നു. അതുകൊണ്ടുതന്നെ അവിടത്തെ അനുഭവങ്ങൾ പങ്കുവെക്കാൻ എറ്റവും ഉചിതമായ സന്ദർഭം ഇത് തന്നെയാണ്. 

ഏകദേശം നാലു വർഷം മുമ്പാണ് എന്റെ ഭർത്താവ് സിറാസ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിൽ ലീഗൽ അഡ്വൈസർ പോസ്റ്റിൽ നിയമിതനാവുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ ആയിരുന്നു പോസ്റ്റിങ്ങ്. എന്നെ സംബന്ധിച്ചു അധികം കേട്ടുകേൾവി ഇല്ലാത്ത, ഇതുവരെ ചിന്തയിൽപോലും വരാത്ത ഒരു സ്ഥലത്താണ് ജോലി എന്ന് അറിഞ്ഞപ്പോൾ ആവേശവും ആശങ്കയും ഒരുമിച്ചാണ് വന്നത്. 

ഒരു റംസാൻ മാസത്തിനു രണ്ടു ദിവസം മുൻപ് സിറാസ് കൊച്ചിയിൽനിന്നു കപ്പൽ കയറി. പതിനാറു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ലക്ഷദ്വീപിൽ എത്തിയെന്നു ഫോണിൽ വിളിച്ചു അറിയിച്ചു. കപ്പലിന്റെ ക്യാബിനിൽ ഒരുമിച്ചുണ്ടായിരുന്ന ഹംസത് ഇക്കയും റഊഫും ദ്വീപിനെ നല്ല പോലെ പരിചയപ്പെടുത്തിക്കൊടുത്തു എന്നും ലഗേജ് കൊണ്ടുപോവാനും താമസം ശരിയാക്കി തന്നതും അവരാണെന്നും പറഞ്ഞു. പിന്നീട് ഹംസത് ഇക്ക വീട്ടിലേക് ക്ഷണിക്കുകയും റംസാനിലെ 30 ദിവസവും സിറാസിനെ നോമ്പ് തുറക്കുവാൻ നിർബന്ധിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ കാര്യവും സിറാസ് പറഞ്ഞു.

Ruksana and Siras
ലേഖികയും ഭർത്താവും | ഫോട്ടോ: അഡ്വ. രുക്സാന സിറാസ്

ലക്ഷദ്വീപിന്റെ പ്രകൃതിഭംഗിയും ആതിഥേയരുടെ സൽക്കാരവും സിറാസ് എപ്പോഴും പറഞ്ഞു കൊതിപ്പിക്കാറുണ്ട്. അങ്ങനെ അടുത്ത മാസം ഞാനും അങ്ങോട്ട് തിരിച്ചു. എന്റെ ആദ്യത്തെ കപ്പൽ യാത്ര ആയിരുന്നു. കൊച്ചിൻ പോർട്ടും ഫോർട്ട് കൊച്ചി ബീച്ചും കടന്നു കവരത്തി കപ്പൽ പുറംകടലിലേക്കു പ്രവേശിച്ചു. തുടക്കത്തിൽ പതുക്കെ ആയിരുന്നു കപ്പൽ നീങ്ങിയത്. കൊച്ചി അഴിമുഖം വിട്ടു ആഴക്കടലിൽ എത്തിയപ്പോൾ കപ്പൽ വേറെയൊരാളായി. കടലും. നമ്മൾ തീരത്ത് ഇരുന്ന കാണുന്ന കടലല്ല ആഴക്കടലെന്ന് അപ്പോഴാണ് മനസ്സിലായത്. കൊച്ചി അഴിമുഖത്ത് കണ്ട ചെളി നിറം മാറി ഒറ്റ നോട്ടത്തിൽ കറുപ്പ് എന്ന് തോന്നുന്ന കരിനീല കടൽ. 

പുലർച്ചെ ആറുമണി ആയപ്പോൾ കരിനീല കടൽ കുറച്ച് മൃദുവായി. ശ്രദ്ധിച്ചു നോക്കിയാൽ അടിത്തട്ട് കാണാം. അതെ, ലക്ഷദ്വീപ് എത്താറായിരിക്കുന്നു. കപ്പൽ നങ്കൂരമിട്ടു. ദൂരെ നിന്നും ഒരു ബോട്ട് തിരമാലയിൽ ആടി ആടി വരുന്നുണ്ട്. അനാർക്കലിയിൽ കാണിക്കുന്നത് പോലെയുള്ള ബോട്ടിലേക്ക് നടുക്കടലിൽനിന്നുള്ള ചാട്ടം. പക്ഷെ ഞാൻ ഈ കടമ്പ ഈസി ആയി കടന്നു. എങ്ങനെ എന്നല്ലേ? എന്നെ കപ്പലിലെ ജീവനക്കാർ എടുത്ത് പൊക്കി ബോട്ടിലേക്ക് എടുത്തുവെച്ചു. 

തിരിച്ചു ദ്വീപിലേക്കുള്ള ബോട്ടിലെ യാത്ര ആയിരുന്നു ഏറെ ഹൃദ്യം. കടലിന്റെ നീല നിറം തീരത്തടുക്കുന്തോറും തെളിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോൾ അടിത്തട്ട് മുഴുവൻ ക്രിസ്റ്റൽ ക്ലിയർ ആയി കാണാം. പവിഴപ്പുറ്റും. തൂവെള്ള പഞ്ചസാര മണൽ. ഇടതൂർന്ന. തെങ്ങുകൾ. മറ്റു മരങ്ങൾ താരതമ്യേന കുറവാണ്. കടൽക്കരയിൽ മാസ് (പുഴുങ്ങി ഉണക്കിയ ചൂര) ഉണക്കാൻ ഇട്ടിരിക്കുന്നു. വീതി കുറഞ്ഞ കോൺക്രീറ്റ് റോഡുകൾ. 30 വർഷം മുമ്പുള്ള കേരളത്തെ അനുസ്മരിപ്പിക്കും പോലുള്ള കാഴ്ചകൾ. കുറച്ച് ഉള്ളിലേക്കു പോകുന്തോറും ഇരുനില വാർക്ക വീടുകളും അത്യാവശ്യം കടകളും ഉണ്ട്. പൊതുഇടങ്ങളിലെ ശുചിത്വമാണ് എന്നെ ആദ്യം ആകർഷിച്ചത്. മദ്യവും പട്ടിയും പാമ്പും ഇല്ലാത്ത ദ്വീപിന്റ പരിസരം വളരെ വൃത്തിയായി കിടക്കുന്നു. 

പിന്നീടങ്ങോട്ട് സൽക്കാരങ്ങളുടെ നാളുകളായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ സിറാസ് സമ്പാദിച്ച സൗഹൃദവലയം വലുതായിരുന്നു. ഓരോരോ ദിവസം ക്രമീകരിച്ചു ഓരോരോ സ്‌നേഹിതന്മാരുടെയും പരിചയക്കാരുടെയും വീട്ടിലേക്ക് ക്ഷണം വന്നുകൊണ്ടേ ഇരുന്നു. താജു, ഫിറോസ്, സഹീർ, ഫാറൂഖ് വിരുന്നൊരുക്കിയവരുടെ പട്ടിക ഇങ്ങനെ നീളുന്നു. സലീമിക്കയുടെ വീട്ടിലെ ചൂര ബിരിയാണിയും നിഷാദിന്റെ വീട്ടിലെ പത്തിരിയും തേങ്ങാ അരച്ച ചൂര കറിയും സോഷ്യൽ വർക്കർ ആയ സുനിത മാടത്തിന്റെ വീട്ടിലെ ഇട്ടു വെന്തതും ഏലാഞ്ചിയും മാസിന്റെ അച്ചാറും ബിസ്മില്ലാഹ് ഖാന്റെ വീട്ടിലെ നെയ്മീൻ പൊരിച്ചതും അങ്ങനെ എന്തെല്ലാം രുചിഭേദങ്ങൾ. 

ഒരിക്കൽ അഗത്തിയിൽ പോയപ്പോൾ കാലാവസ്ഥ മോശം ആയതിനാൽ വെസ്സൽ സർവീസ് എല്ലാം നിർത്തി വെച്ചു എന്ന സന്ദേശം വന്നപ്പോൾ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു കവരത്തിയിലേക്കുള്ള ഹെലികോപ്റ്റർ ഏർപ്പെടുത്തിത്തന്ന എയർപോർട്ട് ഉദ്യോഗസ്ഥനായ ഹംസക്കോയയെ ഒരിക്കലും മറക്കാൻ കഴിയില്ല.

Lakshadweep
ഫോട്ടോ: അഡ്വ. രുക്സാന സിറാസ്

ആദ്യത്തെ മൂന്നു മാസം സിറാസിന്റെ സഹപ്രവർത്തക തൃശൂർ സ്വദേശി അഡ്വ. നിമിത ആയിരുന്നു കൂട്ട്. നിമിതക്കുള്ള പോലെത്തന്നെ ഒരു ലേഡി ബേർഡ് സൈക്കിൾ നിമിത എനിക്കും ഒപ്പിച്ചുതന്നു. പിന്നീടുള്ള കറക്കങ്ങൾ അതിലായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നു വക്കീലന്മാർ സൈക്കിളിൽ കവരത്തി ചുറ്റിക്കറങ്ങാൻ തുടങ്ങി. വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റിലെ ജീവനക്കാരനായിരുന്ന മുല്ലക്കോയയുടെ സഹായത്തോടെ അയലയും കിളിമീനും എരിയും ലൈവായി കടലിൽനിന്നു ചൂണ്ട ഇട്ടു പിടിച്ചു പൊരിച്ചു തിന്നു. 

പിടിച്ചുകൊണ്ട് വന്ന കിൻഡ്ൽ മീൻ വഴിയിൽവെച്ച് തന്നെ വാങ്ങി ഒരു മണിക്കൂറിൽ ബിരിയാണി ഉണ്ടാക്കി തിന്നു.  രാവിലെ എണീറ്റ് കടലിൽ നീന്തിക്കുളിച്ച് ആർമാദിച്ചു. ബംഗാരം ഐലൻഡിൽ പോയ് ഒരു രാത്രി തുറന്ന ബീച്ചിൽ കിടന്നുറങ്ങി. ഇന്ത്യയിൽ മറ്റൊരിടത്തും ഒരു പെണ്ണിനും ഒരു രാത്രി മുഴുവൻ ബീച്ചിൽ കിടന്നു നേരം വെളുപ്പിക്കാമെന്ന് തോന്നുന്നില്ല. 

ഇതൊക്കെയാണ് ഞങ്ങൾ അറിഞ്ഞ ലക്ഷദ്വീപ്. സായാഹ്‌നങ്ങളിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്ന നാട്. ഏതു പാതിരാത്രിയും സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന നാട്. മരുമക്കത്തായം ഇന്നും തനതുരീതിയിൽ കാത്തു സംരക്ഷിച്ചു പോരുന്ന നാട്. അതിഥി ദേവോ ഭവഃ എന്ന സംസ്‌കാരം നമ്മളെക്കാൾ നന്നായി പിൻപറ്റുന്ന നാട്, കുറ്റകൃത്യങ്ങൾ തീരെ കുറവുള്ള നാട്. എല്ലാത്തിനും ഉപരി എല്ലാവർക്കും എല്ലാവരെയും അറിയുന്ന നാട്.

ഇന്ന് ദ്വീപിനെ ഭരിക്കുന്നവർ തന്നെ സംഘർഷഭരിതമാക്കുമ്പോൾ തകരുന്നത് കാലപ്പഴക്കം ചെന്ന ജീവിതചര്യകളും സ്വത്വങ്ങളും ആണ്. വിദ്യാഭാസമുള്ളവനും കുറവുള്ളവനും എന്ന വ്യത്യാസം ഇല്ലാതെയാണ് ഈ ചര്യകളെല്ലാം അവർ പാലിച്ചു പോരുന്നത്. ക്രൈം റെക്കോർഡിൽ എറ്റവും കുറഞ്ഞ നിരക്കുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നതും ജനസംഖ്യയുടെ 99% അധികം ജനങ്ങളും മാംസാഹാരം ഭക്ഷിക്കുന്ന നാട്ടിൽ നിരോധനം കൊണ്ടുവരാൻ ശ്രമിക്കുന്നതും മദ്യനിരോധനം എടുത്തുകളയുന്നതും ദ്വീപ് സമൂഹത്തിന്റെ സ്വസ്ഥമായ ജീവിതരീതിക്കു കോട്ടം തട്ടും എന്നതിൽ സംശയമില്ല.

Content Highlights: Lakshadweep, Women Travel, Kavaratti Travel, Lakshadweep Trip