മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് സഞ്ചാരി നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

രകാണാത്തിടംവരെ നീണ്ടുകിടക്കുന്ന കടലുകള്‍ കുട്ടിക്കാലത്തെ തന്നെ എന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്. നാലാം ക്ലാസില്‍ വച്ച് ബേക്കലിലേക്ക് ടൂറ് പോയപ്പോള്‍ ആദ്യമായ് കണ്മുന്നില്‍ നീണ്ടുകിടക്കുന്ന നീലസാഗരം കണ്ട് അത്ഭുതപ്പെട്ട് നിന്നുട്ടുണ്ട്. ഒരിക്കല്‍ കടലിന്റെ ഭംഗിയിലും ശബ്ദത്തിലും ലയിക്കാന്‍ ആരോടും പറയാതെ ബേക്കലിലേക്ക് ബസ് കയറിവന്നിട്ടുണ്ട്. കടപ്പുറത്തെയും അഴീത്തലയിലെയും പയ്യോളിയിലേയും കടല്‍ത്തീരത്ത് പല സമയങ്ങളിലായും പോയി ഇരുന്നിട്ടുണ്ടെങ്കിലും കോഴിക്കോട് കടപ്പുറമായിരുന്നു ഇക്കാലമത്രയും മനസിനെ ഏറെ കുളിരണിയിച്ചിട്ടുണ്ടായിരുന്നത് .

LD 2

ലക്ഷദ്വീപ് എന്ന ദ്വീപസമൂഹങ്ങള്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗമായി അറബിക്കടലില്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് ഹൈസ്‌കൂള്‍ കാലത്തെ ഭൂമിശാസ്ത്ര വിഷയങ്ങളില്‍ പഠിച്ചിരുന്നു. എങ്കിലും പരപ്പ എന്ന എന്റെ കൊച്ചുദേശം ഒഴിച്ച് വേറെവിടെയും എനിക്ക് പോകുവാന്‍ സാധിക്കില്ലായിരുന്നു എന്ന് അന്ന് ഞാന്‍ വിശ്വസിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളിലും കോളേജുകളിലും പഠിക്കുമ്പോള്‍ ടൂറുകള്‍ പോയിരുന്നെങ്കിലും യാത്ര ഒരു ക്രെയ്‌സ് ആയി അനുഭവപ്പെട്ടിരുന്നില്ല. യാത്രയും കാടുകളും മലകളും പുഴകളും മനസിലേക്ക് ഇടിച്ചുകയറ്റിയതിനു സുഹൃത്ത് ഫഹീമിനുള്ള സ്ഥാനം വളരെ വലുതാണ്. വെറുതെ ഇരിക്കുന്ന എന്നെയും കൊണ്ട് അവന്‍ പലതവണ വയനാട് ചുരം കയറ്റിയതാണു.

പെര്‍മിറ്റ്

ലക്ഷദ്വീപെന്ന സ്വപ്നം മനസില്‍ നിറച്ചതും ഫഹിയാണ്. അഗത്തി എന്നു പേരായ ഒരു ദ്വീപില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു അവന്‍. ദ്വീപിലേക്കുള്ള പെര്‍മിറ്റ് റെഡിയാക്കുക എന്നത് പാസ്‌പോര്‍ട്ട് സങ്കടിപ്പിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടായിരുന്നു. കുറച്ചധികം ഫോര്‍മാലിറ്റികള്‍ നിറഞ്ഞ ഒരു പ്രവൃത്തിയാണത്. ഞങ്ങള്‍ക്ക് ദ്വീപ് കാണണമെന്ന ആഗ്രഹത്തെക്കാള്‍ കൂടുതല്‍ ഞങ്ങളെ ദ്വീപ് കാണിക്കണമെന്ന ഫഹീമിന്റെ ആഗ്രഹത്തിന്റെയും പ്രയത്‌നത്തിന്റെയും ഭാഗമാണ് ഞങ്ങള്‍ മൂന്നുപേര്‍ക്ക് ആറു ദിവസങ്ങളിലായി ദ്വീപുകാണാന്‍ ലഭിച്ച അവസരം. ആ പ്രയത്‌നത്തിന്റെ ഭാഗമായിത്തന്നെ പെര്‍മിറ്റ് എടുക്കുക എന്ന ദൗത്യത്തിന്റെ ബുദ്ധിമുട്ട് ഞങ്ങളറിഞ്ഞതേയില്ലായിരുന്നു.

LD 4

ലക്ഷദ്വീപിലെത്തുക എന്ന ദൗത്യത്തിന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതും ആയ കടമ്പയാണ് പെര്‍മിറ്റ് ലഭിക്കുക എന്നത്. യാതൊരു ബുദ്ധിമുട്ടും അറിയാതെ തന്നെ അത് ലഭിച്ചിരിക്കുന്നു. സ്‌പോണ്‍ഷര്‍ഷിപ്പ് പെര്‍മിറ്റ് ആണ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. ആറുമാസത്തെ കാലാവധിയുണ്ട്.

LD 3

ആഗസ്റ്റ് മാസം മുതല്‍ ജനുവരി മാസം വരെയായിരുന്നു പെര്‍മിറ്റ് കാലാവധി. പഠനകാര്യങ്ങളാലും കൂടെയുള്ള സുഹൃത്തുക്കളുടെ ജോലി സംബന്ധിയായും യാത്ര നീണ്ട് നീണ്ട് ജനുവരി വരെ എത്തിയിരുന്നു. പെര്‍മിറ്റ് കയ്യിലുണ്ടായിരുന്നതുകൊണ്ട് ടിക്കറ്റ് കിട്ടുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് കരുതിയിരുന്നത്. ജനുവരി നാലാംതീയതിക്കാണ് പോകാന്‍ തീരുമാനിച്ചതെങ്കിലും കപ്പലിനു ടിക്കറ്റ് കിട്ടാത്തതു കാരണം ജനുവരി പതിമൂന്നാം തീയതി വരെ കാത്തിരിക്കേണ്ടിവന്നു. അന്നുതന്നെ ഇരുപതാം തീയതിക്കുള്ള റിട്ടേണ്‍ ടിക്കറ്റും എടുത്തുവച്ചു. എം.വി. ലഗൂണ്‍ എന്ന കപ്പലിനായിരുന്നു ടിക്കറ്റ്. കൊച്ചിയില്‍ നിന്ന് പതിമൂന്നാം തീയതി 10നും 11.30നും ഇടയ്ക്ക് പുറപ്പെടുമെന്ന് ടിക്കറ്റില്‍ രേഖപ്പെടുത്തിയത് കണ്ടു.

ആദ്യ കപ്പലനുഭവം

കുത്തിയതോടില്‍ സ്ഥലം തെറ്റി ബസിറങ്ങിയും അവിടുന്ന് വേറെ ബസ്സുകയറിയും ടാക്‌സി പിടിച്ചും ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും അരമണിക്കൂര്‍ മുന്നേ തന്നെ കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപില്‍ കപ്പല്‍ കയറാനായി ഞങ്ങള്‍ എത്തിയിരുന്നു. ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം കപ്പല്‍ നിര്‍ത്തിയിടത്തേക്ക് ഒരു ബസിലായിരുന്നു പോയത്. ചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളൂ. എം.വി. ലഗൂണ്‍ എന്ന കപ്പല്‍ പ്രൗഢഗംഭീരമായി തലയുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നു. ദ്വീപുകളെ കരയുമായി ബന്ധിപ്പിക്കുന്ന കപ്പലുകളിലൊന്നാണിത്.

MV Lagoon

ലഗൂണ്‍ എന്നാല്‍ ദ്വീപുകള്‍ക്ക് ചുറ്റും കാണുന്ന ആഴം കുറഞ്ഞ പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശങ്ങളാണെന്ന് പിന്നീടാണറിഞ്ഞത്. ടിക്കറ്റ് പരിശോധന കപ്പലിനു മുന്നിലും ഉണ്ടായിരുന്നു. എട്ടു നിലകളാണ് കപ്പലിനുള്ളത്. ഡെക്ക് എന്നാണ് നിലകളെ അറിയപ്പെടുന്നത്. മൂന്നാമത്തെ ഡെക്കിലായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ ബര്‍ത്ത്. നാലാം ഡെക്കില്‍ കാന്റീന്‍, കിച്ചണ്‍, ഹോസ്പിറ്റല്‍, പോലീസ്, ഷോപ്പ് തുടങ്ങി അവശ്യസേവനങ്ങളായിരുന്നു. ഞങ്ങള്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ ബാഗുകള്‍ വച്ച് ഞങ്ങള്‍ കപ്പല്‍ മുഴുവനും ചുറ്റിക്കണ്ടു. നാലുമണിയോടടുത്താണ് കപ്പല്‍ നീങ്ങിത്തുടങ്ങിയത്. തീരം വിട്ട് പോകുന്ന കാഴ്ച കാണാന്‍ ഞങ്ങള്‍ ഏറ്റവും മുകളിലെ തുറസായ സ്ഥലത്ത് പോയിനിന്നു. ദൂരെ ഡോള്‍ഫിന്‍കൂട്ടങ്ങള്‍ തല കുത്തിമറിയുന്നു. കര അകന്നു പോകുന്നു. നേരം ഇരുട്ടിവരുന്നു. കര മുഴുവന്‍ കണ്ണില്‍ നിന്നു മറയുംവരെ അതും നോക്കി നിന്നു.

ഉള്‍ക്കടലിലെ ആകാശം

ഉള്‍ക്കടലിലേക്ക് കപ്പലടുക്കുംതോറും പുതിയ കാഴ്ചകള്‍ക്കായി കണ്ണുകള്‍ ഓടിനടന്നു. എവിടെ തിരിഞ്ഞാലും ചുറ്റിലും കടല്‍. അര്‍ദ്ധഗോളാകൃതിയിലായ് മുകളില്‍ ആകാശം. തെളിഞ്ഞ ആകാശത്തിലായ് പൂര്‍ണ ചന്ദ്രന്‍. ചന്ദ്രന്റെ പ്രകാശം തട്ടി സ്വര്‍ണവര്‍ണമായി പ്രതിഫലിക്കുന്ന കടലിലെ ഓളങ്ങള്‍.. ആ ഭംഗി എത്ര നുകര്‍ന്നാലും മതിയാകില്ല. രാത്രിഭക്ഷണം കഴിച്ച് വന്ന് നിന്നതാണ്. കുറേ നേരം അതും നോക്കി നിന്ന് ആ ഭംഗിയില്‍ ഇഴുകിച്ചേര്‍ന്നു.

Sky

നേരം പുലര്‍ന്നാല്‍ ആദ്യ ദ്വീപിലെത്തുമെന്ന് പറഞ്ഞിരുന്നു. കടലിലെ സൂര്യോദയം കാണുന്നതിന്റെയും ആദ്യ ദ്വീപുകാണുന്നതിന്റെയും ത്രില്ലും ഒക്കെ കൂടിയായപ്പോള്‍ അന്ന് രാത്രി ആകെക്കൂടി കുറച്ചേ ഉറങ്ങാന്‍ കഴിഞ്ഞുള്ളു..

കില്‍ത്താന്‍

ഏകദേശം അഞ്ചരയോടെ ഉണര്‍ന്ന് കുളി കഴിഞ്ഞ് ഉദയം കാണുവാനായി നേരെ മുകളിലെ നിലയില്‍ കയറി നിന്നു. ആറുമണിയോടടുത്തപ്പോള്‍ നേരിയ ഒരു പ്രകാശത്തില്‍ അങ്ങു ദൂരെ കടലിനു മുകളിലായ് എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ ഒരു മങ്ങിയ കാഴ്ചയില്‍ തെളിഞ്ഞു. കപ്പല്‍ അതിനെ ലക്ഷ്യംവച്ചാണ് നീങ്ങുന്നത്. അത് ഒരു ദ്വീപാണെന്ന് മനസിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. ആറുമണിയുടെ മങ്ങിയ വെളിച്ചത്തില്‍ ആ നേര്‍ത്ത കാഴ്ച കണ്ടെങ്കിലും അതൊന്ന് തെളിഞ്ഞ് കാണാന്‍ പിന്നെയും സമയമെടുത്തു. കപ്പല്‍ ദ്വീപിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. കിഴക്കന്‍ ചക്രവാളം ചുകന്നു തുടുത്തു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദ്വീപിന്റെ കാഴ്ചകള്‍ അടുത്തുവന്നു. ഉദയം നോക്കി നിക്കണോ ദീപിലെ കാഴ്ചകള്‍ നോക്കി നിക്കണോ എന്നു തോന്നി. ഏഴുമണി കഴിഞ്ഞപ്പോഴേക്ക് കിഴക്ക് ചുവപ്പിച്ചുകൊണ്ട് സൂര്യനുദിച്ചുവന്നു. എതിര്‍വശം ദ്വീപ് അടുത്തുവന്നു. ഏഴരയോടടുത്ത് ദ്വീപിനടുത്തായി കപ്പല്‍ നിര്‍ത്തിയിട്ടു. കില്‍ത്താന്‍ എന്നായിരുന്നു ആ ദ്വീപിന്റെ പേര്.

Kilthan

ആദ്യമായാണ് ഒരു ദ്വീപ് കാണുന്നത്. ദ്വീപിനടുത്തേക്ക് കപ്പല്‍ അടുക്കില്ലായിരുന്നു. അവിടം ആഴം കുറവായതിനാല്‍ കപ്പല്‍ വളരെ ദൂരം നിര്‍ത്തി ദ്വീപില്‍ നിന്ന് കപ്പലിലേക്ക് ബോട്ട് സര്‍വീസ് ആണു നടത്താറുള്ളത്. എട്ടു മണിക്കടുത്തപ്പോള്‍ ദ്വീപില്‍ നിന്ന് രണ്ട് മൂന്ന് ബോട്ടുകള്‍ കപ്പലിനെ ലക്ഷ്യംവച്ചു വന്നു. കപ്പലില്‍ നിന്ന് ബോട്ടിലേക്ക് ആളെ ഇറക്കുന്നതും കയറ്റുന്നതും നോക്കി നിന്നു. ഞങ്ങളും ഇങ്ങനെയൊക്കെയാകും ഇറങ്ങുന്നത് എന്നോര്‍ത്തപ്പോള്‍ മനസ് കുളിര്‍ത്തു ആളുകളെ കയറ്റിയിറക്കി കഴിഞ്ഞ് ദ്വീപിലേക്കാവശ്യമായ സാധനസാമഗ്രികള്‍ ഇറക്കാന്‍ തുടങ്ങി. രണ്ട് ബോട്ടുകള്‍ വലിച്ചു കൊണ്ടുവന്ന ഒരു വലിയ ബാര്‍ജിലേക്കാണ് ചരക്കുകള്‍ ഇറക്കുന്നത് .രണ്ട് മണിക്കൂറോളം അവിടെ ചിലവഴിച്ചതിന് ശേഷമാണ്പിന്നീട് കപ്പല്‍ നീങ്ങിതുടങ്ങിയത് കപ്പല്‍ യാത്ര വിരസമാകാതിരുന്നതില്‍ രണ്ട് കുട്ടിപ്പാട്ടുകാരുടെ സാനിധ്യം എടുത്ത്പറയേണ്ട ഒന്നായിരുന്നു ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലേക്ക് ഒരു പരിപാടിയുടെ ഭാഗമായി പോവുകയായിരുന്നു അവര്‍. മാപ്പിളപ്പാട്ടുകളും ഇശലുകളും പാടി അവര്‍ ആ യാത്രയെ കൂടുതല്‍ സുന്ദരമാക്കി.

LD 1

ഒരു മണിക്കൂറിനകം അടുത്ത ദ്വീപായ ചെത്ലത്തില്‍ കപ്പലടുത്തു. യാത്രികരെ കയറ്റിയും ഇറക്കിയും അവിടെയും ഒരു മണിക്കൂര്‍ ചിലവായി. ബിത്ര എന്ന ദ്വീപിനടുത്തെത്തിയപ്പൊഴേക്കും മൂന്നുമണിയോടടുത്തിരുന്നു. വളരെ ചെറിയൊരു ദ്വീപാണ് ബിത്ര. അടുത്തതായി എത്തുന്ന ദ്വീപിലാണ് ഞങ്ങള്‍ക്കിറങ്ങേണ്ടുന്നത്. ആറരയോടടുത്തു ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ അഗത്തി ദ്വീപിലെത്തുവാന്‍. ദൂരെ നിന്ന് ദ്വീപ് കണ്ടുതുടങ്ങി. പക്ഷെ വിഷമകരമായ വസ്തുതയാണ് പിന്നീടറിഞ്ഞത്. ആറര കഴിഞ്ഞാല്‍ ആളുകളെ കയറ്റിയിറക്കാന്‍ ബോട്ടുകള്‍ വരില്ല. പിറ്റേന്ന് നേരം പുലരുന്നത് വരെ കാത്തിരിക്കുക തന്നെ രക്ഷ. അങ്ങിനെ ഇറങ്ങാന്‍ പോകുന്ന ദ്വീപിനെ തൊട്ടുമുന്നില്‍ കണ്ടുകൊണ്ട് ഒരു രാത്രി പുലരുവോളം കാത്തിരിക്കേണ്ടി വന്നു.

അഗത്തിയും കുറേ ആകാംക്ഷകളും

വളരെ ആകാംഷയോടെയാണ് പിറ്റേന്ന് നേരം പുലര്‍ന്നത്. ദ്വീപിന്റെ കിഴക്കുവശത്തായ് കപ്പല്‍ നിര്‍ത്തിയിരിക്കുന്നു. സമയം ഏഴര. കിഴക്കുവശത്തുള്ള ബോട്ടുജെട്ടിയില്‍ നിന്ന് രണ്ട് ബോട്ടുകള്‍ കപ്പല്‍ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ബാഗുകള്‍ എടുത്ത് ബോട്ടില്‍ കയറുവാന്‍ തയ്യാറായിരുന്നു. താഴെ നിലയില്‍ നിന്നുള്ള വഴിയിലൂടെ കയറു പിടിച്ച് ബോട്ടിലേക്കിറങ്ങി. ബോട്ട് ഞങ്ങളേയും കൊണ്ട് ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി. വളരെ തെളിഞ്ഞ ഇളം നീല ജലം. അതിനടിയില്‍ നീന്തി രസിക്കുന്ന പലവര്‍ണ്ണങ്ങളായ മീനുകള്‍. കരയില്‍ പഞ്ചാര മണല്‍ വിരിച്ച ദ്വീപ്. കൂട്ടം കൂട്ടമായി വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍.

Agatti 1

ആ ദിവസം ഞങ്ങള്‍ക്ക് അധികമായി ലഭിച്ച ഒരു ദിവസമായിരുന്നു. അന്ന് വൈകുന്നേരമേ എത്തൂ എന്നാണ് കരുതിയത്. പക്ഷെ രാവിലെ തന്നെ എത്തി. റൂമിലെത്തി ഫ്രഷ് ആയി വൈകുന്നേരമൊന്ന് നാട് ചുറ്റിക്കാണാമെന്നു കരുതി. വീതി കുറഞ്ഞ കോണ്‍ക്രീറ്റ് ചെയ്ത പാതകള്‍. ചെറിയ ചെറിയ കടകള്‍. പാതയോരത്ത് തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന കടപ്ലാവുകള്‍. കൂട്ടമായും ഒറ്റയ്ക്കും തെറ്റയ്ക്കും ഓടിനടക്കുന്ന ചെറുതും വലുതുമായ ആട്ടിന്‍ കൂട്ടങ്ങള്‍. പൂഴിമണലില്‍ ചികഞ്ഞുകൊണ്ട് ക്രാകി നടക്കുന്ന ഒരുപറ്റം കോഴിക്കുഞ്ഞുങ്ങളും പൂവനും പിടയും. ഇടയില്‍ മഞ്ഞ പൂക്കള്‍ കാട്ടി ചിരിച്ച് പൂവരശ്ശ്. തൊട്ട് തൊട്ട് പള്ളികള്‍. പള്ളിക്കാട്ടിലെ മീസാന്‍ കല്ലിനരികുപറ്റി വിരിഞ്ഞ് നില്‍ക്കുന്ന റോസും വെളുപ്പും നിറങ്ങളളുള്ള ശവംനാറി പൂക്കള്‍. എന്തൊക്കെയാണ് കാഴ്ചകള്‍..! ഒക്കെയും നാട്ടിലുള്ളവ തന്നെ, എന്നാലും ദ്വീപിലെ ഉപ്പുമണലില്‍ വളര്‍ന്ന അവയ്ക്ക് എന്തൊരഴകും കാന്തിയും.

Agatti 2

ദ്വീപിന്റെ വടക്കുവശത്തായി നിവര്‍ന്നുകിടക്കുന്ന ലഗൂണ്‍ ബീച്ചിലായിരുന്നു അന്ന് വൈകുന്നേരം സമയം കഴിച്ചത്. രാത്രിയാകുവോളം അവിടിരുന്ന് കഥ പറഞ്ഞ് തിരിച്ച് റൂമിലെത്തി യാത്രാക്ഷീണം തീര്‍ത്തു.

ബങ്കാരം

അഗത്തി ദ്വീപില്‍ നിന്ന് ഒരു മണിക്കൂര്‍ ബോട്ടു യാത്ര ചെയ്താല്‍ ബങ്കാരം എന്ന് പേരായ ഒരു ദ്വീപിലെത്താമെന്നും, ആ ദ്വീപില്‍ ആള്‍ത്താമസമില്ലെന്നും ടൂറിസത്തിന് കുറച്ചേറെ പ്രാധാന്യം കൊടുക്കുന്ന ഒരു ദ്വീപാണ് അതെന്നുമൊക്കെ തലേന്നാള്‍ പറഞ്ഞിരുന്നു. രണ്ടാം ദിനം ആ ദ്വീപിലേക്ക് പോകാനായിരുന്നു പ്ലാന്‍. രാവിലെ തന്നെ പുറപ്പെടണം. അതിനു തയ്യാറായാണ് തലേന്നാള്‍ ലഗൂണ്‍ ബീച്ചില്‍ നിന്ന് കുറച്ച് നേരത്തെ തിരിച്ച് വന്ന് കിടന്നത്. രാവിലെ തന്നെ നൗഷാദ് ഇക്കാന്റെ ബോട്ട് എത്തുകയും ചെയ്തിരുന്നു.. മുന്‍പരിചയം ഒന്നും ഇല്ലെങ്കില്‍ പോലും ബങ്കാരത്തേക്കുള്ള യാത്രയില്‍ ബോട്ട് ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിക്കുകയും കുശലം പറയുകയും ചെയ്തു. കരക്കാരോടുള്ള ദ്വീപുകാരുടെ സ്‌നേഹവും കരുതലും എടുത്തുപറയേണ്ട ഒന്നാണ്. നുരഞ്ഞ് പൊങ്ങുന്ന തിരമാലകള്‍ക്ക് മുകളിലൂടെ അതിനു പോകാനാവുന്നത്ര വേഗത്തില്‍ ബോട്ട് നീങ്ങി. ബോട്ടിന്റെ ഏറ്റവും മുന്‍വശത്ത് കയറിയിരുന്ന് ഓളങ്ങളിലെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് പൊങ്ങിയും താഴ്ന്നും ഉള്ള ആ പോക്ക് ആ യാത്ര കൂടുതല്‍ ഓര്‍മയില്‍ നിര്‍ത്താന്‍ പാകത്തിലുള്ള ഒന്നായിരുന്നു.

Bangaram 1

ബങ്കാരം ദ്വീപ് ദൂരെ ഇന്ന് കണ്ണില്‍ പതിഞ്ഞു. അടുത്തടുത്ത് വന്നപ്പോള്‍ ദ്വീപിന്റെ മനോഹാരിത വര്‍ദ്ധിച്ചു വരുന്നതായി തോന്നി. കണ്ണെത്താത്തിടത്തോളം നീണ്ടു കിടക്കുന്ന ലഗൂണുകള്‍. കടലിന്റെ ആഴം വളരെ കുറവായിരുന്നു ആ ഇടങ്ങളില്‍. താഴെയുള്ള പവിഴപ്പുറ്റുകളും കോറലുകളും വളരെ വ്യക്തമായി കാണാം. അത്രയും തെളിഞ്ഞ വെള്ളം. വലിയ കല്ലുകളില്‍ ഒന്നും തട്ടാതെ കല്ലുകള്‍ കുറവുള്ള വഴി നോക്കി വളരെ വേഗത കുറച്ച് ബോട്ട് ബങ്കാരം ദ്വീപിനടുത്ത് വിരിച്ച് വച്ച താല്‍ക്കാലിക ബോട്ട്‌ജെട്ടിയിലേക്ക് നീങ്ങി. ആ കാഴ്ചയുടെ മനോഹാരിത എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് വിവരിക്കുക?! പഞ്ചാര മണല്‍ തീരങ്ങളില്‍ ചെറുതായി കെട്ടിവച്ച ഓല മേഞ്ഞ തണല്‍ പന്തലുകള്‍. അതിനു കീഴിലായി വിശ്രമിക്കാന്‍ നിരത്തിയിട്ട ചൂരല്‍ കസേരകള്‍. മുന്നിലായി ഇളം നീല നിറത്തില്‍ ശോഭിക്കുന്ന കടല്‍. പുറകിലായി നിരനിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍.

Bangaram 2

ബങ്കാരത്തിലേക്ക് പ്രധാനമായും വന്നത് സ്‌കൂബ ഡൈവിംഗ് ചെയ്യാനായിരുന്നു. കടലിനടിയിലേക്ക് ശുദ്ധവായു നിറച്ച സിലിണ്ടറും പുറകില്‍ കെട്ടി ശ്വസിക്കാനുള്ള മാസ്‌കും ധരിച്ച് കടലിനടിയിലേക്ക് പോകാം.( വായിലൂടെയാണ് വെള്ളത്തിനടിയില്‍ നിന്ന് മാസ്‌ക് വഴി ശ്വസിക്കേണ്ടുന്നത്. കൂടാതെ കടലിനടിയില്‍ വച്ച് ആശയവിനിമയം നറ്റത്താന്‍ പ്രത്യേക കോഡുകളും ഉണ്ട്. അവ നമുക്ക് ആദ്യമേ തന്നെ ട്രെയിന്‍ ചെയ്ത് തരും. നീന്തല്‍ വശമില്ലാത്തവര്‍ക്കും സ്‌കൂബ ഡൈവിംഗ് ചെയ്യാം). ഒരു സമയത്ത് രണ്ടു പേരെയാണ് കൊണ്ടുപോകുന്നത്. ആദ്യ ഊഴം എനിക്കും ഫാസിലിനും ആയിരുന്നു. ശുദ്ധ വായു നിറച്ച സിലിണ്ടറുകള്‍ പുറകില്‍ കെട്ടി കണ്ണും മൂക്കും മറയുമാറ് സുതാര്യമായ ഗ്ലാസും ഘടിപ്പിച്ച് വിദഗ്ധര്‍ ഞങ്ങളെ തുമ്പിയെ പിടിക്കും പോലെ പിടിച്ച് കടലിനടിയിലേക്ക് ഊളിയിട്ടു. ആഹാ എന്ത് മനോഹരമാണ് ആ ലോകം.

Scooba Diving

ചുറ്റിലും പവിഴപ്പുറ്റുകള്‍, വിവിധ വര്‍ണ്ണങ്ങളായി വിരിഞ്ഞ് നില്‍ക്കുന്ന കടല്‍ പുഷ്പങ്ങള്‍ (സീ അനിമോണ്‍), വിവിധ വര്‍ണ്ണങ്ങളായ മീനുകള്‍, കടല്‍ ചെടികള്‍, ഷെല്ലുകള്‍, പടത്താന്‍, ബട്ടര്‍ഫിഷ്, മലഞി തുടങ്ങി പേരറിയാത്ത പലതും പലവര്‍ണ്ണങ്ങളായ് ചിതറി നില്‍ക്കുന്ന മറ്റൊരു ലോകം ഒരു മായാലോകത്തെത്തിയതു പോലെ തോന്നിപ്പിച്ചു അവ. നിശ്ചിത സമയം കഴിഞ്ഞ് കരയ്‌ക്കെത്തിയപ്പോഴും ഉച്ചവെയില്‍ കൊണ്ടിരിക്കുമ്പോഴും ആ കാഴ്ചകള്‍ സൃഷ്ടിച്ച കുളിര് കണ്ണില്‍ നിന്നും മാഞ്ഞു പോയതേ ഇല്ല. വീണ്ടും വീണ്ടും കാണുവാന്‍ തോന്നുന്ന കാഴ്ചകള്‍. ഞങ്ങള്‍ നാലു പേരും ഡൈവ് ചെയ്ത് കഴിഞ്ഞപ്പോഴേക്ക് ഉച്ച കഴിഞ്ഞിരുന്നു. ആള്‍ത്താമസമില്ലാത്ത ദ്വീപ് ആയതുകൊണ്ട് ഭക്ഷണം ഉണ്ടാക്കാനാവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്ന് ദ്വീപില്‍ തന്നെ അടുപ്പ് കൂട്ടി ഓലയും മടലും കത്തിച്ച് തീ കൂട്ടി. അത്രയും രുചികരമായ തേങ്ങാചോറും ചൂരക്കറിയും വച്ച് തന്ന ദ്വീപ് നിവാസികളായ ഫൈസിയോടും മറ്റുള്ളവരോടുമൊക്കെ എത്ര നന്ദിപറഞ്ഞാലാണ് മതിയാവുക. ഭക്ഷണം കഴിഞ്ഞ് ബങ്കാരം ചുറ്റിക്കണ്ട് വൈകുന്നേരത്തോടെ അവിടെ നിന്ന് മടങ്ങി.

Bangaram 3

ഒരു കൊച്ചു വിമാനത്താവളം

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഏകദേശം 36 ദ്വീപുകള്‍ ഉള്ളതായാണ് പറയപ്പെടുന്നത്. അതില്‍ തന്നെയും പതിനൊന്ന് ദ്വീപുകളില്‍ മാത്രമേ ആള്‍താമസമുള്ളൂ. അതില്‍ ഒരു ദ്വീപില്‍ മാത്രമേ വിമാനത്താവളമുള്ളൂ. ആ ദ്വീപില്‍ തന്നെയാണ് ഞങ്ങള്‍ വന്നു പെട്ടതും. അപ്പോള്‍ പിന്നെ വിമാനത്താവളവും, പറ്റുമെങ്കില്‍ വിമാനം പറന്നുയരുന്നതോ താഴ്ന്നിറങ്ങുന്നതോ ആയ കാഴ്ച കാണാമെന്ന് കരുതിയാണ് മൂന്നാം ദിനം എയര്‍പോര്‍ട്ട് വിസിറ്റിനായി മാറ്റി വച്ചത്. ഇതിനിടയില്‍ ഞങ്ങള്‍ക്ക് ഫഹീമിന്റെ സുഹൃത്തുക്കള്‍ വഴി രണ്ട് സൈക്കിളുകളും സംഘടിപ്പിച്ച് തന്നിരുന്നു. അങ്ങനെ മൂന്നാം ദിവസം രണ്ടുപേര്‍ സൈക്കിളിലും രണ്ടുപേര്‍ ഒരു ബൈക്കിലുമായി എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി. എയര്‍പ്പോട്ടിനടുത്തേക്ക് അടുക്കുംതോറും കരയുടെ വീതി കുറഞ്ഞ് കുറഞ്ഞ് വന്നു. രണ്ടു വശങ്ങളിലും കടല്‍ കാണാമെന്ന അവസ്ഥ. നടുവിലുള്ള റോഡിലൂടെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി നീങ്ങി. ചെറിയൊരു കവാടം. മുന്നിലെ ബോര്‍ഡില്‍ 'വെല്‍ക്കം ടു അഗത്തി എയര്‍പോര്‍ട്ട്' എന്ന് എഴുതിവച്ചത് കണ്ടു. അധികാരികളില്‍ നിന്ന് വേണ്ടുന്ന അനുവാദം വാങ്ങി അതിനുള്ളില്‍ കയറി കാത്തിരുന്നു.

Agatti Panchayath

സമയം പന്ത്രണ്ടിനോടടുത്തിരുന്നു. തെക്ക് വശത്തായി കടലിനു മുകളിലൂടെ ശബ്ദമില്ലാതെ ഒരു തുമ്പിയെ പോലെ എയര്‍ ഇന്ത്യയുടെ വിമാനം താഴ്ന്നുവന്നു. ദ്വീപിന്റെ അങ്ങേതലയ്ക്കലെ റണ്‍വേയില്‍ അത് ലാന്റ് ചെയ്തു. ഉച്ചവെയിലിന്റ് ശോഭയേറ്റ് ടാര്‍ ചെയ്ത റണ്‍ വേ തിളച്ചുമറിഞ്ഞിരുന്നു. ചെവി തറപ്പിക്കുന്ന ശബ്ദത്തോടെ റണ്‍ വേയിലൂടെ വിമാനം മുന്നിലേക്ക് നീങ്ങി വന്നു. മുന്നിലേക്കടുക്കുംതോറും കാഴ്ചയുടെ വലിപ്പം കൂടി കൂടി വന്നു. കാഴ്ചയില്‍ നിന്ന് ഒരു അരകിലോമീറ്ററോളം ദൂരത്തില്‍ അത് വന്ന് അല്പം വളഞ്ഞ് നിന്നു. അല്‍പസമയത്തിനുള്ളില്‍ യാത്രികര്‍ ഇറങ്ങിതുടങ്ങി. ആദ്യമായി ഒരു വിമാനത്താവളത്തില്‍ പോകാനും, വിമാനം ലാന്റ് ചെയ്യുന്നത് കാണാനും ഇങ്ങനെ ഒരു സ്ഥലം തന്നെ ലഭിച്ചതോര്‍ത്ത് സന്തോഷിച്ചു. എയര്‍പോര്‍ട്ട് കാണണമെന്ന ലക്ഷ്യത്തോട് കൂടി മാത്രമായിരുന്നില്ല അന്ന് ഇറങ്ങി പുറപ്പെട്ടത്. പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടിനരികിലുള്ള കടലില്‍ ഇറങ്ങി നീന്തണം. സ്‌നോര്‍ക്കലിംഗിനാവശ്യമായ ഗ്ലാസും കുഴലുകളുമായാണ് ഇറങ്ങിയിരുന്നത്. തെങ്ങിന്‍ തോപ്പിനരികില്‍ സൈക്കിളുകള്‍ വച്ച് ഗ്ലാസും എടുത്ത് കടലിലിറങ്ങി. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും കടലില്‍ തീര്‍ത്ത ഭിത്തിയുടെ അരികിലൂടെ താഴ്ന്ന് നീന്തി. പാറക്കെട്ടുകള്‍ക്കിടയില്‍ അങ്ങിങ്ങായി നീന്തിതുടിക്കുന്ന മീനുകളുടെ പുറകെ കുറേനേരം നീന്തി നീങ്ങി.

കഥകളുടെ കല്‍പ്പേട്ടി

കണ്ണെത്തുന്നിടത്ത് എയര്‍പോര്‍ട്ട് സൈഡിലായി കല്‍പ്പേട്ടി എന്നൊരു കൊച്ചു ദ്വീപുണ്ട്. ജനവാസമില്ല. വൈകുന്നേരം അങ്ങോട്ടായിരുന്നു പോക്ക്. ഗഫൂര്‍ക്ക കൂടെയുണ്ടായിരുന്നു. ഒരു ദ്വീപുകാരനാണ്. നല്ല ഉന്മേഷവാനായ ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍. വൈകിട്ട് ഞങ്ങള്‍ നാലുപേരും ഗഫൂര്‍ക്കയും കൂടെ രണ്ട് അഥിതികളും കല്‍പ്പേട്ടി ലക്ഷ്യമാക്കി നീങ്ങി. പൂഴിമണലിലൂടെ ദ്വീപിന്റെ അങ്ങേ അറ്റത്തേക്ക് വളരെ കഷ്ടപ്പെട്ടാണ് ഫഹി ബൈക്ക് ഓടിച്ചതും ഷബിയും ഫാസിലും സൈക്കിള്‍ ചവിട്ടി വന്നതും. അഗത്തിയുടെ പടിഞ്ഞാറേയറ്റമാണിത്. ആകാശം ചുകക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൂര്യന്‍ പതിയെ താഴ്ന്നുപോകുന്നു. കുറച്ചകലെ കല്‍പ്പേട്ടി ദ്വീപ്. അഗത്തിക്കും കല്‍പ്പേട്ടിക്കും ഇടയില്‍ വെള്ളം നന്നേ കുറവായിരുന്നു.

Boat Travel

പകുതി വരെ നടന്നു പോവാം. പകുതിക്ക് വച്ച് വെള്ളം കൂടിയിടത്തു നിന്ന് ബോട്ടിലായിരുന്നു പോയത്. നിറയെ പാറക്കല്ലുകള്‍ നിറഞ്ഞ ഒരു ദ്വീപിന് കല്‍പ്പേട്ടി എന്ന പേര് നന്നായി ഇണങ്ങും. ഈ ദ്വീപില്‍ തന്നെ കല്ലുകള്‍ നിറഞ്ഞ ഒരു ചെറിയ ഇടുക്കുണ്ട്. ഗുഹ പോലെ തോന്നിക്കുന്ന ഈ ഇടുക്കിന് ഒരു കഥയും ഉണ്ട്. കണ്ണൂര്‍ കേന്ദ്രമായി ഭരിച്ചിരുന്ന അറക്കല്‍ ബീവിയുടെ നിയന്ത്രണത്തിലായിരുന്നല്ലോ ലക്ഷദ്വീപ്. ബ്രട്ടീഷ് ഭരണ കാലത്ത് അറക്കല്‍ ബീവി ഒരു ലക്ഷം രൂപയ്ക്ക് ദ്വീപ് ബ്രട്ടീഷുകാര്‍ക്ക് പണയപ്പെടുത്തിയതുകൊണ്ടാണ് ലക്ഷദ്വീപിന് ആ പേരു വന്നതെന്ന് എവിടെയോ കേട്ട ഓരമ്മയുണ്ട്. അന്ന് ബ്രട്ടീഷുകാര്‍ ബലാല്‍ക്കാരമായി നികുതിപ്പണം വാങ്ങുമായിരുന്നു . അങ്ങനെ നികുതി വാങ്ങാനായി ബീകുഞ്ഞി എന്ന സ്ത്രീയുടെ അടുക്കല്‍ എത്തി. ബീകുഞ്ഞി ബ്രട്ടീഷുകാരുടെ കണ്ണു വെട്ടിച്ച് നികുതി നല്‍കാതെ കല്‍പ്പേട്ടിയിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു. ബ്രട്ടീഷുകാര്‍ എത്ര തിരഞ്ഞിട്ടും ബീകുഞ്ഞിയെ കണ്ടെത്താനായില്ല. ബീകുഞ്ഞി ഒളിച്ച ഈ ഗുഹ പിന്നീട് ബികുഞ്ഞിപ്പാറ എന്ന് അറിയപ്പെട്ടു.- ഇതാണ് ആ കഥ.

Kalppetti

ഇരുട്ടാന്‍ തുടങ്ങിയത് കൊണ്ട് ദ്വീപ് പെട്ടന്നൊന്ന് ചുറ്റിക്കണ്ടു. മൊത്തം നടന്നു തീര്‍ക്കാവുന്നതേയുള്ളൂ. നേരം ഇരുട്ടി വന്നു. ദ്വീപുകള്‍ക്കിടയില്‍ വെള്ളവും ഒഴുക്കും കുറഞ്ഞ് വന്നിരുന്നു. അതുകൊണ്ട് തിരിച്ച് അഗത്തിയിലേക്ക് നടത്തമായിരുന്നു. മുട്ടോളം ആഴമുണ്ട്. ഒരു അരികത്തോട് ചേര്‍ന്ന് ഒഴുക്ക് കുറഞ്ഞ സ്ഥലം ഗഫൂര്‍ക്ക കാട്ടിത്തന്നു. അതിലൂടെ ഞങ്ങള്‍ ഏഴുപേരും നടന്നു. ആഴം കൂടുകയാണ്. വെള്ളം അരയോളമെത്തി. നടുവിലെത്തിയപ്പോഴേക്ക് നെഞ്ചോളം മുങ്ങിയിരുന്നു. ചാളയെന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന വിരലിനോളം വലിപ്പമുള്ള ചെറുമീനുകള്‍ കൂട്ടത്തോടെ ജലാശയത്തിനു മുകളിലൂടെ കണ്‍മുന്നില്‍ തുള്ളി തുള്ളി പോകുന്നത് പുതിയൊരു കാഴ്ചയായി. നിറയെ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച ആ രാത്രി നന്നേ ക്ഷീണിച്ചിരുന്നത് കൊണ്ട് കിടന്നതേ ഓര്‍മ്മയുണ്ടായിരുന്നുള്ളു.

പൊങ്ങുതടിപോലെ പൊങ്ങിത്താഴ്ന്ന്

നാലാം ദിനം മുഴുവനും ജലാശയത്തിനു മീതെ പൊങ്ങുതടിപോലെ പൊങ്ങിക്കിടന്ന് സ്‌നോര്‍ക്കലിംഗ് ചെയ്യാനാണ് മാറ്റിവച്ചത്. എയര്‍പോര്‍ട്ടിന്റെ പടിഞ്ഞാറു വശത്തായി നല്ല പവിഴപ്പുറ്റുകളും വിവിധ വര്‍ണ്ണങ്ങളായ മത്സ്യങ്ങളും കാഴ്ചകളും ഉള്ള സ്ഥലം നോക്കി ലൈഫ് ജാക്കറ്റും ധരിച്ച് ഞങ്ങള്‍ നാലുപേരും കടലിലിറങ്ങി. ഗ്ലാസും മാസ്‌കും ധരിച്ച് പാറക്കൂട്ടങ്ങള്‍ ഉള്ള സ്ഥലത്തേക്ക് നീന്തി നീങ്ങി അവിടം കമിഴ്ന്ന് കിടന്ന് കടലിനടിയിലേക്ക് നോക്കി ഒഴുകിനടന്നു. ചെറിയ ഓളങ്ങള്‍ക്കനുസരിച്ച് മുങ്ങിയും പൊങ്ങിയുമങ്ങനെ പൊയ്‌ക്കൊണ്ടിരുന്നു. അന്നു കൂടുതല്‍ സമയവും ചിലവഴിച്ചത് അങ്ങിനെയായിരുന്നു. അതിനിടയില്‍ വാട്ടര്‍ പ്രൂഫ് കവറില്‍ ഫോണ്‍ പൊതിഞ്ഞ് വെള്ളത്തിലേക്കിറങ്ങിയ ഫാസിലിന്റെ ചെറിയൊരു അശ്രദ്ധ കാരണം ഫോണില്‍ വെള്ളം കയറി, ഫോണ്‍ പോയത് പോട്ടെ, നാലു ദിവസം പകര്‍ത്തിയ ചിത്രങ്ങള്‍ മുഴുവനും നഷടമായി. ആവോളം കടല്‍ നുകര്‍ന്ന സന്തോഷത്തിന് അന്ന് ചെറിയൊരു മങ്ങലേറ്റു.

തലേന്നാള്‍ സംഘടിപ്പിച്ച് തരാന്‍ പറഞ്ഞിരുന്ന നീരയുമായി ഗഫൂര്‍ക്ക രാത്രിയില്‍ റൂമിലെത്തിയിരുന്നു. അതിന്റെ മധുരം നുകര്‍ന്ന് അന്ന് രാത്രി കിടന്നുറങ്ങിയപ്പോഴും ഓളങ്ങളില്‍ പൊങ്ങിയും താഴ്ന്നും ഒഴുകി നീങ്ങുന്ന അനുഭവം രാവേറുവോളം ഉണ്ടായിരുന്നു.

ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു

ദ്വീപിലെ അവസാന ദിനമായപ്പൊഴേക്കും ദ്വീപില്‍ കാണാത്ത കാഴ്ചകളായി ഒന്നുമുണ്ടായിരുന്നില്ല. റൂമിന്റെ തൊട്ടു മുന്നിലെ മ്യൂസിയം കാണുവാനായി അന്നായിരുന്നു പോയിരുന്നത്. പിന്നെ ഞങ്ങള്‍ വന്നിറങ്ങിയ കിഴക്ക് വശത്തുള്ള ബോട്ടുജെട്ടിയിലേക്ക് വെറുതേ ഒന്നു നടന്നു. വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുവാനായ് നല്ല ചൂര അച്ചാര്‍ വെയ്ക്കുവാന്‍ ഏല്‍പ്പിക്കുന്നതിനായി മീന്‍ വാങ്ങുന്നതിന് കടപ്പുറത്ത് പോയി. അപ്പോള്‍ പിടിച്ച് കൊടുവന്നിരുന്ന ചൂരമീന്‍. അഞ്ചാറു കിലോയോളം വരുന്ന നല്ല ചൂരകള്‍ വാങ്ങി കയ്യിലെടുത്ത് നടന്നു. മാസ്സ് എന്നറിയപ്പെടുന്ന ഉണക്കിയ ചൂരയും ദ്വീപിലെ സ്‌പെഷ്യല്‍ ഐറ്റം ആയ ദ്വീപുണ്ടയും എത്തിക്കണമെന്ന് ഗഫൂര്‍ക്കയോട് പറഞ്ഞേല്‍പ്പിച്ചു.

Choora

പിറ്റേന്ന് നേരം പുലര്‍ന്നത് മുതല്‍ എന്തെന്നില്ലാത്ത ഒരു വിഷമം മനസില്‍ കുമിഞ്ഞു കൂടി. ഈസ്റ്റേണ്‍ ജെട്ടിയില്‍ പോയി കപ്പല്‍ കൃത്യസമയം പാലിക്കുമോ എന്ന വിവരമറിഞ്ഞു വന്നു. വൈകുന്നേരമായിരുന്നു തിരിച്ചുള്ള കപ്പല്‍. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അത്ര നാളും ഞങ്ങളെ ഊട്ടിയ ഹോട്ടലിലെ ചേട്ടനോട് നന്ദിയും യാത്രയും പറഞ്ഞു. ചൂരയച്ചാറുകള്‍ ഭംഗിയായി പാക്ക് ചെയ്തു. വസ്ത്രങ്ങളെല്ലാം മടക്കി ബാഗിലിട്ടു. വെള്ളിയാഴ്ചയാണ്. കടകളെല്ലാം അവധിയാണ്. മനുഷ്യരും അധികമാരും വെളിയിലില്ല. ദ്വീപു മുഴുവന്‍ മൂകമായി ഞങ്ങളെ യാത്രയാക്കുന്നത് പോലെ തോന്നി. മൂന്നുമണിയോടടുത്ത് ബോട്ടുജെട്ടിയിലെത്തി. കപ്പല്‍ ദൂരെ വന്ന് നിന്നിരുന്നു. ബോട്ടുകളില്‍ കയറി കപ്പലിനടുത്തേക്ക് നീങ്ങി. പുറകിലായ് ദ്വീപ് ചെറുതായി ചെറുതായി വന്നു. മനോഹരങ്ങളായ അഞ്ചു ദിനങ്ങള്‍ ഇനി വെറും ഓര്‍മ്മകള്‍ മാത്രമാണെന്ന തോന്നലില്‍ ഞങ്ങള്‍ മൂന്നുപേരും മൂകമായി കപ്പലിലേക്ക് കയറി. ഒന്നും മിണ്ടാനാവാതെ കുറേ നേരമിരുന്നു.

Content Highlights: Lakshadeewp, Lakshadweep Tourism, Agatti and Bangaram Travel