തിരപ്പിള്ളി, വാഴച്ചാല്‍, ചിന്നാര്‍, മൂന്നാര്‍, പമ്പാടും ഷോല, വഴി മൂന്ന് ദിവസത്തെ തകര്‍പ്പന്‍ ബുള്ളറ്റ് റൈഡ് കഴിഞ്ഞ് എറണാകുളം എത്തിയപ്പോഴാണ് ഒരു ദിവസം വെറുതെ മടി പിടിച്ചിരിക്കാന്‍ തോന്നിയത്. തട്ടേക്കാട് നിന്നു പ്രിയ സുഹൃത്തും പ്രശസ്ത പക്ഷി നിരീക്ഷകനുമായ സുധീഷ് നല്‍കിയ ഓഫറിന്റെ വാലിഡിറ്റി കഴിയാതെ കിടക്കുന്നത് അപ്പോഴാണ് ഓര്‍മ വന്നത്.
   
' പുഴയോരത്ത് ടെന്റടിക്കാം, പുഴയില്‍ കുളിക്കാം, മീന്‍ പിടിച്ച് വറുത്തു കഴിക്കാം, നക്ഷത്രങ്ങളെയും നിലാവും കാണാം... അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന ഓഫറുകളാണ് സുധീഷിന്റെ കയ്യില്‍ എപ്പോഴുമുണ്ടാവുക. തട്ടേക്കാടിന് എറണാകുളത്തു നിന്ന് രണ്ട് മണിക്കൂര്‍ യാത്രയുണ്ട്. മൂന്ന് ദിവസത്തെ റൈഡ് കഴിഞ്ഞ ഉടനെയായതിനാലും മകള്‍ കൂടെയുള്ളതിനാലും ഭാര്യയോട് ഒരു അഭിപ്രായം ചോദിച്ചു.

'എന്നാല്‍ നമുക്ക് അര മണിക്കൂര്‍ മുമ്പേ പുറപ്പെടാം' എന്ന അവളുടെ മറുപടിയില്‍ പകച്ചുപോയി എന്റെ ബാല്യം...

പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു. തലേ ദിവസം അഴിച്ചു വച്ച ബാഗുകളില്‍ ഒന്നില്‍ അത്യാവശ്യ സാധനങ്ങള്‍ പെറുക്കിക്കൂട്ടി, മറ്റൊരു ചങ്കായ മനോജ് വീരകുമാറിന്റെ ടെന്റും സ്ലീപ്പിങ് ബാഗും കൂടി എടുത്ത് വണ്ടിയില്‍ വച്ചു കെട്ടി. സമയം ഉച്ച കഴിഞ്ഞ് 3 മണി. വണ്ടി തട്ടേക്കാടിലേക്ക്.
 

വഴിയില്‍ ഒരു കടയിലെ പഴംപൊരി പ്രലോഭിപ്പിച്ചതിനാല്‍ ചെറിയൊരു ടീ ബ്രേക്ക്. ആറു മണിയോട് കൂടി തട്ടേക്കാട് സലിം അലി ബേര്‍ഡ് സാങ്ചുറിക്ക് മുന്നില്‍ ഞങ്ങള്‍ ഹാജര്‍. സുധീഷിനെ വിളിച്ചപ്പോള്‍ കക്ഷി പുഴത്തീരത്താണ്. അങ്ങോട്ട് ചെല്ലാനുള്ള വഴി പറഞ്ഞു തന്നു. പോരാത്തതിന് ഞങ്ങളെ വിളിച്ചോണ്ട് പോവാന്‍ അള്ളാച്ചന്‍ എന്ന ആത്മാര്‍ത്ഥതയുടെ അസുഖമുള്ള ഒരു കൂട്ടുകാരനെക്കൂടി പറഞ്ഞു വിട്ടു. 

രണ്ട് വളവുകള്‍ കഴിയുമ്പോഴേക്കും അള്ളാച്ചന്‍ ഹാജര്‍. കക്ഷി ഞങ്ങളെ പുഴയോരത്തേക്ക് കൊണ്ട് പോയി. ദൂരെ പൊട്ട് പോലെ സുധീഷിന്റെ നാനോ കാണാമായിരുന്നു. മുന്നില്‍ വഴി നിറയെ ചളിയില്‍ കുഴഞ്ഞു കിടക്കുന്നു. വണ്ടി വച്ചിട്ട് നടന്ന് പോകാമെന്ന് അള്ളാച്ചന്‍. ഒരു ഓഫ്‌റോഡ് കിട്ടിയ സന്തോഷത്തില്‍ ഞാനും. ചളിയിലൂടെ വണ്ടി വീണ്ടും മുന്നോട്ട്.

കുട്ടമ്പുഴയുടെ പച്ച വിരിച്ച പുല്‍ത്തകിടിയിലേക്കാണ് ഞങ്ങളെത്തിയത്. കുറച്ചു ദൂരം താഴേക്ക് പോയാല്‍ ഈ പുഴ പെരിയാറുമായി പ്രണയിക്കുന്നത് കാണാം. അവിടെ എത്തിയപ്പോള്‍ തന്നെ മനസ്സിലായി ഇനി പ്രത്യേകിച്ച് വിശ്രമിക്കേണ്ട കാര്യമൊന്നുമില്ലെന്ന്.

കണ്ണിന് പിടി തരാത്ത ദൂരത്തില്‍ പച്ചപ്പ് മാത്രം. വലത് ഭാഗത്ത് മിക്കപ്പോഴും മഞ്ഞില്‍ ഉറങ്ങുന്ന രണ്ട് മലകള്‍. അധികമാരും കയറിപ്പോകാത്ത തൊപ്പിമുടിയും ഞായപ്പിള്ളിമുടിയും. പുഴക്കക്കരെ ഇടതൂര്‍ന്ന പൂയംകുട്ടി കാടുകള്‍. അതിനുമക്കരെ ഇടക്ക് മഞ്ഞു മാറുമ്പോള്‍ ദൃശ്യമാവുന്ന ചില ഇടമലയാര്‍ കാഴ്ചകള്‍. ഭൂതത്താന്‍ കെട്ട് ഡാം അടച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലമെല്ലാം വെള്ളത്തിനടിയില്‍ ആയിരിക്കും.

'ആശാനേ താനെവിടെപ്പോയി കിടക്കുവായിരുന്നെടോ' എന്ന ചോദ്യമാണ് കാഴ്ചകളില്‍ മയങ്ങിപ്പോയ എന്നെ ഉണര്‍ത്തിയത്. സുധീഷാണ്. ആള് ഭയങ്കര സന്തോഷത്തിലാണ്. ഇത്തിരി വൈകിയതിന്റെ പരിഭവങ്ങള്‍ എല്ലാം കുറച്ച് തെറി വിളികളിലും ആലിംഗനങ്ങളിലും തീര്‍ന്നു. സുധീഷിന്റെ രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. പീറ്റര്‍ ചേട്ടനും അനീഷും. രണ്ടു പേരും കലിപ്‌സോ അഡ്വേഞ്ചര്‍ ടീമില്‍ നിന്നുമാണ്. തട്ടേക്കാട് എസ്‌പ്ലോര്‍ ചെയ്യാന്‍ വന്നതാണ്. 

രണ്ട് പേരും അഡ്വഞ്ചര്‍ ആക്ടിവിറ്റി ട്രൈനേഴ്‌സും യാത്രാ പുലികളുമാണ്. തങ്കു (മകള്‍) കണ്ട പാടെ പീറ്ററേട്ടന്റെയും സുധീഷിന്റെയും കൂടെ കൂടി. പൊതുവെ മസിലുപിടുത്തക്കാരനായ സുധീഷ്, തങ്കുവിന്റെ മുന്നില്‍ ആനയും ഒട്ടകവും ഒക്കെയായി മാറുന്ന കാഴ്ചകള്‍ ഇടക്ക് വന്ന് കൊണ്ടിരുന്നു. പീറ്ററേട്ടനും മോശമാക്കിയില്ല.

Kuttambuzha Tent Camping

സംസാരം ഇടക്ക് റൈഡുകളെക്കുറിച്ചും, ബുള്ളറ്റുകളെക്കുറിച്ചും, അഡ്വഞ്ചര്‍ ട്രെക്കുകളിലേക്കുമെല്ലാം കാട് കയറി. ഇടക്ക് എറണാകുളത്തുകാരനായ മറ്റൊരു യാത്രാ പ്രാന്തന്‍ യദു അവന്റെ ബൈക്കുമായി വന്നു ചേര്‍ന്നു. പണ്ട് വയനാട്ടിലെ ഒരു ഗുഹയില്‍ നിന്നും കണ്ടുകിട്ടിയ സൗഹൃദം. ആളിത്തിരി അഡ്വഞ്ചര്‍ ഭ്രമമുള്ള കൂട്ടത്തിലാണ്. ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ മീന്‍ പിടിത്തം ഞങ്ങള്‍ ഡോക്ടര്‍ എന്ന് എല്ലാവരും വിളിക്കുന്ന റെജീവിനെ ഏല്‍പ്പിച്ചു. കക്ഷിയും പക്ഷിനിരീക്ഷകനും മൂങ്ങ സ്‌പെഷ്യലിസ്റ്റുമാണ്. റെജീവ് തോണിയുമായി ഇറങ്ങിയാല്‍ നിറയെ മീനുമായി വരും എന്ന കാര്യം ഉറപ്പാണ്.

സംസാരത്തിനിടയിലേക്ക് അള്ളാച്ചന്‍ ഇടക്കിടെ കപ്പയും മീനുമൊക്കെ കൊണ്ടുവരുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പീറ്ററേട്ടനും അനീഷും കൂടെ ഞങ്ങളുടെ ടെന്റ് സെറ്റ്  ചെയ്തു. റെന്റിനകത്തു നിന്നും 'ഇതില്‍ കിച്ചണ്‍ ഇല്ലല്ലോ' എന്ന് തങ്കു പീറ്ററേട്ടനോട് പരാതി പറയുന്നത് കേട്ടു. അടുത്ത തവണ വരുമ്പോള്‍ കിച്ചണ്‍ കൂടെയുള്ള ടെന്റ് തരാമെന്നും പറഞ്ഞു പുള്ളി തടി തപ്പി. പതിനൊന്ന് മണിയോട് കൂടി യദു ഒഴികെ ബാക്കിയെല്ലാവരും പിരിഞ്ഞു. യാത്രാനുഭവങ്ങളില്‍ മുങ്ങിയും, പാട്ടിന്റെ കൂട്ട് പിടിച്ചും, പുഴയുടെ താളം കേട്ടും,  നക്ഷത്രങ്ങളെ നോക്കി നിലാവില്‍ ഞങ്ങള്‍ മൂന്നുപേരും കിടന്നു. അവിസ്മരണീയമായൊരു രാവ്.

Kuttambuzha Tent Camping

രാവിലെ ആറ് മണിക്ക് അള്ളാച്ചന്‍ വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. ടെന്റ് തുറന്നപ്പോള്‍ അങ്ങ് ദൂരെ മഞ്ഞില്‍ മുങ്ങി പൂയം കുട്ടി കാടുകളും ഇടമലയാറും. തണുപ്പ് പതിയെ അകത്തേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. പക്ഷെ കാഴ്ചകള്‍ എന്നെ പുറത്തേക്ക് നടത്തി. മഞ്ഞു വീണ് നനഞ്ഞ പുല്‍ത്തകിടിയില്‍ കൂടി നഗ്‌നപാദങ്ങളില്‍ നടന്നപ്പോള്‍ ഓര്‍മകള്‍ ഒരുപാട് പിന്നിലേക്ക് ഓടിപ്പോയി.എനിക്ക് പിന്നാലെ തങ്കുവും എഴുന്നേറ്റു പുറത്തേക്കിറങ്ങി. കുഞ്ഞിക്കാലുകളില്‍ മഞ്ഞു തൊട്ടപ്പോള്‍ അവളുടെ മുഖത്ത് വിടര്‍ന്ന ചിരി കാണേണ്ടതായിരുന്നു.

മഞ്ഞിലൂടെ ഞങ്ങള്‍ വെറുതെ നടന്നു. ഒരു കാലത്ത് നമ്മള്‍ കാണാത്ത ലോകങ്ങള്‍ അവളുടെ കൈപിടിച്ച് എനിക്കും കാണാന്‍ പറ്റുമായിരിക്കും. അവളുടെ കുഞ്ഞിചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നേരം പോയതറിഞ്ഞില്ല.
തിരിച്ചെത്തിയപ്പോഴേക്കും യദുവും ശാന്തിയും ഉണര്‍ന്നു.

അപ്പോഴേക്കും സുധീഷും ഫാമിലിയും കടും കാപ്പിയും ദോശയുമായി വന്നു.അഞ്ജുവിന്റെ കൈപ്പുണ്യം അറിഞ്ഞ പ്രാതല്‍. വെയില്‍ പയ്യെ വന്നുകൊണ്ടിരുന്നു. എല്ലാവരും വെറുതെ നടക്കാനിറങ്ങി. പുഴയുടെ കുഞ്ഞു കൈവഴികളില്‍ കുട്ടികള്‍ കളിക്കാനിറങ്ങി. (കുട്ടികള്‍ മാത്രമല്ല ഞങ്ങളും) യദു അവന്റെ ബൈക്കുമായി റിവര്‍ ക്രോസ്സിങ്ങും റൈഡുമൊക്കെ തുടങ്ങിയിരുന്നു ഇതിനിടക്ക്. 

Kuttambuzha Tent Camping

രാവിലെ തിരികെ വരാനിരുന്നതാണ്. അപ്പോഴാണ് സുധീഷിന്റെ കൊതിയൂറുന്ന അടുത്ത ഓഫര്‍. ' ഡോക്ടര്‍ റെജീവ് വീണ്ടും പുഴമീന്‍ കൊണ്ട് വന്നിട്ടുണ്ട്. പോരാത്തതിനു കപ്പയും ചിക്കനും കൂടെ വാങ്ങി വച്ചിട്ടുണ്ട്. നമുക്ക് പാചകം ചെയ്ത് പൊളിക്കാം'.

പ്ലാന്‍ എക്സ്റ്റന്റ് ചെയ്യാന്‍ എല്ലാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാ പിന്നെ പുഴയില്‍ കുളിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോള്‍ തങ്കു ഉടുപ്പെല്ലാം ഊരിയെറിഞ്ഞു വീണ്ടും അര മണിക്കൂര്‍ മുമ്പേ റെഡിയായി. അര മണിക്കൂറോളം പുഴയില്‍. തിരിച്ചു കേറാനേ തോന്നുന്നില്ല. തണുത്ത വെള്ളത്തില്‍ ക്ഷീണമെല്ലാം എങ്ങോട്ടോ ഒഴുകിപ്പോയി. കുളി കഴിഞ്ഞ് വീണ്ടും ടെന്റിനടുത്തേക്ക്. പെട്ടെന്ന് തന്നെ ടെന്റെല്ലാം അഴിച്ചു പാക് ചെയ്തു. പരിസരം മുഴുവന്‍ ചെറിയ മുട്ടായിപൊതി ഉള്‍പ്പെടെ ക്ലീന്‍ ചെയ്തു. ( എടുത്തു പുഴയിലെറിയുകയല്ല ചെയ്തത്. ഒരു കവറിലാക്കി കൂടെ എടുത്തു. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഈ ഒരു ശീലം എല്ലാവരും തുടരണമെന്ന് ഒരു വലിയ 
അഭ്യര്‍ഥനയുമുണ്ട്. ) നേരെ പുഴയുടെ അടുത്തു തന്നെയുള്ള സുധീഷിന്റെ വീട്ടിലേക്ക്.

Kuttambuzha Tent Camping

Kuttambuzha Tent Camping

Kuttambuzha Tent Camping

Kuttambuzha Tent Camping

Kuttambuzha Tent Camping

ഉള്ളത് പറയണമല്ലോ, ആ ഓഫറും അതിമനോഹരമായിരുന്നു. നിറയെ സ്‌നേഹമുള്ള വീട്ടില്‍ അതിലും സ്‌നേഹമുള്ള അടുക്കളക്കാരി. നമ്മളെത്തുമ്പോളെക്കും പരലും, ആരലും അടുപ്പത്ത് കിടന്ന് പൊരിയാന്‍ തുടങ്ങിയിരുന്നു. ചിക്കന്‍ കറിയുടെ ചുമതല എനിക്ക് കിട്ടി. ഉച്ചയോട് കൂടി വിഭവങ്ങളെല്ലാം റെഡി. വറുക്കുന്നതിനിടയില്‍ മീന്‍ രുചി നോക്കി വയറൊക്കെ നിറഞ്ഞിരുന്നുവെങ്കിലും കഴിപ്പ് മോശമാക്കിയില്ല. ശേഷം പുഴക്കരയില്‍ ഒരു മരത്തണലില്‍ ഒരു ചെറിയ ഉച്ചമയക്കത്തിന് ശ്രമിച്ചെങ്കിലും അള്ളാച്ചന്റെ കഥകള്‍ തീരാത്തതിനാല്‍ ഉറക്കം മാത്രം നടന്നില്ല.

Kuttambuzha Tent Camping

Kuttambuzha Tent Camping

Kuttambuzha Tent Camping
 വീണ്ടും പാട്ടുകളുമായി എല്ലാവരും പുഴയോരത്ത്. ഏവരും തിരക്കുകളെല്ലാം മറന്നിരുന്നു.ഞങ്ങള്‍ക്ക് പുറകിലായി ആകാശവും പുഴയും ഒരുപോലെ ചുവന്ന് തുടങ്ങി. മനോഹരമായ ഒരു അസ്തമയം കൂടി. 'രാത്രി തങ്ങിയിട്ട് പോകാം' എന്നുള്ള സുധീഷിന്റെ പുതിയ ഓഫര്‍ കേട്ടില്ല എന്ന മട്ടില്‍ ഞങ്ങള്‍ തട്ടേക്കാടിനോട് തല്‍ക്കാലം വിടപറഞ്ഞു.പെട്ടെന്ന് തിരികെ വരാം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്.