ത്തുന്ന വേനല്‍ പകലിന്റെ പാരവശ്യത്തിലും കുടകിന് സൗന്ദര്യം ഒട്ടും കുറവില്ല. ആകാശത്തേക്ക് ശിഖരം നീട്ടിയ അനേകം കൂറ്റന്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പച്ചപ്പുതച്ച് കാപ്പിത്തോട്ടങ്ങള്‍ ഈ നാടിന്റെ കുളിരിനെ പുണരുന്നു. കാപ്പിമണക്കുന്ന ഗ്രാമവഴികളിലൂടെ ചെറിയ ദൂരത്ത് പോലും  മാറി മാറി വരയ്ക്കുന്ന കാഴ്ചകളെ പിന്നിട്ട് കുശാല്‍നഗറെന്ന ലക്ഷ്യത്തിലേക്കാണ് യാത്ര. ഗ്ലിംപ്‌സസ് ഓഫ് കുശാല്‍ നഗര്‍ മനസ്സിലുറപ്പിച്ച അനേകം ചിത്രങ്ങളെ യാത്രയിലുടനീളം മനസ്സില്‍ കരുതിവെച്ചു.  ഓടിയെത്താതെ എത്രയോ ദൂരങ്ങള്‍. കുടകിന്റെ വഴികള്‍ അങ്ങിനെയാണ്. എത്ര കൃത്യമായി പ്ലാന്‍ ചെയ്താലും എവിടെയെങ്കിലും വഴിതെറ്റും. ഗൂഗിള്‍ മാപ്പില്‍ മാത്രം  നോക്കിയാലും പലയിടത്തും പണികിട്ടും. എളുപ്പ വഴികളില്‍ നിന്നകന്ന് ചുറ്റിത്തിരിഞ്ഞങ്ങ് പോകാം. അതിലപ്പുറം വഴിയാത്രക്കാരുടെ സഹായം തേടിയാല്‍ അല്ലി ഇല്ലി ന ബേഡാ സീദ ഹോഗ്..എന്ന മറുപടി കിട്ടും. അവരു പറയുന്നതുപോലെ അവിടെയും ഇവിടെയും നോക്കാതെ നേരെ മുന്നോട്ട് തന്നെ. അതിരൂക്ഷമായ ചൂട് അപ്പോഴും നഗരങ്ങളെ  വിഴുങ്ങുന്നുണ്ട്. തോല്‍പ്പെട്ടിയില്‍ നിന്നും കുട്ട വഴി ഗോണിക്കുപ്പ വരെയെത്തിയപ്പോള്‍ ഗൂഗിള്‍ പറഞ്ഞതനുസരിച്ച് വലത്തോട്ട് തിരിഞ്ഞു.  പെരിയപട്ടണമാണ് അടുത്ത ലക്ഷ്യം. അതുവരെയും ഗ്രാമങ്ങളെ മുന്നില്‍ക്കണ്ട യാത്രയില്‍ നിന്നും അകന്ന് അത്യുഷ്ണത്തില്‍ വെന്തു നീറുന്ന കാടിനു നടുവിലൂടെയാണ് പിന്നെയുള്ള യാത്ര. നാഗര്‍ഹോള നാഷണല്‍ പാര്‍ക്കിന്റെ ഒരറ്റത്തിന് നടുവിലൂടെയാണ് നൂലു പിടിച്ചതുപോലെ പാത നീണ്ടുപോകുന്നത്.

Kushalnagar 1

കത്തുന്ന വേനലായതിനാല്‍ റോഡില്‍ നന്നേ വാഹനങ്ങള്‍ കുറവ്. എങ്ങും നരച്ച കാടിന്റെ അസ്ഥികള്‍ മാത്രം. ഇതിനോടെല്ലാം തണല്‍ പറ്റി വാനരക്കൂട്ടങ്ങള്‍ ദാഹിച്ചു കിതയ്ക്കുന്ന കാഴ്ച. വഴിവക്കില്‍ ഇടയ്ക്കിടെ കൊന്നമരം മാത്രം കൊടുംചൂടില്‍ പൂത്തു നില്‍ക്കുന്നു. ഈ വഴിയിലൊന്നും വാഹനങ്ങള്‍ നിര്‍ത്താനോ ഇറങ്ങാനോ പാടില്ല. കര്‍ണാടക വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണം ഫലവത്താണ്. നിയമലംഘകരെ പിടികൂടാന്‍ ഇടയ്ക്കിടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഉദ്യാനം കൂടിയായതിനാല്‍ നിയന്ത്രണങ്ങള്‍ അല്‍പ്പം കൂടി കൂടുതലാണ്. വന്യമൃഗങ്ങളെ കാണുമ്പോള്‍ വാഹനം നിര്‍ത്തിയുള്ള ഫോട്ടോ എടുക്കലും അതിനെ വിരട്ടി ഓടിക്കലുമൊന്നും ഇവിടെ നടക്കില്ല. വന്യജീവി സംരക്ഷണത്തിന്റെ കര്‍ണ്ണാടക മാതൃക ഇങ്ങനെയൊക്കെ പേര് കേട്ടതാണ്.  കാടിന്റെ അതിരുകള്‍ കടന്ന് പാത നാട്ടിന്‍പുറത്തേക്കെത്തി. അപ്പോഴും കുശാല്‍നഗര്‍ എത്രയോ അകലത്തില്‍ തന്നെ. ഒടുവില്‍ പെരിയപട്ടണത്തിന് നടുവില്‍ എത്തിയതോടെ ബുദ്ധവിഹാരത്തക്കുറിച്ച് കൃത്യം സൂചന ലഭിച്ചു. കുറെ കൂടി മുന്നോട്ടുപോയപ്പോള്‍ ബുദ്ധമത അനുയായികള്‍ ബൈക്കിലും മറ്റും സഞ്ചരിക്കുന്ന കാഴ്ച  കണ്ണില്‍പ്പെട്ടു തുടങ്ങി. ആകെ മാറിയ നാട്. മടിക്കേരി റോഡില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒന്നര കിലോ മീറ്റര്‍ പിന്നിട്ടതോടെ ബുദ്ധവിഹാരമായി. ചുരുങ്ങിയ കാലം കൊണ്ട് അണിഞ്ഞൊരുങ്ങിയ ടിബറ്റിന്റെ തനി പകര്‍പ്പുകള്‍. മരക്കൂട്ടങ്ങള്‍ക്കിടയില്‍ ശാന്തിമന്ത്രമെഴുതിയ കൊടി തോരണങ്ങള്‍.  ചൈനീസ് മുഖമുള്ള ബുദ്ധമത സന്യാസികളും അല്ലാത്തവരും ചേര്‍ന്ന് ഇന്ത്യന്‍ മണ്ണിലെഴുതിയ പുതിയ ജീവിതം.

Kushalnagar 2

കുശാല്‍ നഗറിലെ ബുദ്ധഭിക്ഷുക്കള്‍

ഇന്ത്യയില്‍ ധര്‍മശാലകഴിഞ്ഞാല്‍ ഏറ്റവും വലിയ ബുദ്ധമതാനുയായികളുടെ വാസസ്ഥലമാണ് ബൈലകുപ്പയും കുശാല്‍നഗറും. തല മുണ്ഡനം ചെയ്ത് കാവി വസ്ത്രമണിഞ്ഞ് കാലത്തോട് കഥ പറയുകയാണ് മറുനാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെ വന്ന ബുദ്ധമതസ്ഥരുടെ തലമുറകള്‍. ഇന്ത്യ ഇവര്‍ക്ക് അഭയകേന്ദ്രമാണ്. ടിബറ്റിന്റെയും ചൈനയുടെയുമെല്ലാം ജീവിത പാരമ്പര്യങ്ങള്‍ സൂക്ഷിക്കുമ്പോഴും ഇവര്‍ക്ക് കുശാല്‍ നഗര്‍ നല്‍കിയത് നിര്‍ലോഭമായ ഊഷ്മള സ്‌നേഹമാണ്. ഇവിടെയെത്തുന്ന ഏതൊരാളെയും ഇവര്‍ അതിഥിയായി സ്വീകരിക്കും. ഇവരുടെ ആരാധാനാലയങ്ങളെ ഇവര്‍ തികഞ്ഞ സന്തോഷത്തോടെ പരിചയപ്പെടുത്തും. കാലങ്ങളായുള്ള ഇവരുടെ ശീലം ഇപ്പോഴും തുടരുന്നു. വര്‍ഷത്തില്‍ ലക്ഷത്തോളം സഞ്ചാരികളാണ് ഈ ബുദ്ധവിഹാര കേന്ദം സന്ദര്‍ശിക്കാനെത്തുന്നത്. അവധി ദിനങ്ങളില്‍ ഇവിടെ ടൂറിസ്റ്റുകളെകൊണ്ട് നിറയും. കര്‍ണ്ണാടകയുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാമാണ് കൂടുതലാളുകള്‍ ഇവിടെയത്തുന്നത്. പകല്‍ സമയം മുഴുവന്‍ ഇവിടെ ആര്‍ക്കും ഇവരോടൊത്ത് ചെലവഴിക്കാം. രാത്രി തങ്ങണമെങ്കില്‍ പ്രത്യേകമായി അനുവാദം വാങ്ങിയിരിക്കണം. ടിബറ്റന്‍ അഭയാര്‍ത്ഥി സങ്കേതമായതിനാല്‍ പുറമെ നിന്നും അപരിചിതര്‍ ഇവരുടെ സങ്കേതങ്ങളില്‍ അനുവാദമില്ലാതെ താമസിക്കുന്നത് കുറ്റകരമാണ്.

Kushalnagar 3

രണ്ടുകേന്ദ്രങ്ങളിലായി 5000 ത്തിലധികം അന്തേവാസികള്‍ കുശാല്‍നഗറിലുണ്ട്. തനതു വസ്ത്രങ്ങളും രോമക്കുപ്പായങ്ങളും കരകൗശല വസ്തുക്കളുമെല്ലാം ഉണ്ടാക്കി ടൂറിസ്റ്റുകള്‍ക്കിടയില്‍ വിറ്റും ഇവര്‍ ജീവിത വരുമാനം കണ്ടെത്തുന്നു. ബുദ്ധമതാനുയായികളുടെ ഏറ്റവും ശ്രേഷ്ഠമായ സുവര്‍ണ ക്ഷേത്രമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അറുപതടി ഉയരമുള്ള ശ്രീബുദ്ധന്റെ സുവര്‍ണ്ണ പ്രതിമയും അതിന്റെ ഇരുവശത്തുമായുള്ള ഗുരു പത്മസംഭവയുടെയും അമിതായുസ്സിന്റെയും പ്രതിമകളുമുണ്ട്. ഇവയെല്ലാം ഈ ബുദ്ധവിഹാരത്തെ പ്രൗഢമാക്കുന്നു. നീലയും ചുവപ്പും കലര്‍ന്ന കടുംവര്‍ണങ്ങളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബുദ്ധവിഹാരകേന്ദ്രം ദക്ഷിണേന്ത്യയിലെ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഇവരുടെ കുടിയേറ്റത്തിന് അഞ്ചര പതിറ്റാണ്ട് പഴക്കമുണ്ട്. കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ ഈ അഭയകേന്ദ്രത്തില്‍ ഇവര്‍ ഇന്നും സുരക്ഷിതരാണ്. ലോകത്തിലെ അറിയപ്പെടുന്ന ബുദ്ധമത പഠനകേന്ദ്രത്തില്‍ ഒന്നായി ബൈലക്കുപ്പയിലെ ഈ സങ്കേതവും മാറുകയാണ്. സ്വന്തമായി ആസ്പത്രിയും വിദ്യാലയങ്ങളും മതപാഠശാലകളും കൃഷിയുമെല്ലാമുള്ള ഒരു ടിബറ്റന്‍ ഗ്രാമമാണ് ഇവര്‍ ഇതിനിടയില്‍ ഇവിടെ പടുത്തുയര്‍ത്തിയത്. 

Kushalnagar 4

അഭയാര്‍ത്ഥികളല്ല അതിഥികള്‍

നംഡ്രോലിങ്ങ് ക്ഷേത്രന് മുന്നില്‍ എപ്പോഴും ആള്‍ക്കുട്ടമുണ്ട്. ഇന്ത്യയ്ക്ക് പുറത്തുനിന്നും എത്തിയവരും അല്ലാത്തവരുമുണ്ട്. ഇവിടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ യാതൊന്നുമില്ല. അമ്പലത്തിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് മാത്രം. അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് വിഘാതം വരുത്താതെയുള്ള സന്ദര്‍ശനം എല്ലാ ദിവസവുമുണ്ട്. മന്ത്രങ്ങള്‍ മുഴങ്ങുന്ന ഹാളിനുള്ളില്‍ കുട്ടി സന്യാസിമാരടക്കം മുന്നുറോളം പേര്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യമുണ്ട്. ഇവരെയാരും അഭയാര്‍ത്ഥികള്‍ എന്നു വിളിക്കാറില്ല. അതിഥികള്‍ എന്നാണ് കുടകിലെ ഗ്രാമീണര്‍ പോലും വിളിക്കുക. അന്യനാട്ടിലാണെങ്കിലും ഇവര്‍ ഇന്നും ഇവരുടെ സംസ്‌കാരത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു. കമ്പിളി പുതപ്പും വസ്ത്രങ്ങളും നെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടെ കൂടുതലായുളളത്. കൃഷിയിടങ്ങള്‍ തരിശിടാറില്ല. ഇവരുടെ ആവശ്യങ്ങള്‍ക്കുള്ള ഏതാണ്ട് എല്ലാ കാര്‍ഷിക വിളകളും ഇവര്‍ തന്നെ കൃഷി ചെയ്യുന്നു. പുതുതലമുറയിലെ യുവാക്കള്‍ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്താനും മറ്റും തുടങ്ങിയിരിക്കുന്നു. വെറുതെയിരുന്ന് മുഷിയാന്‍ ഇവരെ കിട്ടില്ല. പ്രയത്‌നവും ലക്ഷ്യവുമാണ് ഞങ്ങളുടെ മന്ത്രമെന്ന് കുശാല്‍നഗറിലെ മാന്‍സി ലാമ പറയുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും ഉയര്‍ന്ന ആത്മീയതയും ഇവരുടെ ജീവിതത്തെ മാറ്റി വരച്ചിരിക്കുന്നു.

Kushalnagar 4

എല്ലാം ഉപേക്ഷിക്കപ്പെട്ട് പലായനം ചെയ്ത മുതിര്‍ന്ന തലമുറയുടെ ആകുലതകള്‍ ചെറുപ്പക്കാരില്‍ ഇപ്പോള്‍ കാണാനേയില്ല. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ബന്ധുക്കളുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ട്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. പലായനങ്ങള്‍ വിഭജിച്ച ബന്ധങ്ങളെ ഒരര്‍ഥത്തില്‍ സമൂഹമാധ്യമങ്ങള്‍ ഒന്നിപ്പിക്കുന്നു. ഒരിക്കല്‍ മരുഭൂമിക്ക് തുല്യം വരണ്ടു കിടന്ന മണ്ണാണ് ഇന്ന് ധാരാളം മരങ്ങളും കൃഷികളുമായി പച്ചപ്പണിഞ്ഞു നില്‍ക്കുന്നത്. കുശാല്‍ നഗറിലെത്തിയവരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കരുത്താണിത്. ചിട്ടയായ ജീവിതചര്യകളുടെ പാഠങ്ങളും സമീപഗ്രാമവാസികള്‍ക്കെല്ലാം ഇവരില്‍ നിന്നും ഏറെ പഠിക്കാനായി. അതിന്റെ ഫലമെന്നോണം പതിയെ പതിയെ ഈ ഗ്രാമങ്ങളും പച്ചത്തുരുത്തുകളായി മാറുകയാണ്. ഉയര്‍ന്ന ഗിരി പര്‍വതങ്ങളില്‍ നിന്നിറങ്ങിവന്ന് കാവേരിയുടെ തീരത്ത് ഇവരെഴുതിയ ജീവിതം.

Kushalnagar 5

സഞ്ചാരികളുടെ വഴികള്‍

ബൈലകുപ്പയിലെ ബുദ്ധവിഹാരം സഞ്ചാരികളുടെ കണ്ണില്‍പ്പെട്ടിട്ട് പതിറ്റാണ്ടുകളായി. പലായനത്തിന്റെ അരനൂറ്റാണ്ടുകള്‍ നീണ്ട മുറിവുകള്‍ക്കിടയില്‍ നിന്നും പതിയെ തിരിച്ചുവന്ന ജനതയുടെ അരികിലേക്ക് നാട് നടന്നടുക്കുകയായിരുന്നു. തുടര്‍ച്ചയായുള്ള ഈ സമ്പര്‍ക്കങ്ങള്‍ ഒരേ സമയം ഇവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി. ഒരു ആത്മീയ കേന്ദ്രം അങ്ങിനെയാണ് നാളുകളെടുത്ത് വിനോദ സഞ്ചാരികളുടെത് കൂടിയാവുന്നത്.  പൂര്‍ണ്ണമായും മുളകൊണ്ട് നിര്‍മ്മിച്ചതായിരുന്നു ആദ്യത്തെ ആരാധനാലയം. പിന്നീട് 1990 ല്‍ തികച്ചും പരമ്പരാഗതമായ ടിബറ്റന്‍ ശൈലിയില്‍ മൊണാസ്ട്രിയെ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു. ടിബറ്റന്‍ ആത്മീയഗുരു ദലൈലാമ തന്നെയാണ് ബൈലകുപ്പയിലെ ഈ സങ്കേതത്തിന് നംഡ്രോലിങ്ങ് മൊണാസ്ട്രി എന്നു പേരിട്ടതും. ഇടക്കിടെ ദലൈലലാമയും ഇവിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്താന്‍ തുടങ്ങിയതോടെ ഇവരുടെ സ്വന്തം നിര്‍മ്മിത കരകൗശ വസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കാനുള്ള വിപണി കൂടി ഇവിടെ രൂപംകൊണ്ടു. അതിലുപരി ഇവര്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗം കൂടിയായി. ടിബറ്റന്‍ തനത് രുചി പെരുമകളുമായി ഭോജനശാലകളും ഇവിടെ ഉയര്‍ന്നു. പത്തിരുപത് അന്യ രുചികളുമായി ഒരു ടിബറ്റ് റസ്റ്റോറന്റും ഇവിടെയുണ്ട്. അത്രയധികം ടിബറ്റിനെ അടുത്തറിയാത്ത ആഭ്യന്തര സഞ്ചാരികള്‍ക്കിടയില്‍ ഇതെല്ലാം കൗതുകമായി. കുശാല്‍നഗര്‍ എന്ന ഗ്രാമത്തിന്റെ കാര്‍ഷിക രീതികള്‍ ഇവരും പതിയെ പഠിച്ചെടുത്തു. പാരസ്പര്യത്തിന്റെ കണ്ണികള്‍ വിളക്കി ഈ ഗ്രാമങ്ങള്‍ ഇതോടെ ഒന്നായിമാറി. ഈ ഗ്രാമം ഉയര്‍ത്തിപിടിച്ച വശ്യതകള്‍ ടൂറിസം ഭൂപടത്തിലേക്കും കൈപിടിച്ചു. വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ കടന്നുവരവുകള്‍ കുശാല്‍ നഗറിന്റെ ചരിത്രവും ഒടുവില്‍ മാറ്റിയെഴുതുകയാണ്. 

Kushalnagar 6

അടരുവാനില്ല ഇനി ജീവിതം

ഞങ്ങള്‍ മരണം വരെയും ഈ നാട്ടുകാര്‍ തന്നെ. അടര്‍ന്ന് ഒഴുകി വന്ന ജീവിതത്തിന്റെ നാള്‍വഴികളെ ചൂണ്ടി മുതിര്‍ന്ന  ബുദ്ധസന്യാസി  മനസ്സുതുറക്കുന്നു. ജീവിതത്തിന്റെ നേര്‍ പകുതിയില്‍ നിന്നും അത്രയധികം മനസ്സുഖം ഈ ഗ്രാമം ഇവര്‍ക്ക് നല്‍കിയിരിക്കുന്നു. സ്വഛന്ദമായ ജീവിത പരിസരങ്ങളില്‍ ഇവര്‍ നട്ടു പിടിപ്പിച്ച പുതിയ അധ്യായങ്ങള്‍ തിരിച്ചറിവിന്റെത് കൂടിയാണ്. വലിയ കെട്ടിട സമുച്ചയങ്ങളില്‍ മന്ത്രങ്ങള്‍ എഴുതിയ നീളന്‍ ബഹുവര്‍ണ തുണികള്‍ അലങ്കരിക്കുന്ന മട്ടുപ്പാവുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന സന്യാസിമാരുടെ സങ്കേതങ്ങള്‍ കടന്ന് എത്രയോ പേര്‍ വരികയും പോവുകയും ചെയ്യുന്നു. ഇതിലൊന്നും അലോസരപ്പെടാതെ നംഡ്രോലിങ്ങ് പകലുകളെയും രാത്രികളെയും പിന്തള്ളുന്നു. ബുള്ളറ്റ് ക്ലബ്ബുകളും സഞ്ചാരികളും ഇടതടവില്ലാതെ വന്നു പോകുമ്പോഴും ഏതോ മുറിവുകള്‍ ഈ സങ്കേതത്തിന് നീറ്റലായി ഇപ്പോഴും ഉള്ളതായി ആരാണ് ഓര്‍മ്മിക്കുന്നത്. പലായനം ശേഷിപ്പിക്കുന്ന നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയായി അങ്ങിനെ കുശാല്‍നഗറിനും ഒരുപാട് കഥകള്‍ പറയാനുണ്ട്.