എങ്ങോട്ടോ പോവാന്‍ വഴിയരികില്‍ കാത്തു നില്‍ക്കുമ്പോള്‍ മറ്റൊരിടത്തേക്കുള്ള വണ്ടിയില്‍ കയറി മൂന്നാമതൊരിടത്ത് ഇറങ്ങി പോവണം. 

 

ങ്ങോട്ട് എന്ന് തീര്‍പ്പാവാത്തതിനാല്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. ആദ്യം വരുന്ന വണ്ടിയില്‍ത്തന്നെ കയറി. അഞ്ച് മണിയായപ്പോള്‍ മംഗലാപുരത്തൊരു നാല്‍കൂട്ടവഴിയിലെത്തി. വീണ്ടും   എങ്ങോട്ടെന്ന ചോദ്യമായ്. ഈ യാത്ര അലീനയ്ക്ക് വേണ്ടിയായതിനാല്‍ തീരുമാനവും അവളുടേതായിരുന്നു  കുദ്രേമുഖ്. ഇനി അങ്ങോട്ടെങ്ങനെ എന്ന ചിന്തക്ക്, ചോദിച്ച് ചോദിച്ച് ആദ്യത്തെ ലക്ഷ്യം കണ്ടെത്തി. കൃത്യമായ് മനസ്സിലാവാതെ പോയ കര്‍ക്കല എന്ന പേരുള്ളിടത്തേക്ക് വണ്ടി കയറുമ്പോള്‍ ഗൂഗിള്‍ പറഞ്ഞ ദൂരം മാത്രമെ അറിവുണ്ടായിരുന്നുള്ളു. കര്‍ക്കലയില്‍ നിന്ന് വീണ്ടും അടുത്ത ബസ്സ് പിടിക്കണം. ഇറങ്ങേണ്ടത് എവിടെ എന്നത് അപ്പോഴും തീര്‍ച്ചയില്ലായിരുന്നു. എങ്ങോട്ടാണെങ്കിലും അതൊരു യാത്രയാണല്ലൊ !

Kurinchal Trecking

യാത്രകളില്‍ വണ്ടിയുടെ മുഖചിത്രമാവാന്‍ എനിക്കിഷ്ടമാണ്. മുന്നിലെയും അരികിലെയും കാഴ്ചകളില്‍ ഒന്നുപോലും നഷ്ടമാവരുത്.  ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരം റിസര്‍വ്വ് ഫോറസ്റ്റിലൂടെ ഉള്ള യാത്ര. ബസിന്റെ ലൈറ്റില്‍ മുന്നിലൂടെ ചില ജീവികള്‍ ഓടിമറയുന്നതിന്റെ കൗതുകം. വല്ല ആനയും വന്നാലോ എന്ന് അരികിലിരിക്കുന്ന കൂട്ടുകാരിയുടെ സംശയം. ഉത്തരമായ് മനസില്‍ വന്നത് മറ്റൊരു ചോദ്യമായിരുന്നു. ബസ് എങ്ങാനും ഈ കാട്ടുപാതയില്‍ പണിമുടക്കിയാലോ? അത് പറഞ്ഞപ്പോഴാണ് പെട്ടിപ്പുറത്തു നിന്നും പുറകിലെ സീറ്റുകളിലേക്ക് ആഞ്ഞ് വലിഞ്ഞു നോക്കിയത്, ആകെ നാലോ അഞ്ചോ പേര്‍ മാത്രമുണ്ട്. ആ വഴിയേ പോവുന്ന  അവസാനത്തെ ബസിലാണ് ഞങ്ങള്‍.

Kurinchal 2

ഇടയില്‍ ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ വര്‍ത്തമാനം ശ്രദ്ധിക്കാന്‍ തുടങ്ങിയ ഡ്രൈവര്‍ എങ്ങോട്ടെന്ന് ചോദിച്ചു. ടിക്കറ്റ് എടുത്തിരിക്കുന്നത് ഹൊറനാഡ് എന്നിടത്തേക്കാണ്. അവിടെ എത്താന്‍ പത്തുമണിയാവുമെന്ന് കേട്ടപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ ഞങ്ങളുടെ വകയായി. ട്രെക്കിങ് സ്‌പോട്ടിന്റെ കാര്യം പറഞ്ഞ് അതിനടുത്ത് താമസിക്കാന്‍ ഇടങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനു 'കാട്ടിലോ' എന്ന്  മറുചോദ്യം വന്നു. നാലുപേരും പരസ്പരം നോക്കി, 'ഇനിയിപ്പൊ എന്ത്' എന്നായി.   ബസ് യാത്ര അവസാനിക്കുന്നത് ഒരു അമ്പലത്തിനു മുന്നിലാണ്. അങ്ങിനെയാണ്   രാത്രിയില്‍ നടയടക്കുവോളം ഭക്ഷണം കൊടുക്കുന്ന, കിടക്കാന്‍ ഇടമൊരുക്കുന്ന ഹൊറനാഡ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ എത്തുന്നത്. ആ യാത്ര തുടരവേ,  ഇരുട്ടിലേക്ക് എപ്പൊഴൊക്കെയൊ കൈ ചൂണ്ടി   'കണ്ടോ' എന്ന് ബസിന്റെ സാരഥി ചോദിച്ചു കൊണ്ടിരുന്നു. ഇടയില്‍ തന്റെ ജാതി പറഞ്ഞ് ഒന്നു മേനി നടിക്കുകയും ചെയ്തു.  രാത്രി അമ്പലത്തില്‍ കൂടാന്‍ പോവുന്ന ഞങ്ങള്‍ ഹിന്ദുക്കള്‍ തന്നെ അല്ലേ എന്ന്  ഉറപ്പ് വരുത്തി. രാത്രി പത്തരക്കും ആളുകള്‍ നിറഞ്ഞിരുന്ന ഊട്ടുപുരയില്‍ നിന്ന് ചോറുകിട്ടിയെങ്കിലും തലചായ്ക്കാന്‍ പായ കിട്ടിയില്ല. വൈകി വന്നവരില്‍ പലരും ചുറ്റമ്പലത്തില്‍  കമ്പിളി പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. അമ്പലം വകയാണോ  എന്നറിയില്ലെങ്കിലും പിറ്റേന്ന് രാവിലെ ചെല്ലുമ്പോള്‍ കമ്പിളികള്‍ മടക്കി അട്ടിയായ് വെച്ചിരിക്കുന്നത് കണ്ടു. ബസ്സ് വന്ന വഴിയെ കണ്ട ഹോട്ടലില്‍ ചെല്ലുമ്പോള്‍ ഒരു പൂരത്തിനുള്ള മനുഷ്യര്‍ ഉണ്ട് അവിടെ. എങ്കിലും ഞങ്ങള്‍ക്ക് കിട്ടിയ ഇരട്ടക്കട്ടിലിനും അധികം കിട്ടിയ ഒറ്റക്കട്ടിലിനും ചേര്‍ത്ത് വാങ്ങിയത് ഒരു രാത്രിക്ക് മുന്നൂറ്റമ്പത് രൂപ മാത്രം.

Kurinchal 3

രാവിലെ എഴുന്നേറ്റ് അമ്പലം വഴി ഒന്നുകൂടെ കറങ്ങി ട്രെക്കിങ് പോയിന്റിലേക്ക് ബസ്സ് പിടിച്ചു. തലേന്നാള്‍ വന്ന വഴി തിരിച്ചിറങ്ങി. വനം വകുപ്പിന്റെ ഓഫീസിലിറങ്ങി അനുവാദം വാങ്ങി വഴികാട്ടിയേയും കൂട്ടി വീണ്ടും ബസില്‍ കയറി അടുത്ത പോയിന്റിലിറങ്ങി.  അറ്റം കാണാതെ കിടക്കുന്ന വളവു തിരിവുകളില്ലാത്ത റോഡില്‍ ഒന്നുമല്ലാത്ത ഒരിടത്ത് ആയിരുന്നു ആ സ്റ്റോപ്പ്.   ഭഗവതി കുതിരമുഖം കാണണം എന്നൊരു മോഹമുണ്ടായിരുന്നെങ്കിലും കയ്യിലുള്ള ഒരു ദിവസം കൊണ്ട് പോയിവരാന്‍ ആവില്ലായിരുന്നു. പിന്നെ എവിടെ എന്ന ചോദ്യത്തിനു കിട്ടിയ ഉത്തരമായിരുന്നു കുറിഞ്ചാല്‍. കുദ്രേമുഖ് സംരക്ഷിത വനമേഖലയില്‍ ധാരാളം ട്രെക്കിങ് റൂട്ടുകള്‍ ഉണ്ട്. ഒറ്റ ദിവസം കൊണ്ട് കയറിയിറങ്ങാവുന്നത് മുതല്‍ ദിവസങ്ങള്‍ നീളുന്ന പാതകള്‍ വരെ.  ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുള്ളതിനാല്‍ വൈകീട്ട് തിരിച്ചെത്തി നാട്ടിലേക്കുള്ള വണ്ടി പിടിക്കാമെന്നതായിരുന്നു കുറിഞ്ചാല്‍ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം. വനം വകുപ്പിന്റെ ഗേറ്റ് കടന്ന് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇതാണോ ട്രെക്കിങ് റൂട്ട് എന്നൊന്ന് സംശയിച്ചു. സാഹസികത പ്രകടിപ്പിക്കാന്‍ പോന്ന ഒന്നുമില്ലായിരുന്നു എന്നത് തന്നെ കാരണം. അരകിലോമീറ്റര്‍ കഴിയും മുമ്പേ വെയിലില്‍ നിന്നും കാടിന്റെ തണുപ്പിലേക്ക്; ചോരകുടിയന്‍ അട്ടകളുടെ ഉത്സവത്തിലേക്ക്; പത്തുമണിയുടെ പൊള്ളുന്ന വെയിലില്‍ നിന്നും ഒരു വെയില്‍ ചീളുപോലും കടന്നെത്താത്ത തണലിലേക്ക്  ചോലവനങ്ങളുടെ സമൃദ്ധിയിലാണിപ്പോള്‍.

Kurinchal 4

വഴിയേ വരാനിരിക്കുന്ന അരുവിയുടെ സൂചനകളുമായ് പലയിടത്തും നിലത്ത് വെള്ളമൂറുന്നുണ്ടായിരുന്നു.  വീണ്ടും നടക്കുമ്പോള്‍ കാടിന്റെ കനം കൂടുന്നു. ഇടയില്‍ തുംഗാനദിയെ മുറിച്ച് കടക്കാന്‍ പാലമുണ്ടായിരുന്നു. കളകളം പാടി വിളിച്ച നദിയോട് തിരിച്ച് വരുമ്പോള്‍ കാണാമെന്ന് പറഞ്ഞ് നടത്തം തുടര്‍ന്നു. കാടിനപ്പുറം നിറഞ്ഞ പുല്‌മേടുകള്‍. പച്ചയെന്നാല്‍ എത്രതരം പച്ചയുണ്ടെന്ന് അവ ഞങ്ങളോട് ചോദിച്ച് കൊണ്ടിരുന്നു. വഴിയോരം നിറയെ അതുവരെ കാണാത്ത ചെടികളും പൂക്കളും. 'പുല്ലോളജിസ്റ്റ്' എന്ന് കളിയാക്കുമെങ്കിലും അലീന ഓരോ ചെടിയും വര്‍ഗ്ഗവും ജാതിയും തിരിച്ച് പറഞ്ഞുകൊണ്ടിരുന്നു. സിന്ദ്രിയും സിദ്ധുവും ഫോട്ടോ എടുപ്പിന്റെ തിരിക്കിലായിരുന്നു. കാട്ടിലേക്കിറങ്ങി കണ്ടിട്ടില്ലാത്ത മരങ്ങള്‍ കൂടി തേടിയാലൊ എന്ന് ഇടക്കൊരു മോഹമുണര്‍ന്നിരുന്നു. എങ്കിലും വഴിയെ കണ്ട കാട്ടുപോത്തിന്റെ    കാല്‍പ്പാടുകള്‍ 'വേണ്ട' എന്ന തീരുമാനത്തിലെത്തിച്ചു.  കൂട്ടത്തില്‍ പുലിയും കടുവയും  ഉണ്ടാവാമെന്ന് വഴികാട്ടിയുടെ ആത്മഗതം കൂടി ആയപ്പോള്‍ തീരുമാനം ഉറപ്പിച്ചു. പക്ഷെ, പക്ഷികള്‍ വഴിനീളെ ഞങ്ങളെ മറഞ്ഞിരുന്ന് പാട്ടുപാടി നയിച്ചു. 

stream

ഇതാണ് അവസാനം എന്ന് കരുതി എത്തിയിടത്ത് ഇരുന്ന് ആഴങ്ങളിലേക്ക് നോക്കി. തീര്‍ന്നിട്ടില്ല,  വലതു വശത്ത് നീണ്ട് കൂര്‍ത്ത് നില്‍ക്കുന്ന ശിഖരമാണ് നമ്മുടെ ലക്ഷ്യമെന്ന് വഴികാട്ടി പറഞ്ഞപ്പോള്‍ അവിടം വരെ കേറുമോ എന്നൊരു സംശയം. വെയില്‍ ചൂട് കൂടുമ്പോഴും കാറ്റില്‍ ഇളം തണുപ്പുണ്ടായിരുന്നു. വളഞ്ഞ് പുളഞ്ഞ് പോവുന്ന ഒറ്റവഴിയില്‍ പിടിച്ചു കയറാന്‍ പുല്‍ക്കൂട്ടത്തിന്റെ സഹായം വേണ്ടി വന്നു. ഒന്നു തെറ്റിയാല്‍ താഴെ പോവുമോ എന്നൊരു ഭയം ഇടക്ക് കൂട്ടുവന്നു.  ഏറ്റവും മുകളിലെത്തി താഴോട്ട് നോക്കുമ്പോള്‍ ആഴങ്ങള്‍ക്ക് ഏറെ ആഴമെന്ന് തോന്നി. ചുറ്റും പാറകളില്‍ വേരാഴ്ത്തി വളരുന്ന ഓര്‍ക്കിഡുകളുടെ കൂട്ടം.  തിരിച്ചിറങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട മൈക്രൊവേവ് ടവറും കെട്ടിടവും ഇടക്ക് വിശ്രമിക്കാനിടമായി. ഒപ്പം അവിടത്തെ ചുവരെഴുത്തുകള്‍ വായിച്ച് നിശബ്ദമാവാനുള്ള വകയുമായി.  ഇടക്കൊക്കെ പുറകോട്ട് തിരിഞ്ഞ് കുറിഞ്ചാല്‍ മലയെ നോക്കി. അത്രയും ഉയരത്തില്‍ അങ്ങിനെ തനിച്ച് നില്‍ക്കുമ്പോള്‍ എന്തു തോന്നുന്നെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. രാവിലെയൊ വൈകീട്ടോ ആയിരുന്നെങ്കില്‍ മഞ്ഞിന്റെ പുതപ്പണിയുന്നത് കാണാമായിരുന്നു. അധികം വൈകാതെ വീണ്ടും കാടിന്റെ തണുപ്പിലേക്ക്. ഭാരമായിരുന്നതെല്ലാം വലിച്ചെറിഞ്ഞ് തുംഗയുടെ മടിയിലേക്ക്. എന്തൊരു തണുപ്പാണെന്നോ ആ വെള്ളത്തിന്. മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ഇറങ്ങിയിട്ടും നല്ല ഒഴുക്ക്. ഉരുളന്‍ കല്ലുകള്‍ക്ക് നല്ല തെന്നലും. എങ്കിലും മുങ്ങി നിവരാതെങ്ങനെ! 

Kurinchal

ഇനി മടക്കയാത്രയാണ്.  മംഗലാപുരത്തിനുള്ള അവസാന ബസ്സില്‍ വന്ന വഴിയെ തിരിച്ചിറങ്ങി. രാത്രിയില്‍ കണ്ട വഴികള്‍ പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞു. മറ്റൊരു മലകേറാന്‍ ഇനിയും വരാമെന്ന് പറഞ്ഞ് കാട്ടുവഴികള്‍ വിട്ട് നാട്ടുവഴികള്‍ തേടി. അപ്പോഴും കാട്ടിലെ പാറയിടുക്കില്‍ നിന്നും കിനിഞ്ഞിറങ്ങിയ വെള്ളം  കുപ്പിയില്‍ കുറച്ച് ദൂരം കൂടി കൂട്ടുവന്നു.

Kurinchal forest