Mathrubhumi - Sanchari POST OF THE WEEK

ഭാഗം 1

ഒരുപാട് കാലമായുള്ള ആഗ്രഹമാണ്, കാടിനുള്ളിലേക്ക് ഒറ്റയ്ക്ക് ഒരു യാത്രയും കാടിനുള്ളിലെ താമസവും. അങ്ങനെയിരിക്കെ അടുത്തിടെയാണ് തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെ നമ്മുടെ സഞ്ചാരി ഗ്രൂപ്പിലെ പഴയ ഒരു പോസ്റ്റ് കണ്ടത്. കാസര്‍കോട്ടുകാരന്‍ രതീഷ് ചേട്ടന്റെ കുമരപര്‍വത്തിലേക്ക് ഉള്ള ട്രെക്കിങ്.

വായിച്ചപ്പോള്‍ എന്റെ സ്വപ്നസാക്ഷാത്കാരത്തിനു പറ്റിയ സ്ഥലം. ഞാന്‍ പഠിക്കുന്ന മംഗലാപുരത്തു നിന്ന് 100 കിലോമീറ്ററേയുള്ളൂ എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഉറപ്പിച്ചു. ഇതു തന്നെ ഞാന്‍ തേടി നടന്ന യാത്ര.

രതീഷ് ചേട്ടന് ഫെയിസ്ബുക്കിലൂടെ മെസ്സേജ് അയച്ചു. കഴിഞ്ഞ തവണ റാണിപുരം പോവാന്‍ അഭിപ്രായം ചോദിച്ചിട്ട്, ഞാന്‍ പോയി വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് റിപ്ലൈ തന്നത്. അതുകൊണ്ടാവും ഇത്തവണ എന്റെ മെസ്സേജ് കണ്ടപ്പോഴേ മൊബൈല്‍ നമ്പര്‍ അയച്ചു തന്നു. വിളിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചതിലും അപ്പുറമാണ് കുമാരപര്‍വതം. ആദ്യം സുബ്രമണ്യയില്‍ നിന്ന് സൂര്യപ്രകാശം പോലും കടക്കാത്ത കാട്ടിലൂടെ മല കയറണം. അവിടെ രാത്രി താമസിക്കാം. അവിടെ നിന്ന് അഞ്ചു മലകള്‍ കൂടി കയറി ഇറങ്ങിയാലേ നമ്മുടെ കുമാരപര്‍വതം എത്തു. ഒറ്റയ്ക്കാണ് പോകുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് രതീഷ് ചേട്ടന്‍ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോള്‍ എനിക്ക് എന്തായാലും പോകണമെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. സൂക്ഷിച്ചു പോകണം, അവിടെ എത്തിയിട്ട് വിളിക്കണം എന്നെല്ലാം പറഞ്ഞ് രതീഷ് ചേട്ടന്‍ ഫോണ്‍ വെച്ചു.

മെയ് 11, 2017 വ്യാഴാഴ്ച. അവധിദിവസം അല്ലാത്തതുകൊണ്ട് തിരക്കുകുറവായിരിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ മല കയറാന്‍ തീരുമാനിച്ചു. മംഗലാപുരത്തു ഹോസ്റ്റലില്‍ താമസിക്കുന്ന ഞാന്‍ പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല. 

അല്ലെങ്കിലേ ഞാന്‍ ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നത് കണ്ടാല്‍ സുഹൃത്തുകള്‍ ചീത്ത വിളിക്കാന്‍ തുടങ്ങും. അത് കാട്ടിലോട്ട് കൂടെയാണെന്നറിഞ്ഞാല്‍ അവന്മാര്‍ എന്നെ കൊല്ലും. നാളെ രാവിലെ നാലു മണിക്ക് ഇറങ്ങാം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. പക്ഷെ ഉറക്കം വരുന്നില്ല. നാളെ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും, നാളെ ഈസമയം ഞാന്‍ എവിടെ ആയിരിക്കും എന്നിങ്ങനെ ഉത്തരം കിട്ടാത്ത നൂറുചോദ്യങ്ങളും ആകാംക്ഷയും.

Kumaraparvatha

ഞാന്‍ എങ്ങനെ ഒക്കെയോ സമയം മൂന്നുമണിയാക്കി. ആരോടും പറയാത്തതിനാല്‍ ഞാന്‍ ബാഗ് ഒന്നും പായ്ക്ക് ചെയ്തിരുന്നില്ല. എന്റെ സ്വഭാവം വെച്ചു ചെറിയ എന്തേലും മതി എന്റെ ചങ്ക് ബ്രോസിന് എന്റെ ട്രിപ്പ് പ്ലാന്‍ മനസ്സിലാവാന്‍. റൂംമേറ്റ് നാഫില്‍ നല്ല ഉറക്കമാണ്. ഞാന്‍ മെല്ലെ മൊബൈലിന്റെ വെളിച്ചത്തില്‍ സാധനങ്ങള്‍ ഒന്നൊന്നായി എടുത്ത് ബാഗില്‍ വെച്ചു. ഷൂ ഇട്ട് ഇറങ്ങാന്‍ നോക്കുമ്പോള്‍ ബൈക്കിന്റെ താക്കോല്‍ കാണാനില്ല. 

Kumaraparvatha

പടച്ചോനെ പണി പാളിയോ. സ്ഥിരം വെക്കുന്നിടത്ത് ചാവി ഇല്ല. ഒരുപാട് നേരത്തെ തപ്പലിനിടെ നാഫില്‍ ഉണര്‍ന്നു. 'എന്താടാ നോക്കുന്നേ'... അവന്‍ ചോദിച്ചപ്പോള്‍ ബൈക്കിന്റെ ചാവി ആണെന്ന് ഞാന്‍ പറഞ്ഞു. എന്റെ ഡ്രസ്സിങ് കണ്ടപ്പോഴേ അവനു കാര്യം പിടികിട്ടി. എന്നാല്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. അവസാനം ബുക്കിന്റെ ഇടയില്‍ നിന്നും ചാവി കിട്ടി. 

Kumaraparvatha

ഹോസ്റ്റല്‍ ജനല്‍ ചാടിക്കടന്ന് പുറത്തിറങ്ങി. ഭാഗ്യം, സെക്യൂരിറ്റി നല്ല ഉറക്കമാണ്. സുഹൃത്തുക്കളോടും ഹോസ്റ്റലിനോടും മനസ്സില്‍ യാത്ര പറഞ്ഞ് ഞാന്‍ ബൈക്ക് എടുക്കുമ്പോള്‍ സമയം അഞ്ചു മണി.

Kumaraparvatha

ഭാഗം 2

റോഡില്‍ തിരക്ക് കുറവായതിനാല്‍ 7 മണി ആയപ്പോഴേക്കും ഞാന്‍ സുബ്രമണ്യ എത്തി. സുബ്രമണ്യ അമ്പലത്തിന്റെ അടുത്തുനിന്നാണ് ട്രെക്കിങ് തുടങ്ങുന്നതെന്ന് വായിച്ചിരുന്നു. രതീഷ് ചേട്ടനെ വിളിച്ചു ചോദിക്കാം എന്നുവിചാരിച്ചു ഫോണ്‍ എടുത്തു. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന് മറുപടി കിട്ടി. അടിപൊളി. ഇനി ഫോണ്‍ നോക്കിയിരുന്നിട്ട് കാര്യമില്ല. തപ്പി കണ്ടുപിടിക്കുക തന്നെ. കുറേ നേരം അമ്പലത്തിന്റെ ചുറ്റും കറങ്ങി നടന്നു. മലയും കാടും പോയിട്ട് ഒരു പൂന്തോട്ടം പോലും കാണാനില്ല. വഴിയില്‍ കണ്ട കുറച്ചാളുകളോട് വഴി ചോദിച്ചു. നല്ലവനായ ഒരു ചേട്ടന്‍ ഒരു റോഡ് കാണിച്ചിട്ട് ഇതിലെ ഒരു കിലോമീറ്റര്‍ പോയാല്‍ ബോര്‍ഡ് കാണാം എന്ന് പറഞ്ഞു. അയാളോട് നന്ദി പറഞ്ഞു ഞാന്‍ ആ വഴി വണ്ടി എടുത്തു. 

Kumaraparvatha

1, 2, 3, 4, 5 കിലോമീറ്റര്‍ അങ്ങനെ കഴിയുന്നു, ബോര്‍ഡ് മാത്രം കണ്ടില്ല. വഴിയിലും ആരും ഇല്ല. കുറച്ചു ദൂരം കൂടെ പോയപ്പോള്‍ റോഡില്‍ ഒരാളെ കണ്ടു. ചോദിച്ചപ്പോള്‍ ഞാന്‍ ആദ്യം വന്ന അമ്പലത്തിന്റെ അടുത്തുള്ള വേറെ ഒരു ചെറിയ വഴിയിലൂടെയാണ് പോകേണ്ടതെന്ന് മനസിലായി. നേരത്തെ വഴി പറഞ്ഞുതന്ന ചേട്ടനെ മനസില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ വഴി തിരുത്തി തന്ന ചേട്ടന് നന്ദി പറഞ്ഞു. 

അപ്പോഴാണ് പുള്ളിക്കാരന്‍ പറയുന്നത് അയാള്‍ക്ക് നന്ദി വേണ്ട, സുബ്രമണ്യ വരെ ഒരു ലിഫ്റ്റ് മതിയെന്ന്. ശരി കയറിക്കോ എന്ന് ഞാനും പറഞ്ഞു. സുബ്രമണ്യ അമ്പലം എത്തിയപ്പോള്‍ പോവേണ്ട വഴി അയാള്‍ കാണിച്ചു തന്നു. വീണ്ടും അയാള്‍ക്ക് നന്ദി പറഞ്ഞ് ഞാന്‍ ആ വഴി യാത്ര തുടര്‍ന്നു. പിന്നീടങ്ങോട്ട് ഏതോ സിനിമയില്‍ പറയും പോലെ ചോയിച്ചു ചോയിച്ചുള്ള ഒരു പോക്കായിരുന്നു. 

Kumaraparvatha

വഴിയില്‍ കണ്ടവര്‍ക്കൊക്കെ പറയാനുള്ളത് ഒന്നുമാത്രം. ഒറ്റയ്ക്ക് പോകാന്‍ കഴിയില്ല. കാടാണ., അപകടമാണ്. ഇവിടെ വരെ വന്നതല്ലേ, ഏതായാലും പോയി നോക്കാം എന്നുകരുതി ഞാന്‍ മുന്നോട്ട് വിട്ടു. വഴിയില്‍ ടെന്റ് വാടകയ്ക്കു കിട്ടും എന്നു കേട്ടിട്ടുണ്ട്. പറഞ്ഞ പോലെ വഴിയിലെ ഒരു വീട്ടില്‍ ബോര്‍ഡ് കണ്ടു. അവിടെ കയറിയപ്പോള്‍ ഒരു 35 വയസ്സ് പ്രായമുള്ള ഒരു ചേച്ചി. അന്വേഷിച്ചപ്പോള്‍ 7.5 കിലോമീറ്റര്‍. കാടുകയറിയാല്‍ ബട്ടര്‍മന എന്ന വീടുണ്ട്, അവിടെ താമസിക്കാം. അവിടെ നിന്നു കുമാരപര്‍വ്വതത്തിലേക്ക് നടന്നു കയറാം എന്നും മനസിലായി. ഒറ്റയ്ക്ക് കാടുകയറാന്‍ പറ്റുമോ എന്ന് ടെന്റ് തരുന്ന ചേച്ചിയോട് ചോദിച്ചപ്പോള്‍, അപകടമാണ്. എന്നാലും സൂക്ഷിച്ചു പോയാല്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും കാണില്ല എന്ന് മറുപടി കിട്ടി. പിന്നെ ഒന്നും നോക്കിയില്ല. ചേച്ചി പറഞ്ഞ 500 രൂപയ്ക്ക് ടെന്റ് എടുത്തു. നേരെ ട്രെക്കിങ് റൂട്ട് നോക്കി വെച്ചു പിടിച്ചു. കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ വഴിയില്‍ കണ്ട ഒരു ചേട്ടന്‍ കാടുപിടിച്ചു കിടക്കുന്ന ഒരു കൊച്ചു ഗേറ്റ് ചൂണ്ടിക്കാട്ടി; ഇതാണ് കുമാരപര്‍വ്വതത്തിലേക്ക് ഉള്ള വഴി. 

Kumaraparvatha

വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരുവട്ടം പണി കിട്ടിയതുകൊണ്ട് ഞാന്‍ അവിടെയിരുന്ന് വഴിയിലൂടെ പോയ മൂന്നാല് ആള്‍ക്കാരോട് ചോദിച്ചു, വഴി ഇതുതന്നെയെന്ന് ഉറപ്പിച്ചു. അടുത്തുള്ള ഒരു വീട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്തിട്ട് ബാഗും ടെന്റും എടുത്ത് ഗെയിറ്റിനു മുന്നില്‍ എത്തി. ഒരു നിമിഷം അവിടെ നിന്ന് ആലോചിച്ചു.

ഞാന്‍ ഇത്രയും നാള്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം. കാടിനുള്ളിലേക്ക് ഒറ്റയ്ക്കുള്ള യാത്ര. ഇനി എന്തൊക്കെ സംഭവിക്കും. ഒരായിരം ചിന്തകള്‍ മനസ്സില്‍ മിന്നി മറഞ്ഞ നിമിഷം. ബാഗും ടെന്റും എടുത്ത് ഗെയിറ്റിലൂടെ അകത്തേയ്ക്ക് കയറി. കുറച്ചു മുന്നോട് നടന്നപ്പോള്‍ കാട് പിടിച്ചു കിടക്കുന്ന ഒരു കെട്ടിടം കണ്ടു. ടൂറിസത്തിന്റെ ഭാഗമായി പണ്ടെപ്പോഴോ ഉണ്ടാക്കിയതാവും ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഫോട്ടോസ് എടുത്തുകൊണ്ട് ഞാന്‍ മുന്നോട്ട് നടന്നു. കാട് തന്നെ, എന്നാല്‍ നടക്കാന്‍ പാകത്തിനുള്ള കാട്ടുവഴി ഉണ്ട്. വാച്ചില്‍ സമയം നോക്കിയപ്പോള്‍ മണി എട്ട്. 

Kumaraparvatha

ഞാന്‍ നടത്തം തുടര്‍ന്നു. മുന്നോട്ടുള്ള വഴികളെല്ലാം കയറ്റങ്ങള്‍ ആയിരുന്നു. ചെറിയ കല്ലുകളും പാറകളും ഒക്കെയുള്ള പൊട്ടിപ്പൊളിഞ്ഞ ഒരു കാട്ടുവഴി. സെല്‍ഫി സ്റ്റിക്കില്‍ ഫോണ്‍ പിടിപ്പിച്ചു കുറച്ച് ഫോട്ടോസ് എടുത്തുകൊണ്ട് മുന്നോട്ടുനടന്നു. മുന്നില്‍ അതാ രണ്ടുപെണ്‍കുട്ടികള്‍. കൊള്ളാല്ലോ, ഇവരും കാടുകയറാന്‍ വന്നവരാണോ? അത്ഭുതമായി. ഞാന്‍ അങ്ങോട്ടുപോയി സംസാരിച്ചു. അവര്‍ക്ക് ഇംഗ്ലീഷും മലയാളവും ഹിന്ദിയുമൊന്നും അറിയില്ല. അവിടെ അടുത്തുള്ള കന്നടക്കാരാണ്. കഴിയുന്നത്ര കയറി (കഴിയുമെങ്കില്‍ ബട്ടര്‍മന വരെ). ഇന്നുതന്നെ തിരിച്ചിറങ്ങാന്‍ വന്നവരാണ്. 

ആറു മണിക്കൂര്‍ ട്രെക്കിങ് ഉണ്ട്, അവര്‍ പറഞ്ഞു. പിന്നീട് ഞാന്‍ ചോദിച്ചതൊന്നും അവര്‍ക്ക് മനസിലായില്ലെന്നു തോന്നുന്നു. ആറു മണിക്കൂര്‍ ട്രെക്കിങ് ബട്ടര്‍മന വരെയാണോ, അതോ കുമാരപര്‍വതം വരെയുണ്ടോ... ആര്‍ക്കറിയാം. ഭാഷ മനസിലാവാതെ അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ ഞാന്‍ അവരോടു യാത്ര പറഞ്ഞ് മുന്നോട്ടു നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് മനുഷ്യരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കോളേജില്‍ നിന്നും കാടുകാണാന്‍ വന്ന കുട്ടികളാണ്. കുറച്ചു പ്രായം തോന്നിക്കുന്ന ഒരാള്‍ അവര്‍ക്ക് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്. 

Kumaraparvatha

ടെന്റും ബാഗും ഒക്കെ തൂക്കി അവര്‍ക്കിടയിലൂടെ ഒറ്റയ്ക്ക് കാടുകയറുന്ന എന്നെ ഒരു അന്യഗ്രഹജീവിയെ കണ്ടപോലെ അവര്‍ നോക്കുന്നുണ്ടായിരുന്നു, പിന്നീടങ്ങോട്ട് ആരെയും കണ്ടില്ല. സൂര്യപ്രകാശം പോലും കടന്നുവരാന്‍ മടിക്കുന്ന കാട്ടിലൂടെ ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ടു നടന്നു. വെയിലില്ലെങ്കിലും നടത്തത്തിന്റെ കാഠിന്യം കൊണ്ട് നന്നായി വിയര്‍ക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് ഞാന്‍ ചെറിയ ബ്രേക്ക് എടുത്തു. മുകളിലേക്കുള്ള കയറ്റങ്ങള്‍ മാത്രം. ഒരു 100 മീറ്റര്‍ പോലും നേരെയുള്ള വഴി ഞാന്‍ കണ്ടില്ല. ഒരുപാട് നടന്നു നടന്ന് രതീഷ് ചേട്ടന്റെ യാത്രാവിവരണത്തിലുള്ള ഭീമ റോക്ക്‌സ് എത്തി. നടന്നു നടന്നു തളര്‍ന്ന ഞാന്‍ ആ വലിയ പാറ കണ്ടപ്പോഴേ ചാടി അതിന്റെ പുറത്തുകയറി ഒറ്റകിടത്തം. വലിയ ഒരാശ്വാസം. ഞാന്‍ എന്റെ ടീഷര്‍ട്ട് ഊരി നന്നായി ഒന്ന് പിഴിഞ്ഞിട്ട് ഉണക്കാന്‍ ഇട്ടു. 

Kumaraparvatha

രതീഷ് ചേട്ടന്‍ അട്ടയുണ്ട് എന്ന് പറഞ്ഞ സ്ഥലാ, പക്ഷെ ഞാന്‍ അട്ടയേയും മൂട്ടയേയും ഒന്നും കണ്ടതേയില്ല. കിടന്നപ്പോള്‍ നല്ല ആശ്വാസം. നന്നായി ദാഹിക്കുന്നുണ്ട്, ഒറ്റയ്ക്ക് കാടുകയറാന്‍ ഇറങ്ങിയ വട്ടനായ എനിക്ക് പറ്റിയ മണ്ടത്തരം അപ്പോഴാണ് എനിക്ക് ഓര്‍മ വന്നത്, ഞാന്‍ ആകെ ഒരു കുപ്പി വെള്ളവും രണ്ടു ഹൈഡ് & സീക് ബിസ്‌ക്കറ്റും മാത്രാണ് ഭക്ഷണമായി കയ്യില്‍ കരുതിയിരുന്നത്. പറ്റിയത് പറ്റി. ഇനി അതെങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. ഞാന്‍ വെള്ളം അളന്ന് അളന്ന് കുറേശ്ശെ മാത്രം കുടിച്ചുള്ളു.

Kumaraparvatha

പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റങ്ങള്‍ ആയിരുന്നു. അടുത്തുള്ള മരങ്ങളില്‍ പിടിച്ചും മറ്റും ഞാന്‍ മുകളിലേക്ക് കയറി, ഒരുപാട് ദൂരം നടന്നപ്പോള്‍ വെയില്‍ കുറേശ്ശെ കാണാന്‍ തുടങ്ങി, മരങ്ങളുടെ എണ്ണം കുറയുന്നു. ഇനിയങ്ങോട് കുന്നുകളാണ്, നല്ല വെയില്‍. കുറെ ദൂരം മുന്നോട്ടു നടന്നു. പെട്ടെന്ന് എവിടെ നിന്നോ ഒരു ശബ്ദം. ഞാന്‍ ശ്രദിച്ചു. പാത്രങ്ങള്‍ തമ്മില്‍ തട്ടി ഉണ്ടാകുന്ന പോലെയുള്ള ശബ്ദം. ഈ കാട്ടിലെവിടെയാ പാത്രങ്ങള്‍. കുറച്ച്കൂടി മുന്‍പോട്ട് പോയപ്പോള്‍ ശബ്ദങ്ങളുടെ ഉറവിടം മനസിലായി. ഞാന്‍ നില്‍ക്കുന്നതിന്റെ താഴെയതാ ഒരു വീടിന്റെ മേല്‍ക്കൂര, ഇതു തന്നെ ബട്ടര്‍മന. എന്റെ ബട്ടര്‍മനേ എന്ന് വിളിച്ചു ഞാന്‍ താഴേക്കോടി. എന്റെ സങ്കല്പങ്ങളിലെ ബട്ടര്‍മനയെ മാറ്റിമറിച്ചുകൊണ്ട് ഒരു പക്കാ നാട്ടിന്‍പുറത്തെ വീട്. ഈ കാട്ടില്‍ ആരാ ഇങ്ങനെ ഒരു വീടുണ്ടാക്കിയത്. ആര്‍ക്കറിയാം, സമയം നോക്കിയപ്പോള്‍ 11 കഴിഞ്ഞു. 'ഭയ്യാ' ഞാന്‍ ഉറക്കെ വിളിച്ചു. 

അകത്തു നിന്നൊരു പ്രായമായ ഒരാള്‍ ഇറങ്ങി വന്നു. കണ്ടാല്‍ ഒരു സ്വാമിയുടെ ലുക്ക് ഉണ്ട്. ഇതായിരിക്കും ബട്ടര്‍മനയിലെ ബട്ടര്‍ സ്വാമി, ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ബട്ടര്‍ സ്വാമിക്ക് കുറേശ്ശെ മലയാളം അറിയാം. കുമാരപര്‍വതം കയറാന്‍ വന്നതാണ്. ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. പറഞ്ഞുതീര്‍ക്കും മുന്‍പ് ബട്ടര്‍സ്വാമിയുടെ മറുപടി കിട്ടി. നടക്കില്ല!

Kumaraparvatha

ഞാന്‍ ഒന്ന് ഞെട്ടി. നിനക്ക് ഒറ്റയ്ക്ക് അങ്ങോട്ട് പോകാന്‍ പറ്റില്ല. ഫോറെസ്റ്റ്കാര്‍ വിടില്ല. ഞാന്‍ ഒന്നുഞെട്ടി. ആനയിറങ്ങുന്ന സ്ഥലമായതുകൊണ്ടും വഴിയറിയാത്തതുകൊണ്ടും ഒരാളെ ഒറ്റയ്ക്ക് അങ്ങോട്ട് കടത്തിവിടില്ല പോലും. എനിക്കാകെ സങ്കടായി. എനിക്ക് പോണം. ഞാന്‍ നിര്‍ബന്ധം പിടിച്ചു. ഇവന്‍ ഒരു തലവേദന ആവും എന്ന് തോന്നിയിട്ടാവും ബട്ടര്‍ സ്വാമി പറഞ്ഞു, ഒരു വഴിയുണ്ട്. ഫോറെസ്റ്റ്കാര്‍ ചോതിക്കുമ്പോള്‍ ഇതിനു മുന്‍പ് പല തവണ വന്നിട്ടുണ്ടെന്നും വഴിയൊക്കെ നന്നായി അറിയാമെന്നും പറയണം. നിന്റെ സംസാരം പോലെ ഇരിക്കും മുന്‍പോട്ടുള്ള യാത്ര. സ്വാമിക്ക് നന്ദി പറഞ്ഞ് ബാഗും ടെന്റും അവിടെ ഇറക്കി വെച്ചു. കയ്യിലുള്ള കുപ്പിയില്‍ വെള്ളവും നിറച്ച ഞാന്‍ അത്യാവശ്യം സാദനങ്ങള്‍ മാത്രം എടുത്ത് യാത്രയ്‌ക്കൊരുങ്ങി. വഴിയറിയാതെ നീ എങ്ങിനെ പോകും, സ്വാമിയുടെ ചോദ്യം. അതൊക്കെ ഞാന്‍ ശ്രദ്ധിച്ചോളാം എന്നും പറഞ്ഞ് ഞാന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു.

ഭാഗം 3

ബട്ടര്‍മനയില്‍ നിന്ന് കുറച്ചു നടന്നപ്പോഴേക്കും മറ്റൊരു വീട് കൂടെ കണ്ടു. പുറത്ത് രണ്ടാള്‍ക്കാര്‍ ഇരിക്കുന്നുണ്ട്. ഇതുതന്നെയാവും ഫോറെസ്റ്റ് ഓഫീസ്. അല്ലാതെ ഈ കാട്ടില്‍ വേറെ വീടെവിടെന്നാ. ഞാന്‍ അങ്ങോട്ട് ചെന്നു. എന്റെ ഊഹം തെറ്റിയില്ല. ഫോറെസ്റ്റ്കാര്‍ തന്നെ. അവര്‍ക്ക് ഒരു സംശയവും തോന്നാതെ സ്വന്തം വീട്ടില്‍ കയറിച്ചെല്ലുന്നത് പോലെ ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു. ഞാന്‍ എന്റെ ആവശ്യം പറഞ്ഞു. ബട്ടര്‍ സ്വാമിയെ പോലെത്തന്നെ ഇവരുടെ മുറിപടിയും പെട്ടെന്നായിരുന്നു. 'ഒറ്റയ്ക്ക് മല കയറ്റം നടക്കില്ല '. ഇനി എല്ലാം എന്റെ സംസാരം പോലെ ഇരിക്കും. സ്വാമിയുടെ വാക്കുകള്‍ ഓര്‍ത്തു. 

Kumaraparvatha

ഒറ്റയ്ക്ക് പോകാനാവില്ല എന്ന് ആദ്യം അവര്‍ പറഞ്ഞു. ഇത്രയും ദൂരം കാടു കയറി വന്നിട്ട് ഇനി കുമാരാപര്‍വ്വതത്തിലേക്ക് പോകാന്‍ സാധിച്ചില്ല എന്നുപറഞ്ഞാല്‍! അങ്ങനെ കുറേ സമയത്തെ യാചനകള്‍ക്കും തര്‍ക്കത്തിനും ഒടുവില്‍ അവര്‍ ഒരു 300 രൂപ തന്നിട്ട് പൊയ്‌ക്കോ എന്നായി. മുന്നൂറെങ്കില്‍ മുന്നൂറ്... കാര്യം നടക്കട്ടെയെന്ന് കരുതി ഞാന്‍ ക്യാഷ് കൊടുത്തു. അവിടെ ശരിക്കും കാശു കൊടുക്കുന്ന സിസ്റ്റം ഉണ്ടോയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. 

എന്റെ അഡ്രസ്സും ഫോണ്‍ നമ്പരുമെല്ലാം എഴുതിയെടുത്ത ശേഷം രാത്രി ഏഴിനു മുമ്പ് ബട്ടര്‍മനയില്‍ എത്തണമെന്നും രണ്ടു ഫോറെസ്റ്റ് വാച്ചര്‍മാരെ എങ്കിലും കണ്ടിട്ടേ തിരിച്ചു പോകാവൂ എന്നും അവര്‍ നിര്‍ദേശിച്ചു. 

Kumaraparvatha

ബാഗുമെടുത്ത് അവിടെനിന്നിറങ്ങി. പുറകില്‍ നിന്നു ഒരു വാച്ചര്‍ വിളിച്ചു ചോദിച്ചു. 'നിനക്ക് വഴിയൊക്കെ അറിയാമോ'... ഞാന്‍ കുറച്ചൊന്നു പേടിച്ചു. ആദ്യമായി കാടുകയറി വന്ന എനിക്ക് എവിടുന്ന് വഴിയറിയാനാ? എങ്കിലും പേടി പുറത്ത് കാണിച്ചില്ല. അറിയാം സര്‍ എന്നുപറഞ്ഞു ഞാന്‍ മുന്നോട്ട് നടന്നു. ഇനി വഴി ചോദിച്ചാല്‍ അവര്‍ പോവണ്ടാ എന്ന് പറഞ്ഞാലോ. പിന്നീടങ്ങോട്ട് നടന്ന വഴികളെല്ലാം ഞാന്‍ ഓര്‍ത്തു വെക്കാന്‍ ശ്രമിച്ചു. തിരിച്ചു വരാന്‍ വഴി അറിയണമല്ലോ.

മുന്നോട്ട് കുറേ കൂടെ നടന്നപ്പോള്‍ കയറാനുള്ള ആദ്യത്തെ വലിയ മല കണ്ടു. ഈ മല മുഴുവന്‍ കയറണോ... ഞാന്‍ ഒന്നുകൂടെ ഞെട്ടി. പിന്നെ മെല്ലെ മല കയറ്റം ആരംഭിച്ചു. കുറേ നേരം കയറിയപ്പോള്‍ കന്നഡക്കാരായ കുറച്ചാളുകള്‍ മലയിറങ്ങി വരുന്നു. എന്നെ ഒരു അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവര്‍ ചോദിച്ചു 'ഒബ്രൂ ' നേരത്തെ കണ്ട പെണ്‍കുട്ടികളും വാച്ചര്‍മാരും ചോദിച്ച അതേ ചോദ്യം. ഒന്നും മനസിലാവാത്ത ഞാന്‍ അവരെ നോക്കി ചിരിച്ചുകൊണ്ട് മുകളിലേക്ക് നടന്നു. ഒരുപാട് ദൂരം ചെന്നപ്പോള്‍ പാറ കൊണ്ട് പണികഴിപ്പിച്ച ഒരു കൊച്ചു കൂടാരം കണ്ടു. പണ്ടെങ്ങാണ്ട് ആരോ വിശ്രമിക്കാന്‍ പണിതിട്ട് പോയതാവും. അങ്ങോട്ട് കയറി ചെന്നപ്പോള്‍ അതാ ഇരിക്കുന്നു നാലു ചെറുക്കന്മാര്‍. അവര്‍ക്കും അതേ ചോദ്യം 'ഒബ്രൂ'... ഇതെന്തു കുന്താ. 'കന്നഡ ഗൊത്തില്ലാ ' എന്റെ ഗൊത്തില്ല കേട്ടപ്പോ തന്നെ അവന്മാര്‍ ചോദിച്ചു മലയാളി ആണോ ?

അതെ, മലയാളിയാണ്. 'മച്ചാനെ ഇങ്ങോട്ട് വന്ന് ഇരി ' നുമ്മടെ കൊച്ചി സ്റ്റെയിലില്‍ ഒരു വിളി. എന്റെ കണ്ണ് നിറഞ്ഞു പോയി. അവന്മാര്‍ കര്‍ണാടക്കാര്‍ തന്നെയായിരുന്നു. കുറേക്കാലം കൊച്ചിയില്‍ ഉണ്ടായിരുന്നോണ്ട് മലയാളം നന്നായി അറിയാം.
 
'നിങ്ങള്‍ക്ക് ഒറ്റയ്ക്ക് വരാന്‍ വല്ല വട്ടും ഉണ്ടോ ഭായ് ' എന്നു പറഞ്ഞു അവന്മാര്‍ തുടങ്ങി. കുമാരപര്‍വതത്തിലേക്ക് തന്നെയാണോ പോകുന്നേ. അതെവിടെയാണെന്ന് അറിയോ? ഈ കാണുന്ന മലയുടെ അപ്പുറമല്ലേ എന്ന എന്റെ മറുപടി കേട്ടപ്പോള്‍ അവന്മാരുടെ പൊട്ടിച്ചിരി തുടങ്ങി. മച്ചാനെ, ഇതുപോലത്തെ നാലു മലയുണ്ട്. അതാണ് ശേഷ പര്‍വതം. അതു കഴിഞ്ഞാല്‍ ഒരു കാട്, വീണ്ടും ഒരു മല. അതും പാറ, അതാണ് കുമാരപര്‍വതം. ഇതൊക്കെ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒറ്റയ്ക്കാണേല്‍ പറയുകയും വേണ്ട. 

Kumaraparvatha

അവര്‍ ഇന്നലെ രാത്രി ബട്ടര്‍മനയില്‍ താമസിച്ചു. ഇന്ന് രാവിലെ മല കയറിയവരാണ്. ഇനി അങ്ങോട്ട് ആരും ഇല്ല. അവര്‍ ആണ് ഇന്ന് അവസാനം കുമരപര്‍വ്വതത്തില്‍ എത്തിയവര്‍. തിരിച്ചിറങ്ങി കഴിയാറായപ്പോള്‍ ആണ് എന്നെ കണ്ടത്. അടിപൊളി! എന്റെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനം ആയി.... 

അവര്‍ തുടര്‍ന്നു. ഒരു അഞ്ച് മണിക്കൂര്‍ മിനിമം വേണ്ടി വരും കുമാരപര്‍വതം എത്താന്‍. ഈ ആദ്യത്തെ മല മാത്രം കയറി തിരിച്ചിറങ്ങുന്നതാവും ബുദ്ധി. എന്തായാലും കയറി നോക്കാം എന്ന എന്റെ മറുപടി കേട്ട് അവര്‍ വീണ്ടും ചോദിച്ചു, 'ഈ ചെറിയ ബാഗും കൊണ്ടാണോ വന്നേ, ഇതില്‍ എന്താ, 'ഒരു പായ്ക്കറ്റ് ബിസ്‌കറ്റും ഒരു കുപ്പി വെള്ളവും', എന്റെ മറുപടി കേട്ട അവരുടെ അടുത്ത ചോദ്യം, വെള്ളം ഇത്രയേ ഉള്ളോ എന്നായിരുന്നു. അതും പറഞ്ഞു അവര്‍