ണ്ണിന്റെ മനസ്സറിഞ്ഞ കര്‍ഷകരുടെ സ്വന്തം നാട്. പുകള്‍പെറ്റ സംസകൃതിയിലേക്ക് വേരുകളാഴ്ത്തി വളര്‍ന്നൊരു ചരിത്രം. കൈരളിയുടെ ഹൃദയമാണ് കോട്ടയം എന്ന അക്ഷര നഗരി. ഇടനാടുകളും കായലുകളും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളിലുമായി കോട്ടയം ഇടം പിടിക്കുമ്പോള്‍ വേറിട്ടൊരു യാത്രാനുഭവം കൂടിയാണ് സഞ്ചാരികള്‍ക്ക് പറയാനുണ്ടാവുക. ഈ നാടിന്റെ ശിഖരങ്ങള്‍ മറ്റു നാടികളിലേക്കെല്ലാം വളര്‍ന്നു പന്തലിച്ചിട്ടുണ്ട്. അറുപതുകളിലെ കുടിയേറ്റകാലത്ത് മലയോരഗ്രാമങ്ങളിലെ കറുത്ത മണ്ണില്‍ കനകം വിളയിക്കാന്‍ ഇവിടെ നിന്നും പുറപ്പെട്ട് പോയവര്‍ അനേകമുണ്ട്. ഇവരുടെ തലമുറകള്‍ക്കെല്ലാം അതുകൊണ്ട് തന്നെ കോട്ടയം വലിയ  തറവാടാണ്. തിരുവതാംകൂര്‍ എന്ന പേരിട്ട് ചരിത്രത്തിനോട് ബന്ധം സ്ഥാപിച്ച നാട്ടില്‍ ക്രൈസ്തവരും നാനജാതി മതസ്ഥരുമെല്ലാം ഒരുമയോടെ പടുത്തുയര്‍ത്തിയ തനതു വിലാസമുണ്ട്. റബ്ബറും കശുമാവും അടക്കയുമെല്ലാം വിളയുന്ന വളക്കൂറുള്ള മണ്ണ് മാത്രമല്ല. വിദ്യാഭ്യാസ ചരിത്രത്തിന്റെയും സാഹിത്യ സപര്യയുടെയും വലിയ മുന്നേറ്റങ്ങള്‍ കോട്ടയത്തിനു പറയാനുണ്ട്.

Kottayam 1

മെച്ചപ്പെട്ട വിദ്യാഭ്യാസ സംസ്‌കാരത്തിനു വിത്തുപാകിയ അനേകം കലാലയങ്ങള്‍. ആത്മീയതയുടെ പാതയില്‍ വെളിച്ചമേകുന്ന ഒട്ടേറെ ആരാധനാലയങ്ങള്‍. വിനോദ കേന്ദ്രങ്ങള്‍.പച്ചപുതച്ച മലമേടുകള്‍. നാട്ടുജീവിത ക്രമങ്ങളുടെ തനതു രുചിക്കൂട്ടുള്ള ഭക്ഷണങ്ങള്‍ ഇവയെല്ലാം ഈ നാട്ടിലേക്ക് സഞ്ചാരികളെ വിളിക്കുന്നു. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരിടുന്നത്. കോട്ടക്കകം എന്ന സ്ഥലനാമ സൂചികയില്‍ നിന്നുമാണ് കോട്ടയം എന്ന പേര് രൂപാന്തരപ്പെടുന്നത്. അച്ചടിശാലകളുടെ വ്യാപനത്തിലും സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മകൊണ്ടും  ഈ നാടിനെ അക്ഷര നഗരിയെന്നും ലാന്റ് ഓഫ് ലെജന്റ്‌സെന്നും കാലങ്ങളായി വിളിച്ചുപോന്നു. ഇന്ത്യയിലെ ആദ്യത്തെ നൂറ് ശതമാനം സാക്ഷരത നേടിയ നഗരം, കേരളത്തിലെ ആദ്യത്തെ പുകയില വിമുക്തജില്ല എന്നിങ്ങനെയൊക്കെ കോട്ടയത്തിന്റെ ശ്രദ്ധേയമായ ചുവടുകളാണ്. വള്ളംകളിയും മറ്റുമായി കോട്ടയത്തിന്റെ ഉത്സവങ്ങളെല്ലാം ജനപ്രീയമാണ്.എന്നും അതിഥികളുടെ സാമിപ്യമുള്ള കോട്ടയത്തിന്റെ പെരുമകള്‍ ഇന്ന് കടല്‍കടന്നുമറിയുന്നു.നാട്ടകവും പനച്ചിക്കാവും ഇലവീഴാപൂഞ്ചിറയുമെല്ലാം ചേര്‍ത്തുവരയ്ക്കുന്നത് മധ്യകേരളത്തിന്റെ വശ്യതയാര്‍ന്ന ചിത്രമാണ്.

കോട്ടയത്തേക്ക് വരാനും പോകാനും എളുപ്പമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നുമെല്ലാം ഇതുവഴി ട്രെയില്‍ യാത്രാമാര്‍ഗമുണ്ട്. ഇവിടെ നിന്നും ഗ്രാമങ്ങളിലേക്കും കായല്‍ത്തീരങ്ങളിലേക്കും മലയോരങ്ങളിലേക്കും നീളുന്ന ബസ്സ് യാത്രാ സൗകര്യങ്ങളും ധാരാളമാണ്. പൊതു ഗതാഗത സംവിധാനത്തെ മാത്രം ആശ്രയിച്ചുകൊണ്ടും ഇവിടെ വിനോദ സഞ്ചാരികള്‍ എത്തുന്നു.

കുമരകം ഒരു കായല്‍ സുന്ദരി

അങ്ങകലെ സൈബീരിയയിലെ പറവകള്‍ പോലും ദേശാന്തരങ്ങള്‍ കടന്ന് കുമരകത്തെ പ്രണയിച്ച് മുടങ്ങാതെ എത്താറുണ്ട്. പച്ചപ്പുകള്‍ മാത്രമുള്ള ഈ തീരത്ത് കൂട്ടാമായെത്തുന്ന വിരുന്നുകാരെ കാണാന്‍ സഞ്ചാരികളും ധാരാളമുണ്ട്. കുമരകം എന്ന ദേശം ഇതോടെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരിടമായി മാറിയിരിക്കുന്നു. കുമരകം വെറും പക്ഷി സങ്കേതമായി മാത്രം ഒതുങ്ങുന്നില്ല. വിശാലവും ഇടുങ്ങിയതുമായ കായല്‍പ്പരപ്പുകളാണ് ഇവിടുത്തെ സൗന്ദര്യം. കായല്‍പ്പരപ്പിലൂടെ ഒഴുകുന്ന കെട്ടുവള്ളങ്ങളിലൂടെയുള്ള യാത്രയാണ് മനോഹരം. 

കുമരകത്ത് നിന്നും തുടങ്ങി കായല്‍ സൗന്ദര്യം ആവോളം ആസ്വദിച്ച് കുളിരുള്ള കാറ്റില്‍ വേമ്പനാട്ടു കായല്‍ താണ്ടി ആലപ്പുഴയിലേക്കും യാത്രപോകാം. കരിമീനും നാടന്‍ മത്സ്യങ്ങളുമൊക്കെയായി നാടന്‍ ഭക്ഷ്യവിഭവങ്ങളും ഈ തീരത്തേക്ക് സഞ്ചാരികളെ വിളിക്കുന്നു.താമസിക്കാന്‍ ഇടത്തരവും വലുതുമായ ധാരാളം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. ഉള്‍നാടന്‍ ജലാശയങ്ങളും ഭൂപ്രകൃതിയും ഈ ഗ്രാമത്തെയാകെ മാറ്റി മറിച്ചു. കേരളത്തില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി ഇവിടെ മാറിയിരിക്കുകയാണ്. ഏതു കാലത്തും കുമരകത്തിന്റെ തീരത്ത് സഞ്ചാരികളുണ്ട്. ഒഴിവുവേളകളില്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നും അയല്‍ സംസ്ഥാനത്തെ ഉഷ്ണഭൂമിയില്‍ നിന്നുമെല്ലാം ഇവിടെ സഞ്ചാരികള്‍ എത്തിക്കൊണ്ടേയിരിക്കുന്നു.പ്രശാന്തതയുള്ള സായാഹ്നക്കാഴ്ചകളില്‍ മനംനിറച്ച് കുടുംബത്തോടൊപ്പം തിരക്കുകള്‍ക്കെല്ലാം അവധി പറഞ്ഞെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെയും ഇടമാണിത്.

Kottayam 2

വേമ്പനാട്ട് കായലിന്റെ തീരത്തായുള്ള ഈ ചെറു ദ്വീപ് സമൂഹത്തെ കിഴക്കിന്റെ നെതര്‍ലാന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കായല്‍ നികത്തിയുണ്ടാക്കിയ പാടശേഖരങ്ങള്‍ ഇവിടെ പച്ചവിരിച്ചു നില്‍ക്കുന്നു. ദ്രാവിഡദേവന്‍മാരിലൊരാളായ കുമരനില്‍ നിന്നുമാണ് കുമരകമുണ്ടായത്. കണ്ടല്‍ക്കാടുകള്‍ കൊണ്ടും തെങ്ങിന്‍ തോപ്പുകള്‍കൊണ്ടും സമൃദ്ധമാണ് ഈ തീരം. ലോകമഹായുദ്ധകാലത്തെ ഭക്ഷ്യക്ഷാമം അകറ്റുന്നതിന് കായലുകളെ നികത്തിയും വളച്ചുകെട്ടിയുമാണ് ഇവിടെ നെല്‍പ്പാടങ്ങള്‍ ഉണ്ടാക്കിയത്. കാര്‍ഷിക മുന്നേറ്റത്തിന്റെ വിജയഗാഥകളുണര്‍ത്തിയ ആ കാലത്തിനു ശേഷം ഇന്ന് ടൂറിസം മത്സ്യകൃഷി എന്നിവയെല്ലാം കുമരകത്തിന്റെ മുഖ്യ വരുമാനമാര്‍ഗമായി മാറി. പുരത്തോണികളും ഷിക്കാരകളും നാടന്‍വള്ളങ്ങളുമെല്ലാം ഈ നാടിന്റെ ഭാഗമാണ്. താമസത്തിന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തെരഞ്ഞെടുക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.

കുമരകത്ത് നിന്നും വൈക്കം വഴി മുന്നോട്ടു പോയാല്‍ പാലക്കരി എന്ന ഫിഷ് ഫാമിലെത്താം. കായല്‍ക്കര വിനോദ സഞ്ചാരത്തില്‍ ഈ തീരം ഇന്ന് ശ്രദ്ധനേടിക്കഴിഞ്ഞു. ബോട്ടു യാത്രക്കൊപ്പം നല്ല മത്സ്യവിഭവങ്ങള്‍കിട്ടുന്ന സ്ഥലം കൂടിയാണിത്. മൂന്ന് ജില്ലകള്‍ക്ക് നടുവിലെ പച്ചത്തുരുത്ത് കണ്ട് ഇവിടെ നിന്നും മടങ്ങാം. ഫിഷറീസ് വകുപ്പിന്റെ ഫാമില്‍ ധാരാളം മീനുകളെയും പരിചയപ്പെടാം. മീന്‍ പിടിക്കാനും പട്ടം പറത്താനും ഹൗസ് ബോട്ടില്‍ കറങ്ങാനും ഇവിടെ സൗകര്യമുണ്ട്.

 

കൈരളിയുടെ അക്ഷര ഭൂമിക 

കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചെന്ന നാടെന്നും കോട്ടയത്തെ വിശേഷിപ്പിക്കാം. ആദ്യ സഞ്ചാര സാഹിത്യമായി കരുതുന്ന  പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ വര്‍ത്തമാന പുസ്തകവും ഇവിടെ നിന്നാണ് പിറന്നത്. മാറിയ ജനജീവിതത്തിലും ഇന്നും കോട്ടയത്തുകാര്‍ നെഞ്ചിലേറ്റുന്ന പൈതൃകങ്ങളുണ്ട്. അവയെല്ലാം സഹോദര്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. 1817 ലാണ് കൈരളിയുടെ  ഈ തീരത്ത് മീനച്ചിലാറിന്റെ അരികില്‍ ബെഞ്ചമിന്‍ ബെയ്‌ലി എന്ന ഇംഗ്ലീഷ് പണ്ഡിതന്‍ വന്നണഞ്ഞത്. കോട്ടയം സി.എം.എസ് പ്രസ്സ് എന്നപേരില്‍ ഒരു അച്ചടി സ്ഥാപനം വൈകാതെ ബെയ്‌ലി ഇവിടെ സ്ഥാപിച്ചു. മഷി പുരണ്ട അച്ചുകളില്‍ നിന്നും ആംഗലേയത്തില്‍റെ ഉണങ്ങാത്ത ആദ്യവാക്കുകള്‍ അച്ചടിച്ച് പുറത്തിറങ്ങിയതോടെ ഇതൊരു വിപ്ലവകരമായ വലിയ മാറ്റത്തിന്റെ തുടക്കമായി. 1846 ല്‍ ആംഗലേയ നിഘണ്ടു ഇവിടെ നിന്നും അച്ചടിച്ച് പുറത്തിറങ്ങി. ആദ്യത്തെ മലയാള നിഘണ്ടുവും ഐതീഹ്യമാലയും ഇവിടെ നിന്നാണ് അച്ചടിച്ച് പുറത്തിറങ്ങിയത്.

വായനയുടെ ചരിത്രം പറയുമ്പോള്‍ 1882 ല്‍ സ്ഥാപിതമായ കോട്ടയം പബ്ലിക് ലൈബ്രറിയുടെ പേരു പറഞ്ഞ് തുടങ്ങണം. ഇവിടെയുള്ള കൂട്ടായ്മയില്‍ നിന്നും വളര്‍ന്ന  സാഹിത്യസൗഹൃദങ്ങള്‍ പില്‍ക്കാല കൈരളിയുടെ ചരിത്രം മാറ്റിയെഴുതുന്നിന് സഹായകമായിട്ടുണ്ട്. കവി സമാജം ഭാഷാപോഷണ സഭകളടക്കം ഇതില്‍ പ്രധാന പങ്ക് വഹിച്ചു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും അക്ഷര ശില്‍പം ഇതിന്റെ മുറ്റത്താണ് സ്ഥാപിച്ചിരിക്കുന്നത സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം തുടങ്ങിയതും ഇവിടെ നിന്നുതന്നെയാണ്. കേരളത്തിന്റെ അവകാശപോരാട്ടങ്ങളില്‍ തങ്കലിപിയിലെഴുതപ്പെട്ട മലയാളി മെമ്മോറിയല്‍ എന്ന നിവേദനവും പൗര സമത്ത്വവാദ സമരങ്ങളും ഇവിടെയാണ് പിറന്നത്.

Kottayam 3

കായലോളങ്ങളെ വഞ്ചിപ്പാട്ടില്‍ ആറാടിച്ച രാമപുരത്ത് വാര്യര്‍, കഥയുടെ ചെപ്പുകള്‍ തുറന്ന കൊട്ടാരത്തില്‍ ശങ്കുണ്ണി, ഭാഷാ പണ്ഡിതന്‍ കേരളവര്‍മ വലിയ കോയി തമ്പുരാന്‍, കഥയുടെ തമ്പുരാന്‍ വൈക്കം മുഹമ്മദ് ബഷീര്‍, മാമന്‍ മാപ്പിള,കട്ടക്കയം ചെറിയ മാപ്പിള, മുട്ടത്തുവര്‍ക്കി, അഭയദേവ്, എം.പി.പോള്‍, ലളിതാംബിക അന്തര്‍ജനം, കുടമാളൂര്‍ കരുണാകരന്‍, അയ്മനത്തിന്റെ കഥപറഞ്ഞ് ബുക്കര്‍ പ്രൈസിലൂടെ ലോക സാഹിത്യ നെറുകയിലേക്ക് കയറിയ അരുന്ധതി റോയ്, മേരിറോയ് തുടങ്ങി ഒട്ടേറെ മഹാരഥന്‍മാര്‍ ഈ മണ്ണില്‍ നിന്നും കൈരളിയുടെ സാംസ്‌കാരികതയെ പ്രോജ്ജ്വലിപ്പിച്ചിട്ടുണ്ട്. പുതുതലമുറയിലെ എഴുത്തുകാരും ഈ നാടിന്റെ യശസ്സുയര്‍ത്തുകയാണ്. നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍, മലയാളിയായ ആദ്യത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, നയതന്ത്ര പ്രതിനിധി എം.കെ.മേനോന്‍ തുടങ്ങിയ പ്രഗത്ഭരും ഈ നാടിന്റെ വിലാസത്തിന് പുതിയ മാനങ്ങള്‍ നല്‍കി. നവോത്ഥോന കാലഘട്ടത്തിലേക്കുള്ള ഏറ്റവും വലിയ ചുവടായ വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവുമെല്ലാം പ്രബുദ്ധമായ ചരിത്ര നിമിഷങ്ങളാണ്.

തീര്‍ത്ഥാടരുടെ യാത്രകള്‍

ഭരണങ്ങാനം മുതല്‍ വൈക്കം ക്ഷേത്രം വരെയും നീളുന്ന പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍കൂടി ഇവിടെയുണ്ട്. ആയിരത്താണ്ടുകള്‍ പഴക്കമുള്ളവയും ഈ നാടിനോട് ചേര്‍ന്ന് നില്‍ക്കുന്നു. മൂന്നമ്പല ദര്‍ശനത്തില്‍ പേരുകേട്ടതാണ് കടത്തുരുത്തി മഹാദേവ ക്ഷേത്രം. ഖരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തില്‍ ഒന്നാണിത്. കൈലാസത്തിലെ ശിവ ദര്‍ശനത്തിന് തുല്യമാണ് മൂന്നമ്പലങ്ങള്‍ ഒരേദിവസം സന്ദര്‍ശനം നടത്തിയാല്‍ എന്നാണ് വിശ്വാസം. പതിനാലാം നൂറ്റാണ്ടിലെ ഉണ്ണുനീലി താമസിച്ചിരുന്ന വീര മാണിക്യത്തറവാടും ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവക്ഷേത്രത്തില്‍ ഒന്നാണിത്. കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊടിമരമുള്ള ക്ഷേത്രം, വട്ട ശ്രീകോവിലുള്ള ക്ഷേത്രം, പെരുന്തച്ചന്‍ നിര്‍മ്മിച്ച ക്ഷേത്രം എന്നിങ്ങനെയൊക്കെ വൈക്കം ക്ഷേത്രം വ്യത്യസ്തത പുലര്‍ത്തുന്നു. ഇവിടെയാണ് പുറത്ത് ക്ഷേത്ര പാതയിലൂടെ വഴി നടക്കാനുള്ള അനുവാദത്തിനുവേണ്ടി സത്യാഗ്രഹസമരം നടന്നത്. മഹാത്മഗാന്ധിയടക്കം ഈ സമരത്തിന് പിന്തുണയായി ഇവിടെ ബോട്ടില്‍ എത്തിയിരുന്നു. ഇതിന്റെ സ്മാരകവും ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്.

Kottayam 4

ഏറ്റുമാനൂര്‍ ശിവക്ഷേത്രം കോട്ടയത്തെ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാനപ്പെട്ടതാണ്. ഏറ്റുമാനൂരപ്പന്‍ രൗദ്രഭാവേന ഇവിടെ വാഴുന്നു. കുംഭത്തിലെ തിരുവാതിര നാളിലാണ് ഇവിടെ ആറാട്ട് നടക്കുന്നത്. ഉത്സവത്തിന്റെ ഏഴാം ദിവസം ഇവിടെ തിരുവാതാംകൂര്‍ രാജാവ് നടയ്ക്ക് വെച്ച ഏഴര പൊന്നാനകള്‍ എഴുന്നെള്ളിപ്പിന് അകമ്പടി സേവിക്കുന്നു. ലക്ഷ്മണ സ്വാമി ക്ഷേത്രവും പ്രസിദ്ധമാണ്. ഭരണങ്ങാനം പ്രമുഖ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം കാണാനും അനുഗ്രഹം വാങ്ങാനും എപ്പോഴും ഇവിടെ വിശ്വാസികളുടെ തിരക്കുണ്ട്. രാവിലെ 4 മണിമുതല്‍ രാത്രി 11.30 വരെയും ഇവിടെ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ട്.

Kottayam 5

പേര്‍ഷ്യന്‍ കേരളീയ വാസ്തു ശില്‍പ്പകലയുടെ പ്രൗഢി പങ്കിടുന്ന താഴത്തങ്ങാടി  മുസ്ലീം പള്ളിയും മത സാഹോദര്യത്തിന്റെ കഥപറയുന്നു.1000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ പള്ളി. കൊത്തുപണികളും നിറച്ചാര്‍ത്തുകളും ഖുറാന്‍ വചനങ്ങള്‍ കൊത്തിവെച്ച ചുമരുകളും ഇവിടെ അലങ്കാരമാണ്. പുതുപ്പള്ളി മഖാം, ശബരിമല തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ഏരുമേലി വാവര്‍ പള്ളി, തിരുനക്കര മഹാദേവ ക്ഷേത്രം, പനച്ചിക്കാട് ദേവി ക്ഷേത്രം, മള്ളിയൂര്‍ഗണപതി ക്ഷേത്രം, അരുവിത്തറ പള്ളി, പൂഞ്ഞാര്‍ കൊട്ടാരം, കുറിഞ്ഞിക്കാവ്, കുമരനല്ലൂര്‍ ക്ഷേത്രം, തിരുനക്കര ക്ഷേത്രം, കല്‍ക്കുളത്ത്കാവ്, വാഴപ്പള്ളി ക്ഷേത്രം എന്നിങ്ങനെ വിവിധ മതസ്ഥരുടെ ധാരാളം ആരാധനാലയങ്ങള്‍ കോട്ടയത്തിന്റെ മണ്ണിലുണ്ട്.

Content Highlights: Kottayam, Tourists Destinations in Kottayam, DTPC Kottayam