കോട്ടയത്തിന്റെ പല വിനോദസഞ്ചാര സാധ്യതകളും ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല. അത്തരത്തിൽ ഒരിടമാണ് താഴത്തങ്ങാടി. തെക്കുംകൂർ രാജവാഴ്ചയുടെ ഭരണതലസ്ഥാനം എന്ന നിലയിൽ പഴയ കോട്ടയം പട്ടണത്തിന്റെ ചരിത്രശേഷിപ്പുകളുള്ള സ്ഥലം. കോട്ടയം പട്ടണത്തിന്റെ വികാസപരിണാമത്തിന് സാക്ഷ്യംവഹിച്ച പൈതൃകത്തെരുവ്. ആ ചരിത്രവഴികളെ പരിചയപ്പെടുത്താൻ എച്ച്. ഹരികൃഷ്ണൻ നടത്തിയ യാത്ര. ഒപ്പം പ്രദേശത്തിന്റെ ചരിത്രം അരച്ചുകലക്കിക്കുടിച്ച നാട്ടുകാരൻ പള്ളിക്കോണം രാജീവുമുണ്ട്.
ഒരു തെരുവിന്റെ കഥ
പ്രശസ്തമായ താഴത്തങ്ങാടി വള്ളംകളിയുടെ വേദിയായ മീനച്ചിലാറിന്റെ ഓരത്തുള്ള തെരുവ് ഇപ്പോൾ ശാന്തമാണ്. രണ്ടര നൂറ്റാണ്ടുമുമ്പുവരെ ഇവിടം കച്ചവടക്കാരുടെ വിലപേശലുകളാൽ മുഖരിതമായിരുന്നു. കിഴക്കൻ മലയോരമേഖലയിലെ മലഞ്ചരക്കുകൾ മീനച്ചിലാറ്റിലൂടെ താഴത്തങ്ങാടിയിലെത്തിക്കുകയും ഇവിടുത്തെ പണ്ടികശാലയിൽ സൂക്ഷിച്ച്, പുറക്കാട് തുറമുഖത്ത് വിദേശകപ്പലുകൾ വരുന്ന മുറയ്ക്ക് കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത് -രാജീവ് വിവരണം ആരംഭിച്ചു...
മീനച്ചിലാറിൻ തീരത്തെ വാസ്തുവിസ്മയങ്ങൾ
മീനച്ചിലാറിന്റെ ഓരംപ്പറ്റിയുള്ള റോഡിനോട് ചേർന്നുള്ള പുരാതന നിർമിതികൾ സമ്പന്നമായ ആ പഴയകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. അന്ന് കച്ചവടം നിയന്ത്രിക്കാനായി രാജാവ് നിയമിച്ച തരക് കാര്യക്കാരുടെയും കച്ചവടക്കാരുടെയും വീടുകളായിരുന്നു അവ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 300 വർഷത്തിന് മേൽ പഴക്കമുള്ള താഴത്ത് തരകൻമാരുടെ വീട്.

നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന, കൊത്തുപണികളാൽ സമൃദ്ധമായ ഉൾവശമാണ് ആ വീടിനുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാവ് ചെങ്ങന്നൂരിൽനിന്ന് കൊണ്ടുവന്നവരാണ് താഴത്ത് തരകൻമാർ. താഴത്തങ്ങാടിയിലെ തരകുകാര്യക്കാരനായിരുന്ന ചാണ്ടപ്പിള്ളത്തരകനും മാർത്തോമ യറുശലേം പള്ളി, എം.ടി.സെമിനാരി എന്നിവ സ്ഥാപിക്കാൻ മുന്നിൽനിന്ന താഴത്ത് ചാണ്ടപ്പിള്ള കത്തനാരുമുൾപ്പെടെ നിരവധി പ്രമുഖർ ജന്മംകൊണ്ട വീടാണ്.

കുറച്ചങ്ങ് നടന്നാൽ താഴത്തങ്ങാടി ജുമാ മസ്ജിദായി. ഇസ്ലാം മതപ്രചാരകനായ മാലിക് ബിൻ ഹബീബിന്റെ കാലഘട്ടത്തിൽ പണിതതെന്ന് കരുതപ്പെടുന്ന ഈ പള്ളി കേരളീയ വാസ്തുശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. തടിപ്പണികളാൽ സമ്പന്നമാണ്. മസ്ജിദിനുള്ളിലെ മൂന്ന് സാക്ഷകളോടുകൂടിയ ഓടാമ്പൽ കൗതുകത്തോടൊപ്പം അക്കാലത്തെ വാസ്തുവൈദഗ്ധ്യവും വിളിച്ചോതും.

ജുമാ മസ്ജിദിന്റെ വശത്തുകൂടിയുള്ള വഴിയേ നടന്നാൽ തളിക്കുന്നിലെത്താം. മൂന്നര നൂറ്റാണ്ടോളം തെക്കുംകൂറിന്റെ രാജധാനിയായിരുന്ന തളിക്കോട്ട ഇവിടെയാണ് സ്ഥിതിചെയ്തിരുന്നത്. കോട്ടയമെന്ന പേരുവന്നതും ഈ കോട്ടയിലൂടെയാണ്. ആറുകൊത്തളവും കിടങ്ങുമൊക്കെയുണ്ടായിരുന്ന കോട്ട തിരുവിതാംകൂർ ഭരണകാലത്ത് പൊളിച്ചുകളയുകയായിരുന്നു.
രാജവാഴ്ചയുടെ പ്രതാപം വിളിച്ചോതി തളിയിൽ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു. തെക്കുംകൂർ രാജവംശത്തിലെ പന്ത്രണ്ടോളം രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച ചടങ്ങ് നടന്നതും ഈ ക്ഷേത്രസന്നിധിയിൽ വെച്ചാണത്രേ! പുരാതനമായ ചുവർച്ചിത്രങ്ങളും കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മിഴാവും ഇവിടെ കാണാം. ക്ഷേത്രക്കുളത്തിൽനിന്ന് കോട്ടയുടെ നാലുദിക്കിലേക്കും പോയിരുന്ന തുരങ്കപ്പാത ഇപ്പോൾ അടച്ചനിലയിൽ.

വീണ്ടും നടന്നാൽ
കുറച്ചുപോയാൽ കേരളീയ വാസ്തുവിദ്യയും പോർച്ചുഗീസ് വാസ്തുവിദ്യയും ബറാക്ക് ശൈലിയും ഒത്തുചേർന്നുള്ള നിർമിതിയായ ചെറിയപള്ളി എന്ന സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ എത്താം. മദ്ബഹ നിറയെ പ്രകൃതിദത്ത ചായങ്ങളാൽ വരച്ച നാലുനൂറ്റാണ്ടോളം പഴക്കമുള്ള ചുമർച്ചിത്രങ്ങൾ! ക്ഷേത്രങ്ങൾക്ക് പൊതുവേ കണ്ടുവരാറുള്ള ആനപ്പള്ള മതിലും മറ്റൊരു പ്രത്യേകത.

കോട്ടയം പട്ടണത്തിലെ ആദ്യത്തെ പള്ളിയായ സെന്റ് മേരീസ് ക്‌നാനായ ചർച്ചും അടുത്തുതന്നെയാണ്. 1550-ൽ സ്ഥാപിച്ച പള്ളിയുടെ പ്രധാന ആകർഷണം പുരാതന പേർഷ്യൻ കൽക്കുരിശുകളാണ്. എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്ലി സെലാസി ഇവിടം സന്ദർശിച്ചതായുള്ള ഫലകവും കാണാം.

ചെട്ടിത്തെരുവ്, ചാലുകുന്ന്
താഴത്തങ്ങാടിയുടെ വാണിജ്യപ്രാധാന്യം വർധിച്ചതോടെയാണ് കോട്ടയത്തേക്ക് വിവിധ ജനവിഭാഗങ്ങൾ എത്തിച്ചേർന്നത്. പതിനാലാം നൂറ്റാണ്ടു മുതൽ ക്രിസ്ത്യാനികൾ എത്തിത്തുടങ്ങി. ചേരാനെല്ലൂർ, കൊടുങ്ങല്ലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽനിന്ന് മേത്തർ വിഭാഗത്തിലുള്ള മുസ്ലിങ്ങൾ വന്നു. പതിനേഴാം നൂറ്റാണ്ടോടെ ഗൗഡസാരസ്വത ബ്രാഹ്മണർ എത്തി. അവരുടെതായ തിരുമല വെങ്കിടാചലപതി ക്ഷേത്രം തളിക്കോട്ടയിൽ കാണാം. ചെട്ടിത്തെരുവിനും ചാലുകുന്നിനും പ്രത്യേക തൊഴിലുകൾ ചെയ്തുവരുന്നവരുമായി ബന്ധമുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ കോട്ടയത്ത് വലിയങ്ങാടി ഉണ്ടായി, പതിനേഴാം നൂറ്റാണ്ടിൽ പുത്തനങ്ങാടിയും. പ്രാദേശിക കമ്പോളമായി തളിയന്തനാപുരം ചന്തയും. രണ്ടരനൂറ്റാണ്ടുമുമ്പ് മൂന്ന് അങ്ങാടികളുള്ള കേരളത്തിലെ ഒരേയൊരു പട്ടണമായിരുന്നു എന്നത് കോട്ടയത്തിന്റെ വാണിജ്യപ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള വിദേശഭാഷാ വിദ്യാലയം താഴത്തങ്ങാടിയിൽ പ്രവർത്തിച്ചിരുന്നതായി രേഖകൾ കണ്ടെത്തിയിരുന്നു. ഡച്ച് ഭാഷാപണ്ഡിതനായ ഹെർമൻ ഹസ്സൻകാംപ് 1668-ൽ സ്ഥാപിച്ച പരിഭാഷകർക്കായുള്ള ബഹുഭാഷാ വിദ്യാലയത്തിൽ ലാറ്റിൻ, ഡച്ച്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകൾ പഠിപ്പിച്ചിരുന്നു. രാജീവിന്റെ ദീർഘനാളത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ആ വിവരങ്ങൾ പുറത്തുവന്നത്.
തിരുവിതാംകൂറിന്റെ ആക്രമണത്തോടെ അങ്ങാടികളിലെ വ്യാപാരം നിലയ്ക്കുകയും പഴയ കോട്ടയം പട്ടണത്തിന്റെ പ്രതാപം അസ്തമിക്കുകയുമായിരുന്നു.

മൺമറയുന്ന ചരിത്രം
താഴത്തങ്ങാടിയുടെ പൈതൃകം സംരക്ഷിക്കാൻ കാലാകാലങ്ങളിൽ പല പദ്ധതികളും സർക്കാർ തുടങ്ങിയെങ്കിലും ഒന്നും എങ്ങും എത്തിയില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് കുമരകം റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായി 400 വർഷത്തോളം പഴക്കമുള്ള ഇവിടുത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. അന്ന് ടൗൺ പ്ലാനിൽ പൈതൃക മേഖല എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും നഗരസഭയിൽ പ്ലാൻ സമർപ്പിച്ച് വന്നപ്പോഴേക്കും കെട്ടിടങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ഇപ്പോൾ അവ റിസോർട്ടുകളായി രൂപമാറ്റം വന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നു. പാമ്പാടി ആർ.ഐ.ടി.യിലെ ആർക്കിടെക്ചറൽ വകുപ്പ് ആ കെട്ടിടങ്ങളുടെ സ്‌കെച്ച് പകർത്തി സൂക്ഷിച്ചിട്ടുണ്ട്.

ഒരു വർഷം മുമ്പ്, പള്ളിക്കോണം രാജീവിന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം എന്ന ചരിത്രാന്വേഷണ സംഘം താഴത്തങ്ങാടിയിലൂടെ കാൽനടയാത്ര സംഘടിപ്പിച്ചിരുന്നു. പൈതൃകസംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാൻ ആ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആലുംമൂട് കവലയിൽ തുടങ്ങി ഉപ്പൂട്ടിൽ കവല വരെ നീണ്ട മൂന്നുകിലോമീറ്റർ നടത്തം, കോട്ടയം ചരിത്രത്തിന്റെ വലിയ ദൂരങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്...
Content Highlights: Kottayam Travel, Thazhathangadi Travel, Kottayam Tourism, Kerala Tourism