| Mathrubhumi - Sanchari POST OF THE WEEK |

ഒരുപാടു കാലത്തെ മോഹമായിരുന്നു മസൈമാറാ പോണം. തടങ്കലിലടക്കാത്ത സിംഹത്തെ കാണണം എന്നത്. സത്യം പറഞ്ഞാല്‍ ഈ ആഗ്രഹം തുടങ്ങിയത് ഇവിടെ ഖത്തറില്‍ എത്തിയതിനു ശേഷമാണ് ട്ടോ... ഫോട്ടോഗ്രാഫിയില്‍ കുറച്ചു കമ്പമുണ്ടേയ്. 

ഒരുപാടു പ്രഫഷണല്‍സിന്റെ ഫോട്ടോസ് കാണുമ്പോള്‍ മനസ്സില്‍ വിചാരിക്കും മ്മക്കും കൂടെ ഒന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. അവസാനം 4 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഞാന്‍ പോയി. അപ്രതീക്ഷിതമായി എന്റെ പ്രിയ കൂട്ടുകാരന്‍ റിഷാദിന് കിട്ടിയ 2 ഫ്‌ലൈറ്റ് ടിക്കറ്റും വെച്ചോണ്ട് ഞങ്ങളു പറന്നു, അങ്ങ് ആഫ്രിക്കന്‍ ആനകളുടെ നാട്ടിലേക്ക്. മനസ്സ് മുഴുവന്‍ മസൈമാറയിലെ സിംഹങ്ങളായിരുന്നു. എങ്കിലും പ്രതീക്ഷിച്ചതിലുപരി ഒരുപാട് മൃഗങ്ങളെ കാണാന്‍ പറ്റി. ആഫ്രിക്കന്‍ ആന, ചീറ്റ പുലി, ഹൈന, ജിറാഫ്, ഹിപ്പോ, കണ്ടാ മൃഗം, സീബ്രാ, ഒട്ടകപ്പക്ഷി, മുതല, പലയിനം പരുന്തുകള്‍, രാജഹംസം, അങ്ങനെ അങ്ങനെ..

5 സ്ഥലങ്ങള്‍, 8 ദിവസം- അങ്ങനായിരുന്നു പാക്കേജ്. ഇലമന്റ്‌റിറ്റ, നാക്കുറു, നൈവാശ,മസൈമാറ, അമ്പോസലി. പോയ സ്ഥലങ്ങളില്‍ പ്രേമം തോന്നിയ സ്ഥലമാണ് അംബോസെലി. ഈ മനോഹരമായ സ്ഥലത്തിന്ന് അംബോസെല്ലി എന്ന നാമം ലഭിക്കാന്‍ കാരണം അവിടെ ഇടയ്ക്കിടെ വരുന്ന കാറ്റാണ്. പൊടിമണ്ണാല്‍ നിറഞ്ഞ് കറങ്ങി വരുന്ന ഒരിനം കാറ്റ്. ഈ കാറ്റിനെ അംബോസെല്ലി എന്നാണ് വിളിക്കുന്നത്. ഇതുമൂലമാണ് ഈ പ്രദേശത്തിന്ന് അംബോസെല്ലി എന്ന് പറയുന്നത്. ഇതെങ്ങനെയാണ് കാണാന്‍ കഴിയുന്നത് എന്നുള്ളത് ചുവടെ ചേര്‍ക്കുന്ന ഫോട്ടോയില്‍നിന്ന് നിങ്ങള്‍ക്ക് വ്യക്തമാകും.

അംബോസെല്ലിയോട് ഇഷ്ടം തോന്നാന്‍ ഉണ്ടായ കാരണം, ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് അംബോസല്ലിക്ക് എന്നതാണ്. ഞാന്‍ കണ്ടതില്‍ വെച്ച് അതിമനോഹരമായ സ്ഥലം ആയിരുന്നു അംബോസെല്ലി. ലോകത്തിലെ അതിമനോഹരമായ പര്‍വതം സ്ഥിതി ചെയ്യുന്ന ഇടം എന്ന പ്രത്യേകത കൂടെ ഉണ്ട് അംബോസെല്ലിക്ക്. ആ പര്‍വതമാണ് കിളിമാഞ്ചാരോ. ഒരുപാട് പ്രത്യേകതയും കഥയും നിറഞ്ഞതാണ് കിളിമാഞ്ചാരോ. ഈ മനോഹരമായ പര്‍വ്വതത്തിനടുത്ത് വാസമുറപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത് അംബോസാല്ലിയിലെ മസ്സായി ഗോത്രത്തിനാണ്. ഈ നിഷ്‌കളങ്കമായ ആളുകളും, കഥയിലും ചിത്രങ്ങളിലും മാത്രം കണ്ട ലോകത്തിലെ ഏറ്റവും വലിയ ആന എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ആനയും, പാതി മഞ്ഞാല്‍ മൂടിയ പര്‍വതം ആകാശത്തെത്തി നില്‍ക്കുന്ന കാഴ്ചയും ആണ് കിളിമഞ്ചാരോയെ മനോഹരമാക്കുന്നത്. 

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara

കിളിമാഞ്ചാരോ എന്ന മനോഹാരിതക്ക് പിന്നില്‍ ഒരു കൊച്ചു കഥയുണ്ട്. യാത്ര മദ്ധ്യേ ഞങ്ങളുടെ ഗൈഡിനോട് ചോദിച്ചറിഞ്ഞ കഥ, ഞാന്‍ പറയാം... ദൈവത്തിന്റെ അനുഗ്രഹം, അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിളിമഞ്ചാരോ എന്ന ഈ മനോഹര പര്‍വതം പണ്ട് കെനിയക്ക് സ്വന്തം ആയിരുന്നില്ല. കെനിയയുടെ തൊട്ടടുത്ത താന്‍സാനിയ എന്ന പ്രദേശക്കാര്‍ക്ക് സ്വന്തം ആയിരുന്നു. അന്ന് അവിടെ രാജഭരണം നിലനില്‍ക്കുന്ന കാലം, കെനിയന്‍വാസികള്‍ക്ക് വല്ലാതെ ജലക്ഷാമം നേരിടേണ്ടി വന്നു , അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി താന്‍സാനിയയിലെ രാഞ്ജി കെനിയക്കാര്‍ക്ക് വിട്ടുകൊടുത്തതാണീ കിളിമഞ്ചാരോ എന്ന മനോഹരമായ പര്‍വതം... കിളിമഞ്ചാരോയുടെ ഏകദേശം 20 കി.മീ ചുറ്റളവില്‍ ഉള്ള പ്രദേശവാസികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നത് കിളിമഞ്ചാരോയില്‍ നിന്നുള്ള നീരുറവയാണ്.

Kilimanjaro, Maasai Mara

കിളിമാഞ്ചാരോ എന്ന സുന്ദരി പുറമേക്ക് അതിമനോഹാരിയും കണ്ണിന്ന് കുളിര്‍മയേകുന്നതുമാണ് എന്നാല്‍ ആ പര്‍വ്വതത്തിനുള്‍വശം അഗ്‌നിയാല്‍ നിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്. ഈ കിളിമാഞ്ചാരോ പര്‍വതം ഒരു അഗ്‌നി പര്‍വതം കൂടെയാണെന്ന് സാരം. പ്രദേശവാസികളായ മസായികളില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് അവര്‍ ആ പ്രകൃതിയെ ആസ്വദിക്കുന്നതിലുപരി അവരില്‍ ഒരു തരം ഉള്‍ഭയവും കാണാം എന്നതാണ്. കാരണം മറ്റൊന്നുമല്ല ആഗോളതാപനം എന്ന പ്രതിഭാസത്തെ അവര്‍ വല്ലാതെ ഭയക്കുന്നു. മറ്റൊരു മനോഹരമായ കാഴ്ച്ചയായിരുന്നു കിളിമഞ്ചാരോയുടെ മുകളില്‍ അപ്പക്കഷ്ണം പോലെ വീണുകിടക്കുന്ന മഞ്ഞുകള്‍. ആ കാഴ്ച്ച കണ്ട് അതിശയത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ഞങ്ങളുടെ ഗൈഡ്, ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ്. അദ്ദേഹം പറഞ്ഞു തന്നു. മറ്റൊരു നഷ്ടകഥ. അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ അദ്ദേഹം കണ്ട കിളിമാഞ്ചാരോ എന്ന പര്‍വതം ഒരു വെള്ള പഞ്ഞിപ്പുതപ്പാല്‍ മൂടി തലയുയര്‍ത്തി നില്‍ക്കുന്നതായിരുന്നു. 

എന്നാല്‍ ഇന്നതിന്റെ അവസ്ഥ അങ്ങനെ അല്ല, ഒരു വലിയ കരിങ്കല്‍ കഷ്ണമായി മാത്രമാണ് കാണാന്‍ സാധിച്ചത്. എങ്കിലും അവള്‍ മനോഹരി തന്നെ ആണ്. മറ്റൊരു കാഴ്ച്ച എന്താണെന്നാല്‍ കിളിമഞ്ചാരോയെ ചേര്‍ന്ന് കുഞ്ഞു മലകള്‍ സ്ഥിതി ചെയ്യുന്നുണ്ട്, എനിക്ക് കിളിമഞ്ചാരോയുടെ വളരെ അടുത്ത് വരെ പോകാന്‍ ആയില്ല എന്നാല്‍ സമീപത്തുള്ള മലകളുടെ അടുത്ത് വരെ എനിക്ക് എത്താന്‍ സാധിച്ചു. അവിടെ എനിക്ക് കാണാനായത് ചെറിയ ഇരുമ്പുകഷ്ണങ്ങള്‍ പോലുള്ള ഒരിനം മണ്ണായിരുന്നു. അതിമനോഹമായിരുന്നു ആ കാഴ്ച്ചകള്‍.

Kilimanjaro, Maasai Mara

കെനിയ എന്ന് പറഞ്ഞാല്‍ നമ്മുടെ ആളുകളുടെ മനസ്സില്‍ ഉള്ള ഒരു ധാരണ വറ്റിവരണ്ട മരുഭൂമി പോലുള്ള സ്ഥലം ആണെന്നാണ്.. എന്നാല്‍ അതൊന്നും അല്ല കെനിയ. നമ്മുടെ കേരളത്തില്‍ എന്നപോലെ ഹരിതാഭം തന്നെ ആണ് അവിടം. അവിടെയും ഉണ്ട് തെങ്ങും വാഴയും പച്ചപുതച്ച സ്ഥലങ്ങളും. 

പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം എന്താണെന്ന്‌വെച്ചാല്‍ അവിടത്തെ കാലാവസ്ഥ. ഞങ്ങളുടെ അവിടത്തെ താമസം 3സ്റ്റാര്‍, 4സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു. അവിടെ ഒന്നും തന്നെ എനിക്ക് ഫാനോ എയര്‍ കണ്ടീഷനോ കാണാന്‍ സാധിച്ചില്ല എന്നതാണ്. ഇതിനെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു.... അവര്‍ അവിടെ നേരിടുന്ന ഏറ്റവും കൂടിയ താപനില എന്നത് 45 ഡിഗ്രിയും കുറഞ്ഞത് 30 ഡിഗ്രിയും ആണ്.

പിന്നെ അവിടെ കാണാന്‍ സാധിച്ച മറ്റൊന്ന് നമ്മുടെ പിറന്ന മണ്ണിനെ ഓര്‍മ്മിപ്പിക്കും വിധം ഒന്നാണ്. പുലര്‍ച്ചെ ഇളം വെയിലില്‍ മഞ്ഞുവീഴുന്ന കാഴ്ച്ച.അതിമനോഹരവും മനസിനെ ഉന്മേഷപ്പെടുത്തുന്നതുമായിരുന്നു അത് . ഇങ്ങനെ ഉള്ള മനോഹാരിതയൊക്കെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. എന്നാലിന്ന് ഇങ്ങനെ ഒരു കാഴ്ച്ചക്ക് വേണ്ടി മറ്റുസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ആയി കഴിഞ്ഞു നമ്മുടെ കേരളത്തിന്റെ അവസ്ഥ.

ഖത്തറിലെ ജോലി സമ്മര്‍ദ്ദങ്ങളില്‍നിന്നും ഒരു വലിയ ആശ്വാസം ആയിരുന്നു ഈ യാത്ര. കുറച്ച് ചിലവേറിയതാണെങ്കിലും കാടിനേയും കാട്ടുമൃഗങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പോകാന്‍ അനുയോജ്യമായ സ്ഥലം ആണ് കെനിയ എന്നുകൂടെ പറയാം.. മറ്റൊരുകാര്യം നമ്മള്‍ എത്ര ഭാഗ്യവാന്മാരാണ് എന്നുകൂടെ മനസിലാക്കാന്‍ പറ്റിയ സ്ഥലം ആണ് കെനിയ.... 

ഞങ്ങള്‍ ഇവിടെനിന്നും യാത്ര തിരിച്ചത് ഒരുപാട് മൃഗങ്ങളുടെ ഫോട്ടോ എടുക്കണം എന്ന ലക്ഷ്യത്തോടെ ആയിരുന്നു. വിചാരിച്ചതുപോലെ തന്നെ ഞങ്ങള്‍ക്ക് അവിടെ ഒരുപാടിനം മൃഗങ്ങളെ കാണാന്‍ സാധിച്ചു... 

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara

ലോകത്തിലെ ഏറ്റവും വലിയ ആന ആയ ആഫ്രിക്കന്‍ ആന, അവിടത്തെ കാട്ടുപോത്ത്, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം, ജിറാഫ്, സീബ്ര, സിംഹം, വയില്‍ഡ് ബീറ്റ്‌സ്... ഈ വില്‍ഡ് ബീസ്റ്റിന് ഒരു പ്രത്യേകത ഉണ്ട്. ദൈവം അവസാനമായി സൃഷ്ടിച്ച മൃഗം ആണെന്നാണ് അവിടത്തെ നാട്ടുകാര്‍ പറയപ്പെടുന്നത്. പിന്നെ കാണാന്‍ കഴിഞ്ഞത് ഹൈന എന്ന മൃഗത്തെയാണ്. കാഴ്ചയില്‍ പുലിയും ചെന്നായയും ആണെന്ന് തോന്നിക്കുന്ന ഒരിനം മൃഗമാണ് ഹൈന അഥവാ കഴുതപ്പുലി. അങ്ങനെ ഒരുപാട് ഭൂമിയുടെ അവകാശികളെ എനിക്ക് അവിടെ കാണാന്‍ സാധിച്ചു.

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara

അടുത്തതായി ഞങ്ങള്‍ എത്തിനോക്കിയത് ഒരു ഗ്രാമത്തിലേക്ക് ആണ്. കെനിയയുടെ മക്കളുടെ മണ്ണിലേക്ക്. അവരെ വിശേഷിപ്പിക്കുന്ന നാമമാണ് മസ്സായി എന്നത്. ഞാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു. അവരുടെ വീടും ജീവിതരീതിയുമൊക്കെ കണ്ടപ്പോള്‍ ഒരു നിമിഷം ചിന്തിച്ചു പോയി ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച്. ഇപ്പൊ ഇവിടെത്തെ കാര്യം തന്നെ പറയാം. ഇവിടെ ഖത്തറില്‍ ഞാന്‍ താമസിക്കുന്ന റൂമില്‍ 4 പേരാണ് ഉള്ളത്.ദൈവം സഹായിച്ചു ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും അവസ്ഥ അതല്ല, സൗകര്യങ്ങളില്‍ തൃപ്തരല്ലാത്തവരായാണ് പലരും.

Kilimanjaro, Maasai Mara

Kilimanjaro, Maasai Mara
 
നമ്മള്‍ പറയില്ലേ കിളികള്‍ കൂടുകൂട്ടുന്നത് പോലെ എന്ന്,ഒരു കുഞ്ഞു കൂട്ടില്‍ അച്ഛനും അമ്മയും മക്കളുമൊക്കെയായി സന്തോഷമായി കഴിയുന്നത്. അതുപോലെ ഉള്ള ഒരു കാഴ്ച്ചയാണ് എനിക്കവിടെ കാണാന്‍ ആയത്. അവര്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കല്ലും കമ്പിയുമൊന്നും ഉപയോഗിച്ചല്ല . പകരം ചാണകവും അക്ക്വേഷ്യയുടെ കമ്പുകളും ഉപയോഗിച്ചാണ്. അവരുടെ വീട് നിര്‍മാണം നമ്മള്‍ ചെറുപ്രായത്തില്‍ കളിക്കാനായി കുഞ്ഞുവീടുകള്‍ ഉണ്ടാക്കാറില്ല അതുപോലെ ഉണ്ടായിരുന്നു ആ കാഴ്ച്ച. ചാണകവും അക്വേഷ്യയുടെ കമ്പുകള്‍ കൊണ്ടും കൂടിയ 5,6 അടി വലിപ്പം മാത്രം വരുന്ന ചെറിയ വീടുകള്‍. അതില്‍ തന്നെ അതിശയിപ്പിക്കുന്ന കാര്യം എന്താണെന്നാല്‍ രണ്ട് കുഞ്ഞുറൂമുകളും അടുക്കളയും ഉള്‍പ്പെടുത്തിട്ടുണ്ട് എന്നതാണ്. 

ഈ കുഞ്ഞു കൂരയില്‍ പ്രകാശത്തിനായി അവര്‍ ചെയ്തത് വീടിന്റെ വശങ്ങളിലായി ചെറിയ ദ്വാരം ഇട്ടിരിക്കുന്നു എന്നതാണ്. അതിലൂടെ വരുന്ന വെളിച്ചമേ അവിടെയുള്ളു. അതുകൊണ്ട് തന്നെ എന്റെ കേമറയില്‍ എനിക്കവിടം അധികം പകര്‍ത്താനോ അവിടെ നിവര്‍ന്ന് നിക്കാനോ സാധിച്ചില്ല. ആ കുഞ്ഞുകൂരയില്‍ പാരാതിയും പരിഭവവും ഇല്ലാതെ അവര്‍ സന്തോഷമായി കഴിയുന്നു എന്ന് നമുക്ക് വിശ്വസിക്കാം... ഞങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വണ്ടിയില്‍ പോകുമ്പോള്‍ അവിടെയുള്ള ആളുകളെ ഫോട്ടോ എടുത്തു. അപ്പൊ ഞങ്ങള്‍ക്ക് അവരുടെ മുഖത്ത് കാണാന്‍ കഴിഞ്ഞത് സന്തോഷത്തേക്കാളുപരി അത്ഭുതം ആണ്. മറ്റൊരു രസകരമായ കാഴ്ച്ചയായിരുന്നു വഴിയരികില്‍ പാകമായി തൂങ്ങിക്കിടക്കുന്ന അവക്കാഡോ (ബട്ടര്‍ ) മരങ്ങള്‍.

ഈ യാത്രയില്‍ ഉള്‍പ്പെട്ടത് ഞാനും എന്റെ കൂട്ടുകാരന്‍ റിഷാദും ഞങ്ങളുടെ ഗൈഡായ കെനിയക്കാരന്‍ സെമിയും ആണ്. ഒരുപാട് ഫോട്ടോഗ്രാഫേഴ്‌സിനെ ഒന്നുംതന്നെ അവിടെ കാണാന്‍ ആയില്ല. മറിച്ചു ഒരുപാട് സഞ്ചാരികളെ കാണാനായി. അതുകൊണ്ടും കൂടെയാണ് ഈ ചെറുവിവരണം ഞാന്‍ സഞ്ചാരി ഗ്രൂപ്പില്‍ ഇടാം എന്ന് കരുതിയത്. 

കെനിയയില്‍ ഉള്ള ഒരു പോരായിമയായി എനിക്ക് തോന്നിയത് വെള്ളത്തിന്റെ ബുദ്ധിമുട്ടാണ്. നമ്മളെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ്. നമ്മള്‍ മലയാളികള്‍ വെള്ളത്തിന്റെ കാര്യത്തില്‍ മറ്റുസ്ഥലത്തെ ആളുകളെ അപേക്ഷിച്ച് കുറച്ചധികം ഉപയോഗം കൂടുതല്‍ ആണ്. ഇതെന്റെ ഒരു അറിവില്‍ പറഞ്ഞതാണ് കേട്ടോ... പറഞ്ഞവന്നത്, വെള്ളത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഒരുപാട് വിട്ടുവീഴ്ച്ച ചെയ്യണമെന്ന് സാരം. എന്റെ അറിവ് പ്രകാരം 330 മില്ലിലിറ്റര്‍ വെള്ളത്തിന് നമ്മുടെ ഇന്ത്യന്‍ രൂപ പ്രകാരം 170-200 രൂപ അടക്കേണ്ടി വരുന്നുണ്ട്. 200 രൂപക്ക് അര ലിറ്റര്‍ വെള്ളം പോലും ഇല്ലെന്നാണ് പറഞ്ഞത് കേട്ടോ. മറ്റൊരു കാര്യം വെള്ളത്തിന് വില കൂടുതലാണേലും പെപ്‌സി, കൊക്കക്കോള എന്നിവക്ക് നാട്ടിലെ 70-120 രൂപ ആകുന്നുള്ളു.

മറ്റൊരുകാര്യം എന്താണെന്നാല്‍ നമുക്കവിടെ പുഴകളൊക്കെ കാണാന്‍ സാധിക്കും എന്നാല്‍ വെള്ളത്തിനായി ആ ജലസ്രോതസിനെ ആശ്രയിക്കാന്‍ ആകില്ല കാരണം അതിലൊന്നുംതന്നെ ശുദ്ധവെള്ളം ഇല്ലെന്നുള്ളതാണ്. നമ്മുടെ നാടും ഇന്ന് ആ അവസ്ഥയിലേക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്.
 
ഞങ്ങള്‍ അവസാനം താമസിച്ചത് കോണ്‍കോഡ് എന്ന റിസോര്‍ട്ടില്‍ ആയിരുന്നു, അതിന്റെ തൊട്ടുമുന്നിലായി ഒരു പുഴയുണ്ട് അതില്‍ കുറേ ഹിപ്പോപൊട്ടാമസുകളെ കാണാന്‍ കഴിഞ്ഞു. അതൊക്കെ കൗതുകമുണര്‍ത്തുന്ന വല്ലാത്ത ഒരു കാഴ്ചതന്നെയായിരുന്നു. നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റാത്ത കാഴ്ച്ച. നേരം പുലര്‍ന്നുവരുമ്പോള്‍ ഹിപ്പോപൊട്ടാമസുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന നദീതടമായിരുന്നു എനിക്ക് കാണാന്‍ സാധിച്ചത്. അതും അതൊരു മനോഹരമായ കാഴ്ച്ച തന്നെ ആയിരുന്നു.
 
മറ്റൊരു ബുദ്ധിമുട്ടാണ് ഭക്ഷണം. നമ്മുടെ ഭക്ഷണരീതി അവരുടേതുമായി ഒരുപാട് അന്തരം ഉണ്ട്. ഞങ്ങള്‍ യാത്രക്ക് മുന്നേ ആദ്യം കെനിയ സന്ദര്‍ശിച്ച സുഹൃത്തുക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു മനസിലാക്കിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. അവര്‍ അരിഭക്ഷണം ഉപയിഗിക്കുന്നെ ഇല്ല എന്നുള്ളതാണ് ഒരു സവിശേഷത. അവരുടെ ഭക്ഷണം കിഴങ്ങുവര്ഗങ്ങളായ മധുരക്കിഴങ്ങ്, കപ്പ, ഉരുളക്കിഴങ്ങ്, ഇതൊക്കെയാണ്. നമ്മള്‍ പാകംചെയ്യുന്ന പോലെ ഉപ്പിട്ട് തിളപ്പിച്ചല്ല അവര്‍ പാകം ചെയ്യുന്നത് വെറുതെ തിളപ്പിച്ച് അതില്‍ പയറും ചേര്‍ത്ത് ഒരു പ്രത്യേകതരം ഭക്ഷണരീതിയാണ് പിന്തുടരുന്നത്. നമുക്കതിനോട് യോജിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാകും.. ഞങ്ങള്‍ പോകുമ്പോള്‍ കുറച്ച് ലഘു ഭക്ഷണസാധനങ്ങള്‍ കരുതിയിരുന്നു. ഉണക്ക മുന്തിരി,അണ്ടിപ്പരിപ്പ് , ഉണക്കിയ പഴവര്‍ഗങ്ങള്‍, പിസ്ത, ആല്‍മണ്ട്, ബിസ്‌ക്കറ്റ്, ലോങ്ങ് ലൈഫ് ടിന്‍ ജ്യൂസ് ഇതൊക്കെ കരുതിരുന്നു. അത് ഞങ്ങള്‍ക്ക് ഒരു വലിയ ആശ്വാസം തന്നെയായിരുന്നു.

കെനിയന്‍ യാത്രയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ് - 

പൈസയുടെ കാര്യം പറയാം, പോകുമ്പോള്‍ കുറച്ചു രൂപ കയ്യില്‍ കരുതണം. നമ്മള്‍ രൂപ ഡോളറുകളാക്കി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഈ ഡോളര്‍ കെനിയയില്‍ എത്തിയാല്‍ കെനിയന്‍ ഷെല്ലിങ്ങ്‌സ് ആയി മാറ്റാന്‍ സാധിക്കും. അവിടെ ഷെല്ലിങ്ങ്‌സ് ആണ് ഉപയോഗിക്കുന്നത്. 1 ഡോളര്‍ എന്നാല്‍ 10 ഷെല്ലിങ്ങ്‌സ് ആണ്. 10 ഡോളര്‍ എന്നാല്‍ 100 ഷെല്ലിങ്ങ്‌സ്. 100 ഡോളര്‍ 10000 ഷെല്ലിങ്ങ്‌സ് അങ്ങനെയാണ്. അപ്പോള്‍ രൂപ ഡോളര്‍ ആയി കയ്യില്‍ വെക്കുക. 

മറ്റൊന്ന് വാക്‌സിനേഷന്‍ ആണ്. വാക്‌സിനേഷന്‍ ഒരു പ്രധാന കാര്യം തന്നെയാണ്. ഞാന്‍ മുന്നേ പറഞ്ഞു ജലലഭ്യതയെ കുറിച്ച്. അപ്പോള്‍ തന്നെ അവിടത്തെ ശുചിത്വം ഊഹിക്കാവുന്നതല്ലേ ഉള്ളു. നമ്മുടെ ആരോഗ്യ സംരക്ഷണം  അത് നമ്മുടെ കയ്യില്‍ തന്നെയാണ്. വാക്‌സിനേഷന്‍ എടുത്ത് പോയാല്‍ നമുക്ക് അസുഖങ്ങളില്‍ നിന്നുള്ള പേടി ഒഴിവാക്കാം. ഞങ്ങള്‍ പോകുമ്പോള്‍ എടുത്ത വാക്‌സിനേഷനുകള്‍ ഇതൊക്കെയാണ്- ടൈഫോയിഡ്, മലേറിയ, ടോന്‍സെസ്, മഞ്ഞപ്പിത്തം. 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പോകുന്നതിന്റെ 10 ദിവസത്തിന് മുന്നേ വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണേ. മറ്റൊരു കാര്യം ഒരിക്കലും കെനിയയില്‍ പുറംരാജ്യക്കാര്‍ക്ക് രാത്രി യാത്ര അനുവദിനീയമല്ല എന്നുള്ളതാണ്. കാരണം കെനിയ സുരക്ഷാഭീഷണി നേരിടുന്ന സ്ഥലമാണ്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം.

പിന്നെ ഒരിക്കലും ഒറ്റക്ക് പോകാന്‍ പറ്റാത്ത സ്ഥലം ആണ് കെനിയ. ഒരു ട്രാവല്‍ ഗൈഡിന്റെ സാനിധ്യത്തില്‍ പോകുക. പിന്നെ രാത്രിയാത്രയും ഭക്ഷണത്തിന്റെ കാര്യങ്ങളും ശ്രദ്ധിക്കുക. ഒരു കാര്യം കൂടി, പോകുന്നവര്‍ ഒരു ക്യാമറ കൂടെ കരുതുന്നത് ഒരുപാട് സഹായകരമാകും കാരണം, മനോഹരമായ ഒരുപാട് കാഴ്ച്ചകള്‍ പകര്‍ത്താനുണ്ട് ആ സുന്ദര വനത്തില്‍. 

എനിക്ക് മറക്കാന്‍ ആകാത്ത ഒരു അനുഭവം ആയിരുന്നു ഈ കെനിയന്‍ യാത്ര. ഭൂമിയുടെ മടിത്തട്ടിലെ ഒരു രാഞ്ജി ആണ് അംബോസെല്ലി എന്ന മനോഹര തീരം. പ്രകൃതി, ജീവിതം, സുഖങ്ങള്‍, ബുദ്ധിമുട്ടുകള്‍, ഇവയൊക്കെ എന്താണെന്നു നമ്മെ പഠിപ്പിക്കുന്ന ഒരു സ്ഥലം കൂടെയാണിവിടം. എന്റെ അഭിപ്രായത്തില്‍ ആരെങ്കിലും കെനിയയില്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ രണ്ട് സ്ഥലങ്ങളാണ് മസ്സായി മാറയും, അംബോസെല്ലിയും. അതുകൊണ്ട് തന്നെയാണ് എന്നെ ആകര്‍ഷിച്ച സ്ഥലമായ അംബോസെല്ലിയെ കുറിച്ച് ചെറുവിവരണം എഴുതാം എന്ന് കരുതിയത്. 

എന്നെ ഈ യാത്രക്ക് വേണ്ടി സഹായിച്ച ഒരുപാട് പേരുണ്ട്, ഞങ്ങളുടെ സ്വന്തം ദിലീപേട്ടന്‍, എന്റെ കൂട്ടുകാരായ റിഷാദ്, സലീല്‍, ഷിഹാസ്‌ക്ക, വിഷ്ണുച്ചേട്ടന്‍, അസറുക്ക, അജിയേട്ടന്‍, ജേക്കബേട്ടന്‍, സനീര്‍ക്ക,പിന്നെ എന്റെ കൂടെ ജോലി ചെയ്യുന്നവര്‍... എല്ലാത്തിലുമുപരി എന്റെ കുടുംബം- ഉപ്പ, ഉമ്മ, ഭാര്യ, മകന്‍ എല്ലാരും എന്നെ ഒരുപാട് പിന്തുണച്ചു.

ഈ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് എന്നെ വിളിക്കാം, വാട്ട്‌സാപ്പ് ചെയ്യാം - 0097433438864