ധ്യപ്രദേശില്‍നിന്നു ഛത്തീസ്ഗഡിന്റെ വിഭജനത്തോടെ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ മദ്ധ്യപ്രദേശ് രാജസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആയെങ്കിലും രാജ്യത്ത് വനവിസ്തൃതിയുടെ കാര്യത്തിലും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ കാര്യത്തിലും മധ്യപ്രദേശ് ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ്. മധ്യപ്രദേശില്‍ ഒന്‍പതോളം നാഷണല്‍ പാര്‍ക്കുകള്‍ ഉണ്ട്. അവയിലേറ്റവും സവിശേഷതകള്‍ നിറഞ്ഞതും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് കന്‍ഹ ടൈഗര്‍ റിസര്‍വ്.

1933-ല്‍ ഒരു വന്യമൃഗസങ്കേതമായി (wild life sanctuary) രൂപീകരിച്ചുവെങ്കിലും ദേശീയോദ്യാനമായി (National Park) കന്‍ഹ അറിയപ്പെടാന്‍ തുടങ്ങിയത് 1955 ജൂണ്‍ ഒന്നുമുതലാണ്. ദേശീയ മൃഗവും (national animal) ലോകത്തെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളില്‍ (endangered animals ) പ്രഥമ സ്ഥാനത്തുമുള്ള കടുവകളെ സംരക്ഷിക്കുന്നതിനായി 1974-ല്‍ കന്‍ഹ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

Kanha 1

സാധാരണ ടൈഗര്‍ റിസര്‍വ് ആയി പ്രഖ്യാപിക്കപ്പെട്ട നാഷണല്‍ പാര്‍ക്കുകളില്‍ കടുവകള്‍ തന്നെയാണ് രാജാക്കന്മാരെങ്കിലും കന്‍ഹയിലെ ചിത്രം മറ്റൊന്നാണ്. മധ്യപ്രദേശിന്റെ സംസ്ഥാന മൃഗമായ ബാരസിംഗ ( Swamp dear) യാണ് അവിടത്തെ ഭാഗ്യമൃഗമായി സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കരുതി സംരക്ഷിച്ചു പോരുന്നത്. കൊമ്പുകളില്‍ പന്ത്രണ്ട് (ഹിന്ദിയില്‍ ബാര) ശിഖരങ്ങളുള്ളതിനാലാണ് മാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സ്വാമ്പ് ഡിയര്‍ അഥവാ ചതുപ്പ് മാനിന് ബാരസിംഗയെന്ന പേര് വന്നത്.

മാണ്‍ടല, ബാല്‍ഘട് എന്നീ ജില്ലകളില്‍ 940 ചതുരശ്ര കിലോ മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കന്‍ഹയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഇവയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം അറിയിക്കുന്നതിനും കന്‍ഹയുടെ ഭാഗ്യചിഹ്നമായി (Mascot)  അവര്‍ ബൂര്‍സിംഗ് ദ ബാരസിംഗ എന്ന പേരില്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ ബാരസിംഗയെ അവതരിപ്പിച്ചു പോരുന്നു. ജലത്തിന്റെ സാമീപ്യവും ചതുപ്പും ഉള്ള ഇടമാണ് ഇവയുടെ ആവാസ മേഖല. 

ജലസസ്യങ്ങള്‍ ഇവര്‍ക്ക് ഇഷ്ടഭോജനമാണ്. അതുകൊണ്ട് തന്നെ വെള്ളത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കൂടുതല്‍ പകര്‍ത്താന്‍ കഴിഞ്ഞത്. കടുവകള്‍ക്കൊപ്പം തന്നെ സംരക്ഷണം നല്‍കിപ്പോരുന്നതിലൂടെ  1970 ല്‍ വെറും 66 മാത്രമുണ്ടായിരുന്ന ബാര സിംഗയുടെ എണ്ണം 2020 ആയപ്പോഴേക്കും അത് എണ്ണൂറിലധികമായി വര്‍ധിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. പെണ്‍മാനുകളെ അപേക്ഷിച്ച് ആണ്‍മാനുകള്‍  തീരെ കുറവായതിനാല്‍ വംശ വര്‍ധനയ്ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

Kanha 2
കൻഹയിലെ പുള്ളിമാനുകൾ  | ഫോട്ടോ: അജിത് കുമാർ

ബാരസിംഗക്കും കടുവയ്ക്കും തുല്യപ്രാധാന്യം നല്‍കി സംരക്ഷിച്ചു പോരുന്ന കന്‍ഹയില്‍ എണ്ണത്തില്‍ കുറവെങ്കിലും പുലികളും ഉണ്ട്.  ഒടുവിലെ കണക്കെടുപ്പ് പ്രകാരം 118 കടുവകള്‍ ഉള്ളതായി വനപാലകര്‍ അറിയിച്ചു. കാട്ടുനായ (wild dog) കരടി, കുറുക്കന്‍, കാട്ടുപോത്ത് (Indian gaur)  മ്ലാവ്, കൃഷ്ണമൃഗം അടക്കം 43 ഇനം സസ്തനികള്‍ കന്‍ഹയിലുണ്ട്.  പുള്ളിമാന്‍ (Spotted deer) ഹനുമാന്‍ കുരങ്ങ് (gray langur) എന്നിവയെ കാട്ടില്‍ എവിടെ നോക്കിയാലും കാണാം എന്ന രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. 26 ഇനം ഉരഗങ്ങളും മുന്നൂറില്‍പരം പക്ഷികളും 169 ഓളം ചിലന്തി വര്‍ഗവും 480 ഇനം ഷഡ്പദങ്ങളും കന്‍ഹയിലെ ജന്തുവൈവിദ്ധ്യങ്ങളാണ് (fauna ). 850-ല്‍പരം വരുന്ന സസ്യങ്ങളും 50 ഓളം ജലസസ്യങ്ങളും (aquatic plants ) ഇരുപതോളം അപൂര്‍വ സസ്യങ്ങളും ഉള്ള കന്‍ഹയെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് തന്നെ ആക്കുന്നു.

Kanha 3

കന്‍ഹയിലേക്ക് ഒരു യാത്ര ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അവസരം വന്നത് ഈ കോവിഡ് കാലത്ത് ആണെന്ന് മാത്രം. കന്‍ഹ ടൈഗര്‍ റിസര്‍വിലെ രണ്ടാമത് പക്ഷി സര്‍വ്വേയില്‍ പങ്കെടുക്കാനാണ് അവിടെ എത്തിയത്. ഇപ്പോള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ടൈഗര്‍ റിസര്‍വുകളില്‍ പക്ഷി സര്‍വ്വേ നടത്തപ്പെടുന്നുണ്ട്. ടൈഗര്‍ റിസര്‍വുകളില്‍ വനപാലകര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് നടന്നു പോകുവാന്‍ അനുവാദമില്ല. എന്നാല്‍ പക്ഷി സര്‍വേയുമായി ബന്ധപ്പെട്ട യാത്രയായതിനാല്‍ രണ്ട് വനപാലകര്‍ക്ക് ഒപ്പമുള്ള ഫെബ്രുവരിയിലെ കൊടുംതണുപ്പില്‍ കാട്ടിലൂടെയുള്ള കാല്‍നടയാത്ര ഏറെ ഹൃദ്യമായി. പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും ഇല്ലാതെ സൂക്ഷിക്കാന്‍ വനപാലകര്‍ക്ക് അവിടെ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്. ഉള്‍ക്കാട്ടില്‍ പോലും കുളങ്ങള്‍ കുത്തി ജലലഭ്യത ഉറപ്പ് വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വന്യജീവികള്‍ക്ക് അവരുടെ വാസസ്ഥലം വിട്ട് പുറത്തേക്കു പോവേണ്ടി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Kanha 4

മാനുകള്‍ അവയുടെ കൊമ്പുകള്‍ പ്രജനന സമയം കഴിഞ്ഞ് വര്‍ഷത്തില്‍ ഒരിക്കല്‍ പൊഴിക്കാറുണ്ട്. ഇങ്ങനെ കാട്ടില്‍ പലയിടത്തും മാന്‍ കൊമ്പുകള്‍ കിടക്കുന്നതായി കാണാന്‍ കഴിഞ്ഞു. പണ്ട് അവിടത്തെ ഗ്രാമീണര്‍ മാന്‍ കൊമ്പുകള്‍ ശേഖരിച്ചു കൊണ്ടുള്ള വ്യവസായത്തിന് ശ്രമിച്ചിരുന്നു. കൊമ്പുകള്‍ കണ്ടെത്തുന്നതിനുവേണ്ടി കാട്ടില്‍ അവര്‍ തീയിടുന്നതും പതിവായിരുന്നു. വന്യമൃഗസംരക്ഷണാര്‍ഥം ഇത്തരം വ്യവസായശാലകള്‍ അധികൃതര്‍ അടച്ചുപൂട്ടുകയും കര്‍ശനമായ നിയന്ത്രണത്തിലൂടെ ഇത്തരം പ്രവണതകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഇതിന്റെ പ്രതീകമായി കാട്ടില്‍ നിന്നും ശേഖരിച്ച കൊമ്പുകള്‍ വച്ച് ഒരു വലിയ കമാനം 2015ല്‍ അവിടെ നിര്‍മ്മിച്ചിട്ടുള്ളത് അത്ഭുത കാഴ്ച്ചയാണ്. കാട്ടില്‍നിന്ന് ഒന്നും ശേഖരിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇപ്പോള്‍ വനപാലകരും കൊമ്പുകള്‍  ശേഖരിക്കുന്നില്ല.

Kanha 5

നാലു ദിവസമായാണ് പക്ഷി സര്‍വ്വേ പരിപാടി സംഘടിപ്പിച്ചിരുന്നത്. ആദ്യ ദിവസം സര്‍വ്വേയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന 60-ഓളം പക്ഷി നിരീക്ഷകര്‍ക്കും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാടിന്റെ വിവരങ്ങള്‍ അടങ്ങിയ ബ്രീഫിങ്. പിന്നീട് രണ്ട് ദിവസം ഉള്‍കാട്ടില്‍ സര്‍വ്വേ. നാലാം ദിനം റിവ്യൂ മീറ്റിംഗും സര്‍ട്ടിഫിക്കറ്റ് വിതരണവും. അതിനു ശേഷം മൂന്ന് ദിവസത്തെ സഫാരി. അങ്ങനെ ഒരാഴ്ച നീണ്ട് നിന്ന കന്‍ഹ കാഴ്ചകള്‍ ഒരു അനുഭവം തന്നെയായിരുന്നു.

പ്രദേശത്തെ തദ്ദേശ പക്ഷികളുടെയും (resident birds) അവിടെയെത്തുന്ന ദേശാടനപക്ഷികളുടെയും (migratory birds) സ്ഥിതിവിവര കണക്കെടുപ്പാണ് സര്‍വേ കൊണ്ട് ഉദ്ദേശിച്ചത്. സന്നദ്ധപ്രവര്‍ത്തകരെ കൂട്ടി വനം വകുപ്പ് കുറ്റമറ്റ രീതിയില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. കാന്‍ഹയുടെ ചരിത്രവും വിവരങ്ങളും അടങ്ങിയ സ്ലൈഡ് ഷോയും സംഘാടകര്‍  ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ബാരസിംഗ വിഹരിക്കുന്ന കന്‍ഹയോട് ഞാന്‍ കേരളത്തില്‍ നിന്നും കൂട്ടിയ മൂന്ന് പേര്‍ക്കൊപ്പം തല്‍ക്കാലം  വിടചൊല്ലി.

Content Highlights: Kanha Tiger Reserve, Madhya Pradesh, Barasinga, Kanha Travel