മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് സഞ്ചാരി നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം

 

ന്ത്യയില്‍ തന്നെ അധികം പേര്‍ക്ക് അറിയാന്‍ പാടില്ലാത്ത ഒരു സ്ഥലം ആണ് ഗണ്ടികോട്ട- ഇന്ത്യയുടെ സ്വന്തം ഗ്രാന്‍ഡ് കാന്യോണ്‍. (കാന്യോണ്‍ - ജലപ്രവാഹം മൂലമുണ്ടായ മലയിലെ അഗാധകന്ദരം)
(Gandikotta- The Grand Canyon of India) എന്തിന് പവി പറയുന്നത് വരെ എനിക്ക് പോലും അറിയില്ലായിരുന്നു ഇങ്ങനെ ഒരു അടിപൊളി സ്ഥലം നമ്മുടെ ഇന്ത്യയില്‍ അതും എന്റെ വീട്ടില്‍ നിന്ന് 1000 കിലോമീറ്റര്‍ അകത്ത് ഉണ്ടെന്ന്. അറിഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ അങ്ങോട്ട് ഗൂഗിള്‍ ചെയ്ത് നോക്കി. സംഭവം കിടു ആണെന്ന് മനസിലായി. ഇന്‍സ്റ്റാഗ്രാം നോക്കിയപ്പോള്‍ കിട്ടിയ ചില ഫോട്ടോസ് കണ്ട് ഞാന്‍ തന്നെ അന്തം വിട്ടു. അപ്പൊ തന്നെ ട്രിപ് പ്ലാന്‍ ചെയ്തു.

Gandikotta 1

പക്ഷേ ഐഡിയ തന്നവന്‍ പഠിക്കാന്‍ വേണ്ടി നാട് വിട്ട് സിങ്കപ്പൂര്‍ പോയി. ഇതിനിടയില്‍ ഞാനും എന്റെ സ്ഥിരം യാത്ര വേട്ടമൃഗം നിഹാലും നൈസായി ലഡാക്ക് വരെ പോയിട്ട് വന്നു. അത് മറ്റൊരു ആശ്വാസം. അങ്ങനെ ഗണ്ടി കോട്ട ട്രിപ്പ് നീണ്ട് നീണ്ട് പോയി. ഒടുവില്‍ ലഡാക്ക് കഴിഞ്ഞുള്ള അടുത്ത സ്ഥലം ഗണ്ടികോട്ട തന്നെ എന്ന് ഫിക്‌സ് ചെയ്തു. ജനുവരിയില്‍ പോകാനായിരുന്നു ആദ്യ പ്ലാന്‍.ചില സാങ്കേതിക കാരണങ്ങള്‍ കാരണം രണ്ടാഴ്ച്ച അത് നീണ്ട് പോയി.കൂടുതല്‍ വൈകിക്കാന്‍ സമയം ഇല്ലായിരുന്നു. കാരണം ചൂട് കൂടി തുടങ്ങിയിരുന്നു. വേനല്‍ കാലം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് പോയി വരാന്‍ തീരുമാനിച്ചു. അങ്ങനെ വണ്ടിയോക്കെ സര്‍വീസ് ചെയ്ത് സെറ്റ് ആക്കി, എങ്ങനെയൊക്കെയോ ലീവും.

കൊച്ചിയില്‍ നിന്ന് രണ്ട് വഴി ഉണ്ട് ഗണ്ടികോട്ട പോകാന്‍. ഒന്ന് ബാംഗ്ലൂര്‍ വഴിയും, പിന്നൊന്ന് തിരുപ്പതി പോകുന്ന റൂട്ട് വഴിയും. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ചാണ് എന്‍.എച്ച്. 544 ല്‍ നിന്ന് ഈ വഴികള്‍ പിരിയുന്നത്. ഒടുവില്‍ രണ്ട് വഴികളും ആന്ധ്രയിലെ കടിരി എന്ന സ്ഥലത്ത് ഒന്നാകും. ഞങ്ങള്‍ അങ്ങോട്ട് പോകാന്‍ ബാംഗ്ലൂര്‍ റൂട്ട് ആണ് തിരഞ്ഞെടുത്തത്. തിരിച്ച് വരാന്‍ തിരുപ്പതി റൂട്ടും.

Gandikotta 2

 

പോയ വഴി

തലയോലപ്പറമ്പ്- കാക്കനാട്-മണ്ണൂത്തി-ആലത്തൂര്‍ -വാളയാര്‍ - സേലം - കൃഷ്ണഗിരി - ഹോസൂര്‍ - ബാംഗ്ലൂര്‍ - ബാഗേപള്ളി - കടിരി - പുലി വേണ്ടുല - ജമ്മലമടുഗൂ - ഗണ്ടികോട്ട

തിരിച്ച് വന്ന വഴി

ഗണ്ടികോട്ട - ജമ്മലമടുഗൂ - പുലി വേണ്ടുലാ - കടിരി - ഹോഴ്സ്ലി ഹില്‍സ് - മദന പള്ളി - കോലാര്‍ - കുപ്പം - കൃഷ്ണഗിരി - സേലം - വാളയാര്‍ - ആലത്തൂര്‍ - മണ്ണൂത്തി - കാക്കനാട് - തലയോലപ്പറമ്പ്


2019 ഫെബ്രുവരി- 18, 4:00 AM

എന്നത്തേയും പോലെ അതിരാവിലെ തന്നെ ഞാനും നിഹലും യാത്ര ആയി. ഞാന്‍ എന്റെ ബുള്ളെറ്റിലും അവന്‍ ഡോമിനൊറിലും. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. അന്നത്തെ ലക്ഷ്യം ബാംഗളൂര്‍ ആയിരുന്നു. എന്റെ അനിയന്മാര്‍ വൈറ്റ് ഫീല്‍ഡില്‍ ഉള്ളത് കൊണ്ട് അന്നത്തെ താമസം അവിടെ ആക്കാം എന്ന് വെച്ചു.

Gandikotta 3

9:00 AM

നേരം വെളുത്തപ്പോള്‍ തന്നെ ഞങ്ങള്‍ ഏകദേശം കേരള - തമിഴ്‌നാട് അതിര്‍ത്തി ആയിരുന്നു. തിരുപ്പൂര്‍ ഉള്ള ഒരു കടയില്‍ നിന്ന് രാവിലത്തെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അപ്പോഴേക്കും വെയിലിന്റെ കാഠിന്യം കൂടിയിരുന്നു. വളരെ മികച്ച റോഡ് ആയത് കൊണ്ട് വല്യ പ്രയാസം ഇല്ലാതെ ഞങ്ങള്‍ മുന്നോട്ട് പൊക്കോണ്ടിരുന്നു.

2.00 PM

ഉച്ചക്ക് ധര്‍മപുരിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. ഇനി ബംഗളൂരു എത്താന്‍ വെറും മണിക്കൂറുകള്‍ മാത്രം മതി. പക്ഷേ അസഹനീയമായ ചൂടായിരുന്നു. കഴിവതും ഫെബ്രുവരി മുതല്‍ മെയ് വരെ ബൈക്കില്‍ ഉള്ള ദൂര യാത്രകള്‍ ഒഴിവാക്കുക. ഇനി യാത്ര ചെയ്യുകയാണെങ്കില്‍ നല്ലപോലെ വെള്ളം കുടിച്ച് വിശ്രമിച്ച് യാത്ര ചെയ്യുക. ജാക്കറ്റും, സണ്‍ ഗ്ലാസ്, സണ്‍ ക്രീം എന്നിവ ഉപയോഗിക്കുക. ഡിഹൈഡ്രേഷന്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക.

Gandikotta 16

7.00 PM

ഒടുവില്‍ ബാംഗളൂരിലെ ട്രാഫിക്കിനെ വകഞ്ഞ് മാറ്റി ഞങ്ങള്‍ അന്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തി. ഗണ്ടികോട്ടയിലേക്ക് ഇനി ഏകദേശം 400 കിലോമീറ്റര്‍ മാത്രം. വീട്ടില്‍ നിന്ന് അനിയന്മാര്‍ക്ക് എത്തിച്ച വിവിധ ഇനം അച്ചാറുകള്‍, മറ്റു വിഭവങ്ങള്‍ എന്നിവ അവിടെ ഇറക്കി വെച്ചപ്പോള്‍ ലഗേജ് നന്നേ കുറഞ്ഞു. സ്വിഗ്ഗിയില്‍ നിന്ന് ബിരിയാണി മേടിച്ച് കഴിച്ച് അന്ന് ബംഗളൂരുവില്‍ ഞങ്ങളുടെ യാത്രയിലെ ആദ്യ ദിനം കഴിഞ്ഞു.

ഫെബ്രുവരി 19, 9.00 AM

അധികം വൈകിക്കാതെ രാവിലെ തന്നെ ഞങ്ങള്‍ ബംഗളൂരു വിട്ടു. നേരെ ഹൈദരാബാദ് പോകുന്ന ഹൈവേയില്‍ (എന്‍.എച്ച് 44)കയറി. രാവിലെ ബെഗളൂരു ഔട്ടറില്‍ ഉള്ള ഒരു കടയില്‍ നിന്ന് അടിപൊളി ലോക്കല്‍ ബ്രേക്ഫാസ്റ്റ് കഴിച്ചു. പരമാവധി ലോക്കല്‍ ഫുഡ് ആണ് ഞങ്ങള്‍ കഴിച്ചത്. പിന്നെ വെള്ളത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ കഴിയാത്തത് കൊണ്ട് കുപ്പി വെള്ളം മേടിച്ചു. അതും നല്ല വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ കുപ്പി ഫില്‍ ചെയ്ത് വീണ്ടും ഉപയോഗിച്ചു. ചൂട് ഇന്നലത്തെ അപേക്ഷിച്ച് കുറച്ച് കുറവുള്ളതായി തോന്നി. കര്‍ണാടക - ആന്ധ്ര അതിര്‍ത്തി കടന്ന് ഞങ്ങളുടെ ബൈക്കുകള്‍ മുന്നോട്ട് പൊക്കോണ്ടിരുന്നു.

Gandikotta 4

2.00 PM

ഉച്ചക്ക് ഞങ്ങള്‍ കടിരി എന്ന സ്ഥലത്തെത്തി. നാഷണല്‍ ഹൈവേയില്‍ ബാഗേപ്പള്ളി എന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് ഇങ്ങോട്ടേക്കു തിരിയുന്നത്. അത്യാവശ്യം വല്യ ഒരു ടൗണ്‍ ആണിത്. പക്ഷേ ടൗണില്‍ കയറണമെങ്കില്‍ നിങ്ങള്‍ ബംഗളൂരു റൂട്ടില്‍ വന്നാല്‍ തിരുപതി റൂട്ടില്‍ രണ്ട് കിലോമീറ്ററിലധികം മുന്നോട്ട് പോകണം. ഈ വഴിയില്‍ കടകള്‍ അധികം ഇല്ല. അതിനാല്‍ കിട്ടുന്നത് എന്തായാലും കഴിക്കുക.

6.00 PM

അങ്ങനെ മനോഹരമായ ആന്ധ്രയിലെ ഗ്രാമങ്ങളും മറ്റും പിന്നിട്ട് ഞങ്ങള്‍ ജമ്മലമഗടൂ എന്ന സ്ഥലത്ത് എത്തി. ഗണ്ടികോട്ടക്കടുത്തുള്ള പ്രധാന ടൗണ്‍ ഇതാണ്. റയില്‍വേ സ്റ്റേഷനും ഇത് തന്നെ. ബംഗളൂരുവില്‍ നിന്ന് ധര്‍മാവരം ജംഗ്ഷന്‍ വന്നാല്‍ ഇങ്ങോട്ടേക്കു ട്രെയിന്‍ കിട്ടും. കൂടാതെ കടപ്പ വന്നാല്‍ ഒരു റലാൗ സര്‍വീസ് കൂടി കിട്ടും. കൂടാതെ ജമ്മലമഗടൂ വരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആന്ധ്ര സ്റ്റേറ്റിന്റെ ബസ് സര്‍വീസുകളും ഉണ്ട്. സൂര്യാസ്തമയം കാണാന്‍ ആകും എന്നു കരുതി ഞങ്ങള്‍ ഗണ്ടിക്കോട്ടയിലേക്ക് വണ്ടി വിട്ടു. ജമ്മലമഗടൂ ടൗണില്‍ നിന്ന് 14 കിലോമീറ്ററുണ്ട് ഗണ്ടികോട്ടയിലേക്ക്. അങ്ങനെ ഞങ്ങള്‍ അവിടെയെത്തി. പക്ഷേ അപ്പോഴേക്കും സൂര്യാസ്തമയം കഴിഞ്ഞിരുന്നു. വെളിച്ചം ഏറെ കുറെ പോയിരുന്നു. എങ്കിലും പൂര്‍ണ ചന്ദ്രന്റെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗണ്ടികോട്ട ഗര്‍ത്തം ഞങ്ങള്‍ കണ്ടു. രാവിലെ സൂര്യോദയം കാണാന്‍ വേണ്ടി തിരിച്ച് വരാം എന്നുറപ്പിച്ച് ഞങ്ങള്‍ അന്ന് രാത്രിയിലെ താമസം ശരിയാക്കാന്‍ വേണ്ടി ഇറങ്ങി.

Gandikotta 5

9.30 PM

ആകെ ഒരു റിസോര്‍ട്ട് മാത്രമാണ് ഇവിടെ ഉള്ളത്. അത് ആന്ധ്രാ സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്വന്തമാണ്. അത് നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ ആന്ധ്രാ ടൂറിസത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ഷിക്കുക. ഡബിള്‍ റൂമിന് 1800 രൂപയാണ് വാടക. കൂടാതെ ഡോര്‍മിട്ടറിയും ഉണ്ട്. ഇനിയും കുറഞ്ഞ മുറി വേണമെങ്കില്‍ തിരിച്ച് 14 കിലോമീറ്റര്‍ വണ്ടി ഓടിച്ച് ജമ്മലമഗടൂ ടൗണില്‍ എത്തണം. പിന്നെ ഇവിടെ വ്യൂ പോയിന്റിനടുത്ത് ടെന്റിങ് ആന്‍ഡ് ക്യാമ്പിംഗ് ഉണ്ട്. 1500 രൂപ ആകും. പക്ഷേ ബാത്‌റൂം കാണില്ല. നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഭക്ഷണം കഴിച്ച് ഞങ്ങള്‍ കിടന്നു. രാവിലെ സൂര്യോയത്തിനു മുന്‍പ് എണീക്കണം. അങ്ങനെ യാത്രയിലെ രണ്ടാം ദിവസം ഗണ്ടികോട്ടയില്‍ കൊഴിഞ്ഞു.

Gandikotta 6

ഫെബ്രുവരി 20, 6.00AM

ആന്ധ്രാ പ്രദേശ് സംസ്ഥാനത്തെ കടപ്പ ജില്ലയില്‍  പെന്നാര്‍ നദി കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം ആണ് ഗണ്ടികോട്ട. ഒരുപാട് ചരിത്രങ്ങള്‍ ഉണ്ട് ഈ പ്രദേശത്തിന്. അത് പതിനൊന്നാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങുന്നു. ഗണ്ടികോട്ടയെ ലോക പൈതൃക പട്ടികയില്‍ എത്തിക്കാന്‍ 2008ലെ വൈ.എസ്.ആര്‍ മന്ത്രിസഭ മുതല്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സൂര്യന്‍ കിഴക്കന്‍ ചക്രവാളങ്ങള്‍ വിട്ട് പുറത്തേക്ക് വരാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആ മനോഹരമായ നിമിഷങ്ങള്‍ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. അത്ര മനോഹരമായ സൂര്യോദയങ്ങള്‍ വളരെ കുറച്ചേ ഞാന്‍ കണ്ടിട്ടുള്ളൂ. രാവിലെ നേരത്തെ എണീറ്റത് വെറുതെ ആയില്ല. നല്ലൊരു ട്രെക്കിങ്ങ് പാത കൂടി ഉണ്ട് കോട്ടക്ക് ചുറ്റും. കൂടാതെ രണ്ടു ഡാമുകള്‍. പെന്നാര്‍ നദിയില്‍ ഡാം പരിസരത്ത് ബോട്ടിംഗ് ഒക്കെ ഉണ്ട്. പ്രധാന വ്യൂ പോയിന്റിന്റെ അടുത്തായി അമ്പലങ്ങള്‍, ഒരു മുസ്ലീം പള്ളി, ഒരു ജയില്‍, പ്രധാന കോട്ട എന്നിവയുണ്ട്. എല്ലായിടവും ഞങ്ങള്‍ കണ്ടു. കാണേണ്ടാത്ത ഒരു കാഴ്ചയും. ക്യാമ്പിംഗ് സൈറ്റില്‍ നിന്ന് ആളുകള്‍ കള്ള് കുടിച്ചതിന്റെ കുപ്പികള്‍ എന്തോ ആചാരം പോലെ മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് പൊട്ടിക്കുന്നു. സ്വന്തം നാടിന്റെ വില മനസ്സിലാകാത്ത പിതൃശൂന്യരായ അവരെ ഓര്‍ത്ത് പുച്ഛം തോന്നി.

Gandikotta 7

10.00 AM

രാവിലെ തന്നെ റൂം വെക്കേറ്റ് ചെയ്തു ഗണ്ടികോട്ടക്ക് യാത്ര പറഞ്ഞ് ഞങ്ങള്‍ ബേലം ഗുഹകള്‍ കാണാന്‍ ഇറങ്ങി. ഗണ്ടികോട്ടയില്‍ നിന്ന് ഏകദേശം 63 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ അങ്ങോട്ടേക്ക്. തിരിച്ച് 
ജമ്മലമഗടൂ ടൗണില്‍ വന്ന് തടിപത്രി  പോകുന്ന ഹൈവേയില്‍ കൂടിയാണ് ബേലം പോകുന്ന വഴി. ഗണ്ടികോട്ട പോകുന്നവര്‍ ഒരിക്കലും ഈ സ്ഥലം ഒഴിവാക്കരുത്. അങ്ങനെ ഞങ്ങള്‍ പ്രസിദ്ധമായ ബേലം ഗുഹകളില്‍ എത്തി.

Cave 1

1.00 PM

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ പബ്ലിക്കിന് തുറന്ന് കൊടുത്തിട്ടുള്ള ഏറ്റവും വലിയ ഗുഹാ സമുച്ചയമാണ് ബേലം ഗുഹകള്‍. ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ ഗുഹാ സമുച്ചയം ഇന്നത്തെ രീതിയില്‍ ആയത്. ഇതിന് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒരുപാട് പ്രാധാന്യം ഉണ്ട്. ഏകദേശം ഒന്നര കിലമീറ്ററോളം നീളത്തില്‍ വിവിധ ബ്ലോക്കുക്കളായി ആണ് ഇതിന്റെ കിടപ്പ്. ഇതിന്റെ പ്രവേശന കവാടത്തിന് അരികില്‍ ഒരു കൂറ്റന്‍ ബുദ്ധപ്രതിമയും ഉണ്ട്.

Budha Statue

4.00 PM

ബേലം ഗുഹകള്‍ കണ്ടിറങ്ങിയ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. വന്ന വഴികളില്‍ തന്നെ. അങ്ങനെ വീണ്ടും ജമ്മലമഗടൂ, പുലി വേണ്ടുല എന്നീ സ്ഥലങ്ങള്‍ കടന്ന് ഞങ്ങള്‍ കടിരി എന്ന സ്ഥലത്ത് എത്തി.

Kadiri

8.00  PM

ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ വന്ന വഴിയില്‍ നിന്ന് തിരുപതി പോകുന്ന വഴിയില്‍ പോയാലെ നിങ്ങള്‍ക്ക് കടിരി ടൗണില്‍ കയറാന്‍ പറ്റുകയുള്ളൂ. ഇവിടം കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകള്‍ ഉള്ള ടൗണിന് ഒരുപാട് ദൂരം പോകേണ്ടി വരും. മാത്രമല്ല ഈ വഴിയില്‍ ആണ് ഹോഴ്സിലി ഹില്‍സ് എന്ന ആന്ധ്രയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം ഉള്ളത്. ബാംഗ്ലൂര്‍ ഉള്ള, നന്ദിഹില്‍സും മറ്റും പോയി മടുത്തവര്‍ക്ക് രണ്ട് ദിവസം അടിച്ച് പൊളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ആണ് ഇതെല്ലാം.

Gandikotta 8

10.00 PM

മുസ്ലീമുകള്‍ കൂടുതലുള്ള ഒരു സ്ഥലം ആണ് കടിരി. ബിരിയാണി ആണ് ഇവിടെ പ്രധാന ഭക്ഷണം. ഒരു ബിരിയാണി രണ്ട് പേര്‍ക്ക് കഴിക്കാന്‍ കാണും. കടിരിക്ക് അടുത്താണ് സത്യസായിബാബയുടെ പുട്ടപര്‍ത്തി ആശ്രമങ്ങളും മറ്റും. അങ്ങനെ ഞങ്ങളുടെ മൂന്നാം ദിവസം കടിരിയില്‍ തീരുന്നു.

Gandikotta 9

ഫെബ്രുവരി 21, 8.00 AM

രാവിലെ തന്നെ കടിരി ടൗണിന് വിട പറഞ്ഞു ഞങ്ങള്‍ യാത്രയിലെ അവസാന ലക്ഷ്യമായ ഹോഴ്സിലി ഹില്‍സ്സിലേക്ക് നീങ്ങി. വഴിയില്‍ ചെറിയ ചെറിയ ടൗണുകള്‍ മാത്രമാണുള്ളത്.  ഈ വഴിയില്‍ ഒരിടത്താണ് തിരുപ്പതിക്ക് പോകാന്‍ റോഡ് പിരിയുന്നത്.

Gandikotta 10

11.00 AM

ഹോഴ്‌സിലി ഹില്‍സിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോള്‍ തന്നെ കാലാവസ്ഥ മാറി. ഒരു ചെറിയ തണുപ്പൊക്കെ വന്ന് തുടങ്ങി. നല്ല വെയിലില്‍ നിന്നും എ.സി യിലേക്ക് കയറിയ ഒരു സുഖം. കുറച്ച് ഹെയര്‍പിന്‍ വളവുകള്‍ ഒക്കെ ഉണ്ട് വഴിയില്‍. പിന്നെ മനോഹരമായ ചില മരങ്ങളും. അങ്ങനെ ഞങ്ങള്‍ ഹോഴ്സിലി ഹില്‍സില്‍ എത്തി. നല്ല വെയില്‍ ഉണ്ടായിരുന്നു. എങ്കിലും അവിടെ അത്രക്ക് ചൂട് അറിഞ്ഞില്ല.

Gandikotta 11

12.00 PM

ആന്ധ്രയുടെ ഊട്ടി എന്നാണ് ഇവിടം അറിയപ്പെടുന്നത്. നല്ല ഒരു വ്യു പോയിന്റ് ഉണ്ട് ഇവിടെ. പക്ഷേ ഗണ്ടികോട്ട പോലെ തന്നെ ബിയര്‍ കുപ്പികള്‍ ആളുകള്‍ വലിച്ചെറിഞ്ഞു പൊട്ടിച്ചിരിക്കുന്നു. കൂടാതെ ധാരാളം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും. ഇവയൊക്കെ സംരക്ഷിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ ഇറങ്ങിയില്ലെങ്കില്‍ ഉടന്‍ തന്നെ ഈ സ്ഥലങ്ങളൊക്കെ അപ്രത്യക്ഷമാകും.

Gandikotta 12

1.00 PM

ഹോഴ്സിലി ഹില്‍സ് പിന്നിട്ട് ഞങ്ങള്‍ കൃഷ്ണഗിരി ലക്ഷ്യമാക്കി യാത്രയായി. വീട്ടിലേക്കുള്ള എന്‍.എച്ച് 544 ഹൈവേ അവിടെ ആണ് ഇനി ഞങ്ങള്‍ക്ക് കിട്ടുന്നത്. അങ്ങനെ പ്രസിദ്ധമായ കോലാര്‍ ഒക്കെ കടന്ന് ഞങ്ങള്‍ കൃഷ്ണഗിരി എത്തി.

Gandikotta 12

5.00 PM

ഇന്ന് സേലം വരെ എത്താന്‍ ആണ് ഞങ്ങളുടെ പ്ലാന്‍. മികച്ച റോഡുകള്‍ ആയത് കൊണ്ട് വളരെ വേഗം ഞങ്ങള്‍ സേലം എത്തി. റൂം എടുത്തു. ഇനി ഒറ്റ ദിവസം മാത്രം വീട്ടിലേക്ക്. അല്ലെങ്കിലും ഏറ്റവും മനോഹരമായ വഴി അത് വീട്ടിലേക്കുള്ള വഴി തന്നെ ആണ്.

Gandikotta 13

10.00 PM

സേലം ബസ് സ്റ്റാന്‍ഡിന്റെ അടുത്താണ് ഞങ്ങള്‍ റൂം എടുത്തത്. അവിടെ അടുത്ത് തന്നെ ഭക്ഷണം കഴിച്ച് യാത്രയിലെ അവസാന രാത്രി ചിലവഴിച്ചു.

Gandikotta 15

ഫെബ്രുവരി 22, 9.00 AM

ഞങ്ങളുടെ ട്രിപ്പിന്റെ അവസാന ദിവസം. എല്ലാം പാക്ക് ചെയ്തു സേലത്ത് നിന്ന് ഞങ്ങള്‍ വീട്ടിലേക്ക് യാത്ര ആയി. ഇനി വെറും 400 കിലോമീറ്റര്‍ മാത്രം.

2.00 PM

ഒടുവില്‍ വാളയാര്‍ കടന്ന് ഞങ്ങള്‍ നാല് ദിവസങ്ങള്‍ക്കുശേഷം വീണ്ടും കേരളത്തില്‍ പ്രവേശിച്ചു.ഉച്ചക്ക് പാലക്കാട് ഉള്ള ഒരു നാടന്‍ ഹോട്ടലില്‍ കയറി നല്ല മീന്‍ കറി കൂട്ടി ചോറുണ്ടൂ. അപ്പോള്‍ തന്നെ നല്ലൊരു ആശ്വാസം ആയി. പിന്നെ ഒരൊറ്റ വിടലായിരുന്നു വീട്ടിലേക്ക്.

Gandikotta 14

6.00 PM

ഒടുവില്‍ വന്ന വഴി എറണാകുളത്തെ ട്രാഫിക്കില്‍ പെട്ടെങ്കിലും രാത്രി ആകുന്നതിന് മുമ്പ് ഞങ്ങള്‍ വീട്ടില്‍ എത്തി. അങ്ങനെ രണ്ട് ബൈക്കുകളില്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ട് നാല് സംസ്ഥാനങ്ങളും ഏകദേശം 2000 കിലോമീറ്ററുകളും താണ്ടിയ ഞങ്ങളുടെ ചെറിയ യാത്ര അവസാനിച്ചു. യാത്രകള്‍ തുടരും.

Content Highlights: Indian Grand Cannyon, Gandikkotta Travel, Sanchari Mathrubhumi Post Of The Week