വലിയ പായസ ഉരുളി വെള്ളത്തിലിട്ട് അതിലിരുന്നു തുഴഞ്ഞു നീങ്ങുന്ന നായകനേയും, നായികയേയും നാം എതു സിനിമയിലാണ് കണ്ടത്? ഓര്‍ത്തു വിഷമിക്കണ്ട. ഹോഗനക്കല്‍ വരെയൊന്നു പോയാല്‍ മതി. നമുക്കും അതുപോലെ ഒരു സവാരി തരപ്പെടുത്താം. നായകനേയോ, നായികയേയോ കൂടെ കൂട്ടണമോ വേണ്ടയോ എന്നതു നിങ്ങളുടെ ഇഷ്ടം.

തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര. പെണ്ണാഗരം എന്ന ചെറിയ പട്ടണം. അവിടെ നിന്നും 15 കിലോമീറ്ററുകള്‍ മാത്രം. കാവേരി തീരത്തെ ഹോഗനക്കല്‍ എന്ന ഗ്രാമത്തിലെത്താന്‍. കര്‍ണ്ണാടകത്തിനെയും തമിഴ്‌നാടിനെയും ഇരു കരകളിലുമായി വേര്‍തിരിച്ച് പാറക്കെട്ടുകളിലൂടെ കുതിച്ചു ചാടി, ഇന്ത്യയിലെ നയാഗ്ര എന്ന വിശേഷണവുമായി ഒരു വെള്ളച്ചാട്ടം. എത്രയെത്ര സിനിമകളില്‍ 'റോജ' മുതല്‍ ഇങ്ങവസാനം 'സരോജ്കുമാറി'ല്‍ വരെ നാം ഈ വെള്ളച്ചാട്ടം കണ്ടിരിക്കുന്നു.

പുകയുന്ന പാറ എന്നാണു ഹോഗനക്കല്‍ എന്ന പേരിന്റെ അര്‍ത്ഥം. നനുത്ത വെള്ളത്തുള്ളികള്‍ നീരാവി പോലെ അന്തരീക്ഷത്തില്‍ ഉയരുന്നതു കൊണ്ടാവം ഈ പേര് വന്നത്. വെള്ളം നിറഞ്ഞൊഴുകുന്ന കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി പൂര്‍ണ്ണമാവുക. പാറക്കെട്ടുകള്‍ക്കിടയിലൂടെ രുദ്രയായി വീണൊഴുകി പിന്നെ മണല്‍പ്പരപ്പില്‍ ശാന്തയാവുന്ന കാവേരി.

പരശല്‍(coracle) എന്നു തമിഴര്‍ വിളിക്കുന്ന വട്ടക്കൊട്ടയിലെ സവാരിയാണ് ഹോഗനക്കലിലെ പ്രധാന വിനോദം. മണിക്കൂറിനു ഒരാള്‍ക്ക് 160 രൂപ വച്ചു 6 പേര്‍ക്കു കയറാവുന്നവയാണ് ഓരോ കുട്ടയും. മുളകൊണ്ട് നിര്‍മിച്ച്, അടിഭാഗം പ്ലാസ്റ്റിക്കും,ടാറും ഉപയോഗിച്ചു വെള്ളം കടക്കാതെ പൊതിഞ്ഞ ഈ വഞ്ചികളിലെ സവാരി രസകരം. രണ്ടുപേര്‍ക്ക് 800 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വെള്ളം കുറയുമ്പോള്‍ മാത്രമെ ഈ സവാരി ഇവിടെ സാധ്യമാവൂ. ഒന്നുകില്‍ സവാരി അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പൂര്‍ണ്ണത കാണുക. രണ്ടിലൊന്നു മാത്രമെ ഒരു യാത്രയില്‍ മിക്കവാറും നടക്കൂ. അവധി ദിനം ആയതു കൊണ്ടാണ്. സഞ്ചാരികളെ കൊണ്ടു ഹോഗനക്കല്‍ നിറഞ്ഞിരുന്നു.

അഞ്ച് രൂപക്കു വേണ്ടി പാറക്കെട്ടിന്റെ മുകളില്‍ നിന്നും താഴെ വെള്ളത്തിലേക്ക് ചാടുന്ന കുട്ടികള്‍ ഇവിടെ മുന്‍പ് ഉണ്ടായിരുന്നു. പോലീസിന്റെ ഇടപെടല്‍ മൂലം അപകടം പിടിച്ച ആ പരിപാടി ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. കടവില്‍ നിന്നും കുട്ടവഞ്ചിയില്‍ കയറുന്ന നമ്മള്‍ അല്‍പ ദൂരത്തിനു ശേഷം മറുകരയില്‍ ചെല്ലുകയും, വെള്ളച്ചാട്ടത്തിനു ശേഷം വീണ്ടും കുട്ടയില്‍ കയറി താഴെ നദിയിലൂടെ യാത്ര ചെയ്യുകയും ചെയ്യുന്നതാണ് രീതി. വഞ്ചിയും ചുമന്നു തുഴച്ചില്‍കാരന്‍ താഴോട്ട് വരും.
++++++++++

 


ജലപാതത്തിനു ശക്തി കുറവായതു കൊണ്ട് പരശല്‍ വെള്ളച്ചാട്ടത്തിന് അരികിലേക്കു അടുപ്പിക്കുകയും, പുകയുന്ന പാറയിലെ നനുത്ത തുള്ളികള്‍ കൊണ്ടു നാം നനയുകയും ചെയ്യും.(ക്യാമറകള്‍ സൂക്ഷിക്കുക) കുട്ടവഞ്ചിവെള്ളത്തിലിട്ടു വട്ടം കറക്കുന്ന ഒരു വിദ്യയുണ്ട് തുഴച്ചില്‍കാര്‍ക്ക്. രസകരമാണിത്.

യാത്ര മണല്‍പരപ്പ് വരെയാണ്. അവിടെ ചൂണ്ടയിട്ടു പിടിച്ച പുഴമീന്‍ മുളകിട്ട് പൊരിച്ചതും, നാടന്‍ ഭക്ഷണവുമായി പ്രാദേശികവാസികളായ സ്ത്രീകളുടെ കച്ചവടം പൊടിപൊടിക്കുന്നു. ആഴം കുറവാണ് ഈ ഭാഗത്ത്. കുളിക്കാനും സൗകര്യം. എണ്ണ കൊണ്ടുള്ള മസാജിനും ഹോഗനക്കല്‍ പ്രശസ്തം. നദീതീരത്ത് തന്നെ മസാജ് നടക്കും. പിന്നെ പുഴയിലേക്കിറങ്ങുകയേ വേണ്ടൂ. മീന്‍ കുഴമ്പും( കറി) മീന്‍ പൊരിച്ചതും കൂട്ടി ഒരു ഊണും കൂടി കഴിച്ചാല്‍ ഹോഗനക്കല്‍ യാത്ര പൂര്‍ണ്ണം.

വട്ടക്കുട്ടയില്‍ സഞ്ചരിക്കുന്ന കടകളും ഇവിടെയുണ്ട്. വെള്ളം കുടിക്കാനോ, സ്‌നാക്‌സ് കഴിക്കാനോ തോന്നിയാല്‍ പ്രയാസമൊന്നുമില്ല. ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകളും, കുപ്പികളും ചെന്നു വീഴുന്നത് കാവേരിയില്‍ തന്നെയാണ് എന്നതാണു ദൗര്‍ഭാഗ്യകരം. ലൈഫ് ജാക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇടാന്‍ യാത്രക്കാരും, നല്‍കാന്‍ തുഴച്ചില്‍ക്കാരും വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ആവശ്യപ്പെടുന്നവര്‍ക്കു അഞ്ചു രൂപാ നിരക്കില്‍ ജാക്കറ്റ് ലഭിക്കും. 100 അടിയില്‍ കൂടുതല്‍ ആഴമുണ്ട് ഇവിടെ എന്നോര്‍മ്മിക്കുക.

ഒരു ദിവസത്തെ ആഘോഷത്തിനു പറ്റിയ ഒരു സ്ഥലം. കൊച്ചു കൊച്ചു ലോഡ്ജുകളും, തമിഴ്‌നാടിന്റെയും കര്‍ണ്ണാടകത്തിന്റെയും ടൂറിസ്റ്റ് ഹോട്ടലുകളും അടക്കം ടൂറിസ്റ്റുകള്‍ക്ക് നിരവധി താമസ സൗകര്യം ഇവിടെ ഉണ്ട്. എങ്കിലുംരാത്രി താമസത്തിന്റെ ആവശ്യകത ഇവിടെ ഇല്ല എന്നു തന്നെ പറയാം.പ്രധാന വെള്ളച്ചാട്ടം കൂടാതെ സിനി ഫാള്‍സ്, മിനി സൂ, മുതല വളര്‍ത്തു കേന്ദ്രം, സിനി ബെഡ് എന്ന മണല്‍പ്പരപ്പ്, ചിതല്‍പുറ്റുകള്‍ എന്നിവയും ചില യാത്രക്കാരെ ആകര്‍ഷിച്ചേക്കും.

വെളുപ്പിനു അഞ്ചരയോടെ ധര്‍മപുരിയിലെത്തുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സില്‍ ഹോഗനക്കലില്‍ എത്തുന്നതാണു സൗകര്യം. രാത്രി വണ്ടിക്ക് സേലത്തു നിന്നോ, ധര്‍മപുരിയില്‍ നിന്നോ മടങ്ങാം കേരളത്തിലെ യാത്രക്കാര്‍ക്ക്. മൈസൂര്‍ ബാംഗളൂര്‍ നിവാസികളുടെ വാരാന്ത്യ സന്ദര്‍ശന കേന്ദ്രം കൂടിയാണു ഹോഗനക്കല്‍.

കാവേരിയിലെ കുളിയും,കുട്ടയിലെ സവാരിയും,ഒരു ഓയില്‍ മസാജും, പുഴമീന്‍ പൊരിച്ചതും, വെള്ളച്ചാട്ടവും. അപ്പോള്‍ അടുത്ത അവധി ദിന യാത്ര പുകയും പാറയിലേക്കു തന്നെആവട്ടെ.
കുട്ടയിലൊന്നു കറങ്ങാം.! നനഞ്ഞൊന്നു കയറാം..!