ഏതൊരു സഞ്ചാരിയുടേയും സ്വപ്നമാണ് ഹിമാലയം. ടു വീലറിലാണെങ്കില് പിന്നെ പറയുകയും വേണ്ട. പക്ഷേ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഹിമാലയന്‍ യാത്രയേക്കുറിച്ച് പറയുകയാണ് അമല്‍ ദേവ എന്ന ചെറുപ്പക്കാരന്. തൊടുപുഴ സ്വദേശിയായ അമല്‍ കാഠ്മണ്ഡുവില്‍ നിന്ന് കാല്‍നടയായാണ് ഹിമാലയത്തിന്റെ മണ്ണിലെത്തിയത്. 13 ദിവസംകൊണ്ട്. അമലിന്റെ യാത്രയേക്കുറിച്ച് സുഹൃത്ത് ആന്വിന് ഷാജന് ഫെയ്സബുക്ക് കൂട്ടായ്മയായ സഞ്ചാരി ട്രാവല്‍ ഫോറത്തിലിട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഹിമാലയം യാത്ര കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസമാണ് അമല്‍ നാട്ടിലെത്തിയത്. അമലിന്റെ യാത്രയേക്കുറിച്ചറിയാം.
ഹിമാലയത്തില്‍ പോകാന്‍ റോയല്‍ എന്‍ഫീല്‍ഡ് അല്ലേല്‍ ടു വീലര്‍ ഇല്ലേലും പോയിട്ടു വരാം. നല്ല ആരോഗ്യവും, 13 ദിവസം നടക്കാന്‍ ഉള്ള മനസും മതി.
തൊടുപുഴയില്‍ നിന്ന് അങ്ങ് ഹിമാലയത്തിലേക്ക് ഒരു യാത്ര. സാധാരണ എല്ലാവരും ഹിമാലയന്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോ അത് മിക്കപ്പോഴും ലേ-ലഡാക്ക്- റോത്താങ് പാസ് ആയിരിക്കും. എന്നാല്‍ അതിലും വ്യത്യസ്തമായി 15 ദിവസം കൊണ്ട് ഹിമാലയത്തിലേക് ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ട്രെക്കിങ്ങില്‍ ഒന്ന് ആയ മൗണ്ട് എവറസ്റ്റ് ബെയ്സ് ക്യാമ്പ്. യാത്ര പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എനിക്ക് തന്നെ ഒരു പേടി ഉണ്ടാര്‍ന്നു എനിക്ക് ഇത് പൂര്‍ത്തിയാക്കാന്‍ പറ്റുമോ ഇല്ലയോ എന്ന്. കാരണം ഇത് പോയവരുടെ എക്സ്പീരിയന്‍സ് വായിച്ചപ്പോള്‍ ഒട്ടും എളുപ്പം ആയിട്ടു തോന്നിയില്ല. എന്നാല്‍പ്പിന്നെ എന്തെങ്കിലും ആകട്ടെ പോയിട്ട് വരാമെന്നു തന്നെ പ്ലാന്‍ ചെയ്തു.
നവംബര്‍ 6 നേപ്പാളില്‍ കാഠ്മണ്ഡു ഇല് ഫ്ളൈറ്റ് ഇറങ്ങി. അന്നത്തെ ദിവസം ഒരു ഹോട്ടല്‍ ഇല് സ്റ്റേ ചെയ്തു. 8 ദിവസം നടക്കണം എവറസ്റ്റ് ബേസ് ക്യാമ്പില്‍ എത്തണേല്‍.
Day 1 : നവംബര്‍ 7 കാഠ്മണ്ഡു ഇല് നിന്ന് ലുക്ക്ല എന്നൊരു സ്ഥലത്തേക്കാണ് ആദ്യം പോകേണ്ടത്. കാഠ്മണ്ഡു എയര്‍പോര്‍ട്ട് ഇല് നിന്ന് ആകെ 13 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഒരു ചെറിയ വിമാനം അതില്‍ കയറിയപ്പോ തന്നെ എക്സൈറ്റഡ് ആയി. വളരെ മനോഹരമായ ഒരു യാത്രയും അനുഭവവും ആണ് താരാ എയര്‍ലൈനില്‍ കിട്ടിയത് . ഫ്ളൈറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഒരു സൈഡില്‍ ഹിമാലയ പര്‍വതങ്ങള്‍ മഞ്ഞില്‍ കിടക്കുന്നത് കാണാം. മറ്റേ സൈഡില്‍ നേപ്പാളിന്റെ ഗ്രാമപ്രദേശങ്ങള്‍. ആകെ 45 മിനിറ്റ് ആണ് യാത്ര. 10500 അടിയില്‍ പറക്കുന്ന വിമാനം ലാന്‍ഡ് ചെയ്തത് 9500 അടി ഉയരമുള്ള ഒരു വല്യ മലയില്‍. ലോകത്തിലെ തന്നെ ഏറ്റവും ഡെയ്ഞ്ചറസ് ആയിട്ടുള്ള എയര്‍പോര്‍ട്ട് ആണ് ടെന്‍സിങ് ഹിലാരി എയര്‍പോര്‍ട്ട്. ഇതിന്റെ റണ്‍വേ വെറും 460 മീറ്റര്‍ ആണ് ഉള്ളത്. അതും റണ്‍വേ ഭയങ്കര കുത്തനെ കയറ്റം. ലുക്ക്ലയില്‍ ഇറങ്ങിയ ശേഷം ട്രെക്കിങ്ങ് തുടങ്ങി. നേരെ ഫാഖ്ഡിങ് എന്നൊരു സ്ഥലത്തേക്കായിരുന്നു ആദ്യത്തെ ട്രെക്കിങ്ങ്. 2800 മീറ്റര്‍ ആണ് ആള്‍റ്റിറ്റിയൂഡ്. ഏകദേശം 4 മണിക്കൂര്‍ നടന്നു 3 മണിയോടെ പാഖ്ഡിങ്ങില് എത്തി . വളരെ മനോഹരമായ ഒരു ഗ്രാമം ചുറ്റും ഒരുപാട് മലകളും നദികളും പിന്നെ 7 ഡിഗ്രി തണുപ്പും.
Day 2 : രാവിലെ 5 .30 ന് എണീക്കണം . ആറു മണിക്ക് പ്രഭാതഭക്ഷണം കഴിച്ചു ഏഴു മണിക്ക് ട്രെക്കിങ്ങ് തുടങ്ങി. ഫാഖ്ഡിങ്ങില് നിന്ന് നാംചേ ബസാര്‍ എന്നൊരു സ്ഥലത്തേക്കു ആണ് പോകേണ്ടത്. ഏകദേശം 15 കിലോമീറ്റര്‍ ഉണ്ട്. ഏഴ് മണിക്കൂര്‍ നടക്കണം. ആദ്യത്തെ കുറച്ച കിലോമീറ്റര്‍ വല്യ പ്രയാസം ഇല്ലാണ്ട് നടന്നു . എന്നിട് 11 മണിയോടെ ഉച്ചഭക്ഷണം കഴിച്ചു. അത് കഴിഞ്ഞു ഏകദേശം 10 കിലോമീറ്റര്‍ കുത്തനെ കയറ്റം തന്നെ ആണ്.വളരെ കഠിനമായിരുന്നു. എളുപ്പം എന്ന് ഒട്ടും പറയാന്‍ പറ്റിയ ഒരു സ്ഥലം പോലും ഇല്ലായിരുന്നു. വളരെ കഷ്ടപെട്ടിട്ടാണേലും വൈകുന്നേരത്തോടെ നാംചെ എത്തി. 3580 മീറ്റര്‍ ആണ് നാംചേയിലെ ആള്‍റ്റിറ്റിയൂഡ്. വളരെ ഭംഗി ഉള്ള ഒരു സ്ഥലം. ഒരു മലയുടെ ചെരുവില്‍ ഒരുപാട് വീടുകളും ലോഡ്ജും. റൂമില്‍ നിന്ന് നോക്കിയാല്‍ മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന വല്യ മലകളും.
Day 3 :അക്ലമാറ്റൈസേഷന് ദിവസമാണ്. അന്ന് അവിടെ ലോക്കല്‍ ഏരിയ എല്ലാം കണ്ടു. എവറസ്റ്റ് വ്യൂ ഹോട്ടല്‍ എന്നൊരു ഹോട്ടല്‍ ഉണ്ട് അവിടെ പോയപ്പോ മൗണ്ട് എവറസ്റ്റ് അകലെ നിന്ന് ഒന്ന് കണ്ടു. നാംചേയില് അന്ന് ഒരുപാട് ആള്‍ക്കാരെ പരിചയപ്പെട്ടു
Day 4 : ടെങ്ബോഷേയിലേക്കുള്ള ട്രെക്കിങ്. ആറു മണിക്കൂര്‍ നടക്കണം നാംചേയില് നിന്ന്. ഏകദേശം 10 കിലോമീറ്റര്‍. നടക്കാന്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വളരെ കഠിനമായിരുന്നു. പകുതിയും കയറ്റം ആയിരുന്നു. 5 ഡിഗ്രി തണുപ്പും. അതിലുഉപരി ഉയരം കൂടുതോറും ഓക്സിജന്‍ അളവ് കുറഞ്ഞു വരുന്നുണ്ടായിരുന്നു. ഏകദേശം ഉച്ചയോടെ ടെങ്ബോഷെ എത്തി. ക്ഷീണം കാരണം ഫുഡ് കഴിച്ചിട്ട് പെട്ടെന്നു തന്നെ ഉറങ്ങി
Day 5 : ടെങ്ബോഷേയില് നിന്ന് ഡിങ്ബോഷെ . രാവിലെ ഏഴു മണിക്ക് തന്നെ ട്രെക്കിങ്ങ് തുടങ്ങി. ഏകദേശം 8 കിലോമീറ്റര്‍. 5 - 6 മണിക്കൂര്‍ നടക്കണം. വളരെ കഠിനമായിരുന്നു. ഓക്സിജന്‍ അളവ് കുറവും . തണുപ്പും വെയിലും ഒരുപാട് ഇല്ലേലും കുറച്ച് ബുദ്ധിമുട്ടുണ്ടായി. മൂന്ന് ഡിഗ്രി ആയിരുന്നു താപനില . അഞ്ച് മണിക്കൂര്‍ ട്രെക്കിങ്ങ് ശേഷം ഡിങ്ബോഷെ എത്തി. രാത്രി ആയപ്പോഴെക്കും സീറോ ഡിഗ്രിയില്‍ താഴെ ആയി തണുപ്പ്. ഉറങ്ങാന്‍ കുറച്ചു പാടായിരുന്നു
Day 6 : അക്ലമാറ്റൈസേഷന് ഡേ ആയിരുന്നു. ഡിങ്ബോഷേ മൊത്തത്തില്‍ നടന്നു കണ്ടു. കൂടുതല്‍ കാണാന്‍ ഒന്നും ഇല്ല. ഇവിടെ നോക്കിയാലും ചുറ്റും വല്യ മലകള്‍ മാത്രം . 4360 മീറ്റര്‍ ആണ് ആള്‍റ്റിറ്റിയൂഡ് . മൈനസ് എട്ട് ഡിഗ്രി വരെ തണുപ്പ് ഉണ്ടായിരുന്നു.
Day 7 : ലുബുഷേയിലേക്കുള്ള ട്രെക്കിങ്. 4940 മീറ്റര്‍ ആള്‍റ്റിറ്റിയൂഡ്. 6 മണിക്കൂര്‍ ട്രെക്കിങ്ങ്. ഏകദേശം 8 കിലോമീറ്റര്‍. വളരെ കടലിനമായിരുന്നു. ഓക്സിജന്‍ ലെവല്‍ ഒരുപാട് താഴ്ന്നിരുന്നു. ആള്‍റ്റിറ്റിയൂഡ് സിക്ക്നെസ്സിന്റെ ആദ്യ ലക്ഷണമായ തലവേദന തുടങ്ങി. മൈനസ് 10 ആയിരുന്നു താപനില . ലോബുഷേയില് ലോഡ്ജ് എത്തിയപ്പോള്‍ തലവേദന കാരണം പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി. ആള്‍റ്റിറ്റിയൂഡ് സിക്ക്നെസ്സ് ലക്ഷണങ്ങള്‍ രണ്ടില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മരണം വരെ സംഭവിക്കാം. ലോബുഷേയില് ഏറ്റവും മനോഹരം ആയി തോന്നിയത് ഹിമാലയന്‍ സൂര്യാസ്തമയം ആണ്.
Day 8 : ലോബുഷേയില് നിന്ന് ഗൊരക്ഷെപ് എന്നൊരു സ്ഥലത്താണ് പോകേണ്ടത്. എവറസ്റ്റിന് തൊട്ടു മുന്‍പുള്ള അവസാന വില്ലജ് ആണ് ഗൊരക്ഷെപ് . ആകെ 6 ലോഡ്ജ് ആണ് ഗൊരക്ഷെപ്പില് ഉള്ളത്. മൂന്നു ദിവസത്തേക്കു അത് ഫുള്‍ ബുക്കിംഗ് ആയതുകൊണ്ട് അവിടെ റൂം കിട്ടിയില്ല. ലോബുഷോയില് നിന്ന് നേരെ എവറസ്റ്റ് ബേസ് ക്യാമ്പില്‍ ട്രെക്ക് ചെയേണ്ടി വന്നു. രാവിലെ 7 മണിക്ക് നടന്നു തുടങ്ങി ഉച്ചയോടെ ഗൊരക്ഷെപ്പില് എത്തി. അവിടുന്നു പിന്നേയും മൂന്ന് മണിക്കൂര്‍ ഉണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്. ഓക്സിജന്‍ വളരെ കുറവായിരുന്നു. നടക്കാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. എങ്ങനെയോ ഒരു വിധത്തില്‍ നടന്നു ബേസ് ക്യാമ്പ് എത്തി. തൊട്ടു മുന്നില്‍ ലോകത്തിലെ ഏറ്റവും വല്യ മൗണ്ടന്‍ എവറസ്റ്റ് നില്ക്കുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു എക്സ്പീരിയന്‍സ്. ലോകം മൊത്തം നമ്മുടെ അടിയില്‍ ആണെന് ഒരു തോന്നല്‍. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം തിരിച്ചു മടങ്ങി. ഏകദേശം 15 കിലോമീറ്റര്‍ നടക്കണം റൂം എത്താന്‍. കഠിനം എന്ന് തോന്നുന്നതിലും കഠിനം ആയ ഒരു നടപ്പ്. മൈനസ് 18 താപനിലയില്‍ നടക്കാന്‍ ഒട്ടും എളുപ്പമല്ല. കൂടാതെ നല്ല കാറ്റും. അതുംകൂടി ആയപ്പോള്‍ മൊത്തത്തില്‍ തളര്‍ച്ച. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ തലവേദന തുടങ്ങി. മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഒരുവിധത്തില്‍ നടന്നാണ് റൂം എത്തിയത്. റൂമില്‍ കയറിയതും തലകറങ്ങി ഒരു വീഴ്ച ആയിരുന്നു. രണ്ടു മണിക്കൂര്‍ ശേഷം എഴുന്നേറ്റപ്പോള്‍ വല്യ കുഴപ്പമില്ലായിരുന്നു.
8 ദിവസം കൊണ്ട് അങ്ങനെ എവറസ്റ്റ് കണ്ടു. ഇനി തിരിച്ചു കാഠ്മണ്ഡുവില്‍ എത്താന്‍ നാലു ദിവസം തിരിച്ചു നടക്കണം. ഏകദേശം 80 കിലോമീറ്റര്‍ വണ്‍സൈഡ് നടക്കാന്‍ ഉണ്ട്. 12 ദിവസം കൊണ്ട് ഒരുപാട് പേരെ പരിചയപെട്ടു, അതില്‍ ഒരുപാട് പേരെ ഫ്രണ്ട് ആയിട്ടും കിട്ടി.അതില്‍ പ്രധാനമായിട്ടുള്ളത് എന്നെ ഒരു എമര്‍ജന്‍സി സിറ്റുവേഷനില്‍ വന്നു രക്ഷിച്ച കൊച്ചിക്കാരന് ശ്രീധര്‍ലാല്‍ ചേട്ടന്, പിന്നെ ചിലിയില്‍ നിന്നുള്ള എസ്റ്റാബെന്. എന്റെ കൂടെ കൂടുതല്‍ ദിവസങ്ങളിലും ട്രെക്കിങ്ങില്‍ എസ്റ്റാബെന് കൂടെ ഉണ്ടായിരുന്നു. പിന്നെ വളരെ യാദൃസ്ചികമായി പരിചയപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഡേവിഡ്, മാനുല്‍ (സിങ്കപ്പൂര്‍), സെന്ന ( ലണ്ടന്‍), ചാര്‍ലെറ്റ് (ഫ്രാന്‍സ്), മാര്‍ക്കോ (പാരീസ്), ബദ്രി(നേപ്പാള്‍), പിന്നെ എന്റെ ഗൈഡ് ഷിങ്.
ജീവിതത്തില്‍ ആഘോഷിക്കാന്‍ അല്ലാതെ ആച്ചീവ്മെന്റിനു വേണ്ടി പോയ ആദ്യത്തെ യാത്ര. ഒറ്റക്ക് യാത്ര പോകുന്നതിന്റെ സുഖം ഒന്ന് വേറെയാ. അത് അനുഭവിച്ചു തന്നെ അറിയണം. ഒരുപാട് ആള്‍ക്കാരുടെ കഷ്ടപ്പാടും സ്വപ്നവും ആഗ്രഹങ്ങളും നിറഞ്ഞതാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെ ഓരോ സ്ഥലങ്ങളും. 12 ദിവസത്തില്‍ ഒരുപാട് ചിന്തിപ്പിച്ച ഒരു കാഴ്ച ആയിരുന്നു അവിടുത്തെ ഷേര്‍പ കളുടെ ജീവിതം. പുറംലോകമായിട്ടുള്ള ബന്ധം വളരെ കുറവ്. വിദ്യാഭ്യാസം എല്ലാവര്ക്കും ഇല്ല. അതില്‍ ഒരുപാട് കഷ്ടപ്പെടുന്നവര്‍ ആണ് പോര്‍ട്ടര്‍. ഏകദേശം 30 കിലോ വരെ ഉള്ള സാധനങ്ങള്‍ അവര്‍ ദിവസങ്ങള്‍ നടന്നു ചുമന്നുകൊണ്ട് പോയി ഓരോ സ്ഥലത്തു ഏല്‍പ്പിക്കും. കൂടുതല്‍ ഇഷ്ടപ്പെട്ടത് അവിടുത്തെ തൂക്കുപാലകളും യാക് ബെല്ലുകളും. നേപ്പാളിനോട് ബൈ പറഞ്ഞിട്ടില്ല . ഇനിയും കൂടുതല്‍ ഹിമാലയ കാഴ്ചകള്‍ കാണാനായിട്ട് ഒന്നൂടെ പോകുന്നതായിരിക്കും ....