കൈലാസയാത്ര എന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. യാത്രയുടെ - ഭാഗമായുള്ള 41 ദിവസത്തെ വ്രതം എന്റെ 66-ാം ജന്മദിനമായ 2019 മെയ് മാസം 1-ാം തീയതി ആരംഭിച്ചു കഴിഞ്ഞിരുന്നു. ജൂണ്‍ 8-ാം തീയതി രാവിലെ 6.30-നുള്ള ഡെല്‍ഹി ഫ്ളൈറ്റില്‍ ഞാന്‍ തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ചു. മറ്റുള്ളവര്‍ അതേ ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും കയറി. 10.30-ന് - ഫ്ളൈറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. 16 പേരടങ്ങുന്ന ഞങ്ങളുടെ സംഘത്തെ, കൂടെ അനുഗമിച്ചിരുന്ന കൃഷ്ണകുമാര്‍ കാഠ്മണ്ഡു ഫ്ളൈറ്റിലേക്ക് ചെക്ക് ഇന്‍ ചെയ്യിച്ചിട്ടാണ് മടങ്ങിയത്. ഉച്ചയ്ക്ക് 2 മണിക്ക് എയര്‍ ഇന്ത്യ ഫ്ളെറ്റില്‍ ഞങ്ങള്‍ കാഠ്മണ്ഡുവിലേക്ക് തിരിച്ചു. 3.30-ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഞങ്ങളെ ടൂര്‍ ഓപ്പറേറ്റര്‍ വേണുഗോപാലും ഗൈഡും ചേര്‍ന്ന് രുദ്രാക്ഷ മാലയിട്ടു സ്വീകരിച്ചു. അവിടെ നിന്നും 10 മിനിറ്റിനകം ഞങ്ങള്‍ മിനി ബസില്‍ 'ആമാടബലം' ഹോട്ടലില്‍ എത്തി. കൗണ്ടറില്‍ നിന്നും വൈഫൈ പാസ് വേഡും വാങ്ങി.

എല്ലാവരും കുളി കഴിഞ്ഞ് സന്ധ്യയോടുകൂടി നടക്കാന്‍ മാത്രം ദൂരമുള്ള പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തിലേക്ക് പോയി. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് 4 വാതിലുകളുണ്ട്. വിഗ്രഹം പഞ്ചമുഖമായതിനാല് വടക്കുവശമുള്ള വാതിലിലൂടെ ദീപാരാധന സമയത്ത് വിഗ്രഹം കണ്ട് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു.
ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ ദീപാരാധനയ്ക്കുശേഷം ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ച് വിഗ്രഹത്തില്‍ തൊട്ടു പ്രാര്‍ത്ഥിച്ചു സായൂജ്യമടയുകയും ചെയ്തു. ശ്രീകോവിലിനുപിന്നില് ഒരു പരന്ന കല്ലില്‍ മറ്റൊരു കല്ല് വച്ചിട്ടുണ്ട്. ആ കല്ല് കറക്കി ചന്ദനം പോലെ അരഞ്ഞു വന്ന മിശ്രിതം ഞങ്ങളും നെറ്റിയില്‍ തൊട്ടു. പശുപതിനാഥക്ഷേത്രത്തിനു പിന്നിലൂടെ മതിലിനോടു ചേര്‍ന്ന് ഒഴുകുന്ന 'ബാഗ്മതി' നദിക്കരയില്‍ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്നതു കണ്ടു. അത് അവിടുത്തെ ആചാരമാണ്. ആ നദിയുടെ മറുകരയില്‍ ആരതിയും മേളക്കൊഴുപ്പോടുകൂടിയ നൃത്തങ്ങളും പതിവാണ്. ഞാനും എന്റെ കൂടെ താമസിച്ചിരുന്ന ശിവകുമാര്‍ സാറും തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴേയ്ക്കും സത്സംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഗുരുവായൂര്‍ നിന്നും വന്ന വസുമതി ടീച്ചറുടെ നേതൃത്വത്തിലുള്ള ശംഭോ... ശിവശംഭോ... എന്ന ഭക്തിഗാനാലാപനത്തില് ഞങ്ങളും ചേര്‍ന്നു.

അടുത്തദിവസം (09.06.2018) ഞങ്ങള്‍ക്ക് നാലു ദിവസം മുമ്പേ നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിലേക്ക് പോയിരുന്ന സംഘം കൂടി എത്തിയതോടെ അംഗ സംഖ്യ 48 ആയി ഉയര്‍ന്നു. എടുത്തു പറയേണ്ടുന്ന ഒരു കാര്യം, അപകടത്തെ തുടര്‍ന്ന് 17 വര്‍ഷം കിടപ്പിലായിരുന്ന, നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള പാലക്കാട് നിന്നും വന്ന വെങ്കിടേശ്വരസ്വാമിയും ഭാര്യ ജയാമണി ടീച്ചറും സംഘത്തിലുണ്ടായിരുന്നു എന്നതാണ്. ചൈനയുടെ വിസ കിട്ടാന്‍ താമസം വന്നതിനാല്‍ ഞങ്ങള്‍ക്ക് 7 ദിവസം കാഠ്മണ്ഡുവില്‍ താമസിക്കേണ്ടി വന്നു. കാഠ്മണ്ഡുവിലെ കാഴ്ചകള്‍ വിവരിച്ചാല്‍ കൈലാസയാത്ര ഒരു കാഠ്മണ്ഡു യാത്രയായി ചുരുങ്ങിപ്പോകുമോ എന്ന് ആശങ്കയുള്ളതിനാല്‍ ഞാന്‍ ഇവിടെ അതിനു തുനിയുന്നില്ല. കാഠ്മണ്ഡുവില്‍ നിന്നും മകന്റെ ആഗ്രഹപ്രകാരം ശിവന്റെയും ശ്രീബുദ്ധന്റെയും ചെറിയ വിഗ്രഹങ്ങളും ഒരു ശിവലിംഗവും (ചെറുത്), നേപ്പാള്‍ യാത്രയുടെ ഓര്‍മ്മയ്ക്കായി ഒരു സാള ഗ്രാമം കല്ലും നേപ്പാള്‍ തൊപ്പിയും ഞാന്‍ വാങ്ങിയിരുന്നു. 16-ാം തീയതി ഉച്ചയ്ക്ക് 2 മണിയ്ക്ക് ഞങ്ങള്‍ 'യതി' എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റില്‍ നേപ്പാള്‍ ഗഞ്ചിലെത്തി. 55 മിനിറ്റായിരുന്നു യാത്ര. 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അവിടത്തെ ചൂട്. സെഗ്നറ്റ് ഇന്‍ കൃഷ്ണ ഹോട്ടലിലാ യിരുന്നു താമസം. വൈഫൈ ഉള്ളതിനാല്‍ അവിടെവച്ചും വീട്ടിലേക്ക് വിളിക്കാന്‍ കഴിഞ്ഞു. സ്റ്റാര്‍ ഹോട്ടല്‍ ആയതിനാല്‍ ബക്കറ്റും മറ്റും ഇല്ലായിരുന്നു. ഷവറിലെ കുളിയും ടൊയ്ലറ്റ് പേപ്പറിന്റെ ഉപയോഗവും നമുക്കു പറ്റില്ലല്ലൊ. മാത്രവുമല്ല, യാത്ര നീണ്ടു പോയതിനാല്‍ കൊണ്ടുവന്ന വസ്ത്രങ്ങള്‍ വീണ്ടും കഴുകി ഉപയോഗിക്കേണ്ടതായും വന്നു. കൗണ്ടറില്‍ വിളിച്ചു പറഞ്ഞ് ബക്കറ്റും മറ്റും വരുത്തി.
നേപ്പാളികള്‍ പൊതുവെ ഈശ്വരവിശ്വാസികളും സമാധാനശീലമുള്ളവരുമാണ്. അവര്‍ എന്തെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും നമ്മള് ക്ഷേത്രങ്ങളില്‍ നിന്നും പ്രസാദം വാങ്ങുന്നതുപോലെ വലതുകയ്യില്‍ ഇടതുകൈവിരലുകള്‍ സ്പര്‍ശിച്ചുകൊണ്ടാണ്. റൂം ബോയ് ബക്കറ്റ് കൊണ്ടുതന്നതും അപ്രകാരമായിരുന്നു. 17-ാം തീയതി ഫ്ളെറ്റ് ടിക്കറ്റ് കിട്ടാതിരുന്നതിനാല്‍ യാത്രയില്ലായിരുന്നു. രാവിലെ എല്ലാവരും ഒത്തുകൂടി യോഗയും പ്രാര്‍ത്ഥനയും നടത്തി. വൈകിട്ട് അടുത്തുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ ആ ദിവസം കഴിച്ചുകൂട്ടി. ചെറിയ ഫ്ളെറ്റിലും ഹെലികോപ്റ്ററിലും ലഗേജിന് നിയന്ത്രണമുള്ളതിനാല്‍ അത്യാവശ്യം വേണ്ടുന്ന ലഗേജ് മാത്രം നേപ്പാളിലെ ടൂര്‍ ഓപ്പറേറ്റര്‍ 'ഓജ ഹോളിഡെയ്സ്' തന്ന ബാഗുകളിലാക്കിയിട്ട് ബാക്കി ലഗേജ് ഹോട്ടലില്‍ തന്നെ സൂക്ഷിച്ചു. കാഠ്മണ്ഡുവിലെയും നേപ്പാള്‍ ഗഞ്ചിലേയും താമസവും ഭക്ഷണവും തികച്ചും തൃപ്തികരമായിരുന്നു.
18-ാം തീയതി രാവിലെ സിലിക്കോട്ടേക്ക് തിരിച്ചു. 'സീത' എയര്‍ പ്രൈവറ്റ് കമ്പനിയുടെ ഫ്ളെറ്റിലായിരുന്നു യാത്ര. 35 മിനിറ്റ് കഴിഞ്ഞ് സിമിക്കോട്ട് എത്തി. താര, ബുദ്ധ, ശ്രീ എന്നീ കമ്പനികളും അവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്. തണുപ്പ് അസഹനീയമായിരുന്നതിനാല് എല്ലാവരും കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചു. എന്റെ ബാഗ് എനിക്കുമുമ്പേ അടുത്ത സ്റ്റേഷനായ ഹില്‍സയിലേക്ക് പോയി കഴിഞ്ഞിരുന്നതിനാല്‍ എനിക്ക് സാദാ വേഷത്തില്‍ നില്‍ക്കേണ്ടി വന്നു. പക്ഷേ, ശരീരം തണുത്തു വിറയ്ക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ നടന്നുകൊണ്ടിരുന്നു. ഹിമാലയ പര്‍വ്വതനിരകള്‍ക്കിടയിലുള്ള ഒരു ചെറിയ ഗ്രാമമാണ് സിമിക്കോട്ട്. വൈദ്യുതിയില്ല. സോളാര്‍ പവറും ജനറേറ്ററുമാണ് ആശയം. കൈലാസ തീര്‍ത്ഥാടകരുടെ വരവോടെ ഗ്രാമം ഉഷാറാവുന്നു. സ്ത്രീകളാണ് വിമാനത്തില്‍ വരുന്ന സാധനങ്ങള്‍ ചുമന്നു കൊണ്ടുപോകുന്നത്. അവിടെയും കുട്ടികള്‍ സ്കൂളില്‍ പോകുന്നതു കണ്ടു. എന്നെ അങ്കിള്‍ എന്നു വിളിച്ചുകൊണ്ട് സമീപിച്ച കുട്ടികള്‍ക്ക്, ഞാന്‍ കയ്യിലുണ്ടായിരുന്ന നേപ്പാള്‍ 10 രൂപയും ഇന്‍ഡ്യന്‍ 10 രൂപയും കൊടുത്തു.

ഹോട്ടല്‍ മാനസരോവറിലായിരുന്നു ഉച്ചഭക്ഷണം. ഒരു വിധം കഴിച്ചെന്നു പറയാം. അന്നു വൈകിട്ട് ഹില്‍സയിലേക്ക് പോകാനായി എയര്‍പോര്‍ട്ടില്‍ നില്ക്കുമ്പോള് ഒരു സ്ത്രീയും അവരുടെ മകളും കരഞ്ഞുകൊണ്ട് എയര്‍പോര്‍ട്ടിലേക്ക് ഓടി എത്തി. കാര്യം തിരക്കിയപ്പോള്‍, അവരുടെ ഭര്‍ത്താവ് സഞ്ചരിച്ചി രുന്ന ജീപ്പ് കര്‍ണാലി നദിയിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ടു പോയെന്നും, രക്ഷാ പ്രവര്ത്തനത്തിനുപോയ ഹെലികോപ്റ്റര്‍ പ്രതീക്ഷിച്ച് വന്നതാണെന്നും അറിഞ്ഞു; കഷ്ടം! സിലിക്കോട്ടുനിന്നും ഹെലികോപ്റ്റര്‍ മാത്രമേ ആകാശമാര്‍ഗ്ഗം ഹില്‍സയിലേക്ക് പോകുകയുള്ളൂ. ഒരു ഹെലികോപ്റ്ററില്‍ 5 പേര് മാത്രമേ കയറുകയുള്ളൂ. 20 മിനിറ്റുകൊണ്ട് ഹില്‍സയിലെത്തി. മൗണ്ടന്‍ ഹെലികോപ്റ്റേഴ്സ് എന്ന പ്രൈവറ്റ് കമ്പിനിയുടെ ഹെലികോപ്റ്ററിലായിരുന്നു യാത്ര. ഹിമാലയ സാനുകള്ക്കിടയിലൂടെയുള്ള യാത്ര ഭയാനകമായിരുന്നെന്നു പറയാതിരിക്കാന്‍ വയ്യ.

ഹില്‍സയില്‍ ഹെലിപ്പാടിനടുത്തുള്ള ഷെഡ്ഡിലായിരുന്നു താമസം. ഞങ്ങളുടെ ഗ്രൂപ്പില്‍പെട്ട 48 പേരും ആന്ധ്രയില്‍ നിന്നും വന്ന 6 പേരും കൂടി 54 പേര്‍ക്ക് രണ്ടു ടോയിലെറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും പരാതി പറഞ്ഞില്ല. കാരണം, ഇനിയുള്ള യാത്ര സുഖകരമായിരിക്കില്ലെന്ന് ടൂര്‍ ഓപ്പറേറ്റര്‍ ശ്രീ.വേണുഗോപാല്‍ നേപ്പാള്‍ ഗഞ്ചില്‍ വച്ചുതന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ചൂടുവെള്ളം ലഭ്യമായിരുന്നില്ല. അതുകൊണ്ട് കുളിയെപ്പറ്റി ആരും ചിന്തിച്ചതുമില്ല. അതുപോലെ തന്നെ പ്ലഗ് പോയിന്റില്ലാത്ത തിനാല്‍ പലര്‍ക്കും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും ഫോട്ടോ എടുക്കുവാനും സാധിച്ചില്ല. നേപ്പാളിനെയും ടിബറ്റിനേയും വേര്‍തിരിക്കുന്ന കര്‍ണാലി നദിയുടെ കരയ്ക്കാണ് ഹില്‍സ. ഗംഗാനദിയുടെ പോഷകനദിയാണ് 'കര്‍ണാലി'. നദിയുടെ മറുകരയ്ക്ക് ചൈനയുടെ എമിഗ്രേഷന്‍ ഓഫീസ് കാണാം. കര്‍ണാലി നദിയുടെ കുറുകെയുള്ള ചെറിയതൂക്കുപാലം (ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്) കടന്നുവേണം ടിബ റ്റില്‍ പ്രവേശിക്കാന്‍. താമസ്സിക്കുന്ന ഷെഡ്ഡില്‍ നിന്നും അല്പം ദൂരെയുള്ള 'മാനസരോവര്‍' എന്ന ഹോട്ടലിലായിരുന്നു ഭക്ഷണം. 'ഹില്‍സ' നേപ്പാളിലാണങ്കിലും ചൈനയുടെ ബോര്‍ഡര്‍ ആയതുകൊണ്ടിരിക്കാം, ആഹാരം നമുക്ക് തീരെ ഇഷ്ടപ്പെടാത്തതായിരുന്നു. ഉപ്പ്, എണ്ണ, മസാല, വിനാഗിരി എന്നിവയുടെ അമിത ഉപയോഗം നമുക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഞാനുള്‍പ്പടെ പലരും കട്ടന്‍ ചായയും കഞ്ഞിയുമാണ് കഴിച്ചിരുന്നത്. കഞ്ഞിയുണ്ടാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവരും 2 കി.ഗ്രാം വീതം അരി നാട്ടില്‍നിന്നും കൊണ്ടുപോയിരുന്നു. പക്ഷെ, പലപ്പോഴും ഞങ്ങള്‍ ചെല്ലുമ്പോഴേക്കും ഞങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന കഞ്ഞി മറ്റു നാട്ടുകാര്‍ കുടിച്ചു തീര്‍ത്തിരിക്കും.

അടുത്ത സ്റ്റേഷനായ തക്കലകോട്ട് താമസസൗകര്യം കിട്ടാതെ വന്നതിനാല്‍ 19-ാം തീയതിയും ഹില്‍സയില്‍ തന്നെ താമസിക്കേണ്ടിവന്നു. തലേ ദിവസം ഹൈദരാബാദില്‍ നിന്നും വന്ന 58 വയസുള്ള ഒരു തീര്ത്ഥാടകന് കൈലാസത്തില്‍ വച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ വാര്‍ത്ത ഞങ്ങളെ അല്പമൊന്നു ഭയപ്പെടുത്താതിരുന്നില്ല . 20ാം തീയതി രാവിലെ ഹില്‍സയിലെ എമിഗ്രേഷന്‍ ഓഫീസില്‍ എത്തി നടപടികള്‍ കഴിഞ്ഞ് തൂക്കുപാലം കടന്ന് ചൈനയുടെ എമിഗ്രേഷന്‍ ഓഫീസില്‍ എത്തിയപ്പോള്‍ സമയം 11.35. പക്ഷെ, ചൈനീസ് സമയം 2 മണി കഴിഞ്ഞിരുന്നു. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഇന്‍ഡ്യന്‍ സമയം 2 മണിക്കേ വീണ്ടും തുറക്കുകയുള്ളു. നേപ്പാള്‍ സമയം ഇന്‍ഡ്യന്‍ സമയത്തേക്കാള്‍ 15 മിനിറ്റ് മാത്രം അധികമായതി നാല് ഹില്‍സ എമിഗ്രേഷന്‍ ഓഫീസിലെ നടപടികള്‍ പൂര്‍ത്തിയാക്കി നേരത്തെ എത്താനും സാധിച്ചില്ല. വിശപ്പു സഹികെട്ടപ്പോള്‍ ഞാനുള്‍പ്പെടെ പലരും ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു. ഡ്രൈഫൂട്ട്സ്, അവലോസ് പൊടി എന്നിവ പരസ്പരം പങ്കു വെച്ചും വെള്ളം കുടിച്ചും വിശപ്പടക്കി. 2 മണിക്ക് ഓഫീസ് തുറന്നപ്പോള്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ, ടിബറ്റുകാരനായ എമിഗ്രേഷന്‍ ഓഫീസര്‍ അടുത്ത സ്റ്റേഷനായ തക്കലക്കോട്ടുള്ള ഓഫീസില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏര്‍പ്പാടു ചെയ്തു. 'നിങ്ങള്‍ ഇന്ത്യക്കാരല്ലേ' എന്ന് ആ ഓഫീസര്‍ താല്പര്യപൂര്വ്വം ചോദിച്ചപ്പോള്‍ അത് ഏതോ ഒരു ആത്മബന്ധത്തിന്റെ പ്രതിഫലനമായി ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ അദ്ദേഹത്തിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. തുടര്‍ന്നുള്ള യാത്ര ബസിലായിരുന്നു. 56 കി.മീ. ദൂരമുണ്ട് ഹില്‍സയില്‍ നിന്നും തക്കലക്കോട്ടു വരെ. തക്കലക്കോട്ട് എമിഗ്രേഷന്‍ ഓഫീസില്‍ പോയി നടപടികള്‍ പൂര്‍ത്തിയാക്കി, സന്ധ്യയോടുകൂടി ഹിമാലയപുലാന്' ഹോട്ടലിലെത്തി. ഹോട്ടലില്‍ നിന്നും വൈഫൈ പാസ്വേര്ഡ് വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഹില്സയിലെപ്പോലെ ആഹാരം കഴിച്ചെന്നു വരുത്തി. രാത്രി തന്നെ മാനസരോവറിലേക്ക് തിരിച്ചു. 86 കി.മീ. ദൂരമുണ്ട് മാനസരോവറിലേക്ക്. മാനസരോവറില്‍ എത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഷീറ്റിട്ട കെട്ടിടങ്ങളിലായിരുന്നു താമസം. അവിടെയും വൈദ്യുതിയില്ല. ജനറേറ്റര്‍ മാത്രമായിരുന്നു അഭയം. അവിടെയും പ്ലഗ് പോയിന്റില്ലാത്തതിനാല്‍ ഞാനുള്‍പ്പെടെ പലര്‍ക്കും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും ഫോട്ടോ എടുക്കാനും സാധിച്ചില്ല.

മാനസരോവറില്‍ ചില ദിവസങ്ങളില്‍ ദൈവീകസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിക്കുമെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ കുറച്ചുപേര്‍ രാത്രി 1.30-ന് തടാകക്കരയില്‍ പോയി. പക്ഷെ, തണുപ്പ് അസഹ്യമായതിനാല്‍ ഞങ്ങള്‍ തിരിച്ചു പോന്നു. 2 മണി കഴിഞ്ഞ് മറ്റു ചിലര്‍ അവിടേയ്ക്കുപോയി. അവര്‍ക്ക് പ്രതീക്ഷിച്ച പ്രതിഭാസം കാണാനും അനുഭവിക്കാനുമുള്ള ഭാഗ്യമുണ്ടായി. അവര്‍ പറയുന്നതിങ്ങനെ, 'വെളുപ്പിന് 2.30-ന് കാറ്റുവീശിയപ്പോള്‍ ഭസ്മത്തിന്റെ മണം അനുഭവപ്പെട്ടു, തുടര്‍ന്ന് ചന്ദനത്തിന്റെയും. നിമിഷങ്ങള്‍ക്കുള്ളില്‍ തടാകത്തില്‍ കൈപ്പത്തി വലുപ്പത്തിലുള്ള ഒരു പ്രകാശം കാണപ്പെട്ടു. തുടര്‍ന്ന് ആ പ്രകാശം മുന്നിലേക്ക് നീങ്ങുന്നതായി തോന്നി. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പ്രകാശം അപ്രത്യക്ഷമായി. തുടര്‍ന്ന് നായകളുടെ കുര ഉയര്‍ന്നതോടെ അവര്‍ തിരികെ പോന്നു.''

21-ാം തീയതി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പലരും പറമ്പിനെയാണ് ആശ്രയിച്ചത്. ഓരോ തീര്‍ത്ഥാടകനും ചൈനീസ് വിസ കിട്ടാന്‍ ചൈനാ ഗവണ്മെന്റിന് 40,000/ രൂപാവീതം കൊടുക്കണം. പക്ഷെ, തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യം പോലും ഒരുക്കാത്തത് ചൈനാ ഗവണ്മെന്റിന് തീര്‍ത്ഥാടകരോടുള്ള 'പുച്ഛം ഒന്നുകൊണ്ടുമാത്രമാണെന്ന് പറയാതിരിക്കാന്‍ വയ്യ. അടുത്തത് മാനസരോവറിലെ കുളിയായിരുന്നു. തടാകത്തില്‍ ഉള്ളിലേക്ക് പോകാന്‍ വിലക്കുള്ളതിനാല്‍ കരയിലിരുന്ന ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് തടാകത്തില്‍ നിന്നുകൊണ്ടുതന്നെ തലയില്‍ ഒഴിച്ചു. മഞ്ഞുവെള്ളം തലയില്‍ ഒഴിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വെളിച്ചപ്പാടിനെപ്പോലെ വിറച്ചുതള്ളി. അങ്ങകലെ വെള്ളിനിറത്തില്‍ തിളങ്ങി നില്ക്കുന്ന കൈലാസനാഥനെ ഈറനോടെ നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വെളിച്ചപ്പാടിനെപ്പോലെ തുള്ളുന്ന ഒരാള്‍ക്ക് എങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയും? മുറിയില്‍ പോയി വസ്ത്രം മാറി വന്ന് കൈലാസനാഥനെ പ്രാര്‍ത്ഥിച്ചു, വീണ്ടും വീണ്ടും...
മാനസരോവറില്‍ അരയന്നങ്ങള്‍ നീന്തി നടക്കുന്നതു കണ്ടു. കൂട്ടത്തില്‍ ഒരു സ്വര്ണ്ണഹംസവും. മറ്റുചിലര്‍ രണ്ടു സ്വര്ണ്ണഹംസങ്ങളെ കണ്ടതായി അറിഞ്ഞു. മാനസരോവര്‍ തീരത്ത് സംഘത്തിലുണ്ടായിരുന്ന ഗുരുവായൂര്‍ തെക്കേമഠം സ്വാമിയാരുടെ നേതൃത്വത്തില്‍ ഗണപതിഹോമവും മൃത്യുഞ്ജയഹോമവും നടന്നു; തുടര്‍ന്ന് പിതൃബലിയും. സാക്ഷാല്‍ കൈലാസനാഥന്റെ മുന്നില്‍ തന്നെ പിതൃബലി നടത്താന്‍ സാധിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഉച്ചകഴിഞ്ഞ് എല്ലാ വരും മാനസരോവറിനെ പ്രദക്ഷിണം വയ്ക്കാന്‍ പോയി. ബസിലായിരുന്നു യാത്ര. 86 കി. മി. ചുറ്റളവുളള തടാകത്തിനെ പ്രദക്ഷിണം വയ്ക്കാന്‍ രണ്ടര മണിക്കുര്‍ എടുത്തു. പ്രദക്ഷിണത്തിനിടയില്‍ ഒരിടത്തു ബസ് നിര്‍ത്തി എല്ലാവരും ശുദ്ധജലം ശേഖരിച്ചു. യാത്രയ്ക്കിടയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്ക് പിന്നിലായി കൈലാസം വീണ്ടും കാണപ്പെട്ടു. വൈകിട്ട് മാനസരോവറില്‍ നിന്നും ദര്‍ച്ചനിലേക്ക് യാത തിരിച്ചു. മാനസരോവറില്‍ നിന്നും ദര്‍ച്ചനിലേക്ക് 53 കി.മീ ദൂരമുണ്ട്. പോകുന്ന വഴി രാക്ഷസ്ഥാല് എന്ന അശുദ്ധജലതടാകവും കണ്ടു. മാനസരോവറിന്റെയും രാക്ഷസ്ഥാലിന്റെയും പരിസരങ്ങള്‍ മഞ്ഞുവീണ് തണുത്തുറഞ്ഞാലും രണ്ടു തടാകങ്ങളിലെയും ജലം ഒരിക്കലും കട്ടപിടിക്കാറില്ലെന്നുള്ള അറിവ് ഞങ്ങളെ അതിശയിപ്പിച്ചു. വൈകിട്ടോടുകൂടി ദര്‍ച്ചനില്‍ എത്തി. ചെറിയ ഒരു ജംഗ്ഷനാണ് ദര്‍ച്ചന്‍. താമസം ഹിമാലയ കൈലാസ് എന്ന സ്റ്റാര്‍ ഹോട്ടലിലായിരുന്നു. അവിടെയും സോളാര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ചൂടുവെള്ളം കിട്ടിയതുമില്ല, കുളിച്ചതുമില്ല. വൈഫൈ ഉള്ളതുകൊണ്ട് വീട്ടില്‍ വിളിക്കാന്‍ സാധിച്ചു.

22-ാം തീയതിയായിരുന്നു കൈലാസപരിക്രമം. എല്ലാവരും ദര്‍ച്ചനില്‍ നിന്നും 5 കി.മീ. അകലെ യമദ്വാര്‍ വരെ ബസില്‍ യാത്ര ചെയ്തു. അവിടെ നിന്നും നടന്നും ചിലര്‍ കുതിരപ്പുറത്തും യാത്ര തിരിച്ചു. പരിക്രമം പൂര്‍ത്തിയാക്കാന്‍ 3 ദിവസം നടക്കണം. ആദ്യ ദിവസം ദിറാപുക്ക് വരെ 14 കി.മീ, രണ്ടാം ദിവസം 22 കി.മീ, മൂന്നാം ദിവസം 15 കി.മീ. കുതിരപ്പുറത്തുപോകുന്നവര്ക്ക് മൂന്നു ദിവസത്തേക്ക് 35000/രൂപയാണ് വാടക. യഥാര്‍ത്ഥത്തില്‍ ദിറാപുക്ക് വരെ വാഹനം പോകും. പക്ഷെ, ആംബുലന്‍സ് മാത്രമേ വിടുകയുള്ളൂ. ഇത് ഉദ്യോഗസ്ഥരും കുതിരക്കാരുമായുള്ള ഒരു അഡ്ജസ്റ്റുമെന്റാണ്. അജിത്കുമാര്‍ എന്ന ആളിന് അസുഖമായതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം പരിക്രമത്തിനുപോയില്ല. അവര്‍ ബുക്ക് ചെയ്ത് മൂന്നു കുതിരകളുടെ വാടക 1,05,000/ രൂപയില്‍ ഒരു രൂപ പോലും തിരിച്ചുകിട്ടിയില്ല. ആംബുലന്‍സിന് ഒരാള്‍ക്ക് 5,000/ രൂപയാണ് വാടക. മറ്റൊരു കുടുംബമായ സുരേന്ദ്രനും ഭാര്യയും പരിക്രമം മതിയാക്കി തിരിച്ചുപോകാനായി 10,000/ രൂപ ആംബുലന്‍സിന് വാടക കൊടുത്തു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും യാത്ര തുടരാമെന്നു തീരുമാനിച്ചു. പക്ഷെ, 10,000/ രൂപ നഷ്ട്ടപ്പെട്ടു. എല്ലാം ഒരു തരം തട്ടിപ്പ്. സത്യവും ധര്‍മ്മവും നീതിയും ഒന്നും അവര്‍ക്ക് ബാധകമല്ല. കൈലാസപര്‍വ്വതത്തിന്റെ തെക്ക് പടിഞ്ഞാറേ താഴ്വരയിലാണ് യമദ്വാര്‍. ആ താഴ്വരയിലൂടെയാണ് കൈലാസത്തിന്റെ വടക്കുഭാഗത്തുള്ള ദിറാപ്പുക്കിലേക്ക് പോകുന്നത്. തുടര്‍ന്നുള്ള യാത്ര കൂടുതല്‍ ദുരുതപൂര്ണ്ണമാണെന്നറിയാവുന്നതുകൊണ്ടും രണ്ടാം ദിവസം പരിക്രമത്തിന് ചൈനാ പോലീസ് അനുവദിയ്ക്കില്ലെന്നറിയാവുന്നതുകൊണ്ടും ഞങ്ങള്‍ കുറച്ചുപേര്‍ യമദ്വാറില്‍ നിന്നുകൊണ്ട് ഒരിക്കല്‍ക്കൂടി കൈലാസനാഥനെ വണങ്ങിയിട്ട് തിരിച്ചുപോരുന്നു.

മറ്റു ചില കാര്യങ്ങള്‍കൂടി പറഞ്ഞുകൊള്ളട്ടെ. 22-ാം തീയതി ഞാന്‍ ഹോട്ടലിനു മുന്നിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ പോയി. ചൈനാക്കാര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിന്റെ ബുദ്ധിമുട്ട് അപ്പോഴാണ് എനിക്ക് ബോദ്ധ്യമായത്. സെയില്‍സ് ഗോളിന്റെ മൊബൈലിലെ ട്രാന്‍സിലേഷന്‍ മോഡിലൂടെയാണ് ഞാന്‍ ആശയവിനിമയം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറ ങ്ങിയപ്പോള്‍ റോഡില്‍ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. 5-ഉം 7-ഉം വയസ് തോന്നിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും മറ്റും കീറി റോഡരികില്‍ വച്ചിരിക്കുന്ന വീപ്പയിലേക്ക് ഇടുന്നു. ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, ചില ഉദ്യോഗസ്ഥന്മാര് കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയായിരുന്നെന്ന്. തിരിച്ച് ഹോട്ടലില്‍ വന്നിട്ട് എന്നോടൊപ്പം ഉണ്ടായിരുന്ന ഗംഗാധരന് നായര്‍ കൗണ്ടറില്‍ ചെന്ന് വിസിറ്റിംഗ് കാര്‍ഡ് ചോദിച്ചപ്പോള്‍ ഏതോ ഒരു കാര്‍ഡ് രണ്ടായിട്ട് കീറി കൊടുത്തു പരിഹസിച്ചു. അതുപോലെ തന്നെ, ഞാന്‍ കൗണ്ടറില്‍ ചെന്നിട്ട് കോണ്‍ഫറന്‍സ് ഹാള്‍ എവിടെയെന്നു ഇംഗ്ലീഷില്‍ ചോദിച്ചപ്പോള്‍ ഇംഗ്ലീഷ് അറിയാത്ത അവര്‍ എന്നെ പരിഹസിക്കുന്ന രീതിയില്‍ ചിരിക്കുകയുണ്ടായി. ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. ബുദ്ധസന്ന്യാസിമാരുടെ നാടായ ടിബറ്റില്‍ ഒരു ബുദ്ധസന്ന്യാസിയെപ്പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.
23ാം തീയതി മഞ്ഞുവീഴ്ച കാരണം രണ്ടാം ദിവസപരിക്രമയ്ക്ക് ചൈനാ പോലീസ് ആരെയും അനുവദിച്ചില്ല. 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അവിടത്തെ തണുപ്പ്. പരിക്രമം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പ്രഭാത സൂര്യകിരണങ്ങളാല്‍ കൈലാസം തങ്കവര്‍ണ്ണത്തില്‍ തിളങ്ങിനില്‍ക്കുന്നത് കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായി. 23-ാം തീയതി വൈകിട്ടുതന്നെ മടക്കയാത്ര തുടങ്ങി. മാനസരോവര്‍ വഴി തക്കലക്കോട്ടെത്തി, 'ഹിമാലയപുലാന്' ഹോട്ടലില്‍ താമസിച്ചു. 24-ാം തീയതി കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പാസ്പോര്‍ട്ട് തിരികെ വാങ്ങി ചൈനീസ് എമിഗ്രഷന് ഓഫീസിലെത്തി. നടപടികള്‍ പൂര്‍ത്തിയാക്കി കര്ണാലിയും കടന്ന് വീണ്ടും ഹില്‍സയിലെത്തി. അവിടെയും എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വീണ്ടും പഴയ ഷെഡുകളില്ത്തന്നെ താമസിച്ചു. കൈലാസദര്‍ശനം കഴിഞ്ഞതോടെ എല്ലാവര്ക്കും ഒരു നിമിഷം മുമ്പ് നാട്ടിലെത്താനുള്ള വ്യഗ്രതയായിരുന്നു. 25-ാം തീയതി തന്നെ, ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും മറ്റും വന്നവര്‍ സ്വന്തം ചെലവില്‍ തിരിച്ചുപോയി. ബാക്കിയുള്ളവരില്‍ മിക്കവരും ഉച്ചയോടുകൂടി സിമിക്കോട്ടേക്കും അവിടെ നിന്നും നേപ്പാള്‍ ഗഞ്ചിലേക്കും പോയി. വൈകിട്ട് ഹെലികോപ്റ്റര്‍ വരാതിരുന്നതിനാല്‍ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ഒരു ദിവസം കൂടി ഹില്‍സയില്‍ താങ്ങേണ്ടി വന്നു.

20-ാം തീയതിയോടുകൂടി എല്ലാവരും നേപ്പാള്‍ ഗഞ്ചിലെത്തി. സിമിക്കോട്ടു നിന്നും നേപ്പാള്‍ ഗഞ്ചിലേക്ക് ഞങ്ങള്‍ സഞ്ചരിച്ച സീത ഫ്ളെറ്റ് പറത്തിയത് ഒരു വനിതാപൈലറ്റായിരുന്നു. നേപ്പാള്‍ ഗഞ്ചില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്. ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ എല്ലാവരും കമ്പിളി വസ്ത്രങ്ങള്‍ മാറ്റി. ഞാനും എന്നോടൊപ്പമുണ്ടായിരുന്ന വിജയകുമാര്‍, ഗംഗാധരന് നായര്‍, കര്‍ത്താസാര്‍ എന്നിവരും ഹോട്ടലില്‍ എത്തി ലഗേജ് സ്വന്തം ബാഗുകളിലേക്ക് മാറ്റി. കുളിയും കഴിഞ്ഞ് വസ്ത്രവും മാറി കഴിഞ്ഞപ്പോള്‍ അനുഭവിച്ച സുഖം പറ ഞ്ഞറിയിക്കാന് വയ്യ. കാരണം, കുളിച്ചിട്ട് നീണ്ട 5 ദിവസം കഴിഞ്ഞിരുന്നു. ഞങ്ങള്‍ നാലുപേരേയും അന്നു സന്ധ്യയ്ക്കു തന്നെ റോഡുമാര്‍ഗ്ഗം ലഖ്നൗവിലേക്ക് യാത യാക്കി. സത്യത്തില്‍ വിമാനയാത്രയേക്കാള് ഞങ്ങള്‍ ആസ്വദിച്ചത് നേപ്പാള്‍ ഗഞ്ചില്‍ നിന്നും ലഖ്നൗ വരെയുള്ള റോഡ് യാത്രയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്നതിനുശേഷം യാത്രാമധ്യേ ഒരു ഹോട്ടലില്‍ നിന്നും ചപ്പാത്തിയും പനീര്‍ കറിയും വേണ്ടുവോളം കഴിച്ചു. രാത്രി 12.30-ന് ലഖ്നൗവിലെത്തി. നക്ഷത്രഹോട്ടലുകളിലെ താമസത്തേക്കാള്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെട്ടത് ലഖ്നൗ വിലെ 'ഹോട്ടല്‍ മന്ദാകിനി'യിലെ താമസമായിരുന്നു.

27-ാം തീയതി ലഖ്നൗ നഗരം ചുറ്റിക്കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നതിനാല്‍ ആ ആഗ്രഹം പിന്നീടൊരവസരത്തില്‍ സഫലീകരിക്കാമെന്ന് സമാധാനിച്ചു. 27-ാം തീയതി ലഖ്നൗവില്‍ വച്ച് വീട്ടിലേക്ക് വിളിക്കുമ്പോഴാണ്, ഹില്‍സയില്‍ കൈലാസയാത്രക്കാര് കുടുങ്ങിയ വാര്‍ത്ത പത്രങ്ങളിലും ചാനലുകളിലും വന്ന കാര്യം ഞങ്ങള്‍ അറിഞ്ഞത്. (ഹില്‍സയില്‍ വൈഫൈ ഇല്ലാത്തതിനാലും ഇന്റര്‍നാഷണല്‍ സിം ഉയോഗിച്ചിരുന്ന ഏക വ്യക്തി തൃശൂരില്‍ നിന്നും വന്ന ഗീതു, 25-ാം തീയതി തന്നെ നാട്ടിലേക്ക് പോയതിനാലും അവിടെ വച്ച് വീട്ടിലേക്ക് വിളിക്കാന്‍ സാധിച്ചില്ല.) എല്ലാവരും ലഖ്നൗവിലെത്തിയെങ്കിലും പലരും പല ഹോട്ടലുകളിലായിരുന്നു താമസം.
28-ാം തീയതി രാവിലെ 10.10നായിരുന്നു എന്റെ ബാംഗ്ലൂര്‍ ഫ്ളെറ്റ്. പക്ഷെ, എല്ലാവരെയും ഒരിക്കല്‍കൂടി ഒരുമിച്ചുകണ്ട് യാത്രപറയാനുള്ള ആഗ്രഹം കൊണ്ട് ഞാനും 5.30-നു തന്നെ ലഖ്നൗ എയര്‍പോര്‍ട്ടിലെത്തി. എന്നെങ്കിലും എവിടെ വച്ചെങ്കിലും വീണ്ടും കാണാം എന്ന ആഗ്രഹം പരസ്പരം പങ്കുവെച്ചു. കൊച്ചിന് ഫ്ളൈറ്റില്‍ പോകുന്നവരെ കൈവീശിയാത്ര പറഞ്ഞപ്പോള്‍ എന്റെ ഹൃദയത്തിന്റെ ഏതോ കോണില്‍ ഒരു നൊമ്പരം അനുഭവപ്പെട്ടു. ഞാനും അബ്ദുല്‍ ഖാദര്‍ സാറും പത്മകുമാരന് നായര്‍ സാറും 10.10നുള്ള ബാംഗ്ളൂര്‍ ഫ്ളൈറ്റില്‍ യാത്ര തിരിച്ചു. ബാഗ്ളൂരില്‍ നിന്നും കണക്ഷന് ഫ്ളൈറ്റില്‍ 3 മണിക്ക് തിരുവനന്തപുരത്ത് എത്തി. കൊല്ലം ആശ്രാമം ശ്രീഗംഗയിലേക്ക് എന്റെ മകനോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സ് കൈലാസത്തിലേക്ക് തിരിച്ച് യാത്ര ചെയ്യുകയായിരുന്നു. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെങ്കിലും ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സഫലീകരിച്ചതിന്റെ സംതൃപ്തിയിലായി രുന്നു എന്റെ മനസ്സ്.
Content Highlights: Himalayan Travel, Kailas Travelogue, Himalayan Trekking, Mathrubhumi Yathra