പെട്ടന്നൊരു തോന്നല്‍, ഹരിഹര്‍ ഫോര്‍ട്ടിലേക്ക് പോകണം! ഒറ്റയ്ക്കാണെങ്കിലും പോയേ തീരൂ എന്ന വാശിയായി. പിന്നെ ഒന്നും നോക്കിയില്ല. അടുത്തദിവസംതന്നെ മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് ട്രെയിന്‍ കയറി. ഒടുക്കത്തെ ചൂട്. വെറും ചൂടല്ല, വെന്തുരുകുന്ന ചൂട്. അവിടുത്തെ ടൂറിസ്റ്റ് സീസണ്‍ മണ്‍സൂണ്‍ കാലമാണ്. കൊടുംചൂടില്‍ ട്രക്കിങ് എങ്ങനെ നടക്കും എന്നതുതന്നെയായിരുന്നു എന്റെ വിഷമം. പക്ഷേ അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ വേനല്‍ക്കാലം ആണ് സന്ദര്‍ശനത്തിന് പറ്റിയ സമയമെന്ന് തോന്നി. അതിന്റെ കാരണം പിന്നെ പറയാം.

പോകുന്നവഴിക്കാണ് റൂട്ട്മാപ്പും മറ്റുംനോക്കുന്നതുതന്നെ. അങ്ങനെ വെന്തുരുകുന്ന ചൂടില്‍ മൂന്നരയോടെ നാസിക്കില്‍ ട്രെയിന്‍ ഇറങ്ങി. കുറച്ചുനേരത്തെ അന്വേഷണത്തിനു ശേഷം തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിച്ചു ഫ്രഷ് ആയ ശേഷം റിസപ്ഷനില്‍ വന്ന് ഹരിഹര്‍ ഫൊര്‍ട്ടിനെപറ്റി റിസപ്ഷിനിസ്റ്റിനോട് ചോദിച്ചു. അദ്ദേഹം അങ്ങനൊരുസ്ഥലത്തെ പറ്റി കേട്ടിട്ടുപോലും ഇല്ല. ഒടുവില്‍ പോകേണ്ട സ്ഥലത്തിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മറുപടി വന്നു, 'നിങ്ങളെ ആരോ പറ്റിച്ചതാണ്. ഇവിടെ ഇങ്ങനൊരു സ്ഥലം ഇല്ല'. 

harihar fort

ഇനി ഇങ്ങേരോട് ചോദിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല എന്ന് മനസിലായതുകൊണ്ട്, നേരെ ടാക്‌സി സ്റ്റാന്റില്‍ പോയി ഡ്രൈവര്‍മാരോട് തിരക്കി. അവര്‍ക്കും സ്ഥലത്തെപറ്റി ഒരറിവും ഇല്ല. ഇനിഎന്ത് ചെയ്യും എന്നാലോചിച്ചപ്പോഴാണ് സഞ്ചാരി ഗ്രൂപ്പിനെപറ്റി ഓര്‍ത്തത്. അങ്ങനെ എന്റെ പോസ്റ്റിനു മറുപടി തന്ന നല്ലവരായ 'സഞ്ചാരി സുഹൃത്തുക്കളുടെ മറുപടിയില്‍', എന്റെ യാത്രതുടരാന്‍ ഞാന്‍ തീരുമാനിച്ചു.

നാസിക്കില്‍ നിന്ന് തൃമ്പകേശ്വറില്‍ എത്തിച്ചേരുക, അവിടെ നിന്ന് ടാക്‌സി പിടിച്ച് 13 കി.മി പോയശേഷം നടന്നുമുകളില്‍ എത്തുക; ഇതാണ് പ്ലാന്‍. പിന്നീട് ബസ് സ്റ്റാന്റില്‍പോയി ത്രിമ്പകേശ്വറിലേക്ക് അതിരാവിലെയുള്ള ബസിന്റെ സമയം ചോദിച്ചറിഞ്ഞു. വെളുപ്പിന് നാലു മണിമുതല്‍ ബസ് സര്‍വീസ് തുടങ്ങും. ആദ്യബസിനുപോയാല്‍ ചൂട് കൂടുന്നതിനുമുന്‍പ് ലക്ഷ്യസ്ഥാനത്ത് എത്താം. അതുകൊണ്ട് ആദ്യവണ്ടിതന്നെ പിടിക്കണം. നേരത്തെ പോകാനുള്ളതുകൊണ്ട് മൂന്നു മണിയുടെ അലാറം സെറ്റ്‌ചെയ്ത്, കാണാനിരിക്കുന്ന മനോഹരമായ കാഴ്ചകള്‍ ഓര്‍ത്ത് ഞാന്‍ നേരത്തെ കിടന്നു.

harihar fort

എന്താണെന്ന് അറിയില്ല, അലാറം അടിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുന്‍പേ ഞാന്‍ എഴുന്നേറ്റു. പെട്ടന്നുതന്നെ ഫ്രഷ് ആയി സാധനങ്ങള്‍ എല്ലാം പായ്ക്ക്‌ചെയ്ത് റൂമില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് വെച്ചുപിടിപ്പിച്ചു. അങ്ങനെ നാലു മണിക്ക് മുന്‍പായി ബസ് സ്റ്റാന്റില്‍ വന്നു. എനിക്കു പോകാനുള്ള ബസ് തപ്പിപ്പടിച്ചു. അരമണിക്കൂര്‍ നേരത്തെ യാത്രയ്ക്കുശേഷം ബസ് ത്രിമ്പകേശ്വര്‍ സ്റ്റാന്റിൽ എത്തിച്ചേർന്നു. എങ്ങും കൂരിരുട്ട്. സ്റ്റാന്റില്‍ ചില ടാക്‌സിക്കാരൊക്കെയുണ്ട്. അവരോടുപോയി കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും അങ്ങനൊരു സ്ഥലം അറിയില്ല. ഒടുവില്‍ അവസാനശ്രമമെന്ന നിലയ്ക്ക് ഫോട്ടോ കാണിച്ചുനോക്കി. നോ രക്ഷ. ഒരാള്‍ക്കും അറിയില്ല. 

ഒടുവില്‍ വേറൊരു ടാക്‌സിക്കാരന്റെ അടുത്ത് ഫോട്ടോ കാണിച്ചപ്പോള്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചു. പുള്ളിയുടെ ഭാഷയില്‍ എനിക്ക് പോകേണ്ട സ്ഥലത്തിന്റെ പേര് 'ഹര്‍ഹര്‍ ഗഡ്' ആണ്. വണ്ടി ഏതാനും മീറ്റര്‍ മുന്നോട്ടുപോയതും ഗൂഗിള്‍ മാപ്പില്‍ എനിക്ക് പോകേണ്ട വഴിയിലൂടെയല്ലാ പോകുന്നതെന്നു മനസിലായി. ഗൂഗിളില്‍ പിന്നിലേക്ക് വഴികാണിക്കുമ്പോള്‍ വണ്ടിപോകുന്നത് മുന്നോട്ട്. ഇതല്ലാ വഴി, ഗൂഗിളില്‍ വേറെവഴിയാണ് കാണിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെയും പോകാം എന്നായി പുള്ളിക്കാരന്‍. 

വാഹനം ഇപ്പോള്‍ വിജനമായ വഴിയിലൂടെയാണ് പോകുന്നത്. എന്നില്‍ പല പല ചിന്തകള്‍ വരുവാന്‍ തുടങ്ങി. ഉള്ളില്‍ ഭയം ഉണ്ടെങ്കിലും പുറത്തുകാണിക്കാതെയിരുന്നു. ഒടുവില്‍ ഒരു വളവില്‍, കാടിന്റെ സൈഡില്‍ വണ്ടിനിര്‍ത്തി എന്നോട് ഇറങ്ങാന്‍ പറഞ്ഞു. ഇതാണ് വഴിയെന്നും ഇതിലെ മുനോട്ടുപോയാല്‍ മതിയെന്നും പറഞ്ഞു പൈസയും വാങ്ങി പുള്ളിപോയി. ഞാന്‍ വാച്ചിലേക്ക് നോക്കി സമയം 5:10 ആയതേയുള്ളൂ. എങ്ങും ഇരുട്ട്. ഒന്നും കാണാന്‍ വയ്യ. എങ്ങോട്ട്, എങ്ങനെ പോകണം എന്നറിയാന്‍ വയ്യ. എന്തുചെയ്യും എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പോരാത്തതിന് ഞാന്‍ ഒറ്റയ്ക്കും. ഏതെങ്കിലും വണ്ടിവരും, അവരോടുചോദിക്കാം എന്നു കരുതി റോഡ്‌സൈഡില്‍ കാത്തിരുന്നു. വന്ന ഒന്നു രണ്ടു വണ്ടിക്ക് കൈകാണിച്ചിട്ടു അവര്‍ നിര്‍ത്താതെ പോയി. അല്പസമയതിനു ശേഷംവന്ന ഒരു ബൈക്കുകാരനു കൈകാണിച്ചപ്പോള്‍ അയാള്‍ അല്പം അകലെയായി വണ്ടിനിര്‍ത്തി. പുള്ളിയോട് വഴി ചോദിക്കാം എന്ന് കരുതി ചെന്നതും അയാള്‍ പേടിച്ച് ബൈക്ക് വെട്ടിച്ച് വേഗംകടന്നുപോയി. 

harihar fort

അപ്പോള്‍ ആ സ്ഥലത്തെകുറിച്ചുള്ള ഏകദേശധാരണ എനിക്ക് പിടികിട്ടി. കരയാന്‍പോലും കഴിയാത്ത അവസ്ഥ. അവിടം അത്ര സേഫ് അല്ലായെന്ന് മനസിലാക്കിയ ഞാന്‍ റോഡ് സൈഡില്‍നിന്ന് മാറിനിന്നു. പിന്നീട് ഒരിടത്ത് പത്തുമിനിട്ട് ഇരുന്ന് മനസിനെ ശാന്തമാക്കി. ഫോണില്‍ നെറ്റ് കണക്റ്റ് ആകാത്തതുകൊണ്ട് ഗൂഗിള്‍ മാപ്പ് ഓഫ് ലൈന്‍ മോഡില്‍ നോക്കി ഇരുട്ടത്ത് തപ്പിതപ്പി പതിയെ കുന്ന് കയറാന്‍തുടങ്ങി.

ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു കാണും, ഞാന്‍ റോഡില്‍ നിന്നസ്ഥലത്ത് ഒരു ബൈക്ക് വന്നുനിന്നു. ഏതാനുംനിമിഷങ്ങള്‍ക്ക് ശേഷം ആ ബൈക്ക് തിരികെപോയി. പതിയെ പതിയെ വെളിച്ചം വരാന്‍തുടങ്ങി. എങ്ങോട്ട് പോകണം എന്നൊരുപിടിയും ഇല്ല, നടക്കുക തന്നെ. എന്തായാലും ഇന്ന് മലമുകളില്‍ കയറും എന്ന വാശിയിലായിരുന്നു ഞാന്‍. ഗൂഗിള്‍ മാപ്പില്‍ 'ഹരിഹര്‍ ഫോര്‍ട്ട്' പോയിന്റ് നേരത്തെ കാണിച്ചതുംനോക്കി, ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു. ഗൂഗിള്‍ മാപ്പ് സാറ്റലൈറ്റ് മോഡില്‍ ഇട്ടിരുന്നതിനാല്‍ അടുത്ത പ്രദേശങ്ങളുടെ ചിത്രം മാപ്പില്‍നോക്കിയും ആ പ്രദേശത്തെ ഗൂഗിളും ആയി കമ്പെയര്‍ ചെയ്തും യാത്രതുടര്‍ന്നു. 

harihar fort

എന്തുവന്നാലും പിന്നോട്ടില്ല, അത് ഉറച്ചതീരുമാനമാണ്. ഏകദേശം അരമണിക്കൂര്‍ നടന്നുകാണും നല്ലപോലെ വെളിച്ചംവീണുതുടങ്ങി. കുന്നിന്റെ മുകളിലൂടെയാണ് നടത്തം. അടുത്തെങ്ങും ഒരു വീടുപോലും ഇല്ല. വീടുകള്‍ എല്ലാം കുന്നിന്റെ താഴെനിന്ന് കിലോമീറ്ററുകള്‍ അകലെയാണ്്. മനുഷ്യന്‍ നടന്ന് പലപല ദിക്കിലേക്കും പോകുന്ന വഴികള്‍. ഞാന്‍ അല്ലാതെ വേറൊരു മനുഷ്യന്‍ ആ പ്രദേശത്തില്ല.അല്ലേലും ഈ വെളുപ്പാന്‍കാലത്ത് ആ മലമുകളില്‍ ആരു വരാനാണ്. വേനലില്‍ ഉണങ്ങിയ പുല്‍മേടുകളും കുറ്റിച്ചെടികളും മാത്രം. കാറ്റടിക്കുമ്പോള്‍ ആ കുറ്റിച്ചെടികളില്‍ കാറ്റ് തട്ടിയുണ്ടാകുന്ന 'ചൂളം'വിളി ആരെയും ഭയപ്പെടുത്തും. തൊണ്ടവറ്റിവരളാന്‍ തുടങ്ങി. കയ്യില്‍ ആണെങ്കില്‍ ഒരു തുള്ളിവെള്ളമില്ല. എന്തായാലും നടക്കുകതന്നെ.

harihar fort

നാലഞ്ചുകിലോമീറ്റര്‍ നടന്നു കാണും. മുന്നില്‍ അങ്ങകലെ എന്റെ ലക്ഷ്യസ്ഥാനം കണ്ടുതുടങ്ങി. ഗൂഗിളും പരിസരപ്രദേശവും നോക്കി, അതുതന്നെയാണ് എന്റെ ലക്ഷ്യസ്ഥാനം എന്നുറപ്പിച്ചു. ഭയങ്കരവും ചെങ്കുത്തായതുമായൊരു ഭീമന്‍ പാറക്കെട്ട്. അതിന്റെ ഏതാനും ഫോട്ടോ എടുത്തതിനു ശേഷം യാത്രതുടര്‍ന്നു. അവിടെ നിന്നും എത്തപ്പെട്ടത് ഒരു കാടിന്റെ ഉള്ളിലേക്കാണ്. ഏന്തെങ്കിലും വന്യജീവി ഉണ്ടാകുമോ എന്നതായിരുന്നു ഭയം. കാട്ടിലൂടെ നടക്കുമ്പോള്‍ ചീവീടുകളുടെ ശബ്ദം ഒരു പ്രേതസിനിമയുടെ ഫീല്‍ ആണ് നല്‍കുന്നത്. ധൈര്യം സംഭരിച്ച് നടന്നു. കാടിന്റെ മറുഭാഗത്ത് എത്തിയപ്പോള്‍ ഹരിഹര്‍ ഫോര്‍ട്ടിലേക്കുള്ള പടികള്‍ കണ്ടുതുടങ്ങി. അപ്പോള്‍ എന്തോ ഒരു പ്രത്യേക എനര്‍ജിതോന്നിതുടങ്ങി എനിക്ക്. ഫോര്‍ട്ട് കണ്ടപ്പോഴുണ്ടായ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അങ്ങനെ ഒടുവില്‍ മുകളിലേക്ക് കയറേണ്ട മരണപ്പടിയുടെ (അത് ഞാന്‍ ഇട്ട പേരാണ് ) മുന്‍പില്‍ എത്തി. മുകളിലേക്ക് നോക്കിയതും ചങ്കിടിക്കാന്‍ തുടങ്ങി. കുത്തനെയുള്ള പടികള്‍. മുകളിലേക്ക് നോക്കിയാല്‍ പിന്നിലേക്ക് വീഴും എന്ന അവസ്ഥ. അത്രയ്ക്കും കുത്തനെയുള്ള, പാറയില്‍തന്നെ കൊത്തിയുണ്ടാക്കിയ വീതികുറഞ്ഞ പടികള്‍. ഒന്ന് കയ്യോകാലോ തെറ്റിയാല്‍ മരണംഉറപ്പ്.

harihar fort

രണ്ടുംകല്‍പ്പിച്ച് പടികയറ്റം തുടങ്ങി. ഫോട്ടോയില്‍ കണ്ടപ്പോള്‍ ഇതിന്റെ ഭീകരത മനസിലായിരുന്നില്ല. കയറി പകുതിചെന്നപ്പോള്‍ ഒന്ന് താഴേക്ക് നോക്കി. ആ അവസ്ഥ അനുഭവിച്ചറിയുക തന്നെ വേണം. ഏറെനേരത്തെ പരിശ്രമത്തിനു ശേഷം പടികള്‍ കടന്നു സുരക്ഷിത സ്ഥാനത്ത് എത്തി. അപ്പോഴേക്കും സൂര്യന് ചൂടേറിയിരുന്നു.

അല്‍പസമയത്തെ വിശ്രമത്തിനു ശേഷം നടത്തം തുടര്‍ന്നു. ആദ്യംകയറിയ പടികളിലും അതിഭയാനകമാണ് മുന്‍പോട്ടുള്ള യാത്ര. കുത്തനെയും പേടിപ്പെടുതുന്നതുമാണ് ആ പടികള്‍. ചവിട്ടിയിരിക്കുന്ന പടിയിലേക്ക് നോക്കിയാല്‍, പാദത്തിന് അടിയില്‍ എന്നപോലെ അങ്ങുതാഴെ പൊടിപോലെ വനഭാഗങ്ങള്‍ കാണാം. ജീവന്‍ പണയം വെച്ചുള്ള യാത്രയാണ് അവിടെനിന്ന് തുടങ്ങുന്നത്.ഞാന്‍ കയറി പകുതി ആയതും താഴെ നിന്ന് രണ്ടുമൂന്ന് കുരങ്ങുകള്‍ വന്നു. ഞാന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അതാ മുകളില്‍ നിന്ന് അതിലേറെ കുരങ്ങന്‍മാര്‍ ഇറങ്ങിവരുന്നു. ഞാന്‍ മാറിയെങ്കിലേ കുരങ്ങിന്‍കൂട്ടത്തിന് താഴേക്ക് ഇറങ്ങാന്‍ പറ്റൂ. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. 

harihar fort

കുരങ്ങന്‍മാര്‍ ആക്രമിച്ചാല്‍ നിന്ന് കടിവാങ്ങുകയേ മാര്‍ഗമുള്ളൂ. തടയാന്‍ ശ്രമിച്ചാല്‍ കയ്യോ, കാലോ തെന്നിമരണം ഉറപ്പാണ്. മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍. ഞാന്‍ മരിച്ചുകിടക്കുന്നതുംമറ്റും മനസിലൂടെ നിമിഷനേരംകൊണ്ട് ഓടിമറഞ്ഞു. ജീവിതത്തില്‍ ഇത്രയും പേടിച്ച സമയം വേറെയുണ്ടായിട്ടില്ല. ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇത് ഇവിടെ എഴുതുമ്പോള്‍ തന്നെ പേടിതോന്നുന്നുണ്ട്. 

മനസിനെ ശാന്തമാക്കി, കുരങ്ങിനെ നോക്കാതെ ഇരുന്നു. ആക്രമിക്കില്ലാ എന്ന് അതിനുതോന്നിയത് കൊണ്ടാവണം കുറച്ചുസമയത്തിന് ശേഷം താഴെനിലയുറപ്പിച്ചിരുന്ന കുരങ്ങുകള്‍ എങ്ങോട്ടോപോയി. ആ സമയംനോക്കി താഴേക്ക് ഇറങ്ങി മുകളിലെ കുരങ്ങുകള്‍ക്ക് പോകാന്‍ പാകത്തിന് വഴിമാറികൊടുത്തു. ഇപ്പോഴാണ് ശ്വാസം നേരെവീണത്. അവിടെ നിന്ന് ഏതാനും പടികള്‍കയറുമ്പോള്‍ തലയ്ക്കുമുകളിലായി നില്‍ക്കുന്ന പാറ. ചെറുഗുഹാസമാനമായി തുരന്നുനിര്‍മിച്ച പടികള്‍ താണ്ടിവേണം മുകളില്‍ എത്താന്‍.അങ്ങനെ പതിയെ ഒരുവിധം മുകളില്‍ കയറി. മുകളില്‍ കയറിയതും സന്തോഷംകൊണ്ട് തൊണ്ടപൊട്ടി കൂകിവിളിച്ചുഞാന്‍.

harihar fort

മുകളില്‍ അതിശക്തമായ കാറ്റാണ്. കാഴ്ചകള്‍ 360 ഡിഗ്രീ വ്യൂവില്‍ കാണാം. അവിടെനിന്ന് നോക്കിയാല്‍ മുംബൈയിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന അല്‍വന്ദ് ഡാമും വിശാലമായ കൃഷിയിടങ്ങളും അങ്ങിങ്ങായി ചെറുജലാശയങ്ങളും കാണാം. ഏറ്റവുംമുകളില്‍ ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാറയില്‍ വെട്ടിയുണ്ടാക്കിയ മൂന്നോ, നാലോ കുളം കാണാം. മാത്രവുമല്ല 25അടിയോളം താഴ്ച്ചയില്‍ പാറവെട്ടിയുണ്ടാക്കിയ ഒരുവലിയ കിടങ്ങും നമ്മളെ അത്ഭുതപ്പെടുത്തും. 

സമുദ്രനിരപ്പില്‍ നിന്ന് 3676 അടിഉയരത്തില്‍ സ്ഥിതിചെയുന്ന ഈ ഫോര്‍ട്ടിനു മൊത്തം 117പടികള്‍ ആണുള്ളത്. എന്റെ അഭിപ്രായത്തില്‍ വേനല്‍കാലം ആണ് അവിടെപോകാന്‍ നല്ലത്. കാരണം മണ്‍സൂണ്‍ സീസണില്‍ പോയാല്‍ പാറയില്‍ വഴുക്കല്‍ ഉണ്ടാകുവാനും അതുവഴി അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്. തലകറക്കം, ബി.പി,  ടെന്‍ഷന്‍ ഉള്ളവരും പോകാതിരിക്കുന്നതാണ് നല്ലത്. ഇങ്ങോട്ടുള്ള ട്രിപ്പ് ഒരാളും ഒരിക്കലുംമറക്കില്ല. മാത്രവുമല്ല കുറച്ചുദിവസത്തേക്ക് നേരാംവണ്ണം ഉറങ്ങാനുംകഴിയില്ല.

harihar fort

കുറച്ചുനേരം മുകളിലെ കാഴ്ച്ചകള്‍ ആസ്വദിച്ചശേഷം ഞാന്‍ ഇറങ്ങാന്‍ തുടങ്ങി. ആ തിരികെയുള്ള ഇറക്കംഉണ്ടല്ലോ, ആരുടേയും ചങ്ക് പടപടാന്ന് ഇടിപ്പിക്കും. ഇറങ്ങിവരുമ്പോള്‍ താഴേക്കുള്ള ഒരു മാസ് വ്യൂ ഉണ്ട്. അതായത്, കാല്‍പാദത്തിന്റെ അടിവശം അന്തരീക്ഷത്തില്‍ ആണെന്നുതോന്നും, അത്രയ്ക്കും കുത്തനെയുള്ള ഇറക്കം.

harihar fort

കയറ്റത്തിലും ഭീകരതയുളവാക്കും, തിരികെയുള്ള ഇറക്കം. ആരായാലും ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കിയവരുടെ കാല്‍വന്ദിച്ചുകൊണ്ട് ഒരുവിധത്തില്‍ ജീവനുംകൊണ്ട് തിരികെയിറങ്ങി. തിരികെ ഇറങ്ങിയിട്ട് താഴെനിന്നും മുകളിലേക്ക് നോക്കിയിട്ട് എവറസ്റ്റ് കീഴടക്കിയവന്റെ ഗമയില്‍ കാട്ടിലൂടെ മടക്കയാത്രതുടര്‍ന്നു. എല്ലാം കഴിഞ്ഞ് തിരികെ റോഡിലെത്തിയപ്പോള്‍ വാച്ചില്‍ സമയം 10:15 ആയതേയുള്ളൂ. 

harihar fort

NB: ട്രക്കിങ്ങിന് പോകുന്നവര്‍ വലിയ കൂട്ടമായി പോകാതെയിരിക്കുക. കാരണം ഒരാള്‍ ഒന്ന് സ്ലിപ് ആയാല്‍മതി വലിയൊരുഅപകടത്തിനു കാരണമാകും.

harihar fort

ഒറ്റയ്ക്കും പോകാതിരിക്കുന്നതാണ് നല്ലത്. പോകുന്നവര്‍ ദയവായി പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക. ഒപ്പം വലിയ ബാഗ് കൊണ്ടുപോകുന്നത് ഒഴിവാക്കുക. കാരണം തിരികെ ഇറങ്ങുമ്പോള്‍ ബാഗ് കുത്തനെയുള്ള പടികളില്‍ തട്ടി അപകടസാധ്യത വര്‍ധിപ്പിക്കും. ത്രിമ്പകേശ്വരില്‍ നിന്ന് ഗൂഗിളില്‍ കാണിക്കുന്ന വഴിയിലൂടെ പോകാതെ ഖൊഡാല (KHODALA) റൂട്ടില്‍ പോയി അവിടെനിന്നും ട്രെക്കിങ് തുടങ്ങുക. ഇതുവഴിപോയാല്‍ കുത്തനെയുള്ള കയറ്റം ഒഴിവാക്കാം.സമയവും എനര്‍ജിയും പാഴാക്കണ്ട. മറ്റൊരു കാര്യം ഹരിഹര്‍ ഫോര്‍ട്ട് എന്നു പറഞ്ഞാല്‍ അവിടെ ആര്‍ക്കും മനസിലാകില്ല. ഒന്നുകില്‍ ഹര്‍ഹര്‍ ഗഡ് എന്നോ ഹര്‍ഷ ഗഡ് എന്നോ പറയുക. 


ത്രിമ്പകേശ്വരില്‍ ചെന്നതിനുശേഷം ടാക്‌സി സഹായം വേണമെങ്കില്‍ 090 11 133661 (Mr.ROHIDAS) വിളിച്ചാല്‍ മതി. ശരിയായ സ്ഥലത്ത് ഇദ്ദേഹം എത്തിക്കും.