കേട്ട് കേട്ട് കാണാനുള്ള കൊതി ഒരു പര്‍വ്വതം പോലെയായി. ഒടുക്കം ദിവസങ്ങള്‍ക്ക് മുമ്പ് ആ ആഗ്രഹമങ്ങ് സാധിച്ചു. ഹംപിയിലേക്ക്...

യാത്ര നാട്ടുകാരും കൂട്ടുകാരുമായ ബിനോയിക്കും ജെന്‍സണുമൊപ്പം. നിലമ്പൂരിലെ തേക്കുതോട്ടങ്ങളുടെ കാറ്റേറ്റ് നാടുകാണി വഴി തമിഴകത്തിലൂടെ കര്‍ണ്ണാടകയുടെ ഹൃദയത്തിലേക്ക്. മുതുമല ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിന് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ വലത്തോട്ട് ഒരു ചെറിയ ബോര്‍ഡ് - 

മസിനഗുഡി -12 കി.മി. 
ഊട്ടി - 29 കി.മി.

വേണ്ട, മനസ്സുടക്കിയ രണ്ടു സ്ഥലങ്ങളും തല്‍ക്കാലം കാണേണ്ടെന്ന് വച്ചു. ഹംപി കണ്ട് മടങ്ങുംവഴി സമയമുണ്ടേല്‍ കാണാമെന്ന് ആശ്വസിച്ചു. ബന്ദിപൂര്‍ കാട് ഒമ്പത് മണിക്കുള്ളില്‍ കടക്കണം. 

Hampi

വഴിയില്‍ ഞങ്ങളെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് റോഡരികിലേക്ക് മറിഞ്ഞ തക്കാളികയറ്റിയ ലോറി കണ്ടപ്പോള്‍ നിര്‍ത്താതിരിക്കാന്‍ പറ്റിയില്ല. ഭാഗ്യം ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാരപരിക്കേയുള്ളൂ.
'കണാരേട്ടാ വണ്ടി കാട്ടില് മറിഞ്ഞു.' ഡ്രൈവര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആശ്വാസമായി. കൂടുതല്‍ വണ്ടികള്‍ കാഴ്ചക്കാരായതോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

ഫോറസ്റ്റ് ഓഫീസിനരികെ ഒരു കുട്ടിക്കൊമ്പന്‍ അനുസരണയോടെ നിന്നിരുന്നു. ഫോട്ടോ എടുക്കാന്‍ വണ്ടിയൊന്ന് മെല്ലെയാക്കുമ്പോഴേക്കും വനപാലകരുടെ താക്കീത് വിസിലിന്റെ ശബ്ദത്തിലെത്തി.

പിന്നെ വണ്ടി നിന്നത് ഗുണ്ടല്‍പേട്ടില്‍. റോഡരികില്‍ നിറയെ തട്ടുകടകള്‍. പരന്ന ഇഡലിയും ഒരു ഡബിള്‍ ഓംലറ്റുമടിച്ച് യാത്ര തുടരുമ്പോള്‍ സമയം രാത്രി ഒമ്പത് കഴിഞ്ഞു. ഇനിയും 470 കി.മീറ്റര്‍ കൂടി പോണം. ജിപിഎസ്സിന്റെ സഹായത്തോടെ മൈസൂര്‍ ടൗണ്‍ കയറാതെ ശ്രീരംഗപട്ടണം ചിന്നപ്പനഹള്ളി വഴി ഹരിയൂര്‍ എന്ന ടൗണിലേക്ക്. പൊട്ടിപ്പൊളിഞ്ഞ് വീതികുറഞ്ഞ റോഡും റോഡ് നിറഞ്ഞുനില്‍ക്കുന്ന ഹമ്പുകളും ഞങ്ങളുടെ വേഗതയെ പിന്നോട്ടടിച്ചു. വല്ലപ്പോഴും കിട്ടുന്ന ചായയുടെ ബലത്തില്‍ ഉറക്കത്തോട് യാത്ര പറഞ്ഞ് ഹൈവേയില്‍ നിന്ന് ഹമ്പി റൂട്ടിലേക്ക് തിരിയുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ട്മണി.

Hampi

റോഡരികില്‍ വരിവരിയായി നിര്‍ത്തിയിട്ട ലോറികള്‍ക്കിടയില്‍ വണ്ടിയിട്ട് ഒരു ചെറിയ മയക്കം. ഒരു മണിക്കര്‍ കിടക്കുമ്പോഴേക്കും റോഡരികിലെ ചായക്കട തുറന്നു. ഒരു ചായ കുടിച്ച് വീണ്ടും യാത്ര.

ഹംപിക്കടുത്തുള്ള ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ക്കുന്ന ഹോസ്‌പെറ്റ് ആണ്. അവിടെ നിന്ന് 12 കി മീറ്റര്‍ കൂടി പോയാല്‍ ഹംപിയിലെത്താം. ഉറക്കം വഴിമാറുന്നു. ഒരുപാട് കാലം മനസ്സിലൊരു മോഹമായി കിടന്ന ഹംപി! വിളിപ്പാടകലെ.

Hampi

ഉദയസൂര്യനൊപ്പമാണ് ഞങ്ങളും ആ കാഴ്ചകളിലേക്ക് കടന്നത്. ചുറ്റും ഒരു കൊത്തുപണിക്കാരന്റെ കൈവഴക്കത്തോടെ നിര്‍മ്മിക്കപ്പെട്ട പാറക്കൂട്ടങ്ങള്‍. അങ്ങകലെ പഴയകാല പ്രതാപം നിഴലിക്കുന്ന ഗോപുരങ്ങള്‍. മണ്ഡപങ്ങള്‍. ഒരുകാലത്ത് ശില്‍പചാതുരിയുടെ പുതുചരിത്രങ്ങള്‍ രചിച്ച വിജയനഗരസാമ്രാജ്യത്തിലേക്ക്.

ഇനിയുള്ള കാഴ്ചകള്‍ മറക്കാന്‍ പറ്റില്ല. ഉയിരുള്ളിടത്തോളം.

Hampi

വിരൂപാക്ഷക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ക്ക് നേരെയുള്ള പഴയ രാജവീഥിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്പോള്‍ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. ഒരു നീര്‍ച്ചാലുമാത്രമായ തുംഗഭദ്ര നദിയിലെ മിനുമിനുത്ത പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ കൗതുകത്തോടെ കൊട്ട വഞ്ചിയില്‍ നദി കടക്കുന്നവരേയും കണ്ടു. വര്‍ഷം കനത്താല്‍ നദി കടക്കാന്‍ ഇത് മാത്രമാണത്രെ വഴി!

Hampi

വിദേശികളാണ് അക്കരയിലെ താമസക്കാരില്‍ അധികവും. പോകും മുമ്പ് കണ്ട ആനന്ദത്തിലെ സീനുകള്‍ പതിയെ തെളിഞ്ഞു. ടാറിടാത്ത റോഡിലൂടെ ചീറിപായുന്ന ബൈക്കുകളും സൈക്കിളുകളും. യാത്രക്കാരിലധികവും വിദേശികള്‍. ഒരു ബഹുനിലകെട്ടിടം പോലുമില്ല. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത നഗരമെന്ന നിലയില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ലാത്തതാണ് കാരണം.

Hampi

വിദേശികളെ കാത്തിരിക്കുന്ന വൈക്കൊലും ഓലയും മേഞ്ഞ കോട്ടേജുകളൊക്കെ തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ ഒീൗലെ എൗഹഹ ബോര്‍ഡ് തൂക്കിയപ്പോള്‍ ലക്ഷ്മി കോട്ടേജ് ഞങ്ങള്‍ക്ക് തങ്ങാനിടം നല്‍കി. 
ഓരൊ കോട്ടേജിന് മുന്നിലും ആട്ടുകട്ടിലുകള്‍, പുറം ലോകം കാണാന്‍ കിളിവാതിലുകള്‍ കോട്ടേജുകള്‍ക്കിടയില്‍ ചെറിയ വെള്ളച്ചാലുകള്‍ ഒഴിഞ്ഞ ഇടങ്ങള്‍ മുഴുവന്‍ നെല്‍കൃഷി!

Hampi

ബൈക്കിന് ദിവസം 200 രൂപയും സൈക്കിളിന് 100 രൂപയുമാണ് വാടക. പെട്രോളിന് ലിറ്ററിന് 90 രൂപയും. ബൈക്കെടുത്തായിരുന്നു അദ്യ ദിനത്തെ കറക്കം.

Hampi

അഞ്ഞൂറ് പടികള്‍ കയറിയാല്‍ എത്തുന്ന ആഞ്ജനേയക്ഷേത്രം മുതല്‍ ലക്ഷ്മി ക്ഷേത്രം, കൃഷ്ണ ക്ഷേത്രം തുടങ്ങി എട്ടോളം ക്ഷേത്രങ്ങളാണ് തുംഗഭദ്രയുടെ അങ്ങേകരയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്നത്. ഒപ്പം നിറഞ്ഞൂകിടക്കുന്ന ,സോനാപൂരിനടുത്തുള്ള വിശാലമായ  ലേയ്കും.

Hampi

ഹംപിയിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ ഭക്ഷണശാലകളാണ്. ഏകദേശം ഒരടി ഉയരവും ആറടി നീളവുമുള്ള മേശക്കിരുവശവും നിലത്ത് വിരിച്ച കുഷ്യനില്‍ ഇരുന്നാണ് ഭക്ഷണം. താലി മീല്‍സ് മുതല്‍ അറേബ്യന്‍ ആഫ്രിക്കന്‍ ഭക്ഷണങ്ങള്‍ വരെ മെന്യൂ കാര്‍ഡില്‍ സുലഭം. തണുത്ത ബിയറും വൈനുമെല്ലാം വെസ്റ്റേണ്‍ സംഗീതത്തിന്റെ അകമ്പടിയില്‍ ആസ്വദിക്കാം. വേണമെങ്കില്‍ നീണ്ടുനിവര്‍ന്ന് ഒന്ന് വിശ്രമിക്കുകയും ചെയ്യാം. 

Hampi

ലാഫിങ്ങ് ബുദ്ധ എന്ന റസ്റ്റോറന്റ്  ഇവിടെയെത്തുന്നവര്‍ക്ക് പുതിയൊരനുഭവമാകും.

പതിനഞ്ചാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെടും വരെ ആരേയും അത്ഭുതപ്പെടുത്തും വിധമുള്ള നിര്‍മ്മാണങ്ങളാണ് ഇവിടെ നിലനിന്നിരുന്നതെന്ന് അവശേഷിക്കുന്ന ഭൂഭാഗങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അന്ന് ഏകദേശം 2500ഓളം ക്ഷേത്രങ്ങളുണ്ടായിരുന്ന ഹംപിയില്‍ ഇന്ന് ഒരു ക്ഷേത്രത്തില്‍ മാത്രമാണ് പൂജാകര്‍മ്മങ്ങള്‍ നടക്കുന്നത്.

Hampi

Hampi

രണ്ട് പടുകൂറ്റന്‍ ഗോപുരങ്ങളുള്ള വിരൂപാക്ഷ ക്ഷേത്രം, ആറ് പ്രധാന മാര്‍ക്കറ്റുകള്‍, ലോട്ടസ് മഹല്‍, അസ്തമയം കാണാന്‍ ആയിരങ്ങളെത്തുന്ന മാതുംഗ ഹില്‍, സംഗീതം പൊഴിക്കുന്ന തൂണുകളും ഉരുളുന്ന ചക്രമുള്ള കല്‍രഥവുമുള്ള വിട്ടാര ക്ഷേത്രം, ഭൂമിക്കടിയിലെ ശിവക്ഷേത്രം, ആനപ്പട്ടാളത്തിലെ കൊമ്പന്മാര്‍ക്ക് വേണ്ടി പണിത ആനപ്പന്തി(elephant stable) എന്നിവ പഴയകാലപ്രതാപത്തിന്റെ ഓര്‍മ്മകള്‍ നമുക്ക് സമ്മാനിക്കും.

Hampi

Hampi

കണ്ണെത്താ ദൂരം മുഴുവന്‍ ഹംപിയിലെ  തകര്‍ത്തെറിയപ്പെട്ട നിര്‍മ്മാണങ്ങളുടെ കാഴ്ചകള്‍ മനസ്സിലൊരു വിങ്ങലായി മടങ്ങുമ്പോഴും മനസ്സിലുണ്ടാകും.

Hampi

Hampi

ഹംപി - തകര്‍ത്തെറിയപ്പെട്ട ഒരു മഹാനഗരത്തിന്റെ അവശിഷ്ടമാണ്. എന്നിട്ടുപോലും അവള്‍ സുന്ദരിയാണ്. ആരേയും സ്വപ്നം കാണാന്‍ കൊതിപ്പിക്കുന്ന സുന്ദരി.

Hampi

ഇനി 700 കി മീറ്ററുകളോളം താണ്ടണം തൃശ്ശൂരിലേക്ക് മടങ്ങിയെത്താന്‍. പോയ വഴിയല്ല ഇത്തവണ GPS തിരഞ്ഞുതന്നത്. ഹരിയൂരില്‍ നിന്ന് മേല്‍പാലത്തിനടിയിലൂടെ ഹുളിയൂര്‍ വഴി . വീതി കുറവെങ്കിലും ഹമ്പുകള്‍ കുറഞ്ഞ നല്ല റോഡ്. ഓറഞ്ചും, ആപ്പിളും സബര്‍ജില്ലിയും വില്‍ക്കുന്ന കച്ചവടക്കാര്‍ നിറഞ്ഞ ഹുളിയൂരില്‍ നിന്ന് ഭക്ഷണം.

Hampi

Hampi

മടങ്ങുമ്പോള്‍ ക്ഷീണം അല്‍പ്പം പോലും തോന്നിയില്ല. അങ്ങകലെ കാടുകള്‍ കത്തിയമരുന്ന കാഴ്ചകള്‍ ഒന്നിലധികം തവണ കണ്ടു. കാട്ടുതീ ഭയന്ന് ഓടിപ്പോകുന്ന മൃഗങ്ങളെകുറിച്ചായി ചര്‍ച്ച. അപ്പോഴും സംസാരം ചെന്നെത്തിയത് ഹംപിയില്‍ തന്നെ. ഒരു ലക്ഷത്തിലധികം പേരുണ്ടായിരുന്ന ഹംപി. ഇന്നവിടെ രണ്ടായിരത്തോളം പേര്‍ മാത്രം! കാടുവിട്ടോടിയ മിണ്ടാപ്രാണികളെ പോലെ ഹംപിയിലെ കൂടൊഴിഞ്ഞവര്‍.

Hampi

പാറക്കൂട്ടങ്ങള്‍കൊണ്ട് മതില്‍ തീര്‍ത്ത കൃഷ്ണദേവരായരുടെ സാമ്രാജ്യം. തെന്നാലിരാമന്‍ അലങ്കരിച്ച വിദൂഷക സദസ്സ്. ഒന്നുറപ്പാണ്. നമുക്കവിടെ ഇനിയും എത്തിയേ തീരൂ. പാറക്കല്ലുകള്‍ കൊണ്ട് പ്രകൃതിയെ കൊത്തിപണിത കാഴ്ചകള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മെ കാത്തിരിക്കുന്നുണ്ട്. ഉളിയുടെ ഒച്ചകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.

Hampi

അപ്പോഴും മനസ്സ് പറയാതെ പറഞ്ഞു 'ഹംപി, നീ കാഴ്ചകളുടെ മഹാസമുദ്രമാണ്... നീ മനസ്സിലൊരു നീറ്റലാണ്...'

(യാത്രികന്‍ ക്ലബ് എഫ്എം ജീവനക്കാരനാണ് )