മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സഞ്ചാരി നല്‍കുന്ന സഞ്ചാരി - മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

കുട്ടിക്കാലത്ത് മനസ്സിനേല്‍ക്കുന്ന ചില മുറിവുകള്‍ ഒരു കുട്ടിയുടെ ഭാവിയെയും സാരമായിത്തന്നെ ബാധിക്കാറുണ്ട്, സമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്ന കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ഞാനെന്ന വ്യക്തിയെ ഒരുപാട് മാറ്റിയിരുന്നു... ആ ഒറ്റപ്പെടുത്തലുകള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു...ചിലര്‍ക്കു യാത്രകള്‍ ഒരു ഒളിച്ചോട്ടമാണ് ഒറ്റപ്പെടലുകളും കളിയാക്കലും ഇല്ലാത്ത ആസ്വാദനത്തിന്റെയും തിരിച്ചറിവുകളുടെയും ലോകത്തേക്ക്...

Chalukya 2

ഒറ്റക്കൊരു യാത്ര കുറച്ചു നാളായി മനസ്സില്‍ കേറികൂടിയ ഒരു ആഗ്രഹമായിരുന്നു. ചില ആഗ്രഹങ്ങള്‍ നമ്മളു പോലും പ്രതീക്ഷിക്കാതെ നടക്കാറുണ്ട്, അതാണല്ലോ ജീവിതം. ഓണത്തിന് അടിപ്പിച്ച് ലീവ് കിട്ടുമ്പോഴാണ് ദൂരെ യാത്രകള്‍ പോകാറ്. കഴിഞ്ഞ തവണ ഹംപി പോയപ്പോള്‍ സമയകുറവുകൊണ്ട് നടക്കാതെ പോയൊരു യാത്രയാണ് ബദാമിയിലേക്കുള്ളത്. അന്ന് അവിടുന്ന് കുറിച്ചിട്ടു അടുത്ത ഓണത്തിന് ഇവിടേക്കാണെന്ന്... ഒറ്റക്കായിരുന്നില്ല കൂടെ ഉണ്ടായിരുന്ന ചെങ്ങായീം വാക്ക് പറഞ്ഞതാണ്. മനുഷ്യന്റെ വാക്കല്ലേ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടെ ഇരിക്കും. അവന്റെ അവസ്ഥ അങ്ങനെ ആയതുകൊണ്ട് ഒരുപാട് നിര്‍ബന്ധിക്കാന്‍ നിന്നില്ല. വിളിച്ചോര്‍ക്കൊന്നും വരാനും പറ്റിയില്ല. എന്നാ പിന്നെ ഒന്നും നോക്കണ്ട ഒരു സോളോ പോയേക്കാം എന്നുവെച്ചു. തിരുവോണത്തിന്റെ അന്നത്തേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നെ കാത്തിരിപ്പാണ്, അതിന്റെ സുഖം അത് അനുഭവിച്ചവര്‍ക്ക് അറിയാം...

Chalukya 3

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ച്ചകള്‍ അതാണ് ശീലം. ദിവസവും പൈസയും കുറവയോണ്ട് ഹരിച്ചും ഗുണിച്ചും പ്ലാന്‍ ചെയ്തു. മൂന്ന് ദിവസേ ഒള്ളു അതില്‍ ഒരു ദിവസം ബദാമിയില്‍ എത്തുമ്പോളേക്കും തീരും, 2000 രൂപ ബഡ്ജറ്റും ഇട്ടു. വയനാട്, മൈസൂര്‍, ബദാമി, ഐഹോള്‍, പട്ടടക്കല്‍, ഹസന്‍, ഹലിബീഡു, ബേലൂര്‍, തിരിച്ച് മൈസൂര്‍, വയനാട്. ഇതായിരുന്നു റൂട്ട്. വീട്ടുകാരോട് ഒറ്റക്കാണ് പോകുന്നത് എന്നു പറഞ്ഞാല്‍ പോകണ്ട എന്ന ഒറ്റ വാക്കില്‍ എല്ലാം തീരുമാനമാകും. അതുകൊണ്ട് മാത്രം ഒരു വലിയ കള്ളം പറഞ്ഞു. നേരത്തെ പറഞ്ഞ കുട്ടിക്കാലമാണ് വില്ലന്‍. ധൈര്യം ഇല്ലാത്തവന്‍, കൂട്ടില്ലാത്തവന്‍, കഴിവില്ലാത്തവന്‍ ഇങ്ങനെ ഒരുപാട് ചിന്തകള്‍ ആണ് എന്നെ പറ്റി... ഞാന്‍ അങ്ങനല്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കാനോ അല്ലേല്‍ ആരെയൊക്കെയോ കാണിക്കാനോ കൂടി ആയിരിക്കണം ഈ യാത്ര. തിരുവോണത്തിന്റന്ന് രാവിലെ ഇറങ്ങി ഉള്ളില്‍ എവിടെയോ ഒരു കുഞ്ഞ് പേടി കിടക്കുന്നുണ്ട്, ഒറ്റക്കാണ് കുറച്ച് അകലെയാണ്, പേടിക്കണ്ടേ? മൈസൂരിലേക്കുള്ള ബസ്സിന് ഓണത്തിന്റെ തിരക്കാണ് പിന്നെ കേരളം കണ്ട ഏറ്റവും വലിയ മഴക്കാലം കഴിഞ്ഞ സമയവും ബസ്സുകളുടെ എണ്ണവും കുറവാണ്.. സീറ്റ് നോക്കി നിന്നാല്‍ ട്രെയിന്‍ പോകും. ഗുണ്ടല്‍പ്പട്ട വരെ പോയിട്ട് അവിടുന്ന് മാറിക്കേറാം എന്നു വെച്ചു...

Chalukya 4

വൈകിട്ട് 3.30 ന് ആണ് ട്രെയിന്‍. ദിവസവും ഇവിടെ നിന്ന് ഗോല്‍ഗുംബെസിലേക്ക് പോകുന്ന ട്രെയിന്‍ ആണ്. കര്‍ണാടകയിലെ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ട്രെയിന്‍ റൂട്ട് കൂടിയാണ് ഇത്. മൈസൂരില്‍ നിന്നും ബദാമിയിലേക്കുള്ള ഒരേയൊരു ട്രെയിനും ഇതാണ്. 15 മണിക്കൂര്‍ യാത്രയുണ്ട് രാവിലെ ആറേ മുപ്പതിന് ബദാമിയില്‍ എത്താം. ഇതിലും നല്ല സമയം വേറെ ഇല്ല. 380 രൂപയാണ് സ്ലീപ്പറില്‍. ഏകദേശം രണ്ടുമണിക്ക് മൈസൂര്‍ എത്തി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് നടന്ന പോകാവുന്ന ദൂരമേ ഉള്ളു സ്റ്റേഷനിലേക്ക്. പോണ വഴിക്ക് മാര്‍ക്കറ്റിലൊക്കെ ഒന്ന് കേറി കുറച്ച് പഴങ്ങളൊക്കെ വാങ്ങി കൂട്ടി, മൊത്തത്തില്‍ വിലകുറവാണേ. മൂന്നരക്ക് തന്നെ ട്രെയിന്‍ എടുത്തു, വല്യ തിരക്കൊന്നും ഇല്ല... സഹയാത്രികര്‍ ഒരു കര്‍ണാടക ഫാമിലി ആണ്... കൂടെ ഒരു ക്യൂട്ട് കുട്ടീ ഉണ്ട് അവളുടെ കളികള്‍ കണ്ടിരുപ്പ് ഒരു നേരം പോക്കായി. ട്രെയിന്‍ യാത്രയിലെ കഥകള്‍ പറഞ്ഞാല്‍ എവിടേം എത്തില്ല. പല മനുഷ്യര്‍ പല ഭാവങ്ങള്‍, രൂപങ്ങള്‍, സ്വഭാവങ്ങള്‍ ഒരുപാട് കാണാനുണ്ട് അറിയാനുണ്ട്. ശരിക്കും ഉത്തരേന്ത്യ മുതല്‍ കന്യാകുമാരി വരെ ഒരു ട്രെയിന്‍ യാത്ര നടത്തിയാല്‍ ഇന്ത്യയുടെ ഏകദേശ സാംസ്‌ക്കാരിക രൂപം നമുക്ക് മനസിലാകും.

Chalukya 5

രാവിലെ 6.45 ന് ബദാമി സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ ഇരുന്ന് നോക്കിയാല്‍ ബദാമിയുടെ ഏകദേശ ഭൂപ്രകൃതി മനസിലാക്കാം. വയലുകളും ചെറിയ മലനിരകളും അതിനിടക്ക് വ്യത്യസ്തമായി തല ഉയര്‍ത്തി നില്‍ക്കുന്ന ചുവന്ന ബദാമി പാറകളും കാണാം. നല്ല ഉയരമുള്ള പാറക്കൂട്ടങ്ങളാണ്, ഒരു മതിലുപോലെ നീണ്ടുകിടക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. കാഴ്ചകള്‍ ഒരുപാടുണ്ടാകുമെന്ന് ഉറപ്പായി. ബദാമി ഉണരുന്നതേയുള്ളൂ. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെയാണ് ബദാമി നഗരം. അത്യാവശ്യം വൃത്തിയുള്ള, തിരക്കില്ലാത്ത സ്റ്റേഷന്‍. അവിടെ നിന്ന് ഷെയര്‍ ഓട്ടോയും ബസ്സും ഉണ്ട്. 10 രൂപയാണ് ഓട്ടോയില്‍ പോകാന്‍. ചെന്നിട്ട് ആദ്യം ഒരു ലോഡ്ജ് തപ്പണം, പെട്ടന്നൊരെണ്ണം കിട്ടണേ എന്നായിരുന്നു ചിന്ത. ബദാമിയോട് അടുക്കുംതോറും വൃത്തി ഇല്ലാത്ത വഴികളും കെട്ടിടങ്ങളും മനുഷ്യരെയുമൊക്കെ കണ്ടു തുടങ്ങി. ഇന്ത്യയിലെ നഗരങ്ങള്‍ ഇപ്പോളും എപ്പോഴും ഇങ്ങനെയാണ്. നന്നാവില്ല, വികസിക്കില്ല... പൊടി നിറഞ്ഞ റോഡുകളും ചെളിയില്‍ കുളിച്ച പന്നികളും കൂട്ടം കൂട്ടമായി തെരുവ് നായ്ക്കളും പുറകെ കൂടുന്ന വാനരന്‍മാരും എവിടെ നിന്നൊക്കെയോ വരുന്ന ദുര്‍ഗന്ധങ്ങളും.. ഇതാണ് ബദാമി നഗരം.

Chalukya 6

അതൊക്കെ നോക്കി നിന്നാല്‍ വന്ന പരിപാടി നടക്കില്ലല്ലോ.... ആദ്യം ഐഹോളിയിലേക്ക് ആണ് പോവുന്നത്. തിരിച്ചു വരുന്ന വഴിക്ക് പട്ടടക്കലും കേറി ബദാമിയും കണ്ട് ലാസ്റ്റ് ട്രെയിനിന് ബേലൂര്‍ക്ക് കേറണം. ബസ്സ് സ്റ്റാന്‍ഡില്‍ കേറി ഐഹോളേക്കുള്ള ബസ്സിന്റെ സമയം ചോദിച്ചു വെക്കണം. ആ വഴിക്ക് ബസ്സുകള്‍ കുറവാണ്. ബസ്സ് കിട്ടിയില്ലെങ്കില്‍ പ്ലാന്‍ മൊത്തം പാളും. എട്ടേ നാല്‍പ്പത്തിയഞ്ചിന് ഒരു ബസ്സുണ്ട്... അത് പിടിക്കണം... റൂം തപ്പി കുറേ നടന്ന് അവസാനം 400 രൂപക്ക് ഒരു ലോഡ്ജ് കിട്ടി. ഫ്രഷ് ആയി ബാഗൊക്കെ അവിടെ വെച്ച് പ്രഭാത ഭക്ഷണം അകത്താക്കി ബസ്സ് സ്റ്റാന്‍ഡില്‍ എത്തി. ഹാവൂ ബസ്സ് പോയിട്ടില്ല... കുരങ്ങന്മാരുടെ വിഹാര കേന്ദ്രമാണ് ബസ്സ് സ്റ്റാന്‍ഡ്, ശ്രദ്ധിച്ചില്ലേല്‍ ബാഗ് അടക്കം കൊണ്ടുപോകും. 30 രൂപ ടിക്കറ്റ് ആണ് ഐഹോളെയിലേക്ക്. ഒരു മണിക്കൂര്‍ യാത്ര ഉണ്ട് (35 കിലോ മീറ്റര്‍). പോകുന്ന വഴിക്കാണ് പട്ടടക്കലും. കൃഷിയാണ് മൊത്തം. നീണ്ടു കിടക്കുന്ന പാടങ്ങള്‍, വികസനം എത്താത്ത ഗ്രാമങ്ങളും മനുഷ്യരും, നമ്മളൊക്കെ ഒരുപാട് മുന്നിലാണ്... ഒരുപാടൊരുപാട്.

Chalukya 7

ഐഹോള്‍

ദക്ഷിണേന്ത്യന്‍ വാസ്തു ശാസ്ത്രത്തിന്റെ കളിത്തൊട്ടില്‍ എന്നാണു ഐഹോളെ അറിയപ്പെടുന്നത്. ഗ്രാമത്തില്‍ അവിടിവിടെയായി ചിതറിക്കിടക്കുന്ന, ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങളുണ്ട്. മനോഹരമായ ഒരു ഉദ്യാനത്തിലാണ് ഐഹോളെയിലെ പ്രധാന ക്ഷേത്രങ്ങള്‍ അടങ്ങിയ കോംപ്ലക്‌സ്. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണിത്. ദുര്‍ഗാ ക്ഷേത്രം, ചക്രഗുഡി, ത്രികുടേശ്വര ക്ഷേത്രം, ലാഡ് ഖാന്‍ ക്ഷേത്രം, ഗൗഡര്‍ഗുഡി, ബടിഗരുഗുഡി എന്നിങ്ങനെ വിചിത്രമായ പേരുകളാണ് ഈ ക്ഷേത്രങ്ങള്‍ക്ക്. പണ്ട് കാലത്ത് ഐഹോളെയിലെ പല ക്ഷേത്രങ്ങളും ഗ്രാമവാസികള്‍ താമസം ആക്കിയിരുന്നു താമസക്കാരുടെ പേരുകള്‍ തന്നെ ഈ ക്ഷേത്രങ്ങള്‍ക്ക് അങ്ങിനെ കിട്ടിയതാണ്.ഐഹോളെയിലെ പ്രധാന ശില്പങ്ങളും ക്ഷേത്രങ്ങളുമൊക്കെ നാലടിയോളം മണ്ണിനടിയില്‍ ആയിരുന്നു. 1958-ല്‍ ഉൃ.എസ് ആര്‍ റാവുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പാണ് അവയൊക്കെ ഖനനം ചെയ്‌തെടുത്തത്.

Chalukya 8

മനസ്സില്‍ കണ്ട ഐഹോളെയേ ആയിരുന്നില്ല നേരില്‍ കണ്ടത്. ബദാമിയേക്കാള്‍ കുഗ്രാമം. ഐഹോളയിലെ നിര്‍മിതികള്‍ അവിടെയിവിടെയായ് ചിതറി കിടക്കുന്നവയാണ്. എല്ലാം നടന്ന് കാണാം എന്ന ആഗ്രഹം അവിടെ അസ്തമിച്ചു. അവയില്‍ പലതും ആളുകള്‍ കയ്യേറി താമസിക്കുകയാണ്. പലതും ചേരികളുടെ ഉള്ളിലാണ്... പറ്റുന്ന അത്രയും കാണാം എന്നു വെച്ചു... ദുര്‍ഗാ ക്ഷേത്രം അടങ്ങുന്ന ഒരു കോംപ്ലെക്‌സിനുള്ളിലായ് ഒരുപാട് ക്ഷേത്രങ്ങളും ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. 25 രൂപ ടിക്കറ്റ് എടുത്ത് കേറുന്നത് അന്തം വിട്ട് കാണേണ്ട സൃഷ്ടികളുടെ ലോകത്തേക്കാണ്. ഇത് ചാലൂക്യരുടെ കളിത്തൊട്ടില്‍ ആണേല്‍ മറ്റുള്ളവ മ്യാരകം ആണെന്ന് ഉറപ്പായി. പറഞ്ഞാല്‍ തീരില്ല കണ്ടാലും, അത്രയ്ക്കുണ്ട് ഐഹോളെയില്‍ തന്നെ... അവിടെ നിന്നിറങ്ങി അടുത്തുള്ളവയൊക്കെ കണ്ടുപിടിച്ച് കണ്ടു. മറ്റ് അമ്പലങ്ങളില്‍ കാഴ്ചക്കാരനായി ഞാന്‍ മാത്രേ ഉള്ളൂ. പിന്നെ ഓരോ സ്ഥലത്തും അവിടത്തെ പ്രാദേശിക ഗൈഡുകളും. എല്ലാം വിശാലമായി ആസ്വദിച്ച് കാണാം. കണ്ണില്‍ നിറയെ അദ്ഭുതമാണ്. ആരോട് പറയാന്‍? എങ്ങനെ പറയാന്‍? ഒറ്റക്കല്ലേ. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴില്‍ ഉള്ളവയെല്ലാം നല്ല വൃത്തി ആയി നോക്കുന്നുണ്ട്. ഉള്ളില്‍ കേറിയാല്‍ വേറെ എവിടെയോ ആണെന്നേ തോന്നൂ. *ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകള്‍ ഇല്ല, താമസിക്കാന്‍ ലോഡ്ജുകള്‍ ഇല്ല, വല്ലപ്പോഴും വരുന്ന കെ.എസ്.ആര്‍.ടി.സി, ഇതൊക്കെയാണ് അവസ്ഥ.

Chalukya 9

ഇനി മേഗുത്തി മല മുകളില്‍ ഉള്ള ജൈനക്ഷേത്രത്തിലേക്കാണ്. വഴിയൊന്നും ഇല്ല കണ്ട വഴിയിലൂടെ ഒക്കെ കേറി മുകളില്‍ എത്തി. കിടു കിടു... ഇതൊക്കെ എങ്ങനെ സാധിക്കണു... സമ്മതിക്കണം... ഇവിടെ നിന്ന് നോക്കിയാല്‍ 360 ഡിഗ്രീ വ്യൂ ആണ്. നല്ല കാറ്റും വേറെ ഒരൊറ്റ മനുഷ്യന്മാരില്ല ... അമ്പലത്തിനടുത്തേക്ക് ചെന്നപ്പോള്‍ അതാ വില്ലന്മാര്‍ 5,6 പട്ടികള്‍. പെട്ടല്ലോ ദൈവമേ, പെട്ടന്ന് പുറകിന്നൊരു പയ്യന്‍ ഓടി വന്ന് അതുങ്ങളെ ഓടിച്ചു... അവന്‍ ഒരു ചിരിയും പാസ്സാക്കി കന്നഡയില്‍ കഥ പറയാന്‍ തുടങ്ങി, ആദ്യമൊന്നും പിടികിട്ടിയില്ല. പിന്നെയാണ് അവന്‍ അവിടുത്തെ കുട്ടി ഗൈഡ് ആണെന്ന് മനസ്സിലായേ. ആള് പുലിയാണ്, ഭാവിയുണ്ട്. എന്നെ അമ്പലം ചുറ്റും നടന്ന് കാണിച്ച് എല്ലാം പറഞ്ഞു തന്നു.

Chalukya 10

പുലികേശി രണ്ടാമന്റെ സഭയിലെ കവിയായിരുന്ന രവികൃതി ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനമായൊരു ശിലാലേഖനമുള്ളത്. 'രവികൃതി ശിലാശാസനം' എന്ന് പ്രസിദ്ധമായ ചരിത്ര രേഖയാണിത്. ചാലൂക്യ വംശത്തിലെ എല്ലാ ചാലൂക്യ രാജാക്കന്മാരുടെയും പേരുകള്‍ ഈ ശിലാലിഖിതത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതവന്‍ കാണിച്ചു തന്നു. അവന്‍ വന്നില്ലായിരുന്നേല്‍ ഞാനിതൊന്നും അറിയില്ലായിരുന്നു.... അവന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. ഇന്ന് ലീവാണ്. മലമുകളില്‍ നിന്ന് അങ്ങ് ദൂരെയുള്ള അവന്റെ വീട് ചൂണ്ടി കാണിച്ചു തന്നു. അറിയാവുന്ന കന്നഡയില്‍ അവനോട് കുറെ കത്തി അടിച്ചു. ഞാന്‍ കയ്യിലുണ്ടായിരുന്ന ഒരു ആപ്പിളും 50 രൂപേം അവന് കൊടുത്തു. അപ്പോ അവന്റെ മുഖത്തു വിരിഞ്ഞ ആ ചിരി ഇപ്പളും മനസ്സിലുണ്ട്. മലയിറങ്ങി താഴെ എത്തിയപ്പോള്‍ അവന്റെ കയ്യിലെ രക്ഷാബന്ധന്‍ ഊരി എനിക്ക് കെട്ടിത്തന്നു.. നിഷ്‌കളങ്കമായ സ്‌നേഹം... ബസ്സ് വരുന്നതുവരെ കൂടെ നിന്ന് എന്നെ യാത്രയാക്കി....ഐഹോളെയോടും അവനോടും യാത്ര പറഞ്ഞ് നേരെ പട്ടടക്കലിലേക്ക്.

Chalukya 11

പട്ടടക്കല്‍

ഐഹോളെയില്‍ നിന്ന് 14 കി.മീ അകലെയാണ് പട്ടടക്കല്‍. ഒരുമണിക്ക് ഒരു ബസ്സുണ്ട്. ഒന്നരമണിക്കൂര്‍ കാത്തിരുന്നു കിട്ടിയ ബസ്സ്. 15 രൂപ ടിക്കറ്റ്, നല്ല തിരക്കാണ് ബസ്സില്‍. ബസ്സിറങ്ങി വയര്‍ നിറക്കാനുള്ള മാര്‍ഗം നോക്കി. എവിടെ, ഹോട്ടല്‍ ഒന്നും ഇല്ല. എന്തൊക്കെയോ കഴിച്ച് തല്‍ക്കാലം ആശ്വാസംമാക്കി. ഇനി മര്യാദക്ക് വല്ലതും കിട്ടണേല്‍ ബദാമി എത്തണം. 40 രൂപയാണ് എന്‍ട്രി ഫീ. യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലമാണ്. ആയില്ലെങ്കിലെ അദ്ഭുതമുള്ളൂ. വീണ്ടും കണ്ണുകള്‍ അന്തം വിടാന്‍ തുടങ്ങി... കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന സൗന്ദര്യം. ഏത് കോണില്‍ നിന്ന് എങ്ങനെ നോക്കിയാലും മാസ്സ്. ചാലൂക്യരുടെ മാസ്റ്റര്‍പീസ് ആയിരിക്കണം പട്ടടക്കല്‍. വാക്കുകളില്‍ ഒരിക്കലും ഉള്‍ക്കൊള്ളിക്കാന്‍ പറ്റില്ല. അതുകൊണ്ട് ചിത്രങ്ങള്‍ നോക്കുന്നതായിരിക്കും നല്ലത്. ചാലൂക്യ രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ഇവിടെ - പട്ടടക്കല്‍ വച്ചായിരുന്നു. ഈ ചടങ്ങിന് പട്ടബന്ധ മഹോത്സവം എന്നാണ് പറഞ്ഞിരുന്നത്. രാജകിരീടം - പട്ടം - നല്‍കിയിരുന്നതുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലം പട്ടടക്കല്‍ എന്നറിയപ്പെട്ടതത്രേ. ചാലൂക്യരാജാക്കന്മാരെല്ലാം ഏതെങ്കിലും യുദ്ധം ജയിച്ചാല്‍ ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുമായിരുന്നത്രേ. വിവിധ ശൈലികളാണ് പല ക്ഷേത്ര നിര്‍മാണങ്ങളിലും സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നതിന്റെ എത്രയോ ഇരട്ടി എണ്ണം ക്ഷേത്രങ്ങള്‍ ഈ സമുച്ചയത്തില്‍ ഉണ്ടായിരുന്നു. ചരിത്രം പറഞ്ഞാല്‍ തീരില്ല. അത്രക്കുണ്ടാവും ഈ മണ്ണിലെ കഥകള്‍. ദൂരെ മലപ്രഭാ നദിയുടെ തീരത്തിരുന്ന് കുറെ നേരം വെറുതെ നോക്കിയിരുന്നു ആ സൗന്ദര്യത്തെ. കാണേണ്ട കാഴ്ച്ച തന്നെയാണ്. സമയം 2.45. ഇനി നേരെ ബദാമിയിലേക്ക്.

Chalukya 12

ബദാമി

Chalukya 13പട്ടടക്കലില്‍ നിന്ന് 15 കി.മീ ഉണ്ട് ബദാമിയിലേക്ക്. 2.45 ഒരു ബസ്സ് കിട്ടി. ബദാമിയിലെത്തി നേരെ പോയത് ഹോട്ടലിലേക്കാണ്. വയറങ്ങട് നിറച്ചു... ഇനി ഭൂതനാഥ് ക്ഷേത്രത്തിലേക്കാണ്. വഴി കണ്ടുപിടിക്കണം, നല്ല പാടാണ്. ഇവിടുന്ന് നോക്കിയാല്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ കാണാം. അതും നോക്കി പോയാല്‍ എവിടെയെങ്കിലും ഒക്കെ എത്തും. പാറക്ക് ചുറ്റും അടുത്തടുത്ത് തിങ്ങി ഞെരുങ്ങി വീടുകളാണ്. ഒരു നൂറുവഴിയും ഒരു രക്ഷയും ഇല്ല. അവസാനം ഗൂഗിള്‍ ആശാനേ ശരണം... വഴി നിറച്ചും വൃത്തിയില്ലാത്ത കറുത്ത പന്നികളാണ്. ഈ നാട്ടിലെ വേസ്റ്റുകള്‍ മുഴുവനും ഇവന്മാര്‍ അകത്താക്കണേ... ഏതിലെയൊക്കെയോ പോയി അവസാനം പാറകളുടെ ചോട്ടിലെത്തി. അവിടൊരു മ്യുസിയം ഉണ്ട്. അത് കാണാനുള്ള സമയം ഇല്ല... മുമ്പോട്ട് ചെന്നപ്പോള്‍ അഗസ്ത്യ തടാകത്തിന്റെ ഒരു കരയില്‍ രാജാകിയ സൗന്ദര്യത്തോടെ നില്‍ക്കുന്ന ഭൂതനാഥ് അമ്പലവും ചുറ്റും മതിലുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചുവന്ന പാറക്കൂട്ടങ്ങളും. മനസ്സിനെ ഒരുപാട് വര്‍ഷം പുറകിലേക്ക് കൊണ്ടുപോയൊരു കാഴ്ച്ച. ശരിക്കും പുരാതന ഇന്ത്യയുടെ സുന്ദര ശേഷിപ്പുകളാണ് ബദാമിയും ഹംപിയുമൊക്കെ.

തടാകക്കരയില്‍ വേറെയും ഒരുപാട് അമ്പലങ്ങളുണ്ട്. ഇതിന്റെ മറുകരയിലാണ് ബദാമി ഗുഹകള്‍. ഇവിടുന്ന് നോക്കിയാല്‍ അതും കാണാം. വെള്ളം കുറവാണ്. Chalukya 14ഇവിടുത്തുകാര്‍ക്ക് തടാകത്തിന്റെ പടവുകള്‍ തുണി ഉണക്കിയെടുക്കാന്‍ പറ്റിയൊരിടമാണ്. ഭൂതനാഥ് ക്ഷേത്രത്തില്‍ ടിക്കറ്റിന്റെ ആവശ്യം ഇല്ല. അമ്പലം കിടുവാണ്. ഇങ്ങനെ വേണം അമ്പലങ്ങളായാല്‍. ആ ഒരു ഫീല്‍ ഒക്കെ കിട്ടണ്ടേ... തടാകക്കരയിലൂടെ നേരെ ഗുഹകളുടെ അടുത്തെത്തി. 25 രൂപ ടിക്കറ്റ്. കേറുമ്പോ സെല്‍ഫി സ്റ്റിക്ക് ഉണ്ടോന്ന് പ്രത്യേകം ചോദിക്കും. പാറേടെ മുകളില്‍ നിന്ന് സെല്‍ഫി എടുത്തപ്പോ ആരോ തീര്‍ന്നിട്ടുണ്ട്. അതുകൊണ്ട് അതവിടെ അനുവദനീയമല്ല...

ഈ ഗുഹാ ക്ഷേത്രങ്ങള്‍ മറ്റൊരു അത്ഭുതമാണ്. ഒരൊറ്റ പാറയില്‍ തീര്‍ത്ത 4 ക്ഷേത്രങ്ങള്‍. ഓരോന്നും ഓരോ പേരിലാണ്. ഈ സൃഷ്ടികളെയൊക്കെ എങ്ങനെയാണ് വിവരിക്കുക? ഉള്ളിലെ ഓരോ കാലുകളും ചുമരുകളും സീലിങ്ങുമെല്ലാം കൊത്തു പണികളാല്‍ സമ്പന്നമാണ്. അത്ഭുതമാണ്...കണ്ടറിയുക തന്നെ വേണം. ഗുഹക്കുള്ളിലെ ശിവ പ്രതിഷ്ഠ കണ്ടാല്‍ കിട്ടുന്നൊരു അനുഭൂതി അതൊന്ന് വേറെയാണ്. ഇവിടുന്ന് നോക്കിയാല്‍ തടാകക്കരയിലെ ഭൂതനാഥ് ക്ഷേത്രത്തിന്റെ മനോഹര കാഴ്ച കാണാം. ഇത് ചാലൂക്യര്‍ നമുക്കായി തീര്‍ത്ത കലയുടെ ലോകമാണ്. അഭിമാനിക്കാം ഇന്ത്യയുടെ കലാ പാരമ്പര്യത്തെ ഓര്‍ത്ത്. കഴിവുകളെ ഓര്‍ത്ത്. പൂര്‍വികരെ ഓര്‍ത്ത്...

Chalukya 14ഗുഹയുടെ താഴെവരെ വാഹനങ്ങള്‍ എത്തും പാര്‍ക്കിങ് ഫീ ഉണ്ട്. ബദാമിയില്‍ കാഴ്ച്ചകള്‍ ഏകദേശം കഴിഞ്ഞു. ഇനി നേരെ റൂമിലേക്ക്. നേരം എവിടെയൊക്കെയോ ഒരുപാട് പോയി. ഒന്ന് ഫ്രഷ് ആയി ബാഗും എടുത്ത് നേരെ ബസ്സ് സ്റ്റാന്റിലേക്ക്. ഗോല്‍ഗുംബെ ട്രെയിന്‍ വൈകിട്ട് ഏഴേ മുപ്പതിനും തിരിച്ചും ഉണ്ട്. അതിന് പോയാല്‍ ഹസ്സന്‍ എത്താന്‍ പാടാണ്. ബസ്സിന് കേറാന്‍ തീരുമാനിച്ചു. ബസ്സ് വന്നില്ല, ചതിച്ചതാ. സമയം ഏഴേ പതിനഞ്ച്. ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ ഇന്നിവിടെ കിടക്കാം. കിട്ടിയ ഓട്ടോയ്ക്ക് കേറി സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ ലേറ്റ് ആണ്. ഹാവൂ.. ഇന്ത്യന്‍ റെയില്‍വേയുടെ ഗുണങ്ങള്‍ ഇതൊക്കെ ആണ്. ടിക്കറ്റ് എടുത്തു സ്ലീപ്പര്‍ ഇല്ല, 135 രൂപക്ക് ലോക്കല്‍ ബദാമി - അര്‍സീകെര്‍ ഒമ്പത് മണിക്കൂര്‍.. അവിടുന്ന് ഹസന്‍ പിടിക്കണം. കണ്ടു തീരാത്ത ചാലുക്യ വിസ്മയങ്ങളോട് പറ്റിയാല്‍ ഇനിയും വരാമെന്നു പറഞ്ഞ് യാത്രയായി.

ഇനി ഹൊയ്‌സാലരുടെ വിസ്മയങ്ങളിലേക്കാണ്. സ്ലീപ്പറിലാണ് കേറിയത്. ടി.ടി.ആറിനേ കണ്ടു, സീറ്റില്ല ടിക്കറ്റിന്റെ ഇരട്ടി പൈസ കൊടുത്താല്‍ Chalukya 15നിലത്തിരിക്കാന്ന്... പിന്നെ വട്ടാണല്ലോ... നേരെ വിട്ടു ജനറലിലേക്ക്. മൊട്ടുസൂചി കുത്താന്‍ ഇടമില്ലന്ന് കേട്ടിട്ട് ഒള്ളു ഇപ്പൊ കണ്ടു...സന്തോഷായി ഇന്നത്തെ കാര്യം ഏകദേശം തീരുമാനമായി. ബാത്‌റൂമിന്റെ അടുത്ത് തിങ്ങി ഞെരുങ്ങി നിന്നും ഇരുന്നുമൊക്കെ ഒമ്പത് മണിക്കൂര്‍ തണുപ്പത്ത് കഴിച്ചു കൂട്ടി. രാവിലെ നാലേ മുപ്പതിന് അര്‍സീകെര്‍ എത്തി. അവിടുന്ന് അടുത്ത ട്രെയിനിന് നേരെ ഹസ്സനിലേക്ക്. 15 രൂപ ടിക്കറ്റെടുത്ത് അഞ്ച് മണിയുടെ പാസഞ്ചര്‍ ട്രെയിനിന് കേറിയാല്‍ ആറ് മണിക്ക് ഹസ്സന്‍ പിടിക്കാം. ഇന്നത്തെ കാഴ്ചകള്‍ ഹലേബിഡുവും ബേലൂരുമാണ്. ഹൊയ്‌സാല രാജവംശത്തിന്റെ നിര്‍മിതികളിലേക്ക്. ഹസ്സന്‍ റയില്‍വെ സ്റ്റേഷനിന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയാല്‍ ഇഷ്ട്ടം പോലെ ബസ്സുണ്ട് ഹലേബിഡുവിലേക്ക്. 33 രൂപ ടിക്കറ്റിന് ഹലേബിടു എത്താം. ബസ് സ്റ്റാന്റിന്റെ തൊട്ടടുത്ത് ഹലേബിടു പട്ടണത്തിനോട് ചേര്‍ന്നാണ് അമ്പലം. ഇന്നലെ പട്ടിണിയാണ് എന്തേലും കഴിച്ചിട്ടേ കാഴ്ചകളിലേക്ക് ഉള്ളു. ടിക്കറ്റ് ഒന്നും ഇല്ല, വല്യ തിരക്കും ഇല്ല. ഞാനാണെന്ന് തോന്നുന്നു പുറമെന്ന് വന്ന ആദ്യ സഞ്ചാരി. സമയം ഏഴേ മുപ്പത് ആയിട്ടേയുള്ളു. ദൂരേ നിന്ന് കണ്ടപ്പോഴേ മനസിലായി കാണാന്‍ പോകുന്നത് കല്ലില്‍ തീര്‍ത്ത അദ്ഭുതങ്ങളുടെ ലോകത്തേക്കാണെന്ന്.

ഹലേബിഡു

Chalukya 16ശില്പകലയുടെ വസന്ത കാലമായിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ഹൊയ്‌സാല രാജവംശത്തിന്റെ ആദ്യ തലസ്ഥാനം ആയിരുന്നു ഹലേബിഡു. മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഇവിടെ ആക്രമിക്കുകയും നഗരം മുഴുവന്‍ കെളളയടിക്കുകയും ചെയ്തു അതിനു ശേഷമാണ് ബേലൂര്‍ തലസ്ഥാനമായത്. ബേലൂര്‍ ക്ഷേത്രത്തിനേക്കാള്‍ ഇരട്ടി വലിപ്പമുള്ളതാണ് ഹലേബിഡു ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്ലാന്‍ നോക്കിയാല്‍ ഒരു നക്ഷത്ര ആകൃതിയാണ്. കറുത്ത കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളുടെ ലോകം.

ഹംപി കണ്ടപ്പോള്‍ പോയതിനെക്കാള്‍ ഒരു നൂറു കിളികള്‍ ഇവിടെ പറന്നു. കണ്ടയുടനെ എന്നെ നിശ്ശബ്ദനാക്കി. ഒന്നും പറയാനില്ല, കാരണം വാക്കുകള്‍Chalukya 17 ഉണ്ടാകില്ല ഇതിനെയൊന്നും വിവരിക്കാന്‍. അന്തംവിട്ട് കുന്തം പോലെ ഒരേ നിപ്പ്. ആസ്വദിച്ചു കണ്ടാല്‍ രണ്ട് ദിവസമെങ്കിലും വേണ്ടി വരും. ഓരോ ശിലകളേയും പഠിച്ച് കാണാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും..ബദാമിയും ഹെലേബീഡും രണ്ട് തട്ടിലാണ് അവിടെ ചുവന്ന കല്ലാണെങ്കില്‍ ഇവിടെ കറുപ്പാണ്. അവിടെ നിര്‍മിതികളാണെങ്കില്‍ ഇവിടെ ശില്‍പങ്ങളാണ്. അവിടെ വലിയ ശില്‍പങ്ങള്‍ ഇവിടെ സൂക്ഷമായ ചെറിയ ശില്‍പ്പങ്ങള്‍. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍. ഒരുപക്ഷേ താജ്മഹലിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ഈ സൃഷ്ടിയാണ്. ചുറ്റും നടന്ന് കാണുമ്പോളൊക്കെ ആ മനുഷ്യന്മാരെ കുറിച്ചായിരുന്നു ചിന്ത. ഇതിന്റെ ശില്പികള്‍, എങ്ങനെ ഇതൊക്കെ കഴിയുന്നു. കണ്ട് കണ്ട് തല വട്ടാവാന്‍ തുടങ്ങിയപ്പോ ഞാന്‍ നിര്‍ത്തി. തിരിച്ചു പുറത്തേക്ക് നടക്കുമ്പോളും ആ ആശ്ചര്യത്തില്‍ ആയിരുന്നു ഞാന്‍. ഒന്നൂടി വരും ഒരു ദിവസം മുഴുവന്‍ ഇതിനായി മാത്രം മാറ്റി വെച്ച്.

ഇനിയിപ്പോ ബേലൂര്‍ എന്താണാവോ സ്ഥിതി? ഹൊയ്‌സാലക്കാരല്ലേ ഇതൊക്കെ തന്നെ ആയിരിക്കണം. നേരെ ബസ്സ് സ്റ്റാന്‍ഡിലേക്ക് വിട്ടു. നിറച്ചും കോളേജ് പിള്ളേരാണ് ബസ്സ് വരുന്നവരെ കുറച്ച് വായ്‌നോട്ടം... ഒരു ബസ്സ് വന്നപ്പോളാണ് മനസ്സിലായെ പാട് പെടും എന്ന്. കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ആണ് പുലി എന്തോരും ബസ്സാ എല്ലാം നിറച്ചും ആളുകളും. ഇനി ഷെയര്‍ ഓട്ടോ പിടിക്കണം ബസ്റ്റാന്റിന്റെ പുറത്ത് തന്നെ ഉണ്ട്. ഓട്ടോയ്ക്ക് കേറി 15 രൂപക്ക് ബേലൂര്‍ എത്തി, അവിടെ ബസ്സ് സ്റ്റാന്റിന്റെ അടുത്ത് നിന്ന് ഒരു കിലോമീറ്റര്‍ നടക്കാനുണ്ട്, അത്യാവശ്യം വികസനവും തിരക്കുമുള്ള ടൗണ്‍ ആണ്. മഴ ചാറുന്നുണ്ടായിരുന്നു ചെറിയ മഴയും നനഞ്ഞ് അമ്പലത്തിലെത്തി.

ബേലൂര്‍

Chalukya 18അപ്പോള്‍ ഇതാണ് ബേലൂര്‍ ചെന്നകേശവ ക്ഷേത്രം. കവാടത്തില്‍ നിന്ന് കണ്ടപ്പോഴേ മനസിലായി ഇവിടെയും കുറെ കിളികള്‍ പോകുമെന്ന്... പൂജ നടക്കുന്ന അമ്പലമാണ്, അതുകൊണ്ട് ഇവിടെ കുറച്ച് ആളുകള്‍ ഉണ്ട്... ടിക്കറ്റ് ഒന്നും വേണ്ട, ചെരുപ്പ് ഊരി വെച്ച് ഉള്ളില്‍ കേറാം... സുന്ദരനായ വിഷ്ണു എന്നാണ് ചെന്നകേശവ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു കല്‍പ്രതിമ കൊടിമരത്തിന് കീഴെത്തന്നെയുണ്ട്. ഹോയ്‌സാല രാജാവായ വിഷ്ണുവര്‍ദ്ധനന്റെ മകന്‍ വിജയ നരസിംഹനും അദ്ദേഹത്തിന്റെ മകന്‍ വീരബല്ലാലയും അടക്കമുള്ള മൂന്ന് തലമുറകള്‍ 103 വര്‍ഷത്തോളമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തിയത്. വിഷ്ണുവിന്റെ അവതാരങ്ങളും ഹിന്ദുപുരാണങ്ങളിലെ മറ്റ് പ്രധാനരംഗങ്ങളും ദേവന്മാരുമൊക്കെയായി 10,000 ല്‍പ്പരം ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിന്റെ പുറം ചുമരുകള്‍ അലങ്കരിക്കുന്നു. യുനെസ്‌കോയുടെ പട്ടികയില്‍ ഉണ്ട് ഈ ക്ഷേത്രം. ഇത് ശരിക്കും മനുഷ്യ നിര്‍മിതിയാണോ അതോ വല്ല ദേവന്മാരും കൊണ്ട് വെച്ചതാണോയെന്ന് തോന്നിപ്പോകും.

ഹംപിയിലും ബദാമിയിലും ശില്‍പ്പങ്ങളുണ്ട് അവ മനോഹരവും ആണ്. പക്ഷേ ഹൊയ്‌സാലരുടേതിനോട് മത്സരിച്ചാല്‍ തോറ്റുപോകും. ഇവിടുത്തെChalukya 19 ശില്‍പ്പങ്ങള്‍ അദ്ഭുതങ്ങള്‍ ആണ്. ശില്‍പിയുടെ അപാര കഴിവ് ഇവിടുത്തെ ഓരോ ശില്‍പത്തിലും കാണാം. ചെറിയ ശില്‍പ്പങ്ങള്‍ ആണെങ്കിലും അതിലെ ഡീറ്റൈലിങ് പറയാതെ വയ്യ. അത്രക്ക് സൂക്ഷ്മതയോടെയാണ് ഇവിടുത്തെ ലക്ഷക്കണക്കിന് ശില്‍പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.. ഇതൊക്കെ എങ്ങനെ എന്ന ചോദ്യം വീണ്ടും വീണ്ടും മനസ്സില്‍ ചോദിച്ചുകൊണ്ടിരുന്നു.... 12 ആം നൂറ്റാണ്ടില്‍ ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ഹലെബിഡു. അന്നാണ് ഈ ക്ഷേത്രങ്ങള്‍ പണിതത്. അന്നത്തെ പേര് ദ്വാരസമുദ്ര. ഈ നഗരവും, ക്ഷേത്രങ്ങളും 14 -ആം നൂറ്റാണ്ടില്‍ മുസ്ലിം ആക്രമണത്തില്‍ തകര്‍ന്നതാണ്. അലാവുദീന്‍ ഖില്‍ജിയുടെ ജനറല്‍ ആയ മാലിക് കഫുര്‍ ആണ് ആ കടുംകൈ ചെയ്തത്...അതില്‍ ബാക്കിയുള്ളവയാണ് ഇതെല്ലാം...

Chalukya 20ഇത്രയും മനോഹര ശില്‍പ്പങ്ങള്‍ ലോകത്ത് വേറെവിടെയും ഉണ്ടാകില്ലയിരിക്കും... എന്നിട്ടും എന്തുകൊണ്ടാണ് നമ്മള്‍ ഇതൊന്നും കാണാതെ പോകുന്നത്? യാത്രയെ സ്‌നേഹിക്കുന്നവര്‍ ജീവിതത്തില്‍ ഒരിക്കേലെങ്കിലും പോകേണ്ട സ്ഥലമാണ് ഹൊയ്‌സാലരുടെ ഈ നാട്... ഒരു പക്ഷെ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രദനമായും ശ്രദ്ധിക്കപ്പേടേണ്ട ഒന്ന്... വളരെ കുറച്ചാളുകള്‍ മാത്രമേ ഇത് കാണാന്‍ എത്തുന്നു എന്നുള്ളതും സങ്കടകരമാണ്... കണ്ട് മതിയാകാതെ അമ്പലത്തിന് പുറത്തേക്കിറങ്ങി. ഉള്ളില്‍ ചെറിയൊരു വേദനയോട് കൂടി ഹൊയ്‌സാലരുടെ മണ്ണിലൂടെ നടന്ന് നീങ്ങി... കാഴ്ച്ചകള്‍ എല്ലാം കഴിഞ്ഞു. ഇനി നേരെ മൈസൂര്‍ വഴി വീട്ടിലേക്കാണ്...ഒരുപാടൊരുപാട് കാഴ്ച്ചകള്‍ ഉണ്ട് മനസ്സില്‍, മുഖങ്ങള്‍, ജീവിതങ്ങള്‍, വഴികള്‍, അനുഭവങ്ങള്‍, തിരിച്ചറിവുകള്‍...മരണം വരെ മനസ്സില്‍ മായാതെ സൂക്ഷിക്കാന്‍...

തനിച്ചുള്ള യാത്രയുടെ സുഖവും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞു... യാത്രയുടെ ദൂരത്തില്‍ അല്ല, ചെറുതാണെങ്കിലും ഓരോ യാത്രയിലും നമുക്ക് എന്ത് കിട്ടുന്നു എന്നതിലാണ് കാര്യം... ആരോ പറഞ്ഞ പോലെ.. 'ഓരോ യാത്രയും അനുഭവങ്ങളുടെ നിധി കുംഭമാണ്. വാര്‍ധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓര്‍മ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങള്‍ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്. അതുകൊണ്ട് ഈ ചോദ്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാം..എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ..?

Content Highlights: Halebidu Temple, Pattadakkal Travel, Belur Travel, Karnataka Tourists Destinations