'കാശ്മീരിലെ കാലാവസ്ഥയും മുംബൈയിലെ ഫാഷനും സ്ത്രീയുടെ മനസ്സും പ്രവചിക്കാന്‍ കഴിയില്ല എന്നാണ് ചൊല്ല്'... കാശ്മീരില്‍ നവംബറില്‍ മഞ്ഞു കാണാന്‍ കഴിയുമോ എന്ന  ചോദ്യത്തിന് സുഹൃത്ത് മുരളിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. നിമിഷങ്ങള്‍ കൊണ്ട് മാറിമറയുന്ന കാലാവസ്ഥ കാശ്മീരിന്റെ പ്രത്യേകതയാണ്. ചിലപ്പോള്‍ മഞ്ഞില്‍ കുളിച്ച്, മറ്റു ചിലപ്പോള്‍ പൂക്കളുടെ വസന്തം തീര്‍ത്ത് അവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാക്കുന്നു. ആ സ്വര്‍ഗ്ഗത്തിലും മരണത്തെ മുന്നില്‍ കാണുന്ന അപൂര്‍വ്വം നിമിഷങ്ങളും അവള്‍ സമ്മാനിക്കാറുണ്ട്.

തൂവല്‍ പോലെ പൊഴിയുന്ന മഞ്ഞിന്‍ കണങ്ങള്‍. ഹിമാലയസാനുക്കളില്‍ സഞ്ചാരികള്‍ക്ക് മഞ്ഞ് കാണാം. എന്നാല്‍ മഞ്ഞ് പൊഴിയുന്നത് കാണാന്‍ ഭാഗ്യവും കൂടി വേണം. അനുഭവസ്ഥരായ സഞ്ചാരി സുഹൃത്തുക്കളുടെ സാക്ഷ്യപ്പെടുത്തലുകള്‍. മഞ്ഞ് മോഹിച്ച്, പൊഴിയുന്ന മഞ്ഞിന്‍ കണങ്ങളെ കൈകുമ്പിള്‍ നീട്ടി സ്വീകരിക്കാന്‍ കൊതിച്ച് നടത്തിയ യാത്ര... കാശ്മീര്‍ യാത്രയുടെ ആദ്യദിവസംതന്നെ സോനാമാര്‍ഗ്ഗില്‍വച്ച് ആദ്യമായി മഞ്ഞുകണ്ടു.. മഞ്ഞുമലകള്‍ കണ്ടു. ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടു. ആദ്യത്തെ ആഗ്രഹം സഫലം.. എങ്കിലും മഞ്ഞു പൊഴിയുന്നതു കാണാനുള്ള ഭാഗ്യം അവിടെ ലഭിച്ചില്ല. അതുണ്ടായത് ഗുല്‍മാര്‍ഗില്‍ വച്ചായിരുന്നു. പാകിസ്ഥാനോടു ചേര്‍ന്നു കിടക്കുന്ന, സ്വാതന്ത്ര്യാനന്തരം പാകിസ്ഥാന്റെ കയ്യേറ്റത്തില്‍ നിന്ന് ഇന്ത്യയുടെ വീരന്‍മാരായ' സിക്ക് റെജിമെന്റ്'തിരിച്ചുപിടിച്ച സ്വര്‍ഗ്ഗഭൂമിയില്‍ വച്ച്.

Gulmarg 2

ശ്രീനഗറില്‍ നിന്ന് 49 കി.മി അകലെ സമുദ്രനിരപ്പില്‍ നിന്ന് 2690 മീറ്റര്‍ ഉയരത്തില്‍ ബാരമുള്ള ജില്ലയിലാണ് ഗുല്‍മാര്‍ഗ്. പീര്‍ പഞ്ചല്‍ പര്‍വ്വതനിരകളിലെ ഒരു കപ്പിന്റെ ആകൃതിയിലുള്ള താഴ്‌വരയിലാണ് ഗുല്‍മാര്‍ഗ് എന്ന സ്വര്‍ഗ്ഗം. ശിവപത്‌നിയായ ഗൗരിയുടെ നാമത്തില്‍  'ഗൗരിമാര്‍ഗ്' എന്നായിരുന്നു ഗുല്‍മാര്‍ഗ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ചാക് രാജവംശത്തിലെ രാജാവായ യൂസഫ് ഷാ ചാക് ആണ് ഗൗരിമാര്‍ഗിന് 'പൂക്കളുടെ പുല്‍മേട് ' എന്ന അര്‍ത്ഥം വരുന്ന ഗുല്‍മാര്‍ഗ് എന്ന പേരു നല്‍കിയത്. യൂസഫ്ഷായും രാജ്ഞി ഹബ്ബാ ഖത്തൂണും ഗുല്‍മാര്‍ഗിലെ സ്ഥിര സന്ദര്‍ശകര്‍ ആയിരുന്നു.  ശൈത്യകാലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയില്‍  മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം വസന്തകാലങ്ങളില്‍ പൂക്കളുടെ പറുദീസയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശ്യൈതകാല വിനോദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ആതിഥേയന്‍. ജഹാംഗീര്‍ തന്റെ ഉദ്യാനത്തിലേക്കായി ഇരുപത്തൊന്നിനം മനോഹരങ്ങളായ കാട്ടുപൂക്കള്‍ ഇവിടെ നിന്നാണ് ശേഖരിച്ചത് എന്ന് പറയപ്പെടുന്നു.

കാശ്മീര്‍ യാത്രയുടെ നാലാം ദിവസമാണ് ഗുല്‍മാര്‍ഗിലേക്ക് പോയത്. പ്രസന്നമായ പ്രഭാതം. സൂര്യന്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. ശ്രീനഗറില്‍ നിന്നും ഇന്നോവ ടാക്‌സി കാറിലായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ യാത്ര. ഉറക്കെ കാശ്മീരി ഭാഷയില്‍ സംസാരിക്കുന്ന റഹീം ഭായ് എന്ന ചെറുപ്പക്കാരന്‍ ഡ്രൈവര്‍. ഞങ്ങളുടെ കൂടെയുള്ള സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലും.. ശ്രീനഗറില്‍ നിന്നും  ഗുല്‍മാര്‍ഗിലേക്ക്  ഏകദേശം ഒരു മണിക്കൂറിനു മുകളില്‍ യാത്രയുണ്ട്. കുറച്ചു ദൂരെയായി ഹരിപര്‍ബ്ബത് ഫോര്‍ട്ടിനു മുകളില്‍  വലിയൊരു ഇന്ത്യന്‍ പതാക അഭിമാനത്തോടെ പാറിക്കളിക്കുന്നു. കാശ്മീരില്‍ ആദ്യമായി ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തില്‍, 2021 ആഗസ്റ്റ് 15 ന് ഉയര്‍ത്തിയ 100 അടി ഉയരമുള്ള ഇന്ത്യന്‍ പതാക. ഗുല്‍മാര്‍ഗിലേക്കുള്ള വഴിയില്‍ നിറയെ തോക്കുകളുമേന്തി ജാഗ്രതയോടെ നില്‍ക്കുന്ന ഇന്ത്യന്‍ ആര്‍മി ജവാന്‍മാര്‍ .. ഈ വീരന്‍മാരുടെ ജാഗ്രതയാണ് നമ്മുടെ ജീവന്‍.

Gulmarg 3

മുഷിഞ്ഞ നഗരകാഴ്ചകള്‍ മനോഹരങ്ങളായ ഗ്രാമ കാഴ്ചകള്‍ക്ക് വഴിമാറുകയാണ്.. കാശ്മീരിന്റെ ഐക്കണായ ചിനാര്‍മരങ്ങള്‍ മഞ്ഞ ചുവപ്പ് നിറങ്ങളില്‍ സഞ്ചാരികളെ വര്‍ണ്ണഭംഗികൊണ്ട് മോഹിപ്പിച്ച്  നില്‍ക്കുന്നു. വഴി നീളെ ഗോതമ്പുപാടങ്ങളും മറ്റു വിശാലമായ കൃഷിഭൂമികളും. ടൂറിസമാണ് കാശ്മീരിന്റെ പ്രധാന വരുമാനമെങ്കിലും ധാരാളം കൃഷിക്കാരും അവിടെയുണ്ട് എന്നു മനസ്സിലായി. മലഞ്ചെരിവുകളിലൂടെ വാഹനം മുന്നോട്ട് നീങ്ങുകയാണ്. മഞ്ഞു വീണു തുടങ്ങിയ താഴ്‌വാരങ്ങളില്‍ ജനജീവിതങ്ങള്‍ കണ്ടു. കുതിരകളാണ് കൂടുതലും കണ്ട മൃഗം. മരങ്ങളില്‍ അവയ്ക്കായി വൈക്കോല്‍ ശേഖരിച്ചു വച്ചിരിക്കുന്നതു കാണാന്‍ നല്ല ഭംഗിയാണ്. ദേവദാരു നിറഞ്ഞു നില്‍ക്കുന്ന മഞ്ഞുപുതച്ച മലഞ്ചെരിവുകള്‍. എങ്ങോട്ടു നോക്കിയാലും അതെല്ലാം സുന്ദരമായ ഫ്രെയിമുകളാണ്. അവസാനം താങ്ങ്മാര്‍ഗില്‍ എത്തിചേര്‍ന്നപ്പോള്‍ മഴ പെയ്യുകയായിരുന്നു.

താങ്ങ്മാര്‍ഗില്‍ നിന്നും പന്ത്രണ്ട് കി.മി ഹെയര്‍പിന്‍ പാതകളിലൂടെ മുകളിലേക്ക് കയറിവേണം ഗുല്‍മാര്‍ഗിലെത്താന്‍. 'താഴെ മഴയാണെങ്കില്‍ മുകളില്‍ മഞ്ഞുവീഴ്ചയുണ്ടാവും'. പരിചയസമ്പന്നനായ ഡ്രൈവര്‍ റഹീം ഭായ് പറഞ്ഞു. ധരിച്ചിരിക്കുന്ന ചൂടു വസ്ത്രങ്ങളുടെ മുകളില്‍ വലിയ കട്ടിയുള്ള കോട്ടുകളും കാല്‍മുട്ടോളമെത്തുന്ന ബൂട്ടുകളും കയ്യുറകളും ധരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഇതില്ലാതെ അവിടുത്തെ മഞ്ഞും തണുപ്പും പ്രതിരോധിക്കാന്‍ കഴിയില്ലത്രേ. ഇവയെല്ലാം താങ്ങ്മാര്‍ഗില്‍ വാടകയ്ക്ക് ലഭ്യമാണ്.

Gulmarg 4

മുകളിലേക്ക് വാഹനങ്ങള്‍ നീങ്ങി തുടങ്ങി. റോഡിലൂടെ ഇറങ്ങി വരുന്ന വാഹനങ്ങളുടെ മുകള്‍ഭാഗമെല്ലാം പൊടി മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നു. മുകളില്‍ മഞ്ഞുവീഴ്ചയുണ്ട്. ഉറപ്പായി. പൈന്‍, ഫിര്‍ വനങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് റോഡ് മുകളിലേക്ക് പോവുകയാണ്. പെട്ടന്നാണ് കാത്തിരുന്ന ആ കാഴ്ച. ഉപ്പു തരികള്‍ പോലെ പിന്നെ പഞ്ഞി പോലെ കാറിന്റെ ഗ്ലാസില്‍ മഞ്ഞുവീണു തുടങ്ങി. കാറിലെ സന്തോഷം കണ്ടപ്പോള്‍ ഡ്രൈവര്‍ ഒരല്പനേരം വാഹനം ഒതുക്കി നിര്‍ത്തി തന്നു. കാറില്‍ നിന്നിറങ്ങി മുകളിലേക്ക് നോക്കി കൈവിരിച്ച് നിന്നു. മുഖത്തും വസ്ത്രങ്ങളിലും പൊഴിഞ്ഞു വീഴുന്ന മഞ്ഞിന്‍ കണങ്ങള്‍. അവ ഉരുകുന്നില്ല. മൈനസ് ഡിഗ്രിയിലാണ് ഞങ്ങള്‍ നില്‍ക്കുന്നത് സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീണ്ടും മുകളിലേക്ക്. വശങ്ങളിലെ പുല്‍ചെടികള്‍ മഞ്ഞു പുതക്കാന്‍ തുടങ്ങിയിരിക്കുന്നു. ദേവദാരു മരങ്ങള്‍ മഞ്ഞുപൂക്കാനുള്ള തയ്യാറെടുപ്പിലും. ഇതാണ് കാശ്മീരിന്റെ സൗന്ദര്യം. അവസാനം ഗുല്‍മാഗിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുമ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമായിരുന്നു.

പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ഗുല്‍മാഗിന്റെ പ്രധാന ആകര്‍ഷണമായ ഗൊണ്ടോളയിലേക്ക് പോകാനുള്ള കേബിള്‍ കാറിനടുത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ തന്നെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള്‍ കാര്‍ പ്രോജക്റ്റ് ആണ് ഗുല്‍മാഗ് ഗൊണ്ടോള. 1998 ല്‍ ഉദ്ഘാടനം കഴിഞ്ഞ ഒന്നാം ഘട്ടം 8530 അടി ഉയരത്തിലാണ.് 2005ല്‍ പണി പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ടം 12293 അടി ഉയരത്തിലും. അഫര്‍വത് പര്‍വ്വതത്തിന്റെ  മുകള്‍ഭാഗത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നാല്‍ കാണാന്‍ കഴിയും. വായുവില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ രണ്ടാം ഘട്ടത്തിലേക്ക് പോകാതിരിക്കുന്നതാണ് അഭികാമ്യം. 2011 ല്‍ ഉദ്ഘാടനം ചെയ്ത മൂന്നാം ഘട്ടത്തില്‍ ചെയര്‍ ലിഫ്റ്റിംഗ് സംവിധാനമാണ് ഉള്ളത് .

Gulmarg 5

പാര്‍ക്കിംഗ് ഏരിയയില്‍ ധാരാളം വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. കുതിരകളും ഐസിലൂടെ ഓടുന്ന മോട്ടോര്‍കാറുകളും വാടകയ്ക്ക് ലഭ്യമാണെങ്കിലും മഞ്ഞുപെയ്യുന്ന ആ നിമിഷങ്ങളുടെ നിര്‍വൃതി നടന്നുനുകരാന്‍ തന്നെ നിശ്ചയിച്ചു. വസ്ത്രങ്ങളുടെ ബലത്തില്‍ തണുപ്പ് അറിയുന്നേയില്ല. ധാരാളം കടകളും ഹോട്ടലുകളും അവിടെയുണ്ട്.. കുറച്ചു മാറി റൈഡര്‍മാരുടെ ബുള്ളറ്റുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. അവയിലെല്ലാം മഞ്ഞ് പൂത്തിരിക്കുന്നു. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഏതോ സൈബീരിയന്‍ ഗ്രാമങ്ങളില്‍ എത്തിയ പ്രതീതി. കുറച്ചു ദൂരെയായി  കുന്നിന്‍ മുകളില്‍ മഞ്ഞില്‍ കുളിച്ച് ഡോഗ്ര രാജനിര്‍മ്മിതിയായ മഹാറാണി ക്ഷേത്രം കാണാം. മഹാരാജാ ഹരിസിംഗ് തന്റെ ഭാര്യ മോഹിനിബായ് സിസോദിയക്ക് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ ശിവക്ഷേത്രമാണ് അത്. ഗുല്‍മാഗിന്റെ ഏതു കോണില്‍ നിന്നു നോക്കിയാലും ക്ഷേത്രം കാണാന്‍ കഴിയും.

പഞ്ഞി കണക്കേ ശക്തമായി പൊഴിയുന്ന മഞ്ഞ് നമ്മളെയും പൊതിയുകയാണ്. യാത്രാ സാഫല്യ നിമിഷങ്ങളാണ്. ആസ്വദിച്ച് നടന്നു. കനത്ത മഞ്ഞുവീഴ്ച കാരണം ഗൊണ്ടോള സെക്കന്റ് ഫെയ്‌സിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല എന്നറിഞ്ഞു. അല്പം നിരാശ തോന്നാതിരുന്നില്ല. കേബിള്‍ കാറിന്റെ  ടിക്കറ്റെടുത്ത് ചെല്ലുമ്പോള്‍ അകത്ത് നീണ്ട ക്യൂവാണ്. ജാലകങ്ങളിലെ ചില്ലുകളിലൂടെ മഞ്ഞുവീഴ്ച ശക്തിപ്പെടുന്നത് നോക്കി നിന്നു. ആറു പേര്‍ക്ക് സുഖമായി കേബിള്‍ കാറിനകത്തിരിക്കാം. 3080 മീറ്റര്‍ മുകളിലുള്ള കോംഗ്‌ദോരിയാണ് ആദ്യഘട്ടം. കാശ്മീരിലെ അറിയാതെ ഒളിഞ്ഞു കിടന്ന വജ്രമായിരുന്നു ഗുല്‍മാര്‍ഗ് കോംഗ്‌ദോരി. കേബിള്‍ക്കാര്‍ വന്നതോടെ സാധാരണക്കാര്‍ക്ക് പോലും അത് പ്രാപ്തമായി. മഞ്ഞുമലകള്‍ക്ക് സമാന്തമായി ഇരുമ്പുകമ്പികളില്‍ തൂങ്ങി കേബിള്‍കാര്‍ മുകളിലേക്ക് കയറിത്തുടങ്ങി. ചില്ലുജാലകത്തിലൂടെ താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വര്‍ണ്ണനാതീതമാണ്. മഞ്ഞുപുതച്ചു നില്‍ക്കുന്ന ദേവദാരു മരങ്ങള്‍. ആട്ടിടയരുടെ വീടുകള്‍ മുക്കാല്‍ ഭാഗവും മഞ്ഞ് മൂടിക്കഴിഞ്ഞിരിക്കുന്നു. ശൈത്യകാലത്ത് അവര്‍ വേറേ സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. മഞ്ഞിന്റെ ഭാരം താങ്ങാന്‍ കഴിയാതെ പലയിടത്തും വൃക്ഷചില്ലകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. ഏകദേശം രണ്ടര കിലോമീറ്റര്‍ കുത്തനെ തന്നെ മുകളിലേക്കുള്ള യാത്രയാണ്. സമയം കടന്നുപോയതറിയാതെ പെട്ടന്ന് എത്തിയത് പോലെ.

Gulmarg 6

പറഞ്ഞു കേട്ടിരുന്ന പോലെ കോംഗ്‌ദോരിയൊരു വജ്രം പോലെ തന്നെ മനോഹരമായിരുന്നു. ധാരാളം സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. പലയിടത്തും മുട്ടുവരെ മഞ്ഞില്‍ താഴ്ന്നു പോകുന്ന അനുഭവം. ഉറച്ച മഞ്ഞില്‍ ആളുകളുടെ ആഹ്ലാദ പ്രകടനങ്ങള്‍. കാവയും ചോക്ലേറ്റുകളുമായി നടന്നു കച്ചവടം നടത്തുന്നവര്‍. ചൂടുള്ള കാവ തൊണ്ടയിലൂടെ ഇറങ്ങുമ്പോഴുള്ള ആ ഒരു സുഖം. ഒരു കുഞ്ഞു കപ്പിന് 60 രൂപ കൊടുത്തത് നഷ്ടമല്ല. കഠിനമായ തണുപ്പ് മൈനസ് ആറു ഡിഗ്രിയിലാണ് നില്‍ക്കുന്നത്. മഞ്ഞുവീഴ്ച വീണ്ടും ശക്തിപ്രാപിക്കുകയാണ്. കൈനീട്ടി ആവോളം മഞ്ഞ് പിടിച്ചു. കൈകളില്‍ വീഴുന്ന മഞ്ഞു തരികള്‍ക്ക് പൂപോലെയുള്ള ആകൃതി. കുട്ടികള്‍ മഞ്ഞു മനുഷ്യനെ ഉണ്ടാക്കുന്നു. മുതിര്‍ന്നവരും കുട്ടികളായി മഞ്ഞുവാരി കളിക്കുന്നു. ചിലര്‍ പിന്നേയും മലഞ്ചരിവിലൂടെ  ഉയരത്തിലേക്ക് കയറാനുള്ള ശ്രമത്തില്‍. ആഘോഷമാണ്. സഞ്ചാരികളുടെ ബാഹുല്യംമൂലം പ്രകൃതിലോലപ്രദേശമായ ഗൊണ്ടോളക്ക് കോട്ടം തട്ടുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരെ കാണാന്‍ പോലും പറ്റാത്ത വിധം മഞ്ഞുവീഴ്ച ശക്തമായപ്പോള്‍ താഴേക്ക് ഇറങ്ങി.

കേബിള്‍ കാറില്‍ നിന്നിറങ്ങി താഴേക്ക് നടന്ന ഞങ്ങള്‍ ഒരല്പം നടുക്കത്തോടെയും അതിലേറേ അത്ഭുതത്തോടെയുമാണ് ചുറ്റും കണ്ടത്. പോകുമ്പോള്‍ കണ്ട സ്ഥലമേയല്ല തിരിച്ചെത്തിയപ്പോള്‍. എങ്ങും മഞ്ഞ്. ശക്തമായി പൊഴിച്ചില്‍ തുടരുന്നു. എത്രയും പെട്ടന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശം കിട്ടി. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും കുട്ടികളെയും വണ്ടിയില്‍ അയച്ചു. ഞങ്ങള്‍ വേഗം നടക്കാന്‍ തുടങ്ങി. വീണ്ടും ഒരു കിലോമീറ്റര്‍ മഞ്ഞ് പൊഴിയുന്നതിലൂടെ നടക്കുന്നതിലുള്ള സന്തോഷത്തിനുപരി ചെറിയൊരു ആശങ്ക മനസ്സില്‍ കയറി തുടങ്ങി. അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന റൈഡര്‍മാരുടെ ബുള്ളറ്റുകള്‍ മുക്കാല്‍ ഭാഗവും മഞ്ഞില്‍ മൂടി കഴിഞ്ഞു. ഇനിയത് എടുക്കാന്‍ എളുപ്പമല്ല. പോകുമ്പോള്‍ വഴിയില്‍ കണ്ട പല കാഴ്ചകളും മഞ്ഞില്‍ മൂടിപ്പോയിരിക്കുന്നു.

Gulmarg 7

വേഗം ഭക്ഷണം കഴിച്ചിറങ്ങണം. മഞ്ഞുവീഴ്ച കാരണം റോഡ് അടയ്ക്കാന്‍ പോവുകയാണ്. എത്രയും പെട്ടന്ന് മലയിറങ്ങി താഴേക്കെത്തണം. ഗ്രൂപ്പ് ലീഡര്‍ മുരളി അറിയിച്ചു. കടകളെല്ലാം അവയുടെ മുന്നില്‍ കച്ചവടത്തിനായി നിരത്തിയിരുന്ന വസ്തുക്കള്‍ ഉള്ളിലേക്ക് കയറ്റി അടക്കാന്‍ തുടങ്ങുന്നു. തിക്കും തിരക്കും കാരണം റോഡ് ബ്ലോക്കായി തുടങ്ങി. പെട്ടന്നാണ് തുടരെ തുടരെ രണ്ട് കുതിരകള്‍ റോഡില്‍ വഴുക്കി വീഴുന്നത് കണ്ടത്. റോഡില്‍ നടക്കുന്ന ആളുകളും തെന്നി വീഴുന്നു. സംഭവത്തിന്റെ ഗൗരവം അതോടെ മനസ്സിലായി. ഈ വഴുക്കുന്ന റോഡിലൂടെ താഴേയ്ക്ക് ഇറങ്ങല്‍ അപകടകരമാണ്. വാഹനങ്ങള്‍ തെന്നി ഒഴുകി ആഴങ്ങളിലുള്ള താഴ്‌വാരങ്ങളിലേക്ക് വീണു പോയേക്കാം.

ഭക്ഷണം കഴിക്കാന്‍ വേഗം ഹോട്ടലിലേക്ക് നടന്നു. ഹോട്ടലിലേക്ക് കാലെടുത്തു വച്ചതും തലയിലേക്ക് ശക്തമായി എന്തോ വന്നുവീണ് ചിതറിത്തെറിച്ചു. പെട്ടന്നുണ്ടായ ഷോക്കില്‍ നിന്ന് മോചനം കിട്ടിയപ്പോഴാണ് ഹോട്ടല്‍ മേഞ്ഞിരിക്കുന്ന ഷീറ്റില്‍ നിന്ന് മഞ്ഞുകട്ട നിരങ്ങി താഴേക്ക് വീണതാണെന്ന് മനസ്സിലായത്. ശക്തമായി തലയില്‍ അടി കിട്ടിയ പോലെ. തലതരിച്ചു പോയി. ഹോട്ടലിനുള്ളില്‍ കയറി ഇരുന്ന് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് സമനില വീണ്ടെടുത്തത്. ചൂടു ലഭിക്കാന്‍ ഉള്ള ഹീറ്ററുകള്‍ വച്ചിട്ടുള്ളതിനാല്‍ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുന്നില്ല. സ്‌പെഷ്യല്‍ കാശ്മീര്‍ ബിരിയാണിയും കഴിച്ച് പെട്ടന്ന് പുറത്തിറങ്ങി. സഞ്ചരിച്ച കാര്‍ കണ്ടുപിടിക്കലായിരുന്നു അടുത്ത കടമ്പ. മഞ്ഞുമൂടിയ കാറുകള്‍ എല്ലാം ഒരു പോലെ. പേരെഴുതിയ ചില്ലുകള്‍ പോലും മഞ്ഞില്‍ മൂടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ കയറിയവണ്ടിയുടെ നമ്പര്‍ നോക്കാനും മറന്നു പോയിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കള്‍ വന്നിരുന്ന മിനി ബസ്സ്  മഞ്ഞില്‍ താണു എന്നു കേട്ടു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഡ്രൈവര്‍ ഓടി വന്നു. മഞ്ഞുമൂടിയപ്പോള്‍ കാര്‍ റോഡിലേക്ക് കയറ്റിയിട്ടിട്ടുണ്ടത്രെ. വൈപ്പറിനു പോലും ചില്ലിലെ മഞ്ഞ് തുടച്ചെടുക്കാന്‍ കഴിയുന്നില്ല. അത്രക്ക് കനത്തിലാണ് ഗ്ലാസില്‍ മഞ്ഞ് വീണ് നിറഞ്ഞിരിക്കുന്നത്. മഞ്ഞില്‍ താണുപോയി എന്നു കേട്ട ബസ്സും ഒരു കണക്കിന് എങ്ങനയോ റോഡില്‍ ഞങ്ങളുടെ പിറകിലെത്തി. റോഡ് മുഴുവന്‍ ബ്ലോക്ക്.  ഒരിഞ്ചുപോലും വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിയുന്നില്ല.

Gulmarg 8

ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ബ്ലോക്കില്‍ ഒരേ കിടപ്പ്. എന്തു ചെയ്യും എന്നറിയാതെ ഭീതിദായകമായ അന്തരീക്ഷം. ഉച്ചക്ക്  താഴേക്കിറങ്ങിയ രണ്ട് കാറുകള്‍ റോഡിലെ മഞ്ഞില്‍ വഴുതി താഴ്‌വാരത്തിലേക്ക് വീണു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്തയും ഞങ്ങളെ തേടിയെത്തി. യാത്രികര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ആണെത്രേ. പട്ടാളക്കാര്‍ വന്ന് റോഡ് ബ്ലോക്ക് ചെയ്ത് റോഡിലെ മഞ്ഞുനീക്കുകയാണ്. അതാണ് വാഹനങ്ങള്‍ അനങ്ങാത്തതിന്റെ കാരണം.

മഞ്ഞുവീഴുന്ന രാജ്യങ്ങളില്‍ ശൈത്യകാലത്ത് വിന്റര്‍ ടയറുകളാണ് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നു കേട്ടിട്ടുണ്ട്. ഇവിടെ റോഡില്‍ ഗ്രിപ്പ് കിട്ടാനായി ബ്ലോക്കില്‍ കിടക്കുന്ന വാഹനങ്ങളുടെ ടയറിലെ വായു ഡ്രൈവര്‍മാര്‍ അഴിച്ചു കളയുന്നുണ്ട്. ചിലര്‍ ടയറില്‍ വള്ളി കെട്ടുന്നു. ചങ്ങല പോലെ എന്തോ ചുറ്റുന്നുമുണ്ട്. ഞങ്ങളുടെ വണ്ടിയുടെ ടയറിന്റെ കുറച്ചുകാറ്റും റഹീംഭായ് തുറന്നു വിട്ടിരുന്നു. വണ്ടികള്‍ അനങ്ങുന്ന ലക്ഷണം കണ്ടുതുടങ്ങി. മുന്നിലുള്ള കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നീങ്ങാന്‍ നോക്കിയപ്പോള്‍ വശത്തേയ്ക്ക് തെന്നി പോകുന്നത് കണ്ടു. കുറെ ആളുകള്‍ ചേര്‍ന്ന് കാറിനെ പിടിച്ചുനിര്‍ത്തി. വീണ്ടും പേടികൊണ്ട് ശരീരത്തില്‍ തരിപ്പ് പടര്‍ന്നു. ഒരിഞ്ചുപോലും മുന്നോട്ടു പോവാന്‍ ആ കാറിന് കഴിയുന്നില്ല. ക്ഷമയോടെ റഹീം ഭായി ഞങ്ങളുടെ കാറുമായി പിന്നിലും. ഒരുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെംബോ ട്രാവലര്‍ പെട്ടന്ന് റോഡിലേക്ക് കയറി. നോക്കി നില്‍ക്കുമ്പോള്‍ മഞ്ഞില്‍ തെന്നി ബ്രേക്ക് കിട്ടാതെ നേരേ ഞങ്ങളുടെ നേരേ ഒഴുകി വരികയാണ്. പെട്ടന്ന് ആരെല്ലാമോ ചേര്‍ന്ന് തള്ളുന്നത് കണ്ടു. പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞ് ബാലന്‍സ് കിട്ടാതെ റോഡ് സൈഡിലെ ചെറിയ കാനയിലേക്ക് ചാടി വണ്ടി നിശ്ചലമായി. ഇനിയവിടുന്ന് കയറല്‍ എളുപ്പമല്ല.

Gulmarg 9

ഇനി ഞങ്ങളുടെ വണ്ടിയുടെ ഊഴമാണ്.. റഹീം ഭായ് നിരക്കി നിരക്കി വണ്ടി താഴേക്ക് ഇറക്കുകയാണ്. പിന്നില്‍ എങ്ങനെയോ വീണ്ടും വഴി ബ്ലോക്കായി. കൂടെ ആരും ഇറങ്ങുന്നില്ല. മുന്നില്‍ ഇറങ്ങിയ വണ്ടികള്‍ കുറെ ദൂരം പിന്നിട്ടു കാണും. എങ്ങും വിജനത മാത്രം. ഇരുട്ടിനും കട്ടി കൂടിയിരിക്കുന്നു. ഹെഡ്‌ലെറ്റ് തെളിച്ച് കാര്‍ അരിച്ചരിച്ച് ഇറങ്ങുകയാണ്. അപകടത്തില്‍പെട്ടാല്‍ പോലും ഒരാള്‍ അറിയില്ല. മണിക്കൂറില്‍ 5 കി.മിനുള്ളിലാണ് വണ്ടിയുടെ വേഗത. റോഡിന്റെ വശങ്ങളിലെ കാഴ്ചകള്‍ ആകെ മാറിയിരിക്കുന്നു. എങ്ങും മഞ്ഞ് മാത്രം. എല്ലാം മൂടപ്പെട്ടിരിക്കുന്നു. ആദ്യമായി മഞ്ഞു കാണുമ്പോള്‍ ഭീതി തോന്നി തുടങ്ങി. എത്രയും വേഗം താങ്ങ്മാര്‍ഗിലെത്താന്‍ മനസ്സ് കൊതിച്ചു. പ്രാര്‍ത്ഥിച്ചു.

വലിയൊരു ഹെയര്‍പിന്‍ വളവ് തിരിഞ്ഞതും ഒരു വലിയ ലോറി മഞ്ഞില്‍ തെന്നി വശത്തെ കാനയിലേക്ക് വീണു കിടക്കുന്നതു കണ്ടു. റോഡിന്റെ മുക്കാല്‍ ഭാഗത്തോളം വണ്ടി അപഹരിച്ചിരിക്കുകയാണ്. കൊക്കയുടെ സമീപത്തെ അല്പം സ്ഥലത്തു കൂടി വേണം മുന്നോട്ട് പോകാന്‍. റഹീം ഭായ് സൂക്ഷ്മതയോടെ കാര്‍ മുന്നോട്ടെടുത്തു. ലോറിയെ കടന്ന് മുന്നോട്ടു നീങ്ങിയ കാര്‍ പെട്ടന്ന് തെന്നിനീങ്ങി. കൈവരികള്‍ പോലുമില്ലാത്ത കൊക്കയിലേക്ക് കാര്‍ ഒഴുകുകയായാണ്. 'ഹേ അള്ളാ  ' ഭായിയുടെ ഉറക്കെയുള്ള വിലാപസ്വരം. എല്ലാം അവസാനിച്ചു എന്നു തന്നെ കരുതി കണ്ണുകള്‍ അടച്ചു.  ഈശ്വരന്‍ വന്ന് താങ്ങിയത്‌പോലെ കാര്‍ പെട്ടന്ന് നിന്നു. സഹായിക്കാന്‍ സമീപത്തെങ്ങും ആരും ഇല്ല. ചുറ്റും കൂരാക്കുരിരുട്ടു മാത്രം. അല്പംനിമിഷം കഴിഞ്ഞ് മനോനില വീണ്ടെടുത്ത് ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി. നാലുടയറുകളിലെ വായു അല്പംകൂടി തുറന്നുവിട്ടു. തിരിച്ചുകയറി ഈശ്വരനെ പ്രാര്‍ത്ഥിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഭയം കൊണ്ട് വിറക്കുന്ന പോലെ. ഇത്തവണ കുഴപ്പമില്ലാതെ കാര്‍ ഇഴയാന്‍ തുടങ്ങി.. താഴേക്ക്..

Gulmarg 10

പെട്ടന്ന് പിന്നില്‍ നിന്നും വല്ലാത്ത ഹോണ്‍. ബ്ലോക്കില്‍ നിന്ന് വരുന്ന ഒരു ജീപ്പാണ്. രാത്രിയില്‍ എപ്പോള്‍ താഴെ വീഴും എന്നറിയാതെ അരിച്ചിറങ്ങുന്ന വാഹനത്തിനോട് ഒരു സഹതാപവും കാണിക്കാതെ വഴിമാറാനുള്ള സമയം പോലും നല്‍കാതെ ചങ്ങല ചുറ്റിയ ടയര്‍ ഉള്ള അഹങ്കാരത്തില്‍ തിക്കും തിരക്കും കൂട്ടി ഇറങ്ങി പോകുന്ന അവരോട് പുച്ഛം തോന്നി.അല്പം കൂടി മുന്നോട്ട് ചെന്നപ്പോള്‍ ചെകുത്തായ ഒരു വളവില്‍ തെറ്റായ വശത്ത് ജീപ്പ് പാര്‍ക്ക് ചെയ്ത് അവര്‍ ഇറങ്ങി നടക്കുന്നത് കണ്ടു. മുന്‍പ് നേരിട്ട  അതേ പ്രശ്‌നം. റഹീംഭായ് ഉറക്കെ  അവരെ ചീത്തവിളിച്ചെങ്കിലും അവരുടെ സംസാരത്തില്‍ നിന്ന് മദ്യപിച്ചാണ് വരുന്നതെന്ന് മനസ്സിലായി. കയറ്റം കയറി വരുന്ന വേറേ വാഹനങ്ങള്‍. റോഡ് വീണ്ടും ബ്ലോക്കാവുകയാണ്.  പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ ഞങ്ങളുടെ ഡ്രൈവര്‍ വീണ്ടും റിസ്‌കെടുത്ത് ഗര്‍ത്തത്തിനരികിലൂടെ കാര്‍ മുന്നോട്ടെടുത്തു. ഇപ്രാവശ്യം കാര്‍ പ്രശ്‌നമില്ലാതെ മുന്നോട്ട് നീങ്ങി. കുറച്ചു ദൂരം കൂടി നിരങ്ങിയിറങ്ങി..എത്ര ഇറങ്ങിയിട്ടും താഴെ എത്താത്തതു പോലെ. പെട്ടന്ന് മദ്യപന്‍മാരുടെ ജീപ്പ് വേഗത്തില്‍ വന്ന് അശ്രദ്ധമായി ഞങ്ങളുടെ വണ്ടിയെ മറികടന്നു. കൂട്ടിമുട്ടാതിരിക്കാന്‍ റഹീം ഭായ് കാര്‍ ഒരു വശത്തേക്ക് നീക്കിയതും കാര്‍ വീണ്ടും ബാലന്‍സില്ലാതെ തെന്നി നീങ്ങി ഒഴുകാന്‍ തുടങ്ങി. ഹേ അള്ളാ... വീണ്ടും ഡ്രൈവറുടെ ഉറക്കെയുള്ള സ്വരം. കാര്യങ്ങള്‍ വീണ്ടും കൈവിട്ട് പോവുകയാണ്. ഈശ്വരന്‍ പിന്നെയും കാത്തു. നിയന്ത്രണം ലഭിച്ച കാര്‍ അല്പസമയം നിര്‍ത്തിയിട്ട് സമനില വീണ്ടെടുത്ത ശേഷമാണ് റഹീം ഭായ് പിന്നീട് ഓടിച്ചത്. എല്ലാം ഈശ്വരനു വിട്ടുകൊടുത്ത് ജീവച്ഛവങ്ങളായി കൂടെ ഞങ്ങളും..

Gulmarg 11

പുറമേ മഞ്ഞിന്റെ കനം കുറയുന്നത് സന്തോഷത്തോടെയാണ് കണ്ടത്. വശങ്ങളില്‍ മഞ്ഞിനിടയില്‍ പച്ച പുല്‍നാമ്പുകള്‍ കണ്ടു തുടങ്ങുന്നു. വാഹനത്തിന്റെ വേഗത കൂടി തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ ശരിയായി എന്ന സൂചനയായി. പിന്നീട് കാര്‍ താങ്ങ്മാര്‍ഗിലേക്ക് പറക്കുകയായിരുന്നു. താങ്ങ്മാര്‍ഗില്‍ എത്തിയിട്ടും ജീവന്‍ തിരിച്ചു കിട്ടിയത് വിശ്വസിക്കാന്‍ പ്രയാസം. ഞങ്ങള്‍ എത്തിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് സുഹൃത്തുക്കളുടെ മിനിബസ് എത്തിയത്. അവരെല്ലാം ആഹ്ലാദത്തിലാണ്. വലിയ വാഹനം ആയതിനാല്‍ റോഡിലെ പ്രശ്‌നം അവര്‍ അറിഞ്ഞിട്ടില്ല. ഭൂമിയിലെ സ്വര്‍ഗത്തിന്റെ അപൂര്‍വ്വമായി കാണുന്ന മറ്റൊരു മുഖവും ഞങ്ങള്‍ കണ്ടിരിക്കുന്നു. എങ്കിലും നല്ല ഓര്‍മ്മകള്‍ കൊണ്ട് മാത്രം മനസ്സുനിറച്ചു. താഴേക്ക് ഇറങ്ങി വരുന്ന വാഹനങ്ങളുടെ മുകള്‍ ഭാഗം മഞ്ഞുനിറഞ്ഞ് പെണ്ണുങ്ങള്‍ മുല്ലപ്പൂ ചൂടിയതു പോലെ തോന്നിച്ചു. റോഡില്‍ വാഹനങ്ങളിലെ ടയറിലെ കെട്ടുകളും ചങ്ങലകളും അഴിച്ചു മാറ്റുന്നവരുടെ തിരക്ക്. ശ്രീനഗറിലേക്ക് തിരിച്ചുപോകുമ്പോള്‍ ശാന്തമായി ഉറങ്ങി. ദാല്‍ തടാകത്തില്‍ ഞങ്ങളെ കാത്ത് കിടക്കുന്ന ശിക്കാരകളെ സ്വപ്നം കണ്ടുകൊണ്ടുള്ള ശാന്തമായ നിദ്ര.

Content Highlights: gulmarg travel, snowfall in gulmarg, women travel, adventure trip to gulmarg