ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പുകൾ - 15

ചെങ്കുത്തായ കൂറ്റൻ മലനിരകൾ ഞങ്ങൾക്ക് മുന്നിൽ ദൃശ്യമായിത്തുടങ്ങി. നമ്മുടെ നാട്ടിലെ മലനിരകൾ പോലെയല്ല ഇവ. പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ കൂടുതൽ അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. അങ്ങ് ദൂരെ മലകൾക്കു മുകളിൽ അരഞ്ഞാണം പോലെ ലോകമഹാദ്ഭുതങ്ങളിലൊന്നായ വൻമതിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. 

മതിൽ നിർമ്മാണത്തിൽ വൈദഗ്ധ്യം ഉണ്ടായിരുന്ന പ്രാചീന ചൈനക്കാർ ബി. സി. എട്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയിൽ മതിൽ നിർമ്മാണം ആരംഭിച്ചിരുന്നു. പുരാതന ചൈനയിലെ തമ്മിലടിച്ചുകൊണ്ടിരുന്ന സ്റ്റേറ്റുകൾ ആയിരുന്ന ക്വിൻ, വെയ്, ഴ്‌വോ, ക്വി, ഹാൻ, യാൻ, ഴോങ്ഷാൻ തുടങ്ങിയ സ്റ്റേറ്റുകൾ തങ്ങളുടെ പ്രവിശ്യ  സംരക്ഷിക്കാനായാണ് ആദ്യകാലങ്ങളിൽ അതിർത്തികളിൽ മതിൽ നിർമ്മിച്ചു തുടങ്ങിയത്. പരസ്പരമുള്ള യുദ്ധത്തിൽ എല്ലാ സ്റ്റേറ്റുകളെയും കീഴ്പ്പെടുത്തിയ ക്വിൻ രാജാവ് ഴെങ് ( ക്വിൻ ഷി ഹുയാങ് ) ചൈനയിലെ പല പ്രവിശ്യകളെ ഒന്നിപ്പിക്കുകയും ബി. സി. 221 ൽ ക്വിൻ ഡൈനാസ്റ്റി സ്ഥാപിക്കുകയും ആദ്യത്തെ ചക്രവർത്തിയാവുകയും ചെയ്തു. രാജ്യത്ത് ഏകീകൃത ഭരണം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച ചക്രവർത്തി സ്റ്റേറ്റ് അതിർത്തികളിലുണ്ടായിരുന്ന പല മതിലുകൾ പൊളിക്കാനും രാജ്യത്തിന്റെ ഉത്തരഭാഗത്തുനിന്നുമുള്ള നാടോടികളായ ശത്രുക്കളുടെ,  പ്രത്യേകിച്ചു മംഗോളിയരുടെ ആക്രമണത്തെ ചെറുക്കുന്നതിനായ് പഴയ മതിലിനോട് കൂട്ടിച്ചേർത്ത് പുതിയ  മതിൽ നിർമ്മിക്കാനും ഉത്തരവിട്ടു. തുടർന്നു വന്ന ഹാൻ,  സുയി, നോർത്തേൺ ഡൈനാസ്റ്റികൾ മതിൽ പുനരുദ്ധരിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തു.

Great Wall 2
വൻമതിൽ

തുടർന്നുള്ള കാലഘട്ടങ്ങളിൽ വൻമതിലിൽ കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നില്ലെങ്കിലും പതിന്നാലാം നൂറ്റാണ്ടിൽ മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് വൻമതിൽ വടക്കൻ അതിർത്തിയിലുടനീളം ഗംഭീരമായി പണികഴിപ്പിച്ചു. മരുഭൂമിയിൽ പോലും മതിൽ ഉയർന്നു. അക്കാലത്ത് മംഗോളിയരുടെ ആക്രമണങ്ങൾ തീവ്രമായിരുന്നു. അവരെ തടയാൻ മതിൽ സഹായകമായി. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തവും ഉറപ്പുള്ളതുമായിരുന്നു പുതിയ മതിൽ. ആദ്യകാലങ്ങളിലെ മണ്ണ് നിറച്ച മതിലിനു പകരം കരിങ്കല്ലും ഇഷ്ടികയും കൊണ്ട് നിർമ്മാണം ആരംഭിച്ചു. മതിലിലുടനീളം നിരീക്ഷണ ഗോപുരങ്ങളും സ്ഥാപിച്ചു. മതിലിന്റെ സിംഹഭാഗവും മിംഗ് ഡൈനാസ്റ്റിയുടെ കാലത്താണ് പണികഴിപ്പിച്ചത്. 

മംഗോളിയരെയും നാടോടികളെയും മാത്രമല്ല ചൈനയിലെ വംശീയ ന്യൂനപക്ഷമായ മഞ്ചൂറിയന്മാരെ തടഞ്ഞു നിർത്തുന്നതിനും വൻമതിൽ മിംഗ് സാമ്രാജ്യത്വത്തെ സഹായിച്ചു. എങ്കിലും പതിനേഴാം നൂറ്റാണ്ടിൽ മഞ്ചൂറിയന്മാർ ചൈന കീഴടക്കുകയും ക്വിങ് ഡൈനാസ്റ്റി സ്ഥാപിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ ആഫ്രിക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത ​ഗ്രേറ്റ് വാൾ സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്വിങ് സാമ്രാജ്യത്തത്തിന്റെ ഭരണകാലയളവിൽ ചൈനയുടെ അതിർത്തി വന്മതിലിനുമപ്പുറത്തേക്ക് നീണ്ടു. മംഗോളിയയുടെ ചില ഭാഗങ്ങളും ചൈനയോട് കൂട്ടിച്ചേർത്തു. മതിൽ നിർമ്മാണം കാലക്രമേണ  ഉപേക്ഷിച്ചു. 

ബീജിങ്ങിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള  ബാഡ്‌ലിങ്ങിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ്‌ വാളിനടുത്തേക്കാണ് ഞങ്ങളുടെ യാത്ര. വളരെ കൃത്യമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഭാഗമാണിത്.  ചൈനയിലെത്തുന്ന വിദേശ അതിഥികൾ ഇവിടെയാണ്‌ സന്ദർശിക്കുന്നത്. വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നതും ഇവിടമാണ്. ഇരുപതിനായിരം കിലോമീറ്റർ നീളമുള്ള വൻമതിലിന്റെ വളരെ മനോഹരമായ ഭാഗമാണിത്. മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് 1505 ലാണ് ബാഡലിംഗ്‌ ഭാഗത്തെ  മതിൽ നിർമ്മിച്ചത്. 

മതിൽ കൂടുതൽ കൂടുതൽ അടുത്തു വരുന്തോറും അതിന്റെ  ഭീമാകാരമായ വലുപ്പം എന്നെ  അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഭീമാകാരനായൊരു ഡ്രാഗൺ കിടക്കുന്നതുപോലുണ്ട് മതില് കണ്ടാൽ. ലക്ഷക്കണക്കിന് ആളുകൾ ജീവത്യാഗം ചെയ്തൊരു  നിർമ്മാണപ്രക്രിയ കൂടിയാണിത്. ബസ് പ്രവേശന കവാടത്തിനരികിലെത്തി. ഞങ്ങളെല്ലാവരും പുറത്തിറങ്ങി. സന്ദർശകരുടെ ഭയങ്കര തിരക്കാണ്. പാരമ്പര്യരീതിയിലുള്ള പ്രവേശന  കവാടത്തിനുള്ളിലൂടെ കടന്ന്  കരിങ്കൽ സ്റ്റെപ്പുകൾ കയറി ഞങ്ങൾ മതിലിനു  മുകളിലെത്തി.

വളരെ ഉയരത്തിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. കോട്ട കൊത്തളങ്ങളും നിരീക്ഷണഗോപുരങ്ങളുമെല്ലാമായി, പർവ്വതശൃം​ഗങ്ങൾ ചുറ്റി കുത്തനെയുള്ള കയറ്റങ്ങൾ  കയറിയുമിറങ്ങിയും വളഞ്ഞുപുളഞ്ഞതാ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്നു കൂറ്റൻ കരിങ്കല്ലുകൾ കൊണ്ട് പണിതുയർത്തിയ ഗ്രേറ്റ് വാൾ. കരിങ്കൽ പാളികൾ നിരത്തിയ മതിൽ വിശാലമായൊരു റോഡ് പോലെ തോന്നിപ്പിച്ചു. ഇരുവശങ്ങളിലും ഉയർത്തിക്കെട്ടിയ മതിലിൽ അമ്പുകൾ എയ്യാനുള്ള വിടവുകൾ കൃത്യമായി ഇട്ടിരിക്കുന്നു. ചിലയിടത്ത് പീരങ്കികൾ നിരത്തി വച്ചിരിക്കുന്നു.  അത്ഭുതകരമായിരുന്നു ആ കാഴ്ച. അവിശ്വസനീയമായൊരു  മനുഷ്യ നിർമ്മിതിയുടെ ചരിത്രം പേറുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ കരിങ്കൽ പാളികളിൽ ചവിട്ടി ഞാൻ നിന്നു. മതിലിനുമപ്പുറം ആകാശത്തെ മുട്ടിയുരുമ്മി മലനിരകൾ അന്തമില്ലാതെ പച്ച പുതച്ചു നിൽക്കുന്നു. മേഘങ്ങൾ അവയെ തഴുകി കടന്ന് പോകുന്നു. നയനമനോഹരമായ ആ കാഴ്ച കണ്ണിന് ആനന്ദമേകി. ആ മലനിരകൾക്കപ്പുറമാണൊ ചൈനക്കാർ എന്നും ഭയപ്പെട്ടിരുന്ന മംഗോളിയൻ രാജ്യം. ഞാൻ അകലങ്ങളിലേക്ക് നോക്കി.

Great Wall 3
പ്രവേശനകവാടം

ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഞാൻ മതിലിലൂടെ നടന്നു. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും കുത്തനെയുള്ള കുത്തുകല്ലുകളും ചവിട്ടിക്കയറി ഞാൻ തളർന്നു. ക്ഷീണിച്ചവശനായ ഞാൻ മതിലിൽ ചാരി നിന്നു. വിയർപ്പു തുള്ളികൾ എന്നിലൂടൊഴുകി മതിലിൽ വീണു പരന്നു. വീശിയടിച്ചൊരു ഇളംകാറ്റിൽ എനിക്ക് തണുപ്പനുഭവപ്പെട്ടു. ഓർമ്മകളിലപ്പോൾ പ്രശസ്ത കലാകാരി മറീന അബ്രമോവിക് കടന്നു വന്നു.

ലോകപ്രശസ്ത പെർഫോമൻസ് ആർട്ടിസ്റ്റ് ആണ് സെർബിയൻ സ്വദേശിയായ മറീന അബ്രമോവിക്. പെർഫോമൻസ് ആർട്ടിന്റെ എല്ലാമെല്ലാം. ഒരു കലാരൂപകമെന്ന നിലയിൽ  ശരീത്തിന്റ പ്രത്യേകിച്ചു സ്ത്രീ ശരീരത്തിന്റെ സാധ്യതകൾ അവർ തന്റെ പ്രകടനങ്ങളിലൂടെ അന്വേഷിച്ചുകൊണ്ടിരുന്നു. ഇരയാക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം അവർ തന്റെ സൃഷ്ടികളിലൂടെ ശക്തമായി പ്രകടിപ്പിക്കുന്നു. ലിംഗവിവേചനത്തിനെതിരെയുള്ളൂ പോരാട്ടവും ശരീരവും മനസ്സും തമ്മിലുള്ള അഭേദ്യമായൊരു ആത്മീയ ബന്ധവും പെർഫോർമറും കാണിയും തമ്മിലുള്ള സംവാദവും അവരുടെ കലാപ്രവർത്തനത്തിൽ കാണാനാകും. 

1983 ൽ മറീന അബ്രമോവിക്കും അവരുടെ പങ്കാളിയുമായ ഉലെയും ചേർന്ന് തങ്ങളുടെ  ഏറ്റവും പ്രാധാന്യമുള്ള പെർഫോർമൻസ് വർക്കായ ദ്  ലവേഴ്സ് ( The Lovers ) ചൈനയിലെ ഗ്രേറ്റ്‌ വാളിൽ വെച്ചു നടത്തുമെന്ന് പ്രഖ്യാപിച്ചു. വൻമതിലിന്റെ രണ്ടറ്റത്തു നിന്നും തനിയെ നടക്കുന്ന രണ്ടുപേരും മതിലിന്റെ മധ്യഭാഗത്ത് വച്ചു കൂടിക്കാണുവാനും അവിടെവച്ചു കല്യാണം കഴിക്കാനുമായിരുന്നു പദ്ധതി. വളരെ ധ്യാനാത്മകമായ അനുഭത്തിലൂടെ കടന്നു പോവുകയും ശരീരവും മനസ്സും തമ്മിലുള്ള വൈകാരികവും ആത്മീയവുമായ ബന്ധം പുനരവലോകനം ചെയ്യുകയുമായിരുന്നു ഇതിലൂടെ. 

1986 ൽ അവർ ചൈന സന്ദർശിച്ചു. അക്കൊല്ലം അവർക്ക് അനുമതി നൽകിയെങ്കിലും സർക്കാർ വീണ്ടും അവരുടെ പദ്ധതി മാറ്റി വെച്ചു. നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനും തുടർച്ചയായുള്ള നടപടിക്രമങ്ങൾക്കുമൊടുവിൽ  ചൈനീസ് സർക്കാർ രണ്ടുപേർക്കും വീണ്ടും അനുമതി കൊടുത്തു. 

അങ്ങനെ 1988 മാർച്ച്‌ 30 ന്  ഉലെയും മറീന അബ്രമോവിക്കും വൻമതിലിന്റെ രണ്ടറ്റത്തുനിന്നും നടക്കാൻ ആരംഭിച്ചു. ഉറങ്ങുന്ന ഡ്രാഗൺ എന്ന് ചൈനക്കാർ വിശേഷിപ്പിക്കുന്ന മതിലിന്റെ പടിഞ്ഞാറു വശത്തു തലഭാഗം എന്ന് കരുതുന്ന മഞ്ഞ നദിയുടെ തുടർച്ചയായ ബൊഹായി സമുദ്രത്തിനടുത്തു നിന്നും അബ്രമോവിക് യാത്ര ആരംഭിച്ചു.  ഉലെ കിഴക്ക് ഭാഗത്തുള്ള ജ്യായു പാസിന് അടുത്ത് ഗോബി മരുഭൂമിയിൽ നിന്നും. ആകെ ദൂരം 5995 കിലോമീറ്റർ. ഒരാൾ ഏകദേശം മൂവായിരം കിലോമീറ്റർ നടക്കേണ്ടി വരും. ഒരുദിവസം ഒരാൾ ഇരുപത് കിലോമീറ്ററിലധികം നടന്നു. 

അവരുടെ ഓരോ ദിവസത്തെയും നടപ്പ് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയായിരുന്നു.  രാവും പകലും ഏകരായി അവർ മതിലിൽ ചിലവഴിച്ചു. തങ്ങളുടെ നടത്തത്തിൽ വ്യത്യസ്തരായ മനുഷ്യരെ അവർ കണ്ടുമുട്ടി. ദുർഘടമായിരുന്നു അവരുടെ യാത്ര. മറീന ചെങ്കുത്തായ മലനിരകൾ കയറിയിറങ്ങി. പല സ്ഥലങ്ങളിലും മതിൽ നശിച്ചു പോയിരുന്നു. നടക്കാനുള്ള വഴികൾ പോലുമില്ലായിരുന്നു. എങ്കിലും അവർ നടന്നു കൊണ്ടേയിരുന്നു. പലസ്ഥലങ്ങളിലും മതിലിന്റെ കല്ലുകൾ ഇളക്കിയെടുത്തു ഗ്രാമീണർ വീടുകൾ വച്ചിരുന്നു. മതിലിൽ ഒരിടത്ത് ഒരു  കിലോമീറ്ററോളം ദൂരത്തിൽ മനുഷ്യരുടെ അസ്ഥികൾ കിടന്നിരുന്നതായും മറീന രേഖപ്പെടുത്തിയിട്ടുണ്ട്. രഹസ്യങ്ങളും അത്ഭുതങ്ങളും മതിലിനെ ചുറ്റിപ്പറ്റി നിന്നു.

Great Wall 4
വൻമതിലിൽ

മൂന്നു മാസങ്ങൾക്ക് ശേഷം 1988 ജൂൺ 27 ന് ഏകദേശം മതിലിന്റെ മധ്യഭാഗത്ത് ഷാങ്ക്സി പ്രൊവിൻസിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രത്തിൽ വച്ചു അവർ കണ്ടുമുട്ടി. മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് പണിത ക്ഷേത്രങ്ങളായിരുന്നു അവ. രണ്ടു പേരും വികാരാധീനരായിരുന്നു. അവർ പൊട്ടിക്കരഞ്ഞു.. പിന്നെ ചിരിച്ചു.. ആവേശത്തോടെ കെട്ടിപ്പിടിച്ചു... അത് രണ്ടു വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമായിരുന്നില്ല. അവർ കൊണ്ടു നടന്ന ആശയങ്ങളും ചിന്താഗതിയും കൂടിയായിരുന്നു. പക്ഷെ അവർ ഒന്നിച്ചില്ല... രണ്ടു പേരും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു. ബീജിങ്ങിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിനു ശേഷം രണ്ടുപേരും  രണ്ടു വിമാനത്തിലായി  തിരിച്ചു പോയി. മതിലിലൂടെ നടക്കാനായുള്ള അനുമതി തേടിയുള്ള നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിനിടയിൽ അവരുടെ ജീവിതം ഒരുപാട് മാറിയിരുന്നു. കലയെയും ജീവിതത്തെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും മാറിയിരുന്നു.  പിന്നീട്  വർഷങ്ങളോളം അവർ കണ്ടുമുട്ടിയില്ല..... കൂടിച്ചേരാനല്ല മറിച്ച് പിരിയാനായി അവർ വൻമതിലിൽ കണ്ടുമുട്ടി. 

ഞാൻ തിരികെ നടന്നു. മതിലിൽ നിന്നും താഴെയിറങ്ങി. ഇവിടെനിന്നും യാത്രയാകുന്നതിന് മുൻപ് വീണ്ടും മതിൽ കാണാനായി ഞാൻ തിരിഞ്ഞു നോക്കി. എനിക്ക് പിന്നിൽ മലനിരകളിൽ മതിൽ ഉയർന്നു നിൽക്കുന്നു. മനുഷ്യ നിർമിതമായ ആ മഹാത്ഭുതത്തിന്റെ പ്രവേശന കവാടത്തിൽ എഴുതി വച്ചിരുന്ന ചൈനീസ് പഴമൊഴി ഞാൻ വായിച്ചു.

" One who fails to reach the Great Wall would not be regarded as a hero "

അതെ ഞാനുമൊരു ഹീറോ ആണ്. ഞാനും ഈ വൻമതിലിൽ കയറിയിരിക്കുന്നു.

സുവനീർ ഷോപ്പുകളിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും വച്ചിരിക്കുന്നു. നമ്മൾ ആവശ്യപ്പെട്ടാൽ നമ്മുടെ പേര് എഴുതിയ സർട്ടിഫിക്കറ്റും മെഡലും തരും. വന്മതിലിൽ ചവിട്ടിയതിന്റെ ഓർമ്മയ്ക്കായി ഞാൻ അവ രണ്ടും വാങ്ങി. പിന്നെ മതിലിന്റെ ഒരു മിനിയേച്ചർ രൂപവും.

Great Wall 5
വൻമതിലിൽ ലേഖകൻ

സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ്. ഞങ്ങൾ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് നടന്നു. അവിടെ ഉച്ചത്തിൽ ആരോ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. രണ്ടു ചെറുപ്പക്കാരാണ്. ഞാൻ അവരെ പരിചയപ്പെട്ടു. ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളാണ്. ചങ്ങനാശ്ശേരിക്കാരൻ ജെയിംസും കൊച്ചിക്കാരൻ ആന്റോയും. 

ഭക്ഷണം കഴിച്ച് മലയാളി പിള്ളേരോട് യാത്ര പറഞ്ഞിറങ്ങി. ഞാനാലോചിച്ചു... മതിലുകൾ ഉണ്ടാവുന്നതെങ്ങിനെയാണ്? രാജ്യങ്ങളും  സമൂഹങ്ങളും  കുടുംബങ്ങളും മനുഷ്യരും പരസ്പരം മതിലുകൾ നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു. മതിലുകൾ ഒരേ സമയം സംരക്ഷണവും തടസ്സവുമാണ്. മതിലിനിരുവശങ്ങളിലും നിന്ന് പരസ്പരം കാണാതെ പ്രണയം കൈമാറിയ ബഷീറിനെയും നാരായണിയേയും എനിക്കോർമ്മ വന്നു. എന്റെ ചെവികളിൽ പിങ്ക്ഫ്‌ളോയ്‌ഡിന്റെ പാട്ടുകൾ മുഴങ്ങി. റോജർ വാട്ടേഴ്സ് തന്റെ ഗിറ്റാർ വായിച്ചുകൊണ്ട് ഉറക്കെ പാടുന്നു.... 

ഞങ്ങളുടെ ബസ് അതിവേഗം ഓടിക്കൊണ്ടിരുന്നു. എനിക്ക് പിന്നിൽ വൻമതിൽ ചെറുതായികൊണ്ടിരുന്നു.... 

( തുടരും )

മുൻ ഭാ​ഗങ്ങൾ വായിക്കാം

Content Highlights: Great Wall, China Travel, China Travel Experience Of An Artist Part 15, China Tourism