Mathrubhumi Sanchari POST OF THE WEEK

നാട്ടില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുവന്ന ബൈക്കിനെ നാടൊന്നുകാണിക്കണം. ഗോണ്ടല്‍ എന്ന പേരാണ് മനസിലേക്ക് ഓടിയെത്തിയത്. ഞാന്‍ താമസിക്കുന്ന ജാംനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരം.

കൂടെ വരാമെന്ന് വാഗ്ദാനം ചെയ്ത രണ്ടു പേര്‍ കാലുമാറി. രക്ഷകനായെത്തിയതാകട്ടെ, തിരുവനന്തപുരത്ത് നിന്നു വന്ന പുതിയ സുഹൃത്തും.

രണ്ടു ദിവസമായി മഴ ചന്നംപിന്നം പെയ്യുന്നു. നാട്ടിലെ പോലെ ശക്തമല്ല. മണ്‍സൂണിന്റെ തുടക്കമാണ്. അത് കൊണ്ടാണ് ബാക്കി രണ്ടു പേര്‍ കാലു മാറിയത്. പക്ഷെ ഞാന്‍ മുന്നോട്ടു വെച്ച കാല്‍ മുന്നോട്ടു തന്നെ. മാത്രമല്ല ഗ്രൂപ്പിലെല്ലാവരും അടിക്കടി മണ്‍സൂണ്‍ യാത്രകള്‍ ഇട്ടു കൊതിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ മഴ കൊണ്ട് പോണതും ഒരു രസമല്ലേ.

gondal

പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞു സുഹൃത്തിനെയും കൂട്ടി പത്തു മണിയോടെ യാത്ര പുറപ്പെട്ടു. മനസ്സില്‍ ചെറിയ വിഷമം ഉണ്ട്. വീട്ടുകാര്‍ അടുത്തില്ല. പിന്നെ പെരുന്നാളിനുള്ള ബിരിയാണിയും ഇല്ല. 

അതൊക്കെ ഒന്ന് മറക്കാനും കൂടിയാണ് യാത്ര. രാജ്‌കോട്ട് വഴി പോയാല്‍ ഹൈവേ ആണ്. ഹൈവേ വഴി യാത്ര ബോറാണ്. അത് കൊണ്ട് നാട്ടുമ്പുറത്തു കൂടി ഒരു റൂട്ട് സെറ്റ് ചെയ്തു. ജാംനഗര്‍ - കലാവാദ് - അനന്ദ്പുര്‍ - ലിബിഢ - ഗോണ്ടല്‍ ആണ് റൂട്ട്. എല്ലാം തനി നാടന്‍ ഗുജറാത്ത് ഗ്രാമങ്ങള്‍. കലാവാദ് വഴി മുമ്പൊരിക്കല്‍ ജുനഗഡിലേക്ക് പോയിട്ടുണ്ട്. ബാക്കിയൊക്കെ ആദ്യമായിട്ടാണ്. യാത്ര വിചാരിച്ചതിലും വൈകിയാണ് പുറപ്പെട്ടത്. അവിടെ എത്തുമോ എന്തോ. കൂടെയുള്ള സുഹൃത്ത് ആദ്യമായാണ് ഗുജറാത്തിന്റെ ഗ്രാമങ്ങളില്‍ കൂടി യാത്ര ചെയ്യുന്നത്.

രാവിലെ തന്നെ നല്ല വെയിലാണ്. പോരാത്തതിനു ചൂടും പൊടിയും. വെള്ളം എത്ര കുടിച്ചിട്ടും മതിയാകുന്നില്ല. അപ്പൊ ഇനി യാത്ര തുടങ്ങാം. ആദ്യമായി കണ്ടതൊരു വറ്റി വരണ്ട ഡാമാണ്. വെറുതെ പുഴയെന്ന പേരുമാത്രം ഉള്ളൊരു പുഴ. ഡാമിന് മുകളിലൂടെയാണ് റോഡ്. കാര്യമായ കാഴ്ചകളൊന്നും ഇല്ല പോകുന്ന വഴിക്ക്. മണ്‍സൂണ്‍ കാത്തിരിക്കുന്ന ഭൂമിയും കര്‍ഷകരും. കര്‍ഷകര്‍ നിലമൊരുക്കി കാത്തിരിക്കുകയാണ്. അടുത്ത വിളവിറക്കാന്‍. മിക്കവാറും കടലയായിരിക്കും. ചിലയിടത്തൊക്കെ നല്ല പച്ചപ്പുണ്ട്. പക്ഷെ ഭൂരിപക്ഷം ഭാഗവും കുന്നുകളും കള്ളിമുള്‍ച്ചെടികളും വരണ്ട പാട ശേഖരങ്ങളും ഒക്കെയാണ്.

നോമ്പ് കഴിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു വിശപ്പ് അങ്ങോട്ട് ഏല്‍ക്കുന്നില്ല. ഉച്ചയായിട്ടും തീരെ വിശപ്പില്ല. ബിരിയാണി കിട്ടാത്തതിന്റെ പ്രധിഷേധം ആണോ ആവോ. ചോയിച്ചു ചോയിച്ചാണ് യാത്ര പോയിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ സുഹൃത്തിന്റെ കമന്റ്, അല്ല സാറേ, ഞാന്‍ ആദ്യമായാണ് ഇങ്ങനെ അറിയാത്ത നാട്ടില്‍ ബൈക്കില്‍ പോണത്! പേടിക്കേണ്ട ഞാനും ആദ്യമായിട്ടാ! അവിടവിടെ കാറ്റാടി യന്ത്രങ്ങള്‍ കാണാനുണ്ട്. കിലോമീറ്ററുകളോളം നേരെയുള്ള റോഡുകളാണ്. ഇടയ്ക്കിടെ വന്യജീവികളെ സൂക്ഷിക്കണം എന്ന ബോര്‍ഡുകളും ഉണ്ട്. വല്ലോം പറ്റിയാലോ വഴി ചോദിക്കാനോ ആരെയും കാണുന്നുമില്ല.

ഇതിനിടയില്‍ പണ്ടാറം ഒരു തേനീച്ച എന്റെ നെറ്റിയില്‍ കുത്തി. പോരാത്തതിനു ചില പ്രാണികള്‍ മുഖത്ത് വന്ന് അടിക്കുകയും ചെയ്യുന്നു. സാരമില്ല. ഇതൊക്കെ എന്ത്. ലിബിഢ കഴിഞ്ഞപ്പോള്‍ രാജ്‌കോട്ട് - ഗോണ്ടല്‍ ഹൈവേയില്‍ എത്തി. ഇനി ഒരു 20 കിലോമീറ്റര്‍ കിടിലന്‍ റോഡ് ആണ്. 2 മണിയായപ്പോള്‍ ഗോണ്ടലില്‍. ഗോണ്ടലില്‍ കാണാനായി മൂന്നു കൊട്ടാരങ്ങളാണ് ഉള്ളത് 1. ഓര്‍ച്ചാര്‍ഡ് പാലസ് 2. നവലാഖ് പാലസ് 3. റിവര്‍ സൈഡ് പാലസ്.

gondal

ആദ്യമെത്തിയത് ഓര്‍ച്ചാര്‍ഡ് പാലസില്‍ ആണ്. പക്ഷെ പ്രവേശനം 3 മണി മുതലേ ഉള്ളൂ. ഉച്ച ബ്രേക്ക് ആണ്. അതുകൊണ്ട് വിശപ്പില്ലെങ്കിലും വല്ലതും കഴിച്ചു കാഴ്ചകള്‍ കാണാം. എത്തിപ്പെട്ടത് വൃത്തിയില്ലാത്ത ഒരു ഹോട്ടലില്‍ ആണ്. ഫുള്‍ 'താലി ' ( ഗുജറാത്തി ഫുഡ് ) ഓര്‍ഡര്‍ ചെയ്തെങ്കിലും 2 ചപ്പാത്തി കൊണ്ട് മതിയാക്കി. പണം വാങ്ങിയപ്പോള്‍ കടക്കാരന് വല്ലാത്ത വിഷമം. എത്ര വേണമെങ്കിലും കഴിക്കാമല്ലോ പിന്നെയെന്തേ കഴിക്കാത്തതെന്ന്. ഇനി വരുമ്പോള്‍ വയറു നിറച്ചു കഴിക്കണമെന്നു ഉപദേശവും. ഇനിയും ഇവിടെ വരുമെന്ന് മനസ്സില്‍ പറഞ്ഞു ഇറങ്ങി. ഇനി പ്ലാന്‍ ഒന്ന് മാറ്റിപ്പിടിക്കാം. ആദ്യം നവലാഖ് കൊട്ടാരം കാണാം. നവലാഖ് എന്ന് പറഞ്ഞാല്‍ ഒന്‍പതു ലക്ഷം. അതായത് ഒന്‍പതു ലക്ഷത്തിനു ഉണ്ടാക്കിയ കൊട്ടാരം...

gondal

നവലാഖ് പാലസ് 

ഇനിയുള്ള കഥ നിങ്ങളോട് പറയുന്നത് മഹാരാജ ' ഭഗവത് സിന്‍ജി ' ആണ്. ഞാന്‍ മഹാരാജ ഭഗവത് സിന്‍ജി. എന്നെ അറിയില്ലേ? സാരമില്ല ഞാന്‍ തന്നെ എന്നെ പരിചയപ്പെടുത്താം. ഗോണ്ടലിലെ മഹാരാജാവായിരുന്നു ഞാന്‍. എന്നെ പൊക്കി പറയുകയാണെന്ന് കരുതരുത്. ഞാന്‍ ഒരു പണ്ഡിതന്‍ ആയിരുന്നു, അല്ല ആണ്. എഞ്ചിനീയറും ഡോക്ടറും ആര്‍ക്കിടെക്റ്റും ഒക്കെയാണ് ഞാന്‍. അത് നിങ്ങള്‍ക്ക് എന്റെ കൊട്ടാരത്തില്‍ വന്നാല്‍ മനസ്സിലാകും. 1888 മുതല്‍ 1944 വരെ ഞാന്‍ ഗോണ്ടല്‍ അങ്ങ് ഭരിച്ചു വികസിപ്പിച്ചു. ഗോണ്ടലിലെ കാര്‍ഷിക, വിദ്യാഭ്യാസ, നഗര വികസനം ഒക്കെ കൊണ്ട് വന്നത് ഞാനാണ്.. 

gondal

gondal

ആദ്യത്തെ ഗുജറാത്തി ഡിക്ഷണറിയായ 'ഭഗവത് ഗൗമണ്ഡല്‍' എഴുതിയത് ഞാനാണ്. ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും ഞങ്ങളെ ഒരു വിലയില്ല. എങ്കിലും നിങ്ങള്‍ക്ക് ഞാന്‍ എന്റെ കൊട്ടാരങ്ങളും അവിടുത്തെ മ്യൂസിയങ്ങളും ഒക്കെ ഒന്ന് കാണിച്ചു തരാം. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഞാനാരാണെന്ന്. അതിനിടയില്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി, ഗോണ്ടലിനെങ്ങനെ ഗോണ്ടല്‍ എന്ന പേര് വന്നു എന്ന്. അത് 'ഗോണ്ട് ' എന്ന വര്‍ഗക്കാരില്‍ നിന്നാണെന്നു ഒരഭിപ്രായം ഉണ്ട്. അതല്ല ഗോ (പശു ) മണ്ഡല്‍ എന്ന പേര് ലോപിച്ചാണെന്നും അഭിപ്രായം ഉണ്ട്. 

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രധാന നാട്ടു രാജ്യമായിരുന്നു ഗോണ്ടല്‍. അക്ബര്‍ ചക്രവര്‍ത്തിയുടെ ഐന്‍ -ഇ - അക്ബറിയിലൊക്കെ ഗോണ്ടലിനെ കുറിച്ച് പറയുന്നുണ്ട്. 1634 ല്‍ എന്റെ ഒരു മുതുമുത്തച്ഛനായ ശ്രീ താക്കോറെ കുംബാജി ആണ് ഈ രാജ്യം സ്ഥാപിച്ചത്. അപ്പൊ നമുക്കിനി കാഴ്ച്ചകള്‍ കാണാം അല്ലേ...

ഒന്നും വിചാരിക്കരുത്, ടിക്കറ്റ് എടുക്കണം ഉള്ളില്‍ കയറണമെങ്കില്‍. അതും റേറ്റ് കുറച്ചു കൂടുതലാ. സാരമില്ല, എന്നാലും അതിനുള്ള കാഴ്ചകള്‍ ഒക്കെ ഉള്ളിലുണ്ട്. മ്യൂസിയവും ദര്‍ബാറും ഒക്കെയുണ്ട്. ഇവന്മാര് രണ്ടു പേരും ആദ്യം ടിക്കറ്റ് എടുക്കാതെ ഉള്ളില്‍ കയറി കുറെ ഫോട്ടോസ് എടുത്ത്. അവന്മാരെ സെക്യൂരിറ്റി പിടിച്ചു പുറത്താക്കി. അതുകൊണ്ട് ടിക്കറ്റ് എടുത്തേ പറ്റൂ. ഫോട്ടോ എടുക്കാനും 50 രൂപ കൊടുക്കണം. അത് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ പറഞ്ഞു കുറച്ചു ഫോട്ടോസ് എടുക്കാന്‍ സമ്മതിപ്പിക്കാം. സെക്യൂരിറ്റിയോട് ഞങ്ങളിതൊക്കെ ഒന്ന് പഠിക്കാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ മതി. ഇത് സക്കീറിന്റെ ഐഡിയയാണ് കേട്ടോ...

ഇവിടുത്തെ തൂണുകളിലെ കൊത്തുപണികള്‍ ഒക്കെ കണ്ടോ. 17-ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ കൊട്ടാരമാണ്. ആദ്യം നമുക്ക് എന്റെ പഴയ സാധനങ്ങള്‍ ഒക്കെ സൂക്ഷിച്ചിടത്തേക്കു പോവാം. നിങ്ങള്‍ക്ക് ഞാനെന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ( ഞാന്‍ പണ്ഡിതനാണെന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചില്ലല്ലോ ) സിംഹാസനവും ഉടവാളും ചിത്രങ്ങളും പിന്നെ അടുക്കളയില്‍ ഉപയോഗിച്ച പാത്രങ്ങള്‍ വരെ കാണിച്ചു തരാം. ഒന്നും അടിച്ചോണ്ട് പോകരുതേ. കോടികള്‍ വിലമതിക്കുന്ന മുതലാ. ആരും കാണാതെ കുറച്ചു ഫോട്ടോ എടുത്തോ...

അടുത്തു തന്നെ കാണുന്നത് പാവകളുടെ മ്യുസിയമാണ്. അവിടെ കയറാന്‍ നിങ്ങള്‍ ടിക്കറ്റ് എടുക്കാത്തതു കൊണ്ട് അവര്‍ കയറ്റില്ല. അതുകൊണ്ട് നമുക്ക് ആ പൂന്തോട്ടം ചുറ്റി എന്റെ ദര്‍ബാറില്‍ ഒന്ന് കയറി വരാം. ദര്‍ബാറിലേക്കു കയറുന്ന വഴിക്ക് ഒന്ന് താഴോട്ട് നോക്കിക്കേ, കൊട്ടാരത്തോടു ചേര്‍ന്ന് അവിടെ ഒരു പള്ളി കാണുന്നില്ലേ? അവിടെ നിന്നു അഞ്ചു നേരവും ബാങ്കു വിളിക്കുന്നത് ദര്‍ബാറില്‍ കേള്‍ക്കുമായിരുന്നു. ഇപ്പോഴും കേള്‍ക്കാം. അന്ന് ഞങ്ങള്‍ സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ആണ് ജീവിച്ചിരുന്നത്. 

gondal

എന്തോ ഓര്‍മ്മകള്‍ തികട്ടി വരുന്നു... അതൊക്കെ ഒരു കാലമായിരുന്നു... ഞാനങ്ങനെ മട്ടുപ്പാവില്‍ നിന്നു ജനങ്ങളുടെ പരാതി കേള്‍ക്കും. വൈകുനേരങ്ങളില്‍ റാണിയോടൊത്ത് ഉലാത്തും. നിലാവുള്ള രാത്രികളില്‍ നക്ഷത്രങ്ങളെ നോക്കി അങ്ങനെ മട്ടുപ്പാവില്‍ നില്‍ക്കും. ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാലം കുറേ കടന്നു പോയി, ഗോണ്ടല്‍ ഇന്ത്യയില്‍ ലയിച്ചു... ബ്രിട്ടീഷുകാര്‍ നാട് വിട്ടു പോയി. നാട്ടുകാര്‍ക്കൊന്നും ഇപ്പോള്‍ രാജാക്കന്മാരെ പഴയ പോലെ വിലയില്ലാതായി...

ഈ കാണുന്നതൊക്കെ എന്റെ പഴയ കുറച്ചു സാധനങ്ങളാണ്. അതൊക്കെ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഞാന്‍ ഒരു സംഭവം ആയിരുന്നെന്നു. രത്‌നങ്ങളും സ്വര്‍ണവും, വെള്ളിപ്പാത്രങ്ങളും ഒക്കെയുണ്ട്.. എന്റെ കുട്ടികള്‍ക്കുള്ള മുറിയാണ് ഈ കാണുന്നത്... അടിപൊളി സെറ്റപ്പ് അല്ലേ ?

gondal

ഇനിയാണ് മക്കളെ ശരിക്കുള്ള കാഴ്ച്ച. ഇതാണെന്റെ ദര്‍ബാര്‍. പണ്ട് നാം മഹാമന്ത്രിയോടും സര്‍വ്വസൈന്യാധിപനോടും, രാജഗുരുവിനോടും, വിദൂഷകനോടും ഒക്കെ കൂടെ എത്ര സമയം ഇവിടെ ചിലവഴിച്ചിരിക്കുന്നു. ആ കാണുന്നതാണ് 'നമ്മുടെ 'സിംഹാസനം... സക്കീറിന് അതിലൊന്നു ആസനസ്ഥനായാലോ എന്നൊരു പൂതി. എന്നാല്‍ ചാട്ടവാറു കൊണ്ട് അടിച്ചു അവന്റെ ആസനം ഞാന്‍ പൊളിക്കും. പൂതിയങ്ങു മനസ്സില്‍ വെച്ചേരെ. ഇവിടെ ചില ഹിന്ദി സിനിമകള്‍ ഒക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്...

gondal

റിവര്‍ സൈഡ് പാലസ് 

ഇനി അധികം സമയം ഇവിടെ കളയാനില്ല. അത് കൊണ്ട് നമുക്ക് റിവര്‍ സൈഡ് പാലസിലേക്കു പോകാം. അത് പുറമേ നിന്നു കാണാനെ പറ്റൂ. കാരണം ഇപ്പൊ അതൊരു പഞ്ച നക്ഷത്ര ഹോട്ടല്‍ ആയി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കാശുണ്ടെങ്കില്‍ നിങ്ങള്‍ക്കും വാടകക്കെടുക്കാം. രാജാവിനെ പോലെ വാഴാം. എന്തേ നോക്കുന്നോ ? 1875 ല്‍ എന്റെ മകനു വേണ്ടി ഞാന്‍ പണി കഴിപ്പിച്ചതാണ് ഈ കൊട്ടാരം. പൂന്തോട്ടവും പുല്‍ത്തകിടിയും ഒക്കെയായി ഒരു കൊളോണിയല്‍ രീതിയിലാണ് ഞാനിതു പണികഴിപ്പിച്ചത്. കുറച്ചു പരിഷ്‌കാരമൊക്കെ ഞങ്ങള്‍ക്കും വേണ്ടേ.

gondal

പോകുന്ന വഴി മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ഇപ്പോള്‍ വഴിയും പിടി കിട്ടുന്നില്ല. പുതിയ കുറെ ബില്‍ഡിങ്ങുകളും കടകളും റോഡും ഒക്കെ വന്നത് കൊണ്ടാണെന്ന് തോന്നുന്നു. മുന്‍പ് ഞങ്ങള്‍ ഇങ്ങനെ ബൈക്കിലൊന്നും പോവില്ല. പല്ലക്കിലോ കുതിര വണ്ടിയിലോ ഒക്കെയാണ് പോകുന്നത്. ചിലപ്പോള്‍ കാറിലും. ഞാനൊരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമോ ?

gondal

gondal

ഞങ്ങളുടെ കൊട്ടാരത്തില്‍ 120 കാറുകള്‍ ഉണ്ട്. ഇപ്പൊ ഒന്ന് ഞെട്ടിയില്ലേ ?വിശ്വാസമായില്ല അല്ലേ. കാണിച്ചു തരാം. ഒന്ന് പട്ടണം ചുറ്റി നമുക്ക് ഓര്‍ച്ചാര്‍ഡ് പാലസിലേക്ക് പോവാം. കുറെ കാലമായി പ്രജകളെയൊക്കെ കണ്ടിട്ട്. എല്ലാവരും പുരോഗമിച്ചിട്ടുണ്ട്. എന്നാലും എല്ലായിടത്തും വലിയ തിരക്കാണല്ലോ. ഗല്ലികളൊക്കെ ചെറുതായി പോയി. തെരുവുകളൊന്നും വൃത്തിയില്ല. ഇങ്ങനെയൊന്നുമല്ല ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. നല്ല ഡ്രൈനേജ് സമ്പ്രദായവും ടൗണ്‍ പ്ലാനിങ്ങുമൊക്കെ എന്റെ കാലത്തെ ഞാന്‍ ചെയ്തിരുന്നു...

gondal

ഓര്‍ച്ചാര്‍ഡ് പാലസ് 

സംസാരിച്ചു സമയം പോയതറിഞ്ഞില്ല. നമ്മളിപ്പോള്‍ ഹുസൂര്‍ പാലസില്‍ എത്തി. ഇതിന്റെ ഒരു ഭാഗമാണ് ഓര്‍ച്ചാര്‍ഡ് പാലസ്. എന്റെ പേരക്കുട്ടികളൊക്കെ ഹുസൂര്‍ പാലസില്‍ ഉണ്ട്. അവിടെ നിങ്ങളെ കയറ്റില്ല. അതിനുള്ള സ്റ്റാന്‍ഡേര്‍ഡ് തല്ക്കാലം നിങ്ങള്‍ക്കില്ല. അതുകൊണ്ട് ഓര്‍ച്ചാര്‍ഡ് പാലസ് കണ്ട് പൊയ്‌ക്കോ. ചുറ്റും അതിമനോഹരമായ പൂന്തോട്ടവും പഴത്തോട്ടവും ഒക്കെയുള്ളതു കൊണ്ടാണ് ഓര്‍ച്ചാര്‍ഡ് പാലസ് എന്ന് വിളിക്കുന്നത്. ഇതിപ്പോള്‍ ഒരു ഹെറിറ്റേജ് ഹോട്ടല്‍ ആണ്.

gondal

അല്ല നിങ്ങള്‍ക്കിപ്പോള്‍ ഒരു സംശയം തോന്നുന്നില്ലേ, എന്താ ഈ രാജാക്കന്മാര്‍ ഇത്രേം വിലപിടിച്ച പാലസ് ഒക്കെ ഹോട്ടല്‍ ആക്കി വാടകയ്ക്ക് കൊടുത്തിരിക്കുന്നതെന്നു. രാജാധികാരം ഒക്കെ പോയില്ലേ. ഞങ്ങള്‍ക്കും ജീവിക്കണ്ടേടോ...

gondal

കഥ പറഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഒരു കാര്യം പറയാന്‍ വിട്ടു, നിങ്ങള്‍ ടിക്കറ്റ് എടുത്തോ... വേഗം പോയി എടുത്തോ നല്ല റേറ്റ് ആണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ രാജാവാണെന്നു പറഞ്ഞാലും സെക്യൂരിറ്റിക്ക് മനസ്സിലാവില്ല. വിന്റേജ് കാറുകളുടെ മ്യൂസിയം ഉണ്ടേ. അതിന്റെ ടിക്കറ്റ് എടുക്കാന്‍ മറക്കണ്ട. വെറും 120 രൂപയേ ഉള്ളൂ...

gondal

gondal

വേണോങ്കി ഒന്ന് എന്റെ ഉദ്യാനത്തില്‍ ഉലാത്തിക്കൊ. തലയൊക്കെ ഉയര്‍ത്തിപ്പിടിച്ചു ഒരു രാജാവിനെ പോലെ. ഗമയില്‍... അടുത്തത് കാറുകള്‍ കാണാന്‍ പോവാം. നേരത്തെ ഞാന്‍ 120 കാറിന്റെ കഥ പറഞ്ഞപ്പോള്‍ പുച്ഛിച്ച ചിലര്‍ കണ്ണുതുറന്ന് കണ്ടോ. ഫോര്‍ഡും റോള്‍സ് റോയ്‌സും അടക്കം ലോകത്തുള്ള സകല കമ്പനികളുടെയും കാറുകള്‍ ഉണ്ട്. 60 എണ്ണമേ ഇവിടുള്ളൂ. ബാക്കി ഹുസൂര്‍ പാലസിലാ. അത് കാണാന്‍ അനുവാദം ഇല്ല. ഫോട്ടോ എടുക്കാന്‍ ഉള്ള ടിക്കറ്റ് എടുത്തില്ലല്ലോ. അത് കൊണ്ട് ആ ഫോര്‍ഡ് ആരും കാണാതെ ഒന്ന് കീച്ചിക്കോ. എന്റെ പേരക്കുട്ടി റേസിങ്ങില്‍ ഒക്കെ പങ്കെടുത്തിട്ടുണ്ട് അവന്റെ റേസിങ് കാറുകളും കണ്ടോളൂ...

gondal

gondal

Gondal

ഇനി ഓര്‍ച്ചാര്‍ഡ് പാലസില്‍ പോവാം. സംഭവം ഹെറിറ്റേജ് ഹോട്ടല്‍ ഒക്കെയാണെങ്കിലും വെറുതെ കറങ്ങി കാണാനും സമ്മതിക്കും. ടേബിള്‍, കസേര മുതല്‍ സകല സാധനത്തിലും ഒരു റോയല്‍ ടച്ച് ഇല്ലേ. മഴ കനത്തു പെയ്യുന്നുണ്ട്. വിശാലമായ പുല്‍ത്തകിടിയില്‍ മയിലുകള്‍ നൃത്തമാടുന്നു. ഒന്നും മിസ്സാക്കേണ്ട, എല്ലാം കണ്ടോ. വേണോങ്കി രാജകീയ പ്രൗഢിയുള്ള ആ കസേരകളില്‍ ഒക്കെ ഒന്ന് ഇരുന്നു ഓരോ ഫോട്ടോ എടുത്തോ. ഇവിടെ റൂം കിട്ടണമെങ്കില്‍ ഒരു 10 മാസം മുന്നേയെങ്കിലും ബുക്ക് ചെയ്യണേ. വെറുതേ വന്ന് ഒന്ന് ആര്‍മാദിച്ചു പോകാം. കാശ് കുറച്ചു പൊടിയും. എല്ലാം കണ്ടെങ്കില്‍ ഇനി നിങ്ങള്‍ വണ്ടി വിട്ടോളൂ. എന്നെ പരിചയമുണ്ടെന്നും പറഞ്ഞു മേലാല്‍ ഈ വഴി കണ്ടേക്കരുത്.

അങ്ങനെ രാജാവിനെ അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍ നാലരയോടെ തിരിച്ചു പോന്നു. തിരിച്ചു വരുമ്പോള്‍ രാജ്‌കോട്ട് വഴിയാണ് വന്നത്. അതൊരു മണ്ടന്‍ തീരുമാനം ആയി. കാരണം, പോയപ്പോള്‍ 4 മണിക്കൂര്‍ കൊണ്ട് എത്തിയ ഞങ്ങള്‍ തിരിച്ചു വന്നത് ആറര മണിക്കൂര്‍ കൊണ്ടാണ്. മുടിഞ്ഞ ട്രാഫിക് തന്നെ കാരണം. 11 മണിയോടെ ജാംനഗറിലെത്തി ഒരു ഹോട്ടലില്‍ കയറി മട്ടണ്‍ ബിരിയാണി അടിച്ചു. ബിരിയാണി കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം മാറ്റി...