ബീച്ച് എന്ന് കേട്ടാല്‍ ശരാശരി  നമ്മുടെ മലയാളികളുടെ മനസ്സില്‍ പെട്ടന്ന് ഓടി എത്തുന്ന ഒരു സ്ഥലമാണ് ഗോവ. പക്ഷേ അതുപോലെ സുന്ദരമായ മറ്റൊരു സ്ഥലമുണ്ട്  ഗോകര്‍ണ.  ഗോകര്‍ണ എന്ന പേര്  കേള്‍ക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരുടെ സംസാരങ്ങളില്‍  കടന്നു വരാറുള്ള സ്ഥലമാണ് 'നിനക്ക് വല്ല ഗോകര്‍ണത്തേക്കും പൊയ്ക്കൂടേ'  എന്നൊക്കെ 'സത്യത്തില്‍ ഈ പറയുന്ന പലര്‍ക്കും അറിയില്ല ഇന്ത്യയില്‍ ഗോകര്‍ണ എന്ന പേരില്‍  ഇങ്ങനെ ഒരു സുന്ദരമായ സ്ഥലം ഉണ്ടെന്നും അതിലേറെ മനോഹരമായ ബീച്ചുകള്‍ ഉളള സ്ഥലമാണ് എന്നും..  

കര്‍ണാടക സംസ്ഥാനത്തിലെ  ഉത്തര കന്നഡ ജില്ലയില്‍ ഗംഗാവലി, ആഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന ഗോകര്‍ണ  കാണാനും  അറിയാനും ആസ്വദിക്കാനും  ഒത്തിരി സഞ്ചാരികള്‍ വരുന്നുണ്ട്. പണ്ടൊക്കെ വിദേശ സഞ്ചാരികളാണ് കൂടുതല്‍ വന്നിരുന്നത്. പക്ഷേ ഇപ്പോള്‍ ഇന്ത്യയിലെ എല്ലായിടത്തു നിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് നമുക്ക് അവിടെ കാണാന്‍ കഴിയും. അത്രയേറെ പ്രിയപ്പെട്ട ഒരിടമായി കഴിഞ്ഞിരിക്കുന്നു ഗോകര്‍ണ.

Gokarna 7

കേരളത്തില്‍ നിന്നും പ്രധാനമായി റോഡ് അല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം എളുപ്പം ഗോകര്‍ണയിലേക്ക് നമുക്ക്  എത്തിച്ചേരാന്‍ കഴിയും. തിരുവനന്തപുരത്ത് നിന്നും രാവിലെ ഒമ്പതരയ്ക്ക് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസ്സും എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നും  എല്ലാ ദിവസവും ഉച്ചക്ക് 1.15 നു  പുറപ്പെടുന്ന  മംഗള - ലക്ഷദ്വീപ്  എക്‌സ്പ്രസ്സുമാണ്  കേരളത്തില്‍ നിന്നും ഗോകര്‍ണയിലേക്ക് പോകാനുള്ള  പ്രധാന ട്രെയിന്‍ സര്‍വീസുകള്‍. അതില്‍ കയറി കുംത സ്റ്റേഷന്‍ വരെ ടിക്കറ്റ് എടുത്തു കുംത യില്‍ ഇറങ്ങി ഗോകര്‍ണയിലേക്ക് പോകാം. കുംത കഴിഞ്ഞു അടുത്ത സ്റ്റോപ്പാണ് ഗോകര്‍ണ റോഡ്.  പക്ഷേ  ആ സ്റ്റേഷനില്‍  ലോക്കല്‍ ട്രെയിനുകള്‍ക്ക് മാത്രമേ സ്റ്റോപ്പ് ഉള്ളൂ. ആ കാരണം കൊണ്ട് കുംതയില്‍ ഇറങ്ങി ഗോകര്‍ണയിലേക്ക് ബസ് മാര്‍ഗം പോകുന്നവര്‍ ആണ് കൂടുതല്‍ പേരും. നേത്രാവതി എക്‌സ്പ്രസില്‍ ഗോകര്‍ണയിലേക്ക്  പോകുന്നതാണ് ഏറ്റവും നല്ലത്. കാരണം മംഗള എക്‌സ്പ്രസ് കുംത സ്റ്റേഷനില്‍ എത്തുന്നത് രാത്രി ഒന്നരയ്ക്കും നേത്രാവതി എത്തുന്നത് രാവിലെ  മൂന്നരയ്ക്കും ആണ്.    രാവിലെ ആറ് മണി മുതല്‍ ആണ് ഗോകര്‍ണത്തേക്ക് പോകേണ്ട  ആദ്യ ബസ്  പുറപ്പെടുന്നത്  അപ്പൊ അത്രയും നേരം വെറുതെ റെയില്‍വേ സ്റ്റേഷനില്‍ സമയം കളയേണ്ട കാര്യം ഇല്ല.  നേത്രാവതിയില്‍ വന്നിറങ്ങി അവിടന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പോയി ഒരു കാപ്പി കുടിച്ചു കഴിയുമ്പോള്‍ തന്നെ സമയം ആറു മണിയോട് അടുക്കും. ആദ്യത്തെ ബസില്‍ കയറി നമുക്ക് ഗോകര്‍ണയിലേക്ക്  പോകാന്‍ കഴിയും. ഞാന്‍ പോയതും അങ്ങനെ ആണ്.  ആ യാത്രയിലെ കാഴ്ചകളാണ്  ഞാനിപ്പോള്‍  പറയാന്‍ പോകുന്നത്.

Gokarna 1

അന്ന് ട്രെയിന്‍ കുറച്ചു ലേറ്റ് ആയി പുലര്‍ച്ചെ നാല് മണി  കഴിഞ്ഞിട്ടാണ് കുംത സ്റ്റേഷനില്‍   എത്തിച്ചേര്‍ന്നത്.  അത്യാവശ്യം വൃത്തി ഉളള റെയില്‍വേ  സ്റ്റേഷന്‍  ആണ് കുംത.  നേരം പുലര്‍ന്നു വരുന്നേ യുള്ളൂ. ആറുമണി ആകാന്‍ ഇനിയും സമയം ഉണ്ട്.  കുറച്ചു നേരം  വെയ്റ്റിംഗ് റൂമില്‍ അങ്ങനെ ഇരുന്നു. കൊതുകിന്റെ ശല്യം കാരണം വീണ്ടും പുറത്തേക്ക് ഇറങ്ങി  കുംത ബസ് സ്റ്റാന്‍ഡില്‍ ലേക്ക്  നടന്നു തുടങ്ങി. കുംത റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഒന്നര കിലോമീറ്റര്‍ ദൂരമേ ഉള്ളൂ ബസ് സ്റ്റാന്‍ഡിലേക്ക്.  അതുകൊണ്ട് തന്നെ ഓട്ടോ പിടിക്കേണ്ട കാര്യം ഇല്ല. പിന്നെ രാത്രി ആയതുകൊണ്ട് ഓട്ടോ പിടിച്ചാല്‍ തോന്നിയത് പോലെ അവര്‍ പൈസ വാങ്ങും.  ബസ് സ്റ്റാന്‍ഡില്‍ എത്തി  ഒരു ചായ കുടിച്ചു. സമയം അഞ്ചരയാകുന്നു.   ആറുമണിക്ക് ഇനിയും സമയം ഉണ്ട്  പുറത്തു എവിടെയോ ഗോകര്‍ണ, ഗോകര്‍ണ എന്ന് വിളിക്കുന്നത് പോലെ തോന്നി.  ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്കുള്ള റോഡിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു.  ഒരു ടെമ്പോ ട്രാവെലര്‍  ആയിരുന്നു. അതില്‍ ഒരു സീറ്റ് കൂടി ബാക്കി ഉണ്ടായിരുന്നു.  ബസിന്റെ അതേ ടിക്കറ്റ് റേറ്റ് തന്നെയേ  ടെമ്പോക്കും ഉള്ളൂ എന്നറിഞ്ഞ നിമിഷം ഞാന്‍ അതിലേക്ക് കയറി.  സീറ്റ്  ഫുള്ള് ആയെന്നു കണ്ടപ്പോള്‍ അപ്പൊ തന്നെ ഡ്രൈവര്‍ വണ്ടി എടുത്തു.  ഒരിക്കലും കുംതയില്‍ നിന്നും ടാക്‌സി കാറിലോ,  ഓട്ടോയിലോ ഗോകര്‍ണയിലേക്ക് പോകരുത്. കാരണം നമ്മള്‍ വരത്തര്‍ ആണെന്ന് അറിഞ്ഞാല്‍ നമ്മുടെ കാശ് നല്ലത് പോലെ തട്ടിച്ചു എടുക്കാന്‍ അവര്‍ക്കറിയാം. 

കുംതയില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ ദൂരമേ ഗോകര്‍ണത്തേക്കുള്ളൂ.  വണ്ടിയില്‍ കയറിയ ഉടന്‍ തന്നെ  ഉറക്കത്തിലേക്കു വഴുതി  വീണു. കുറച്ചു കഴിഞ്ഞു ഉണര്‍ന്നു പുറത്തേക്കു നോക്കി.  സൂര്യന്റെ നേരിയ വെളിച്ചം ഭൂമിയിലേക്ക് വീഴുന്നതെ ഉള്ളൂ. റോഡിന്റെ ഇരു വശങ്ങളില്‍   നിറയെ ഉപ്പുപാടങ്ങളാണ്. അതിന്റ നടുക്ക് കൂടെയാണ് ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത്. ഉപ്പുണ്ടാക്കുന്നതിനു വേണ്ടി കടല്‍ ജലം ബണ്ടുകളായി വേര്‍തിരിച്ചു പാടങ്ങളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നു. അങ്ങിങ്ങായി  മണ്‍കൂനകള്‍ പോലെ കൂട്ടി  ഇട്ടിരിക്കുന്ന ഉപ്പുകൂനകള്‍  കാണാം. ആറുമണി കഴിഞ്ഞപ്പോള്‍ ഗോകര്‍ണ എത്തി.  സ്റ്റാന്‍ഡില്‍ ഇറങ്ങി ഹോട്ടല്‍ റൂം അന്വേഷിച്ചു നടപ്പായി. നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ. വഴിയില്‍ നിറയെ കച്ചവടക്കാര്‍ തലങ്ങും വിലങ്ങും ഓടുന്ന കാലികള്‍. കൂടുതലും പൂ കച്ചവടക്കാര്‍ ആണ്. കാരണം ഗോകര്‍ണ സ്റ്റാന്‍ഡ്‌നോട് അടുത്ത് തന്നെയാണ് ഗോകര്‍ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തില്‍ പോകുന്നവര്‍  ചെണ്ടുമല്ലിപ്പൂ വാങ്ങി പോകുന്നതു കാണാം.  500 രൂപക്ക് അത്യാവശ്യം വൃത്തിയുളള ഡബിള്‍ റൂം കിട്ടി. ഒന്നുറങ്ങി എണീറ്റു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു ഗോകര്‍ണ തെരുവിലൂടെ നടന്നു തുടങ്ങി. വന്നിറങ്ങിയപ്പോള്‍ കണ്ട മുഖമല്ലായിരുന്നു ഗോകര്‍ണക്ക് അപ്പോള്‍. തെരുവുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. റോഡില്‍ ഇരു വശവും നിറയെ കച്ചവടക്കാര്‍. പൂക്കള്‍ മാത്രമല്ല ഇപ്പോള്‍ ഓറഞ്ച്, ആപ്പിള്‍, പപ്പായ,സപ്പോട്ട, ക്യാരറ്റ് അങ്ങനെ നിരവധി കച്ചവക്കാര്‍. അതില്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെ. എല്ലാവരും 50 നു മുകളില്‍ പ്രായം ഉള്ളവര്‍. ഒരു പ്രത്യേക സ്‌റ്റൈലില്‍ ആണ് അവരുടെ വസ്ത്രങ്ങളൊക്കെ. കയ്യില്‍ സ്റ്റീല്‍ വളകള്‍ അണിഞ്ഞു കാതില്‍ കടുക്കനും കല്ല് മാലകളും  പരമ്പരാഗത വെള്ളി ആഭരണങ്ങളും അണിഞ്ഞാണ് അവര്‍  കച്ചവടം നടത്തുന്നത്. 

Gokarna 2

ഏതൊക്കെയോ ഇടവഴികളിലൂടെ ഞാന്‍ നടക്കുകയാണ്. കച്ചവടക്കാര്‍ എന്നെ മാടി മാടി വിളിക്കുന്നുണ്ട്.  കൂടുതലും ആന്റിക് കളക്ഷന്‍ ഐറ്റംസ് തന്നെയാണ്.  കുറച്ചു മദാമ്മമാര്‍ കയ്യില്‍ പച്ച കുത്തുന്ന കാഴ്ച കണ്ടു. നടന്നു നടന്നു ആദ്യം എത്തിയത് ഗോകര്‍ണ ക്ഷേത്രതിനടുത്തുള്ള ബീച്ചിലേക്കാണ്. ഒട്ടക സവാരിയാണ് അവിടത്തെ പ്രത്യേകത.  ഒരാള്‍ക്കു 100 രൂപ. ഞാനും ഒട്ടകത്തിന്റെ പുറത്തേക്ക് കയറി.  പുറമെ കാണുന്ന പോലെയല്ല ഒട്ടകത്തിന്റെ പുറത്തു കയറിയാല്‍. താഴേക്ക് ഇപ്പോള്‍ വീഴുന്ന പോലെ പ്രതീതി, നടക്കുമ്പോള്‍ രണ്ടു വശത്തേക്കും ചരിയുന്ന പോലെ.  അഞ്ച് മിനിറ്റ് കഴിഞ്ഞു ഒട്ടക സവാരി മതിയാക്കി ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു. തൊട്ടടുത്തു തന്നെയാണ് ഓട്ടോ സ്റ്റാന്‍ഡ്. ഓട്ടോയില്‍ കയറി ഓം ബീച്ചിലേക്ക് യാത്ര തിരിച്ചു. ഗോകര്‍ണയില്‍ പ്രധാനമായും അഞ്ച് ബീച്ചുകളാണുള്ളത്. ഗോകര്‍ണ ബീച്ച്, കുട്‌ല  ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍  ബീച്ച്, പാരഡെയ്‌സ്  ബീച്ച്.   ഞാന്‍ പോയിക്കൊണ്ടിരിക്കുന്നത് ഓം ബീച്ചിലേക്കാണ്. പോകുന്ന വഴിയില്‍  കുന്നുകളും അതിനു താഴെ ആയി  നീല കടലും അതിന്റെ അരികിലൂടെ ഒരുപാട് പേര്‍ ട്രെക്കിങ്ങ് ചെയ്യുന്നതുമായ കാഴ്ചകള്‍ കാണാം.  ഒറ്റക്കല്ലായിരുന്നു എങ്കില്‍ എനിക്കും ഇതുപോലെ കഥകള്‍ പറഞ്ഞു  ട്രെക്ക് ചെയ്തു പോകാമായിരുന്നു.  

ഓട്ടോ മുന്നോട്ടു പായുകയാണ്. അവസാനം  ബീച്ചിന്റെ  യാതൊരു സൂചനയും തരാത്ത  ഒരു സ്ഥലത്ത് ഓട്ടോ നിര്‍ത്തി 150 രൂപയും വാങ്ങി. എന്നിട്ട് ഓട്ടോ ഡ്രൈവര്‍  കൈ ചൂണ്ടി  താഴേക്കു നടന്നിറങ്ങിയാല്‍  മതി എന്ന്  പറഞ്ഞു.  നടന്നു പോകുന്ന വഴിയില്‍ ഓം ബീച്ച്  എന്ന ബോര്‍ഡും കണ്ടു.   ഒരു കുന്നിന്‍ മുകളില്‍ ആണു നില്‍ക്കുന്നത് എന്ന് മനസ്സിലായി. അടുത്തൊരു ചെറിയ റെസ്‌റ്റോറന്റുണ്ട്.  അവിടന്ന് ഒരു കുപ്പി വെള്ളവും വാങ്ങി താഴേക്കിറങ്ങി.  ചെറുതായി  കടലിന്റെ  ഇരമ്പല്‍  കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചെറിയ പടവുകള്‍ വഴി താഴേക്കു ഇറങ്ങുമ്പോള്‍ തന്നെ ഓം  ആകൃതിയില്‍ നീല നിറത്തില്‍ കടല്‍ അങ്ങനെ തിളങ്ങുന്നതു കാണാം. അപ്പോള്‍ ഇതിനു ഓം ബീച്ച് എന്ന പേര് വരാനുള്ള കാര്യം പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. ഓം ബീച്ചില്‍ രാവിലെ തന്നെ നിറയെ ആളുകളുണ്ട്. കുറച്ചു പേര് യോഗ ചെയ്യുന്നുണ്ട്  കുറച്ചു പേര് കടലിലെക്കു  നോക്കി ഇരുപ്പുണ്ട്. കുറച്ചു പേര് കടലില്‍ നീരാടുന്നുണ്ട്.   തൊട്ടടുത്തുള്ള ഒരു  മരത്തിന്റെ തണലില്‍ ഒരു സുന്ദരി യായ മദാമ്മ  മണലില്‍  ബെഡ്ഷീറ്റും  വിരിച്ച് കടലിലേക്ക് കണ്ണും നട്ടിരിക്കുന്നു.  ഉടനെ എങ്ങും എണീറ്റു പോകുന്ന ലക്ഷണം ഇല്ല. എന്റെ പേഴ്‌സും മൊബൈലും അടങ്ങിയ ബാഗ് മദാമ്മയുടെ ബെഡ് ഷീറ്റിന്റെ അരികില്‍ ആയി വെച്ചു. കരയില്‍ മദാമ്മ ഉണ്ടല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ കടലിലേക്കിറങ്ങി.   ഒരു രണ്ട്  മണിക്കൂറോളം  കടലില്‍ കുളിച്ചു. വെയിലിന്റെ ചൂട് കൂടിയപ്പോള്‍ കരയിലേക്കു കയറി ഡ്രസ്സ് മാറി മദാമ്മക്ക്് ഒരു താങ്ക്‌സ് പറഞ്ഞു തൊട്ടടുത്തുള്ള ഹാഫ് മൂണ്‍ ബീച്ചിലേക്ക് പോയി. ആ നന്ദി പറച്ചില്‍ എന്തിനാണെന്ന് അവര്‍ക്ക്  മനസിലായിക്കാണില്ല. അതാകും എന്നെ പകച്ചുനോക്കിയത്.

Gokarna 3

ഹാഫ്മൂണ്‍ ബീച്ച് അര്‍ദ്ധവൃത്താകൃതിയുള്ള ബീച്ച് ആണ്. ഓം ബീച്ചും ഹാഫ് മൂണ്‍ ബീച്ചും വേര്‍തിരിക്കുന്നത് കടലിലേക്കു നീണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളാണ്. അവിടെയും കുറച്ചു നേരം ചുറ്റിപ്പറ്റി നിന്ന ശേഷം മുകളിലേക്കു കയറി ആദ്യം കണ്ട റെസ്റ്റോറന്റില്‍ കയറി ഫുഡ് കഴിച്ചു.  നമ്മുടെ കേരള സ്‌റ്റൈല്‍ ഫുഡ് ഒന്നും തന്നെ അവിടെ ഇല്ല.  ബിരിയാണി, ചൈനീസ്,  നോര്‍ത്ത് ഇന്ത്യന്‍ ഐറ്റംസ് മാത്രം. ആഹാരം കഴിച്ചു പുറത്തേക്കിറങ്ങി.  ഇനി അടുത്ത ലക്ഷ്യം ഗോകര്‍ണയുടെ സ്വര്‍ഗം എന്ന് വിളിപ്പേരുളള പാരഡൈസ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് ആണ്. കടല്‍ത്തീരവും കഴിഞ്ഞു ഓം ബീച്ചിന്റെ  അറ്റത്തു നിന്നുള്ള പാറകള്‍ കടന്ന് മുകളിലേക്കു കയറി ഞാന്‍ നടന്നു. ഒരു മലയുടെ സൈഡിലൂടെ പാറക്കെട്ടുകള്‍ നിറഞ്ഞ വഴിയില്‍ കഷ്ടിച്ച് ഒരാള്‍ക്കു മാത്രം നടക്കാവുന്ന വഴിയിലൂടെയാണ് ഞാന്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. അത്യധികം ത്രില്ലിംഗും അതിലേറെ അപകടകരവുമായ യാത്രയാണിത് . കാരണം നടക്കുന്ന വഴിയില്‍ കാലൊന്നു തെന്നിയാല്‍ മലയുടെ താഴെ കടല്‍ത്തിരയടിച്ചു നുരയുന്ന പാറക്കെട്ടുകളില്‍ വീണാല്‍ മരണം ഉറപ്പാണ്. ആ നടത്തത്തില്‍  ഒരു സ്ഥലത്ത്  പശ്ചിമഘട്ടവും മറുവശത്ത് അറബി കടലും ചേര്‍ന്നു ഒഴുകുന്ന മനോഹരമായ കാഴ്ചകള്‍ കാണാം. ഒരു പൊളിഞ്ഞ പഴയ കെട്ടിടത്തിനു അടുത്തുള്ള വഴിലൂടെ ബീച്ചിലേക്കിറങ്ങി ചെല്ലാം.... പൊളിഞ്ഞ കെട്ടിടത്തിന്റെ ചുമരുകളില്‍ ആരോ വരച്ച സുന്ദരമായ ചിത്രങ്ങള്‍ കാണാം. 

ഗോകര്‍ണ്ണയിലെ സ്വര്‍ഗം 
           
ഓം ബീച്ചിലോ ഹാഫ്മൂണ്‍ ബീച്ചിലോ  പോലെയുള്ള  തിരക്കൊന്നുമില്ലാത്ത പാറകളാല്‍ ചുറ്റപ്പെടുന്ന ശാന്തവും അതിലേറെ മനോഹരമായ ഒരു കടല്‍ തീരം. അതാണ് പാരഡൈസ് ബീച്ച്.  പേര് പോലെ തന്നെ ഇവിടം സ്വര്‍ഗ്ഗമാണ്. കര്‍മ ബന്ധങ്ങളുടെ നൂലുകളെല്ലാം പൊട്ടിച്ചെറിഞ്ഞു ഏകാന്തതയെ പ്രണയിച്ച് ഒരു ധ്യാനത്തിലെന്നപോലെ മനസെന്ന പറവയെ കൂടു തുറന്ന് പ്രകൃതിയിലേക്ക് പറത്തി വിടുന്നവരുടെ പാരഡൈസ്. ലോകം ചുറ്റി തീര്‍ക്കാന്‍ കൊതിച്ചവര്‍ക്കും ഏകാന്ത യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും  കലാഹൃദയമുള്ളവര്‍ക്കും എഴുത്തുകാര്‍ക്കും ഒത്തിരി ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്കും പറ്റിയൊരു ഇടമാണിത്. തിരക്ക് പിടിച്ച  ലൗകിക ജീവിതത്തില്‍ എല്ലാ മാനസിക പിരിമുറുക്കങ്ങളും കളഞ്ഞ് ഇവിടെ വന്നിരുന്നു ഒന്നു കണ്ണടച്ച് കടല്‍ കാറ്റേറ്റും കൊണ്ട് ഇരുന്നു നോക്കൂ. മറ്റേതോ ലോകത്തേക്ക് മനസ് നമ്മളെ കൊണ്ട് പോകും. അതൊക്കെ കൊണ്ടാകും ഇതിനു പാരഡൈസ് ബീച്ച് എന്നൊക്കെ പേര് വരാന്‍ കാരണം.

Gokarna 4

ഗോകര്‍ണയില്‍ എത്തുന്ന സഞ്ചാരികള്‍ മിക്കവരും ഇവിടെയാണ് രാത്രിയില്‍ തമ്പടിക്കുന്നത്.  ടെന്റുകളോ സ്ലീപ്പിങ് ബാഗോ കൊണ്ടുവന്നാല്‍ ഓപ്പണ്‍ ബീച്ചില്‍ നല്ല കടല്‍ കാറ്റേറ്റ് സുന്ദരമായി ഉറങ്ങാം. ഭക്ഷണം കഴിക്കാന്‍  തട്ടുകട പോലെ രണ്ടു ചെറിയ സംവിധാനങ്ങള്‍ ഉണ്ട്. ബാത് റൂം ടോയ്‌ലറ്റ് പോലെ ഉളള സൗകര്യങ്ങള്‍ അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല. സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളോ  കുളിക്കുന്നത് നിയന്ത്രിക്കാന്‍ ഉള്ള സെക്യൂരിറ്റി ഗാര്‍ഡുകളോ ഇല്ലാത്ത,  സുന്ദരമായ കടലോരവും വിദൂരതയിലേക്ക് നോക്കി ഇരിക്കാന്‍ കൂറ്റന്‍ പാറകളും  കടലിന്റെ സംഗീതവും കാറ്റിന്റെ താളവും ചേര്‍ന്ന  ഒരു മായാലോകം പാരഡൈസ് ബീച്ച് നമുക്ക് നല്‍കുന്നുണ്ട്. എത്ര നേരം ഇരുന്നാലും തിരികെ പോകാന്‍ തോന്നാത്ത ഇനി തിരികെ പോയി കഴിഞ്ഞാല്‍ വീണ്ടും വീണ്ടും മാടി വിളിക്കുന്ന എന്തോ  അദൃശ്യ ശക്തി  പാരഡൈസ് ബീച്ചിനുണ്ട്. സമയം രാത്രിയോട് അടുക്കുന്നു  സഞ്ചാരികള്‍ പലരും  ടെന്റടിക്കാന്‍ ഉള്ള തിരക്കില്‍ ആണ്. അവിടെ അലഞ്ഞു തിരിഞ്ഞു നടന്ന  കാലിക്കൂട്ടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അതിന്റെ വാസസ്ഥലത്തേക്ക്  അണയാന്‍ ധൃതി പിടിച്ചു പോകുന്ന പോലെയുളള കാഴ്ചകള്‍ കാണാം. അവര്‍ക്ക് പിന്നാലെ ഞാനും എന്റെ താമസ സ്ഥലത്തേക്ക് തിരിച്ചു.  

റൂമില്‍ എത്തിയ ശേഷം  കുറച്ചു നേരം വിശ്രമിച്ച ശേഷം  ഗോകര്‍ണത്തെ രാത്രി കാഴ്ചകള്‍ കാണാനായി പുറത്തേക്കിറങ്ങി. ക്ഷേത്രത്തിനടുത്തുള്ള ഗോകര്‍ണ ബീച്ചിലേക്ക് തന്നെ നടന്നു. പകല്‍ ഉള്ളതിന്റെ രണ്ടു മടങ്ങ് ആളുകളുണ്ട്. പകലിലെ ചൂടിന്റെ കാഠിന്യം കൊണ്ടാകും എല്ലാവരും രാത്രിയില്‍ ഇറങ്ങിയത്. സ്വദേശീയരും വിദേശികളുമൊക്കെ  ചേര്‍ന്നു ഗോകര്‍ണയിലെ   രാത്രി യെ പകലാ ക്കുകയാണ്. ഗിത്താര്‍ പോലെ യുള്ള  വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച്  കുറച്ചു പേര് പാടുന്നുണ്ട് അതിനു അനുസരിച്ചു ഡാന്‍സ് ചെയുന്നുണ്ട്  കുറച്ചു പേര്‍ ബ്ലൂടൂത്ത് വഴി സ്പീക്കറില്‍ മൊബൈല്‍ കണക്ട് ചെയ്തു സംഗീതം ആസ്വദിക്കുന്നു.  ഒരു ന്യൂ ഇയര്‍ സെലിബ്രേഷനു  ഫോര്‍ട്ട്കൊച്ചി  കടല്‍ തീരത്ത് പോയി നില്‍ക്കുന്ന ഒരവസ്ഥ യാണ് അപ്പോള്‍ തോന്നിയത്  ആകാശത്തു   നിറയെ നക്ഷത്രങ്ങള്‍  താഴെ അതിനേക്കാള്‍ സുന്ദരമായി ഗോകര്‍ണ ബീച്ച് മിന്നി തിളങ്ങുന്നുണ്ട് ഞാനും ആ കൂട്ടത്തില്‍ ചേര്‍ന്നു. ഒറ്റക്കുള്ള ഫീലിംഗ് വിട്ടുമാറിയത് അപ്പോളാണ് ഒരു സോളോ ട്രിപ്പിലാണ് ഞാന്‍ വന്നത് എന്നുള്ള ചിന്ത എങ്ങോ പോയി മറഞ്ഞു. അപ്പോഴേക്കും  ഞാനും അവരില്‍ ഒരംഗമായി തീര്ന്നു.  രാത്രിഏറെ ആയപ്പോള്‍ ഞാന്‍ റൂമിലേക്കു പോയി  പകല്‍ കണ്ട കാഴ്ചകള്‍ തന്നെയാണ് കണ്ണടക്കുമ്പോള്‍ തെളിയുന്നതു. പുലര്‍ച്ചെ എപ്പോളോ ഞാന്‍ മയക്കത്തിലേക്ക് വീണു..

Gokarna 5

രണ്ടാം ദിവസം

പിറ്റേന്ന് രാവിലെ ഞാന്‍  പോയത് കുട്‌ല  ബീച്ചിലേക്കാണ്. കയാക്കിങ്ങും സര്‍ഫിങ്ങും ഒക്കെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ധാരാളം ഫൈബര്‍ ബോട്ടുകളും എയര്‍ ബോട്ടുകളും കാണാം.  ബോട്ടില്‍ കയറി കുറച്ച് ഉള്ളിലേക്കു  പോകുമ്പോള്‍ ഡോള്‍ഫിന്‍ മത്സ്യങ്ങളെ  കാണാമെന്നു പോയവര്‍ പറയുന്നു.  ബോട്ടിനു അടുത്ത് വന്നു ഡോള്‍ഫിന്‍ മല്‍സ്യങ്ങള്‍  ഉയര്‍ന്നു ചാടുമത്രേ. ലക്ഷ ദ്വീപില്‍ പോയി ഇതെല്ലാം കണ്ട് അനുഭവിച്ചറിഞ്ഞത് കൊണ്ട്  തത്കാലം സര്‍ഫിങ്,  കയാക്കിങ് ഒകെ വേണ്ടാന്ന് വെച്ച് ദൂരെ നിന്ന് ഇതെല്ലാം കണ്ട് ആസ്വദിച്ചു.  സെപ്റ്റംബര്‍ മുതല്‍ മെയ് വരെ തന്നെയാണ്  ഗോകര്‍ണയില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. തിരിച്ചു പോകേണ്ട ട്രെയിന്‍ റിസര്‍വേഷന്‍ ചെയ്തതിനാല്‍ ഒത്തിരി നേരം അവിടെ ചിലവഴിക്കാന്‍ പറ്റിയില്ല. ഗോകര്‍ണയില്‍ നിന്നും  കുംത യിലേക്ക് ബസ് കയറി.

Gokarna 6

കുംത റെയില്‍വേ സ്റ്റേഷനില്‍  എത്തിയപ്പോളാണ് ആ ബോര്‍ഡ് ഞാന്‍ കണ്ടത്. മിര്‍ജാന്‍  ഫോര്‍ട്ട്! കുംത സ്റ്റേഷന്‍ ല്‍ നിന്നും 22 കിലോമീറ്റര്‍ ദൂരം ഉള്ളു എന്ന്. കോട്ടയുടെ ഫോട്ടോയും ഉണ്ട്. തലേദിവസം പുലര്‍ച്ചെ വന്നിറങ്ങിയത് കൊണ്ട് ആ ബോര്‍ഡ് ശ്രദ്ധിച്ചില്ല.  ഒരു പക്ഷെ കണ്ടിരുന്നേല്‍ തിരികെയുള്ള ടിക്കറ്റ് ഞാന്‍ ക്യാന്‍സല്‍ ആക്കിയേനെ. എനിക്ക് പോകേണ്ട ട്രെയിനിന്റെ അനൗണ്‍സ്‌മെന്റ് കേട്ടു.  ഇനി റിസര്‍വേഷന്‍ ക്യാന്‍സല്‍  ചെയ്യാനായി കൗണ്ടറില്‍ പോയിട്ട് എന്ത് കാര്യം? അതിനു മുന്നേ ട്രെയിന്‍ ഇങ്ങെത്തും.  റിസര്‍വേഷന്‍ ചെയ്യാന്‍ തോന്നിയ സമയത്തെ മനസ്സില്‍ ശപിച്ചു കൊണ്ട് മനസില്ലാ മനസോടെ  ആ ട്രെയിനിലേക്ക് കയറി നാട്ടിലേക്ക് യാത്രയായി. ട്രെയിന്‍ മുരുഡേശ്വേര്‍ കഴിഞ്ഞു മംഗലാപുരത്തേക്ക് കുതിക്കുകയാണ്. മനസ്സില്‍ നിറയെ ഗോകര്‍ണയില്‍ കണ്ട കാഴ്ചകളും കാണാന്‍ പറ്റാതെ പോയ മിര്‍ജാന്‍ ഫോര്‍ട്ടും യാനയും ഒക്കെയായിരുന്നു... കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളും പറഞ്ഞു തീരാത്ത വിശേങ്ങളുമാണ് ഗോകര്‍ണയില്‍ ഉള്ളത്.

Content Highlights: Gokarna Travel, What to See in Gokarna, Solo Trip, Five Beaches in Gokarna