ഹിമാലയന്‍ താഴ് വരകളില്‍ ദേശാടനപ്പക്ഷികളുടെ സ്വര്‍ഗമാണ് ഗജോല്‍ഡോബ (Gajoldoba). വര്‍ണപ്പക്ഷികളെ തേടിയിറങ്ങിയത് കൊച്ചിയില്‍ നിന്ന് രണ്ട് പേര്‍. കാക്കനാടി ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ എം.വി. അജിത് കുമാറും ആലുവയിലെ പോലീസ് വകുപ്പിലെ ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ കുമാറും.

Gajoldoba 2

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലെ ബാഗ്‌ദ്രോഗ വിമാനത്താവളത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗജോല്‍ഡോബ കാല്‍പ്പനിക സൗന്ദര്യമുണര്‍ത്തുന്ന തടാകമാണ്. അവിടെ വര്‍ഷം തോറും വര്‍ണപ്പക്ഷികളെത്തുന്നു. കണ്‍നിറയെ കാഴ്ചകളും വര്‍ണങ്ങളും വീഡിയോയില്‍ പകര്‍ത്തിയത് അജിത് കുമാറിനും അതിന്  സഹായിച്ച പ്രവീണിനും ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. ഇരുവരും ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ കൂടിയാണ്.

ഹിമാലയത്തില്‍ നിന്ന് ഒഴുകിയെത്തുന്ന പുണ്യനദിയായ ടീസ്റ്റയുടെ സൃഷ്ടിയാണ് ഈ തടാകം. ആനകള്‍ പലപ്പോഴും ഈ തടാകത്തില്‍ നീരാട്ടിനിറങ്ങും. ആനയ്ക്ക് നിലയില്ലാത്ത തടാകമാണിത്. വഞ്ചിയിലൂടെ തടാകത്തിന്റെ കൈവഴിയിലൂടെയുള്ള യാത്ര മനസ്സിന് കുളിരുപകരും.

Gajoldoba 1

മധ്യേഷ്യ, മംഗോളിയ, സൈബീരിയ, യൂറോപ്പ്, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നും വര്‍ണ്ണപ്പക്ഷികള്‍ കൂട്ടത്തോടെ തടാകത്തിലേക്കെത്തുന്നു. സിക്കിമില്‍ നിന്ന് 23000 അടി ഉയരത്തില്‍ ഉത്ഭവിച്ചാണ് ടീസ്റ്റ നദി ഇവിടെ പതിക്കുന്നത്.

തടാകക്കരയിലൂടെ നടക്കുമ്പോള്‍ അജിത് കുമാറും പ്രവീണ്‍ കുമാറും ഒരു ശബ്ദം കേട്ടു.

'ചേട്ടാ, എന്ത് വിശേഷങ്ങള്‍?' ഡാര്‍ജിലിങ്ങിലെ ഒരു ഗ്രാമീണ അന്തരീക്ഷമായ തടാകക്കരയില്‍ ഇരിക്കുന്ന യുവാവിന്റെ ശബ്ദമാണ്. നാട്ടുകാരനാണെങ്കിലും കേരളത്തിലെ അതിഥി തൊഴിലാളി. പതിനൊന്ന് വര്‍ഷമായി കോഴിക്കോട് ജില്ലയിലെ മുക്കത്താണ് തൊഴിലെടുക്കുന്നത്. ഇപ്പോള്‍ തടാകത്തില്‍ ടൂറിസ്റ്റ് സീസണായതിനാലാണ് ഇവിടെയെത്തിയത്. സീസണ്‍ കഴിഞ്ഞാല്‍ മുക്കത്തേക്ക് മടങ്ങും.

Gajoldoba 3

മലയാളം നന്നായി സംസാരിക്കുന്ന ബംഗാളി യാത്രയ്ക്ക് ആഹ്ലാദം പകര്‍ന്നു.- അജിത് പറഞ്ഞു.

Content Highlights: Gajoldoba tourist hub, paradise of birds