റോലേവു ദ്വീപിലെ വാറിക് ഫിജി ഹോട്ടലിനു മുന്നിലെ കല്‍ക്കെട്ടിലിരുന്ന് ഞാന്‍ ശാന്തസമുദ്രത്തില്‍ കാല്‍ നനച്ചു. ആഴംകൊണ്ടും പരപ്പുകൊണ്ടും ഏറ്റവും വലിയ സമുദ്രമാണ് പസിഫിക്. ലോകത്തിന്റെ മൂന്നിലൊരു ഭാഗം ഈ സമുദ്രമാണ്. ഫിജിയില്‍നിന്ന് നേരേ യാത്ര ചെയ്താല്‍ ഹവായിയിലെത്തും. ഫിജിയിലിരുന്ന് ഞാന്‍ 'ലോകത്തിലെ ആദ്യത്തെ പത്രം' വായിച്ചു. The first newspaper published in the world everyday  എന്ന് ഫിജി ടൈംസിന്റെ മാസ്റ്റ്ഹെഡ്ഡില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 

ലോകത്തിലെ ആദ്യത്തെ പത്രം ഫിജിയില്‍ നിന്നല്ലെന്ന് എനിക്കറിയാം. ഫിജി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചത് 1869-ലാണ്. അതിനുമുമ്പേ മലയാളത്തില്‍ ആദ്യത്തെ പത്രം പുറത്തിറങ്ങിയിരുന്നു. പക്ഷേ ഫിജി ടൈംസിന്റെ അവകാശവാദം ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. അന്താരാഷ്ട്ര ദിനരേഖ കടന്നുപോകുന്ന ഫിജിയിലാണ് ആദ്യത്തെ സൂര്യോദയം. ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതല്‍ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മള്‍ ഇന്ത്യയില്‍ സൂര്യനെ കാണുന്നതിന് ആറര മണിക്കൂര്‍ മുമ്പ് ഫിജിയില്‍ സൂര്യനെത്തുന്നു. അതോടൊപ്പം അന്നത്തെ ആദ്യത്തെ പത്രം ഇറങ്ങുന്നു.

Fiji 2
 
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലായിരുന്ന ഫിജി ടൈംസ് എന്ന ഇംഗ്ലീഷ് ടാബ്ലോയ്ഡിന്റെ പഴക്കത്തെക്കുറിച്ചുള്ള അവകാശവാദത്തിന്റെ അടിസ്ഥാനം ഇതാണ്. 2010-ല്‍ മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പില്‍നിന്ന് ഫിജി ടൈംസ് മഹേന്ദ്ര മോട്ടിഭായ് പട്ടേല്‍ വാങ്ങി. ഇന്ന് ഫിജി ടൈംസിനൊപ്പം ഫിജി സണ്‍, ദ ഡെയ്ലി പോസ്റ്റ് എന്നീ പത്രങ്ങളും അന്നന്നത്തെ ആദ്യപത്രങ്ങളായി ഫിജിയിലുണ്ട്.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് ഫിജിയുടെ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയ എയര്‍ പസിഫിക്കില്‍ നാല് മണിക്കൂര്‍ യാത്ര ചെയ്ത് നാദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ കൊച്ചിയിലിറങ്ങുന്ന അനുഭവമാണുണ്ടായത്. എയര്‍ പസിഫിക് ഇപ്പോള്‍ ഫിജി എയര്‍വേയ്സാണ്. ആഗസ്ത് മാസത്തിലെ സുഖകരമായ കാലാവസ്ഥ. എങ്ങും പച്ചപ്പ്. കേരളത്തില്‍ കാണുന്നതുപോലെയുള്ള വൃക്ഷങ്ങളും കൃഷിയിടങ്ങളും. തെങ്ങ്, ഏത്തവാഴ, നെല്ല്, കടച്ചക്ക. ഇവയ്ക്കു പുറമേ കരിമ്പും കൊക്കോയും പുകയിലയും ചോളവും. കടല്‍ കിഴക്കാണെന്നതാണ് പ്രകടമായ വ്യത്യാസം. 

2000-ല്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ അട്ടിമറിച്ച ജോര്‍ജ് സ്പീറ്റ് പ്രസിദ്ധമാക്കിയ സുളു എന്ന മുട്ടോളമെത്തുന്ന പാവാടയാണ് ഫിജിയിലെ പുരുഷന്മാരുടെ പാരമ്പര്യവേഷം. സദാ മന്ദഹസിക്കുന്ന മുഖങ്ങള്‍. മന്ത്രം ഉച്ചരിക്കുന്നതുപോലെ മുഴക്കമുള്ള ബൂളാവിളികള്‍ എവിടെയും കേള്‍ക്കാം. ഫിജിയിലെ അഭിവാദ്യപദമാണ് ബൂളാ. ഇംഗ്ലീഷില്‍ ഹലോ എന്നര്‍ഥം. ഒന്‍പത് ലക്ഷത്തോളമാണ് ഫിജിയിലെ ജനസംഖ്യ. അതില്‍ 87 ശതമാനവും രണ്ട് പ്രധാന ദ്വീപുകളിലായി അധിവസിക്കുന്നു. വിതി ലെവുവിലാണ് തലസ്ഥാനമായ സുവ. തുറമുഖനഗരം. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കാലത്ത് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ നഗരത്തിന് ആകര്‍ഷകമായ പ്രൗഢി നല്‍കുന്നു. എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നതാണ് ഫിജിയിലെ പ്രത്യേകത. ഔദ്യോഗികഭാഷയും വ്യവഹാരഭാഷയും ഇംഗ്ലീഷാണ്. പുറമേ ഫിജിയനും ഹിന്ദിയും.

1643-ല്‍ ടാസ്മന്‍ കണ്ടെത്തിയതും 1774-ല്‍ ക്യാപ്റ്റന്‍ കുക്ക് ബ്രിട്ടീഷുകാര്‍ക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയന്‍ ദ്വീപസമൂഹം 1874-ല്‍ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളില്‍ പണിയെടുക്കുന്നതിന് അവര്‍ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയില്‍ ഇന്ത്യന്‍ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യന്‍ വംശജരാണ്. അവര്‍ ഫിജിയന്‍ കലര്‍ന്ന ഹിന്ദി സംസാരിക്കുന്നു. മേനകാഗാന്ധിയൊത്ത് സുവയിലെ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ നടക്കുമ്പോള്‍ ആളുകള്‍ അവരുടെ അടുത്തേക്കു വരികയും അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് എനിക്ക് അത്തരം അനുഭവം ഉണ്ടായിട്ടുള്ളത്. 

ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ബാങ്ക് ഓഫ് ബറോഡ എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സുവയില്‍ പ്രാധാന്യത്തോടെ കണ്ടു. നിരവധി ഇന്ത്യന്‍ വ്യാപാരസ്ഥാപനങ്ങളും കാണാം. ബട്ട് സ്ട്രീറ്റിലെ എല്‍.ഐ.സി ബില്‍ഡിങിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ കാര്യാലയം. ഹിന്ദി സിനിമകള്‍ ഫിജിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ വാര്‍ത്തകള്‍ ഫിജിയിലെ പത്രങ്ങളില്‍ വായിക്കാം.

ന്യൂസീലന്‍ഡില്‍നിന്ന് രണ്ടായിരം കിലോമീറ്റര്‍ അകലെയാണ് ഫിജിയന്‍ ദ്വീപസമൂഹം. 1970-ല്‍ സ്വാതന്ത്ര്യം പ്രാപിച്ച ഫിജി 1987-ല്‍ റിപ്പബ്ലിക്കായി. പാര്‍ലമെന്ററി ജനാധിപത്യം പ്രാബല്യത്തിലുള്ള ഫിജിയില്‍ ആവര്‍ത്തിക്കപ്പെടുന്ന അട്ടിമറികള്‍ വാര്‍ത്തയാകുന്നു. പട്ടാളത്തിന്റെ കൂടെക്കൂടെയുള്ള ഇടപെടലുകളെ അതിജീവിച്ചുകൊണ്ട് ഭരണഘടനയും ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭരണവ്യവസ്ഥയും നിലനില്‍ക്കുന്നു. ജുഡീഷ്യറി ശ്രദ്ധേയമായ രീതിയില്‍ ശക്തമാണ്.

സെന്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പട്ടാളം ഏര്‍പ്പെടുത്തുമ്പോള്‍ അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന പാരമ്പര്യമാണ് ഫിജി ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്കുള്ളത്. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പത്രങ്ങളുടെ മാതൃകയില്‍ എഡിറ്റോറിയല്‍ കോളം ശൂന്യമായിട്ട് ഇറക്കിയ ലക്കങ്ങള്‍ ഫിജി ടൈംസിന്റെ ഓഫീസില്‍ കണ്ടു. രാജ്യത്തിന്റെ വലുപ്പത്തിനും പ്രാധാന്യത്തിനും ആനുപാതികമല്ലാത്ത രീതിയില്‍ വളരെ വലിയ സൈന്യമാണ് ഫിജിയിലുള്ളത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതുകൊണ്ടാവാം പട്ടാളക്കാര്‍ ഇടയ്ക്കിടെ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കുന്നത്.

Fiji 3

ജനങ്ങളില്‍ 65 ശതമാനം ക്രിസ്ത്യാനികളാണ്. അവരില്‍ ബഹുഭൂരിപക്ഷവും മെത്തഡിസ്റ്റുകള്‍. അടുത്ത വലിയ വിഭാഗം കത്തോലിക്കരാണ്. ഹിന്ദുക്കള്‍ 28 ശതമാനവും മുസ്ലിങ്ങള്‍ ആറുശതമാനവും ഉണ്ട്. ദീപാവലിയാണ് പ്രധാനപ്പെട്ട ഇന്ത്യന്‍ ആഘോഷം. നാദിയിലെ ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണംകൂടിയാണ്. തമിഴ്നാട്ടിലെ ക്ഷേത്രമാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനും മതബോധനക്ലാസുകള്‍ നടത്തുന്നതിനും അനുവാദമുണ്ട്. മതബോധനത്തിന് ഇതരമതസ്ഥരെ നിര്‍ബന്ധിക്കരുതെന്നു മാത്രമാണ് വ്യവസ്ഥയുള്ളത്. 

പരിസ്ഥിതിയും വികസനവും അടിസ്ഥാനമാക്കിയുള്ള ഏഷ്യാ-പസിഫിക് പാര്‍ലമെന്റേറിയന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഞാന്‍ ഫിജിയിലെത്തിയത്. കൊറോലേവു ദ്വീപിലെ വാറിക് ഫിജി ഹോട്ടലിലായിരുന്നു സമ്മേളനം. പ്രൊഫസര്‍ സയ്ഫുദിന്‍ സോസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ആറ് എം.പി.മാരായിരുന്നു ഇന്ത്യയെ പ്രതിനിധാനംചെയ്ത് കൊറോലേവുവിലെത്തിയത്. ഫിജി എന്ന ചെറുരാജ്യത്ത് ചെലവഴിക്കാനായ ആറു ദിവസങ്ങള്‍ ആ രാജ്യത്തെ നന്നായി അടുത്തറിയാന്‍ സഹായകമായി. പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിങ്ങനെ പ്രധാന വ്യക്തികളുടെ ആതിഥ്യമായിരുന്നു ഓരോ ദിവസത്തെയും പ്രത്യേകത. ലയ്സീനിയ ഖറാസെ ആയിരുന്നു പ്രധാനമന്ത്രി. 2006-ല്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനായി. അദ്ദേഹത്തിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനുള്ള അവസരം കിട്ടി. പരിചാരകന്‍ കൊണ്ടുവന്ന ട്രേയില്‍നിന്ന് വിസ്‌കി നിറച്ച ഗ്ലാസ് അദ്ദേഹം തന്നെ എനിക്ക് എടുത്ത് നല്‍കി. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വിഭാഗത്തില്‍പ്പെട്ട ആളായിരുന്നിട്ടും അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ഒരു ചായപോലും വാങ്ങിക്കുടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

നാട്യങ്ങളില്ലാത്ത നല്ല മനുഷ്യരാണ് ഫിജിയിലുള്ളത്. അവര്‍ എപ്പോഴും ചിരിക്കുന്നു. സംഗീതസാന്ദ്രമാണ് അവരുടെ ജീവിതം. ബൂള അവരുടെ വിശ്വാസപ്രമാണമാണ്. നമ്മുടെ നമസ്‌കാരം അതിന് പകരംവെക്കാവുന്ന പദമല്ല. സമ്മേളനത്തിന്റെ ഇടവേളകളില്‍ വ്യാപകമായി സഞ്ചരിക്കാന്‍ കഴിഞ്ഞു. പഞ്ചസാരയും ടൂറിസവുമാണ് ഫിജിയുടെ പ്രധാന വരുമാനമാര്‍ഗം. പ്രകൃതി അനുഗ്രഹിച്ച ഫിജി സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ അദ്ഭുതമില്ല.

ഫിജിയിലെ നിമ്നോന്നതങ്ങള്‍ നയനാഭിരാമമാണ്. പച്ചപ്പനകളും പവിഴപ്പുറ്റുകളും നീലത്തടാകങ്ങളും ചേര്‍ന്ന് ഫിജിയുടെ കടല്‍ത്തീരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. സമുദ്രം പോലെ തന്നെ ആകര്‍ഷകമാണ് സമുദ്രതീരത്തെ പൂഴിക്കുന്നുകളും. കടല്‍ക്കാറ്റില്‍ രൂപപ്പെടുന്ന മണല്‍ത്തിട്ടകളാണിവ. ഇംഗ്ലീഷില്‍ സാന്‍ഡ് ഡ്യൂണ്‍സ്. സഹസ്രാബ്ദങ്ങളിലൂടെ പ്രകൃതി നടത്തിയ അദ്ഭുതകരമായ നിര്‍മിതി. വിതി ലെവുവിലെ സിംഗാടോക്ക നദീമുഖത്താണ് ഈ പൂഴിക്കുന്നുകള്‍ രൂപപ്പെട്ടിരിക്കുന്നത്. 

സിംഗാടോക്ക പട്ടണത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് 650 ഹെക്ടറിലായി ഈ ദേശീയോദ്യാനം പരന്നുകിടക്കുന്നു. ഇരുപതുമുതല്‍ 60 വരെ മീറ്ററാണ് കുന്നുകളുടെ ഉയരം. അഞ്ച് കിലോമീറ്റര്‍ നടന്നാല്‍ പാര്‍ക്ക് കുറുകെ കടക്കാം. സഹാറപോലെ മണലാരണ്യമല്ല സിംഗാടോക്ക. ഇത് മണലോദ്യാനമാണ്. ഇവിടെ നിങ്ങള്‍ നടക്കുന്നത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്നതും മണ്ണടിഞ്ഞുപോയതുമായ ഒരു സംസ്‌കൃതിയുടെ മുകളിലൂടെയാണ്. എവിടെയെങ്കിലും ഒരു മനുഷ്യാസ്ഥി മണലിനടിയില്‍ കണ്ടാല്‍ വലിച്ചൂരി എറിയാതിരിക്കുക. എന്നോ മരിച്ച് അടക്കപ്പെട്ട പരേതന്റെ ശാപം നിങ്ങളെത്തേടിയെത്തും. ഗൈഡ് ഈ മുന്നറിയിപ്പ് നല്‍കിയിരുന്നതുകൊണ്ടും അസ്ഥി കാണാതിരുന്നതിനാലും ഞാന്‍ ശപിക്കപ്പെട്ടില്ല. സിംഗാടോക്ക അനുഗ്രഹം നിറഞ്ഞ അനുഭവം മാത്രമാണ് എനിക്ക് നല്‍കിയത്. അറേബ്യന്‍ മണലാരണ്യങ്ങളില്‍നിന്ന് നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ഫിജിവരെ പോകാവുന്നതാണ്. ഹോളിവുഡ്ഡില്‍നിന്നും ചൈനയില്‍നിന്നും സിനിമാനിര്‍മാതാക്കള്‍ ഫിജിയിലെത്തുന്നുണ്ട്.

Fiji 4

അസംഖ്യം ചെറിയ ദ്വീപുകള്‍ ശാന്തസമുദ്രത്തിലുണ്ട്. സമുദ്രത്തിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഈ ദ്വീപുകള്‍ പലതും അപ്രത്യക്ഷമാകും. കൊറോലേവുവില്‍ ഞങ്ങളുടെ ആലോചനാവിഷയം ഇതായിരുന്നു. ടുവാലുവിനെ പ്രതിനിധീകരിച്ചെത്തിയ സ്പീക്കര്‍ ഒറ്റിനീലു ടൗസി ഈ ആശങ്ക ഹൃദയസ്പൃക്കായി അവതരിപ്പിച്ചു. വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു. ടുവാലു ഇപ്പോഴും സമുദ്രത്തിന്റെ ഉപരിതലത്തില്‍ത്തന്നെ ഉണ്ടെ ന്ന് കരുതുന്നു. ഫിജിയില്‍നിന്ന് ആയിരം കിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന ടുവാലുവിന്റെ വിസ്തീര്‍ണം 26 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ജലനിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ മാത്രമാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം. ജനസംഖ്യ ഏകദേശം പതിനായിരം. ജനസംഖ്യയും ജലനിരപ്പും ഉയരുമ്പോള്‍ ഈ ദ്വീപുകള്‍ക്ക് എന്തും സംഭവിക്കാം.
 

Mathrubhumi Yathra
യാത്ര വാങ്ങാം

ഫിജി ബ്രിട്ടീഷ് കോളനിയാകുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ ആയിരുന്നു രാജ്ഞി. അവരുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ടിന്റെ പേരിലാണ് സുവയിലെ ഏറ്റവും വലിയ പാര്‍ക്ക് അറിയപ്പെടുന്നത്. സുവ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇപ്പോള്‍ തേഴ്സ്റ്റന്‍ ഗാര്‍ഡന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഫിജിയിലെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്നു തേഴ്സ്റ്റന്‍. ഇവിടെയാണ് മ്യൂസിയവും ലൈബ്രറിയും സ്ഥിതിചെയ്യുന്നത്. മ്യൂസിയത്തില്‍ 3,700 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളും ലൈബ്രറിയില്‍ 12,000 പുസ്തകങ്ങളുമുണ്ട്. വിസ ഇല്ലാതെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഫിജിയിലെത്താം. ആഗമനവേളയില്‍ നാല് മാസത്തേക്കുള്ള സന്ദര്‍ശക പെര്‍മിറ്റ് വിമാനത്താവളത്തില്‍ ലഭിക്കും.

(മാതൃഭൂമി യാത്ര 2016 ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Fiji Travel, Adv Sebastian Paul, Fiji Tourism, Korolevu, Mathrubhumi Yathra