മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി  മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാവിവരണം

ഷില്ലോങിന്റെ കിഴക്ക് ഭാഗത്തുനിന്നും ഉത്ഭവിച്ചു, ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും അതിര്‍ത്തി പങ്കിടുന്ന, അവസാന ഇന്ത്യന്‍ ഗ്രാമമായ ' ദൗകി 'എന്ന ചെറുഗ്രാമത്തിലൂടെ ബംഗ്ലാദേശിലേക്കൊഴുകുന്ന 'ഉമംഗോട്ട് ' നദി ദൗകി യിലെത്തുമ്പോള്‍ 'ദൗകി നദി' എന്ന് വിളിക്കപ്പെടുന്നു. സ്ഫടികം പോലെ തെളിമയാര്‍ന്ന ജലത്തിന് മരതക വര്‍ണം ചാലിച്ചു കൊടുത്ത പ്രകൃതിയുടെ കരങ്ങള്‍ എത്ര മനോഹരമെന്നു ചിന്തിച്ചുപോകും അവിടെത്തുമ്പോള്‍. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്നും ഏകദേശം 80 കിലോമീറ്ററോളം മാറിയാണ് ദൗകി സ്ഥിതി ചെയ്യുന്നത്...

Dawki 7

ഷില്ലോങ്ങില്‍ നിന്നും ദൗക്കിയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോള്‍ തന്നെ സമയം ഉച്ചതിരിഞ്ഞു 2 മണിയോടടുക്കാറായിരുന്നു. ഡിസംബര്‍ മാസം ആയതിനാലാവണം വീശുന്ന കാറ്റിനൊക്കെയും തണുപ്പിന്റെ നേര്‍ത്ത സുഗന്ധമുണ്ടാ യിരുന്നു.. പ്രത്യേക സുഖമുള്ളൊരു നേര്‍ത്ത തണുപ്പ്... മേഘാലയയിലേക്കുള്ള യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് നാലാം ദിനം.. ഡിസംബര്‍ 15 ന് ആണ് ഡല്‍ഹിയില്‍ നിന്നും മേഘാലയന്‍ മണ്ണില്‍ പാദമൂന്നിയിറങ്ങിയത്... കൂടെ ഏറെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളും.. യാത്രകളാണ് ജീവിതമെന്നു കരുതുന്ന സമീറും( Moh'd Sameer P) യാത്രകളെ ജീവനെപ്പോലെ കരുതുന്ന അരുണും( Arun Sankar)... മേഘാലയ, നാഗാലാന്‍ഡ്, ആസ്സാം എന്നീ മൂന്നു സ്ഥലങ്ങളായിരുന്നു 15 ദിവസത്തെ പ്ലാനില്‍ ഉണ്ടായിരുന്നത്. അതിലെ ആദ്യത്തെ ആറു ദിവസങ്ങള്‍ മേഘാലയക്കും...

രാവിലെ 8. 30 നു ഗുവാഹത്തി എത്തിച്ചേരേണ്ടിയിരുന്ന വണ്ടി എത്തുമ്പോള്‍ സമയം ഉച്ചക്ക് 12 മണി.. അവിടെ നിന്നും പാല്‍ട്ടന്‍ ബസാറിലെത്തി ഉച്ചയൂണും കഴിച്ചു നേരെ 'awe rides'എന്ന കാര്‍ റെന്റല്‍ ഷോപ്പിലേക്ക്.. 5 ദിവസത്തേക്ക് അവിടെ നിന്നും കാര്‍ വാടകക്കെടുത്തു മേഘാലയ കാണുകയാണ് ലക്ഷ്യം... ഒരാഴ്ച മുന്‍പേ തന്നെ വിളിച്ചു ഒരു ആള്‍ട്ടോ കാര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും അവരുടെ ഔപചാരിതകള്‍ ഒക്കെയും കഴിഞ്ഞു വണ്ടി കയ്യില്‍ എത്തുമ്പോഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു... അരുണ്‍ ചേട്ടനാണ് മാരുതി ആള്‍ട്ടോ എന്ന രഥത്തിന്റെ ഇനി അങ്ങോട്ടുള്ള സാരഥി.. ആദ്യ ദിവസം നേരെ ഷില്ലോങ്ങിലേക്കാണ്. ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട് ഗുവാഹത്തിയില്‍ നിന്നും ഷില്ലോങ്ങിലേക്ക്. ഷില്ലോങ്ങിലെ പോലീസ് ബസാറിലെത്തി ഒരു റൂം തരപ്പെടുത്തി എടുക്കുന്നതിനും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മേഘാലയന്‍ ഗ്രാമങ്ങളിലേക്കുള്ള കവാടമായ ഷില്ലോങ്ങില്‍ തങ്ങി അടുത്ത രണ്ടു ദിവസങ്ങളില്‍ മഴക്കാടുകള്‍ വിസ്മയം തീര്‍ക്കുന്ന ചിറാപുഞ്ചിയും ലോകാത്ഭുതങ്ങളോട് കിട പിടിക്കുന്ന, മരവേരുകള്‍ കൂട്ടിച്ചേര്‍ത്തു നിര്‍മിച്ച രണ്ടു നിലകളുള്ള കൂറ്റന്‍ വേരുപാലങ്ങളും 'നോഹ്കലികായി ',എലെഫന്റ്‌റ് ഫാള്‍സ്, സെവന്‍ സിസ്റ്റര്‍ ഫാള്‍സ് തുടങ്ങിയ മറ്റനേകം വെള്ളച്ചാട്ടങ്ങളും പലതരം ഗുഹകളും, ഭൂമിയിലെ ഏറ്റവും നനവുള്ള പ്രദേശമെന്നറിയപ്പെടുന്ന 'മൗസിന്റം ', ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന ഖ്യാതി ലഭിച്ച 'മൗലിനൊങ് 'തുടങ്ങിയ സ്ഥലങ്ങളൊക്കെയും സന്ദര്‍ശിച്ചു നാലാം ദിവസം ഉച്ചയോടെ 'ദൗകി ' ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു...

Dawki 5

തുറന്നിട്ട കാറിന്റെ ജാലകത്തിലൂടെ കാറ്റ് ഉള്ളിലേക്ക് കടന്നു കയറുന്നുണ്ടായിരുന്നു. തണുപ്പുള്ള കാറ്റാണ് വീശുന്നതെങ്കിലും ഈ തണുപ്പിനൊരു സുഖമുണ്ട്. ഒരു മാത്ര ദേഹത്തെ മുട്ടിയുരുമ്മി ദൂരെ ആരെയോ തിരഞ്ഞു പോകുന്ന കാറ്റിനറിയില്ലല്ലോ കനലെരിയുന്നോരെന്‍ ഹൃദയതന്ത്രികളില്‍ നീ മീട്ടി ഉണര്‍ത്തി കടന്നു കളഞ്ഞ മൗനരാഗങ്ങളുടെ തരളമാം മര്‍മ്മരം... നാലാം ദിവസമായ ഇന്നും കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ അരുണ്‍ ചേട്ടന്‍ തന്നെ.. തുടര്‍ച്ചയായി നാലാം ദിവസവും വണ്ടി ഓടിക്കുന്നതിന്റെ യാതൊരു ക്ഷീണമോ പരാതിയോ ഒന്നും മുഖത്ത് കാണാനേയില്ല. ഒരു ചെറിയ പുഞ്ചിരി അല്ലാതെ.. സമീര്‍ അവന്റെ യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പിന്നിലിരുന്നു വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.....

പച്ചപ്പ് തിങ്ങി നിറഞ്ഞ ഗ്രാമങ്ങളാണ് മേഘാലയയില്‍ കാണാന്‍ കഴിയുക. തിക്കും തിരക്കും കൂട്ടി ഓടി നടക്കുന്ന ആളുകളെയും പുകതുപ്പി ചീറിപ്പായുന്ന വാഹനങ്ങളെയും അംബരചുംബികളായ വമ്പന്‍ കെട്ടിട സമുച്ചയങ്ങളും വിഷപ്പുക ചിന്തുന്ന ഫാക്ടറികളും ഒന്നും കാണാന്‍ കഴിയില്ല. പകരം നിഷ്‌കളങ്കരായ ഒരു പറ്റം ഗ്രാമവാസികളെയും മലിനീകരണം തൊട്ടു തീണ്ടാത്ത ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും കാണാന്‍ സാധിക്കും.. മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന വണ്ടിയില്‍ നിന്നും ഒരുപാട് വെള്ളച്ചാട്ടങ്ങളും മഴക്കാടുകളുമൊക്കെ പിന്നോട്ട് മറഞ്ഞു കൊണ്ടിരുന്ന മനോഹരമായ കാഴ്ചകളും ആസ്വദിച്ചു ഞങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു..ഭൂപ്രകൃതി പലവട്ടം മാറി വന്നുകൊണ്ടിരുന്നു.. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഴക്കാടുകള്‍... കാതങ്ങളോളം നീണ്ടു കിടക്കുന്ന തുറസ്സായ സമതലങ്ങള്‍.. ഇടയ്ക്കിടെ വഴിയുടെ വശങ്ങളില്‍ വലിയ കൊക്കകളും തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ പാറക്കെട്ടുകളും.. അതിനുമപ്പുറം വിശാലമായി പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും.. അവക്കിടയില്‍ നീലം പൂശിയപോലൊരു കൊച്ചു തടാകവും.. ഒറ്റനോട്ടത്തില്‍ നമ്മുടെ വാഗമണ്ണിന് സമാനമായൊരു സ്ഥലം... പക്ഷെ ഈ കുന്നുകള്‍ക്ക് പച്ചനിറമില്ല.. തവിട്ട് നിറമാണ്.. അതിനു നടുവിലുള്ള ജലാശയത്തിനു നീല നിറവും. ഒരുപക്ഷെ ഇളം നീല നിറമുള്ള നഭോ മണ്ഡലത്തിന്റെ പ്രതിഫലനം ആയിരിക്കണം ഈ തടാകത്തിന്റെ സൗന്ദര്യ രഹസ്യം. വണ്ടി നിര്‍ത്തി കുറച്ചു ചിത്രങ്ങളെടുക്കാതെ മുന്നോട്ടു പോകുന്നതെങ്ങനെ.....

Dawki 8

സമയം ഏകദേശം നാലര കഴിഞ്ഞിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. ചക്രവാള സീമയില്‍ ഇരുളിന്റെ കരങ്ങള്‍ തെളിഞ്ഞു തുടങ്ങി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും നമ്മുടെ നാടും തമ്മിലുള്ള വലിയൊരു വ്യത്യാസം ആണ് വളരെ നേരത്തെ തന്നെ ഇരുള്‍ പരന്നു തുടങ്ങുന്നത്. 4 മണിയോട് അടുത്ത് തന്നെ അസ്തമയം ഉണ്ടാകും.. 5 മണിയോടെ തമസ്സ് ഭൂമിയെ വാരി പുണര്‍ന്നു തുടങ്ങും.. വളരെ നേരത്തെ തന്നെ രാവു പകലിന് വഴിമാറി ദൂരെ മറയുകയും ചെയ്യും. രാവിലെ അഞ്ചു മണി ആവുമ്പോഴേക്കും നമ്മുടെ നാട്ടിലെ 8 മണിയുടെ പ്രതീതി ആണ്.. നേരത്തെ യാത്ര തുടങ്ങി നേരത്തെ അവസാനിപ്പിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക . വണ്ടി ഓടിക്കൊ ണ്ടിരിക്കുകയാണ്.. വഴിവിളക്കുകളോ മറ്റു കാര്യമായ സ്ഥലവിവരങ്ങളോ ഒന്നുമില്ല.. ഇടയ്ക്കിടെ വന്നു മറഞ്ഞുകൊണ്ടിരുന്ന വഴി അരികിലെ കൊച്ചു വീടുകളില്‍ നിന്നുള്ള നക്ഷത്ര വിളക്കുകളുടെ പ്രകാശം മാത്രം.. ക്രിസ്തുമസ് ആയതിനാലാവണം എല്ലാ വീടുകള്‍ക്ക് മുന്നിലും നക്ഷത്രങ്ങള്‍ മിഴി ചിമ്മുന്നത് കാണാമായിരുന്നു.

ഇനിയും 45 കിലോമീറ്റര്‍ ദൂരം കാണിക്കുന്നുണ്ട് ഗൂഗിള്‍ മാപ്പില്‍.. വഴിയുടെ അവസ്ഥ വല്ലാതെ മാറിക്കഴിഞ്ഞു. വഴി വല്ലാതെ മോശമായിത്തുടങ്ങി. ടാറില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികളിലാകെ കുണ്ടും കുഴികളുമാണ്. വലിയ കല്ലുകളും. ഒരു കല്ലില്‍ നിന്നും മറ്റൊരു കല്ലിലേക്ക്. വണ്ടിയുടെ വേഗത വളെരെ കുറഞ്ഞിരിക്കുന്നു.. ഇനിയെത്ര ദൂരം വഴിയുടെ അവസ്ഥ ഇങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. എന്തെങ്കിലും ഒന്നും ചോദിക്കാന്‍ ആരെയും കാണുന്നുമില്ല. വഴിയരുകിലൊന്നും ഒരൊറ്റ വീടുപോലും കാണാനുമില്ല. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരം ഒച്ചിഴയുംപോലെ വണ്ടി നീങ്ങി. ഇരുട്ടിന്റെ കാഠിന്യം കൂടുന്നതനുസരിച്ചു തണുപ്പും ശക്തി പ്രാപിച്ചു തുടങ്ങി. വഴിയുടെ അവസ്ഥ ഇതാണെങ്കില്‍ എങ്ങനെ എത്തിപ്പെടും. സമയം അഞ്ചര ആയിട്ടേയുള്ളു. കൂരിരുട്ടും തണുപ്പും. എന്ത് ചെയ്യും തിരിച്ചു പോയി എവിടെങ്കിലും റൂം അന്വേഷിച്ചാലോ എന്ന എന്റെ ചോദ്യത്തിന് രണ്ടു പേര്‍ക്കും മറുപടിയില്ല.. പാതി മനസുണ്ട് സമീറിന്.... അപ്പോഴും അരുണ്‍ ഭായീടെ മുഖത്ത് അതെ ചിരി തന്നെ.. 'നോക്കാം നമുക്ക്. ഒന്നും പറ്റുന്നില്ലെങ്കില്‍ വണ്ടിയില്‍ ഇരുന്നുറങ്ങാം... എന്തായാലും പുറകോട്ടു പോകണ്ട 'എന്ന മറുപടിയും... എന്തായാലും പോയിനോക്കുക തന്നെ.. എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി കൊണ്ട് തന്നെ വീണ്ടും മുന്നോട്ട്...

Dawki 4

മനസ്സില്‍ ചെറിയൊരു നിരാശ തോന്നാതിരുന്നില്ല. എങ്ങനെയും ഇന്ന് അവിടെ എത്തിച്ചേരണമെന്ന തീവ്രമായൊരാഗ്രഹം എല്ലാവര്‍ക്കുമുണ്ടായിരുന്നു.. കുറച്ചുദൂരം കൂടി മുന്‍പോട്ടു പോയി ക്കഴിഞ്ഞപ്പോള്‍ റോഡിന്റെ അവസ്ഥ കുറച്ചു മെച്ചപ്പെട്ടോ എന്നൊരു തോന്നല്‍... അല്ല... തോന്നല്‍ അല്ല... സത്യമാണ്... വീണ്ടും റോഡിന്റെ അവസ്ഥ നന്നായി.. മെല്ലെ ടാറിട്ട റോഡിലേക്കെത്തപ്പെട്ടു. കുറച്ചുമുമ്പേ കളഞ്ഞുപോയ ചിരിയും ആശ്വാസവും എന്റെയും സമീറിന്റെയും മുഖത്ത് തിരിച്ചു വന്നു. അനായാസേന എന്നാല്‍ വളരെ കൃത്യതയോടെ വളയം പിടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ തേരാളിയുടെ മുഖത്ത് അപ്പോഴും മുന്‍പേ കണ്ട അതെ പുഞ്ചിരി തന്നെ ഉണ്ടായിരുന്നു.. അങ്ങനെ കുറച്ചു ദൂരം മുന്‍പോട്ടു പോയി ഒരു വളവു തിരിഞ്ഞപ്പോള്‍ കണ്ട ഒരു കാഴ്ച ഞങ്ങളെ അത്ഭുത സ്തബ്ധരാക്കി. ദീപാലംകൃതമായ ഒരു വലിയ പട്ടണം ദൂരെ.. വഴിയുടെ താഴെ ഒരു നദി.. അതിനുമപ്പുറം കുറച്ചു ദൂരെയാണ് വിളക്കുകള്‍ പ്രകാശിച്ചു നില്‍ക്കുന്ന ആ പട്ടണം കാണുന്നത്. ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ 35 km വീണ്ടും ദൗകി യിലേക്ക്.. ഏതായിരിക്കും ആ സ്ഥലം.. ഒരു പക്ഷെ ദൗകി ക്കു മുന്‍പുള്ള ഏതെങ്കിലും ഒരു വലിയ പട്ടണമായിരിക്കാം..എന്തായാലും അവിടെത്തി ഒരു റൂം എടുത്തു തങ്ങി ബാക്കി യാത്ര രാവിലെ ആരംഭിക്കാമെന്ന തീരുമാനത്തിലെത്താന്‍ ഒട്ടും സമയം വേണ്ടി വന്നില്ല.. വണ്ടി വീണ്ടും മുന്നോട്ടു... മറ്റൊരു വളവിലെത്തുമ്പോള്‍ കണ്ടു ഒരു കാര്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. അതിനടുത്തു ഒരാള്‍ തന്റെ ക്യാമെറയില്‍ ദൂരെക്കാണുന്ന പട്ടണത്തിന്റെ നിശാഭംഗി പകര്‍ത്തുന്നു.. ഹാവൂ.. എന്തൊരാശ്വാസം.. ഒരാളെ കണ്ടപ്പോള്‍.. ദൗകി യിലേക്ക് ഇവിടുന്നു എത്ര ദൂരമുണ്ടാകുമെന്നു വെറുതെ ചോദിച്ചു. 'ഒന്നര കിലോമീറ്റര്‍ '..... ങ്‌ഹേ... ഒന്നു ഞെട്ടി.. വീണ്ടും ചോദിച്ചു.. എത്ര..... 'ഒന്നര കിലോമീറ്റര്‍ '. ഗൂഗിള്‍ മാപ്പില്‍ ഒന്നൂടെ നോക്കി... 35, km.അപ്പൊ ഇയാള്‍ വെറുതെ പറയുന്നതാവുമോ.. അങ്ങനെയാണെങ്കില്‍ ദൂരെ കാണുന്നത് ദൗകി ആയിരിക്കില്ലേ.. സമീറിന് സംശയം.. അതിന്റെ മറുപടി കേട്ടപ്പോള്‍ വീണ്ടും ഞെട്ടി... 'അത് ബംഗ്ലാദേശ് ആണ് '.. ഇത്രയടുത്തോ... അപ്പൊ ദൗകി.... ??? 'ഈ വഴി തന്നെ നേരെ വിട്ടോ ഒരു ഒന്നര കിലോമീറ്റര്‍ കഴിയുമ്പോള്‍ ദൗകി എത്തും.. 'ശരി.. എങ്കില്‍ പിന്നെ നേരെ വണ്ടി പോട്ടെ.. ചെറിയൊരു സംശയം അപ്പോഴും മനസ്സില്‍ ബാക്കി നില്‍പ്പുണ്ടായിരുന്നു....

Dawki 6

ഒരുപാട് സമയമെടുത്തില്ല.. ആ പറഞ്ഞ സ്ഥലമെത്താന്‍.. കൂരിരുട്ടിന്റെ മറവില്‍ നിന്നും വീണ്ടും വെളിച്ചത്തിലേക്ക്.. കടകളുടെ ഒക്കെ ബോര്‍ഡുകളിലേക്ക് മാറി മാറി നോക്കി.. അതെ... ദൗകി തന്നെ... വഴിയില്‍ വച്ചു കണ്ട ആള്‍ പറഞ്ഞത് ശെരിയായിരുന്നു... ഗൂഗിള്‍ മാപ്പില്‍ ഒന്നൂടെ നോക്കണോ.... അല്ലെങ്കില്‍ വേണ്ട..... ദൗകി... അത്യാവശ്യം സൗകര്യങ്ങളൊക്കെ തന്നെ ഉണ്ട്. ഷില്ലോങ്ങില്‍ നിന്നും 80കിലോമീറ്ററോളം മാറി ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദൗകി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരത്തിന്റെ ചെറിയ കേന്ദ്രം ആണ്. ഒരു റൂം കണ്ടെത്തണം.. 3സ്ഥലങ്ങളില്‍ അന്വേഷിച്ചു... എല്ലാം 2500ന് മുകളില്‍... എന്തുവേണമെന്നു ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഒരു കൊച്ചു പയ്യന്‍ വന്നു നിങ്ങള്‍ റൂം തിരയുകയാണോ എന്നന്വേഷിച്ചത്... അവന്റെ പക്കല്‍ ടെന്റ് സ്റ്റേ ഉണ്ട്.. നദിയുടെ തീരത്തെവിടെയോ ആണ്.. വഞ്ചിയില്‍ കയറി പോകണം. 3പേര്‍ക്ക് 1500 രൂപ.. രാവിലെ ഒരു മണിക്കൂര്‍ വള്ളത്തില്‍ കൊണ്ടുപോയി സ്ഥലങ്ങളും കാണിച്ചു തരും...' തേടിയ വള്ളി കാലില്‍ ചുറ്റി ' എന്ന് പറഞ്ഞത് പോലെ. പണ്ട് ജിതു സഞ്ചാരിയില്‍ ഇട്ട ഒരു പോസ്റ്റില്‍ ഇതുപോലൊന്ന് വായിച്ചതോര്‍ത്തു. ജോനാഥന്‍ എന്ന് പേരുള്ള ഒരു കുട്ടി വന്നു ഇങ്ങനെ ചോദിച്ചത്. ഇവനായിരിക്കുമോ അതെന്നറിയാന്‍ പേര് ചോദിച്ചു. 'ലാം ലൂങ് ' എന്നാണ് പേര്. എന്തായാലും വണ്ടി ഒരിടത്തു പാര്‍ക്ക് ചെയ്ത് അവന്റെ കൂടെ നടന്നു.

Dawki 1

നല്ല ഇരുട്ടും കൂടെ തണുപ്പുമുണ്ട്.. കയ്യിലുള്ള ഒരു ടോര്‍ച്ചു തെളിച്ചുകൊണ്ട് ലാംലൂങ് മുന്‍പില്‍ നടന്നു.. ഒരു ചെറിയ കടവുപോലെ തോന്നിക്കുന്ന ഒരു സ്ഥലത്തെത്തി.. കടവത്തു കുറെയേറെ തോണികള്‍ കിടപ്പുണ്ട്... മറ്റൊന്നും തന്നെ കാണാനില്ല.. അര മണിക്കൂര്‍ ദൂരമുണ്ട് അവിടെ എത്താന്‍.. തോണി മെല്ലെ നീങ്ങിത്തുടങ്ങി.. ഇടയ്ക്ക് കയ്യിലിരുന്ന ഒരു വലിയ സ്പീക്കറില്‍ ഹിന്ദി പോലെ തോന്നിക്കുന്ന ഏതോ ഭാഷയിലുള്ള പാട്ട് വച്ചുതന്നു ലാം ലൂങ്.. ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല... കൂരിരുട്ടായിരുന്നതിനാല്‍ ഒന്നും കാണാനുമുണ്ടായിരുന്നില്ല. അങ്ങനെ കാതിനിമ്പമുള്ള സംഗീതവും ശ്രവിച്ചു, ആഴമറിയാത്തൊരു നദിയുടെ ഒഴുക്കിനെതിരെ ഇരുട്ടിനെ കീറിമുറിച്ചു ലാം ലൂങ് തുഴഞ്ഞുകൊണ്ടിരുന്നു...

അര മണിക്കൂര്‍ കൊണ്ടുതന്നെ ലാം ലൂങ് തന്റെ നൗകയെ നദീതീരത്തുള്ളൊരു മണല്‍തിട്ടയ്ക്കരികിലേക്ക് അടുപ്പിച്ചു. അതിനടുത്തായി ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ഒരു ചെറിയ കട. പ്രായമായൊരു മനുഷ്യന്‍ ചുണ്ണാമ്പിന്റെ കറയുള്ള പല്ലുകള്‍ മുഴുവന്‍ കാട്ടി ചിരിച്ചു കൊണ്ട് പുറത്തു വന്നു. ലാം ലൂങ് ന്റെ അച്ഛനായിരിക്കണം.. ഇഞ്ചിയിട്ട് കുറുക്കിയെടുത്ത ചായയും കൊണ്ട്... കുറേനേരം മുറി ഹിന്ദിയിലും ഖാസി ഭാഷയിലുമൊക്കെ സംസാരിച്ചിരുന്നു.. അതുകൊണ്ട് തന്നെ പറയുന്നതില്‍ പാതിയും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്‌നങ്ങള്‍... വാണിജ്യ ബന്ധങ്ങള്‍.. കല്‍ക്കരി ബിസിനസ്സുകള്‍.. അങ്ങിനെ പലതും.. എന്നാലും സംസാരത്തില്‍ ആശ്ചര്യമുളവാക്കിയത് മറ്റൊരു കാര്യമാണ്. ഉരുളന്‍ കല്ലുകളുടെ ബിസിനസ്.. ഇവിടുള്ള കല്ലുകള്‍ ഇവര്‍ ബംഗ്ലാദേശ് ന് വില്‍ക്കുന്നു. ത്രിപുര ബംഗ്ലാദേശില്‍ നിന്നും ഈ കല്ലുകള്‍ വിലക്ക് വാങ്ങുന്നു.... ആഹാ.. കൊള്ളാല്ലോ... ത്രിപുരയും മേഘാലയയും ഇന്ത്യയിലാണ്...പിന്നെന്തിനു ഇവിടുന്നു കല്ലുകള്‍ ബംഗ്ലാദേശ് വഴി കച്ചവടം ചെയ്യുന്നതെന്തിന്. .. ത്രിപുരയില്‍ കല്ലുകളില്ലത്രേ...... ങ്‌ഹേ... അങ്ങനെ വരുവോ... കല്ലുകളില്ലാത്തൊരു സ്ഥലമോ ഇന്ത്യയില്‍.... ??അതെ.... അങ്ങനെയും ഉണ്ട്.. കെട്ടിടങ്ങളും റോഡുകളുമൊക്കെ പണിയാന്‍ അവര്‍ കല്ലുകള്‍ ബംഗ്ലാദേശില്‍ നിന്നും വിലക്ക് വാങ്ങുന്നു... ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ചെയ്യാനുള്ള മാര്‍ഗം ഇതാണത്രേ. സത്യാവസ്ഥ കൃത്യമായി അറിയില്ലെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ട്..

Dawki 2

കയ്യിലെടുത്തിരുന്ന ക്യാമറ ബാഗും മറ്റു വസ്തുക്കളുമൊക്കെ ടെന്റില്‍ കൊണ്ട് വച്ചു.. Decathlon ന്റെ നല്ല കിടിലന്‍ ടെന്റ്.. അപ്പോഴേക്കും ഭക്ഷണവും കടയുടെ പിന്നാമ്പുറത്തായി ക്യാമ്പ് ഫയറും റെഡി .. തണുപ്പുള്ള ഈ രാത്രിയില്‍ കൂട്ടിയിട്ടു കത്തിച്ച വിറകിന്റെ കനലില്‍ നിന്നുയരുന്ന ചൂടും കാഞ്ഞു പേരറിയാത്ത ഭാഷയില്‍ ഒഴുകിവരുന്ന സംഗീതത്തിനൊത്തു ചുവടും വച്ച് സമയം പോയതറിഞ്ഞില്ല . പിന്നീട് ചപ്പാത്തിയും ഓംലെറ്റും ചിക്കന്‍ കറിയും ആസ്വദിച്ചു കഴിച്ചു ടെന്റിലേക്ക് ചേക്കേറുമ്പോള്‍ ഈ രാവ് പുലരാതിരുന്നെങ്കില്‍ എന്നാശിച്ചു പോയി.. അതെപ്പോഴും അങ്ങനെയാണല്ലോ.. വീട്ടുകാരോടൊപ്പമായാലും കൂട്ടുകാര്‍ക്കൊപ്പമായാലും പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍.. അത് കഴിയാതിരുന്നെങ്കിലെന്നു വെറുതെ ആഗ്രഹിക്കും.. എങ്കിലും ഈ രാവ് പുലരുമ്പോള്‍, എന്നും സ്വപ്നങ്ങളില്‍ മരതക വര്‍ണം ചാര്‍ത്തിയിരുന്ന ദൗകി കണ്മുന്നിലുണ്ടാകുമെന്ന ചിന്ത മനസ്സിനെ തെല്ലൊന്നുമല്ല ത്രസിപ്പിച്ചത്... ഒന്നു ചാടണം.. മതിയാവോളം നീന്തണം.. ഇത്തവണത്തെ അവധി ദിവസങ്ങള്‍ക്കായി മേഘാലയ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം തന്നെ ദൗകി യിലൂടെ ഉള്ള ഒരു തോണി യാത്രയും കുളിയും ഒരു സ്വപ്നമായി മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ്. ആ സ്വപ്നം തൊട്ടരികിലെത്തി നില്‍ക്കുന്നതിനാലാവണം ഉറക്കം മിഴികള്‍ക്കപ്പുറമെവിടെയോ പമ്മിപ്പതുങ്ങി നിന്നു. കടിഞ്ഞാണഴിച്ചു വിട്ട സ്വപ്നങ്ങളെ മറ്റൊരു ലോകത്തു മേയാന്‍ വിട്ടു ഒരു കമ്പിളിക്കുള്ളിലേക്ക് ഞങ്ങള്‍ നൂഴ്ന്നു കയറി....

ആറുമണിക്ക് മുന്‍പേ തന്നെ ടെന്റിനു പുറത്തിറങ്ങി നദിക്കരയിലൂടെ നദിക്കരികിലേക്ക് നടന്നു. ഇപ്പോഴാണ് സ്ഥലമൊന്നു കാണുന്നത്..ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ചെറിയൊരു മണല്‍ദ്വീപ്... അതിനു നടുവിലായി കുറെയേറെ ടെന്റുകള്‍. തുടിക്കുന്ന മനസ്സുമായി ദൗകി യുടെ അരികത്തേക്ക് നടന്നു.. കാലുകള്‍ക്ക് വേഗതയേറി.. മണലിലൂടെ വേഗത്തില്‍ നടക്കാന്‍ കഴിയുന്നില്ല.. നടന്നു... തൊട്ടരികിലെത്തി... ദാ തൊട്ടുമുമ്പില്‍ ദൗകി മെല്ലെ ഒഴുകുന്നു... കണ്ണിമ വെട്ടാതെ നിശ്ചലം നോക്കി നിന്നുപോയി ആ കാഴ്ച... ഗൂഗിളില്‍ പണ്ടെന്നോ കണ്ടു പിന്നീട് മനസ്സില്‍ ചില്ലിട്ടു സൂക്ഷിച്ച അതേ ചിത്രം... അതേ നദി.. അവര്‍ണനീയമായ പ്രകൃതിയുടെ കരവിരുത് കണ്ടു മയങ്ങി നിന്നുപോയ നിമിഷങ്ങള്‍.. ഒരു നദിക്കിത്രയും സൗന്ദര്യമോ..... !!!!!

Dawki 3

ദൗകി ഉണര്‍ന്നു വരികയാണ്.. അങ്ങകലെ മലനിരകള്‍ക്കിടയിലൂടെ തെക്കന്‍ കാറ്റ് ഊളിയിട്ടു.. ആ രോമാഞ്ചത്തില്‍ മതിമറന്നു ചെറുകിളികള്‍ ഏറ്റുപാടി. ഈ പ്രകൃതിയെ തന്നെ മാടി വിളിക്കുന്നുവോ. പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി.. പ്രഭാത കിരണങ്ങള്‍ ദൗകിയെ പുണര്‍ന്നു കഴിഞ്ഞു. പേരറിയാത്ത ഏതോ രാഗത്തില്‍ മന്ദ മാരുതന്‍ പൊഴിക്കുന്ന സംഗീതത്തിന്റെ അലയൊലികള്‍ കാതില്‍ മുഴങ്ങുന്നു.. പ്രശാന്ത സുന്ദരമായ അന്തരീക്ഷം. എന്തായിരിക്കും ജരാനര ബാധിക്കാതെ എന്നും നിത്യയൗവന യുക്തയായിരിക്കുന്ന ദൗകിയുടെ സൗന്ദര്യരഹസ്യം.. അറിയില്ല.. സൂര്യകിരണങ്ങള്‍ ശക്തി പ്രാപിക്കുന്തോറും ദൗകിയുടെ തിളക്കമേറി വന്നു.. കവിള്‍ത്തടങ്ങളില്‍ സൂര്യാംശു പതിക്കുമ്പോള്‍ നമ്രമുഖിയായ നവവധുവിനെ പോലെ ലജ്ജയില്‍ ദൗകിയുടെ മുഖവും തുടിക്കുന്ന ദൃശ്യ ചാരുതയെ ഏതു വാക്കുകള്‍ കൊണ്ട് വര്‍ണിക്കണം. ഏറി വരുന്ന സൂര്യപ്രകാശത്തില്‍ ദൗകി വീണ്ടും തെളിമയാര്‍ന്നു.. അടിത്തട്ടിലെ വെള്ളാരം കല്ലുകള്‍ പോലും സൂര്യകാന്തം പോലെ വെട്ടിത്തിളങ്ങി.. ഏത് ശിലാഹൃദയന്റെയും മനം കവരുന്ന കാഴ്ചയുടെ നവ്യാനുഭവം പകര്‍ന്നു തരാന്‍ ദൗകിക്കു കഴിയും.. ഉറപ്പാണ്...

Dawki 9

സമീറും അരുണും തോര്‍ത്തുടുത്തു ചാടാന്‍ തയ്യാറായിക്കഴിഞ്ഞു... ഒറ്റ ചാട്ടമായിരുന്നു അങ്ങോട്ട് പിന്നെ... ചാടിയും മറിഞ്ഞും നീന്തിയും കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും ഈ സന്തോഷം ഞങ്ങള്‍ പങ്കു വച്ചു.. സ്വപ്നത്തിലാണോ എന്നു പലവട്ടം തോന്നിപ്പോയി... അല്ല.. യാഥാര്‍ഥ്യം തന്നെയാണ്.. ഒരുപാട് നേരം വെള്ളത്തില്‍ കിടന്നാര്‍ത്തുല്ലസിച്ചു ഞങ്ങള്‍... വഞ്ചിയില്‍ തുഴഞ്ഞു പോകുന്നവര്‍ ഞങ്ങളെ നോക്കി ചിരിച്ചും കൈ വീശി കാണിച്ചും കൊണ്ടുമിരുന്നു... ഭ്രാന്തന്മാര്‍ എന്നായിരിക്കും അവര്‍ കരുതിയിട്ടുണ്ടാവുക. അല്ലെങ്കില്‍ തന്നെ കൊച്ചു വെളുപ്പാന്‍ കാലത്തെ തണുപ്പത്തു വെള്ളത്തില്‍ ചാടി മറിയുന്നവരെക്കുറിച്ചു അവര്‍ മറ്റെന്തു വിചാരിക്കാന്‍. വഞ്ചി തുഴഞ്ഞു പോകുന്ന കാഴ്ച കണ്ടാല്‍ ഒരു 3ഡി ചിത്രം പോലെ തോന്നും... ഇളം പച്ച നിറമുള്ളൊരു ചില്ലിനുമുകളിലൂടെ തെന്നിനീങ്ങുന്നൊരു വള്ളം പോലെ... ഇടക്ക് ഞാന്‍ സമീറിന്റെയും അരുണിന്റേയും ഫോട്ടോയെടുക്കുമ്പോള്‍ ലാം ലൂങ്ങും അവരോടൊപ്പം പോയി നിന്നു ഫോട്ടോ എടുക്കാന്‍. എടുത്ത ഫോട്ടോ കാണിച്ചു കൊടുത്തപ്പോള്‍ ആകെ വിഷമം.. വെയിലത്ത് പണിചെയ്യുന്നതുകൊണ്ടാണ് ഞാനിങ്ങനെ കറത്തു പോയതെന്ന്. . ങ്‌ഹേ.. ഈ കുഞ്ഞു പ്രായത്തിലും ഇത്തരം കോംപ്ലെക്‌സോ ഇവന് .. എങ്കില്‍ പിന്നെ അതങ്ങു മാറ്റികൊടുക്കാം.. വാ.. നമുക്കൊരു സെല്‍ഫി എടുക്കാമെന്നും പറഞ്ഞു അവനെ കൂടെ നിര്‍ത്തി ഒരു ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു.... ഇപ്പോള്‍ നോക്ക്.. എങ്ങനുണ്ടെന്നു.. . തേയിലയും പഞ്ചസാരയും പോലെയല്ലേ എന്നുള്ള എന്റെ ചോദ്യം കേട്ടു അവന്‍ ചിരിച്ചു.. എല്ലാം കഴിഞ്ഞു ഒരു മണിക്കൂര്‍ തോണിയില്‍ സവാരിയും നടത്തി ബംഗ്ലാദേശ് ബോര്‍ഡറും ദൗകി പാലവും മാര്‍ക്കറ്റുമൊക്കെ കാണിച്ചിട്ടാണ് ലാംലൂങ് ഞങ്ങളെ അക്കരെ എത്തിച്ചത്..

Dawki 10

തിരിച്ചു വീണ്ടും കാറിലേക്ക് കയറുമ്പോള്‍ പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ചു പോകേണ്ടി വരുന്നൊരു വിങ്ങലുണ്ടായിരുന്നു മനസ്സില്‍. എന്നിരുന്നാലും ഏറെ നാളായി മനസ്സില്‍ കൊണ്ട് നടന്നൊരു സ്വപ്നം സഫലമായത് സന്തോഷമായിരുന്നു. ഓര്‍മകളില്‍ മറവി മാറാല കെട്ടാതിരിക്കും വരെ മറക്കില്ല ഞാന്‍ ഈ യാത്രയെ... ഓരോ കാഴ്ചകളും സൃഷ്ടിയുടെ വിസ്മയങ്ങളാണ്. അതിലേതാണ് ഏറ്റവും മികച്ചത് എന്ന് കണ്ടെത്തുക പ്രയാസമാണ്.. ഓരോ യാത്രയും പഠിപ്പിക്കുന്നതും അതുതന്നെ......