വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും അവിടെത്തെ പ്രകൃതിയും ചിത്രങ്ങളിലൂടെ മനസിന് സുപരിചിതമാണ്. അതുകൊണ്ട് കുടുംബത്തോടെ ഈ അവധിക്കാലം എങ്ങോട്ടേക്ക് എന്ന ചോദ്യത്തിന് ഒട്ടും അമാന്തിക്കേണ്ടിവന്നില്ല- ഡാര്‍ജിലിങ്, സിക്കിം. സ്പൈസ് ജെറ്റിന്റെ സ്നേഹം കൊണ്ട് ബാഗ്ദോഗരക്ക് ബുക്ക് ചെയ്ത ഫ്ളൈറ്റ് ക്യാന്‍സല്‍ ആയാണ് യാത്ര തുടങ്ങുന്നത് തന്നെ. മഞ്ഞു കാണാന്‍ കൊതിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ള ഏഴു ആളുകളുടെ സന്തോഷത്തിനു വേണ്ടി, 'തുടക്കത്തില്‍ മുടക്കം വന്നാല്‍ പിന്നെ അങ്ങോട്ട് സുഖമായിരിക്കും' എന്നു സൗകര്യാര്‍ത്ഥം ഉണ്ടാക്കിയ ആപ്തവാക്യമാണ് യാത്രയുടെ ഇന്ധനം.
ബാംഗ്ലൂരില്‍ നിന്നും ഗുവാഹാട്ടി എത്തിയിട്ട് പോകും വഴിയുള്ള കാമാഖ്യ ക്ഷേത്രത്തില്‍ ഇറങ്ങാതെ എങ്ങനെ പോകും. 51 ശക്തി പീഠങ്ങളില്‍ ഏറ്റവും ദിവ്യവും പുരാതനവുമായി കരുതുന്ന ക്ഷേത്രമാണ് ആസ്സാമിലെ തലസ്ഥാനമായ ഗുവാഹാട്ടിയിലെ നിലചാല മലനിരകളിലെ കാമാഖ്യ ദേവിയുടേത്. ദേവിയുടെ ആര്‍ത്തവമാണ് ഇവിടെ ഉത്സവമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
ഗുവാഹാട്ടിയില്‍ നിന്നും ഗരീബ് രഥ് എക്സ്പ്രസ്സില്‍ ന്യൂ ജല്‍പൈഗുരി എത്തിയപ്പോഴേക്കും സമയം പുലര്‍ച്ചെ 4 മണി. വെളിച്ചം വന്നു തുടങ്ങിയപ്പോള്‍ സുമോയില്‍ ഡാര്‍ജീലിങ് എന്ന സുഖവാസകേന്ദ്രത്തിലേക്ക് യാത്ര തുടങ്ങി. കേരളത്തെ അനുസ്മരിപ്പിക്കുന്ന പച്ചപ്പ് ചുറ്റും കാണാമായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള ഒറ്റവരി റെയില്‍ പാത പുതുമയുള്ള കാഴ്ചയാണ്. ഏകദേശം മൂന്നര മണിക്കൂര്‍ യാത്രയ്ക്കു ഒടുവില്‍ വെസ്റ്റ് ബംഗാളിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഡാര്‍ജിലിങ്ങില്‍ എത്തി. സമുദ്രനിരപ്പില്‍ നിന്നും 6700 അടി ഉയരത്തില്‍ സ്ഥിതി ചെയുന്ന ഈ സുന്ദരനഗരം, കാഞ്ചന്‍ജംഗ പര്‍വത നിരകളുടെയും തേയില തോട്ടങ്ങളുടെയും ദൃശ്യ ഭംഗികൊണ്ടും പ്രണയം തോന്നിപ്പിക്കുന്ന കാലാവസ്ഥകൊണ്ടും കേള്‍വി കേട്ടതാണ്.
ടൂറിസം കൗണ്‍സിലിന്റെ കീഴിലുള്ള ഡാര്‍ജിലിങ് ടൂറിസ്റ്റ് ലോഡ്ജിലാണ് റൂം ബുക്ക് ചെയ്തത്. കാശ് ഇത്തിരി കൂടിയാലും കണ്ണായ സ്ഥലത്താണ് ഹോട്ടല്‍. ഇവിടെ നിന്നും വെറും 300മീറ്റര്‍ ദൂരത്തിലാണ് 'മഹാകാല്‍ മന്ദിര്‍'. ടൂറിസ്റ്റ് കാഴ്ചകളില്‍ ഇത് എടുത്ത് പറയാറില്ലെങ്കിലും ഇവിടെ സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ വന്‍ നഷ്ടം എന്നേ ഞാന്‍ പറയുള്ളു. ദോര്ജെയ് റിന്‍സിങ് ലാമ (Lama Dorjey Rinzing) 1782 ല്‍ നിര്‍മിച്ച ദോര്‍ജെ- ലിംഗ് (Dorje-Ling) എന്ന ബുദ്ധ ആശ്രമത്തിന്റെ ശേഷിപ്പായ ഈ ക്ഷേത്രം ഇന്ന് ഹൈന്ദവ ബുദ്ധ വിശ്വാസങ്ങളുടെ ശ്രേഷ്ഠമായ സമന്വയമാണ്. ഇവിടെ എടുത്ത് പറയേണ്ടത് ആ ക്ഷേത്രത്തിന്റെ ചുറ്റുപാടുമാണ്. വൈവിധ്യ നിറങ്ങളുടെ പ്രാര്‍ത്ഥന ഫ്ളാഗുകള്‍, ഭക്തിസാന്ദ്രമാകുന്ന മണി ശബ്ദങ്ങള്‍, കുന്തിരിക്ക പുക... എല്ലാംകൊണ്ടും ഒരു മഹാവിസ്മയമായ ഒരു ക്ഷേത്ര സമുച്ചയം. ഭക്തിയാണോ ആനന്ദമാണോ എന്താണ് തോന്നുന്ന വികാരമെന്നറിയില്ല, പക്ഷെ തിരിച്ചു പോകാന്‍ തോന്നാത്ത വിധം മോഹിപ്പിക്കുന്ന, നമ്മെ വലിച്ചടുപ്പിക്കുന്ന എന്തോയൊന്നു ഉണ്ടവിടെ.
ഇവിടെ നിന്നും ഇറങ്ങിയാല്‍ ഡാര്‍ജിലിങ് നഗരത്തിന്റെ കാഴ്ച കാണാന്‍ ഒബ്സര്‍വേറ്ററി ഹില്ലും (Observatory hill), ഓര്‍മകള്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങിക്കാന്‍ മാള്‍ മാര്‍ക്കറ്റുമുണ്ട്. ഡാര്‍ജിലിംഗില്‍ വന്നാല്‍ ടൈഗര്‍ ഹില്ലില്‍ നിന്നുള്ള സൂര്യോദയം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. മഞ്ഞുമകള്ക്കിടയില് നിന്നും നായകനെപോലെ സുവര്‍ണ രശ്മികള്‍ വാരിവിതറി സൂര്യന് പുറത്ത് വരുമ്പോള്‍, കുന്നിന് മുകളില്‍ തണുത്ത കാറ്റുകൊണ്ട് മരവിച്ച നമ്മുടെ ശരീരവും കൂടെ ഉണര്‍ന്നു എഴുന്നേല്ക്കുന്ന പോലെ തോന്നും. വാക്കുകളില്‍ വര്ണിക്കാനാവാത്തൊരു അനുഭൂതി! സൂര്യോദയം കണ്ടാല്‍ ഒരു ഗ്ലാസ് കാപ്പി ആ കുന്നിന് മുകളില്‍ നിന്നും കുടിക്കണം. ഒരുപക്ഷെ ഇതുവരെ കഴിച്ച കാപ്പികളില്‍ ഏറ്റവും രുചി ആ കുന്നില്‍ മുകളിലെ ചേച്ചി തന്നത് തന്നെയാണ് തോന്നുന്നു.
അവിടെ നിന്നും നേരെ 15 അടി നീളമുള്ള മൈത്രേയ (Maitreya) ബുദ്ധ ശില്പമുള്ള ഗൂമ് ആശ്രമത്തിലേക്ക് പോയി (Ghum Monastery). അപ്പോഴേക്കും സമയം രാവിലെ ആറ് മണി. വഴിയോര കച്ചവടക്കാര്‍ ഇതിനകം തന്നെ സജീവമായി കഴിഞ്ഞിരുന്നു. ഡാര്‍ജിലിങ് തെരുവുകള്‍ ആറുമണിയോടെ നമ്മുടെ നാട്ടിലെ 10 മണിക്ക് തുല്യമാകും. രാവിലത്തെ കാഴ്ചകളില്‍ അടുത്തത് പിരിയന്‍ റെയില്‍ പാതയുള്ള ബാറ്റേഷ്യ ലൂപ്പായിരുന്നു (Batasia Loop) . ബൈനോക്കുലറിലൂടെ പര്‍വത നിരകളുടെ സൗന്ദര്യം ആസ്വദിച്ചും ഡാര്‍ജിലിങിലെ തനത് വേഷമണിഞ്ഞു ചിത്രങ്ങള്‍ പകര്‍ത്തിയും സമയം പോയതറിഞ്ഞേയില്ല.
ഉയരത്തില്‍ നിന്നും നേരെ താഴ്ച, അതായിരുന്നു റോക്ക് ഗാര്‍ഡനിലേക്കുള്ള യാത്ര. പൊട്ടിപൊളിഞ്ഞ റോഡുകള്‍ സകല ദൈവങ്ങളെയും ഓര്‍മിപ്പിച്ചു. മനുഷ്യ നിര്‍മിത പാര്‍ക്കുകളോട് വല്യ താല്പര്യം ഇല്ലാത്തതു കൊണ്ടാവാം റോക്ക് ഗാര്ഡന് മനസ്സില്‍ ചേക്കേറിയില്ല. തിരിച്ചു വരും വഴി ടെന്‍സിങ് റോക്ക് കണ്ടപ്പോള്‍ കൗതുകം തോന്നി. 50 രൂപ കൊടുത്ത് ടെന്‍സിങ് നോര്‍വേ പരിശീലനം നടത്തിയെന്നു പറയപ്പെടുന്ന ആ മല കയറിയപ്പോള്‍ എന്തന്നില്ലാത്ത ആനന്ദം.
ഇവിടെ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മലകയറ്റത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ നേരെ മൗണ്ടൈനീറിങ് ഇന്സ്റ്റിറ്റിയൂട്ടിലേക് വെച്ചുപിടിച്ചു. ടെന്‍സിങ് നോര്‍വേ മൗണ്ട് എവറസ്റ്റ് കീഴടക്കി എന്ന് വളരെ ലാഘവത്തോടെ പറയാറുള്ള നമ്മുടെ ഓരോത്തരുടേയും കണ്ണുതുറപ്പിക്കുന്ന അറിവുകളാണ് അവിടെ കാത്തിരുന്നത്. കഠിനപ്രയത്നം, അറിവ്, ആത്മ വിശ്വാസം, സ്ഥിരോത്സാഹം, തോല്ക്കാന് അനുവദിക്കാത്ത മനസ് ഇവയുടെ അപൂര്‍വ മിശ്രണം കൊണ്ട് നേടിയെടുത്തതാണ് ഓരോ തിളക്കമാര്‍ന്ന വിജയങ്ങളും. നിസാരങ്ങളായ പ്രതിബന്ധങ്ങളില്‍ തളരുന്ന, മനസ് തകരുന്ന നമുക്ക് ഉത്തേജനം നല്കാന് അവിടുത്തെ ഓരോ വിജയ കഥകള്‍ക്കും സാധിക്കും.
ഇനിയാണ് ഡാര്‍ജിലിങ്ങിന്റെ അഭിമാനമായ പറയുന്ന യുനെസ്കോ അംഗീകരിച്ച പൈതൃക ട്രെയിന്‍ യാത്ര. ഡാര്‍ജിലിംഗില്‍ തുടങ്ങി ബാറ്റേഷ്യ ലൂപ്പ് വഴി ഡാര്‍ജിലിംഗില്‍ അവസാനിക്കുന്ന യാത്രയാണ് ഞങ്ങള്‍ ബുക്ക് ചെയ്തത്. 1879-81 കാലഘട്ടത്തില്‍ നിര്‍മിച്ച ഈ ട്രെയിന്‍ സര്‍വീസ് 1991 ലാണ് യുനെസ്കോ പട്ടികയില്‍ ഇടം പിടിച്ചത്. റോഡിലൂടെ വളരെ സാധാരണക്കാരനെ പോലെ പോകുന്ന ട്രെയിനിനു വഴി മാറികൊടുക്കുന്ന വഴിയാത്രക്കാരും വണ്ടിക്കാരും രസകരമായ കാഴ്ചയായിരുന്നു.
പിറ്റേന്ന് രാവിലെ ഗാങ്ടോക്ക് കാണാനുള്ള യാത്ര തുടങ്ങി. ഏകദേശം നാലര മണിക്കൂര്‍ നീളുന്ന യാത്രയില്‍ കാത്തിരുന്നത് ദൃശ്യവിരുന്ന് തന്നെയാണ്. മലകളും കുന്നുകളോടൊപ്പം ടീസ്റ്റ നദിയും കൂടി വന്നപ്പോള്‍ കാഴ്ചകള്‍ അതിമനോഹരമായി മാറി. ഡാര്‍ജിലിംഗില്‍ നിന്നും വ്യത്യസ്തമായി, ഗാങ്ടോക്ക് പ്രശാന്തസുന്ദരമാണ്, തിരക്കും പൊതുവേ കുറവ്.
ഗാങ്ടോക്കില്‍ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളില്‍ പ്രധാനമായതു ദലൈലാമ തറക്കല്ലിട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബെറ്റോളജി, 1909ല്‍ നിര്‍മിച്ച എന്‍ചെയ് ആശ്രമം ( Enchey Monastery), മനോഹരമായ പര്‍വത കാഴ്ചകള്‍ തരുന്ന ഗണേഷ് ടോക്, താഷി വ്യൂ പോയിന്റ്, റോഡിനോട് ചേര്‍ന്ന് വീഴുന്ന ഭക്തങ് വെള്ളച്ചാട്ടം അങ്ങനെ പോകുന്നു. പക്ഷേ ഗാങ്ടോക്കില്‍ വന്നത് മഞ്ഞു കാണാന്‍ വേണ്ടി മാത്രമായിരുന്നു. നാഥുല പാസ്സ് അടഞ്ഞു കിടക്കുകയാണെന്ന് കേട്ടപ്പോള്‍ സങ്കടം തോന്നി. എന്നാല്‍ ഗാങ്ടോക്കില്‍ നിന്നും ചെക്ക്പോസ്റ്റ് കടന്നു ഇത്തിരി ദൂരം കഴിഞ്ഞപ്പോഴേക്കും ഞാന്‍ സ്വര്ഗ്ഗത്തിലെത്തിയോ എന്നു തോന്നിപ്പോയി. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ മാത്രമാണ് ചുറ്റും. കൈകള്‍ തണുത്തു മരവിച്ചിട്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ പുറത്തേക്കു കൈയിടാന്‍ എന്തോ യാതൊരു മടിയും തോന്നിയില്ല. ഇതുപോലെ ഒരവസരം ഇനി എപ്പോഴാണ് എന്നറിയില്ല എന്നു മനസ്സ് മന്ത്രിച്ചു. എവിടേക്ക് നോക്കി വെറുതെ ഫോണ്‍ ക്ലിക്ക് ചെയ്താലും മനോഹരങ്ങളായ പടങ്ങള്‍.
പോകും വഴി ഒരു കടയില്‍ നിര്‍ത്തി ഞങ്ങള്‍ നല്ല ചായയും മാഗി നൂഡില്‍സും കൊതിമാറുവോളം കഴിച്ചു. അമ്മയെ തണുപ്പ് ബാധിക്കാതിരിക്കാന്‍ ഷോള് ഒക്കെ കഴുത്തില്‍ ചുറ്റി കെട്ടിക്കൊടുക്കുമ്പോള്‍ എന്തോ വല്ലാത്തൊരു അഭിമാനം തോന്നി. അമ്മയെയും അച്ഛനെയും നോക്കാന്‍ പറ്റുന്ന വിധം ഞാന്‍ വളര്‍ന്നു എന്ന അഭിമാനം. യാക്കുകള്‍ നിറഞ്ഞു നില്ക്കുന്ന സോഗമോ തടാകമാണ് ( Tsogmo Lake) ഇവിടെ ഏറ്റവും പ്രശസ്തം. സമുദ്ര നിരപ്പില്‍ നിന്നും 12000 അടി മുകളിലാണ് ഈ തടാകം. അവിടെ നിന്നും കുറച്ചു കൂടി മുന്നിലേക് പോകുമ്പോള്‍ മരവിച്ചു കിടക്കുന്ന ചങ്കു തടാകവും (Changu Lake) കാണാം. വണ്ടി ഒതുക്കിയിട്ട് ഞങ്ങള്‍ മഞ്ഞില്‍ കളിക്കാന്‍ തുടങ്ങി. ചേച്ചിയും ചേട്ടനും മക്കളും എല്ലാവരും മനസ്സ് നിറഞ്ഞു ആഘോഷിച്ചു.അച്ഛനും അമ്മയുമാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം എന്നെനിക്കു തോന്നിപോയി. ഇതുപോലെയുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ വളരെ കുറച്ചേ ലഭിക്കൂയെന്നു ഉറപ്പാണ്. അത്കൊണ്ട് ഓരോ നിമിഷവും ഞങ്ങള്‍ തകര്‍ത്ത് ആഘോഷിച്ചു.
മൂടല്‍ മഞ്ഞു മുന്പില് വഴി കാണാത്ത വിധമാക്കിയെങ്കിലും ഡ്രൈവര്‍ ചേട്ടന് ഏതോ മാന്ത്രിക വിദ്യ പോലെ വണ്ടി ഓടിച്ചു കൊണ്ടേയിരുന്നു. ബാബ മന്ദിറില്‍ പട്ടാളക്കാരന് തന്ന പ്രസാദവും, അവിടെ നിന്നും കിട്ടിയ സര്‍ട്ടിഫിക്കറ്റും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാണ് മടങ്ങുന്നത്. തിരിച്ചു വരുമ്പോള്‍ വണ്ടിയില്‍ ഞങ്ങള്‍ ഇടം കൊടുത്ത സിക്കിം ചേച്ചിയും മോളും പഠിപ്പിച്ച പ്രശസ്ത നേപ്പാളി ഗാനം 'കൂട്ടൂലെ കൂട്ടു.... ' കാതില്‍ ഇപ്പോളും മൂളുന്നുണ്ട്.
ചില യാത്രകള്‍ സ്വപ്നം പോലെയാണ്, യാഥാര്ത്ഥമായാലും വിശ്വാസം വരില്ല. എന്തോ, ഗാങ്ടോക്കിലെ മഞ്ഞുപര്വ്വതങ്ങളെ കണ്ട ഈ യാത്ര എനിക്ക് അതുപോലെയാണ്, സ്വപ്നം പോലെ മനോഹരം!
Content Highlights: Darjeeling Travel, Woman Travel, Tourists Spots in Darjeeling