കാല്‍ നൂറ്റാണ്ടോളം അമേരിക്കയില്‍ ജൈവസാങ്കേതികവിദ്യയുടെ മേഖലയില്‍ നിരവധി ഗവേഷണശാലകളിലും ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങളിലും ജോലി ചെയ്തശേഷം തിരുവന്തപുരത്തു തിരിച്ചെത്തി സ്ഥിരതാമസമാക്കിയപ്പോഴാണ് ഞാന്‍ സൈക്കിള്‍ സവാരിയുടെ ഗുണങ്ങളെപ്പറ്റിയും സാധ്യതകളെ പറ്റിയും ചിന്തിച്ചു തുടങ്ങുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രതിദിനം 5-10 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു തുടക്കം.

പുലര്‍ച്ചെ നഗരമുണരും മുന്‍പ് നടത്തുന്ന സവാരി ആരോഗ്യത്തിലും ഇന്ധനച്ചെലവിലും ഉണ്ടാക്കിയ മാറ്റം അത്ഭുതാവഹമായിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്തു പോലും പ്രഭാതത്തിലെ സൈക്കിള്‍ സവാരി ശരീരത്തിനും മനസ്സിനും അഭൂതപൂര്‍വമായ ഉന്മേഷം നല്‍കുന്നതായി തിരിച്ചറിഞ്ഞു. അങ്ങനെ, ലളിതജീവിതപാതയിലേക്ക് ഉള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയില്‍ തുടങ്ങിയ സൈക്കിള്‍ സവാരിയുടെ ദൈര്‍ഘ്യം ക്രമേണ കൂടി തുടങ്ങി. 

ഈ അവസരത്തിലാണ് ഒന്നിലേറെ സംസ്ഥാനങ്ങള്‍ ചുറ്റിയൊരു നീണ്ട സൈക്കിള്‍ യാത്രയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. എന്നാല്‍, കോവിഡ് മഹാമാരി മൂലം ഇടയ്ക്കിടെ അനിശ്ചിതത്വത്തിലാകുന്ന അന്തര്‍ സംസ്ഥാന യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്‌. അപ്പോഴാണ് കേരളത്തെ അടുത്തറിയാന്‍ ഒരു യാത്ര എന്ന പദ്ധതി ഉടലെടുത്തത്.

ഒരു സുഹൃത്ത് കേരളത്തിലെ തീരദേശത്തുള്ള വിളക്കുമാടങ്ങ(ലൈറ്റ് ഹൗസ്)ളെ ചുറ്റിയൊരു യാത്രയുടെ ആശയം മുന്നോട്ടു വെച്ചു. മുമ്പൊരിക്കല്‍ ടോമിനൊപ്പം വര്‍ക്കലയ്ക്ക് അടുത്തുള്ള ചെറിയ നഗരമായ പരവൂരിലേക്ക് സൈക്കിള്‍ സവാരി നടത്തിയിരുന്നത് ഇപ്പോഴും ഓര്‍മ്മയായി കൂടെയുണ്ട്. ടോമിനേയും ഒപ്പം കൂട്ടാം. 

സെപ്റ്റംബര്‍ 25, ശനിയാഴ്ച. പുലര്‍ച്ചെ 4.30. വിളക്കുമാടങ്ങളിലെ വെളിച്ചം തേടിയുള്ള യാത്രയ്ക്ക് തുടക്കമായി. മണ്‍സൂണ്‍ കാലമാണ്. വെളുപ്പിനെ യാത്ര ആരംഭിച്ചതിനാല്‍ കൂരിരുട്ടാണ്. യാത്ര തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടുകാണും. ആകാശം നീലനിറം കാട്ടി പുഞ്ചിരിച്ചു തുടങ്ങി. കഴിഞ്ഞ രാത്രിയിലെ മഴയുടെ ബാക്കിപത്രമായി റോഡ് നനഞ്ഞു കിടക്കുന്നു. കാര്‍മേഘങ്ങള്‍ പാതയെ മറയ്ക്കുന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ട് ഒന്നുമില്ല. ഏതോ കലാകാരന്‍ നീല ക്യാന്‍വാസില്‍ തീര്‍ത്ത ചിത്രംപോലെ അവിടയെും ഇവിടെയും വെള്ള പഞ്ഞിക്കെട്ടായി മേഘങ്ങള്‍.

സൂര്യവെളിച്ചം വീണതോടെ റോഡില്‍ ആളനക്കം തുടങ്ങി. ചിലര്‍ ജോഗിങ്ങിന് ഇറങ്ങിയിട്ടുണ്ട്. പത്രവിതരണക്കാരും മറ്റും തിരക്കുപിടിച്ച് പോവുന്നതും കണ്ടു. അതുവരെ റോഡ് ഏറെക്കുറെ നിശ്ചലമായിരുന്നു. വര്‍ക്കല തീരം അടുക്കാറായതോടെ തണുത്ത ഇളംകാറ്റ് വീശിത്തുടങ്ങി. വഴി നീളെ മീന്‍പിടിത്ത ബോട്ടുകളും വലകളും. ചില കടലോര മലയാള സിനിമകളെ അനുസ്മരിപ്പിക്കുന്ന കാഴ്ച. പശ്ചാത്തലസംഗീതമായി സുപ്രഭാത കീര്‍ത്തനങ്ങള്‍.

ആറു മണിക്ക് പെരുമാതുറ പാലത്തില്‍ എത്തണമെന്നതായിരുന്നു പ്ലാന്‍. വൈകിയില്ല. മുതല പൊഴിയെ മുതല ഹാര്‍ബറില്‍നിന്നു വേര്‍തിരിക്കുന്ന പാലമാണ് പെരുമാതുറ പാലം. കൈവശമുണ്ടായിരുന്ന മാപ്പ് പരതിയപ്പോള്‍ മറ്റൊരു വസ്തുത കൂടി മനസ്സിലായി. തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന കല്ലാറില്‍നിന്ന് ഉത്ഭവിക്കുന്ന കല്ലാര്‍ നദി ഏകദേശം 60 കിലോ മീറ്റര്‍ ഒഴുകി ലക്ഷ്യസ്ഥാനമായ പെരുമാതുറയില്‍ അറബിക്കടലുമായി ഒന്നുചേരുന്നു. ആകാശം ഇരുണ്ടു കിടക്കുന്നുണ്ടെങ്കിലും സൂര്യന്‍ താമസിയാതെ ഇരുട്ടിന്റെ പുതപ്പ് ഊരിക്കളയുമെന്ന് ഉറപ്പ്. 30 കിലോ മീറ്റര്‍ ദൂരം താണ്ടി കഴിഞ്ഞിരിക്കുന്നു, അതും സൈക്കിളില്‍. ഞങ്ങള്‍ പാലത്തിലിരുന്ന് അല്‍പ്പം സൊറയൊക്കെ പറഞ്ഞ് ക്ഷീണം തീര്‍ത്തു.

perumathura bridge
പെരുമാതുറ പാലത്തില്‍ നിന്നുള്ള അറേബ്യന്‍ കടലിന്റെ കാഴ്ചകള്‍

ശാന്തമാണ് കടല്‍. ദൂരെ പൊട്ടുപോലെ പലയിടത്തുനിന്നായി കരയിലേക്ക് അടുക്കുന്ന മനോഹരദൃശ്യം. ഒന്നിനു പിറകെ ഒന്നായി തീരത്തേക്കു വരുന്ന ബോട്ടുകള്‍. തലേ ദിവസം പോയതാവണം. പാലത്തിന് ഇരുവശവും നിരനിരയായി ലോറികളാണ്. തൃശൂര്‍ പൂരത്തിന് ആനകള്‍ നിരന്നതുപോലെ. ഞങ്ങള്‍ പാലത്തില്‍നിന്ന് ഇറങ്ങി യാത്ര തുടര്‍ന്നു.

ഇടുങ്ങിയ വഴികളിലെല്ലാം മീന്‍ വില്‍ക്കുന്നവര്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. ആകെപ്പാടെ ബഹളമയം. മാര്‍ഗം മുടക്കിയ മീന്‍ വില്‍പ്പനക്കാരോട് തട്ടിക്കയറുന്ന ഓട്ടോ ഡ്രൈവര്‍മാര്‍. ആളൊഴിഞ്ഞ പാതയിലേക്ക് കടന്നപ്പോള്‍ തിരമാലകള്‍ കടല്‍ഭിത്തിയിലേക്ക് കയറി മറിഞ്ഞുവീണ് ഞങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചു. കുറച്ചു ഫോട്ടോകള്‍ ക്ലിക്ക് ചെയ്തതോടെ സൈക്കിള്‍ വീണ്ടും ചവിട്ടിത്തുടങ്ങി.

അടുത്ത ലക്ഷ്യസ്ഥാനം എട്ടു കിലോ മീറ്റര്‍ അകലെ. ചരിത്രം മയങ്ങിക്കിടക്കുന്ന അഞ്ചുതെങ്ങ്. അവിടത്തെ കോട്ടയും വിളക്കുമാടവും ഞങ്ങളുടെ വരവ് കാത്തിരിക്കുകയായിരിക്കും. അതല്ലെങ്കിലും അങ്ങനെയാണല്ലോ, നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതെന്തോ അത് നമ്മളെയും കാംക്ഷിക്കുമെന്നല്ലേ. ലൈറ്റ് ഹൗസ യാത്രാപരമ്പരയിലെ ആദ്യപടവാണ് അഞ്ചുതെങ്ങിലെ വിളക്കുമാടം.

achengo lighthouse
അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്

മൂന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട് അഞ്ചുതെങ്ങ് കോട്ടയ്ക്ക്. 1696-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആറ്റിങ്ങല്‍ രാജ്ഞി ഉമ്മയമ്മ മഹാറാണി നല്‍കിയ സ്ഥലാത്താണ് കോട്ട പണിതത്. മലബാര്‍ തീരത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ നിര്‍മതി കൂടിയാണിത്. കോട്ട തുറക്കാനുള്ള സമയമായിട്ടില്ല. മാത്രമല്ല, കോവിഡിനെ തുടര്‍ന്ന് കോട്ട അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കോട്ട കാണാത്തതിലുള്ള വിഷമം തെല്ലും അലട്ടിയില്ല. മുമ്പൊരിക്കല്‍ വന്നതിനാല്‍ കോട്ടയില്‍നിന്നുള്ള കടല്‍ക്കാഴ്ച്ചകള്‍ ഓര്‍മ്മയില്‍നിന്ന് തിരതല്ലിയെത്തി. 

വെള്ളയും കറുപ്പും നിറം പൂശി ബ്രിട്ടീഷുകാര്‍ 1684-ല്‍ പണി കഴിപ്പിച്ച വിളക്കുമാടത്തെ അവര്‍ അഞ്ചെങ്ങോ(Anjengo) ലൈറ്റ് ഹൗസ് എന്നു വിളിച്ചു. 36 മീറ്റര്‍ നീണ്ട കുഴലാക്യതിയിലാണ് നിര്‍മാണം. അഞ്ചുതെങ്ങിന്റെ ചരിത്രത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് പോര്‍ച്ചുഗീസ് പള്ളി, ഡച്ച്-ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവകുടീരം എന്നിവ. ചരിത്രം വായിച്ചറിയുക മാത്രമല്ല, അവ അനുഭവിക്കുമ്പോഴാണല്ലോ പൂര്‍ണത കൈവരിക്കുക. 

വിളക്കുമാടത്തിന്റെ കാഴ്ച്ചകള്‍ പകര്‍ത്തിയതോടെ അഞ്ചുതെങ്ങ് വിട്ട് റോഡിലേക്കിറങ്ങി. വര്‍ക്കല-കടക്കാവ്-ചിറയിന്‍കീഴ് പാത. ഇരുവശവും പച്ചയുടുത്ത മലനിരകള്‍. കാലവര്‍ഷം മരങ്ങളെയും ഇലകളെയും കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഈര്‍പ്പം കൂടുതല്‍ ഉണ്ടെങ്കിലും അന്തരീക്ഷം പ്രസന്നമാണ്. സൈക്കിള്‍ മുന്നോട്ടു കുതിച്ചു. കയറ്റത്തിന്റെ തുടക്കത്തിലായിരുന്നു പാര്‍വതി പുത്തനാര്‍ കനാല്‍. ഒന്നാം പാലത്തില്‍നിന്നു നോക്കിയാല്‍ തെങ്ങുകള്‍ കണ്ണെത്താ ദൂരം പരന്നു കിടക്കുന്നതു കാണാം. കനാലും വ്യക്തം. അവസാനത്തെ ഒമ്പതു കിലോ മീറ്റര്‍ ദൂരം കയറ്റിറക്കങ്ങള്‍ ധാരാളമുള്ളതായിരുന്നു. 

 

resort
റിസോര്‍ട്ടില്‍ നിന്നുള്ള കായലിന്റെ കാഴ്ച

ഏഴരയോടെ ഞാനും ടോമും വര്‍ക്കല ക്ലിഫില്‍ എത്തി. പ്രഭാതസവാരിക്ക് ഇറങ്ങിയവരും സൈക്കിള്‍ ചവിട്ടാന്‍ വന്നവരുമായി കുറച്ചു പേരുണ്ട്. നല്ല ക്ഷീണം. എന്തെങ്കിലും കഴിക്കണം. കാര്‍മേഘങ്ങള്‍ ഇരുണ്ടുകിടക്കുന്നു. എപ്പോഴും പെയ്യാവുന്ന മഴ തൂങ്ങി നില്‍ക്കുമ്പോള്‍ കാപ്പിയല്ലാതെ മറ്റെന്താണ് കുടിക്കുക. സൈക്കിള്‍ ചവിട്ടി ക്ഷീണിച്ചതിനാല്‍ കാപ്പി ദഹിപ്പിക്കുന്ന പ്രക്രിയ്ക്ക് ശരീരത്തിന് അധികം പണിപ്പെടേണ്ടി വന്നിട്ടുണ്ടാവില്ല.

കാപ്പില്‍ ബീച്ചിലേക്കുള്ള യാത്രയ്ക്കിടയില്‍ രോഹിത് എന്ന പരവൂര്‍ സ്വദേശിയെ ഞങ്ങള്‍ പരിചയപ്പെട്ടു. ഇടതുവശം ചേര്‍ന്ന് കടലിനെയും കായലിനെയും വേര്‍തിരിക്കുന്ന ഒരു നിലം അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതിമനോഹരമായി തോന്നിയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് രോഹിതിനോട് വെറുതെ അന്വേഷിച്ചു. രോഹിത് ഒരു റിസോര്‍ട്ടിന്റെ വഴിയിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടുപോയി.

ഒരു സര്‍ഫ് ഇന്‍സ്ട്രക്റ്ററും മറ്റാരുമായിട്ടോ ചേര്‍ന്ന് നടത്തുന്നതാണ് റിസോര്‍ട്ട്. മനോഹരമായ സ്ഥലം ഫോണില്‍ ചിത്രീകരിക്കുവാനും അവര്‍ അനുമതി തന്നു. അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രത്യുപകരമായി ഞങ്ങള്‍ റിസോര്‍ട്ടിന്റെ ഒരു മാര്‍ക്കറ്റിംഗ് വീഡിയോയില്‍ അഭിനയിക്കുകയും ചെയ്തു. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമെന്ന പഴഞ്ചൊല്ല് ഒരു പാലമിട്ട് എന്റെ മനസ്സിലേക്ക് കയറിവന്നു.

ഇനി ലക്ഷ്യം തങ്കശേരി. സഹയാത്രികനായിരുന്ന ടോം വിടപറയുകയാണ്. ഇവിടം മുതല്‍ സൈക്കിളില്‍ ഞാനൊറ്റയ്ക്കാണ് യാത്ര. പരവൂര്‍ പിന്നിട്ടതോടെ കടലോര പാത നീണ്ടുനിവര്‍ന്നു കിടന്നു. സ്വര്‍ണം പോലെ തിളങ്ങുന്ന മണല്‍ത്തരികള്‍. ഇരുവശത്തും വീടുകള്‍. പുരയിടം നിറഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍. കേരളത്തിലെ ഒരു തനതു കടലോരഗ്രാമത്തിലൂടെ കടന്നുപോവുമ്പോള്‍ ഞാനറിയാതെ ആവേശഭരിതനായി. 

കൊല്ലം അടുക്കാറാവുന്നു, എന്റെ അടുത്ത ലക്ഷ്യസ്ഥാനവും. തങ്കശേരി വിളക്കുമാടം. പത്തരയോടെ അവിടെയെത്തി. 41 മീറ്റര്‍ പൊക്കത്തിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ലൈറ്റ് ഹൗസായ തങ്കശേരി ലൈറ്റ് ഹൗസിന്റെ നില്‍പ്പ്. പിരിയന്‍ ഗോവണി പോലെ ചുവപ്പും വെള്ളയും പൊതിഞ്ഞുള്ള തങ്കശേരി ഭീമന്റെ നില്‍പ്പ് കാണേണ്ടതു തന്നെയാണ്. ലൈറ്റ്ഹൗസ് പണി കഴിപ്പിക്കുന്നത് 1902-ലാണ്. എങ്കിലും കടലിലേക്കുള്ള തങ്കശേരിയുടെ നിവര്‍ന്നുള്ള നില്‍പ്പിന് നൂറ്റാണ്ടുകളുടെ പിന്‍ബലമുണ്ട്. പോര്‍ച്ചുഗീസുകാര്‍ 1518-ല്‍ നിര്‍മിച്ച സെന്റ് തോമസ് കോട്ടയുടെ അവശിഷ്ടങ്ങളും മറ്റുമുള്ളത് തങ്കശേരി ഭീമന്റെ തൊട്ടടുത്താണ്. 

thangasherry lighthouse
തങ്കശ്ശേരി ലൈറ്റ് ഹൗസ്‌

ലൈറ്റ് ഹൗസില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ വടക്കോട്ട് വീണ്ടും സൈക്കിള്‍ ചവിട്ടിത്തുടങ്ങി. കടലോരത്തെ ഒരു ചെറിയ ബെഡ് & ബ്രേക്ക്ഫാസ്റ്റ് അക്കമഡേഷന്‍ സ്ഥലത്തെത്തി. ഒരു മണിയോടെ ഉച്ചയൂണ് കഴിച്ചു. കേരളത്തിലെ 21 വിളക്കുമാടങ്ങളില്‍ രണ്ടെണ്ണം പിന്നിട്ട ആദ്യദിവസം. കാഴ്ച്ചകളാല്‍ സമ്പന്നമായ മനസ്സ് സജീവമാണെങ്കിലും ശരീരം എന്നെ വിശ്രമിക്കാനാണ് ഉപദേശിച്ചത്. സൈക്കിളിനും അല്‍പ്പം വിശ്രമമാവാം. ഇന്നിവിടെ കഴിയാനുള്ള തീരുമാനത്തില്‍ ഞാനെത്തിക്കഴിഞ്ഞിരുന്നു.

സെപ്റ്റംബര്‍ 26 ഞായര്‍. പുലര്‍ച്ചെ അഞ്ചര മണിയോടെ ഞാനും സൈക്കിളും തയ്യാറായി. എന്‍.എച്ച്.66-ലുടെ വടക്കോട്ടേക്കാണു യാത്ര. നീണ്ടകര പാലത്തിലെത്തിയപ്പോഴും മങ്ങിയ ഇരുട്ടാണ് ചുറ്റിലും. വെളിച്ചത്തിനു ഭൂമിയെ പുതയാന്‍ മടിയുള്ളതു പോലെ. ഇന്ത്യന്‍ റെയര്‍ എര്‍ത്തിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു. പ്രശസ്തമായ കോവില്‍ തോട്ടം ലൈറ്റ്ഹൗസ് നാലു കിലോ മീറ്റര്‍ അകലത്തില്‍ മാത്രം. ഞാന്‍ ആവേശത്തോടെ സൈക്കിള്‍ മുന്നോട്ടു പായിച്ചു. അവിടെയെത്തിയപ്പോഴാകട്ടെ ചെറിയൊരു കണ്‍ഫ്യൂഷന്‍. റോഡില്‍നിന്നു നോക്കിയാല്‍ ലൈറ്റ് ഹൗസ് കാണുമായിരുന്നില്ല. ഒടുവില്‍ ലൈറ്റ് ഹൗസിലേക്ക് പോകുന്ന ഗേറ്റിനു മുന്നിലെത്തി. ക്ലോസ്ഡ് എന്ന ബോര്‍ഡാണ് ശ്രദ്ധില്‍പ്പെട്ടത്. ലൈറ്റ് ഹൗസ് അടച്ചിട്ടിരിക്കുന്നു. രണ്ടാം ദിനത്തിലെ ആദ്യലക്ഷ്യം കാണാനാവാതെ പോവേണ്ടിവരുമോ?

നിരാശനായി ഗേറ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ പാതയിലൂടെ ആരോ കടന്നുവരുന്ന ശബ്ദം. ലൈറ്റ് ഹൗസിന്റെ മാനേജരാണ്. ദിനപത്രം എടുക്കാനാണ് അദ്ദേഹം വന്നിരിക്കുന്നത്. ഞാന്‍ കാര്യം പറഞ്ഞു. അദ്ദേഹം ഗേറ്റു തുറന്നു തന്നു. കേരളത്തിലെ 20 വിളക്കുമാടങ്ങളെ സ്പര്‍ശിച്ച് സൈക്കിളില്‍ സഞ്ചരിക്കുകയാണ് ഞാനെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരുത്തി. 'ഇരുപതല്ല, ഇരുപത്തൊന്ന്. കേരളത്തില്‍ 21 വിളക്കുമാടങ്ങളാണുള്ളത്. ഏറ്റവും അവസാനത്തേതിന്റെ പണി ഈയിടെ പൂര്‍ത്തിയായതേയുള്ളൂ. വലിയഴീക്കലിലാണ് ഇരുപത്തൊന്നാമത്തെ ലൈറ്റ് ഹൗസ്. ഗൂഗിള്‍ മാപ്പില്‍ ഇനിയും ഇതു രേഖപ്പെടുത്തിയിട്ടില്ല. കായംകുളം ജങ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞു കാര്‍ത്തികപ്പള്ളി റോഡിലേക്കു തിരിഞ്ഞാല്‍ വലിയഴീക്കലിലെത്താം.' അദ്ദേഹം പറഞ്ഞു.

kovil thottam
കോവില്‍ തോട്ടം ലൈറ്റ്ഹൗസ്‌

വിളക്കുമാടത്തിനു ചുറ്റും നടന്നു കുറെ ഫോട്ടോയെടുത്തു. ചതുരാകൃതിയിലാണു നിര്‍മ്മാണം, തങ്കശേരി വിളക്കുമാടത്തിന്റെ ഗാംഭീര്യമില്ലെങ്കിലും വിളക്കുമാടവും പരിസരവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. കടുംപച്ചയും വെള്ളയും ഇടകലര്‍ന്നതാണ് വിളക്കുമാടത്തിന്റെ പുറംഭാഗം. ചുറ്റിലും തെങ്ങുകളാണ്. വൈകാതെ യാത്ര പറഞ്ഞു പിരിയുമ്പോള്‍ പുതിയൊരു സഹായവും കൂടി അദ്ദേഹം ചെയ്തുതന്നു. 'നിങ്ങളെങ്ങനെയാണ് ദേശീയപാതയിലേക്കു പോവുന്നത്?' വന്ന വഴി തിരിച്ചുപോവുകയാണെന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഈ വഴിയിലൂടെ മുന്നോട്ടു പൊയ്‌ക്കോളൂ. ഇതൊരു പള്ളിക്കു മുന്നില്‍ അവസാനിക്കും. കനാലിനു മുകളിലൂള്ള നടപ്പുപാലം കടന്നാല്‍ എത്തുന്ന റോഡില്‍നിന്ന് നിങ്ങള്‍ക്ക് കൊല്ലം-ആലപ്പുഴ ദേശീയപാതയിലെത്താം. തിരുവനന്തപുരത്തുനിന്ന് ഇവിടേക്ക് സൈക്കിള്‍ ചവിട്ടി വരാമെങ്കില്‍ ആ നടപ്പാലത്തിലൂടെ സൈക്കിളും പൊക്കി നടക്കാന്‍ നിങ്ങള്‍ക്ക് ഒട്ടും പ്രയാസമുണ്ടാവില്ല.' 
ശരിയായിരുന്നു. ഹൈവേയില്‍ എത്തിയപ്പോള്‍ ലാഭിച്ചത് ആറു കിലോ മീറ്റര്‍.

കരുനാഗപ്പള്ളി ടൗണ്‍ കഴിഞ്ഞയുടന്‍ പ്രാതല്‍ കഴിക്കാനായി സൈക്കിള്‍ ബ്രേക്കിട്ടു. പ്രാതല്‍ കിട്ടാന്‍ സമയമെടുത്തതോടെ നല്ല വിശ്രമവുമായി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിചയപ്പെട്ട ഒരാള്‍ക്ക് എന്റെ അയല്‍വാസിയെ അറിയാം. വഴിയില്‍ കണ്ടുമുട്ടിയ ഏതൊരാളെയുംപോലെ അദ്ദേഹവും സൈക്കിളില്‍ ഞാനിത്രയും ദൂരം പിന്നിട്ടു എന്നു കേട്ടപ്പോള്‍ അദ്ഭുതപ്പെട്ടു. 55 പിന്നിട്ട ഞാന്‍ തിരുവനന്തപുരത്തുനിന്ന് വൈപ്പിനിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നുവെന്നത് അത്ര ദഹിക്കുന്നില്ലെന്നു തോന്നുന്നു. വീണ്ടും സൈക്കിളില്‍ കയറി. ദേശിയപാത 66-ലൂടെ മുന്നോട്ട്.

കായംകുളത്തുനിന്ന് കാര്‍ത്തികപ്പള്ളി റോഡിലേക്കു കയറി. ആറു കിലോമീറ്റര്‍ സഞ്ചരിച്ചു കാണും. കടലോരത്തിന്റെ സംഗീതം മുഴങ്ങിത്തുടങ്ങി. കരയില്‍ ആഞ്ഞുവീഴുന്ന തിരമാലകളുടെ ഗദ്ഗദം. കാഴ്ച്ചകള്‍ അതിമനോഹരം. കേരളത്തിലെ മറ്റേതൊരു കടലോരപാതയില്‍ കാണുന്നതിനേക്കാളും ഭംഗിയുള്ള സ്ഥലം. ഏകദേശം നാലു കിലോ മീറ്റര്‍ ഒരേ വേഗത്തില്‍ സൈക്കിള്‍ പാഞ്ഞു. കടലിനെയും കായലിനെയും വേര്‍തിരിക്കുന്ന ഒരു നിലം ഇവിടെയും ഉണ്ട്.  അതിന്റെ അറ്റത്താണ് രാജ്യത്തെ ആദ്യത്തെ പെന്റഗണ്‍ ലൈറ്റ്ഹൗസ്. 41.26 മീറ്റര്‍ ഉയരത്തിലാണ് നില്‍പ്പ്. ദീര്‍ഘചതുരാകൃതി. വിളക്കുമാടത്തിനു സമീപമുള്ള പാലത്തില്‍നിന്നു കാണുന്ന സൂര്യാസ്തമയം ഏറ്റവും നല്ല അനുഭവമായിരിക്കും. എന്നാല്‍ നേരം ഇരുട്ടുന്നതുവരെ കാത്തിരിക്കാനാവില്ല. സൂര്യാസ്തമയം കാണാന്‍ കഴിയാതെ ഞാന്‍ വലിയഴീക്കലിനോട് വിട പറഞ്ഞു തോട്ടപ്പള്ളിയിലേക്ക്  തിരിച്ചു. 

valiyzheekal
വലിയഴീക്കല്‍ ലൈറ്റ്ഹൗസ്‌

വന്ന വഴിയിലൂടെ തന്നെയാണ് അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര. കാര്‍ത്തികപ്പള്ളിയില്‍നിന്ന് താരതമ്യേന ചെറിയ ഗ്രാമമായ തോട്ടപ്പള്ളിയിലേക്കു തിരിഞ്ഞു. ആര്‍ക്കും തോട്ടപ്പള്ളി ലൈറ്റി ഹൗസിനെക്കുറിച്ച് വലിയ ധാരണയില്ല. ചോദിച്ചവരെല്ലാം ആലപ്പുഴ ലൈറ്റ് ഹൗസിലേക്കുള്ള വഴിയാണു പറഞ്ഞുതരുന്നത്. തോട്ടപ്പള്ളി സ്പില്‍വേ കടന്നതോടെ മൂന്നു ചെറുപ്പക്കാര്‍ സമീപിച്ചു. വഴി ചോദിച്ച ഞാന്‍ കുടുങ്ങി. മൂന്നു പേരും മൂന്നു ദിശയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഒരാള്‍ ഇടത്തോട്ട്, മറ്റെയാള്‍ വലത്തോട്ട്. മൂന്നാമനാകട്ടെ മുകളിലേക്കും. മൂന്നു പേരും തര്‍ക്കം തുടരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ ഒരാള്‍ സൈക്കിള്‍ പിടിച്ചുവെച്ചു. മൂന്നു പേരും അവര്‍ പറയുന്നതാണ് ശരിയെന്ന വാദം തുടരുകയാണ്. ഭാഗ്യം. ഒരു പോലീസുകാരന്‍ രംഗത്തെത്തിയതോടെ മൂന്നു പേരും രംഗം കാലിയാക്കി. അദ്ദേഹത്തിന് വഴി അറിയാമായിരുന്നു. ചരലു നിറഞ്ഞ വഴിയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്. സൈക്കിള്‍ ഓടിക്കാല്‍ അല്‍പ്പം പ്രയാസമുണ്ടായെങ്കിലും താമസിയാതെ തോട്ടപ്പളളി ലൈറ്റ് ഹൗസിനു മുന്നിലെത്തി.

തൊട്ടടുത്തുതന്നെ ചെറിയൊരു ഹാര്‍ബറുണ്ട്. സജീവമാണ് അവിടം. ബീക്കണ്‍ ശൈലിയില്‍ വാച്ച് ടവര്‍ പോലെ തോന്നിപ്പിക്കുന്നതാണ് ഇവിടത്തെ ലൈറ്റ് ഹൗസ്. ഇതായിരിക്കണം വഴി ചോദിച്ചവരെല്ലാം അറിയില്ലെന്നു പറയാന്‍ കാരണം. ലൈറ്റ് ഹൗസിലേക്കുള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. സമീപപ്രദേശത്തൊന്നും ആരുമില്ല. ഞാന്‍ പതിയെ സൈക്കിളില്‍ യാത്ര തുടര്‍ന്നു.

thottappalli lighthouse
തോട്ടപ്പളളി ലൈറ്റ്ഹൗസ്

തോട്ടപ്പള്ളിയില്‍നിന്നു ദേശീയപാതയിലേക്കു കയറിയതോടെ വന്‍തിരക്കിലേക്കാണ് എത്തിപ്പെട്ടത്. ചീറിക്കൊണ്ടു പായുന്ന വാഹനങ്ങളും നിലയ്ക്കാതെ മുഴങ്ങുന്ന ഹോണടിയും. ഇടതുവശം ചേര്‍ന്ന് ഞാന്‍ മുന്നേറി. ദേശീയപാത രണ്ടായി മുറിയുന്ന ഇടത്തെത്തി. ഒന്ന് ബൈപ്പാസിലേക്കും മറ്റൊന്ന് ആലപ്പുഴ നഗരത്തിലേക്കും. നഗരത്തിലേക്കുള്ള വഴി ഞാന്‍ തിരഞ്ഞെടുത്തു. ഇനിയാരോടും വഴി ചോദിച്ച് ബുദ്ധിമുട്ടേണ്ട. ഫോണില്‍ ജി.പി.എസ്. ഓണാക്കി ഗൂഗിളിനെ വിശ്വസിച്ച് ഞാന്‍ മുന്നോട്ടെടുത്തു. നഗരപാതകളിലൂടെ കയറിയിറങ്ങി ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ പാതയിലൂടെ ബീച്ച് റോഡിലേക്കു കയറി. അവിടെനിന്ന് വലത്തോട്ടു തിരിഞ്ഞതോടെ എനിക്കു താമസിക്കാനുള്ള ഇടമായി. 

ഭാരത് ഹര്‍ത്താല്‍ പിറ്റേന്നായിരുന്നു. ഒരു രാത്രിക്കു പകരം രണ്ട് രാത്രിയാണ് അവിടെ കഴിയേണ്ടി വന്നു. ഒരു തരത്തിലത് അനുഗ്രഹവുമായി, കാരണം രണ്ടാം ദിവസം ഇടമുറിയാതെ മഴയായിരുന്നു. കല്ലെറിഞ്ഞാല്‍ ആലപ്പുഴ ലൈറ്റ് ഹൗസിലെത്തുന്ന അത്രയും അടുത്താണ് താമസം. രണ്ട് ദിവസവും എന്റെ യാത്രയെ സമ്പന്നമാക്കിക്കൊണ്ട് ആ വിളക്കുമാടം ഞാന്‍ കണ്ടുകൊണ്ടേയിരുന്നു. 28 മീറ്റര്‍ നീളമുള്ള ലൈറ്റ് ഹൗസില്‍ 1862-ലാണ് വിളക്കു തെളിഞ്ഞത്. മാര്‍ത്താണ്ഡവര്‍മ്മ രണ്ടാമന്‍ മഹാരാജാവിന്റെ കാലത്ത് പണി തുടങ്ങിയ ഈ വിളക്കുമാടം രാമവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് പൂര്‍ണമായത്. 21 വര്‍ഷം മുമ്പുവരെ സിലിണ്ടര്‍ മാതൃകയിലുള്ള ഈ നിര്‍മ്മിതിക്കു നിറം വെളുപ്പായിരുന്നു. 2000-ല്‍ വെളുപ്പിനൊപ്പം ചുവപ്പും റിബ്ബണ്‍പോലെ ഇടകലര്‍ത്തി. ലൈറ്റ് ഹൗസിനോടു ചേര്‍ന്ന് ഒരു മ്യൂസിയമുണ്ട്. ഇന്ത്യയിലെ 182 ലൈറ്റ് ഹൗസുകളില്‍ അപൂര്‍വ്വം ഇടത്തു മാത്രമാണ് അനുബന്ധ മ്യൂസിയം ഉള്ളത്.

alappuzha lighthouse
ആലപ്പുഴ ലൈറ്റ്ഹൗസിന്റെ വിദൂരകാഴ്ച

വിളക്കുമാടങ്ങള്‍ തേടിയുള്ള എന്റെ സൈക്കിള്‍ യാത്ര രണ്ടു ദിവസം പൂര്‍ത്തിയാവുമ്പോള്‍ ആറ് ലൈറ്റ് ഹൗസുകളാണ് ഞാന്‍ കണ്ടത്. ഇരുന്നൂറിലധികം കിലോ മീറ്റര്‍ ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. പുലര്‍ച്ചെ നാലരയോടെ ആലപ്പുഴ വിടുമ്പോള്‍ കട്ട ഇരുട്ട്.  കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ കുളിച്ചു കിടക്കുകയാണ് റോഡ്. ഇപ്പോള്‍ മഴയില്ലെങ്കിലും ലൈറ്റ് ഹൗസിനു ചുറ്റും മഴമേഘങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ഞാന്‍ മഴക്കോട്ട് ധരിച്ചു യാത്ര തുടര്‍ന്നു. ഒരു മണിക്കൂറേ അതിന് ആയുസുണ്ടായിരുന്നുള്ളൂ. ചാറിത്തുടങ്ങിയ മഴ പെട്ടെന്നുതന്നെ പെരുമഴയായി. മാരാരി ബീച്ചിനടുത്ത ഒരു കടയുടെ ചായ്പ്പിലേക്ക് കയറിനിന്നു. യാത്ര തുടങ്ങിയതിനു ശേഷം ആദ്യത്തെ അനുഭവം. അപ്പോഴേക്കും 16 കിലോ മീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. 

ക്രമേണ മഴ അടങ്ങി. വെളിച്ചം വീണു. സൈക്കിള്‍ പിന്നെ നിന്നത് അന്ധകാരനഴി പാലത്തിലാണ്. പാലത്തില്‍നിന്നാല്‍ അന്ധകാരനഴി ബീച്ച് കാണാം. പടിഞ്ഞാറ് ഹാര്‍ബറില്‍ നിറയെ വിവിധ വര്‍ണത്തിലുള്ള ബോട്ടുകളാണ്. വലതുവശത്ത് കായല്‍ത്തീരം. അതിനോടു ചേര്‍ന്ന് മനക്കോടം വിളക്കുമാടം. 33.8 മീറ്റര്‍ ഉയരമുണ്ട് ലൈറ്റ്ഹൗസിന്. സ്വാന്ത്ര്യാനന്തരം 1979-ലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എങ്കിലും മനക്കോടത്തിന് വിപുലമായ ഒരു ചരിത്രമുണ്ട്. പോര്‍ച്ചുഗീസുകാര്‍ കയ്യേറിയ പ്രദേശം പിന്നീട് കൊച്ചി കീഴടക്കിയ ഡച്ചുകാരുടെ കൈവശമായി. 1795-ല്‍ ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചതോടെ ചരിത്രം മറ്റൊരു വഴിത്തിരിവിലെത്തി. യൂറോപ്യന്‍ അധിനിവേശകാലത്ത് മനക്കോടത്ത് സാമാന്യം വലിയൊരു തുറമുഖം ഉണ്ടായിരുന്നു. 1886 വരെ ഇവിടെ കപ്പലുകള്‍ വന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചായി കപ്പലുകള്‍ വരാതായതോടെ 1890-ല്‍ തുറമുഖം അടച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍മിച്ച ലൈറ്റ് ഹൗസ് എന്ന പ്രത്യേകത കൂടി മനക്കോടത്തിനുണ്ട്. 

mannakodam lighthouse
മനക്കോടം ലൈറ്റ്ഹൗസ്‌

ഇന്നത്തെ അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു. കടലോര പാതകളിലൂടെയുള്ള ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്ര ആവേശഭരിതം. ഇടതുവശത്ത് കടല്‍ ആര്‍ത്തു തിമിര്‍ക്കുന്നു. കിഴക്ക് കായലുകളുടെ അഭൗമസൗന്ദര്യം. ഇടയ്ക്ക് ഒരു കട കണ്ടപ്പോള്‍ സൈക്കിള്‍ നിര്‍ത്തി പഴം വാങ്ങി. വിവരങ്ങള്‍ തിരക്കിയ കടയുടമ എന്നെ ഞെട്ടിച്ചുകൊണ്ട് പണം നിരസിച്ചു. ഇത്തരം ഒട്ടേറെ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഈ യാത്ര. ഓരോ ദേശത്തെയും ആളുകളോടൊപ്പം ചായക്കടയിലും ഹോട്ടലുകളിലും വഴി ചോദിച്ചപ്പോള്‍ ഉത്തരം നല്‍കിയവരുടെയും സൗഹ്യദ സംഭാഷണങ്ങള്‍ പുത്തന്‍ അറിവുകള്‍ സമ്മാനിച്ചു കൊണ്ടേയിരുന്നു. 

ഫോര്‍ട്ട് കൊച്ചിയില്‍ ഞാന്‍ ആദ്യമല്ല. ഇതിന് മുന്‍പ് പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ അധികസമയം അവിടെ ചെലവിടേണ്ടിവന്നില്ല. കടകളൊന്നും തുറന്നിരുന്നില്ല. ബോട്ട് ജെട്ടി ലക്ഷ്യമാക്കി നടന്നു. വൈപ്പിനിലേക്ക് 10 മിനിറ്റ് കൂടുമ്പോള്‍ ബോട്ടുകളുണ്ട്. സൈക്കിള്‍ വൈപ്പിനിലേക്ക് കൊണ്ടുപോകാന്‍ ചെലവായത് വെറും അഞ്ചു രൂപ. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസും ഇതുതന്നെ. 46 മീറ്ററാണ് ഉയരം. 1839-ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ച ലൈറ്റ്ഹൗസ് പിന്നീട് 1979-ല്‍ പുതുവൈപ്പിനിലേക്കു മാറ്റുകയായിരുന്നു.

puthuvype lighthouse
പുതുവൈപ്പ് ലൈറ്റ്ഹൗസ്‌

അങ്ങനെ, എന്റെ സൈക്കിള്‍ സഞ്ചാരത്തിന്റെ ഒരു ഘട്ടം പിന്നിടുകയാണ്. വൈപ്പിനില്‍നിന്ന് ഞാന്‍ വൈറ്റിലയില്‍ എത്തി. കെ.എസ്.ആര്‍.ടി.സി. ബസില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ സൈക്കിള്‍ ബസിന്റെ ബഗേജ് കംപാര്‍ട്‌മെന്റില്‍ സുരക്ഷിതമായി കിടന്നു. യാത്രയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവണമെങ്കില്‍ തിരുവനന്തപുരത്തിനു തെക്കുള്ള ഒരു സ്ഥലത്തുകൂടി എത്തേണ്ടതുണ്ട്. 

യാത്രയുടെ നാലാം നാള്‍ ടോം വീണ്ടു കൂട്ടുചേര്‍ന്നു. ലക്ഷ്യം 16 കിലോ മീറ്റര്‍ അകലെയുള്ള വിഴിഞ്ഞം ലൈറ്റ് ഹൗസ്. ഞങ്ങളുടെ സൈക്കിളിന് കേരളത്തിലെ റോഡുകള്‍ ചിരപരിചിതമായി കഴിഞ്ഞു. അനായാസം ഞങ്ങള്‍ വിഴിഞ്ഞത്ത് എത്തി. 36 മീറ്റര്‍ ഉയരമുള്ള ലൈറ്റ്ഹൗസ് നിര്‍മിച്ചത് 1972-ലാണ്. സിലിണ്ടര്‍ രൂപം. വെളുപ്പും ചുവപ്പും ഇട കലര്‍ന്ന പുറംമോടി. ബീച്ചില്‍നിന്നും ഹാര്‍ബറില്‍നിന്നും നോക്കിയാല്‍ വ്യ്ത്യസ്ത കാഴ്ച്ചകളാണ് ലൈറ്റ് ഹൗസിനുള്ളത്. വിഴിഞ്ഞത്തിനു വലിയൊരു ചരിത്രം സ്വന്തമായുണ്ട്. എട്ടു മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ഒമ്പതാം നൂറ്റാണ്ടിലുണ്ടായിരുന്ന കോട്ടയുടെ അടിത്തറയുടെ ഒരു ഭാഗം ലൈറ്റ് ഹൗസിനു സമീപത്തുനിന്ന് 2005-ല്‍ കണ്ടെത്തി. വിഴിഞ്ഞം ലൈറ്റ് ഹൗസിനോടു ചേര്‍ന്നുള്ള ബീച്ചില്‍ നല്ല തിരക്കാണ്. ഇഷ്ടം പോലെ റെസ്‌റ്റൊറന്റുകള്‍. സഞ്ചാരികളും വലിയ തോതിലുണ്ട്. ടൂറിസ്റ്റുകളുടെ സ്വപ്നസങ്കേതമായ കോവളം വരെ ഈ തിരക്കു കാണാം. 

വിളക്കുമാടങ്ങള്‍ തേടിയുള്ള യാത്രയുടെ ആദ്യഘട്ടത്തില്‍ 350 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി പിന്നിട്ടു കഴിഞ്ഞു. തങ്ങേണ്ടിവന്ന കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും നഗരം കാണാനും ഗ്രാമം കാണാനും ശ്രമിച്ചു. തിരമാലകളുടെ സാന്ത്വനവും മായക്കാഴ്ച്ചകളും വഴിയോരത്തെ സൗഹൃദങ്ങളും മറക്കാനാവില്ല. നേരം പുലരുന്ന നേരത്തെ സൗമ്യമായ ഗ്രാമീണഭാവങ്ങളും മീന്‍പിടിത്തഗ്രാമങ്ങളിലെ ആളും ആരവവും ഒരിക്കലും മനസ്സില്‍നിന്നു മായില്ല. കടലില്‍നിന്നും കായലില്‍നിന്നും മീന്‍ പിടിക്കുന്നതിനും വ്യത്യസ്ത രീതികളാണ് കാണാന്‍ കഴിഞ്ഞത്. ചരിത്രസ്മാരകങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഒരായിരം കഥകള്‍ ഇരമ്പിയാര്‍ത്തത്..... എല്ലാം ഓര്‍മ്മകളില്‍ കൊത്തിവെച്ചു കഴിഞ്ഞിരിക്കുന്നു. 

route map
റൂട്ട് മാപ്പ്‌

ദിവസങ്ങള്‍ നീണ്ട എന്റെ ആദ്യ സൈക്കിള്‍ യാത്രയാണിത്. ഓരോയിടത്തെയും രുചിക്കൂട്ടുകള്‍ ഞാന്‍ പരീക്ഷിച്ചിട്ടില്ല. പഴവും കടലയും കടലമിഠായിയും ഒക്കെയായിരുന്നു കയ്യിലുണ്ടായിരുന്നത്. പരമ്പരാഗതമായി 'സുരക്ഷിത'മായ സ്ഥലങ്ങളില്‍നിന്ന് ഊണും എനര്‍ജി-ഹെല്‍ത്ത് ഡ്രിങ്കുകളും കഴിച്ചു. അടുത്തത് എന്തെന്നത് എപ്പോഴുമുണ്ട്. ഒരു പക്ഷെ, കൂടുതല്‍ സാഹസികമാവാം രണ്ടാം ഘട്ടം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്കിതിനു സാധിക്കുമായിരുന്നില്ല. 

വടക്കന്‍ കേരളത്തിലെ വിളക്കുമാടങ്ങള്‍ എന്നെ ഇനി ഉറക്കില്ല. എനിക്ക് കാത്തിരിക്കാനുമാവില്ല. എത്രയും വേഗം സൈക്കിളുമായി ഞാന്‍ പുറപ്പെടും. കാത്തിരിക്കൂ... ആ രണ്ടാം ഭാഗത്തിനായി.

Content Highlights: cycle diary part one