ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 3/ സര്‍ക്കാര്‍ കടമ്പ 

യാത്രയുടെ കാര്യം സര്‍വീസിലുള്ള ചില സുഹൃത്തുക്കളോട് അന്വേഷിച്ചു. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ല. എന്തിനേറെ, ജില്ല വിട്ടുപോകാന്‍ പോലും സാധ്യമല്ല. അനുമതിയ്ക്കായി സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ കൊടുക്കണം. 

അടുത്ത ദിവസം കോളേജില്‍ എത്തി. പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള മുതിര്‍ന്ന അധ്യാപകനെ കാണണം, സംസാരിക്കണം. മധ്യവേനല്‍ അവധി അല്ലെ. ആള് സ്ഥലത്തില്ല. ഓഫീസില്‍ ചെന്നു കാര്യം പറഞ്ഞു. കത്ത് കാണിച്ചു. എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലുള്ള ക്ലാര്‍ക്ക് തനിക്കെല്ലാം അറിയാമെന്ന ഭാവത്തില്‍ ഉറക്കെ പറഞ്ഞു. 

' സാറിനു പോകാന്‍ പറ്റില്ല '
' അതെന്താ? '

' സാറിനല്ല അവര് കത്തയക്കേണ്ടത്. ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയക്കണം. എന്നിട്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് സാറിന് അനുമതി നല്‍കേണ്ടത് '.

' അതെങ്ങനെ നടക്കാനാണ്? കേന്ദ്രഗവണ്‍മെന്റിന്റെ ഏതോ വകുപ്പില്‍ ഇരിക്കുന്ന മനുഷ്യര്‍ക്ക് ഞാനിവിടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണോ അതോ കൊളീജിയേറ്റ് എഡ്യൂക്കേഷന്റെ കീഴിലാണോ,  അതുമല്ല നേരിട്ട് ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ തന്നെ കീഴിലാണോ എന്നൊക്കെ എങ്ങനെ അറിയാനാണ്? അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഈ കോളേജില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ആണ്. എന്റെ മേല്‍വിലാസവും ഇതാണ്. അതുകൊണ്ട് കത്ത് ഇങ്ങോട്ട് അയച്ചു.  '

'അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. സാറ് സംസ്ഥാനസര്‍ക്കാരിന്റെ ജീവനക്കാരനാണ് '

' അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് മുകളിലോ താഴെയോ? '

ചോദ്യം അയാള്‍ക്കിഷ്ടപ്പെട്ടില്ല. 

' കേന്ദ്ര യുവജനക്ഷേമ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഒപ്പിട്ട കത്താണിത്. ഞാന്‍ ജോലി ചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ നേരിട്ടറിയിക്കാത്തതുകൊണ്ട് എനിക്ക് യാത്ര പോകാന്‍ അനുമതി ലഭിക്കില്ല എന്നൊരു കത്ത് തരുമോ?' 

' ഞാന്‍ എന്തിനു കത്ത് തരണം?  അതൊക്കെ മേളീന്നാ അനുമതി തരുന്നത്. സാറ് വേണേ ഒരു അപേക്ഷ തന്നേരെ.. ഹെഡ് ആപ്പീസിലേക്ക് അയച്ചേക്കാം. '

' അതു മതി.. അതു മതി.. അപേക്ഷ ഞാന്‍ നാളെത്തന്നെ തന്നേക്കാം... പത്തു ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമോ? 

' അതൊന്നും എനിക്കറിയില്ല. '

കാര്യങ്ങള്‍ അവിടെ വരെയെങ്കിലും എത്തിയല്ലോ. ഞാന്‍ ആശ്വസിച്ചു. ഇതാണ് സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് പറയുന്നത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? 

എന്തായാലും അടുത്ത ദിവസം തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിപ്രകാരമുള്ള ചൈന  സന്ദര്‍ശനത്തിന് പോകാനായി സര്‍ക്കാരില്‍ നിന്ന് അനുമതിയും അവധിയും നല്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഞാന്‍ കത്ത് നല്‍കി. പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള  സീനിയര്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍ അബ്ദുള്‍ റഷീദ്  സാറിനെ വിളിച്ചു കാര്യം പറഞ്ഞു. അനുമതി കിട്ടിയാലും ഇല്ലെങ്കിലും യാത്ര പോകാന്‍ തീരുമാനിച്ചു. കോളേജില്‍ നിന്നും ഞാന്‍ ഇറങ്ങി... 

വീണ്ടും ഡല്‍ഹിയിലേക്ക് 

ആത്മവിശ്വാസം കുറവായിരുന്നുവെങ്കിലും  ഡല്‍ഹിയ്ക്ക് പോകാന്‍ തന്നെ  തീരുമാനിച്ചു. ഡല്‍ഹിയിലേക്കും തിരിച്ചു മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര തിരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ചില തയ്യാറെടുപ്പുകള്‍ നടത്താനും ചൈനയെകുറിച്ച് കൂടുതല്‍ അറിയാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രത്യേകിച്ച് ജൂണ്‍ മാസം അവിടുത്തെ കാലാവസ്ഥ എന്തായിരിക്കും എന്നറിയാനാണ്  ആദ്യം  ശ്രമിച്ചത്. 

96 ലക്ഷം കിലോമീറ്ററില്‍ വിസ്തൃതിയില്‍ മധ്യ കിഴക്കന്‍ ഏഷ്യയിലായി വ്യാപിച്ചുകിടക്കുന്ന വലിയൊരു രാജ്യം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതിയും വ്യത്യസ്തമായ കാലാവസ്ഥയും. ചൈനയില്‍ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് യാത്രയെന്നറിയാത്തതിനാല്‍ കാലാവസ്ഥയെക്കുറിച്ചു കൃത്യമായി ഒരു ധാരണ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും ജൂണ്‍ മാസത്തില്‍ ചൂട് കുറവായിരിക്കുമെന്നും രാത്രികാലങ്ങളില്‍ നേരിയ തണുപ്പിന് സാധ്യതയുണ്ടെന്നും ഗൂഗിളില്‍ നിന്ന് മനസിലാക്കി. ചിലയിടങ്ങളില്‍ ചെറിയ മഴയും ഉണ്ടാവാം. 

ചൈനയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചരിത്രത്തില്‍ നിന്നും ഓര്‍മയിലെത്തും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം. ഏതാണ്ട് അന്‍പത്താറോളം വ്യത്യസ്ത വംശങ്ങളില്‍ ഉള്ളവരാണിവര്‍. 

മഞ്ഞ നദിയുടെ തീരങ്ങളില്‍ ആരംഭിച്ച ചൈനീസ് സംസ്‌കാരം ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരം ആണ്. വ്യത്യസ്തങ്ങളായ രാജവംശങ്ങള്‍ ആണ് ചൈനയില്‍ ഭരിച്ചുകൊണ്ടിരുന്നത്. BC 1600 മുതല്‍ 1046 വരെ ഭരിച്ച ഷാങ് ഡൈനാസ്റ്റി ആണ്  ഏറ്റവും പുരാതനമായ ചൈനീസ് രാജവംശം എന്ന് എഴുതപ്പെട്ട രേഖകളില്‍ പറയുന്നു.  തുടര്‍ന്ന് ഷൗ രാജവംശം ( BC 1046 - BC 256 ) ചൈന ഭരിച്ചു. BC 221 ല്‍ ക്വിന്‍ ഷി ഹുവാങ് പരസ്പരം പോരടിച്ചുകൊണ്ടിരുന്ന നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി, തന്റെ അധീനതയില്‍ വരുത്തി സാമ്രാജ്യത്വം സ്ഥാപിക്കുകയും ക്വിന്‍ രാജവംശത്തിന്റ  ചക്രവര്‍ത്തിയായി അവരോധിക്കുകയും ചെയ്തു.

തുടര്‍ന്ന് വന്ന ഹാന്‍ ഡൈനാസ്റ്റിയും  ദീര്‍ഘകാലം ( BC 206 - AD 220) രാജ്യം ഭരിച്ചു.  വലിയ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന രാജ്യത്തെ നിയന്ത്രിക്കുന്നതിനായി ഇക്കാലത്ത് ബ്യൂറോക്രാറ്റിക് സിസ്റ്റം രൂപീകരിക്കുകയും ഉദ്യോഗസ്ഥമേധാവിത്തത്തിലൂടെ ചക്രവര്‍ത്തി തന്റെ ഭരണം കാര്യക്ഷമമാക്കുകയും ചെയ്തു. ചൈനയില്‍ നിന്നും ഈ സിസ്റ്റം മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാര്‍ അത് അവരുടെ രാജ്യത്ത് നടപ്പില്‍ വരുത്തി. പിന്നീട് കോളനിവല്‍ക്കരണ സമയത്ത് തങ്ങളുടെ ഭരണം സുഗമമാക്കാനും അധികാരം നിലനിര്‍ത്താനുമായി ഭാരതത്തില്‍ ഈ ബ്യൂറോക്രസി സമ്പ്രദായം അവര്‍ സ്ഥാപിച്ചു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ചൈനയും ബ്രിട്ടനും ഈ സമ്പ്രദായം ഉപേക്ഷിക്കുകയോ അടിമുടി പരിഷ്‌കരിക്കുകയോ ചെയ്തു. എന്നാല്‍ കോളനിയുടെ ബാക്കിപത്രമായ ബ്യൂറോക്രാറ്റിക് സിസ്റ്റം ഇന്നും ഇന്ത്യയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ നിലനിര്‍ത്തിയിരിക്കുന്നു. രാഷ്ട്രീയമേല്‍ക്കോയ്മയും  ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കൂടിച്ചേര്‍ന്ന് സാധാരണക്കാരന്റെ ജീവിതം ചുവപ്പ് നാടയുടെ അഴിയാക്കുരുക്കുകളില്‍ എവിടെയൊക്കെയോ കുടുക്കിയിട്ടു. 

1644 ല്‍  ഭരണം ഏറ്റെടുത്ത ക്വിങ് രാജവംശം ആയിരുന്നു ചൈനയിലെ അവസാനത്തെ രാജവംശം. 1911 ലെ ഹ്‌സിന്‍ ഹായ് വിപ്ലവത്തെത്തുടര്‍ന്ന്  രാജഭരണം അവസാനിപ്പിച്ച  ചൈന, 1912 ല്‍  റിപ്പബ്ലിക്ക് ഓഫ് ചൈന ആയി. യുവാന്‍ ഷിഖായിയും തുടര്‍ന്ന് സണ്‍ യാറ്റ്‌സെന്നും റിപ്പബ്ലിക് ചൈനയുടെ പ്രസിഡന്റുമാരായി. അധികാരത്തിനു വേണ്ടിയുള്ള കിടമത്സരങ്ങളും ആഭ്യന്തരകലഹങ്ങളും  നിറഞ്ഞതായിരുന്നു ഈ കാലഘട്ടം. പിന്നീട് 1949 ല്‍ മാവോ സെദുങ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. 

ഈ ചരിത്രവസ്തുതകളോടൊപ്പം എന്നെ ആകര്‍ഷിച്ച മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ചൈന പലപ്പോഴും വളരെയധികം കൗതുകങ്ങളും രഹസ്യങ്ങളുമുള്ളൊരു രാജ്യമായി എനിക്ക് തോന്നിയിട്ടുണ്ട്.

പുരാതന ചൈനയില്‍ നിന്നും ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ബുദ്ധസന്യാസിയും എഴുത്തുകാരനുമായിരുന്നു ഫാഹിയാന്‍.  അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം   പാടലീപുത്രം, തക്ഷശില, മധുര, ലുംബിനി തുടങ്ങിയ പുരാതന നഗരങ്ങള്‍ സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 

ഏഴാം നൂറ്റാണ്ടില്‍ ടാങ് രാജവംശത്തിന്റ കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ബുദ്ധസന്യാസിയും പണ്ഡിതനുമായ സഞ്ചാരിയായിരുന്നു ഹുയാന്‍ സാങ്. പക്ഷെ അക്കാലത്ത് ടാങ് ചക്രവര്‍ത്തി ചൈനയ്ക്ക് പുറത്തേക്കുള്ള യാത്രകള്‍ കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ ബുദ്ധിസത്തിന്റ ഉറവിടമായ ഇന്ത്യ സന്ദര്‍ശിക്കണമെന്നും ബുദ്ധിസത്തെക്കുറിച്ചുള്ള മൂലഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കണമെന്നും ശ്രേഷ്ഠരായ ബുദ്ധസന്യാസിമാരില്‍ നിന്നും ശിഷ്യത്വം സ്വീകരിക്കണമെന്നുമുള്ള അദമ്യമായ ആഗ്രഹം നിമിത്തം ചില ശിഷ്യരുടെ സഹായത്തോടെ  രഹസ്യമായി കുന്നും മലകളും മരുഭൂമിയും താണ്ടി പ്രതികൂല  കാലാവസ്ഥകളെ തരണം ചെയ്ത് അദ്ദേഹം തന്റെ യാത്ര ആരംഭിച്ചു. തന്റെ യാത്രയില്‍ അദ്ദേഹം അഫ്ഗാനിസ്ഥാനിലുള്ള ബുദ്ധവിഹാരങ്ങളും ഈ നൂറ്റാണ്ടില്‍ താലിബാന്‍ തകര്‍ത്തുകളഞ്ഞ ബാമിയന്‍ ബുദ്ധവിഗ്രഹങ്ങളും  സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ അദ്ദേഹം നളന്ദയില്‍ താമസിച്ചു ബുദ്ധിസവും സംസ്‌കൃതവും വ്യാകരണവും തര്‍ക്കശാസ്ത്രവും പഠിച്ചു. ഹീനയാനയെയും മഹായാനയെയും സംബന്ധിച്ച് താന്‍ ശേഖരിച്ച ഏകദേശം അറുന്നൂറോളം അമൂല്യവും പുരാതനവുമായ പുസ്തകങ്ങളുമായി മടങ്ങിപ്പോയ അദ്ദേഹം അവയെല്ലാം വിവര്‍ത്തനം ചെയ്യാനും പഠിക്കാനുമായി സമയം ചിലവിട്ടു. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം  അദ്ദേഹം 'Great Tang Records on the Western Regiosn' എന്ന പുസ്തകം രചിച്ചു. 

ചൈനയിലെ മറ്റൊരു ആകര്‍ഷണനീയമായ വ്യക്തിത്വമാണ് കണ്‍ഫ്യൂഷ്യസ്.  B. C. 551 മുതല്‍ 479 വരെ ജീവിച്ചിരുന്ന അദ്ദേഹം പ്രാചീന ചൈനയിലെ തത്വജ്ഞാനിയും രാഷ്ട്രമീമാംസകനും ആയിരുന്നു. വ്യക്തികളുടെയും  സ്റ്റേറ്റിന്റെയും ധാര്‍മികത, സാമൂഹ്യ ബന്ധങ്ങളിലുള്ള സത്യസന്ധത, ദയ, ആത്മാര്‍ത്ഥത ഇവയില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ തത്വസംഹിത 'കണ്‍ഫൂഷ്യനിസം' എന്ന് അറിയപ്പെടുന്നു.

Lao tseപുരാതന ചൈനയിലെ മറ്റൊരു പ്രശസ്തനായ തത്വജ്ഞാനിയും ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമാണ് ബി. സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലാവോ റ്റ്‌സെ. കണ്‍ഫ്യൂഷ്യസിന്റെ സമകാലികന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് താവോയിസത്തിന്റ ഉപജ്ഞാതാവ്. താവോയിസം തത്വചിന്തയും ആത്മീയതയും കൂടിക്കലര്‍ന്ന ജീവിതരീതിയും മതവുമാണ്. അദ്ദേഹം രചിച്ച 'താവോ തെ ചിങ് ' എന്ന പുസ്തകം  താവോയിസത്തിന്റെ അടിസ്ഥാന ഗ്രന്ഥവും ചൈനീസ് തത്വചിന്തയുടെ ഉദാത്തമായ ഉദാഹരണവുമാണ്. 

മറ്റൊരുപാട് കൗതുകങ്ങള്‍ കൂടിയുള്ള രാജ്യമാണ് ചൈന. ലോകത്ത് ആദ്യമായി നെല്‍കൃഷി ചെയ്തു തുടങ്ങിയത് ചൈനക്കാരാണ്. ഹാന്‍ ഡൈനാസ്റ്റിയില്‍ ജീവിച്ചിരുന്ന കായ് ലുന്‍ ആണ് പേപ്പറും പേപ്പര്‍ നിര്‍മ്മാണവും കണ്ടുപിടിച്ചത്. ആദ്യമായി പേപ്പര്‍ കറന്‍സി രൂപപ്പെടുത്തിയത് ചൈനയിലാണ്. ഏഴാം നൂറ്റാണ്ടില്‍ ടാങ് ഡൈനാസ്റ്റിയുടെ കാലത്ത്. എങ്കിലും പതിനൊന്നാം നൂറ്റാണ്ടില്‍ സോങ് രാജവംശത്തിന്റെ കാലത്താണ് കടലാസ് നോട്ടുകള്‍ നടപ്പില്‍ വരുത്തിയത്. ലോഡ്‌സ്റ്റോണ്‍ ഉപയോഗിച്ചുള്ള കോമ്പസ് ആദ്യമായി കണ്ടുപിടിച്ചതും ചൈനക്കാര്‍ തന്നെ. ഒന്‍പതാം നൂറ്റാണ്ടില്‍ ചൈനീസ് രസതന്ത്രജ്ഞന്‍മാര്‍ വെടിമരുന്നു കണ്ടുപിടിച്ചതോടുകൂടി ലോകത്തിന്റെ ചരിത്രവും ഗതിയും ആകെ മാറിമാറിഞ്ഞു......

ചൈനയുടെ ചരിത്രവും രാഷ്ട്രീയവുമൊക്കെ ആലോചിച്ച്  ഞാന്‍ ട്രെയിനിലിരുന്ന് ആടിയുലഞ്ഞു. രണ്ടു രാത്രിയും മൂന്നു പകലും ഓടിത്തളര്‍ന്ന് കേരള എക്‌സ്പ്രസ്സ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വിയര്‍ത്തു കുളിച്ചു നിന്നു. 

ചൈനയെക്കുറിച്ചുള്ള ചിന്തകള്‍ പാതിവഴിയില്‍ നിര്‍ത്തി പ്ലാറ്റ്ഫോമിലെ തിരക്കിലേക്ക് ഞാന്‍ ഇറങ്ങി 

(തുടരും )

Content Highlights: China Travel, China Travel Memories of an Artist Part 2, China Tourism