ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍  - 2

ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍  - ആദ്യഭാഗം വായിക്കാം


അങ്ങനെ ഒരു ഇന്റര്‍വ്യൂ 

ഏതൊരു അപേക്ഷയും പോലെ തന്നെ ഇന്‍ലാക്‌സിന് അപേക്ഷിച്ചതും ഞാന്‍ മറന്നു. ഈ സ്‌കോളര്‍ഷിപ്പിന്റെ സെലക്ഷന്‍ വളരെ ശ്രദ്ധിച്ചു നടക്കുന്നതായാണ് കേട്ടറിവ്. പല പ്രമുഖ കലാകാരന്മാരും പ്രിലിമിനറി സെലക്ഷനില്‍ തന്നെ പുറത്തായിട്ടുള്ളതായി അറിയാം. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു പ്രതീക്ഷയും  ഇല്ലായിരുന്നു. പ്രതീക്ഷ ഇല്ലാത്തതുകൊണ്ട് തന്നെ ഓര്‍മ്മിയ്ക്കേണ്ട ആവശ്യവും ഇല്ലല്ലോ. 

മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം.. പുറത്തു പോയിട്ട്  വൈകുന്നേരം മയൂര്‍ വിഹാറിലെ ഒറ്റമുറി ഫ്ളാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്‍ലാക്‌സ് ഫൗണ്ടേഷനില്‍ നിന്നും വന്നൊരു കത്ത് അവിടെ കിടപ്പുണ്ടായിരുന്നു.  ഞാനതത്ര ഗൗനിച്ചില്ല. കാരണം സെലക്ഷന്‍ കിട്ടിയില്ല എന്നുള്ള അറിയിപ്പാകും. പല കൊമ്പന്മാരും ആദ്യഘട്ടത്തില്‍ വീഴുകയാണ് പതിവ്. എന്തായാലും തുറന്നു നോക്കി. ഞെട്ടിപ്പോയി. ഒന്നാം ഘട്ട സെലക്ഷനില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. അങ്ങനെ ആദ്യത്തെ കടമ്പ കടന്നിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ക്കെന്റെ ചിത്രങ്ങളും ഞാന്‍ കൊടുത്ത പ്രൊജക്റ്റും ഇഷ്ടപ്പെട്ടു എന്നാണല്ലോ. ഇനി നേരിട്ടുള്ള അഭിമുഖം ആണ്. അതിനായി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ എത്താനുള്ള കത്താണ് എന്റെ കൈയില്‍ ഇരിക്കുന്നത്. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും വളരെ കുറച്ചു പേരെ മാത്രമാണ് അഭിമുഖത്തിന് തിരഞ്ഞെടുക്കാറുള്ളത്. എനിക്ക് സന്തോഷം അടക്കാനായില്ല. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു. എന്തൊക്കെയാവും ചോദ്യങ്ങള്‍.. എങ്ങനെ സംസാരിക്കണം... അറിയാവുന്ന മുറി ഇംഗ്ലീഷ്  മെച്ചപ്പെടുത്തണം... പോര്‍ട്‌ഫോളിയോ തയ്യാറാക്കണം... അങ്ങനെ പലതും... 

അങ്ങനെ അഭിമുഖത്തിന്റ ദിവസം എത്തി. കുറച്ചു പെയിന്റിങ്ങുകളും സര്‍ട്ടിഫിക്കറ്റുകളും പോര്‍ട്ട്‌ഫോളിയോയും എല്ലാം വാരിക്കെട്ടി രാവിലെ മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ നിന്നും ഓട്ടോറിക്ഷയില്‍ ലോധി ഗാര്‍ഡനിലുള്ള ഐ. ഐ. സി. യിലേക്ക്. എന്നെ സഹായിക്കാനായി എന്റെ അളിയനും ഒപ്പം വന്നിരുന്നു. 

ഐ. ഐ. സി. യില്‍ ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അവിടെ നടക്കുന്നു. ബറോഡ,  ശാന്തിനികേതന്‍, ബാംഗ്ലൂര്‍, ബോംബെ എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള യുവകലാകാരന്മാര്‍ അഭിമുഖത്തിന്  എത്തിയിരുന്നു.  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എനിക്കറിയാവുന്ന  ഒരു മലയാളി കലാകാരന്‍ കൂടിയുണ്ടായിരുന്നു. ആത്മവിശ്വാസവും മത്സരബുദ്ധിയും സ്മാര്‍ട്‌നെസ്സും നാഗരിക ഭാഷയുമെല്ലാമുള്ള  അവര്‍ക്കിടയില്‍ പരുന്തിനെ കണ്ട കോഴിക്കുഞ്ഞിനെപ്പോലെ ഞാന്‍ പതുങ്ങി.

എന്റെ ഊഴം വന്നു. അകത്തു കയറി..  ബ്രിട്ടീഷ് കൗണ്‍സിലിന്റെയും ഇന്‍ലാക്‌സ് ഫൗണ്ടേഷന്റെയും മെംബേര്‍സ് ആണെന്ന് തോന്നുന്നു, രണ്ടുമൂന്നു അപരിചിതര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യയിലെ പ്രശസ്തനായ  കലാകാരന്‍ വിവാന്‍ സുന്ദരവും കലാകാരി മനീഷാ പരേഖും. വിവാന്‍ സുന്ദരം സര്‍ ജാമിയ മിലിയയില്‍ എന്റെ പ്രൊഫസര്‍ ആയിരുന്നു. രണ്ടു കൊല്ലം അദ്ദേഹം അവിടെ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. മുതിര്‍ന്ന കലാകാരനായ മനു പരേഖിന്റ മകളും കലാകാരിയുമായ മനീഷാ പരേഖിനും എന്നെ അത്യാവശ്യം അറിയാം. രബീന്ദ്ര ഭവനില്‍ ഞാന്‍ നടത്തിയ ചിത്രപ്രദര്‍ശനം അവര്‍ കണ്ടിട്ടുണ്ട്. അഭിമുഖത്തില്‍ അവരത് സൂചിപ്പിക്കുകയും ചെയ്തു. ഒരുവിധം ഭംഗിയായി തന്നെ ഇന്റര്‍വ്യൂ നടന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിത്രങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം തന്നെ എന്റെ മുറിയിംഗ്ലീഷില്‍ പരിഭ്രമം കൂടാതെ തന്നെ മറുപടി പറഞ്ഞു. എന്റെ ചിത്രങ്ങളും അവര്‍ക്കിഷ്ടപ്പെട്ടു. 

അവസാനം വിവാന്‍ സര്‍ ഒരു ചോദ്യം ചോദിച്ചു. സ്‌കോളര്‍ഷിപ് കിട്ടി ലണ്ടനില്‍ പോയാല്‍ എങ്ങനെ മാനേജ് ചെയ്യും എന്ന്. ഞാനൊന്ന് പരുമി. എന്റെ ആത്മവിശ്വാസം മുഴുവനും ചോര്‍ന്നു പോയതുപോലെ എനിക്ക് തോന്നി. ഇവിടുത്തെ പോലെ തന്നെ അവിടെയും മാനേജ് ചെയ്യാന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു സര്‍. ഞാന്‍ പറഞ്ഞു. ഇതിന്  മുന്‍പെങ്ങും പോയിട്ടില്ല എന്നാലും ആത്മവിശ്വാസം ഉണ്ട്. അടുത്ത ഊഴം മനീഷാ  പരേഖിന്റേതായിരുന്നു. ഇന്ത്യന്‍ ഇന്‍ലാക്‌സ് എന്നൊരു സ്‌കോളര്‍ഷിപ്പിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഉവ്വ്. എങ്കില്‍ ഷിജോ അതിന്  അപേക്ഷിക്കു.....കിട്ടും... 

എനിക്ക് സംഭവം പിടികിട്ടി. ഞാന്‍ ഇന്റര്‍വ്യൂവില്‍ നിന്നും പുറത്താകുകയാണെന്ന്  പരോക്ഷമായിട്ടാണെങ്കിലും  കൃത്യമായിത്തന്നെ  അവര്‍ സൂചിപ്പിച്ചിരിക്കുന്നു.  എനിക്ക് വേണമെങ്കില്‍ ഇന്ത്യന്‍ ഇന്‍ലാക്‌സിനു അപേക്ഷിച്ചുകൊള്ളാം എന്ന് പറഞ്ഞു ഇറങ്ങാമായിരുന്നു. മിക്കവാറും എനിക്കത് കിട്ടുകയും ചെയ്‌തേനെ. പക്ഷെ എന്റെ ഉള്ളിലെ പോരാളി  വിട്ടുകൊടുക്കാന്‍ സമ്മതിച്ചില്ല... ഞാന്‍ പറഞ്ഞു :

'മാഡം, എനിക്കാ സ്‌കോളര്‍ഷിപ് വേണ്ട. എനിക്ക് വേണ്ടത് വിദേശ ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ് ആണ്.'

അവര്‍ പുഞ്ചിരിച്ചു. എനിക്ക് ആശംസകള്‍ നേര്‍ന്നു. ഞാന്‍ നന്ദി പറഞ്ഞു. കനം തൂങ്ങിയ മനസ്സും ദുര്‍ബ്ബലമായൊരു ശരീരവുമായി ഞാന്‍ പുറത്തേക്ക് നടന്നു.. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കാന്‍ ചെന്നൊരു വിദ്യാര്‍ഥി സ്വന്തം സഹപാഠികളാല്‍ ആദ്യം  പരിത്യക്തനായി. സമ്പന്നരുടെയും അധികാരത്തിന്റെ ഉത്തുംഗ ശ്രേണിയില്‍ നില്‍ക്കുന്നവരുടെയും വിഹാരകേന്ദ്രമായ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിന്റെ വാതില്‍ക്കല്‍  നില്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ അയാള്‍ക്ക് കൂട്ടായി വന്നു. അയാള്‍ വീണ്ടും വീണ്ടും തള്ളപ്പെട്ടുകൊണ്ടിരുന്നു... 

മനസ്സിനെ വീണ്ടും പറഞ്ഞു പഠിപ്പിച്ചു. ഓര്‍ക്കണം, എപ്പോഴും ഓര്‍ക്കണം...  നീ ആരാണെന്നും എന്താണെന്നും.... 

അതിന് ശേഷം ഒരു സ്‌കോളര്‍ഷിപ്പിനും ഞാന്‍ അപേക്ഷിച്ചില്ല, പ്രത്യേകിച്ചു വിദേശ സ്‌കോളര്‍ഷിപ്പിന്.... 

പ്രണയിക്കുന്നവളുടെ മുഖത്തു നോക്കി കാമുകന്‍ പറഞ്ഞു.. എനിക്ക് നിന്നോടുള്ള പ്രണയം മാംസനിബദ്ധമല്ല... തികച്ചും ആത്മീയമാണ്....  ശുദ്ധ നുണയാണ്... 

ഇവിടെ എല്ലാം ശരീരമാണ്.. മനോഹരമായൊരു പുരുഷശരീരം  സ്ത്രീയുടെയും,  സൗന്ദര്യം തുളുമ്പുന്നൊരു സ്ത്രീശരീരം പുരുഷന്റെയും കാമനകളെ ഉണര്‍ത്തും.. പ്രചോദിപ്പിക്കും... പക്ഷേ കാമനകള്‍ക്കും മാത്രമല്ല ബുദ്ധിക്കും നല്ലൊരു ശരീരം വേണം.. ചരിത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന ചില ബിംബങ്ങള്‍ ഒഴിച്ചാല്‍ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല.. ശരീരം ഇല്ലെങ്കില്‍ എല്ലാം പിന്നാമ്പുറത്ത്.... 

ഇന്‍ലാക്‌സ് കിട്ടിയില്ലെങ്കിലും ആ അനുഭവങ്ങള്‍ പുതിയൊരു ചിന്ത എന്നില്‍ വിത്തിട്ടു. സ്വത്വബോധം ഉണ്ടായി. സ്വയം തിരിച്ചറിവിലേക്ക് ശാരീരികമായും മാനസികമായും അതെന്നെ നയിച്ചു. പുതിയൊരു സീരീസ് ചിത്രങ്ങള്‍ വരയ്ക്കാന്‍ എനിക്ക് പ്രചോദനം ആയി.. പലരും ആ ചിത്രങ്ങളെ വ്യക്തിപരം എന്ന് ആക്ഷേപിച്ചപ്പോഴും അതിന്റ പിന്നിലെ രാഷ്ട്രീയം അവര്‍ മനസ്സിലാക്കിയില്ല...

ഡല്‍ഹിയില്‍ നിന്നൊരു വിളി 

ഇങ്ങനെ പല വിചാരത്തില്‍പ്പെട്ടു ദിവസങ്ങള്‍ നീങ്ങി. എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണം.  ഇനിയൊരു പരീക്ഷണം വേണോ....  ഒരുപക്ഷേ എന്നെക്കുറിച്ച് അറിയാതെയാവും അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പിന്തിരിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

പക്ഷെ അടുത്ത ദിവസം തികച്ചും അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ എന്നെത്തേടി വന്നു. ഡല്‍ഹിയിലെ ലളിത് കലാ അക്കാഡമിയില്‍ നിന്നും ഡെപ്യൂട്ടി സെക്രട്ടറി എം. രാമചന്ദ്രന്‍ ആയിരുന്നു. രാമചന്ദ്രന്‍ യാത്രയുടെ കാര്യം ചോദിച്ചു. എന്ത് പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.... 

'എന്നെ ആരാ സെലക്ട് ചെയ്തതെന്ന് അറിയാമോ?' എന്റെ ഉത്തരം ഒരു ചോദ്യമായിരുന്നു. 
 
രാമചന്ദ്രന്‍ ഗാംഭീര്യ ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'അക്കാദമിയാണ് തിരഞ്ഞെടുത്തത്'

'എന്നെയോ '
'പിന്നെന്താ '

ഞാനൊന്നു പരുങ്ങി.. 'അല്ല എന്നെപ്പോലൊരാളെ തിരഞ്ഞെടുത്താല്‍ ഗവണ്മെന്റ് അംഗീകരിക്കുമോ?'

'എന്തുകൊണ്ടില്ല? നിങ്ങള്‍ക്ക് പോകാം.. എത്രയും പെട്ടെന്ന് പാസ്പോര്‍ട്ടും മറ്റും അയച്ചു കൊടുക്കു...' രാമചന്ദ്രന്‍ ഫോണ്‍ വെച്ചു. 
 
അപ്പോള്‍ അതാണ് കാര്യം. അക്കാദമിയാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. എന്നാലും എന്നെ എങ്ങനെ... ഒരെത്തും പിടിയും കിട്ടുന്നില്ല. എത്രയോ കലാകാരന്മാര്‍ ഡല്‍ഹിയില്‍ ഉണ്ട്. അവരെയാരെയും വിളിക്കാതെ  എന്നെ വിളിച്ചതെന്തായിരിക്കും.. അക്കാദമിയുടെ അവാര്‍ഡ് എനിക്ക് ലഭിച്ചിട്ടില്ല. ആകെക്കൂടി ഒരു തവണയാണ് അക്കാദമിയുടെ ദേശീയ പ്രദര്‍ശനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുള്ളത്. പിന്നെ ഒരേയൊരു ക്യാമ്പിലും മാത്രം. എന്നിട്ടും എന്നെ... എനിക്ക് മനസ്സിലായില്ല. 

എന്തായാലും അദേഹത്തിന്റെ ഫോണ്‍ വന്നതൊരു ആശ്വാസമായി. പൂര്‍ണ്ണ മനസോടെയല്ലെങ്കിലും കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ അയക്കാന്‍ തീരുമാനിച്ചു. അതിനു മുന്‍പായി യുവജന ക്ഷേമ മന്ത്രാലയത്തിലേക്ക് ഫോണ്‍ വിളിച്ചു. എത്രയും പെട്ടെന്ന് വിശദാംശങ്ങള്‍ ഫാക്‌സ് ചെയ്യുവാനും ജൂണ്‍ മൂന്നാം തീയതി പാസ്പോര്‍ട്ടുമായി ഡല്‍ഹിയില്‍ എത്തിച്ചേരാനും നിര്‍ദേശിച്ചു. 

വീട്ടിലും പിന്നെ വളരെ അടുത്ത ചില സുഹൃത്തുക്കളോടും മാത്രം ചൈന സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ കാര്യം പറഞ്ഞു. പഴയൊരു കമ്മ്യൂണിസ്റ്റുകാരനും അറിയപ്പെടുന്ന കലാകാരനുമായ ഒരു സുഹൃത്ത് എനിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നപ്പോള്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. 

'യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കലാകാരന്‍മാരെല്ലാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ചൈനയിലേക്കൊന്നും ഒരാളും കൂടി പോവില്ല. ചൈനയുടെ വിസയൊക്കെ ആദ്യം പാസ്പോര്‍ട്ടില്‍ അടിച്ചാല്‍ പിന്നെ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ വിസ കിട്ടാന്‍ ബുദ്ധിമുട്ടാവും...'അപ്പോള്‍ അതായിരിക്കാം കാര്യം. 

ഒരുപക്ഷെ ചൈന സന്ദര്‍ശനത്തിന്റെ കാര്യം അക്കാദമി പല കലാകാരന്മാരെയും അറിയിച്ചിട്ടുണ്ടാവും. റെസിഡന്‍സി പ്രോഗ്രാമോ ക്യാമ്പോ ഒന്നുമല്ലല്ലോ. ഇത് വെറും യാത്രയല്ലേ... അതും ഏതൊക്കെയോ മേഖലകളിലുള്ള നൂറു പേരില്‍ ഒരാളായി... പലരും താല്പര്യം പ്രകടിപ്പിച്ചു കാണില്ലായിരിക്കും. എന്റെ ഊഹം മാത്രമാണിത്. അങ്ങനെയാവണമെന്നുമില്ല. എന്തായാലും ധനവാന്റെ മേശമേല്‍ നിന്നും വീഴുന്ന ഉച്ചിഷ്ടമാണല്ലോ ലാസറിന്റെ ഭക്ഷണം... എന്നെ തിരഞ്ഞെടുത്ത കേന്ദ്ര ലളിത കലാ അക്കാദമിക്കും ഭാരവാഹികള്‍ക്കും നന്ദി..... 

( തുടരും )

Content Highlights: China Travel, China Travel Memories of an Artist Part 2, China Tourism