ആമുഖം 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി നടത്തിയ വിദേശയാത്രയുടെ അവശേഷിക്കുന്ന ഓര്‍മകളുടെ തിരുശേഷിപ്പുകള്‍ തേടിയുള്ള യാത്രയാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ എല്ലാം ഓര്‍ത്തെടുക്കുക വിഷമകരവും. യാത്ര കഴിഞ്ഞെത്തിയ ഉടനെ കുറിച്ചാല്‍ അനുഭവങ്ങളുടെ കൃത്യമായ വിവരണങ്ങള്‍ ചേര്‍ക്കാനാവും. പക്ഷെ അനേകവര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം  എഴുതുമ്പോള്‍ അത് കൃത്യമായ വിവരണങ്ങളെക്കാളുപരി,  മധുരമൂറുന്ന ചില ഓര്‍മ്മകളെ  ഹൃദയത്തില്‍ തൊട്ടുണര്‍ത്തുന്ന മാസ്മരാനുഭൂതിയായി മാറും.

ഇന്നിപ്പോള്‍ എല്ലാവരും തന്നെ  നിരന്തരം വിദേശങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. അതിനുള്ള അവസരങ്ങളും ടൂര്‍ പാക്കേജുകളുമൊക്കെ ഇപ്പോള്‍ നിരവധിയാണ്. പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അത്തരം യാത്രകള്‍ പരിമിതമായിരുന്നു. ഒരു സ്‌കോളര്‍ഷിപ് കിട്ടുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിദേശ റെസിഡന്‍സി കിട്ടുമ്പോള്‍ മാത്രം ആയിരുന്നു കലാകാരന്മാരുടെ യാത്രകള്‍. പിന്നീട് കലാവിപണി സജീവമാകുകയും ദരിദ്രരായിരുന്ന മിക്ക കലാകാരന്മാരും പെട്ടെന്ന് സമ്പന്നരാകുകയും ചെയ്തപ്പോള്‍  രാജ്യാന്തര യാത്രകളും കൂടുതലായി.. 

എന്നാല്‍ ഇത്തരത്തില്‍ യാതൊരു യാത്രയും ചെയ്തിട്ടില്ലാത്ത എനിക്ക് അപ്രതീക്ഷിതമായി പത്തു ദിവസം ചൈന  സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ യാത്രയെക്കുറിച്ച് എഴുതുമ്പോള്‍,  അത് ചൈന സന്ദര്‍ശിച്ചതിന്റെ  സന്തോഷത്തേക്കാളുപരി മറവിയില്‍ മാഞ്ഞുകൊണ്ടിരിക്കുന്ന ഓര്‍മ്മകളെ രേഖപ്പെടുത്തിവെക്കുന്നതിലുള്ള  സന്തോഷമായാണ് അനുഭവപ്പെടുന്നത്.

പ്രത്യേകിച്ച്, ഈ കൊറോണക്കാലത്ത് ചൈന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ പഴയ യാത്ര ഓര്‍മ്മിച്ചെടുക്കുന്നത് രസമുള്ളൊരു ഏര്‍പ്പാടാണ്. 

അപ്രതീക്ഷിതമായൊരു കത്ത്.. 

' സാറിനൊരു സ്പീഡ് പോസ്റ്റ് വന്നിട്ടുണ്ട്. '

രണ്ടായിരത്തേഴു മെയ് മാസം പതിനാറാം തീയതി കോളേജില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. പിറ്റേ ദിവസം തന്നെ ഞാന്‍ കലാ അദ്ധ്യാപകനായി ജോലി ചെയ്യുന്ന മാവേലിക്കര രാജാ രവി വര്‍മ കോളേജ് ഓഫ് ആര്‍ട്‌സില്‍ ചെന്ന് കത്ത് കൈപ്പറ്റി. കേന്ദ്ര സര്‍ക്കാരില്‍ നിന്നുമാണ് കത്ത്.  സ്റ്റാഫ് റൂമില്‍ പോയിരുന്നു കവര്‍ പൊട്ടിച്ചു വായിച്ചു.  അവിശ്വസനീയമായൊരു കത്ത്. ഞാന്‍ പുറത്തേക്ക് നോക്കി. ആരുമില്ല. കവര്‍ മൂന്നായി മടക്കി പോക്കറ്റിലിട്ടു, കോളേജില്‍ നിന്നും പുറത്തിറങ്ങി. 

വായിച്ചത് ശരിയല്ലേ ? അതോ ഇംഗ്ലീഷ് മനസ്സിലാകാതെ പോയതാണോ? ഒന്നൂടെ മനസ്സിരുത്തി വായിക്കണം. കോളേജിന്റെ പിന്നിലുള്ള വാടകവീട് ആയ ഹേമാ ഭവനിലേക്ക് നടന്നു. വേനല്‍ക്കാല അവധി ആയതിനാല്‍ ഇടയ്‌ക്കൊക്കെ മാത്രമേ വരാറുള്ളൂ. എന്തായാലും മുറിയുടെ താക്കോല്‍ കൈയ്യിലുണ്ട്. വീടിന്റ കിഴക്ക് വശത്തുള്ള ചെറിയ ഗേറ്റിലൂടെ ഞാന്‍ അകത്ത് കടന്നു. സൈഡിലുള്ള സ്റ്റെപ് കയറി  ഒന്നാം നിലയില്‍ എത്തി. വാതില്‍ തുറന്നകത്തു കയറി. 

മുറി നിറയെ പൊടിയാണ്.  അവധിയാണെങ്കിലും ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇവിടിരുന്നു ചിത്രം വരയ്ക്കുന്നതാണ്. പക്ഷെ ഇപ്പോള്‍ കുറച്ചു ദിവസമായി ഇങ്ങോട്ട് വന്നിട്ട്. പൊടിയൊന്നു തട്ടിക്കളഞ്ഞിട്ട് കട്ടിലില്‍ ചാരി കിടന്നുകൊണ്ട് കത്ത് ഞാന്‍ വീണ്ടും മനസ്സിരുത്തി വായിച്ചു. 

ഭാരത സര്‍ക്കാരിന്റെ യുവജനക്ഷേമ,  കായിക മന്ത്രാലയത്തില്‍ നിന്നും അണ്ടര്‍ സെക്രട്ടറി എ. കെ. ശരണ്‍ അയച്ചിരിക്കുന്ന കത്താണ്. ഇന്ത്യയിലെയും ചൈനയിലെയും യുവജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ആശയ വിനിമയത്തിന്റെ ഭാഗമായി ഇരു  രാജ്യങ്ങളും നൂറു യുവാക്കളെ വീതം പരസ്പരം സന്ദര്‍ശനത്തിനായി അയക്കുന്നു. രണ്ടായിരത്തിയേഴാമാണ്ട് ജൂണ്‍ മാസം ഏഴ് മുതല്‍ പതിനാറു നടക്കാന്‍ പോകുന്ന ചൈനീസ്  സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്ന നൂറു യുവജനങ്ങളില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. എത്രയും പെട്ടെന്ന് സമ്മതപത്രവും പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും അറിയിക്കണം. ജൂണ്‍ മൂന്നാം തീയതി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

ഞാന്‍ ശെരിക്കും ഞെട്ടിപ്പോയി. യുവജനക്ഷേമ മന്ത്രാലയം എങ്ങനെയാണ് എന്നെ സെലക്ട് ചെയ്തത്? ആരാണ് എന്റെ പേര് നിര്‍ദേശിച്ചത്? അവര്‍ക്ക് അഡ്രസ്സ് മാറിയതോ അതോ ആളു മാറിയതോ? ആര്‍ക്കറിയാം. ഒരുപാട് സംശയങ്ങളും സന്ദേഹങ്ങളും എന്റെ ഉള്ളില്‍ ഉണ്ടായി. അവര്‍ക്ക് അബദ്ധം പറ്റിയതാവുമോ? അത്തരത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാവാന്‍  ഒരുപാട് കാരണങ്ങള്‍ എനിക്കുണ്ടായിരുന്നു. കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാനിരുന്നു... മുറി പൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് ഇറങ്ങി... വീട്ടിലേക്ക്  പോകാനായി ഞാന്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു.....

Fine Arts College Mavelikkara
രാജാ രവി വര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര

 നഷ്ട്ടപ്പെട്ടുപോയ ആത്മവിശ്വാസം 

ഒരുകാലത്ത് കലാകാരന്‍മാരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്. ബ്രിട്ടീഷ് കൗണ്‍സിലും ഇന്‍ലാക്‌സ് ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ് ലഭിച്ചാല്‍ രണ്ടു കൊല്ലം ലണ്ടനില്‍ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടില്‍ പഠിക്കാമായിരുന്നു. ഇന്ത്യയില്‍ ഇന്നുള്ള പല പ്രമുഖ കലാകാരന്‍മാര്‍ക്കും ഈ സ്‌കോളര്‍ഷിപ് ലഭിച്ചിട്ടുണ്ട്. കലാകാരന്മാരുടെ ഇടയില്‍ ഒരു  പ്രസ്റ്റീജിയസ്  സംഭവമാണ് ഇന്‍ലാക്‌സ് കിട്ടുക എന്നത്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരായ ഓരോ കലാകാരന്മാരും എക്കാലത്തും ഈ സ്‌കോളര്‍ഷിപ്പിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കും. 

അങ്ങനെ 1999 ല്‍ ഞാനും ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. തൊണ്ണൂറ്റൊന്‍പത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നിന്നും പെയിന്റിങ്ങില്‍ എം. എഫ്. എ. ബിരുദം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ.  അന്നെനിക്ക് മുടിഞ്ഞ ആത്മവിശ്വാസം ആയിരുന്നു. അതിന്റ ധൈര്യത്തിലാണ് ഈ ബ്രിട്ടീഷ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. അതിനായ് ഡല്‍ഹിയിലെ ബ്രിട്ടീഷ് കൗണ്‍സിലില്‍ പോയി ആപ്ലിക്കേഷന്‍ ഫോം വാങ്ങി. വരച്ച ചിത്രങ്ങളുടെ ഫോട്ടോസ് തയ്യാറാക്കി. അതിനെക്കുറിച്ചുള്ള കുറിപ്പുകളും മറ്റും എഴുതിയുണ്ടാക്കി. അപേക്ഷയോടൊപ്പം വയ്ക്കാന്‍ നമ്മളെ പരിചയപ്പെടുത്തിക്കൊണ്ട് രണ്ടു മുതിര്‍ന്ന കലാകാരന്മാരുടെ കത്ത് വേണമായിരുന്നു. അതായിരുന്നു അടുത്ത കടമ്പ. 

യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് ശുക്ലാ സാവന്ത് മാഡത്തിനോട് കാര്യം പറഞ്ഞു. മാഡം അന്ന് ഗ്രാഫിക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ലെക്ച്ചറര്‍ ആണ്. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും സഹായിക്കാനും കഴിവുള്ള അദ്ധ്യാപികയും കലാകാരിയും. മാഡം എനിക്കൊരു കത്ത് തരാമെന്നേറ്റു.  ഇനി ഒന്നൂടെ വേണം. 
 
ഒരു കത്ത് ഏതെങ്കിലും മുതിര്‍ന്ന കലാകാരന്റെയാണെങ്കില്‍ നന്നായിരിക്കുമെന്ന് പലരും ഉപദേശിച്ചു. അങ്ങനെ ഞാന്‍ പ്രശസ്ത ചിത്രകാരനായ എ. രാമചന്ദ്രന്‍ സാറിനെ ഫോണ്‍ വിളിച്ചു,  കാര്യം പറഞ്ഞു. അപ്പോയ്ന്റ്‌മെന്റ് എടുത്തു. അദ്ദേഹം അനുവദിച്ച ദിവസം ഞാന്‍ എന്റെ ചിത്രങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുമായി ലക്ഷ്മി നഗറിന് എതിര്‍വശത്തുള്ള പ്രീത് വിഹാറിലുള്ള ഭാരതി ആര്‍ട്ടിസ്റ്റ് കോളനിയിലെത്തി. രാമചന്ദ്രന്‍ സാറിന്റെ വീട്ടിലെത്തി ബെല്ലടിച്ചു. അദ്ദേഹത്തിന്റെ പത്‌നി ചിത്രകാരി ചമേലി രാമചന്ദ്രന്‍ വാതില്‍ തുറന്നു.  മുകളിലത്തെ നിലയിലുള്ള സ്റ്റുഡിയോയിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ഇതിന് മുന്‍പ് ഒരു തവണ ഞാന്‍ ആ സ്റ്റുഡിയോയില്‍ പോയിട്ടുണ്ട്.  വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച ആജാനുബാഹുവായ അദ്ദേഹം സ്റ്റുഡിയോയില്‍ ഇരിക്കുന്നു. ചെയ്തുകൊണ്ടിരിക്കുന്ന വലിയ താമരപ്പൊയ്കയുടെ  ചിത്രങ്ങള്‍ പിന്നില്‍ കാണാം. ഫ്രെയിം ചെയ്ത ജലച്ചായചിത്രങ്ങള്‍ തടിയുടെ വലിയ റാക്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. വലിയ ഷെല്‍ഫുകള്‍ നിറയെ പുസ്തകങ്ങള്‍. എനിക്കായി അദ്ദേഹം ഒരു കസേര നീക്കിയിട്ടു. ആ സ്റ്റുഡിയോയിലിരുന്ന്  ആശങ്കയോടെ...  ഹൃദയമിടിപ്പോടെ ഞാനെന്റെ  ചിത്രങ്ങള്‍ അദ്ദേഹത്തെ കാണിച്ചു.  വിശദമായിത്തന്നെ  ഓരോ പെയിന്റിങ്ങും  അദ്ദേഹം നോക്കി. അവയെക്കുറിച്ചെല്ലാം ചോദിച്ചു.... സംസാരിച്ചു... ചില ചിത്രങ്ങള്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു....എടുത്തു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഫോണ്‍ വിളിച്ചിട്ട് വരാന്‍ പറഞ്ഞു. 

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ വീണ്ടും സാറിനെ കാണാന്‍ ചെന്നു.  അദ്ദേഹം എനിക്കൊരു കവറ് നീട്ടി.

'വായിച്ചു നോക്കു...' 
ഘനഗാംഭീര്യ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ വായിച്ചു നോക്കി. 

'മതിയോ..'

ഞാന്‍ വിനയാന്വിതനായി... 

അദ്ദേഹം കത്തില്‍ ഒപ്പ് വച്ചു എനിക്ക് തന്നു. എല്ലാവിധ ആശംസകളും എനിക്ക് നേര്‍ന്നു.  ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി...

പെട്ടെന്നദ്ദേഹം പിന്നില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ചോദ്യം  ചോദിച്ചു:

'അല്ല, നിങ്ങളുടെ ഹാന്‍ഡിക്യാപ്  ഇന്റര്‍വ്യൂവില്‍ ഒരു ഹാന്‍ഡിക്യാപ് ആയി മാറുമോ?'

തിരിഞ്ഞു നിന്നു. എന്ത് പറയണമെന്ന് അറിയില്ല.. 

'അറിയില്ല സര്‍' ഞാന്‍ തല കുനിച്ചു. 

വീണ്ടും അദ്ദേഹം എനിക്ക് ആശംസകള്‍ നേര്‍ന്നു. 

Shijo Jacob
ഷിജോ ജേക്കബ് ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ തന്റെ സ്റ്റുഡിയോയ്ക്ക് മുന്‍പില്‍

ഇന്ത്യയിലെ വളരെ മുതിര്‍ന്ന കലാകാരന്‍ ആണ്. വലിയ  അനുഭവസമ്പത്തും പാണ്ഡിത്യവും  ഉള്ള മനുഷ്യന്‍. എത്രയോ കലാകാരന്‍മാരെ, കലാ വിദ്യാര്‍ഥികളെ അദ്ദേഹം കണ്ടിരിക്കുന്നു. ഡല്‍ഹിയിലെ കലാരംഗത്തെ സകല കളികളും അദ്ദേഹത്തിനറിയാം. ഒരുപക്ഷെ  അതുകൊണ്ടായിരിക്കാം അങ്ങനെ ചോദിച്ചത്. എങ്കിലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയില്ല. 

ഞാന്‍ തല താഴ്ത്തി നടന്നു.... ലക്ഷ്മി നഗറിലെ വൃത്തികെട്ട  തിരക്കിനിടയില്‍ പെട്ട്  ഞാന്‍ എന്നെത്തന്നെ മറന്നു പോയി..... 

എന്തായാലും ആപ്ലിക്കേഷന്‍ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്ത്യയിലെ വളരെ പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനമാണ് സെന്റ്. സ്റ്റീഫന്‍ കോളേജ്. ഉത്തര ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന  ഈ കോളേജിലാണ് ഇന്‍ലാക്‌സ് ഫൗണ്ടേഷന്റെ ഓഫീസ്. ആപ്ലിക്കേഷന്‍ കൊടുക്കാനായിട്ട് പോയപ്പോഴാണ് ആദ്യമായി ഞാന്‍ സെയിന്റ്. സ്റ്റീഫന്‍ കോളേജിന്റെ  ക്യാമ്പസില്‍ കാല് കുത്തുന്നത്.
 
1881- ല്‍ സ്ഥാപിതമായ പുരാതനവും പ്രശസ്തവുമായ കലാലയം. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പല  പ്രശസ്ത വ്യക്തികളും പഠിച്ച സ്ഥലം. ഇത്തരം കോളേജിലൊന്നും പഠിക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്തു കുണ്ഠിതപ്പെട്ടു. അന്ന് ആ ക്യാമ്പസില്‍ കണ്ട എല്ലാ സുന്ദരന്മാരോടും സുന്ദരിമാരോടും എനിക്ക് അസൂയ തോന്നി. അവരുടെ ഇംഗ്ലീഷിലുള്ള വര്‍ത്തമാനം കേട്ടിട്ട് കൊതിയായി. അപേക്ഷ കൊടുത്തിട്ടു നിസ്സംഗതനായി ഞാന്‍  തിരികെ നടന്നു.

Content Highlights: China Travel, China Travel Memories of an Artist