ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 9

റക്കമുണര്‍ന്ന് ഞാന്‍ ചുറ്റും നോക്കി. എല്ലാവരും മയക്കത്തിലാണ്. സമയം രാവിലെ എട്ടു മണി ആയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും യാത്ര പുറപ്പെട്ടിട്ട് ഇപ്പോള്‍ അഞ്ചു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. വിമാനത്തിന്റെ കൊച്ചു ചില്ല് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കണ്ണഞ്ചിപ്പോയി... തൂവെള്ള മേഘങ്ങള്‍ കണ്ണെത്താദൂരത്തോളം കിടന്നു തുള്ളിക്കളിക്കുന്നു. ആകാശം മുഴുവനും പാല്‍ക്കടല്‍ ആയപോലെ.. ആ പാല്‍ക്കടലിനു മുകളിലൂടെ ഞങ്ങളുടെ വിമാനം ഒഴുകികൊണ്ടേയിരുന്നു... 

ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ വിമാനം ബെയ്ജിങ്ങില്‍ എത്തുമെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നു. എല്ലാവരും ഉന്മേഷഭരിതരായി. ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് എയര്‍ ചൈന ബീജിങ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ആ നിമിഷം തന്നെ എല്ലാവരും ചാടിയെണീറ്റ് ബാഗെല്ലാം വാരിവലിച്ചിടാന്‍ തുടങ്ങി. എവിടെ ചെന്നാലും നമ്മുടെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല. ബഹളത്തിനിടയില്‍ വിമാനത്തിനുള്ളില്‍ തെളിഞ്ഞു നിന്ന  ചൈനീസ് സമയം ഞാന്‍ ശ്രദ്ധിച്ചു. . പന്ത്രണ്ടു മണി ആയിരിക്കുന്നു.  എന്റെ വാച്ചില്‍ അപ്പോള്‍ ഒന്‍പതു മണി ആയിട്ടേയുള്ളു. ഇന്ത്യ ചൈനയേക്കാളും മൂന്നു മണിക്കൂര്‍ പിന്നിലാണെന്ന് മനസ്സിലായി. വാച്ചിലെ സൂചികള്‍ ചൈനീസ് സമയത്തിനനുസരിച്ച് ഞാന്‍ മുന്നോട്ടു തിരിച്ചു വച്ചു. 

ബ്രഹ്മാണ്ഡമായൊരു എയര്‍പോര്‍ട്ട് ആണ് ബീജിങ്ങിലേത്. അട്ടിയടുക്കിയതുപോലെ വിമാനങ്ങള്‍ നിരന്നു കിടക്കുന്നു. വളരെ വിശാലവും തിരക്ക് പിടിച്ചതുമായ ഉള്‍ത്തളങ്ങള്‍. എല്ലായിടത്തും കയറാനും ഇറങ്ങാനും നടക്കാനും എസ്‌കലേറ്റര്‍ മാത്രം. ഞാന്‍ പെട്ടപോലെയായി. എസ്്കലേറ്റര്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഞാനും പ്രിയേഷയും കൂടി ഒരു ലിഫ്റ്റ് തപ്പി നടന്നു. അവസാനം ലിഫ്റ്റ് കണ്ടുപിടിച്ചു ഞങ്ങള്‍ താഴെ എത്തി.  എമിഗ്രേഷന്‍ ക്ലിയറന്‍സ് എല്ലാം കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങി. അവിടെ ഞങ്ങളെ സ്വീകരിക്കാനായി ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും ഓള്‍ ചൈന യൂത്ത് ഫെഡറേഷനിലെ അംഗങ്ങളും കാത്തിരിപ്പുണ്ടായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ തിരിച്ച മൂന്നു ഗ്രൂപ്പുകളായി തന്നെ ഇവിടെയും ഞങ്ങള്‍ അണിനിരന്നു. ചൈനീസ് യുവാക്കള്‍ തന്ന പൂക്കളും സ്വീകരിച്ച് ഓരോ ഗ്രൂപ്പുകാരും ഓരോ ടൂറിസ്റ്റു ബസുകളില്‍ കയറി. ഞാന്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിന്റെ ലീഡര്‍ മിസ്റ്റര്‍ ലീ ചിങും മിസ്സ് ഹെലനും ആയിരുന്നു.  ചൈനീസ് അംഗങ്ങളുടെ ധൃതി കണ്ടപ്പോള്‍ ഞങ്ങള്‍ താമസിച്ചാണോ എത്തിയതെന്ന് തോന്നിപ്പോയി. 

Beijing
ബീജിങ്ങിലെ നിരത്ത്

അതിവേഗം ബസുകള്‍ യാത്ര തിരിച്ചു. എങ്ങോട്ടാണെന്നറിയില്ല. ഹോട്ടലിലേക്ക് ആയിരിക്കും. നല്ല വിശപ്പും ഉണ്ട്. നമ്മുടെ വാച്ചില്‍  ബ്രേക്ക്ഫാസ്റ്റിന്റെ സമയമാണെങ്കിലും ചൈനക്കാര്‍ക്ക് ലഞ്ച് ടൈം ആയി. ചൈനയെ കാണാനായി ഞാന്‍ പുറത്തേക്ക് നോക്കി. ആദ്യമായിട്ടാണൊരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്. അതും ചൈന. വലിയൊരു സാംസ്‌കാരിക പൈതൃകമുള്ളോരു രാജ്യം. പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ ചൈന. വന്‍മതിലിന്റെ നാട്. ബുദ്ധിസ്റ്റുകളുടെ ചൈന.. കണ്‍ഫ്യൂഷ്യസിന്റെ ചൈന... മാവോയുടെ ചൈന.. കമ്മ്യൂണിസ്റ്റ് ചൈന...

നഗരവീഥിയിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു. വളരെ മനോഹരവും വിശാലവുമായ ഹൈവേകള്‍. അതിലുപരി വൃത്തിയുള്ള നിരത്തുകള്‍. വൃത്തിഹീനമായ ഇന്ത്യന്‍ റോഡുകള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. വിലപിടിപ്പുള്ള കാറുകള്‍ നിരത്തിലൂടെ പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ധാരാളം സൈക്കിള്‍ യാത്രികര്‍. അവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം വഴികളും.  അംബരചുംബികളായ കെട്ടിടങ്ങള്‍ എങ്ങും നിരന്നു നില്‍ക്കുന്നു. പീറ്റര്‍ ബ്രൂഗലിന്റെ ബാബേല്‍ ഗോപുരം പോലെയിരിക്കുന്നു പലതും. ലോകത്ത് ഏറ്റവുമധികം ജനപ്പെരുപ്പമുള്ള രാജ്യമാണെങ്കിലും വഴികളില്‍ അത്ര തിരക്ക് അനുഭവപെട്ടില്ല. യാതൊരു തിക്കും തിരക്കുമില്ലാതെ മത്സരയോട്ടമൊന്നുമില്ലാതെ വാഹനങ്ങള്‍ വളരെ ശാന്തമായി നീങ്ങിക്കൊണ്ടിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം മിക്കവാറും ബസുകളും ടാക്‌സികളുമെല്ലാം ഓടിക്കുന്നത് സ്ത്രീകളാണെന്നുള്ളതാണ്. എത്ര ആയാസരഹിതമായാണ് അവര്‍ വാഹനത്തെ നയിക്കുന്നത്. ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും ആലോചിക്കാന്‍  പറ്റാത്ത കാര്യം. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇന്ത്യയില്‍ ഒരു സ്ത്രീ ബസ് ഓടിക്കുക എന്ന് പറയുന്നത്. മുന്‍പ് കെ.എസ്.ആര്‍.ടി.സി.യില്‍ ഒരു വനിതാ ഡ്രൈവര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 

വഴിയില്‍ സ്വകാര്യ വാഹനങ്ങളെക്കാള്‍ കൂടുതല്‍ പൊതു വാഹനങ്ങളാണ്. റോഡുകളും ഫ്‌ളൈ ഓവറുകളുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു. വളരെ സങ്കീര്‍ണ്ണമായ ജ്യാമിതീയ രൂപങ്ങള്‍ പോലെ അവ അനുഭവപ്പെട്ടു.  അവയിലൂടെയെല്ലാം ഒരു തടസ്സവും കൂടാതെ വാഹനങ്ങള്‍ സുഗമമായി  ഒഴുകിക്കൊണ്ടിരിക്കുന്നു. തെരുവുകളുടെ ഓരങ്ങളില്‍ കൊക്കകോളയുടെയും മക്‌ഡൊണാള്‍സിന്റെയും കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ കണ്ടു തുടങ്ങി. വന്‍കിട ബ്രാന്‍ഡഡ് കമ്പനികളുടെ ഷോറുമുകളും ഓഫിസുകളും വഴിയരുകില്‍ കാണാം. പക്ഷെ ഈ കാഴ്ചകള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തവയായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഇത്രയധികം കുത്തകമുതലാളിമാരുടെ സ്ഥാപനങ്ങള്‍ കണ്ടു ഞാന്‍ അതിശയിച്ചു പോയി. നാഴികയ്ക്ക് നാല്‍പ്പത് വട്ടം സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ പ്രസംഗിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഞാന്‍ ഓര്‍ത്തു. മുതലാളിത്തത്തിന്റെ എല്ലാ ഗുണഫലങ്ങളും അതിവേഗം കൈപ്പിടിയിലാക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈനയെന്ന് മനസിലായിത്തുടങ്ങി. അവ നേരിട്ട് കാണാന്‍ സാധിച്ചു. 

ഞങ്ങള്‍ എത്തിച്ചേര്‍ന്നത് മനോഹരമായൊരു റെസ്റ്റോറന്റിലേക്കാണ്. ചൈനയില്‍ എത്തിയിട്ട് പല്ല് പോലും തേക്കാതെ ലഞ്ച് കഴിക്കാനുള്ള പരിപാടിയാണ്. ലേശം വൈക്ലബ്യത്തോടെയാണെങ്കിലും ഭക്ഷണം കഴിച്ചു. ഒരുപാട് സലാഡുകളും പഴവര്‍ഗങ്ങളും ജ്യൂസും പിന്നെ പേരറിയാത്ത എന്തൊക്കെയോ ഉണ്ടായിരുന്നു. 

Beijing 2
ബീജിംഗ് ഇക്കണോമിക്‌സ് ആന്‍ഡ്
ടെക്നോളജി ഡെവലപ്‌മെന്റ് സോണ്‍

ചൈനക്കാര്‍ എല്ലാക്കാര്യത്തിലുമെന്നപോലെ സമയത്തിന്റെ കാര്യത്തിലും വളരെ കര്‍ക്കശക്കാരാണ്. അതുകൊണ്ടുതന്നെ യാത്ര ചെയ്തു വന്ന ഞങ്ങള്‍ക്ക് വിശ്രമിക്കണമെന്നോ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന ചിന്തയോ ഇല്ല. തന്നിരിക്കുന്ന ഷെഡ്യൂള്‍ കൃത്യമായി പാലിക്കണം. അത്ര തന്നെ. ലഞ്ചിനു ശേഷം ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി.  പത്തുമിനുട്ടിനുള്ളില്‍ തയ്യാറായി അടുത്ത സ്ഥലത്തേക്ക് പോകണമെന്ന് ഉഗ്രശാസനവും തന്നു. 

പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഡബിള്‍ റൂം ആണ്. ഒരു മുറിയില്‍ രണ്ടു പേര്‍ വീതമാണ്. ആഡംബരപൂര്‍ണ്ണമായ മുറിയില്‍ കയറിയിട്ട് പുറത്തിറങ്ങാന്‍ തോന്നുന്നില്ല. ഇത്തിരി നേരം വിശ്രമിക്കാനോ ഒന്നുറങ്ങാനോ സമയമില്ല. അത്യാവശ്യമൊന്നു കാര്യങ്ങള്‍ നടത്താന്‍ വാഷ് റൂമില്‍ കയറി. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പോലെ ടിഷ്യു ആണോ ഇവിടുത്തെയും ആചാരമെന്നറിയില്ല. അതോര്‍ക്കുമ്പോള്‍ തന്നെ അറപ്പ്  വരും. ഭാഗ്യം വെള്ളമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ആ അടിപൊളി ബാത്ത്‌റൂമില്‍ നിന്നും പെട്ടെന്ന് തന്നെ പുറത്തു കടന്നു. വസ്ത്രം മാറി താഴെ എത്തി. പക്ഷെ പലരും എത്തിയിട്ടില്ല. ചൈനക്കാര്‍ അക്ഷമരായിത്തുടങ്ങി. 

കുറച്ചു സമയത്തിനുള്ളില്‍ എല്ലാവരെയും ഉന്തിത്തള്ളി ബസില്‍ കയറ്റി. ഇന്‍ഡ്യാക്കാരുടെ കൃത്യനിഷ്ട എല്ലാവര്‍ക്കും അറിയാമല്ലോ. ബസ് നീങ്ങിത്തുടങ്ങി. ഞങ്ങളുടെ ആദ്യത്തെ സന്ദര്‍ശനം ബീജിങ്ങിലെ ഇക്കണോമിക് ആന്‍ഡ് ടെക്നോളജി ഡെവലപ്‌മെന്റ് സോണ്‍ ആയിരുന്നു. അവിടുത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഞങ്ങളെ കാത്തിരിക്കുവായിരുന്നു. വിശാലമായൊരു ഹാളിലേക്ക് ഞങ്ങളെ ആനയിച്ചു. സോണിനെപ്പറ്റിയും അതിന്റെ വികാസപരിണാമങ്ങളെപ്പറ്റിയുമൊക്കെ അവര്‍ പ്രസന്റേഷനിലൂടെ വിശദീകരിച്ചു കൊണ്ടിരുന്നു. എല്ലാവരും ബോറടിച്ചു കേട്ടുകൊണ്ടിരുന്നു. 

ഇതിനിടയില്‍ ഞങ്ങളുടെ ചില കോര്‍ ഗ്രൂപ്പ് കമ്മറ്റികള്‍ ഉണ്ടാക്കിയിരുന്നു. പതിനഞ്ചു പേരടങ്ങുന്ന ഒരു സംഘം ഉന്നത ഉദ്യോഗസ്ഥരോടൊപ്പം മറ്റൊരു വാഹനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് യാത്ര തിരിച്ചു. അവിടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച ഉണ്ട്. പത്തു പേരടങ്ങുന്ന മറ്റൊരു സംഘം ചൈനയിലെ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ഓഫീസിലേക്ക് പോയി.

പതിനഞ്ചു പേരടങ്ങുന്ന മറ്റൊരു കോര്‍ കമ്മിറ്റിയെ  കൂടി തിരഞ്ഞെടുത്തു. അതില്‍ ഞാനുമുണ്ടായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് സെക്രട്ടേറിയറ്റിന്റെ ഫസ്റ്റ് സെക്രട്ടറി ഹിസ് എക്‌സലന്‍സി മിസ്റ്റര്‍ ഹു ചുന്‍ഹ്വയെ ആയിരുന്നു ഞങ്ങള്‍ക്ക്  കാണേണ്ടിയിരുന്നത്. അപ്പോഴാണ് ഒരു നിര്‍ദേശം വന്നത് എല്ലാവരും ഫോമല്‍ ഡ്രസ്സ് ധരിക്കണമെന്ന്. കോട്ടും സ്യുട്ടും ഉള്ള  രണ്ടുമൂന്ന് പേര്‍ അതിട്ടു. ബാക്കിയാര്‍ക്കും അതില്ല. എനിക്കും ഇല്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു നിര്‍ദേശം ഞങ്ങള്‍ക്ക് മുന്‍പ് തന്നിരുന്നില്ല. കൃത്യമായൊരു നിര്‍ദേശമുണ്ടായിരുന്നെങ്കില്‍ എല്ലാവരും കോട്ടൊക്കെ തയ്പ്പിച്ചോണ്ട് വന്നേനെ. സംഘാടനത്തിലെ  പാകപ്പിഴകള്‍ ആവാം. ചൈനയില്‍ നിന്നും യുവ പ്രതിനിധികള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ എല്ലാവരും ഫോമല്‍ ഡ്രെസ്സില്‍ ആയിരുന്നെന്നുള്ള കഥകളൊക്കെ അപ്പോഴേക്കും ഞങ്ങളുടെയിടയില്‍ പരന്നു. പക്ഷെ എന്ത് ചെയ്യാം. സ്ത്രീകള്‍ ചുരിദാറും സാരിയുമൊക്കെ ഇട്ടു. ജീന്‍സും ടി ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണുങ്ങളും തയ്യാറായി. ഞാനൊരു നേവി ബ്ലു പാന്റ്‌സും വൈറ്റ് ഷര്‍ട്ടും ഇട്ട് അഡ്ജസ്റ്റ് ചെയ്തു. മൊത്തത്തില്‍ ആകെയൊരു അലമ്പ് ലുക്ക്. ഒരുപക്ഷെ ഇതായിരിക്കാം  നമ്മുടെ നാനാത്വത്തില്‍ ഏകത്വം. ഇന്‍ഡ്യാക്കാര്‍ എന്നും ഇന്‍ഡ്യാക്കാര്‍ തന്നെ. എന്തായാലും ഞങ്ങള്‍ പതിനഞ്ചു പേര്‍ സെക്രട്ടറി തലത്തിലുള്ള രണ്ടു മൂന്ന് ഉദ്യോഗസ്ഥരോടൊപ്പം യാത്ര തിരിച്ചു.

ഞങ്ങളെ ഫസ്റ്റ് സെക്രട്ടറിയുടെ ഓഫീസിലേക്ക് സ്വീകരിച്ചു. അവിടെ നമ്മുടെ യുവജനക്ഷേമ മന്ത്രി മണിശങ്കര്‍ അയ്യരും ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവും ഉണ്ടായിരുന്നു. ഞങ്ങളെ വിശാലമായൊരു ഹാളിലേക്ക് ആനയിച്ചു. ഓരോരുത്തരെയും അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ നയിച്ചു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹിസ് എക്‌സലന്‍സി ഹാളിനുള്ളില്‍ പ്രവേശിച്ചു. എല്ലാവരും എണീറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ബഹുമാനപ്പെട്ട മന്ത്രിയോടും  അംബാസിഡറിനോടും അദ്ദേഹം കുശലാന്വേഷണം നടത്തി. തുടര്‍ന്ന് ഞങ്ങളോടെല്ലാവരോടും സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൈനയിലെ യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ചുരുക്കത്തില്‍ വിശദീകരിച്ചു. ഈ സമയമെല്ലാം പരിചാരകര്‍ ഞങ്ങള്‍ക്ക് ചായ വിളമ്പിക്കൊണ്ടിരുന്നു. തേയിലയുടെ ഏറ്റവും കിളുന്ത് ഇലയിട്ട് തിളപ്പിച്ച ചായ. നിറവും മധുരവുമില്ലാത്ത,  പാല്‍ ചേര്‍ക്കാത്ത ആ ചായക്ക് പ്രത്യേകമായൊരു സ്വാദുണ്ടായിരുന്നു.

Beijing 3
ബീജിംഗ് ഇക്കണോമിക്‌സ് ആന്‍ഡ് ടെക്നോളജി
ഡെവലപ്‌മെന്റ് സോണ്‍  - ഉള്‍വശം

അര മണിക്കൂര്‍ നീണ്ടു നിന്ന ഔപചാരിക കൂടിക്കാഴ്ച്ച അവസാനിച്ചു. അപ്പോഴേക്കും ബാക്കിയുള്ള അംഗങ്ങളും എത്തിച്ചേര്‍ന്നു. ഹു ചുന്‍ഹ്വായോടൊപ്പം ഞങ്ങള്‍ അത്താഴവിരുന്ന് കഴിച്ചു. പഴങ്ങളും സലാഡും ജ്യൂസും ചെമ്മീന്‍ ഫ്രൈയും   മാംസവിഭവങ്ങളുമൊക്കെയുണ്ടായിരുന്നു. വളരെ വിഷമിച്ചു ചോപ്സ്റ്റിക്സ് ഉപയോഗിച്ച് കഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു ഏകദേശം രണ്ടു രണ്ടര അടി നീളമുള്ള മീനുകള്‍. തീന്‍മേശമേല്‍ വച്ച മീനിനെ ഞാനൊന്ന് നോക്കി. അതെന്നെയും തുറിച്ചു നോക്കി. കടലില്‍ നിന്നും പിടിച്ച് നേരെ പ്ലേറ്റിലാക്കികൊണ്ടു വന്നിരിക്കുവാണെന്ന് തോന്നും. ചെതുമ്പലും വാലുമെല്ലാം അതുപോലുണ്ട്. എന്തൊക്കെയോ ഇലകളൊക്കെക്കൊണ്ട് അലങ്കരിച്ചു ആള് സുന്ദരക്കുട്ടപ്പനാണ്. അനുസാരിയായി വറ്റല്‍മുളക് ചതച്ചതും കുരുമുളക് പൊടിയും ഉപ്പും പിന്നെ വേറെ എന്തൊക്കെയോ ചട്ണിയും സോസുമുണ്ടായിരുന്നു. സംഭവം പിടികിട്ടി. പുഴുങ്ങി വച്ചിരിക്കുന്ന മീന്‍ ചെതുമ്പലൊക്കെ പൊളിച്ചു മാറ്റി മാംസഭാഗം കുത്തിയെടുത്ത് മുളകുപൊടിയിലും മറ്റും മുക്കിക്കഴിക്കണം. ഭാഗ്യം പാമ്പിനെയൊന്നും കൊണ്ടുവന്നില്ലല്ലോ. സസ്യാഹാരികളായ ഉത്തരേന്ത്യന്‍ കക്ഷികള്‍ ഓക്കാനിച്ചിരുന്നു. ധൈര്യം സംഭരിച്ച് ഞാനൊരു ചെറിയ കഷ്ണം കുത്തിയെടുത്ത് മുളകും ഉപ്പും കൂട്ടി വായിലിട്ടു ചവച്ചു. പച്ച മീനിന്റെ സ്വാദ് നാവില്‍ തികട്ടി വന്നു. തുപ്പാനും ഇറക്കാനും വയ്യാത്ത അവസ്ഥ. പിന്നെ രണ്ടും കല്പിച്ചങ്ങു വിഴുങ്ങി. ഒരു ഗ്ലാസ് കൊക്കോകോളയും കുടിച്ചു. എന്നിട്ടും നാവിന്‍ തുമ്പില്‍ പച്ചമീനിന്റെ അരുചി പറ്റിപ്പിടിച്ചു നിന്നു. കുറച്ചു തണ്ണിമത്തന്‍ കഷ്ണങ്ങള്‍ വായിലിട്ടു ചവച്ചു കൊണ്ടിരുന്നു. ചൈനയില്‍ വന്നിട്ട് ഇതുവരെ പച്ചവെള്ളം കുടിച്ചിട്ടില്ല. ഭക്ഷണത്തിനൊപ്പം എപ്പോഴും കോളയാണ്. അതുമെന്നെ അത്ഭുതപ്പെടുത്തി. അമേരിക്കക്കാരുടെ പാനീയത്തിന് ഈ നാട്ടില്‍ ഇത്ര പ്രിയമോ? 

വിരുന്നിനിടയില്‍ ഇന്ത്യയിലെയും ചൈനയിലെയും യുവാക്കള്‍ സംഗീതവും നൃത്തവുമൊക്കെ അവതരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാം  കഴിഞ്ഞു ഞങ്ങള്‍ ഒന്‍പതു മാണിയോട് കൂടി ഹോട്ടലില്‍ എത്തി. ഹോട്ടലിന്റെ ഓരോ ഏരിയകളിലും പരമ്പരാഗതമായ വേഷവിധാനങ്ങള്‍ ധരിച്ച ചൈനീസ് സുന്ദരികള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു. ഹോട്ടലില്‍വച്ച് ഞങ്ങളുടെയൊപ്പമുള്ള ഉദ്യോഗസ്ഥരില്‍ നിന്നുമൊരു നിര്‍ദേശം കിട്ടി. മുറിയില്‍ മിനി ബാറും ഫ്രിഡ്ജുമൊക്കെയുണ്ട്. പക്ഷെ അതിലുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ചാല്‍ അതിന്റ ബില്ല് നമ്മള്‍ തന്നെ കൊടുക്കേണ്ടി വരും. പലരുടെയും മുഖത്ത് നിരാശ പടരുന്നത് കണ്ടു. ഇനി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വതന്ത്രമായി എവിടെയും പോകാം. പലരും പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ചിലര്‍ എന്നെ വിളിച്ചു. പക്ഷെ അപരിചിതമായൊരു രാജ്യത്ത് രാത്രിയില്‍ കറങ്ങിനടക്കാന്‍ എനിക്കൊരു പേടി തോന്നി. ഞാന്‍ പോയില്ല. ഹോട്ടലിന്റെ വിശാലമായ അകത്തളത്തില്‍ പുറത്തേക്കും നോക്കി ഞാനിരുന്നു. തെരുവുകള്‍ വളരെ സജ്ജീവമാണ്. രാത്രി ജീവിതം  ഇവിടെ മനോഹരമാണെന്ന് തോന്നുന്നു. 

ഞാന്‍ റൂമിലേക്ക് പോയി. ഒരു സുന്ദരി മുറി വരെ എന്നെ അനുഗമിച്ചു. മുറിയുടെ വാതിലില്‍ തൂക്കിയിട്ടിരുന്ന ചൈനീസ് സുന്ദരിയുടെ പടമുള്ളൊരു കാര്‍ഡ് എടുത്തുമാറ്റിയിട്ട് അവള്‍ പോയി. ആ കാര്‍ഡ് എന്താണെന്നെനിക്കു മനസിലായില്ല. എന്റെ സഹമുറിയന്‍ എത്തിയിട്ടില്ല. മുറിയിലെ മിനി ബാര്‍ തുറന്നു നോക്കി. പേരറിയാത്ത വിവിധയിനം മുന്തിയ മദ്യങ്ങള്‍ മനോഹരങ്ങളായ കുപ്പികളില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്സും അനുസാരികളും ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്.  മദ്യപിക്കാത്തതുകൊണ്ട് ആ ചിരിയില്‍ എനിക്ക് വശ്യത തോന്നിയില്ല. ആഡംബര ഹോട്ടലിന്റെ ഏഴാമത്തെ അതോ എട്ടാമത്തെയോ നിലയിലിരുന്ന് ഞാന്‍ ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കി. നോക്കെത്താദൂരത്തോളം ബഹുനിലക്കെട്ടിടങ്ങള്‍ പ്രകാശപൂരിതമായി നിലകൊള്ളുന്നു. അവയ്ക്കുമുകളില്‍ ആകാശം കരിമ്പടക്കെട്ട് വിരിച്ചുകിടക്കുന്നു.  അതിനിടയിലൂടൊരു സ്വര്‍ണ്ണ വ്യാളി തീയും തുപ്പി പറക്കുന്നുണ്ടോ... 

ആ തണുത്ത മുറിയില്‍ പതുപതുത്ത കമ്പിളിയുടെ സുഖമുള്ള ചൂടിനടിയിലേക്ക് പതുക്കെ ഞാന്‍ ആണ്ടിറങ്ങി... 

( തുടരും  )

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: china travel, china travel experience of an artist part 9, china tourism