ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 8 

ല്‍ഹിയിലെ നാലാം ദിവസം വിശ്രമത്തിന്റേതായിരുന്നെങ്കിലും എല്ലാവരും തിരക്കിലായിരുന്നു. കാരണം അന്ന് രാത്രിയിലാണ് യാത്ര. വസ്ത്രങ്ങള്‍ കഴുകുവാനും തേക്കാനും കൊടുത്തത് തിരിച്ചു വാങ്ങണം. അത്യാവശ്യം ഫോണ്‍ വിളികള്‍ നടത്തണം. അങ്ങനെ ഓരോരോ കാര്യങ്ങളില്‍ എല്ലാവരും വ്യാപൃതരായി. പരസ്പരം കൂടുതല്‍ പരിചയപ്പെടാനും ഇതിനിടയില്‍  സമയം കിട്ടി. 

വൈകുന്നേരം ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടും വിസയും എല്ലാവര്‍ക്കും വിതരണം ചെയ്തു. വിസ അടിച്ചുവന്ന എന്റെ പാസ്‌പോര്‍ട്ട് ഞാന്‍ ആകാംക്ഷയോടും അടക്കാനാവാത്ത സന്തോഷത്തോടും കൂടി തിരിച്ചും മറിച്ചും നോക്കി. ആദ്യമായിട്ടാണൊരു വിസ എന്റെ പാസ്പോര്‍ട്ടില്‍ പതിക്കുന്നത്. കല്യാണത്തിന്റെ പിറ്റേന്ന് രാവിലെ ആദ്യമായിട്ടൊരു ആണിനെ അറിഞ്ഞതിന്റെ നാണത്തോടും അതേസമയം ആത്മവിശ്വാസത്തോടും കൂടി കുളിപ്പിന്നലൊക്കെയിട്ട്, അടുക്കളവാതിലില്‍ പാതിചാരി നില്‍ക്കുന്ന നവവധുവിനെപ്പോലെ ഭാരതസര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട് എന്റെ കൈയിലിരുന്നു തുടിച്ചു. 

വിസ നല്കുന്നതിനോടൊപ്പം തന്നെ ഒരു മണി എക്‌സ്‌ചേഞ്ച് കൗണ്ടറും ഏര്‍പ്പാടാക്കിയിരുന്നു. ഇന്ത്യന്‍ രൂപ ഡോളറിലാക്കി സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ചൈനയില്‍  എന്തെങ്കിലും ഷോപ്പിംഗോ മറ്റോ നടത്തണമെങ്കില്‍ ഡോളര്‍ ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് രാജ്യത്തിനും ക്യാപിറ്റലിസ്റ്റ് രാജ്യത്തിന്റെ കറന്‍സി തന്നെയാണ് പ്രിയം. സാധനങ്ങള്‍ വാങ്ങാന്‍ അവരുടെ സ്വന്തം കറന്‍സിയായ യുവാന്‍ പോലും ആവശ്യമില്ല. എന്തായാലും നാണയമാറ്റക്കാരുടെ പക്കല്‍ നിന്ന് ഞാനും കുറച്ചു രൂപ ഡോളറാക്കി മാറ്റി. 

യാത്രയില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങളും വിലാസവും അച്ചടിച്ചൊരു  കാറ്റലോഗും  ചൈനയിലെ വിശദമായ പ്രോഗ്രാമുകള്‍ ചേര്‍ത്തിട്ടുള്ള കൈപുസ്തകവും പ്രതിനിധികള്‍ക്കുള്ള  തിരിച്ചറിയല്‍ കാര്‍ഡും  നല്‍കി. യാത്രയുടെ സൗകര്യത്തിനായി മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് എല്ലാവര്‍ക്കും ഓരോ നിറവും നല്‍കി. യെല്ലോ ഗ്രൂപ്പ്, റെഡ് ഗ്രൂപ്പ്,  ബ്ലൂ ഗ്രൂപ്പ് അങ്ങനെ.. ഞാന്‍ മഞ്ഞ ഗ്രൂപ്പില്‍ ആയിരുന്നെന്ന് തോന്നുന്നു.  മഞ്ഞ നദിയുടെ നാട്ടിലേക്ക് പോകുമ്പോള്‍ മഞ്ഞ ഗ്രൂപ്പില്‍ അംഗമായി. അത്താഴത്തിന് മുന്‍പായി ബാഗേജുകളെല്ലാം പാക്ക് ചെയ്ത് ഹോസ്റ്റലിന്റെ സ്വീകരണമുറിയില്‍ എത്തിക്കണമെന്നുള്ള നിര്‍ദേശനാനുസരിച്ച് എല്ലാവരും അപ്രകാരം ചെയ്തു. ഓരോ ബാഗിലും തങ്ങളുടെ ഗ്രൂപ്പിന്റെ നിറമുള്ള റിബണുകളും ചെറിയ ഐഡി കാര്‍ഡുകളും ചുറ്റിക്കെട്ടിവച്ചു. 

ആലുപറാട്ടയും ദാലും പച്ചരിച്ചോറും ഗോപി മഞ്ചൂരിയും ഗാജര്‍ ഹല്‍വയുമൊക്കെ അടങ്ങിയ രുചികരമായ അത്താഴത്തിനു ശേഷം എല്ലാവരും എയര്‍പോര്‍ട്ടിലേക്ക് പോകാനായി കാത്തിരുന്നു. 2007 ജൂണ്‍ മാസം ആറാം തീയതിയിലെ ആ  രാത്രിയില്‍ എല്ലാവരും ഉല്ലാസഭരിതരായിരുന്നു. 

രാത്രിയില്‍ മൂന്നു ടൂറിസ്റ്റ് ബസ്സുകള്‍ ഞങ്ങളെ എയര്‍പോര്‍ട്ടില്‍  കൊണ്ടുപോകാനായി വന്നു. വെളുപ്പിനെ മൂന്നു മണിക്കാണ് ഫ്‌ളൈറ്റ്. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം. ബസ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീങ്ങി. പാട്ടും ബഹളവുമൊക്കെയായി എല്ലാവരും ബസിനുള്ളില്‍ തകര്‍ക്കുവാണ്.

ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. നഗരവീഥികള്‍ വിജനമാണ്. അപൂര്‍വം ചില വാഹനങ്ങള്‍ മാത്രം ചീറിപ്പാഞ്ഞു പോകുന്നുണ്ട്. ഡല്‍ഹി അങ്ങനെയാണ്. ബോംബെയിലേത് പോലുള്ളൊരു രാത്രി ജീവിതം ഇവിടെയില്ല. ഡല്‍ഹിയിലെ നിരത്തുകള്‍ രാവേറെ ചെല്ലുന്നതിന് മുന്‍പ് തന്നെ വിജനമാകും. ഡല്‍ഹിയില്‍ ജീവിക്കുന്നവര്‍ക്ക് എപ്പോഴുമൊരു അനിശ്ചിതത്വമുള്ളതായി തോന്നിയിട്ടുണ്ട്. ഒരുതരം അരക്ഷിതാവസ്ഥ. എട്ടു കൊല്ലം ഇവിടെ ജീവിച്ചപ്പോള്‍ എനിക്കുമതനുഭവപ്പെട്ടിട്ടുണ്ട്. 

പന്ത്രണ്ടു മണിയോടുകൂടി ഞങ്ങള്‍ പാലം എയര്‍പോര്‍ട്ടില്‍ എത്തി. ഒഫീഷ്യല്‍സ് ഉള്‍പ്പെടെ നൂറിലധികം പേരുള്ളതിനാല്‍ കുറച്ചു നേരത്തെ തന്നെ എത്തിയതാവാം. എല്ലാവരും ബാഗേജുകളുമായി പുറത്തിറങ്ങി. പലര്‍ക്കും ഒന്നിലധികം ബാഗുകളും പെട്ടികളുമുണ്ട്. എനിക്ക് ചെറിയൊരു ബാഗ് മാത്രമേയുള്ളൂ. എപ്പോഴും അങ്ങനെയാണ്. വളരെ കുറച്ചു വസ്ത്രങ്ങളും മറ്റുമായാണ് എന്റെ യാത്ര. ഭാരം കുറയ്ക്കുക എന്നതാണ് കാര്യം. ഇന്ത്യയ്ക്കകത്ത് പലപ്പോഴും സഞ്ചരിക്കുമ്പോള്‍ കഴിയുന്നതും പഴയ വസ്ത്രങ്ങളുമായാണ് യാത്ര. ഇവ  മുഷിയുമ്പോള്‍ ഓരോ സ്ഥലത്തും ഉപേക്ഷിക്കുകയാണ് പതിവ്. കുട്ടികളുമായി സ്റ്റഡി ടൂര്‍ പോകുമ്പോഴെല്ലാം ഈ രീതിയാണ് അനുവര്‍ത്തിക്കുന്നത്. അതുകൊണ്ട് രണ്ടാണ് ഗുണം. യാത്രയിലെ അമിത ഭാരം ഒഴിവാക്കാം. പഴകിയ വസ്ത്രങ്ങള്‍ അലമാരയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാം. ഈ യാത്രയിലും ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങള്‍ ഹോസ്റ്റലിലെ ഡസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചിരുന്നു. അതിനാല്‍ ചെറിയൊരാശ്വാസം ഉണ്ട്. ഞാന്‍ ബാഗും ചുമലിലിട്ട് ബസില്‍ നിന്നും ഇറങ്ങി.  

' ആപ് ചോടിയെനാ... '

ആരോ എന്റെ ബാഗില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. തിരിഞ്ഞു നോക്കി. ഒരു പെണ്‍കുട്ടിയാണ്. അവള്‍ മുന്‍പരിചയമുള്ള ഒരാളോടെന്നപോലെ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ബാഗിന് കനമില്ലെന്നും എനിക്ക് പിടിക്കാവുന്നതേയുള്ളുവെന്ന് പറഞ്ഞിട്ടും അവള്‍ സമ്മതിച്ചില്ല.  ആ പെണ്‍കുട്ടി എന്റെ തോളത്ത് നിന്നും ബാഗ് ഊരി അവളുടെ ലഗേജ് നിറച്ച ട്രോളിയില്‍ വച്ചു. ഒരു കൈ കൊണ്ട് ട്രോളി തള്ളി മറുകൈകൊണ്ട് എന്റെ തോളത്തും കയ്യിട്ട് അവള്‍ നടന്നു. എനിക്ക് അതിശയം തോന്നി. എത്ര നല്ല തുറന്ന മനസ്സും സൗഹൃദവുമാണവള്‍ക്ക്. എനിക്കവളോട് ആദരവ് തോന്നി. കഴിഞ്ഞദിവസങ്ങളിലെങ്ങും അവളെ കണ്ടതായി പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഞങ്ങള്‍ പരിചയപ്പെട്ടു. ഡല്‍ഹിക്കാരിയാണ്. പേര് പ്രിയേഷ ജെയിന്‍. ബി. എ. പഠനത്തിനുശേഷം ചൈനീസ് ഭാഷ പഠിക്കുന്നു. അപ്പോളാണ് ഞാന്‍ മനസ്സിലാക്കിയത് ഞങ്ങളുടെ സംഘത്തില്‍ ചൈനീസ് ഭാഷാ വിദ്യാര്‍ത്ഥികളുമുണ്ടെന്ന്. 

Priyesha Jain
പ്രിയേഷാ ജെയിന്‍

അകത്തു കടന്ന് ബാഗുകള്‍ എല്ലാം എക്‌സറേ ചെക്കിങ്ങിനായി വിട്ടു. എമിഗ്രേഷന്‍ ചെക്കിങ്ങിനും മറ്റുമായി ഞങ്ങള്‍ ക്യുവില്‍ നിന്നു. തലസ്ഥാന നഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളമായതിനാല്‍ ഭയങ്കര തിരക്ക് അനുഭവപ്പെട്ടു. നിന്ന് തിരിയാന്‍ ഇടയില്ലാത്തതുപോലെ. മാത്രമല്ല വെളുപ്പിനെയാണല്ലോ വിദേശ വിമാനങ്ങള്‍ വരുന്നതും പോകുന്നതുമെല്ലാം. 

പെട്ടെന്ന് ക്യുവിന്റെ മുന്നിലൊരു ബഹളം. അല്ലെങ്കില്‍ തന്നെ ഭയങ്കര ബഹളമാണ് എല്ലാവരും. സംഘത്തിലുള്ള ഒരു പെണ്‍കുട്ടിയും യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന ചില ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ എന്തൊക്കെയോ തര്‍ക്കം നടക്കുന്നു. എന്താണെന്ന് ആര്‍ക്കും മനസിലായില്ല. പെട്ടെന്ന് ആ പെണ്‍കുട്ടി എന്തൊക്കെയൊ ഉറക്കെ ഷൗട്ട് ചെയ്തുകൊണ്ട് തന്റെ ട്രോളി ബാഗും വലിച്ചുകൊണ്ട് ധൃതിയില്‍ പുറത്തേക്ക് നടന്നു. അതിനെ പിന്തിരിപ്പിക്കാനും ആശ്വസിപ്പിക്കാനുമായി ഉദ്യോഗസ്ഥര്‍ പുറകെയും. പക്ഷെ ആ കുട്ടി ഒട്ടും വഴങ്ങാതെ എന്തൊക്കെയോ കാറിക്കൊണ്ടു നടന്നു.. അസാമാന്യ ധൈര്യത്തോടും ധാര്‍ഷ്ട്യത്തോടും കൂടി പാതിരാത്രിയില്‍ ഒറ്റയ്ക്ക്  പടിയിറങ്ങിപ്പോയ ആ പെണ്ണിനെ കണ്ടു ഞാന്‍ അന്തം വിട്ടു. എല്ലാവരും ഒരു നിമിഷം പകച്ചു പോയി. ആര്‍ക്കുമൊന്നും മനസിലായില്ല. അവള്‍ തിരികെ വന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. 

ഓരോരുത്തരായി പരിശോധനകള്‍ കഴിഞ്ഞു ചെക് ഇന്‍ ചെയ്തു തുടങ്ങി. എന്റെ ഊഴം വന്നു. ഞാന്‍ കാലെടുത്തു വച്ചതും മെറ്റല്‍ ഡിക്‌റ്റേറ്റര്‍ അസാമാന്യ ശബ്ദത്തില്‍ നിലവിളിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആകെ സംശയമായി. അവര്‍ എന്നെ മാറ്റി നിര്‍ത്തി. എന്റെ കൈയിലും ശരീരത്തുമുള്ള ലോഹങ്ങളെപ്പറ്റി ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഹാന്‍ഡ് മെറ്റല്‍ഡിക്‌റ്റേറ്റര്‍ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചു. എന്നിട്ടും സംശയം മാറാതെ ആവിടെയുമിവിടെയുമെല്ലാം ഞെക്കി നോക്കി. എന്നിട്ടും വിശ്വാസം വരാഞ് അവര്‍ മറ്റു ചില ഉദ്യോഗസ്ഥരോടു കൂടി ചര്‍ച്ച ചെയ്തു. എന്റെ പക്കല്‍ നിന്നും അപകടകരമായതെന്തോ കണ്ടെത്തിയെന്നുള്ള ചിന്തയില്‍ പരിഷ്‌കാരികളായ പല യാത്രക്കാരും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. 

രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നെയും കൂട്ടിക്കൊണ്ട് അടുത്തുള്ളൊരു ചെറിയ മുറിയിലേക്ക് പോയി. വീണ്ടും ഞാന്‍  അവരോട്  കാര്യങ്ങള്‍ ഹിന്ദിയില്‍ വിശദമായി പറഞ്ഞു. എന്നിട്ടും അവരെന്നോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു. ഷര്‍ട്ട് ഊരി അടുത്ത് കിടന്ന മേശമേല്‍ എറിഞ്ഞു. പാന്റ്‌സ് കൂടി ഊരാന്‍ അവര്‍ ആജ്ഞാപിച്ചു. ഉള്ളില്‍ ഉരുണ്ടു കൂടിയ ദേഷ്യവും അമര്‍ഷവും നിസ്സഹായാവസ്ഥയും ഞാന്‍ കടിച്ചമര്‍ത്തി. ഒന്നും മിണ്ടാന്‍ പറ്റില്ല. അബദ്ധത്തിലെങ്ങാനും ഒരു വാക്ക് പുറത്തു വന്നാല്‍ എന്റെ യാത്ര മുടങ്ങും. നിയമത്തിനും ദാര്‍ഷ്ട്യത്തിനും മുന്നില്‍ നിസ്സഹായനും നിരാലംബനുമായി ഞാന്‍ തുണിയുരിഞ്ഞു നിന്നു. അപരിചിതരായ ഉത്തരേന്ത്യന്‍ കാക്കിധാരികളുടെ മുന്നില്‍ ഷഡ്ഢി മാത്രം ധരിച്ചു നിന്നപ്പോള്‍,  അടിവസ്ത്രം മാത്രം ധരിച്ചു ലോക്കപ്പില്‍ കിടക്കുന്ന കുറ്റവാളികളുടെ മാനസികാവസ്ഥ ആയിരുന്നു എനിക്ക്. ഇനി ഷഡ്ഢി കൂടി ഊരിക്കാണിക്കേണ്ടി വരുമോ? ഞാന്‍ ആശങ്കാകുലനായി. അര്‍ദ്ധ നഗ്‌നനായി നില്‍ക്കുന്ന എന്നില്‍ സംശയാസ്പതമായി ഒന്നും തന്നെ കാണാഞ്ഞതിനാല്‍ തുണിയുടുത്ത് പൊയ്‌ക്കോളാന്‍ എന്നോട് പറഞ്ഞു. എന്റെ നഗ്‌നതയെ നോക്കി പല്ലിളിച്ചു കാട്ടിയിട്ട് അവര്‍ മുറിക്കു പുറത്തു പോയി. മനസ്സിലൊരു പച്ചത്തെറി വിളിച്ചിട്ട് പാസ്പോര്‍ട്ടും മൊബൈലുമടങ്ങിയ ഹാന്‍ഡ് ബാഗും തൂക്കി ഞാന്‍ ലോബിയിലേക്ക് നടന്നു. 

നടത്തത്തിനിടയില്‍ ശന്തനു ലോധ് എന്ന കലാകാരനെ ഞാനോര്‍ത്തു. നല്ലൊരു ചിത്രകാരനും പെര്‍ഫോര്‍മന്‍സ് ആര്‍ട്ടിസ്റ്റും ആയിരുന്നു മരിച്ചുപോയ ശന്തനു. ഡല്‍ഹിയിലെ മീരാ മോഡല്‍ സ്‌കൂളില്‍ വച്ചായിരുന്നു അയാളുടെ ആദ്യത്തെ പെര്‍ഫോര്‍മന്‍സ് ആര്‍ട്ട് നടന്നത്. വലിയൊരു ഗ്ലാസ് ബോക്‌സില്‍ ഇട്ടിരുന്ന മുശി പോലുള്ള രണ്ടു വലിയ മത്സ്യത്തിനെ അയാള്‍ താലോലിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആ പാവം മത്സ്യം അയാളുടെ കൈയില്‍ കുത്തുന്നത് വരെ ശന്തനു തന്റെ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരുന്നു.  പെര്‍ഫോര്‍മന്‍സ്, ഫോട്ടോഗ്രഫി അടിസ്ഥാനമാക്കിയുള്ള വര്‍ക്കുകളാണ് ശന്തനു തുടര്‍ന്നുള്ള കാലയളവില്‍ ചെയ്തുകൊണ്ടിരുന്നത്. 

അങ്ങനെയിരിക്കെ ഒരിക്കല്‍  മണ്ഡിഹൗസില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ശന്തനു ധൃതിയില്‍ വന്ന് അയാളോടൊപ്പം നൂഡ് പെര്‍ഫോമന്‍സില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. കൂടുതല്‍ ആലോചിക്കാതെ തന്നെ ഞാനത് നിരസിച്ചു. സമകാലീന കലാരംഗത്ത് പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ സാധ്യതയെക്കുറിച്ചും ബോഡി ആര്‍ട്ടിനെക്കുറിച്ചുമെല്ലാം അയാള്‍ എന്നോട് പറഞ്ഞു. എനിക്കറിയാന്‍ പാടില്ലാത്ത ഒരു കാര്യവും അതിലുണ്ടായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ ശരീരത്തിന്റ രാഷ്ട്രീയം ( body politics ) ഉള്ളത് അയാള്‍ക്കറിയാം. അതിനെ  പെര്‍ഫോമന്‍സ് ആര്‍ട്ടിന്റെ രൂപത്തില്‍ അയാള്‍ക്കൊപ്പം അവതരിപ്പിക്കാനാണ് എന്നെ ക്ഷണിക്കുന്നത്. നഗ്‌നത വരയ്ക്കാന്‍ താല്പര്യമുണ്ടെങ്കിലും കലയുടെ പേരില്‍ പരസ്യമായി തുണിയുരിഞ്ഞു നിന്ന് സ്വയം അപഹാസ്യനാവാന്‍ എനിക്ക് താല്പര്യം തോന്നിയില്ല. വലിയൊരു സാധ്യതയാണ് ഞാന്‍ തള്ളിക്കളഞ്ഞത്. അന്നത് സ്വീകരിച്ച്  നൂഡ് പെര്‍ഫോമന്‍സ് ആര്‍ട്ടിലേക്ക് ഇറങ്ങിത്തിരിച്ചിരുന്നെങ്കില്‍ ബുദ്ധിജീവികളാല്‍ ആഘോഷിക്കപ്പെടുന്നൊരു പെര്‍ഫോമന്‍സ് ആര്‍ടിസ്റ്റ് ആയി മാറിയിരുന്നേനെ ചിലപ്പോള്‍. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു പഠിക്കുകയും വരയ്ക്കുകയും ചെയ്യുമ്പോഴും നഗ്‌നതയെ സ്വകാര്യതയായിത്തനെ കാണാനും ആസ്വദിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. ആ സ്വകാര്യതയാണ് രണ്ടു തോക്കുധാരികളുടെ മുന്നില്‍ അഴിഞ്ഞു വീണത്. ഇതുമൊരു പെര്‍ഫോമന്‍സ് ആര്‍ട്ട് ആണോ എന്തൊ....? 

ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടിലും എനിക്ക് തുണിയുരിഞ്ഞു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ അനുഭവിച്ച മാനസിക സംഘര്‍ഷം പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു. എയര്‍പോര്‍ട്ടില്‍ പോകേണ്ടിവന്നാല്‍ തുണി പറിയ്ക്കാന്‍ ഇപ്പോള്‍ മടിയില്ല. അപരിചിതരുടെ മുന്നില്‍ പലതവണ  വിവസ്ത്രനായി നിന്ന് ഇപ്പോള്‍  നാണമൊക്കെ പമ്പ കടന്നു. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അപകടം എങ്ങനെയാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.  എന്നാലും മാന്യത,  സംസ്‌കാരം,  മര്യാദ ഇവയൊക്കെ നമ്മുടെ രാജ്യത്ത് കുറവാണെന്ന് പറയേണ്ടി വരും. ഒരു സാധാരണക്കാരനായ പൗരന്റെ സ്വകാര്യതയ്ക്കൊന്നും ഇവിടൊരു വിലയുമില്ല. 

ലോബിയില്‍ ബാക്കിയെല്ലാവരുമുണ്ടായിരുന്നു. ചെറിയൊരു മയക്കത്തിന് സമയമുണ്ടായിരുന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. മൂന്ന് മണിക്ക് മുന്നേ തന്നെ ഞങ്ങള്‍ എല്ലാവരും ഫ്‌ലൈറ്റിനുള്ളില്‍ പ്രവേശിച്ചു. സുന്ദരികളായ ചൈനീസ് ക്യാബിന്‍ ക്രൂസ് നല്ലൊരു പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിച്ചു.   വിമാനത്തിനുള്ളിലും ബഹളം തന്നെ. നൂറിലധികം പേരുള്ളതിനാലും പലരും ഇതിനോടകം സുഹൃത്തുക്കളായതിനാലും  ബഹളത്തിന്റെ തോത് കൂടുതലാണ്. എന്റെ സീറ്റ് എയര്‍ ഹോസ്റ്റസ് കാണിച്ചു തന്നു. ഞാനവിടെ ഒതുങ്ങിക്കൂടി ഇരുന്നു. 

ക്യാബിന്‍ ക്രൂസ് അവരുടെ കലാപരിപാടി ആരംഭിച്ചു. സമയം മൂന്നു മണി കഴിഞ്ഞു പതിനഞ്ചു മിനിറ്റ് ആയി. വിമാനം പതുക്കെ നിരങ്ങി റണ്‍വെയില്‍ എത്തി. ഒരു നിമിഷം കാത്തുനിന്ന ശേഷം വിമാനം മെല്ലെ റണ്‍വെയിലൂടെ ഉരുളാന്‍ തുടങ്ങി. പതുക്കെ പതുക്കെ കരുത്താര്‍ജ്ജിച്ച് അത് മുന്നോട്ടു കുതിച്ചു. ഒരുനിമിഷം കൊണ്ട് ആകാശത്തിലേക്ക് കുതിച്ചു ചാടി. മിലന്‍ കുന്ദേര പറഞ്ഞതുപോലെ അസഹനീയമായൊരു കനക്കുറവ് എനിക്ക് അനുഭവപ്പെട്ടു. ചെറിയ ചില്ലു ജാലകത്തിലൂടെ ഇരുട്ടിലേക്ക് ഞാന്‍ തുറിച്ചു നോക്കി. നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ ദില്ലി നഗരം ഞങ്ങള്‍ക്ക് പിന്നില്‍ ചെറുതായിക്കൊണ്ടേയിരുന്നു. ആ കാഴ്ച്ച വളരെ മനോഹരമായിരുന്നു.  രാത്രിയിലാണ് നഗരം കൂടുതല്‍ സുന്ദരിയാകുന്നതെന്ന് തോന്നുന്നു. രാത്രിയുടെ കരിമ്പടക്കെട്ടിനുള്ളിലൂടെ  നക്ഷത്രങ്ങളെ സാക്ഷിയാക്കി ആകാശത്തിന്റെ അനന്തതയിലേക്ക് എയര്‍ ചൈന പറന്നു കൊണ്ടിരുന്നു. 

വിമാനത്തില്‍ ബഹളം കൂടിക്കൂടി വന്നു. ചിലര്‍ പാട്ടും ഡാന്‍സുമൊക്കെ തുടങ്ങിക്കഴിഞ്ഞു...  ഓരോരുത്തര്‍ക്കും ഓരോരോ സന്തോഷങ്ങള്‍... ഞാന്‍ ചിന്താമഗ്‌നനായി... 

ചൈനയില്‍ എവിടെയൊക്കെയാണാവോ  സന്ദര്‍ശനം? വന്മതില്‍, ടിയാനെന്‍മെന്‍ സ്‌ക്വയര്‍, ഫൊര്‍ബിഡന്‍ സിറ്റി, ടെറാക്കോട്ട വാരിയര്‍സ് ഇതൊക്കെ കാണിക്കാന്‍ കൊണ്ടു പോകുമോ എന്തോ? കലയുടെ വലിയൊരു പാരമ്പര്യം ചൈനയ്ക്കുണ്ട്. ചൈനീസ് ഇങ്ക് വാഷ് പെയിന്റിംഗ്, കാലിഗ്രാഫി, സെറാമിക് പോട്ടറികള്‍ എല്ലാം തന്നെ ലോകമെങ്ങും പ്രശസ്തമാണ്. സമകാലീന കലയില്‍ എനിക്ക് താല്പര്യമുള്ള രണ്ടു കലാകാരന്‍മാരാണ് യു മിന്‍ജുമും ഐ വെയ് വെയും. ഇവരുടെയൊക്കെ കലാസൃഷ്ടികള്‍ കാണാനുള്ള അവസരമുണ്ടാകുമോ എന്തൊ? 

ചിന്തകള്‍ക്കിടയില്‍, അജ്ഞാതമായ ആകാശത്തിലെവിടെക്കൂടിയോ ഊളിയിടുന്ന പ്ലെയിനിലിരുന്ന് ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.... 

( തുടരും )

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: china travel, china travel experience of an artist part 8, china tourism