ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 7

ടുത്ത ദിവസവും ക്ലാസ്സുകള്‍ തുടര്‍ന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ചൈനീസ് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ അസ്സോസിയേറ്റ് പ്രൊഫസര്‍,  ഡോക്ടര്‍ ഹേമന്ത് അഡ്ലാഖ ചൈനയിലെ രാഷ്ട്രീയസംവിധാനത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ചൈനയുടെ സാമ്പത്തിക മുന്നേറ്റങ്ങളെക്കുറിച്ചു പാനല്‍ ഡിസ്‌കഷന്‍ നടന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും പാനല്‍ ഡിസ്‌കഷന്‍ ആയിരുന്നു. ഇന്ത്യയെയും ചൈനയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ചര്‍ച്ചയുടെ മോഡറേറ്റര്‍ യുവജന ക്ഷേമ, പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണിശങ്കര്‍ അയ്യര്‍ ആയിരുന്നു. 

നാല് മണിയോട് കൂടി സമാപന സമ്മേളനം നടന്നു. ബഹുമാനപ്പെട്ട പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി മണിശങ്കര്‍ അയ്യര്‍, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി നളിന്‍ സൂരി, ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സണ്‍ യുഷീ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫോട്ടോയെടുപ്പും നടന്നു.

വൈകുന്നേരം ചൈനീസ് എംബസിയില്‍ വിരുന്നും ഉണ്ടായിരുന്നു. വിരുന്നിനു പോകുന്നതിനു മുന്നോടിയായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍  ഡെലിഗേറ്റ്‌സിനായി അനൗപചാരികമായ ചില ക്ലാസുകള്‍ എടുത്തു. ചൈനക്കാരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.. ചില നിര്‍ദേശങ്ങള്‍.. യഥാര്‍ഥത്തില്‍ ഒരിന്ത്യക്കാരന്റെ ചൈനയോടുള്ള മാനസികാവസ്ഥ വെളിവാക്കുന്നവയായിരുന്നു ആ നിര്‍ദേശങ്ങള്‍. ശരിക്കും പറഞ്ഞാല്‍ ചൈനക്കാരന്റെയടുത്ത് വായടച്ചു പിടിക്കേണ്ട ചില കാര്യങ്ങള്‍. 

1962 ലെ ഇന്ത്യ- ചൈന യുദ്ധത്തെക്കുറിച്ചും ടിബറ്റിനെക്കുറിച്ചും ഒരക്ഷരം മിണ്ടരുത്. അരുണാചല്‍ പ്രദേശിനെപ്പറ്റിയും സംസാരിക്കരുത്. 

1949 ല്‍ മാവോ സെ തുങ്ങിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ പണ്ഡിറ്റ് നെഹ്റു ചൈനയുമായി നല്ലൊരു ബന്ധം ആഗ്രഹിച്ചു. വാണിജ്യ ഉടമ്പടിയുടെയും ഉഭയകക്ഷി ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ 1954 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല കരാര്‍ നിലവില്‍ വന്നു. ഹിന്ദി-ചീനി ഭായ് ഭായ് എന്ന് ഇന്‍ന്ത്യക്കാര്‍ ആര്‍ത്തുവിളിച്ചു. പക്ഷെ ചൈനക്കാര്‍ ആ വിളിയും ബന്ധവും അംഗീകരിച്ചിരുന്നോ എന്നുള്ളത് പിന്നീടുള്ള സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നു. 

Dalai Lama Painting
ടിബറ്റൻ വിഷയത്തെ അധികരിച്ചു ചെയ്തൊരു പെയിന്റിംഗ്

ടിബറ്റന്‍ പ്രശ്‌നങ്ങളാണ് ഈ ബന്ധത്തില്‍ കല്ലുകടിയായത്. ടിബറ്റ്, ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ഏഴാം നൂറ്റാണ്ടിലാണ് ടിബറ്റന്‍ സാമ്രാജ്യത്വം സ്ഥാപിതമായത്. എന്നാല്‍ സാമ്രാജ്യത്വത്തിന്റ തകര്‍ച്ചയ്ക്ക് ശേഷം രാജ്യത്ത് ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെടുകയും പല പ്രവിശ്യകളായി വിഭജിക്കപ്പെടുകയും ചെയ്തു. 1950 ലെ ചാംഡോ യുദ്ധത്തോടുകൂടി കമ്മ്യൂണിസ്റ്റ് ചൈന ടിബറ്റിന്റെ പല പ്രവിശ്യകളും പിടിച്ചെടുത്തു. തുടര്‍ന്ന് ചൈനയുടെ കീഴിലുള്ള സ്വതന്ത്ര പ്രൊവിന്‍സായി ടിബറ്റിനെ നിലനിര്‍ത്തി. ദലൈലാമയെ ടിബറ്റിന്റെ ഭരണാധികാരിയായി ഒരിക്കലും ചൈന അംഗീകരിച്ചില്ല. മറിച്ചൊരു ആത്മീയ നേതാവ് മാത്രമായി നിലനിര്‍ത്തി. എന്നാല്‍ ഇതംഗീകരിക്കാതിരുന്ന ദലൈലാമ സ്വതന്ത്ര ടിബറ്റിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. ചൈന പലതരത്തില്‍ ടിബറ്റിന്റെ മേല്‍ പിടിമുറുക്കിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ടിബറ്റന്‍ വംശജരുടെ ശ്രമങ്ങളെ ചൈന അടിച്ചമര്‍ത്തിക്കൊണ്ടിരുന്നു.  ഒടുവില്‍ 1959 ല്‍ നടന്ന രക്തരൂക്ഷിതമായ പ്രക്ഷോഭത്തിനിടയില്‍ ചൈനീസ് ആര്‍മിയുടെ കൈകളില്‍ അകപ്പെടാതെ പതിനാലാമത്തെ ദലൈലാമ അതീവരഹസ്യമായി ഇന്ത്യയിലേക്ക് പലായനം ചെയ്തു. മുന്‍പ് ദലൈലാമ നെഹ്റുവിനോട് രാഷ്ട്രീയാഭയം ചോദിച്ചിരുന്നെങ്കിലും പഞ്ചശീല തത്വങ്ങളില്‍ ഉറച്ചു നിന്ന നെഹ്റു ചൈനയുമായുള്ള ബന്ധം വഷളാകാതിരിക്കാന്‍വേണ്ടി അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായത്. പക്ഷെ ജീവനുംകൊണ്ട് കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നും രക്ഷപെട്ടോടി വന്ന ദലൈലാമയ്ക്ക്  ഇന്ത്യ ഇത്തവണ രാഷ്ട്രീയാഭയം കൊടുത്തു. ധരംശാലയില്‍ അദ്ദേഹവും അനുയായികളും വാസമുറപ്പിച്ചു. 

ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയാഭയം കൊടുത്തത് ചൈനയെ ചൊടിപ്പിച്ചു. അതുവരെ ഉറങ്ങിക്കിടന്നിരുന്ന അതിര്‍ത്തിവിഷയങ്ങള്‍ ചൈന കുത്തിപ്പൊക്കി. അക്സായിചിനും  അരുണാചല്‍പ്രദേശും തങ്ങളുടേതാണെന്ന വാദം ഉന്നയിക്കുകയും അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുകയും പല പോയിന്റുകള്‍ കൈവശപെടുത്തുകയും ചെയ്തു. തുടരെത്തുടരെയുള്ള അതിര്‍ത്തി തര്‍ക്കവും ആക്രമണങ്ങളും യുദ്ധത്തിലേക്ക് നയിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതയാക്കി. വളരെ നീചവും യുദ്ധമര്യാദകള്‍ പാലിക്കാതെയുമുള്ള ആക്രമണരീതികളായിരുന്നു ചൈനയുടേത്. യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെട്ടുപോയി. വന്‍ ആള്‍നാശമുണ്ടായി. അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെട്ടു. ആ യുദ്ധത്തെക്കുറിച്ചൊന്നും സംസാരിക്കരുതെന്നാണ് ഇപ്പോള്‍  എല്ലാവര്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദേശം. 

എന്റെ ഡല്‍ഹി ജീവിതകാലത്ത് കൊണാട്ട് പ്ലേസിലും  മണ്ഡിഹൗസിലുമൊക്കെ 'ഫ്രീ ടിബറ്റ്, സേവ് ടിബറ്റ് ' എന്നൊക്കെയുള്ള പ്ലക്കാര്‍ഡും പിടിച്ച് ടിബറ്റന്‍ മണിയും മുഴക്കി നിശ്ശബ്ദരായി പ്രതിഷേധിക്കുന്ന ബുദ്ധ സന്യാസിമാരെ ധാരാളം കണ്ടിട്ടുണ്ട്. അവരുടെ മണിമുഴക്കത്തില്‍ പര്‍വ്വതങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിനാദം നിശബ്ദമായി അലയടിക്കുന്നുണ്ട്. പക്ഷെ ഇരുമ്പുമറയ്ക്കു മുന്നില്‍ അതെല്ലാം ഒരു തേങ്ങലായി അവശേഷിക്കുന്നു. 

ബ്രിട്ടീഷ്‌കാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ ചൈനയുമായുള്ള അതിര്‍ത്തി മക്മഹോന്‍ അതിര്‍ത്തി രേഖയനുസരിച്ചായിരുന്നു. എന്നാല്‍ പിന്നീട് ചൈന ഈ അന്താരാഷ്ട്ര അതിര്‍ത്തി അംഗീകരിച്ചില്ല. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍പ്രദേശിന്റെ പല ഭാഗങ്ങളും ചൈന കൈവശപ്പെടുത്തി. അരുണാചല്‍ പ്രദേശിനെ ഒരു തര്‍ക്കസ്ഥലമായി നിലനിര്‍ത്തുകയും അതിന്മേല്‍ ഇന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

അരുണാചല്‍ പ്രദേശിനെ സംബന്ധിച്ച് മറ്റൊരു വിചിത്രമായൊരു കാര്യം കൂടി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈന സന്ദര്‍ശിക്കുന്ന ഞങ്ങളുടെ സംഘത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ നിന്നുമാത്രം ആരുമില്ല. അതിനൊരു കാരണമുണ്ട്. മുന്‍പൊരിക്കല്‍  ചൈനാസന്ദര്‍ശനത്തിനായി ഇന്ത്യന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഭാഗമായി വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന വേളയില്‍ ചൈനീസ് എംബസി അരുണാചല്‍ പ്രദേശത്തുനിന്നുമുള്ള പ്രതിനിധിക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും വിസ അനുവദിച്ചു. അരുണാചല്‍ പ്രദേശുകാരന് വിസ നിഷേധിക്കുവല്ല മറിച്ച് ചൈനീസ് വിസയോ ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ ഇല്ലാതെ ചൈനയ്ക്കുള്ളില്‍ നിര്‍ബാധം യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയാണുണ്ടായത്. അതിനവര്‍ പറഞ്ഞ കാരണം, അരുണാചല്‍ പ്രദേശ്  ചൈനയുടെ ഭാഗമാണെന്നും തങ്ങളുടെ പ്രൊവിന്‍സിനുള്ളില്‍ ജീവിക്കുന്ന പൗരന് സ്വന്തം രാജ്യത്ത് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ലെന്നുമായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനേറ്റ വലിയൊരു അടിയായിരുന്നത്. 

China Travel
സിത്താർ വിദഗ്ദ്ധ സഞ്ചാരി ബക്ഷിയോടൊപ്പം ജിനു സക്കറിയ ഉമ്മൻ

സ്വന്തം രാജ്യത്തില്‍ നിന്നും സന്ദര്‍ശനത്തിന് പോകുന്ന പൗരനെ ചൈനീസ് പൗരനാക്കി മാറ്റുന്നതിലൂടെ  ചൈന അവരുടെ കുശാഗ്ര ബുദ്ധിയും താന്‍പോരിമയും ഉപയോഗിച്ച് നയതന്ത്ര ലവലില്‍ പ്രഹരമേല്പിക്കാനാണ് ശ്രമിച്ചത്. ഗത്യന്തരമില്ലാതെ അരുണാചല്‍ പ്രദേശുകാരനെ യാത്രാസംഘത്തില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു. അത്തരമൊരവസ്ഥ ഇത്തവണ  ഉണ്ടാകാതിരിക്കാന്‍ ഞങ്ങളുടെ സംഘത്തില്‍ അരുണാചല്‍കാരനെ ഉള്‍പ്പെടുത്തിയതേയില്ല. മറ്റൊരു നയതന്ത്ര ബുദ്ധി. 

മറ്റൊരു നിര്‍ദേശം ടിയാനന്‍മെന്‍ സ്‌ക്വയറിലെ കൂട്ടക്കൊലയെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നായിരുന്നു.  (അതിനെക്കുറിച്ചു വിശദമായി മറ്റൊരു ലക്കത്തില്‍ എഴുതാം. )

കൂടുതല്‍ അറിയുന്തോറും ചൈനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരുന്നു. ചൈനാക്കാരെ വിശ്വസിക്കാന്‍ പാടില്ല എന്നൊരു വിചാരം ഞങ്ങളില്‍ രൂഢമൂലമായി. അത് ഏറെക്കുറെ ശരിയുമായിരുന്നു. ഇന്ത്യ ഇപ്പോഴും ചൈനയെ പേടിക്കുന്നതായി എനിക്ക് തോന്നി. 

രണ്ടു ദിവസത്തെ ക്ലാസ്സിനിടയില്‍ യാത്രാസംഘത്തിലുള്ള മറ്റു മലയാളികളെ കൂടി പരിചയപ്പെട്ടു. രണ്ടു പേര്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ആയിരുന്നു. എറണാകുളം വെണ്ണല സ്വദേശിയായ ശങ്കര്‍ പി. ഗോപനും കോഴിക്കോടുകാരനായ അരുണ്‍ വിഷ്ണുവും. മറ്റൊരാള്‍ ജിനു സക്കറിയ ഉമ്മന്‍. ജെ. എന്‍.യുവില്‍ നിന്നും ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആള്‍. എ.ഐ.വൈ.എഫിന്റെ യുവ നേതാവ്. ജിനു ഇപ്പോള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പര്‍ ആണെന്ന് അറിയുന്നു. ലക്ഷദ്വീപ് സ്വദേശി മുത്തുബി ഉള്‍പ്പെടെ ഞങ്ങള്‍ ആറു മലയാളികള്‍ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു. 

ഗംഭീരമായ അത്താഴവിരുന്നിന് ശേഷം ഞങ്ങള്‍ രാത്രി  വൈകി ഹോസ്റ്റലിലേക്ക് തിരിച്ചു. 

(തുടരും.... )

ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 1
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 2
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 3
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 4
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 5
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 6

Content Highlights: china travel, china travel experience of an artist part 6, china tourism