ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍- 6 

കുടുംബം, ചരിത്രം, സംസ്‌കാരം, ഭാഷ

യാത്രയ്ക്ക് മുന്നോടിയായി രണ്ടു ദിവസത്തെ ക്ലാസും  സെമിനാറുമൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്.  വിശദവിവരങ്ങള്‍ വിഗ്യാന്‍ ഭവനില്‍ ചെന്നാലേ അറിയൂ. കാലത്ത് ഒന്‍പതു മണിക്ക് ക്ലാസ് ആരംഭിക്കും. രാവിലെ തന്നെ എല്ലാവരും തയ്യാറായി. വിഗ്യാന്‍ ഭവനിലേക്ക് യാത്രതിരിച്ചു... 

ക്ലാസ്സിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തു. എല്ലാവര്‍ക്കും ഓരോ ഫയലും നോട്ട്പാഡും പേനയുമൊക്കെ കിട്ടി. കിട്ടിയതെല്ലാം വാങ്ങി എല്ലാവരും കോണ്‍ഫറന്‍സ് ഹാളിലേക്കു കയറി. മനോഹരവും വിശാലവുമായ ഹാള്‍. 

ഒന്‍പതുമണിക്ക് തന്നെ പരിപാടികള്‍ തുടങ്ങി. കുറെയധികം ഔദ്യോഗിക വ്യക്തികള്‍ വന്നു. സ്റ്റേജില്‍ ഇരുന്നു. ആരാണെന്നൊന്നും പിടികിട്ടിയില്ല. കൈയിലിരുന്ന പ്രോഗ്രാം ചാര്‍ട്ട് മറിച്ചു നോക്കി. നടക്കാന്‍ പോകുന്ന യാത്രയുടെ ക്രമീകരണങ്ങള്‍  സംബന്ധിച്ച വിശദശാംശങ്ങള്‍ ആണ് ആദ്യം. ചൈനീസ് എംബസിയിലെ കൗണ്‍സിലറും യുവജനക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ഡയറക്ടറുമാണ് മുഖ്യമായും സംസാരിച്ചത്. 

ചായ കുടിയ്ക്ക് ശേഷം അടുത്ത സെഷന്‍ ആരംഭിച്ചു. വളരെ പ്രാധാന്യമുള്ള രണ്ടു പ്രഭാഷണം ആയിരുന്നു തുടര്‍ന്ന് നടന്നത്.  ചൈനയുടെ ചരിത്രമായിരുന്നു ഒരു വിഷയം. മറ്റൊന്ന് ചൈനയിലെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും പറ്റിയായിരുന്നു. രണ്ടു വിഷയവും ഒരാള്‍ തന്നെയായിരുന്നു സംസാരിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയ പ്രൊഫസര്‍ ശ്രീമതി ചക്രവര്‍ത്തി. ക്ലാസ്സിന്റെ വിശദാംശങ്ങള്‍ എല്ലാം മറന്നു പോയെങ്കിലും ചൈനയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഉപകരിച്ച ക്ലാസ്സ് ആയിരുന്നത്. നിലവില്‍ പ്രൊഫസര്‍ ശ്രീമതി ചക്രവര്‍ത്തി ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിന്റെ വൈസ് ചെയര്‍ പേഴ്‌സണും 'ദ ചൈന റിപ്പോര്‍ട്ട്' ന്റെ എഡിറ്ററും ആണെന്നറിയാന്‍ കഴിയുന്നു. 

ഗംഭീരമായ ഉച്ചഭക്ഷണത്തിനു ശേഷം ചൈനീസ് സംസ്‌കാരത്തെക്കുറിച്ച് ഡോക്ടര്‍ എസ്. മിത്ര നടത്തിയ ചെറിയൊരു ക്ലാസ്സ് ആയിരുന്നു ആദ്യം. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ സെന്റര്‍ ഫോര്‍ ചൈനീസ് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ ആണ്. 

തുടര്‍ന്ന് വളരെ രസകരവും ചിന്തോദ്ദീപകവുമായ പ്രഭാഷണം ആയിരുന്നു. ചൈനീസ് സമൂഹത്തിന്റെ പാരമ്പര്യമൂല്യങ്ങളും ആധുനികതയും, കുടുംബബന്ധവും ഘടനയും ആയിരുന്നു വിഷയം. പ്രഭാഷണം നടത്തിയത് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിന്റെ ഹോണററി ഡയറക്ടര്‍ ആയ പ്രൊഫസര്‍ പട്രീഷ്യ ഉബറോയ് ആയിരുന്നു. ചൈനയിലെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചുള്ള ആ ക്ലാസ്സ്, ചൈനയെ മൂന്നു കാലഘട്ടമായി വിഭജിച്ച് വിശകലനം നടത്തിക്കൊണ്ടായിരുന്നു അവതരിപ്പിച്ചത്. അതില്‍ ആദ്യത്തെ കാലഘട്ടം പ്രാചീന കാലം മുതല്‍ ഫ്യൂഡല്‍, സാമ്രാജ്യത്വകാലം (1949 ) വരെയും രണ്ടാമത്തേത് 1949 മുതല്‍ 1976 വരെ നീണ്ടു നിന്ന മാവോയിസ്റ്റ് കാലവും മൂന്നാമത്തേത് 1976 ന് ശേഷം ഡെങ്സിയാവോ തുടങ്ങിവച്ച മാര്‍ക്കറ്റ് സോഷ്യലിസ്റ്റ് കാലഘട്ടവും ആയിരുന്നു.

cuneiform
ക്യുണിഫോം

പ്രൊഫസര്‍ പട്രീഷ്യയുടെ നിരീക്ഷണത്തില്‍ സാമ്രാജ്യത്വ ചൈന പുരുഷമേല്‍ക്കോയ്മയുള്ള ഒരു സമൂഹമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും സ്ത്രീകള്‍ പൂര്‍ണ്ണമായും പുരുഷന്മാരെ ആശ്രയിച്ചുള്ള ജീവിതമാണ് നയിച്ചിരുന്നത്. വര്‍ഗാധിഷ്ഠിതവും വ്യവസ്ഥാപിതവുമായി  ക്രമീകരിച്ചു നടത്തുന്ന വിവാഹങ്ങള്‍ ആയിരുന്നു സമൂഹത്തില്‍ നിലനിന്നിരുന്നത്. കുട്ടികള്‍ ഉണ്ടാകുന്നത് പിതാമഹന്മാരുടെ ആഗ്രഹപ്രകാരവും. വളരെ പക്ഷാപാതപരമായി ആണ്‍കുട്ടികളെ മാത്രം പ്രതീക്ഷിക്കുന്നൊരു സമൂഹമായിരുന്നു അന്നത്തേത്. എന്നാല്‍ വളരെയധികം ബഹുമാനത്തോടും ആദരവോടും  സമ്പന്നതയിലും ഉയര്‍ന്ന ജീവിതനിലവാരത്തിലുമാണ് കുടുംബജീവിതം നിലനിര്‍ത്തിയിരുന്നത്. 

മാവോയുടെ കാലത്ത് ഇതിന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി. ആണിനും പെണ്ണിനും തുല്യാവകാശവും തുല്യനീതിയും ഉറപ്പാക്കി. ചുരുക്കം ചില തൊഴില്‍ മേഖലകളിലൊഴിച്ച് ബാക്കിയെല്ലായിടത്തും സ്ത്രീസമത്വം നടപ്പിലാക്കി. 1950 ല്‍ വിവാഹനിയമം നിലവില്‍ വന്നു. രാഷ്ട്രീയബോധ്യവും വർഗാധിഷ്ഠിതമായ സാഹചര്യങ്ങളും സ്വതന്ത്രചിന്താഗതികളോടുകൂടിയ തിരഞ്ഞെടുപ്പും  ലളിതമായ വിവാഹരീതികളിലേക്ക് ജനങ്ങളെ നയിച്ചു. കുട്ടികള്‍ പാര്‍ട്ടിയുടെ ആഗ്രഹത്തിനനുസരിച്ചു മഹത്തായ വിപ്ലവത്തിനുവേണ്ടിയുള്ള  ദമ്പതികളുടെ സംഭാവനയായ്  കണക്കാക്കപ്പെട്ടു. ലളിത ജീവിതം, മിതവ്യയം, സമത്വം, മുതലാളിത്ത വ്യവസ്ഥിതിയിലടിസ്ഥാനമായ  ഉപഭോഗസംസ്‌കാരത്തോടുള്ള വിയോജിപ്പ് തുടങ്ങിയവ ഭരണകൂടം നടപ്പില്‍ വരുത്തി. സ്വന്തം ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്തുവാനോ ആഡംബരത്തില്‍ ജീവിക്കുവാനോ ആഡംബര വസ്തുക്കള്‍ ഉപയോഗിക്കുവാനോ ജനങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. 

ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു മാവോയുടെ മരണശേഷം 1976 - ല്‍ അധികാരമേറിയ  ഡെങ് സിയാവോ പിങ്ങിന്റെയും തുടര്‍ന്ന് 1993 മുതല്‍ 2003 വരെ ഭരിച്ച ജിയാങ് സെമിന്റെയും ഭരണകാലം. വാണിജ്യാധിഷ്ഠിതമായൊരു സോഷ്യലിസ്റ്റ് സ്റ്റേറ്റ് കെട്ടിപ്പൊക്കുന്നതിലായിരുന്നു രണ്ടു പേരും ശ്രദ്ധയൂന്നിയിരുന്നത്. പഴയതും പുതിയതുമായ രീതികള്‍ ഇടകലര്‍ന്നൊരു ലിംഗസമത്വം ആയിരുന്നു ഇക്കാലയളവില്‍ കണ്ടുവന്നിരുന്നത്. ഇക്കാലത്ത് സ്ത്രീകള്‍ കൂടുതലായി സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു. വിവാഹബന്ധങ്ങള്‍ കൂടുതല്‍ സ്വതന്ത്രമാവുകയും ആര്‍ഭാടപൂര്‍ണ്ണമാവുകയും സമ്പത്ത് അടിസ്ഥാനഘടകമാവുകയും ചെയ്തു. അതോടൊപ്പം തന്നെ വിവാഹമോചനങ്ങള്‍ പെരുകുകയും ചെയ്തു. കുട്ടികളെ സംബന്ധിച്ച കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കാര്യമായ അവകാശം ഇല്ലാതിരിക്കുകയും ഒറ്റക്കുട്ടി എന്ന നയം ഗവണ്മെന്റ് ശക്തമായി നടപ്പില്‍ വരുത്തുകയും ചെയ്തു. ഉപഭോഗവും ഉല്ലാസവേളകളും ആഡംബരവും കൂടി. ജനങ്ങളുടെ ഇടയില്‍ അസമത്വം കൂടുതലായി കണ്ടുതുടങ്ങി. അണുകുടുംബത്തിന്റെ ജീവിതനിലവാരവും ശൈലിയും ഉയര്‍ത്താന്‍ ജനങ്ങള്‍ കൂടുതലായി ശ്രമിച്ചുതുടങ്ങി. അതിന് കൂടുതല്‍ സ്വീകാര്യതയും ലഭിച്ചു.

വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു പ്രൊഫസര്‍ പട്രീഷ്യ ഉബെറോയിയുടെ ക്ലാസ്സ്. ചൈനയെ മൂന്നു കാലഘട്ടമായി വിഭജിച്ചുകൊണ്ട് അവിടുത്തെ കുടുംബവ്യവസ്ഥിതിയിലും ആണ്‍പെണ്‍ സമത്വങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളും സാമൂഹ്യക്രമവുമൊക്കെ വളരെ വിശദമായി താരതമ്യം ചെയ്തുകൊണ്ടുള്ള ക്ലാസ്സ്. ചൈനയുടെയും ഇന്ത്യയുടേയും കുടുംബ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചു വളരെ അവഗാഹമുള്ള പണ്ഡിതയാണ് ഈ വിദേശവനിത. നീണ്ട ക്ളാസ്സിന് ശേഷം ചായ കുടിച്ച് എല്ലാവരും ഉന്മേഷഭരിതരായി. രസകരമായ അടുത്ത സെഷനുവേണ്ടി കാത്തിരുന്നു. 

അടുത്ത രണ്ടുമണിക്കൂര്‍ ചൈനീസ് പഠനമായിരുന്നു.

hieroglyph
ഹീരോഗ്ലിഫ്

ചൈനയുടെ ഔദ്യോഗിക ഭാഷ മാന്‍ഡരിന്‍ എന്നറിയപ്പെടുന്നു. സിനോ ടിബറ്റന്‍ (Sino - Tibetan ) ഭാഷാ കുടുംബത്തില്‍ പെടുന്ന ഒന്നാണ് ചൈനീസ് ഭാഷ. ലോകത്തിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ (ethnic group ) ഹാന്‍ വംശത്തിന്റെ ഭാഷയാണിത്. ബീജിങ് ഭാഷാഭേദത്തോടുകൂടിയ സ്റ്റാന്‍ഡേര്‍ഡ് ചൈനീസ് (Modern Standard  Mandarin ) ആണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഔദ്യോഗിക ഭാഷ. ഏതാണ്ട് 56, 000 വാക്കുകളാണ് മാന്‍ഡരിനിലുള്ളത്.  കണ്ടാല്‍ ഒരുപോലിരിക്കുമെങ്കിലും ചൈനയിലെ വിവിധ പ്രൊവിന്‍സുകളില്‍ വ്യത്യസ്ത ഭാഷകളാണ് ഉപയോഗിക്കുന്നത്. പരസ്പരം മനസ്സിലാവുകയുമില്ല. 

ഞാനൊരു ഭാഷാശാസ്ത്ര പഠിതാവ് അല്ലാത്തതിനാല്‍ ചൈനീസ് ഭാഷയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനാവില്ല. പക്ഷെ ഇത്തരം ഭാഷ എന്നെ ആകര്‍ഷിക്കുന്നത് അതൊരു ചിത്രഭാഷ എന്ന നിലയിലാണ്. ആദിമ മനുഷ്യന് ആശയവിനിമയത്തിന് ഭാഷ ഇല്ലായിരുന്നു. വാക്കുകള്‍ ഇല്ലാതിരുന്ന മനുഷ്യര്‍ വരകള്‍ (ചിത്രങ്ങള്‍ ) കൊണ്ട് ആശയ വിനിമയം നടത്തി. കാലക്രമേണ ഇത്തരം ചിത്രങ്ങളില്‍ നിന്നും ഒരു ചിത്രലിപി (pictogram ) രൂപം കൊണ്ടു. ക്യൂണിഫോം ( cuneiform ) ആണ് ഏറ്റവും പുരാതനമായ ചിത്രലിപി. 4000 BC യില്‍ പ്രാചീന മെസൊപൊട്ടേമിയയിലെ സുമേറിയന്‍മാര്‍ ആണ്  ഈ എഴുത്തു ലിപി കണ്ടുപിടിച്ചത്. 3000 BC യില്‍ പുരാതന ഈജിപ്തുകാര്‍ ഉപയോഗിച്ചിരുന്ന ചിത്രലിപിയാണ് ഹീരോഗ്‌ളിഫ് ( hieroglyph ). ഇത്തരം ചിത്രലിപിയോട് സാമ്യമുള്ളതാണ് BC 1200 കളില്‍ ഷാങ് ഡൈനാസ്റ്റിയുടെ കാലത്ത് ഉപയോഗത്തില്‍ വന്ന ചൈനീസ് ചിത്രലിപി. എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ് ചൈനീസ് കാലിഗ്രാഫി.

Caligraphy
ചൈനീസ് കാലിഗ്രാഫി

എന്തായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വളരെ സങ്കീര്‍ണ്ണവും ബൃഹത്തുമായ ചൈനീസ് ഭാഷ രണ്ടു മണിക്കൂര്‍ കൊണ്ട് പഠിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഭാഷ പഠിപ്പിക്കുന്നതിലുപരി ചെറിയൊരു യാത്രയില്‍ ഉപകരിക്കുന്ന കുറച്ചു വാക്കുകളും വാക്യങ്ങളും ശൈലികളും പഠിപ്പിക്കുക എന്നതായിരുന്നു ഈ ഭാഷാപഠനം കൊണ്ടുദ്ദേശിച്ചത്. ഒപ്പം  കുറച്ചു നാമങ്ങളും ഇരുപത് വരെയുള്ള സംഖ്യകളും ഒക്കെ പറഞ്ഞുതന്നു. ചെറിയൊരു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് പോലെ രണ്ടു മണിക്കൂറിലൊരു ചൈനീസ് പഠനം. 

'വോ ശിവാന്‍ ച്യൂഗ്വൊ ഹേ ച്യൂഗ്വൊ റെന്‍ ' - I like China and Chinese people. യാതയ്ക്കിടയില്‍ ചൈനാക്കാരെ ഒന്ന് സുഖിപ്പിച്ചേക്കാമെന്ന് കരുതി. 

പല വാക്യങ്ങളും പഠിപ്പിച്ചതില്‍ വളരെ കൃത്യമായി പഠിപ്പിച്ച ഒരു വാക്യം എനിക്ക്  രസകരമായി തോന്നി.

'ശിഷോച്യാന്‍ ത്സൈനാര്‍ '
Where is wash room? 

മരത്തിന്റ മൂട്ടിലും മതിലിന്റെ മറവിലും ഇനി അഥവാ മറവൊന്നുമില്ലെങ്കില്‍ പോലും മുണ്ട് പൊക്കി അല്ലെങ്കില്‍ സിബ്ബൂരി കാര്യം സാധിക്കുന്ന ഇന്ത്യന്‍ ആണത്തത്തിന്റെ വൃത്തികെട്ട സംസ്‌കാരം ചൈനയില്‍ മാത്രമല്ല ഇന്ത്യയ്ക്ക് വെളിയില്‍ ഒരിടത്തും നടക്കില്ലെന്നറിയാവുന്ന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വളരെ കൃത്യമായി ഈ വാചകം ചൈനീസ് പര്യടനത്തിന് പോകുന്ന പ്രതിനിധികളെ പറഞ്ഞു പഠിപ്പിച്ചു. 

രണ്ടു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ഹ്രസ്വവും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ചില ഭാഷാപ്രയോഗങ്ങള്‍ പറഞ്ഞു പഠിച്ചിട്ട് ചായകുടിച്ചെല്ലാവരും പിരിഞ്ഞു. 

' ശ്യേശ്യേ '
(Thank you)

മുന്‍ഭാഗങ്ങള്‍ വായിക്കാം

ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍   - 1
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍   - 2
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍   - 3
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍   - 4
ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍   - 5

Content Highlights: China Travel, China Travel Experience of An Artist Part 6, China Tourism