ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 5 
 

കെ. കെ. ഷിബുവും പി  സി. മുത്തു ബീയും 


രാത്രി എട്ടുമണിയോട് കൂടി അത്താഴത്തിനായി എല്ലാവരും ഹോസ്റ്റലിലെ ഡൈനിങ് ഹാളില്‍ എത്തി. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്.  പലരും തമ്മില്‍ മുന്‍പ് പരിചയമുള്ളതുപോലെ. ആകെ ശബ്ദമുഖരിതം. എന്തെങ്കിലും കഴിക്കണം. ചുറ്റും നോക്കി... 

ബുഫേയാണ്.... 

പാത്രം അടുക്കി വെച്ചിട്ടുണ്ട്. വേണമെങ്കില്‍  ഒന്നൂടെ കഴുകിയെടുക്കാം. എല്ലാവരും ക്യു നില്‍ക്കുന്നുണ്ട്. ക്യു ഒന്നൊതുങ്ങാന്‍ ഞാന്‍ കാത്തിരുന്നു.  ലേശം തള്ള് കുറഞ്ഞപ്പോള്‍ ഞാനും ഒരു പാത്രം പിടിച്ച് ക്യുവിന്റെ പിന്നില്‍ കൂടി. 

എനിക്കേറ്റവും വെറുപ്പുള്ള രീതിയാണ് ബുഫെ സിസ്റ്റം. പാത്രോം പിടിച്ചു തിന്നാന്‍ വേണ്ടി വരിവരിയായി നില്‍ക്കുക. അതിനിടയില്‍ തിക്കും തിരക്കും ഉണ്ടാക്കുക. പലപ്പോഴും നിന്ന് കഴിക്കേണ്ടി വരിക. ഒരു തരത്തിലും ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ പറ്റാത്ത സമ്പ്രദായം. പലപ്പോഴും കല്യാണത്തിനൊക്കെ  പോകുമ്പോള്‍ ബുഫെ രീതിയാണെങ്കില്‍ കൂടെ ആരും ഇല്ലെങ്കില്‍ ജ്യൂസ് എന്തെങ്കിലും കുടിച്ചിട്ട് സ്ഥലം വിടുകയാണ് പതിവ്. ടേബിളില്‍ ആവശ്യത്തിന് ഭക്ഷണമൊക്കെ നിരത്തിവച്ച്  സ്വസ്ഥതയോടെയിരുന്നു വിളമ്പി  കഴിക്കുന്നത് എന്ത് സുഖമാണ്. ഒരു പക്ഷെ എന്റെ പ്രശ്‌നം കൊണ്ടാവും അങ്ങനെ തോന്നുന്നത്. എന്തായാലും മറ്റുള്ളവരെ സംബന്ധിച്ച് ഇതൊരു സൗകര്യപ്രദമായ ഏര്‍പ്പാടാണ്.

വിശപ്പടക്കാനായി വളരെ ബുദ്ധിമുട്ടിയും വിഷമിച്ചും ഞാന്‍ ആ വരിയില്‍ ചേര്‍ന്ന് നിന്നു. 

' മലയാളിയാണോ? 

പിന്നില്‍ നിന്നൊരു ചോദ്യം. തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരന്‍ പാത്രവും പിടിച്ചു നില്‍ക്കുന്നു. 

' അതെ '
ഒരു ഇളിഭ്യച്ചിരിയോട് ഞാന്‍ പറഞ്ഞു.

' ഞാന്‍ ഷിബു.  കൊച്ചിയില്‍ നിന്നാണ്. '

' ഷിജോ ജേക്കബ്. '

' ഒരു കാര്യം ചെയ്യ്.. ആ ഡൈനിങ്ങ് ടേബിളില്‍ പോയിരുന്നോളു.. ഞാന്‍ ഫുഡ് എടുത്തു തരാം.. ബുദ്ധിമുട്ടണ്ട.'

അയാള്‍ എന്റെ കൈയില്‍ നിന്നും പ്ലേറ്റ് വാങ്ങി. ഞാന്‍ തിരക്ക് കുറഞ്ഞൊരു ടേബിളിനരികില്‍ ഇരുന്നു. രണ്ടുപേര്‍ക്കുമുള്ള ഭക്ഷണം എടുത്തുകൊണ്ടു വന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ വിശദമായി പരിചയപ്പെട്ടു.

KK Shibu
മലയാളികളായ ശങ്കര്‍ പി. ഗോപന്‍,  ഷിജോ ജേക്കബ്, അരുണ്‍ വിഷ്ണു, കെ. കെ. ഷിബു എന്നിവര്‍ ചൈനയില്‍

കെ. കെ. ഷിബു. എറണാകുളം ജില്ലയിലെ  കരുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ്.  ഗ്രാമസഭകളുടെ പ്രതിനിധിയായി കേരളത്തില്‍ നിന്നുമുള്ള ആള്‍. എനിക്ക് സന്തോഷം തോന്നി. ഒരു മലയാളിയെയെങ്കിലും പരിചയപ്പെട്ടല്ലോ. അതിനിടയില്‍ ആരൊക്കെയോ ചിരിച്ചു... ആരൊക്കെയോ അഭിവാദ്യങ്ങള്‍ ചെയ്തു.. 

പാത്രം കഴുകിക്കമഴ്ത്തി വച്ചിട്ട് ഞങ്ങള്‍ പുറത്തിറങ്ങി. ഹോസ്റ്റലിന് മുന്‍പിലുള്ള പുല്‍ത്തകിടിയില്‍ കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും ഇരുന്നു വര്‍ത്തമാനം പറയുന്നു. ഷിബു എന്നെ അങ്ങോട്ട് വിളിച്ചു. എന്നിലെ അന്തര്‍മുഖന്‍ ഒഴിഞ്ഞു മാറി. ഷിബുവിന് ഇടിച്ചുകയറി സംസാരിക്കാന്‍ പ്രത്യേക കഴിവുണ്ട്. അയാള്‍ അവര്‍ക്കിടയിലേക്ക് നീങ്ങി. എനിക്കിപ്പോഴും അപരിചിതരുടെ ഇടയില്‍ ചെന്നു നില്‍ക്കാനും സംസാരിക്കാനും വളരെയധികം സങ്കോചമുണ്ട്. ഞാന്‍ ആ രാതി ചിലവഴിക്കാനായി ഡോര്‍മെട്രിയിലേക്ക് നടന്നു. 

അവിടെയും കുറെപ്പേര്‍ കൂടിയിരിക്കുന്നു.. പരസ്പരം പരിചയപ്പെടുന്നു... എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു. ഞാന്‍ എന്റെ കട്ടിലില്‍ പോയിരുന്നു. നല്ല ക്ഷീണം ഉണ്ട്. വസ്ത്രങ്ങളൊക്കെ മാറ്റി ലുങ്കി ധരിച്ചു. ആരൊക്കെയോ വന്നു പരിചയപ്പെട്ടു. ഊരും പേരുമൊക്കെ പറഞ്ഞ് ഞാനും എന്നെ പരിചയപ്പെടുത്തി. 

ജൂണ്‍ മാസം ആണ്. നല്ല ചൂടുണ്ട്. ഹാളില്‍ എവിടെയോ ഒരു കൂളറിന്റെ മുരള്‍ച്ച കേള്‍ക്കാം. വിയര്‍ത്തു കുളിച്ച ഞാന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. 

'ജേക്കബ് കഹാം ഹേ... ജേക്കബ് കഹാം ഹേ...?'

രാത്രിയുടെ നിശബ്ദതയില്‍ ഉറക്കത്തെ ശല്യപ്പെടുത്തിക്കൊണ്ട് ആരോ കാറിക്കൂവുന്നു. യൂത്ത് ഹോസ്റ്റലിലെ ഒരു ജീവനക്കാരനാണ്. 

'അബ്ബെ, കോന്‍സാ ജേക്കബ് യാര്‍.?'
 
ഉറക്കംകെടുത്തിയതിലുള്ള നീരസം ശബ്ദത്തില്‍ പ്രകടമാക്കിക്കൊണ്ട് ആരോ വിളിച്ചു ചോദിച്ചു. അരണ്ട വെളിച്ചത്തില്‍ ചോദിച്ചയാളെ മനസ്സിലായില്ല. 

'കരേളാ സെ ഏക് ജേക്കബ് ആയാ ഹേ..' അയാളൊന്ന് ആലോചിച്ചു വീണ്ടും പറഞ്ഞു : 'ശിജോ ജേക്കബ്.. കഹാം ഹേ?'

അപ്പോള്‍ എന്നെയാണ് അയാള്‍ തപ്പിനടക്കുന്നത്. ഹിന്ദിക്കാരന്  'ഷ' ഉച്ചരിക്കാന്‍ അറിയില്ലല്ലോ. 

'ഹാം ജി ഭായ്.. മേ ഹും.. ക്യാ ബാത്തെ? '

ഹിന്ദിയിലെ പഴയ പ്രാവീണ്യം  പൊടിതട്ടിയെടുത്തു.

'ആപ് ദരാ ഓഫീസ് മേ ആജായിയെ '

നട്ടപ്പാതിരയ്ക്ക് വിളിച്ചുണര്‍ത്തി എന്തിനാണോ എന്നെ ഓഫീസില്‍ കൊണ്ടുപോകുന്നത്. ഞാന്‍ അന്തം വിട്ടു. എന്തെങ്കിലും ഓഫീസ് കാര്യമാണെങ്കില്‍ പകലെങ്ങാനും ചെയ്താല്‍ പോരേ. ഇനി നാട്ടില്‍ നിന്നും ആരെങ്കിലും എന്നെ ഫോണ്‍ വിളിച്ചതാണോ? അതിനു ഇവിടുത്തെ നമ്പര്‍ ആര്‍ക്കറിയാം? മൊബൈല്‍ തപ്പിയെടുത്തു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് അല്ല. പിന്നെന്താണ് കാര്യം?  ആകെയൊരു അസ്വസ്ഥത. 

ലുങ്കി വാരിച്ചുറ്റി ഞാന്‍ എണീറ്റു. 

'ക്യാ ബാത്തെ ഭായ്?'

ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ എന്നോട് പുറകെ ചെല്ലാന്‍ ആവശ്യപ്പെട്ടു. 

ഒരു പെണ്ണു വരുന്നുണ്ട്. നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു. എന്റെ ഉള്ളു കിടുങ്ങിപ്പോയി. അതിനു ഞാനെന്തു വേണം. പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ഒരു പെണ്ണ് വരുന്നുണ്ടെന്ന് എന്നോടെന്തിനാ പറയുന്നത്? ആരാണവള്‍? ഞാനാകെ പരിഭ്രമിച്ചു. എന്തായാലും വരുന്നിടത്തു വച്ചു കാണാം. ഇല്ലാത്ത ധൈര്യം നടിച്ചു ഞാന്‍ അവനൊപ്പം നടന്നു. 

ഓഫീസില്‍ എത്തി. അവിടൊരുത്തന്‍ ലാന്‍ഡ് ഫോണിലേക്ക് കണ്ണും നട്ടിരിക്കുന്നു. ഞാന്‍ അവന്റ നേരെ നോക്കി. 

'നിങ്ങളുടെ കേരളത്തിനടുത്തൊരു സ്ഥലത്തു നിന്നും ഒരു പെണ്‍കുട്ടി വരുന്നു. ഫോണ്‍ വിളിച്ചു എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലായില്ല. ആപ്പ് ദരാ ബാത്ത് കര്‍ദേനാ.. ഇപ്പൊ ഫോണ്‍ വരും.' 

അപ്പോള്‍ അതാണ് കാര്യം. എനിക്ക് ആശ്വാസമായി. എന്നാലും കേരളത്തിനടുത്ത് എവിടുന്നു വരുന്നു ഈ പെണ്ണ്? 

അല്പസമയത്തിനുള്ളില്‍ ഫോണിന്റെ മണി മുഴങ്ങി. രാത്രിയുടെ നിശബ്ദതയില്‍ അതൊരു നിലവിളി പോലെ തോന്നി. 

ഞാന്‍ ഹലോ പറഞ്ഞു. 
'ഹലോ, ആരാണ് സംസാരിക്കുന്നത്? ' 
ഒട്ടും പരിചിതമല്ലാത്ത മലയാളം അഗാധത്തില്‍ നിന്നും വരുന്നതുപോലെ തോന്നി. ഞാന്‍ എന്നെ പരിചയപ്പെടുത്തി. 

അങ്ങേത്തലക്കല്‍ നിന്നും മറുപടി വന്നു. 

'ഞാന്‍ മുത്തു ബീ.'

'ലക്ഷദ്വീപില്‍ നിന്നാണ്. രാത്രി വിമാനത്തിനാണ് എത്തിയത്. മാത്രമല്ല. ഫ്‌ലൈറ്റ് ലേറ്റാവുകയും ചെയ്തു. വിലാസം എന്റെ കൈയില്‍ ഉണ്ട്. എന്നാലും അത് തന്നെയല്ലേ എന്നൊന്നു വിളിച്ചുറപ്പു വരുത്താമെന്നു കരുതി. രാത്രിയല്ലേ.'

'അതെ രാത്രിയാണ്. രാത്രിയില്‍ തനിച്ചു വരുന്നത് സുരക്ഷിതമാണോ?'
'എയര്‍പോര്‍ട്ടില്‍ തന്നെയുള്ള ടാക്‌സിയാണ്. സേഫ് ആണെന്ന് പറഞ്ഞു. സെക്യൂരിറ്റിക്കാര്‍  നമ്പര്‍ നോട്ട് ചെയ്തിട്ടേ വിടുള്ളൂ..'

'എങ്കില്‍ ഓക്കേ.. ധൈര്യമായിട്ട് വാ.. ഡ്രൈവര്‍ക്ക് ഫോണ്‍ കൊടുക്ക്.' ആ പെണ്‍കുട്ടി ഡ്രൈവര്‍ക്ക് ഫോണ്‍ കൊടുത്തു. അയാളോട് കാര്യം പറഞ്ഞു. 

'സര്‍ജി.. ഖബരാവോ മത്ത്... സുരക്ഷിതമായി എത്തിച്ചിരിക്കും'

ഫോണ്‍ വച്ചു. ആ മുതുപാതിരായ്ക്ക് മുത്തുബീയെ കാത്ത് ഞങ്ങള്‍  ഉറക്കമിളച്ചിരുന്നു.. തന്നെ കാത്ത് കുറച്ചു പേരുണ്ടെന്ന വിശ്വാസത്തിലും ധൈര്യത്തിലും അവള്‍ ആ രാത്രിയില്‍ അപരിചിതനായ ഡ്രൈവറോടൊപ്പം യൂത്ത് ഹോസ്റ്റലിലേക്ക് യാത്ര തിരിച്ചു. 

വേറെ പലരും ഉണ്ടായിട്ടും ഇവരെന്തിനാണെന്നെ വിളിച്ചത്. എനിക്ക് മനസിലായില്ല. എന്തെങ്കിലുമൊക്കെ  ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസം എനിക്കും കുറേശെയായി തോന്നിത്തുടങ്ങി. യൂത്ത് ഹോസ്റ്റലിന്റെ സ്വീകരണമുറിയില്‍ മുത്തു ബീയെ കാത്തിരുന്ന ഞാന്‍ പതുക്കെ ഉറക്കം തൂങ്ങിത്തുടങ്ങി. 

ഒരു മണിക്കൂറിനുള്ളില്‍ ഒരു കാര്‍ ഹോസ്റ്റലിന്റെ പോര്‍ച്ചില്‍ വന്നു നിന്നു. മുത്തു ബി ബാഗും തൂക്കിപ്പുറത്തിറങ്ങി. ഡ്രൈവര്‍ക്ക് നന്ദി പറഞ്ഞു. ഭാഷ അറിയാഞ്ഞിട്ടുകൂടി ധൈര്യത്തോടെ രാത്രിയില്‍ വന്നിറങ്ങിയ ആ പെണ്‍പുലിയെ പരിചയപ്പെട്ടു. ലക്ഷദ്വീപസമൂഹത്തിലെ കടമത്ത്  ദ്വീപിലെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആണ് പി. സി. മുത്തു ബീ. ഓഫീസിലെ രജിസ്റ്ററില്‍ വിവരങ്ങള്‍ കുറിച്ചുവച്ചിട്ട് അവര്‍ അവളെ പെണ്‍കുട്ടികളുടെ ഡോര്‍മെട്രിയിലേക്ക് നയിച്ചു. ഉറക്കച്ചടവോടു കൂടി ഞാന്‍ എന്റെ മുറിയിലേക്കും നടന്നു... 

( തുടരും )

Content Highlights: China Travel, China Travel Experience of An Artist Part 5, China Tourism