ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍  - 4

ഒരു നോട്ടം... ഒരു പുഞ്ചിരി... ഒരു തലോടല്‍..... ഒരു വാക്ക്... 


സ്റ്റേഷനില്‍ മൂത്ത പെങ്ങള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. അവര്‍ക്കൊപ്പം  ഫ്‌ലാറ്റിലേക്ക് പോയി.. അന്ന് രാത്രി അവിടെ ചിലവഴിച്ചു. അടുത്ത ദിവസം ഒന്നുരണ്ടു സുഹൃത്തുക്കളെ കണ്ടിട്ട്, ഉച്ചയ്ക്ക് ശേഷം ചാണക്യപുരിയില്‍, ചൈനീസ് എംബസിക്ക് പിന്നിലായി സ്ഥിതി ചെയ്യുന്ന യൂത്ത് ഹോസ്റ്റലിന്റെ മുന്നില്‍ ഓട്ടോറിക്ഷയില്‍ ചെന്നിറങ്ങി. 

ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മടക്കയാത്രയ്ക്കുള്ള രണ്ടു ട്രെയിന്‍ ടിക്കറ്റ് എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ഒന്ന് ചൈനയില്‍ നിന്നും തിരിച്ചുവന്നിട്ട് പത്തൊന്‍പതാം തീയതി നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ്. മറ്റൊന്ന് ആറാം തീയതിയിലേക്കോ അതോ ഏഴാം തീയതിയിലേക്കോ എടുത്തൊരു ടിക്കറ്റ്. ചിലപ്പോള്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ രണ്ടു ദിവസം ഡല്‍ഹിയില്‍ കറങ്ങിത്തിരിഞ്ഞിട്ട് തിരിച്ചങ്ങു പോകാമല്ലോ. വേനലവധി ആയതിനാല്‍ അധികമാരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് വല്യൊരു നാണക്കേട് ഉണ്ടാവില്ല. എന്തായാലും ഇന്നറിയാം കാര്യങ്ങളുടെ കിടപ്പ്. 

വളരെയധികം സന്ദേഹത്തോടും അപകര്‍ഷതാബോധത്തോടും കൂടി ഞാന്‍ യൂത്ത് ഹോസ്റ്റലിന്റെയുള്ളില്‍ പ്രവേശിച്ചു. ചുറ്റും ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ആരെയും ശ്രദ്ധിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം കുഴങ്ങി. ഹോസ്റ്റലിന്റെ പ്രവേശനകവാടത്തിനരികില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിനടുത്ത് ചെന്നു. ലെറ്റര്‍ കാണിച്ചു. 

' രജിസ്റ്റര്‍ കര്‍ണാ ഹേ '
' ടീക് ഹേജി '

അവരെന്റെ പേരും നാളും ജാതകവുമെല്ലാം കുറിച്ചെടുത്തു. 

ഡോര്‍മെട്രിയുടെ നമ്പറും പിന്നെന്തൊക്കെയോ തുണ്ടുപേപ്പറും തന്നു. നാളെത്തന്നെ തിരിച്ചു പോകാന്‍ റെഡിയായിട്ട് നില്‍ക്കുന്ന ഞാന്‍  ഇതൊക്കെ എന്തിനെന്നുള്ള മനോഭാവത്തില്‍ പോക്കറ്റില്‍ കുത്തിത്തിരുകി. 

' മീറ്റിംഗ് ഊപ്പര്‍ ഹേ.. ആപ്പ് ഉദ്ധര്‍ ജായിയെ... ആപ്‌കോ ഊപ്പര്‍ ജാ സക്താ ഹേന ? എന്നെ നോക്കി സംശയിച്ചുകൊണ്ട്  മേലോട്ട് വിരല്‍ ചൂണ്ടി അയാള്‍ ചോദിച്ചു. 

' ഹാം ജി '

ഞാന്‍ മെല്ലെ പടികള്‍ ചവിട്ടിക്കയറി.

മുകളിലത്തെ കോണ്‍ഫറന്‍സ് ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. ആരൊക്കെയോ  വരുന്നു.. പോകുന്നു.. ഏറ്റവും പിന്നിലായി ഒഴിഞ്ഞൊരു കസേരയില്‍ ഞാനിരുന്നു. ശബ്ദമുഖരിതമായിരുന്നു ആ ഹാള്‍. പലരും ചിരപരിചിതരെ പോലെ  സംസാരിക്കുന്നു. ഇവരൊക്കെ പരസ്പരം അറിയുന്നവരാണോ? എനിക്ക് സംശയം തോന്നി. എന്തായാലും എനിക്കാരെയും അറിയില്ല. ആരോടും മിണ്ടാതെ ഞാനിരുന്നു. 

അല്പസമയത്തിനുള്ളില്‍ കുറെ ഓഫീസര്‍മാര്‍ വന്നു. അതില്‍ ആരൊക്കെയോ സംസാരിച്ചു. പ്രധാനമായും തിങ്ങി നിറഞ്ഞിരിക്കുന്നവരെ സ്വാഗതം ചെയ്യലും താമസ സൗകര്യങ്ങളും മറ്റുമാണ്. തുടര്‍ന്ന് വിസാ നടപടികര്‍മ്മങ്ങളെക്കുറിച്ചായിരുന്നു. എല്ലാവരും തങ്ങളുടെ പാസ്‌പോര്‍ട്ടും ഫോട്ടോസും കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ വിസയ്ക്കുള്ള അപേക്ഷഫോം എല്ലാവര്‍ക്കും വിതരണം ചെയ്തു. എല്ലാവരും അത് പൂരിപ്പിക്കുകയും ഫോട്ടോ തപ്പുകയും പിന്നെ എന്തൊക്കെയോ കലപിലശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു.  വന്നിരിക്കുന്നവരില്‍ എല്ലാവരിലും തന്നെ ചൈന സന്ദര്‍ശിക്കാന്‍ പോകുന്നതിന്റെ സന്തോഷം തിരതല്ലുന്നുണ്ടായിരുന്നു. എനിക്ക് പ്രത്യേകിച്ചു  സന്തോഷമൊന്നും തോന്നിയില്ല. അവര്‍ക്കിടയില്‍ അസ്വസ്ഥതയോടെ ഞാനിരുന്നു. 

കുറച്ചു സമയത്തിന് ശേഷം പാസ്പോര്‍ട്ടും വിസാ ഫോമുമെല്ലാം അവര്‍ വാങ്ങി. പിന്നെയും എന്തൊക്കെയോ നിര്‍ദേശങ്ങള്‍.. യൂത്ത് ഹോസ്റ്റലിലെ താമസം.. ഭക്ഷണം.. അങ്ങനെ എന്തൊക്കെയോ..  പിന്നെ അടുത്ത  രണ്ടു ദിവസം വിഗ്യാന്‍ ഭവനില്‍ വച്ചു നടക്കാന്‍ പോകുന്ന ക്ലാസ്സിനെക്കുറിച്ചുള്ള ലഘു  വിവരണവും. മീറ്റിങ് കഴിഞ്ഞ് ഓരോരുത്തരായ് പുറത്തിറങ്ങികൊണ്ടിരുന്നു. ആള് കുറഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ ഓഫീസര്‍മാര്‍ ഇരുന്ന ടേബിളിനരികിലെത്തി. അവര്‍ തിരക്കിലാണ്. എങ്കിലും അതിലൊരാളോട് സംസാരിച്ചു. പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സംസാരിക്കാന്‍ പറ്റിയ ആളാണെന്നു തോന്നി. 

' സര്‍, എനിക്കൊരു കാര്യം പറയാനുണ്ട്. '

'യെസ്, ടെല്‍ മി '

വളരെ ഗൗരവത്തോടെ അദ്ദേഹം എന്റെ നേരെ നോക്കി. 

' സര്‍, അത്.. എന്നെ സെലക്ട് ചെയ്തത് അറിയാതെയാണെങ്കില്‍ ഞാന്‍ തിരികെ പൊക്കോളാം. എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാന്‍ വന്നാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമോ? 

അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. ഇവനെവിടുന്നു വരുന്നു എന്നൊരു ഭാവം. 

' യൂ ആര്‍ ഫ്രം വെര്‍? '

' കേരള  '

' നെയിം ? '
'ഷിജോ ജേക്കബ് '

' ആര്‍ യൂ ആന്‍ ആര്‍ടിസ്റ്റ്.....? '
' യെസ്, സര്‍ '

' ഫ്രം രവി വര്‍മ കോളേജ്...? '
ശെടാ, ഇയാള്‍ക്കിതെല്ലാം അറിയാമല്ലോ. 

' അതെ സര്‍, ഞാന്‍ ചിത്രകാരനാണ്. കേരളത്തില്‍ രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനാണ്. '

' ആരേ മിസ്റ്റര്‍ ജേക്കബ് ഐ ആം വെയ്റ്റിംഗ് ഫോര്‍ യൂ... '

ഞാനൊന്നു ഞെട്ടി. ഇയ്യാള്‍ എന്നെ കാത്തിരിക്കുന്നോ.... ആള് മാറിയതാണോ..? 

' അതെ, നിങ്ങളെത്തന്നെ.. '

' സീ മിസ്റ്റര്‍ ജേക്കബ്. എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. ഫൈന്‍ ആര്‍ട്‌സിന്റെ ലിസ്റ്റില്‍ നിങ്ങളുടെ പേര് വന്നപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് രാജാ രവി വര്‍മയുടെ പേരാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരന്‍. അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിലെ ഒരു കലാകാരന്‍ ഞങ്ങളുടെ സംഘത്തിലുണ്ടാവുന്നത് നല്ലതാണെന്നു ഞങ്ങള്‍ക്ക് തോന്നി. സൊ യു ആര്‍ സെലക്ടഡ്. '

എന്ത് പറയണമെന്നെനിക്കറിയില്ല. ഞാന്‍ ആകെ അന്തം വിട്ടു പോയി. ഇന്ത്യയിലെ ലബ്ധപ്രതിഷ്ഠ നേടിയ ഫൈന്‍ ആര്‍ട്‌സ് കോളേജുകളുടെ ഗണത്തില്‍ വരുന്ന ഒരു സ്ഥാപനമേയല്ല മാവേലിക്കരയിലെ ഈ കൊച്ചു കോളേജ്. ഇന്ത്യയിലെ  കലാകാരമാരുടെ ഇടയില്‍ത്തന്നെ എത്രപേര്‍ക്ക് ഈ സ്ഥാപനത്തെപ്പറ്റി അറിയാമെന്ന് കണ്ടറിയണം. പ്രശസ്തരായ കലാകാരന്മാരുടെ ഇടയില്‍ രവിവര്‍മയില്‍ പഠിച്ചവര്‍ വളരെ കുറവാണ്. എഴുതപ്പെട്ട കലാചരിത്രങ്ങളില്‍ എങ്ങും തന്നെ ഈ കോളേജിനെപ്പറ്റി പരാമര്‍ശിച്ചു കണ്ടിട്ടില്ല. എന്നിട്ടും ഇവിടെ ഇതാ ഒരു മനുഷ്യന്‍ ആ കോളേജില്‍ ജോലിചെയ്യുന്ന എന്നെ കാത്തിരിക്കുന്നു. 

Raja Ravi Varma
രാജാ രവി വര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, മാവേലിക്കര

രാജാ രവി വര്‍മ... ഇന്ത്യയിലെ ബുദ്ധിജീവികളും കലാവിമര്‍ശകരും  നവകലാകാരന്മാരും നാഴികയ്ക്ക് നാപ്പതുവട്ടം തെറിപറയുന്ന ഒരു കലാകാരന്‍. വിമര്‍ശിക്കുന്തോറും,  കാലം മുന്നോട്ട് പോകുന്തോറും പ്രാധാന്യം ഏറി വരുന്ന ഒരു ചിത്രകാരന്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും ആധുനികമായ മനുഷ്യന്‍. ഉച്ചനീചത്തങ്ങളെയെല്ലാം തന്റെ കലയിലൂടെ മാറ്റിമറിച്ച മഹാന്‍. ആ കാലഘട്ടത്തില്‍ ഇന്‍ഡ്യാ മഹാരാജ്യത്തിലുടനീളം തന്റെ കലാസപര്യയുമായി സഞ്ചരിച്ച മനുഷ്യന്‍. വീടുവീടാന്തരം തന്റെ കലയെ അദ്ദേഹം എത്തിച്ചു. അമ്പലങ്ങളില്‍ മാത്രം കുടികൊണ്ടിരുന്ന ദൈവങ്ങളെ സാധാരണക്കാരില്‍ ഒരാളാക്കി മാറ്റി ഓരോ വീടിന്റെയും അകത്തളങ്ങളില്‍ എത്തിച്ചു. അതിനായ് ലോണാവാലയില്‍ ഒരു ലിത്തോഗ്രാഫി പ്രെസ്സ് പോലും സ്ഥാപിച്ചു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മകനും ചിത്രകാരനുമായ ആര്‍ട്ടിസ്റ്റ് രാമവര്‍മ രാജാ സ്ഥാപിച്ചതാണ് രാജാ രവി വര്‍മ കോളേജ്. 

ആ കോളേജിനെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഇവിടെ എത്തിയത് എന്നോര്‍ത്തപ്പോള്‍ എനിക്ക് അഭിമാനം തോന്നി. 

' ജേക്കബ്, ആവോ.. '
ആ മനുഷ്യന്‍ എന്റെ തോളത്ത് കൈയിട്ട് എന്നെ ഹാളിന് പുറത്തേക്ക് ആനയിച്ചു. 

' ഉധര്‍ ദേഖോ.... '
അദ്ദേഹം കൈ ചൂണ്ടിയിടത്തേക്ക് ഞാന്‍ നോക്കി.

വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു മനുഷ്യനെ രണ്ടുമൂന്നു പേരുകൂടി ചുമന്നുകൊണ്ട്  സ്റ്റെയര്‍കേസ് ഇറക്കുന്നു. 

' ഹീ ഈസ്  ജാവേദ് അഹമ്മദ്. എം. എസ്. ഡബ്ലിയു. ആണ്. ജമ്മു കാശ്മീരില്‍ നിന്നുള്ളയാള്‍. മാതാപിതാക്കള്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. ഭിന്നശേഷിക്കാരെ പ്രതിനിധീകരിച്ചു പോകുന്ന രണ്ടു പേരില്‍ ഒരാള്‍'

എന്റെ കണ്ണ് തള്ളിപ്പോയി. 

' ഇന്ത്യയെ പ്രതിനിധീകരിച്ചു പോകുന്നവരില്‍ എല്ലാ മേഖലയില്‍ നിന്നും വിഭാഗത്തില്‍ നിന്നും ആളുകള്‍ വേണം. ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ അതിന്റ പുരോഗമനാവസ്ഥ കൈ വരുന്നത് എല്ലാവരെയും ഒരേപോലെ  കരുതുമ്പോള്‍ മാത്രമാണ്. അത്തരമൊരു കരുതല്‍ രാജ്യത്തിനു വേണം. അതുകൊണ്ട് തന്നെ ഭിന്നശേഷിക്കാരായ രണ്ടു പേര്‍ ഈ സംഘത്തിലുണ്ട്. പക്ഷെ നമ്മുടെ രാജ്യം എല്ലാത്തരത്തിലും ഭിന്നശേഷി സൗഹൃദമാണെന്നൊന്നും ഞാന്‍ പറയില്ല. ദേ കണ്ടില്ലേ, ആ വീല്‍ചെയറിനു സ്വതന്ത്രമായിട്ട് സഞ്ചരിക്കാന്‍ ഇപ്പോഴും ഈ ബില്‍ഡിങ്ങില്‍ സൗകര്യം ഇല്ല. ഇവിടെ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തും അങ്ങനെയൊക്കെത്തന്നെ...  പക്ഷെ വിദേശ രാജ്യങ്ങളില്‍ പലയിടത്തും  അങ്ങനെയല്ല '

' സൗകര്യങ്ങള്‍ കുറവായിട്ടും ചലനസ്വാതന്ത്ര്യം ഏറെ പരിമിതമായിട്ടും ജാവേദ് എത്ര സന്തോഷത്തോടും ധൈര്യത്തോടും കൂടിയാണ് വരുന്നതെന്ന് നോക്കു. ജാവേദിനെ സഹായിക്കാന്‍ അയാളുടെ ഒരു സുഹൃത്ത് കൂടിയുണ്ട്. ജേക്കബിന് ഈ യാത്രയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഞങ്ങള്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ആര്‍ട്ടിസ്റ്റ് ആയിട്ടാണ്. അതുകൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് ആയിത്തന്നെ യാത്രയില്‍ പങ്കുചേരുക... '

' സൊ യു ക്യാന്‍... '
അദ്ദേഹം എന്റെ തോളത്ത് തട്ടി ചിരിച്ചുകൊണ്ട്  നടന്നു. 

നടത്തത്തിനിടയില്‍ അദ്ദേഹം തിരിഞ്ഞു നിന്നു പറഞ്ഞു :
'ഹാ, ജേക്കബ്, യാത്രയില്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടാവും '

എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു.

China Travel 2
എനിക്ക് ആത്മവിശ്വാസം തന്ന യുവജനക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍

ചിലപ്പോള്‍ ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരു തലോടല്‍, ഒരാശ്വാസവാക്ക്, അല്ലെങ്കില്‍ ആരുടെയോ കാത്തിരിപ്പ്... അതൊക്കെ മതി ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാന്‍...  

ആ മനുഷ്യന്റെ വാക്കുകള്‍.... ആ തോളത്ത് തട്ടല്‍.... അത് മതിയായിരുന്നു എനിക്ക് നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം വീണ്ടെടുക്കാന്‍.... 

നന്നായൊരു ദീര്‍ഘശ്വാസമെടുത്തു.  ആഞ്ഞുവലിക്കുമ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ വായുവിനോടൊപ്പം ആത്മവിശ്വാസത്തിന്റ ഏതാനും കണികകള്‍ കൂടി നാസാരന്ധ്രങ്ങളിലൂടെ മനസ്സിന്റെ  ജീവകോശങ്ങളില്‍ പതിച്ചു... അടിഞ്ഞുകൂടികിടന്ന അപകര്‍ഷതാബോധത്തെ  നിശ്വാസവായുവിനൊപ്പം ചവിട്ടിപ്പുറത്താക്കി. ഉടനെ തന്നെ തിരിച്ചുപോകാനായി എടുത്ത ടിക്കറ്റില്‍ ഒന്ന് റദ്ദാക്കണം. നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ ഡോര്‍മെട്രിയിലേക്ക് നടന്നു.... 

( തുടരും.. )

Content Highlights: China Travel, China Travel Experience of An Artist Part 4, China Tourism