ചൈനീസ് യാത്ര : ഓർമക്കുറിപ്പുകൾ - 14 

രാവിലെ തന്നെ എല്ലാവരും തയ്യാറായി. ഇന്ന് ഹോട്ടലിൽ നിന്നും മുറി ഒഴിയുകയാണ്. വസ്ത്രങ്ങളെല്ലാം പായ്ക്ക് ചെയ്ത് ആ മനോഹരമായ ആഡംബര മുറിയിൽ നിന്നും പുറത്തിറങ്ങി. രാവിലെ ആയതുകൊണ്ടാവും സുന്ദരിമാരുടെ ചിരികളോ കാലൊച്ചകളോ എങ്ങും മുഴങ്ങുന്നില്ല. ഞങ്ങളെയും കാത്ത് മൂന്നു ടൂറിസ്റ്റ് ബസുകൾ ഹോട്ടലിന്റെ മുന്നിൽ കിടപ്പുണ്ട്. പലരും ഇറങ്ങാൻ താമസിച്ചതിനാൽ പതിവുപോലെ ചീനക്കാർ അക്ഷമരായി. ആ വലിയ ഹോട്ടലിൽ താമസിച്ചതിന്റെ ഓർമയ്ക്കായി ഞാൻ അതിന്റെ മുന്നിൽ നിന്നും ഒരു ചിത്രമെടുത്തു. രാവിലെ ഒൻപതു മണിക്ക് ക്യാപിറ്റൽ ഹോട്ടലിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു. 

എങ്ങോട്ടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ല. തന്നിരിക്കുന്ന പ്രോഗ്രാം ചാർട്ട് പ്രകാരം രാവിലെ ഫൊർബിഡൻ സിറ്റിയും പിന്നീട്  വൻമതിലുമാണ് കാണാനുള്ളത്. അതിനു ശേഷം ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്.  ബീജിങ്ങിലെ അവസാന ദിവസമാണ് ഇന്ന്.  ബസ് നീങ്ങിത്തുടങ്ങി. 

Forbidden City Painting
ഫൊർബിഡൻ സിറ്റി - മിംഗ് ഡൈനാസ്റ്റിയിലെ ഒരു പെയിന്റിങ് 

പാരമ്പര്യ ചൈനീസ് വാസ്തുശില്പകലയുടെ ഉത്തമ ഉദാഹരണമാണ്  നൂറ്റിയെൺപത് ഏക്കറിലായി പരന്നു കിടക്കുന്ന തടിയിൽ നിർമ്മിച്ചിട്ടുള്ള ഫോർബിഡൻ സിറ്റി. മിംഗ് ഡൈനാസ്റ്റിയുടെ സ്ഥാപക ചക്രവർത്തി ഷു യുവാൻ ചാങിന്റെ മകൻ സ്ഷു ഡി ചക്രവർത്തിയായപ്പോൾ രാജ്യതലസ്ഥാനം നാൻജിങ്ങിൽ നിന്നും ബീജിങ്ങിലേക്ക് മാറ്റി. 1406 ൽ സിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1420 മുതൽ 1924 വരെ മിംഗ് ഡൈനാസ്റ്റിയിലെയും ക്വിങ് ഡൈനാസ്റ്റിയിലെയും രാജവംശങ്ങളുടെ കൊട്ടാരമായി  ഫോർബിഡൻ സിറ്റി നിലനിന്നു. അഞ്ഞൂറ് വർഷത്തോളം ചൈനീസ് ചക്രവർത്തിമാരുടെ താമസസ്ഥലവും  ഭരണസിരാകേന്ദ്രവുമായിരുന്നു ഫൊർബിഡൻ സിറ്റി. കലാവസ്തുക്കൾ കൊണ്ട് നിറഞ്ഞ ഈ വാസ്തു ശില്പ സമുച്ചയം ഇന്ന് പാലസ് മ്യൂസിയമായി വർത്തിക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആൾക്കാരുടെ ആകർഷണ കേന്ദ്രമാണ് ഫോർബിഡൻ സിറ്റി. സാമ്രാജ്യത്വത്തിന്റെ ഈ കൊട്ടാരസമുച്ചയം 1987 ൽ യുനെസ്കോ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ  ഉൾപ്പെടുത്തി. 

ഫോർബിഡൻ സിറ്റിയെപ്പറ്റി ഞാൻ മനസ്സിലാക്കുന്നതും അറിയുന്നതുമെല്ലാം ഇറ്റാലിയൻ ചലച്ചിത്രകാരനായ ബെർണാഡോ ബെർട്ലൂച്ചിയുടെ ലാസ്റ്റ് എമ്പറർ എന്ന സിനിമയിലൂടെയാണ്. ഇന്നും മായാത്ത ഒരോർമ്മയാണ് ആ സിനിമ. 1987 ൽ പുറത്തിറങ്ങിയ ഈ സിനിമ ചൈനയിലെ അവസാനത്തെ ചക്രവർത്തി പു യിയുടെ സംഭവബഹുലമായ ജീവിതത്തെ വരച്ചുകാട്ടുന്നു. 1906 ൽ ജനിച്ച്‌ രണ്ടാം വയസ്സിൽ ചക്രവർത്തിയായി അവരോധിച്ച പു യി ക്വിങ് ഡൈനാസ്റ്റിയിലെ പന്ത്രണ്ടാമത്തേയും ചൈനയിലെ അവസാനത്തെയും  ചക്രവർത്തിയായിരുന്നു. ഗ്വാങ്‌ഷു ചക്രവർത്തി ആൺമക്കൾ ഇല്ലാതെ മരിച്ചപ്പോൾ ചക്രവർത്തിയുടെ കുടുംബത്തിൽ പെട്ട കുഞ്ഞു പു യിയെ അടുത്ത ചക്രവർത്തിയാക്കാൻ ചകവർത്തിനി ഡൊവാങർ സിഷി തീരുമാനിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളിൽ നിന്നും അകറ്റപ്പെട്ട് കളിക്കൂട്ടുകാർ പോലുമില്ലാതെ ഒരു ആയയുടെ തണലിൽ, ഫോർബിഡൻ സിറ്റിയുടെ അപരിചതത്തത്തിൽ ചക്രവർത്തി പദത്തിന്റെ തടവുകാരാനായി ജീവിക്കേണ്ടി വന്ന പു യി. ഫൊർബിഡൻ സിറ്റിയുടെ കൂറ്റൻ മതിലുകൾക്കുള്ളിൽ മാത്രം ജീവിച്ച പു യി രാജ്യത്തുണ്ടായ മാറ്റങ്ങളൊന്നും തന്നെ അറിഞ്ഞില്ല. രാജഭരണം അവസാനിപ്പിച്ചു രാജ്യം റിപ്പബ്ലിക് ആയതുപോലും. 

1912 ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോഴും അതൊന്നുമറിയാതെ പു യി കൊട്ടാരത്തിനുള്ളിൽ കഴിഞ്ഞു. ചക്രവർത്തിയെ ദൈവത്തെപ്പോലെ കണ്ട കാലഘട്ടത്തിൽ നിന്നും ഒരു സാധാരണക്കാരനിലേക്കുള്ള ജീവിതയാഥാർഥ്യം പു യിക്കും ഉൾക്കൊള്ളാനായില്ല. അവസാനം 1924 ൽ ചൈനയുടെ അവസാന ചക്രവർത്തിയെ ഫൊർബിഡൻ സിറ്റിയിൽ നിന്നും പുറത്താക്കി. അധികാരം നഷ്ടപ്പെട്ട പു യി ജപ്പാന്റെ സഹായത്തോടെ വീണ്ടും ചക്രവർത്തിയാകാമെന്നും ക്വിങ് സാമ്രാജ്യത്വം പുനഃസ്ഥാപിക്കാമെന്നും കരുതി. എന്നാൽ 1932 ൽ മഞ്ചൂറിയ കീഴടക്കിയ ജപ്പാൻ പു യിയെ മഞ്ചുക്കോയിലെ ഒരു പാവ ചക്രവർത്തിയായി അവരോധിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യ അദ്ദേഹത്തെ യുദ്ധത്തടവുകാരനാക്കി സൈബീരിയയിലേക്ക് അയക്കുകയും ചെയ്തു. ആരാലും അറിയപ്പെടാത്തവനായി ഒരു തടവുകാരനായി ജീവിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ്‌ ചൈനയിലേക്ക് അയക്കപ്പെട്ട പു യി രാഷ്ട്രീയ തടവുകാരനായി മാറി. ജയിൽ മോചിതനായ അദ്ദേഹം തുടർന്ന് ഒരു സാധാരണ തോട്ടക്കാരനായി ജീവിച്ചു. ചക്രവർത്തി പദത്തിൽ നിന്നും തോട്ടക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതപരിണാമം വളരെ സങ്കീർണ്ണവും ദുരന്ത പൂർണ്ണവുമായിരുന്നു. 

The Last Emperor Poster
ലാസ്റ്റ് എമ്പറർ സിനിമയുടെ പോസ്റ്റർ

1994 ൽ മാർച്ചുമാസത്തിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിലിരുന്നാണ് ലാസ്റ്റ് എമ്പറർ സിനിമ ഞാൻ ആദ്യമായി കണ്ടത്. ലോക സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു സൂര്യ കൃഷ്ണമൂർത്തി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ യുടെ ( National Film Archive of India ) സഹകരണത്തോടെ സംഘടിപ്പിച്ച നൂറു മൈൽസ്‌റ്റോൺ സിനിമകളുടെ ഫെസ്റ്റിവൽ ആയിരുന്നത്.  ബെർണാഡോ ബെർട്ലൂച്ചിയുടെ മനോഹരമായ ഈ സിനിമ നമ്മളിൽ ഒരു നൊമ്പരമുണ്ടാക്കുന്നു. രണ്ടാം വയസ്സിൽ ചക്രവർത്തിയായതുമുതൽ വാർദ്ധക്യം വരെയുള്ള പു യിയുടെ സംഭവബഹുലമായ ജീവിതം ഈ സിനിമയിൽ കാണാം. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ, താൻ ജീവിക്കുകയും ഭരിക്കുകയും ചെയ്ത ഫൊർബിഡൻ സിറ്റി സന്ദർശിക്കുന്ന പു യി അവിടെക്കണ്ട  സന്ദർശകരിലൊരാളായ ഒരു കൊച്ചുകുട്ടിക്ക് ഒരിയ്ക്കൽ താനിരുന്ന സിംഹാസനത്തിന്റെ പിന്നിൽ പണ്ട് കൊച്ചു കുട്ടിയായിരുന്നപ്പോൾ സൂക്ഷിച്ചു വച്ചൊരു സമ്മാനം എടുത്തു കൊടുത്തിട്ട്  അപ്രക്ത്യക്ഷനാവുന്നു.  പു യി മറക്കാനാവാത്ത ഓർമ്മയായി  വേദനയായി ഓരോ പ്രേക്ഷകനിലും അവശേഷിക്കുന്നു.... 

ബസ് പക്ഷെ ബീജിങ് കഴിഞ്ഞു വേറെ എങ്ങോട്ടാ പൊയ്ക്കൊണ്ടിരുന്നു. ഫൊർബിഡൻ സിറ്റിയുടെ കാര്യം ഞാൻ ഗൈഡിനോട് ചോദിച്ചു. ഇപ്പോൾ വന്മതിൽ കാണാൻ പോവുകയാണെന്നും തിരിച്ചു വരുമ്പോൾ സമയമുണ്ടെങ്കിൽ മാത്രമേ ഫൊർബിഡൻ സിറ്റി കാണാൻ പോവുകയുള്ളുവെന്നും പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ കാണിക്കാൻ അവർ താൽപ്പര്യപ്പെടാത്തതുപോലെ എനിക്ക് തോന്നി. കഴിഞ്ഞ ദിവസം ടിയാനൻമെൻ സ്ക്വയറിൽ നിന്നും തിരികെ പോയപ്പോൾ ഒരു മിന്നായം പോലെ ഫൊർബിഡൻ സിറ്റിയുടെ ചുറ്റുമതിലും കവാടവും കണ്ടതാണ്. പൊന്തി വന്ന ദേഷ്യത്തെ ഉള്ളിൽ അടക്കിപ്പിടിച്ചു ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. 

Forbidden City
ഫൊർബിഡൻ സിറ്റി സ്ഥാപിച്ച സ്ഷു ഡി

ബസ് ബാഡ്‌ലിംഗ് എക്സ്പ്രസ്സ്‌ ഹൈ വേയിലൂടെ 125 കിലോമീറ്ററിനു മുകളിൽ പാഞ്ഞു കൊണ്ടിരുന്നു. യാത്രയുടെ വേഗം നമ്മൾ അറിയുന്നേയില്ല. വിശാലവും മനോഹരവുമായ ഹൈവെ. ഹൈവെയ്ക്ക് സമാന്തരമായി ചെറു റോഡുകൾ ഉണ്ട്. അതിൽ നിന്നും എക്സ്പ്രസ്സ്‌ ഹൈവേയിലേക്ക് പ്രവേശിക്കാൻ നിശ്ചിത മാർഗങ്ങൾ ഉണ്ട്. കൃത്യമായ അകലം പാലിച്ചു ട്രാഫിക് നിയമങ്ങളെല്ലാം അനുസരിച്ചുകൊണ്ട് അതിവേഗമാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.  നമ്മുടെ നാട്ടിലെ റോഡുകളെക്കുറിച്ചു ഞാൻ ആലോചിച്ചു പോയി. തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ റോഡിലൂടെ യാത്ര ചെയ്താലുള്ള അവസ്ഥ ആലോചിക്കാനേ പറ്റില്ല.
 
പാരിസ്ഥിതികാഘാതം കഴിവതും  കുറച്ചുകൊണ്ട്, ആവശ്യമുള്ള  വികസനപ്രക്രിയകൾ എന്താണെന്നും  അവ എങ്ങനെ പ്രാവർത്തികമാക്കാമെന്നും  വിദ​ഗ്ധരുമായി ആലോചിച്ചു നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തി ഭരണകൂടങ്ങൾ കാണിക്കേണ്ടതാണ്.  എന്തിനുമേതിനും സമരം ചെയ്യുന്ന പ്രവണതയും  അവസാനിപ്പിക്കേണ്ടതാണ്. അതിനാദ്യം വേണ്ടത് അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കലാണ്. എന്നാൽ ഇന്ന് വികസനമെന്നപേരിൽ മനുഷ്യർക്ക് ആവശ്യമില്ലത്ത കാര്യങ്ങളാണ് പലപ്പോഴും കാട്ടിക്കൂട്ടുന്നത്.  അവയിൽ പലതും കൃത്യമായ പ്ലാനിങ്ങും ദീർഘവീക്ഷണവും  ഇല്ലാത്തവയും. വൻ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചുകൊണ്ടുള്ള അനിയന്ത്രിതമായ പ്രകൃതി ചൂഷണവും.

എക്സ്പ്രസ്‌ ഹൈവേയ്ക്കപ്പുറം അങ്ങ് ദൂരെ കൃഷി സ്ഥലങ്ങളും ഗ്രാമങ്ങളും കാണാം. ചൈനയിലെ ഗ്രാമങ്ങൾ, അവിടുത്തെ പച്ചയായ മനുഷ്യർ, ഇവയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രാവർത്തികമാകുമെന്ന് തോന്നുന്നില്ല. അവർക്ക് അതൊന്നും  നമ്മെ കാണിക്കാൻ വല്ല്യ താല്പര്യം ഇല്ല. ഹൈവേയിലൂടെയുള്ള ഈ യാത്രയിൽ ശ്രദ്ധിച്ച മറ്റൊരു കാര്യം വൃത്തിയുള്ള നിരത്തുകളാണ്. റോഡ്സൈഡിൽ ഒരിടത്തും മാലിന്യങ്ങളോ, എന്തിന് ഒരു കരിയില പോലും കിടക്കുന്നത് കണ്ടില്ല. ലോകത്തെമ്പാടേക്കും പ്ലാസ്റ്റിക് കയറ്റി അയക്കുന്ന ആ രാജ്യത്ത് വഴിയരികിൽ ഒരു പ്ലാസ്റ്റിക് കൂടുപോലും പറന്നു നടക്കുന്നത് കണ്ടില്ല. മാലിന്യനിർമാർജ്ജനത്തിൽ ഒരോ വ്യക്തിക്കും കൃത്യമായ ഉത്തരവാദിത്വ ബോധം ഉണ്ടെന്ന് ഒരു സംഭവത്തിലൂടെ എനിക്ക് മനസിലായി.

ദൈർഘ്യമേറിയ ഞങ്ങളുടെ ബസ് യാത്രയ്ക്കിടയിൽ യാത്രാം​ഗങ്ങളിൽ പലരും വെള്ളം കുടിച്ച ബോട്ടിലുകളും സ്നാക്സിന്റെ കവറുകളും മറ്റും അലക്ഷ്യമായി ബസിനുള്ളിൽത്തനെ ഇട്ടു. യാതയ്ക്കിടയിൽ ഹൈവേയിലൊരിടത്ത് യാത്രക്കാർക്ക് ഫ്രഷ് ആകാനും മറ്റുമായുള്ള സ്ഥലത്തു ബസുകൾ നിർത്തി. ഷോപ്പിംഗിങ്ങിനുള്ള സൗകര്യവും അവിടെയുണ്ടായിരുന്നു. ഷോപ്പിങ്ങിനൊന്നും നിൽക്കാതെ, വാഷ് റൂമിൽ പോയിട്ടു ബസിൽ തിരികയെത്തിയ ഞാൻ കണ്ടത് ഞങ്ങളുടെ ഗൈഡ് ബസിലുള്ള സകല ചപ്പുചവറുകളും പെറുക്കി ഒരു പ്ലാസ്റ്റിക് കൂടിലാക്കുന്നതാണ്. അവരുടെ മര്യാദ കൊണ്ടാണ് ഇൻഡ്യാക്കാരോട് ഒന്നും പറയാതിരുന്നതെന്ന് എനിക്ക് മനസിലായി.

എല്ലാവരും തിരികെയെത്തി. ബസ് നീങ്ങിത്തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും വാങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൊതി തുറന്നു കഴിക്കുകയും പഴയതുപോലെ തന്നെ കവറുകളും മറ്റും ബസിൽ നിക്ഷേപിക്കുകയും ചെയ്തു. ഇത് കണ്ട ഗൈഡ് പെട്ടെന്ന്  ക്ഷോഭിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. മാലിന്യം ശേഖരിച്ചു വയ്ക്കാൻ കവറുകൾ ബസിലുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായിപ്പോയി. 

ശരിക്കും ഈ സംഭവം കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് പണ്ടൊരിക്കൽ ഗുരു നിത്യചൈതന്യ യതി എഴുതിയ ഒരനുഭവമാണ്.  ഒരിയ്ക്കൽ ഗുരു ഒരു കുടുംബത്തോടൊപ്പം യൂറോപ്പിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു ഓറഞ്ച് പൊളിച്ചു കഴിക്കുകയും അതിന്റെ തൊലി പുറത്തേയ്ക്ക് കളയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഒരു കൊച്ചു കുട്ടിയും ഓറഞ്ച് പൊളിച്ചു തിന്നുകയും അദ്ദേഹം ചെയ്തതുപോലെ തൊലി പുറത്തേയ്ക്ക് എറിയുകയും ചെയ്തു. ഇതു കണ്ട ആ കുട്ടിയുടെ അമ്മ അതിനെ ശാസിച്ചുകൊണ്ട് തല്ലി. ഗുരു പറഞ്ഞത് ആ അമ്മ കുട്ടിയെയാണ് തല്ലിയതെങ്കിലും കൊണ്ടത് തന്റെ മുഖത്തിനിട്ടാണെന്നാണ്. 

ഇതൊരു സംസ്കാരമാണ്. പക്ഷെ നമുക്കില്ലാത്ത സംസ്കാരം. ഓരോ പൗരനും ഉണ്ടായിരിക്കേണ്ട മിനിമം ബോധമാണിത്. കാണുന്നിടത്തെല്ലാം മാലിന്യം വലിച്ചെറിയുന്നത് നമ്മുടെ ശീലമാണ്. മാലിന്യം കൃത്യമായി ശേഖരിച്ചു നിർമ്മാർജ്ജനം ചെയ്യുവാനും പുനരുപയോഗിക്കുവാനും നമ്മുടെ സർക്കാരുകൾക്ക് കൃത്യമായൊരു നയവുമില്ല, വകുപ്പുമില്ല. മാലിന്യ നിർമാർജ്ജനമാണ് ഇന്ന്  ലോകരാഷ്ട്രങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മാലിന്യങ്ങൾ കഴിവതും കുറയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം.

നാല്പത്തിനാലു നദികളാൽ സമ്പന്നമായ നമ്മുടെ കേരളത്തിൽ മാലിന്യക്കൂമ്പാരങ്ങളാണ് ഓരോ നദിയിലും അടിഞ്ഞുകിടക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ഭാവി തലമുറക്കുവേണ്ടി നിലനിർത്തേണ്ടതിന്റെയും ആവശ്യകത ആളുകൾക്ക് മനസ്സിലാകാതെ പോകുന്നത് വളരെ കഷ്ടം തന്നെയാണ്. 

ബസ് നീങ്ങുതോറും പുതിയ കാഴ്ചകൾ കണ്മുന്നിൽ വന്നു നിറയുന്നു. അങ്ങ് ദൂരെ കുറ്റിച്ചെടികളും ഒറ്റപ്പെട്ട മരങ്ങളും നിറഞ്ഞ ചെങ്കുത്തായ മലകൾ പ്രത്യക്ഷപ്പെട്ടു. ഒരു ചൈനീസ് വാഷ് പെയിന്റിങ് പോലെ അതീവഹൃദ്യവും  മനോഹരവുമായിരുന്നു ആ കാഴ്ചകൾ... 

( തുടരും )

Content Highlights: China Travel, China Travel Experience Of An Artist, Part 14, China Tourism