ചൈനീസ് യാത്ര : ഓർമ്മക്കുറിപ്പുകൾ - 12
 

പീപ്പിൾസ് ഗ്രേറ്റ്‌ ഹാളിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പ്രശസ്തമായ ടിയാനൻമെൻ സ്ക്വയറിലേക്ക് നീങ്ങി. ലോകത്തിലെ ഏറ്റവും വലിയ പത്തു  ചത്വരങ്ങളിൽ ഒന്നാണ് ചൈനയിലെ ടിയാനൻമെൻ സ്‌ക്വയർ. പുരാതന ബീജിങ്ങിലെ ഇമ്പീരിയൽ സിറ്റിയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. സ്വർഗീയ സമാധാനത്തിന്റെ കവാടം ( Gate of heavenly Peace ) - എന്ന പ്രവേശന കവാടത്തിൽ നിന്നുമാണ് ചത്വരത്തിന് ഈ പേര് വന്നത്. ഇമ്പീരിയൽ സിറ്റിയുടെ മധ്യഭാഗത്തായി ഫൊർബിഡൻ സിറ്റി സ്ഥിതി ചെയ്യുന്നു. 1415 ൽ  മിംഗ് ഡൈനാസ്റ്റിയുടെ കാലത്താണ് ഈ കവാടം നിർമ്മിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചൈനയിലെ റിബൽ ഗ്രൂപ്പിന്റെ നേതാവായ ലി സീഷെങ്ങുമായുള്ള യുദ്ധത്തിൽ കവാടം തകർക്കപ്പെട്ടു.  1651ൽ ടിയാനന്മെൻ സ്‌ക്വയർ വീണ്ടും ഡിസൈൻ ചെയ്യുകയും പണിയുകയും ചെയ്തു. 

1860 ൽ രണ്ടാം ഒപ്പിയം യുദ്ധത്തിൽ  ബീജിങ് കീഴ്‌പ്പെടുത്തിയ ബ്രിട്ടീഷ് - ഫ്രഞ്ച് സൈന്യം ടിയാനൻമെൻ സ്‌ക്വയറിൽ തമ്പടിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ട ക്വിങ് ഡൈനാസ്റ്റിയിലെ ചക്രവർത്തിയായ പ്രിൻസ് യിയോട് കീഴടങ്ങാനും സന്ധിസംഭാഷണം നടത്താനും വേണ്ടി ഉടമ്പടി പതാകയുമായി (Flag of truce ) ബ്രിട്ടീഷ് സൈന്യം അയച്ച സന്ദേശവാഹകരെ ചക്രവർത്തി തടവിലാക്കുകയും ഇരുപത് പേരെ തിരിച്ചറിയാൻ പാടില്ലാത്തവിധം ഹീനമായി വധിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് സൈന്യം ഫൊർബിഡൻ സിറ്റി കത്തിച്ചു ചാമ്പലാക്കാൻ തീരുമാനിച്ചു. എന്നാൽ എന്തുകൊണ്ടോ ഫൊർബിഡൻ സിറ്റിക്കു പകരം ചക്രവർത്തിയുടെ ഓൾഡ് സമ്മർ പാലസ് ആണ് കത്തിച്ചു കളഞ്ഞത്. നാലായിരത്തോളം സൈനികർ മൂന്ന് ദിവസം കൊണ്ടാണ് പാലസ് തീവെച്ച് നശിപ്പിച്ചത്. എങ്കിലും ഏതാനും നിർമ്മാണസമുച്ചയങ്ങൾ അഗ്നിയെ അതിജീവിച്ചു. പക്ഷെ സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് അവയിൽ പലതും വീണ്ടും  തകർക്കപ്പെട്ടു. 

അതിമനോഹരമായ ഗാർഡൻ ഉൾപ്പെടെ എണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന വാസ്തുശില്പ സമുച്ചയമായിരുന്നു സമ്മർ പാലസ്. ഫൊർബിഡൻ സിറ്റിയുടെ മൂന്നിരട്ടി വലുപ്പമുണ്ടായിരുന്ന പാലസ് പുരാതന ചൈനീസ് വാസ്തുശില്പശൈലിയിലും യൂറോപ്പ്യൻ ശൈലിയിലുമുള്ള നിർമ്മിതികൾ കൊണ്ട് അലംകൃതമായിരുന്നു. അമൂല്യവും പുരാതനവുമായ കലാശേഖരങ്ങളുടെ കലവറയായിരുന്നു സമ്മർ പാലസ്. സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച വസ്തുക്കൾ, അമൂല്യങ്ങളായ രത്നങ്ങളും പവിഴങ്ങളും കൊണ്ടുണ്ടാക്കിയ  ആഭരങ്ങൾ, പട്ടുതുണികൾ, പുരാതനമായ പോർസിലെയിൻ  പാത്രങ്ങൾ, തുണിയിൽ ചെയ്ത ചിത്രപ്പണികൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ശിൽപ്പങ്ങൾ എല്ലാം തന്നെ കൊട്ടാരത്തിൽ നിന്നും പട്ടാളക്കാർ കവർന്നെടുത്തു. ഇവയിൽ പലതും ഇന്ന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് യുനെസ്കോ രേഖപ്പെടുത്തുന്നു.

Tiyanenmen Square
ടിയാനെൻമെൻ സ്ക്വയറിനു മുൻപിൽ

1950 ൽ ചത്വരത്തിന്റെ വിസ്തൃതി നാലു വശത്തേക്കും വ്യാപിപ്പിച്ചു. തെക്കുവശത്തുണ്ടായിരുന്ന ഗ്രേറ്റ്‌ ക്വിങ് ഗേറ്റ് എന്നും പിന്നീട് ഗേറ്റ് ഓഫ് ചൈന എന്നും അറിയപ്പെട്ടിരുന്ന പ്രവേശന കവാടം 1954 ൽ ചത്വരത്തിന്റെ വിസ്തൃതി കൂട്ടാനായി പൊളിച്ചു മാറ്റി. മാവോയുടെ കാഴ്ചപ്പാടനുസരിച്ചു ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ചത്വരങ്ങളിൽ ഒന്നാക്കി മാറ്റാനായി 1958 ൽ കൂടുതൽ നിർമ്മാണപ്രവർത്തനങ്ങൾ ടിയാനൻമെൻ സ്‌ക്വയറിൽ നടത്തി. സ്ക്വയറിന്റ വിസ്തൃതി വീണ്ടും കൂട്ടുന്നതിനായി വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുകയും അവരുടെ പാർപ്പിടങ്ങൾ തകർക്കുകയും ചെയ്തു.   

വിപ്ലവനാളുകളിൽ രക്തസാക്ഷിത്തം വരിച്ച പീപ്പിൾസ് പാർട്ടിയുടെ വീരനായകന്മാർക്കായി ചത്വരത്തിന്റെ തെക്കുഭാഗത്ത് സ്മാരകം ( Monument to the People's Heroes ) പണികഴിപ്പിച്ചു. 1959 ൽ ടിയാനെൻമെൻ സ്ക്വയറിന്റെ  കിഴക്കും പടിഞ്ഞാറുമായി ചൈനയുടെ ദേശീയ മ്യൂസിയവും ( Revolutionary History Museum ) ഗ്രേറ്റ്‌ ഹാൾ ഓഫ് ദി പീപ്പിൾസും സ്ഥാപിച്ചു. ഏതാണ്ട് ആറു ലക്ഷത്തിൽപരം ആളുകളെ ഉൾക്കൊള്ളാൻ തക്കവിധം ടിയാനെൻമെൻ സ്‌ക്വയർ വിശാലവും മനോഹരവുമാക്കിത്തീർത്തു. ചൈനയുടെ ദേശീയ ദിനത്തിന് സൈന്യത്തിന്റെ പരേഡ് നടക്കുന്നത് ഈ സ്ക്വയറിലാണ്. 

മാവോയുടെ മരണശേഷം 1976 ൽ സ്‌ക്വയറിന്റെ തെക്കുവശത്തായി, ഗേറ്റ് ഓഫ് ചൈന നിലനിന്നിരുന്ന സ്ഥലത്ത് മുസോളിയം (Mausoleum of Mao Zedong ) നിർമ്മിച്ചു. മാവോയുടെ ആഗ്രഹത്തിന് വിപരീതമായി അദ്ദേഹത്തിന്റെ ഭൗതികശരീരം ഇവിടെ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്നു. മുസോളിയത്തിന്റെ സെൻട്രൽ   ഹാളിൽ ശീതീകരിച്ച കണ്ണാടികൂടിനുള്ളിൽ അരണ്ട വെളിച്ചത്തിൽ ചെയർമാൻ മാവോയുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നു.  ലോകമെങ്ങുമുള്ള ജനങ്ങളുടെ ആകർഷണകേന്ദ്രമാണ് ചത്വരത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന മുസോളിയം.

Mausoleum
ചെയർമാൻ മാവോയുടെ മുസോളിയം

നിർഭാഗ്യവശാൽ അതും പുറത്തു നിന്നു  മാത്രമാണ് കാണാൻ സാധിച്ചത്. അകത്തു കയറി മാവോയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ചൈനാക്കാരുടെ പ്രോഗ്രാം ഷെഡ്യൂൾ ഒട്ടും തന്നെ എനിക്കിഷ്ടപ്പെട്ടില്ല. നമ്മൾ കാണാൻ ആഗ്രഹിക്കുന്നതൊന്നും കാണിക്കാൻ അവർ താൽപ്പര്യപെടുന്നില്ല. ചരിത്രത്തേക്കാളും അവരുടെ വികസനപ്രക്രിയകളാണ് നമ്മളെ കാണിക്കാൻ താൽപ്പര്യപ്പെടുന്നത്. അതൊരു രാഷ്ട്രീയവും നയപരവുമായ നിലപാട് കൂടി  ആയിരിക്കാം. ഇൻഡ്യാക്കാരന്  മുന്നിൽ പുതിയ ചൈന എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം.

1971 ൽ സ്വർഗീയസമാധാനത്തിന്റെ  കവാടത്തിൽ കാറൽ മാർക്സ്, ഫ്രസഡറിക് ഏങ്ഗൽസ്,  ലെനിൻ, ജോസഫ് സ്റ്റാലിൻ, സൺ യാറ്റ്സെൻ, മാവോ തുടങ്ങിയ നേതാക്കളുടെ കൂറ്റൻ ഛായാചിത്രങ്ങൾ സ്ഥാപിച്ചു. ആർട്ടിസ്റ്റ് ഗീ ഷിയോഗ്വാങ് ആണ് ആറു മീറ്റർ ഉയരമുള്ള ഈ ചിത്രങ്ങൾ വരച്ചത്. എന്നാൽ പിന്നീട് മാവോയുടെ ഒഴിച്ച് ബാക്കി എല്ലാ ചിത്രങ്ങളും നീക്കം ചെയ്തു. തൊഴിലാളി ദിനത്തിൽ മാത്രമാണ് മറ്റു ചിത്രങ്ങൾ പുറത്തെടുക്കുന്നത്. ചിത്രങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിനായി സ്‌ക്വയറിൽ ഒരു സ്റ്റുഡിയോ തന്നെയുണ്ട്. 

ഞങ്ങൾ മഹത്തായ ആ ചത്വരത്തിലൂടെ നടന്നു. നല്ല തിരക്കുണ്ട്. സ്വദേശികളും വിദേശികളുമായ മനുഷ്യർ വിപ്ലവത്തിന്റെ ആ മണ്ണിലൂടെ ചുവടുകൾ വയ്ക്കുന്നു. അങ്ങു ദൂരെ തവിട്ട് കലർന്ന ചുവപ്പ് നിറത്തിലുള്ള സ്വർഗീയ സമാധാനത്തിന്റെ കവാടവും അതിൽ സ്ഥാപിച്ചിരിക്കുന്ന മാവോയുടെ കൂറ്റൻ ചിത്രവും കാണാം. ഞങ്ങൾ മുന്നോട്ട് നീങ്ങി. നിരവധി പ്രക്ഷോഭങ്ങളും സായുധ സമരങ്ങളും നടന്ന ആ സ്ഥലത്ത്  ഞങ്ങൾക്ക് പിന്നിൽ വിപ്ലവത്തിന്റെ കാഹളധ്വനികൾ മുഴങ്ങുന്നതായി തോന്നി. 

1919 മെയ് നാലിനുണ്ടായ മുന്നേറ്റം ( May fourth movement ) വളരെ പ്രാധാന്യമുള്ളതാണ്. സാമ്രാജ്യത്വത്തിനെതിരായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സാംസ്കാരികവും രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങൾ വരുത്തി. 1949 ഒക്ടോബർ മാസം ഒന്നാം തീയതി മാവോ ചൈനയെ  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയായി പ്രഖ്യാപിച്ചതും ഇവിടെ വച്ചാണ്. പത്തു കൊല്ലം നീണ്ടു നിന്ന, ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട സാംസ്കാരിക വിപ്ലവത്തിനെതിരായി നാൻജിംഗ് യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വലിയൊരു മുന്നേറ്റം സംഘടിപ്പിക്കുകയുണ്ടായി. നാൻജിംഗ് സംഭവം  ( Nanjing Anti Cultural Revolution Force Movement ) എന്നറിയപ്പെടുന്ന ഈ പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിക്കുകയും 1976 ഏപ്രിൽ അഞ്ചിന് ലക്ഷോപലക്ഷം ആളുകൾ ടിയാനൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടുകയും ചെയ്തു.  ടിയാനെൻമെൻ ഇൻസിഡന്റ് എന്നറിയപ്പെടുന്നു ഈ  പ്രക്ഷോഭത്തെ ചൈനീസ് പട്ടാളം പക്ഷെ നിഷ്പ്രയാസം അടിച്ചമർത്തി.

Archery Tower
ആർച്ചെറി ടവർ, ക്വിയാൻ ഗേറ്റ്

1989 ലെ ടിയാനെൻസ്‌ക്വയറിലെ കൂട്ടക്കുരുതിയാണ് നമുക്കെല്ലാം ഓർമ്മയുള്ളത്. ഞാനന്ന് ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയാണ്.  ഒരുമാസവും രണ്ടാഴ്ചയും ആറു ദിവസവും നീണ്ടു നിന്ന പ്രക്ഷോഭം,  89 ഡെമോക്രസി മൂവ്മെന്റ് (89 democracy  movement ) എന്നും June fourth Incident എന്നുമൊക്കെ അറിയപ്പെടുന്നു. 

കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറിയും വളരെ ജനകീയനും പുരോഗമന ചിന്താഗതിക്കാരനും ഉത്പതിഷ്ണുവും നവീകരണവാദിയുമായ ഹു യോബാങിന്റെ പെട്ടെന്നുള്ള മരണവും അതിനോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും നിസ്സംഗമനോഭാവവും ചില പ്രവർത്തനങ്ങളും പൊതുജനങ്ങളിൽ വിയോജിപ്പിനും അമർഷത്തിനുമിടയാക്കി. എൺപതുകളിൽ പാർട്ടിയിലും ഭരണത്തിലുമുണ്ടായ സാമൂഹ്യ സാമ്പത്തിക പരിഷ്കരണങ്ങൾ  സ്വകാര്യവത്കരണത്തിനും അമിത  കച്ചവടസംസ്കാരത്തിനും ഇടയാക്കി. ഇത്തരം പരിഷ്കരണങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യത്ത് ഉണ്ടാകാനാവാത്ത വിധം സാമ്പത്തിക അസമത്വം ഉണ്ടാക്കി. സ്വത്ത് ചിലരിൽ കേന്ദ്രീകൃതമായി. തന്മൂലം അഴിമതിയും സ്വജനപക്ഷപാതവും വർധിച്ചു. പുകഞ്ഞു കൊണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തിറങ്ങാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഏപ്രിൽ മാസം പതിനഞ്ചാം തീയതി  ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ടിയാനെൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടി. ഉത്തരവാദിത്തത്തോടുള്ള ഭരണനിർവഹണത്തിനും അഴിമതി നിരോധനത്തിനും ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി അവർ ശബ്ദമുയർത്തി. 

ബീജിങ്ങിൽ ആരംഭിച്ച പ്രതിഷേധം രാജ്യമെമ്പാടും വ്യപിച്ചു. നാന്നൂറിലധികം നഗരങ്ങളിൽ പ്രതിഷേധമുയർന്നു. വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ഫാക്ടറി തൊഴിലാളികളും ബീജിങ്ങിലെ സാധാരണക്കാരും പുരോഗമന വാദികളും ജനാധിപത്യവാദികളും ഒത്തുചേർന്നു. മെയ് മാസം മുതൽ വിവിധ പൊതുസ്‌ഥലങ്ങളിൽ കുത്തിയിരുപ്പ് സമരവും നിരാഹാര സമരവും അവർ ആരംഭിച്ചു. രാജ്യത്തെ ബുദ്ധിജീവികളും 
പണ്ഡിതന്മാരും സമരത്തെ പിന്തുണച്ചു. സമരമൊഴിവാക്കാൻ അനുരഞ്ജനത്തിന്റെയും ഭീഷണിയുടെയും മാർഗങ്ങൾ ഭരണകൂടം സ്വീകരിച്ചു. 

Peng
1989 ൽ വരച്ച ഡെങ് സിയാവോ പെംഗിന്റെ കാരിക്കേച്ചർ

എന്നാൽ അനുരഞ്ജനത്തിനും ഭീഷണിക്കും വഴങ്ങാതിരുന്ന യുവാക്കളുടെ കൂട്ടം  തങ്ങളുടെ അധികാരത്തിന് ഭീഷണിയാകുന്ന രാഷ്ട്രീയമുന്നേറ്റമായി മാറുമെന്ന് കരുതി ഡെങ് സിയാവോയും കൂട്ടരും പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ ഉപയോഗിച്ചു. മെയ്‌ ഇരുപതിന് സ്റ്റേറ്റ് കൗൺസിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. മൂന്നു ലക്ഷത്തോളം പട്ടാളത്തെ ബീജിങ്ങിൽ വിന്യസിച്ചു. വിദ്യാർത്ഥികൾ സ്‌ക്വയർ വിട്ടുപോകാനുള്ള അന്ത്യശാസനം ഭരണകൂടം പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ ബലം പ്രയോഗിച്ചു നീക്കാൻ തന്നെ പോളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനിച്ചു. പട്ടാളം സ്‌ക്വയറിന്റെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചു. 

ജൂൺ മൂന്നാം തീയതി വൈകുന്നേരം പൊതുജനങ്ങൾ ആരും തന്നെ പുറത്തിറങ്ങരുതെന്ന് ടെലിവിഷനിലൂടെ സർക്കാർ മുന്നറിയിപ്പ് നൽകി. എന്നിട്ടും ആളുകൾ പീപ്പിൾസ് ലിബറേഷൻ ആർമിയെ തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു. ബീജിങ്ങിന്റെ തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും പാട്ടാളം നഗരത്തെ വളഞ്ഞു കൊണ്ടിരുന്നു. രാത്രി പത്തുമണിക്ക് അവർ ആകാശത്തേക്ക് വെടിവെച്ചുവെങ്കിലും ആളുകൾ പിരിഞ്ഞു പോയില്ല. വീണ്ടും സൈന്യം ജനക്കൂട്ടത്തിനു നേരെയും അപ്പാർട്മെന്റുകളിലേക്കും വെടിവെച്ചു. ബാരിക്കേഡുകൾ തകർത്തു. വാഹനങ്ങൾക്ക് തീയിട്ടു. നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. കൂടിനിന്ന ജനങ്ങൾ തിരിച്ചു പട്ടാളക്കാരെയും ആക്രമിക്കാൻ തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോരപ്പുഴ ഒഴുകാൻ തുടങ്ങി. 

നാലാം തീയതിയിൽ പാതിരാത്രി പന്ത്രണ്ടുമണിക്ക് ശേഷം സ്ക്വയറിന്റെ പടിഞ്ഞാറു വശത്ത് നിന്നും സൈനിക വാഹനങ്ങൾ പ്രവേശിക്കാൻ തുടങ്ങി. വിദ്യാർത്ഥികൾ തീ കത്തിച്ചും മറ്റും വാഹനങ്ങളെ തടയാൻ നോക്കി. സമാധാനത്തിന്റെ സമരരീതികൾ വെടിഞ്ഞു ആക്രമണത്തിന്റെ മാർഗത്തിലേക്ക് നീങ്ങാൻ വിദ്യാർത്ഥികൾ നിർബന്ധിതരായി. വിദ്യാർത്ഥിനേതാക്കളിൽ ഒരാളായ ചായ് ലിങ് സ്വയം പ്രതിരോധിക്കാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വെളുപ്പിനെ ഒന്നര മണിയോടുകൂടി തെക്കു നിന്നും വടക്കു നിന്നും സൈന്യം ഇരച്ചു കയറി. ചത്വരത്തിന്റെ പ്രവേശന കവാടങ്ങളെല്ലാം ബ്ലോക്ക്‌ ചെയ്തു. സ്‌ക്വയറിലേക്ക് പ്രവേശിക്കാൻ ശ്രമികൊണ്ടിരുന്ന ആളുകളിലേക്ക് അവർ നിറയൊഴിച്ചുകൊണ്ടിരുന്നു. പട്ടാളം വിദ്യാർത്ഥികളെ വളഞ്ഞു. മോണുമെന്റ്സ് ഓഫ് പീപ്പിൾസ് ഹീറോസിൽ ഒന്നിച്ചു കൂടിയ വിദ്യാർത്ഥികൾക്കു നേരെ സൈന്യം വെടിയുതിർത്തു. വെടിയുണ്ടകൾക്ക് നേരെ വിദ്യാർത്ഥികൾ സമാധാനത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. വെടിവെപ്പിനെക്കുറിച്ചറിഞ്ഞ നിരവധി തൊഴിലാളികൾ ആയുധങ്ങളുമായി ചത്വരത്തിലേക്ക് നീങ്ങി. റെഡ്ക്രോസ്സിലെ ചില ഡോക്ടർമാർ പട്ടാളവുമായി സന്ധിസംഭാഷണത്തിന് മുതിർന്നു.

വെളുപ്പിനെ നാലു മണിക്ക് പെട്ടെന്ന് സ്‌ക്വയറിലെ ലൈറ്റുകളെല്ലാം അണഞ്ഞു. സ്‌ക്വയർ പൂർണ്ണമായും ഒഴിപ്പിക്കാൻ പോവുകയാണെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നും പട്ടാളം ലൗഡ് സ്പീക്കറിലൂടെ അനൗൺസ് ചെയ്തു. നാലര മണിക്ക് ലൈറ്റുകൾ തെളിഞ്ഞു. ടാങ്കുകളും മറ്റുമായി സൈന്യം കുട്ടികളുടെ നേർക്ക് കൂടുതൽ അടുത്തു. അഞ്ചു മിനിട്ടുകൾക്ക് ശേഷം സൈന്യം വിദ്യാർത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയും വീണ്ടും വെടിവെയ്ക്കുകയും ചെയ്തു. പിരിഞ്ഞു പോകാൻ തീരുമാനിച്ച ചില അധ്യാപകരെയും വിദ്യാർത്ഥികളെയും സൈന്യം ആക്രമിച്ചു. ടിയാനെൻമെൻ സ്‌ക്വയർ ചോരക്കളമായി മാറി. സമരത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളും മറ്റു മനുഷ്യരും വെളുപ്പിനെ ചത്വരത്തിലേക്ക് നീങ്ങി. അവർക്ക് നേരെയും സൈന്യം നിറയൊഴിച്ചു. ഭയചകിതരായി അവർ നാലുപാടും ചിതറിയോടി. നിരവധി പേർ മരിച്ചുവീണു. സൈന്യത്തിന്റ തോക്കിനുമുന്നിൽ പതറിയ കുറെ  വിദ്യാർത്ഥികൾ  ഗത്യന്തരമില്ലാതെ പരസ്പരം കെട്ടിപിടിച്ചു പുറത്തേക്ക് മാർച്ച്ചെയ്തു  നീങ്ങി. അവശേഷിച്ചവരെ സൈന്യം ബലപ്രേയോഗത്തിലൂടെ കീഷ്പ്പെടുത്തി. ചോരപ്പുഴ ഒഴുക്കിക്കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി രാവിലെ ഒൻപതു മണിക്ക്  സ്‌ക്വയർ  പൂർണ്ണമായും ഒഴിപ്പിച്ചു. 

നിരവധി ചെറുപ്പക്കാരുടെ നെഞ്ചിലൂടെ കൂറ്റൻ ടാങ്കുകൾ നിസ്സാരമായി കയറിയിറങ്ങിപ്പോയി. അലമുറകളും ആർത്തനാദങ്ങളും ഇരുമ്പ് മറയ്ക്കുള്ളിൽ മാറ്റൊലി കൊണ്ടു. കൂറ്റൻ ടാങ്കിന് മുന്നിൽ ഒറ്റയ്ക്ക് നിന്നെതിർത്ത വിദ്യാർത്ഥി ലോകത്തിനു മുന്നിൽ ടിയാനെൻമെൻസ്ക്വയർ കൂട്ടക്കുരുതിയുടെ പ്രതീകമായി മാറി.  ചത്വരത്തിൽ നിന്നും വിദ്യാർത്ഥികൾ ഒഴിഞ്ഞു പോയെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും  സമരവും തുടർന്നുകൊണ്ടിരുന്നു. പക്ഷെ ക്രമേണ അവയെല്ലാം തന്നെ നിലച്ചുപോയി. അല്ലെങ്കിൽ ഇല്ലാതാക്കി. നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു. 

Shijo Jacob Cartoon
ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ സമയത്തു
ഞാൻ വരച്ച ഒരു പോസ്റ്റർ ( 1989 )

അക്കാലത്ത് ഈ കലാപം എന്റെ മനസ്സിൽ ഒരുപാട് പ്രതിഷേധങ്ങളും സന്ദേഹങ്ങളും ഉയർത്തിയിരുന്നു. ഇത്തരം അക്രമ രാഷ്ട്രീയവും സ്വേച്ഛാധിപത്യവും ഭരണകൂടഭീകരതയുമൊക്കെ  എന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി. അന്ന് ഞാനൊരു ചിത്രകലാവിദ്യാർത്ഥി ആയിരുന്നില്ല. എങ്കിലും അറിയാവുന്ന രീതിയിൽ അതിനെതിരെ ഞാൻ ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള അക്രമരാഷ്ട്രീയത്തിനെതിരായും മനുഷ്യാവകാശ ലംഘനത്തിനെതിരായും വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ  ഇടതുപക്ഷസഹയാത്രികരും ബുദ്ധിജീവികളും ടിയാനെൻമെൻ സ്‌ക്വയർ കലാപത്തിനെതിരെ ഒന്നും മിണ്ടിയില്ല. സുരക്ഷിതമായൊരു നിശബ്ദത അവർ പാലിച്ചു. യുവാവായ എന്നിൽ അത് അമ്പരപ്പുളവാക്കി. പല ബുദ്ധിജീവികളുടെയും ഇരട്ടത്താപ്പ് വളരെ പ്രകടമായിരുന്നു. അവരുടെ മൗനം മരണമായിരുന്നു. 

വർഷങ്ങൾക്ക് മുൻപ് പത്രത്തിലൂടെ വായിച്ചറിഞ്ഞ ദുരന്തഭൂമിയിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. ജനാധിപത്യമോഹങ്ങളുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെ ചോര ചിതറിയ സ്ഥലം. പരാജയപ്പെട്ടുപോയ വിപ്ലവത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യങ്ങൾ എവിടെനിന്നെങ്കിലും ഉയരുന്നുണ്ടോ...... ഞാൻ ചെവി കൂർപ്പിച്ചു. ഇല്ല എങ്ങുമില്ല. സ്വർഗീയ സമാധാനത്തിന്റെ കവാടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന ആളുകളുടെ ഒച്ച മാത്രം. അവരിലൊരാളായി ഞാനും മാറി. ഞാനും ഒരു ഫോട്ടോ എടുത്തു. എല്ലാം കണ്ടുകൊണ്ട് മാവോയുടെ കൂറ്റൻ ഛായാചിത്രം കവാടത്തിൽ തൂങ്ങിക്കിടക്കുന്നു. പാശ്ചാത്യ സാമ്രാജ്യത്ത ശക്തികളുടെ  പിൻബലത്തോട് ചൈനീസ് സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഒരു കൂട്ടം ദേശദ്രോഹികൾ നടത്തിയ വിധ്വംസക പ്രവർത്തനമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആ ജനാധിപത്യ മുന്നേറ്റത്തെ വിലയിരുത്തി. എഴുതപ്പെട്ട വ്യവസ്ഥാപിത ചരിത്രം എല്ലാവരെയും നോക്കി പല്ലിളിക്കുന്നതായി എനിക്ക് തോന്നി. 

ഡൽഹിയിൽ നിന്നും യാത്ര തിരിക്കും മുൻപ് ഞങ്ങൾക്ക് കിട്ടിയ നിർദേശം ഞാനോർത്തു. ടിയാനൻമെൻ സ്‌ക്വയർ സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്. സ്വർഗീയ ശാന്തിയുടെ കവാടത്തിൽ നിന്നും ഞാൻ തിരിഞ്ഞു നടന്നു.... 


( തുടരും )

മുൻഭാഗങ്ങൾ വായിക്കാം 

Content Highlights: China Travel, China Travel Experience Of An Artist, Part 12, China Tourism