ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 11 

ടുത്ത യാത്ര ഒളിമ്പിക് സ്റ്റേഡിയമായ പക്ഷിക്കൂടും (birds nest) ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളും  സന്ദര്‍ശിക്കാനായിരുന്നു. 2008 ല്‍ ചൈനയില്‍ നടന്ന ഒളിംപിക്സിന്റെ മുഖ്യ വേദി ആയിരുന്നു ബേര്‍ഡ്സ് നെസ്റ്റ് എന്നറിയപ്പെടുന്ന ബീജിംഗ് നാഷണല്‍ സ്റ്റേഡിയം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ട്‌സ് ഗ്രൂപ്പ് ആയ ഹെര്‍സോഗ് ആന്‍ഡ് ഡീ മ്യൂറോണിലെ മുഖ്യ വാസ്തുശില്പികള്‍ ആയ ജാക്യുസ് ഹെര്‍സോഗും പിയറി ഡീ മ്യൂറോണും സംയുക്തമായാണ് ഈ സ്റ്റേഡിയം ഡിസൈന്‍ ചെയ്തത്. എങ്കിലും ഇതിന്റ ഡിസൈന്‍ കണ്‍സെപ്റ്റ് തയ്യാറാക്കിയത്  ചൈനയിലെ പ്രശസ്ത കണ്‍സെപ്ച്വല്‍ കലാകാരനും  ആക്ടിവിസ്റ്റുമായ ഐ വെയ് വെയ് ആണ്. ആയതിനാല്‍ അദ്ദേഹത്തിന്റെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. പുറത്തു നിന്ന് നോക്കുമ്പോള്‍ വലിയൊരു കിളിക്കൂട് പോലെയും അകത്തു ഒരു വലിയ സിറാമിക് പ്ലേറ്റിന്റെ രൂപത്തിലുമാണ് ഇതിന്റ നിര്‍മ്മിതി. 

സമകാലീന ലോക കലയിലെ വളരെ ശ്രദ്ധേയനായ കലാകാരനാണ് ഐ വെയ് വെയ്. ചൈനയുടെ ചരിത്രവും പാരമ്പര്യവും സമകാലിക രാഷ്ട്രീയവുമെല്ലാം അദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രതിഫലിപ്പിക്കുന്നു. ചൈനീസ് ഭരണകൂടത്തിന്റെ അഴിമതിയ്ക്കും  ജനാധിപത്യരഹിതമായ പല നടപടികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ നിരന്തരം  പ്രതികരിക്കുന്ന അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല ആക്ടിവിസ്റ്റ് കൂടിയാണ്.

Birds' Nest Stadium
ബേര്‍ഡ്സ് നെസ്റ്റ്, നാഷണല്‍ സ്റ്റേഡിയം

ചൈനീസ് പ്രവിശ്യയായ സിച്വനില്‍ 2008 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നു നിരവധി കുട്ടികള്‍ മരണപ്പെടുകയുണ്ടായി. സ്‌കൂള്‍കെട്ടിട നിര്‍മ്മാണത്തില്‍ അധികൃതരുടെ ഒത്താശയോടെ വന്‍അഴിമതി നടന്നിരുന്നു. ഭൂകമ്പവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ മറച്ചു വച്ചു. എത്ര കുട്ടികള്‍ മരിച്ചുവെന്നുള്ള യഥാര്‍ത്ഥ കണക്കുപോലും പുറത്തുവിട്ടില്ല. ഭൂകമ്പത്തില്‍ തകര്‍ന്ന സ്‌കൂളുകളുടെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെപ്പറ്റി വ്യക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതിനെതിരെ ഐ വെയ് വെയ് ഓണ്‍ലൈന്‍ വഴി സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിച്ച് 'സിറ്റിസെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍' ( citizens investigation ) എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കുകയും സ്വതന്ത്രവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തുകയും കണ്ടെത്തിയ വിവരങ്ങള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് നിരോധിച്ചു. തന്റെ അന്വേഷണത്തിനിടയില്‍ നിരവധി തവണ ഈ കലാകാരന് പോലീസില്‍ നിന്നും മറ്റും മര്‍ദനമേറ്റിരുന്നു. ഇതിന്റ ഫലമായി അദ്ദേഹത്തിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. 2010 ല്‍ അദ്ദേഹം വീട്ടുതടങ്കലിലായി. 

Ai Vey
ഐ വെയ് വെയ്

2011 ഏപ്രിലില്‍ ഹോങ്കോങ്ങിലേക്ക് പോകാനായി യാത്ര തിരിച്ച ഐ വെയ് വെയ്‌നെ ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തു തടങ്കലില്‍ പാര്‍പ്പിച്ചു. ലോകമെമ്പാടുമുള്ള കലാകാരന്‍മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. നിരന്തരമായ ചോദ്യം ചെയ്യലുകള്‍ക്കും മാനസിക പീഡനത്തിനും വിധേയനാക്കിയ  അദ്ദേഹത്തെ മൂന്നു മാസത്തിന് ശേഷം ചൈനീസ് ഭരണകൂടം വിട്ടയച്ചു. എങ്കിലും അദ്ദേഹത്തിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് 2015 ല്‍ ആണ് അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് നല്‍കുകയും പുറത്തു യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തത്. 

എന്റെ ഡല്‍ഹി ജീവിതകാലത്തിനിടയിലാണ് ഐ വെയ് വെയ് എന്ന കലാകാരനെപ്പറ്റി കേട്ടറിഞ്ഞത്. ഈ യാത്രയില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സൃഷ്ടി കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ആര്‍ട്ട് ഗ്യാലറികള്‍ കാണിക്കുമെന്നുള്ള പ്രതീക്ഷ എനിക്കില്ലായിരുന്നു. കാരണം ഇത് അത്തരത്തിലുള്ളൊരു യാത്ര അല്ലല്ലോ. അതിനാല്‍ ബേര്‍ഡ്സ് നെസ്റ്റ് എന്ന ഒളിമ്പിക്‌സ് സ്റ്റേഡിയം സന്ദര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഐ വെയ് വെയ് എന്ന മഹാനായ കലാകാരന്റ ആശയമാണല്ലോ ഈ സ്റ്റേഡിയം. 

ഞങ്ങളുടെ ബസുകള്‍ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. കൊല്‍ക്കത്തയിലെ ട്രാമുകള്‍ പോലുള്ള വൈദ്യുത ബസുകള്‍ നിരത്തിലൂടെ മെല്ലെ സഞ്ചരിക്കുന്നു. ദൂരെ നിന്നുതന്നെ പക്ഷിക്കൂടിന്റെ  ദൃശ്യങ്ങള്‍ കാണാറായി. ഞാന്‍ സന്തോഷഭരിതനായി. ഉടന്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സ്റ്റേഡിയം കാണാന്‍ പറ്റുമല്ലോ. സ്റ്റേഡിയത്തിന്റെ ഏതോ ഒരു പ്രവേശന കവാടത്തിനരികില്‍ ബസ് നിര്‍ത്തി. ഞങ്ങളുടെ ഗൈഡ് കൈ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു.

'അതാണ് പുതിയ ഒളിമ്പിക്‌സ് സ്റ്റേഡിയം. '
' അപ്പോള്‍ അകത്തു കയറ്റി  കാണിക്കില്ലെ? '

ആരോ ചോദിച്ചു. സമയപരിമിതി മൂലം സാധിക്കില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ഗ്രേറ്റ് ഹാളില്‍ എത്തണം.  എല്ലാവരും നിരാശാഭരിതരായി. ഞാന്‍ കണ്ണ് തുറന്നു നോക്കി. ഒരു വിദൂരദൃശ്യമായി കിളിക്കൂട് നില്‍ക്കുന്നു. കൂടിന്റെ വെള്ളിപോലത്തെ ഉരുക്കു തൂണുകള്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്നു. ഡല്‍ഹിയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പാര്‍ലമെന്റിന്റെയും രാഷ്ടപതി ഭവന്റെയും മുന്നില്‍ വണ്ടി നിര്‍ത്തി ചൂണ്ടിക്കാണിക്കുന്നപോലെയുള്ള ഒരുതരം പരിപാടിയായിപ്പോയി ഇതും.

Electric Bus
ഇലക്ട്രിക് ബസുകള്‍

ബസ് അതിവേഗം നീങ്ങിത്തുടങ്ങി. മൂന്നു മണിക്ക് മുന്നേ ഗ്രേറ്റ് ഹാളില്‍ എത്തണം. അവിടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഹിസ് എക്‌സെല്ലെന്‍സി ഹാന്‍ ക്വിടുമായി കൂടിക്കാഴ്ചയും ഗ്രൂപ്പ് ഫോട്ടോ എടുക്കലുമുണ്ട്. നേരത്തെ തന്നെ ഞങ്ങള്‍ ഗ്രേറ്റ് ഹാളില്‍ എത്തി. അവിടെ ഏതോ ഒരു ഹാളില്‍ ഫോട്ടോ എടുക്കാനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നു. ഞങ്ങള്‍ നൂറു പേരും ചൈനീസ് ഗൈഡുകളും ഇന്ത്യയിലെയും ചൈനയിലെയും ഔദ്യോഗിക വ്യക്തികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഫോട്ടോയാണ്. ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാവരും ബാല്‍ക്കണിപോലുള്ള പടികളില്‍ കയറി നിന്നു. മിസ്റ്റര്‍ ക്വിഡ് വരാനായി കാത്തു നിന്നു. 

ഏതാനും നിമിഷങ്ങള്‍ക്കകം ഹാന്‍ ക്വിഡ് പരിചാരകരോടൊപ്പം എത്തി. എല്ലാവരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. തനിക്കായി ഇട്ടിരുന്ന സീറ്റില്‍ അദ്ദേഹമിരുന്നു. ക്യാമെറ ഫ്ളാഷുകള്‍ ചറപറാ മിന്നി. അദ്ദേഹം പോയി. ഏതാനും സെക്രട്ടറിമാരും തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പ്രതിനിധികളും ഹാന്‍ ക്വിഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി മറ്റൊരു ഹാളിലേക്ക് നീങ്ങി. ബാക്കിയുള്ളവരെയും കൊണ്ടു ഗൈഡുകള്‍ ഓരോരോ ഹാളുകളിലായി കയറിയിറങ്ങി.

China Travel Photo Session
ഗ്രൂപ്പ് ഫോട്ടോ. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്റിങ് കമ്മറ്റി വൈസ് ചെയര്‍മാന്‍ ശ്രീ. ഹാന്‍ ക്വിഡ്, കേന്ദ്ര മന്ത്രി ശ്രീ. മണിശങ്കര്‍ അയ്യര്‍, ഇന്ത്യന്‍ അമ്പാസിഡര്‍ ശ്രീമതി നിരുപമ റാവു, മറ്റു ഔദ്യോഗിക വ്യക്തികള്‍ എന്നിവരോടൊപ്പം ഇന്ത്യന്‍ പ്രീതിനിധി സംഘം.

ടിയാനെന്‍മെന്‍ സ്‌ക്വയറിന്റെ  പടിഞ്ഞാറു ഭാഗത്തായി ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍ സ്ഥിതി ചെയ്യുന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിച്ചതിന്റെ പത്താം വാര്‍ഷികമായ 1959 ലാണ് ഗ്രേറ്റ് ഹാള്‍ സ്ഥാപിച്ചത്. നിയമനിര്‍മ്മാണ പരിപാടികളും ഗവണ്മെന്റിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഔപചാരിക ചടങ്ങുകളും നടക്കുന്നത്  ഇവിടെയാണ്. ദേശീയ തലത്തിലുള്ള പല സമ്മേളനങ്ങളും വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന ചടങ്ങുകളും ഇവിടെ നടക്കുന്നു. 

ഓരോ പ്രവിശ്യയുടേയും അതുപോലെതന്നെ സ്വതന്ത്രചുമതലയുള്ള ഒരോ പ്രദേശത്തിന്റെയും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേകം ഹാളുകള്‍ ഇവിടെയുണ്ട്. അവയെല്ലാം തന്നെ അതാത് സ്ഥലങ്ങളുടെ പ്രാദേശിക കലാസാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. പുരാതനമായ കലാസൃഷ്ടികള്‍ ഹാളിന്റെ ഓരോ വശങ്ങളിലും കാണാം. എംബ്രോയിഡറി വര്‍ക്കുകളും വാഷ് പെയിന്റിങ്ങുകളും കാലിഗ്രാഫിയും ശില്പങ്ങളും സിറാമിക് വര്‍ക്കുകളുമെല്ലാം കൃത്യമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നിയമനിര്‍മ്മാണസ്ഥലങ്ങളില്‍ എത്രമാത്രം  പ്രാധാന്യത്തോടുകൂടിയാണ് കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന്  കണ്ടു പഠിക്കേണ്ടത് തന്നെയാണ്. ഒരു രാജ്യത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലമാണല്ലോ അതിന്റ ഭരണസിരാകേന്ദ്രം. ആ ഇടം രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും  വിളിച്ചോതുന്നതാവണം. അതൊരു സാംസ്‌കാരിക നയമാണ്. ചൈന അത് കൃത്യമായി നിര്‍വഹിക്കുന്നു. നമുക്ക് അത്തരത്തിലൊരു സാംസ്‌കാരിക നയം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം. രാജ്യത്തെയോ സംസ്ഥാനത്തെയോ പ്രമുഖ കലാകാരന്‍മാരുടെ സൃഷ്ടികള്‍ കൊണ്ട്  നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ അലങ്കരിക്കാറുണ്ടോ? ആലോചിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴിയില്‍ കാലാവസ്തുക്കള്‍ക്ക് പകരം സാധാരണക്കാരന്റെ കണ്ണീരിലും കിനാവിലും കുതിര്‍ന്ന, അധികാരത്തിന്റ  ചുവപ്പ്നാടയില്‍ കുരുങ്ങി പഴകിപ്പൊടിഞ്ഞ  ഫയലുകള്‍ കുമിഞ്ഞു കിടക്കുന്നത് മാത്രം കാണാം. 

ഗ്രേറ്റ് ഹാളിലെ ഏറ്റവും വലിയ ആകര്‍ഷണം ഗ്രേറ്റ് ഓഡിറ്റോറിയമാണ്. ചൈനയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം. 90,000 ക്യൂബിക് മീറ്റര്‍ വിസ്തൃതിയുള്ള ഹാള്‍. പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം. ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്കിരിയ്ക്കാവുന്ന വേദി. ഞങ്ങള്‍ ആ ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചു. അതിശയിച്ചുപോയി. അത്ര വലുപ്പമാണതിന്. ഞാന്‍ ആ ഓഡിറ്റോറിയത്തിലെ ഒരു കസേരയില്‍ ഇരുന്നു. രാഷ്ട്രത്തലവന്മാരും പാര്‍ട്ടി നേതാക്കളും പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന മഹത്തായ സ്ഥലത്താണ് ഞാന്‍ ഇരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടക്കുന്നതും ഇവിടെയാണ്. എങ്ങും ചുവപ്പ് മയം. വിപ്ലവത്തിന്റെ ചൂടും അധീശത്തത്തിന്റെ ചൂരും എങ്ങും അലയടിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ മുകളിലേക്ക് നോക്കി. ഓഡിറ്റോറിയത്തിന്റെ മുകള്‍ തട്ടില്‍ കൂറ്റനൊരു ചുവപ്പ് നക്ഷത്രം.  അതിനു ചുറ്റും പ്രഭ പരത്തി വെള്ളി നക്ഷത്രങ്ങള്‍ പോലെ ലൈറ്റുകള്‍. 

മറ്റു ചില സ്ഥലങ്ങളും കലാ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഏതാനും ഹാളുകള്‍ കൂടി കണ്ടതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. ഭീമാകാരമായ തൂണുകള്‍ കൊണ്ട് അലംകൃതമായ കൂറ്റന്‍ നിര്‍മ്മാണസമുച്ചയമാണ് ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍. പുറത്തു ഹാളിന് ചുറ്റും സെക്യൂരിറ്റി ഗാര്‍ഡുകള്‍  അറ്റെന്‍ഷനായി നില്‍പ്പുണ്ട്. ഞാനവരെ സൂക്ഷിച്ചു നോക്കി. നമ്മുടേത് പോലെ വയറും ചാടിനില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്ല അവര്‍. എല്ലാവരും ചെറുപ്പക്കാര്‍. നല്ല ഉറച്ച ശരീരം. അവരുടെ ഇമകള്‍ പോലും അനാവശ്യമായി ചലിക്കുന്നില്ല. അത്രമാത്രം ജാഗ്രതയിലാണ് അവര്‍ നില്‍ക്കുന്നത്. എന്നാലോ തികച്ചും ശാന്തരും. 

(തുടരും )

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: China Travel, China Travel Experience Of An Artist, Part 11, China Tourism